Thursday, March 22, 2018

പാതി മുറിഞ്ഞ ടിക്കറ്റുകള്‍ : ആദ്യ പുസ്തകം

ഒരു പുസ്തകം പ്രസിദ്ധീകരിച്ചു



ബ്ലോഗില്‍ പലപ്പോഴായി പോസ്റ്റ് ചെയ്ത 'ഫാന്‍ ഫിക്ഷന്‍' വിഭാഗത്തില്‍ പെടുന്ന കഥകളുടെ സമാഹാരമാണു.പാപ്പിറസ് ബുക്ക്സ് ആണു പ്രസാധകര്‍.നമ്മുടെ അറിവില്‍,മലയാളത്തിലെ ആദ്യത്തെ ഫാന്‍ ഫിക്ഷന്‍ പുസ്തകമാണു പാതി മുറിഞ്ഞ ടിക്കറ്റുകള്‍ :)


ഫെബ്രുവരി പതിനെട്ടിനു സിനിമാ പാരഡീസോ ക്ലബ് സിനി അവാര്‍ഡ്സിന്റെ വേദിയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്ത് ശ്രീ.ശ്യാം പുഷ്കരന്‍, പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫിനു ആദ്യ പ്രതി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.ഇവിടെ നിന്നാണു എല്ലാം തുടങ്ങിയത് , ഇനിയും കൂടെയുണ്ടാകണം.ഇന്ദുലേഖയില്‍ പുസ്തകം ലഭ്യമാണു.എന്‍ ബി എസ് ബുക്ക് സ്റ്റാളുകളിലും താമസിയാതെ പുസ്തകം എത്തും.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണം.









Monday, December 4, 2017

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബി

മൂവാറ്റുപുഴക്കാരനാണു ഹബീബ് മുഹമ്മദ് എന്ന അബി..
ഒന്നര കിലോമീറ്റര്‍ മാറിയാണു വീടെങ്കിലും കൂടുതലും കണ്ടിട്ടുള്ളത് വേദികളിലും,സ്ക്രീനിലുമാണു.കാരണം ഓര്‍മ്മ വയ്ക്കുന്ന കാലത്തേ അദ്ദേഹം തിരക്കുള്ള താരമാണു.പരിചയമൊന്നുമില്ലെങ്കിലും ടീവിയിലും സ്ക്രീനിലുമൊക്കെ കാണുമ്പോള്‍ അന്നും ഇന്നും "അബി മൂവാറ്റുപുഴക്കാരനാട്ടോ" എന്നു അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്ന ഒരുപാട് പേരുണ്ട് മൂവാറ്റുപുഴയില്‍ ,ഞാനുള്‍പ്പെടെ.

Monday, May 29, 2017

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

കാണുന്നതിനു മുന്‍പ് വായിച്ച് ഒരുപാട് നിരൂപണങ്ങളില്‍ തീയറ്ററിലിരുന്നു കോരിത്തരിച്ചതിന്റെയും കണ്ണു നിറഞ്ഞതിന്റെയും വിവരണങ്ങള്‍ ഉണ്ടായിരുന്നു.എഴുതുന്ന കുറിപ്പിന്റെ ഭംഗി കൂട്ടുന്നതിനു വേണ്ടി ചേര്‍ത്തതായിരിക്കും ആ വിവരണങ്ങള്‍ എന്നായിരുന്നു എന്റെ ധാരണ.കാരണം തന്റെ കരിയറിലൂടെ കോരിത്തരിപ്പിച്ചതിനും കണ്ണു നിറച്ചതിനുമപ്പുറം എന്താണു ഇനി അയാള്‍ക്ക് ഒരു ഡോക്യുമെന്ററിയിലൂടെ പറയാനും കാണിക്കാനുമുള്ളതു എന്നായിരുന്നു സംശയം മുഴുവന്‍.

Thursday, February 16, 2017

നന്മമരങ്ങളുടെ തണുപ്പുള്ള തണലുകള്‍


മൂവാറ്റുപുഴയില്‍ നിന്നു പത്ത്-പന്ത്രണ്ട് കിലോമീറ്റര്‍ മാറി ഞങ്ങള്‍ക്കൊരു ചെറിയ തോട്ടമുണ്ട് - തോട്ടം എന്നു പറഞ്ഞൂടാ,റബ്ബര്‍ വച്ചേക്കുന്ന ഒരു ചെറിയ പറമ്പ്.ബിജു ചേട്ടനാണു അവിടുത്തെ റബ്ബര്‍ വെട്ടുന്നതും,ബാക്കി കാര്യങ്ങളൊക്കെ നോക്കുന്നതും.പറമ്പിലെ വെടി തീരാറായ മൂന്നു തെങ്ങില്‍ കയറാന്‍ ആളെ കിട്ടി എന്ന സന്തോഷ വാര്‍ത്ത ബിജു ചേട്ടന്‍ അറിയിച്ചതനുസരിച്ചാണു കഴിഞ്ഞ് ആഴ്ച്ച അങ്ങോട്ടേയ്ക്ക് പോയത്.കാലത്തെ അങ്ങെത്തിപ്പോ ബിജു ചേട്ടന്‍ എത്തീട്ടില്ല.ജിമ്മില്‍ പോക്കും,പരിപാടീം പനി-ചുമ ഇത്യാദി വ്യാധികള്‍ കൊണ്ട് മുടങ്ങിയിരിക്കുന്നത് കൊണ്ട് പറമ്പിലൂടെ ഒന്നു നടന്നേക്കാം എന്നു കരുതി,കരിയിലകള്‍ക്കിടയിലൂടെ ഒരു നടപ്പ് നടന്നു.

Wednesday, February 1, 2017

രണ്ടു മരണങ്ങളും, അവയുടെ രാഷ്ട്രീയവും

ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ വിശകലനങ്ങളില്‍,പാചകവാതക വില വര്‍ദ്ധനവിനൊപ്പം മുങ്ങി പോയേക്കാവുന്ന മറ്റൊരു വാര്‍ത്ത ഈ.അഹമ്മദിന്റെ മരണമാണു.വിലവര്‍ദ്ധനവിപ്പോള്‍ ഒരു റുട്ടീന്‍ സംഭവമായത് കൊണ്ട് ശീലമായിരിക്കുന്നു.പക്ഷേ ഈ.അഹമ്മദിന്റെ മരണത്തേക്കാള്‍ അലോസരപ്പെടുത്തുന്നത് ,ആ മരണം പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് ആശുപത്രിയില്‍ നടന്ന സംഭവങ്ങളാണു.

Monday, January 23, 2017

(ബീഫ്/പന്നി) നിരോധിത മേഖല

സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ചരയ്ക്കുള്ള കുര്‍ബാനയ്ക്ക് ആളെത്തി തുടങ്ങുന്നതിനു മുന്‍പ് സ്ഥലം വിടാനാണു അവരുടെ പദ്ധതി.അമ്പലത്തിലേയ്ക്കുള്ള പാലു നടയ്ക്കിലിറക്കി കൃഷ്ണപ്പിള്ളയും അയാളുടെ പഴയ എം.എം 540 ജീപ്പും പള്ളി ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അപ്പോഴേക്കും മിനിറ്റുകള്‍ പതിനഞ്ച് കഴിഞ്ഞിരുന്നു.ബാങ്കു വിളി കഴിഞ്ഞ് മമ്മദിക്ക എത്തിയിട്ടും മാനുവലേട്ടന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് പിള്ളേച്ഛന്‍ അക്ഷമനാണു.ഇരുവരുടെയും നോട്ടം ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു രാജകൊട്ടാരം പോലെ നില്‍ക്കുന്ന പുതിയ പള്ളിയിലേയ്ക്ക് നീണ്ടിട്ട് നേരം കുറച്ചായി,അപ്പോഴാണു അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് പഴയ പള്ളിയുടെ വശത്ത് നിന്നു മാനുവലേട്ടന്‍ നടയിറങ്ങി വന്നത്.

"നീയിപ്പഴും അവടെയാണോ കെടപ്പ്,പുതിയ പള്ളീലേയ്ക്ക് നിന്നെ മാത്രം കൊണ്ടൊന്നില്ലേ ?" ജീപ്പെടുത്ത് കൊണ്ട് പിള്ളേച്ഛന്‍ അത് ചോദിച്ചപ്പോള്‍ മുഖത്ത് പതിവില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു.

"ഓ,അതൊക്കെ കൊണ്ടോന്നതാ,പക്ഷേ എനിക്കേ പുതിയ സ്ഥലം പറ്റണില്ല,ഒടുക്കത്തെ തണുപ്പും ഒരു മാതിരി പേടിയാവണ വലുപ്പോം."

"അല്ല മാനൂലേ , ഈ ഹൈറേഞ്ചിലെ പള്ളിയ്ക്കകത്തെന്തിനാ ഏ.സി വച്ചേക്കണെ ? മ്മക്കിവിടെ തണുപ്പിനു കുറവ് വല്ലോണ്ടോ" ന്യായമായ ആ സംശയം മമ്മദിക്കയാണു ചോദിച്ചത്.

"ആ എനിക്കറിയാമേല,ആകെ നൂറു വീട്ടുകാരുള്ള നമ്മുക്കെന്നാതിനാ ഇത്രേം വലിയ പള്ളീന്നു ചോദിച്ചേന് കിട്ടിയ നോട്ടം കണ്ടതോടെ ഞാന്‍ പിന്നെയൊന്നും ചോദിച്ചൂം ഇല്ല ,എന്നോടൊന്നും പറഞ്ഞൂമില്ല."

പിന്നെ കുറച്ച് നേരത്തയ്ക്ക് ആരും തമ്മിലൊന്നും ചോദിച്ചില്ല.ചുരമിറങ്ങി തുടങ്ങിയപ്പോ മാനുവലേട്ടന്‍ ഉറക്കം വിട്ട് മാറാത്ത അവരുടെ സിറ്റിയിലേയ്ക്ക് ഒന്നു കൂടി നോക്കി,എന്നിട്ട് പയ്യെ കണ്ണുകളടച്ചു.ഏതാണ്ടൊരു അറുപത്തഞ്ച് വര്‍ഷം മുന്‍പ് അങ്ങോട്ടേയ്ക്ക് ആദ്യം ചുരം കയറി വന്നവരാണു ഈ മൂന്നു പേര്‍.ആദ്യം വന്നത് പിള്ളേച്ഛനാണോ മാനുവലേട്ടനാണോ എന്നൊരു തര്‍ക്കം അവര്‍ക്കിടയില്‍ ഉണ്ട്,പക്ഷേ മൂന്നു പേരില്‍ അവസാനം വന്നത് മമ്മദാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.വര്‍ഷകണക്കില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് അന്നാട്ടിലെ മൂപ്പന്മാരവരാണു,അല്ലെങ്കില്‍ ആയിരുന്നു കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ.കുടിയേറ്റക്കാരില്‍ മിക്കവരെയും പോലെ കാട് വെട്ടി തെളിച്ച് കൃഷിയൊക്കെ ആയിട്ടാണു തുടങ്ങിയതെങ്കിലും മമ്മദും കൃഷ്ണനും മാനുവലും അത് അധികം നാള്‍ മുന്നോട്ട് കൊണ്ടു പോയില്ല.ആദ്യം കൃഷി വിട്ടത് പിള്ളേച്ഛനാണു,പശു വളര്‍ത്തലിലായിരുന്നു മൂപ്പര്‍ക്ക് കമ്പം.കൃഷിയ്ക്കുള്ള ചാണകത്തിനു വേണ്ടി ഒന്നിനെ വളര്‍ത്തി തുടങ്ങിയതാണു കക്ഷി പക്ഷേ തൊഴുത്തിലെ പശുക്കളുടെ എണ്ണവും കറന്നെടുക്കുന്ന പാലിന്റെ അളവും കൂടിയതോടെ അവസാനം പശു വളര്‍ത്താന്‍ വേണ്ടി അയാള്‍ കൃഷി നിര്‍ത്തി.മമ്മദിനു ആദ്യം മുതലേ പറമ്പിപണിയില്‍ അത്ര വഴക്കം പോരായിരുന്നു,അതു സ്വയം മനസ്സില്ലാക്കിയാണു അയാള്‍ അത് നിര്‍ത്തിയത്.മക്കളൊക്കെ തന്നോളം ആകുന്നത് വരെ അയാള്‍ എല്ലാ വര്‍ഷവും കുറച്ച് കൊടി നട്ടിരുന്നു,പിന്നെ കുറച്ച് ആടുകളെയും വളര്‍ത്തി.സൈനബയുടെ നിക്കാഹ് കഴിഞ്ഞപ്പോ പറമ്പിന്റെ കുറച്ച് അയാള്‍ പുതിയാപ്ലയ്ക്ക് കൊടുത്തു,അബ്ദൂന്റെ വിസയ്കും ടിക്കറ്റിനുമായി വീടൊഴിച്ചുള്ള പറമ്പും,ബാക്കിയുണ്ടായിരുന്ന മൂന്നാടുകളും ഏതോ പുറംനാട്ടുകാര്‍ക്ക് പറഞ്ഞ വിലയ്ക്ക് കൊടുത്ത് മഹലും വീടുമായി അയാളൊതുങ്ങി.ഒറ്റത്തടിയായിരുന്നത് കൊണ്ട് മാനുവലിനു ഒന്നിനോടും വലിയ താത്പര്യമില്ലായിരുന്നു.സ്ഥലം കൂടുതല്‍ ഉണ്ടായിരുന്നത് അയാള്‍ക്കായിരുന്നു,അതിലയാള്‍ കൊടിയും ഏലവും ഇഞ്ചിയുമൊക്കെ നട്ടു.കുറേ നാള്‍ കഴിഞ്ഞ് അത് മടുത്തപ്പോ പറമ്പിലെ മരമൊക്കെ വെട്ടിയൊരുക്കി അയാളൊരു തടി കച്ചോടക്കാരനായി.അങ്ങോട്ടേയ്ക്ക് കുടിയേറി വന്നവരുടെ വീടുകളില്‍ ആ മരങ്ങളൊക്കെ കട്ടിളപ്പടികളായും,ജനല്പ്പാളികളായിയുമൊക്കെ സ്ഥാനം പിടിച്ചു.അവസാനം എല്ലാം മടുത്തപ്പോ ,ചാവുവോളം പള്ളീലൊരു മുറിയും,ശേഷം സെമിത്തെരിയില്‍ ഒരു കുഴിയും എന്ന വ്യവസ്ഥയില്‍ സ്ഥലം പള്ളിയ്ക്കെഴുതി കൊടുത്ത് അയാള്‍ പട്ടക്കാരനും കപ്പ്യാരുമല്ലാത്ത ഒരു പള്ളിവാസിയായി.

വര്‍ഷങ്ങളിലൂടെയുള്ള ഈ യാത്രയില്‍ ഒരുമിച്ച് കുടിയേറിയവരെന്നതിനപ്പുറം ഏറ്റവുമടുത്ത സുഹൃത്തുക്കളും,ഗര്‍ഭപാത്രം പങ്കു വയ്ക്കാത്ത കൂടപിറപ്പുകളുമൊക്കെയായി അവര്‍. എഴുപത്തിയൊമ്പത് മോഡല്‍ എം.എം 540ല്‍ ചുരമിറങ്ങുന്ന അവര്‍ക്കുള്ളത് ഒരാഗ്രഹമാണു,ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.ആ സിറ്റിയുടെ അതിര്‍ത്തിയില്‍,അവരെ കടന്നു പോയ ചില ബോര്‍ഡുകളാണു അവരുടെ ഈ അഗ്രഹങ്ങളുടെ കാരണം.

ബോര്‍ഡ് 1 : ബീഫ് നിരോധിത മേഖല.

രണ്ടായിരത്തിപതിനഞ്ച് ഒക്ടോബറിലെ രണ്ടാമത്തെ ഞായറാഴ്ച്ചയാണു ആ ബോര്‍ഡ് അവിടെ സ്ഥാനം പിടിച്ചത്.അതിനും ഒരാഴ്ച്ച മുന്‍പാണു സംഭവങ്ങളുടെ തുടക്കം.കവലയിലെ ചായക്കടയില്‍ കാലത്തെ ചായയോടൊപ്പം വിളമ്പിയ വാര്‍ത്തയിലാണു ആ നാട്ടിലുള്ളവര്‍ സംഭവം അറിഞ്ഞത് - വടക്കേ ഇന്ത്യയിലെവിടെയോ ബീഫ് വച്ചതിന്റെ പേരില്‍ ഒരാളെ അന്നാട്ടുകാര്‍ തല്ലി കൊന്നുവത്രേ.വാര്‍ത്ത കേട്ടവര്‍ക്ക് സംഭവം തീരെയങ്ങ് ദഹിച്ചില്ല,ബീഫ് വച്ചതിനായിരിക്കില്ല വച്ച ബീഫ് കൊടുക്കാത്തതിനായിരിക്കും എന്നാരോ ഉറക്കെ പറഞ്ഞ ഒരാത്മഗതം തുടക്കമിട്ട ചിരിയില്‍ ആ വാര്‍ത്ത പതിയെ മുങ്ങി.പക്ഷേ ആ ചിരിയില്‍ കൂടാതെ ആ രംഗമൊഴിഞ്ഞ കുറച്ച് പേരെ ആരും ശ്രദ്ധിച്ചില്ല.
പിറ്റേന്നു അഞ്ചരയ്ക്കുള്ള കുര്‍ബാന കഴിഞ്ഞ് ഇറച്ചി വാങ്ങാന്‍ അലിയാരുടെ കടയിലെത്തിയവര്‍ കണ്ടത് ഒരാള്‍ക്കൂട്ടമാണു.ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു കൊടിയും,താഴെ ഒരറിയിപ്പും.

"ഗോവധം പാപമാണു.ഗോമാംസം വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണു."

മേടയിലേയ്ക്കുള്ള ഇറച്ചി വാങ്ങാന്‍ വന്ന മാനുവലും,പോത്തിറച്ചി ഇല്ലാതെ ചോറിറങ്ങാത്ത മമ്മദും,ഞായറാഴ്ച്ച മാത്രം ഇറച്ചി വാങ്ങി കഴിക്കുന്ന പിള്ളേച്ഛനും പരസ്പരം നോക്കി.സ്ഥിതിഗതികള്‍ അസ്വസ്ഥമാകുന്നത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

"ഇവിടെയിപ്പോ ഗോവധം ഒന്നും നടാന്നില്ലല്ലോ,ഇത് പോത്തിറച്ചിയല്ലേ." 

പിള്ളേച്ഛന്‍ പറഞ്ഞതിനു മറുപടിയാരും പറഞ്ഞില്ലെങ്കിലും,ചില പിറുപിറുക്കലുകള്‍ അവിടെ നടന്നു.

"അതു തന്നെ.നീയൊരു ഒന്നരകിലോ കൈകൊറവ് നോക്കിയിങ്ങെടുത്തേ അലിയാരേ." പിറുപിറുക്കലുകള്‍ക്ക് മുകളില്‍ മാനുവലിന്റെ സ്വരമുയര്‍ന്നു.

പക്ഷേ അതിനും മുകളില്‍ സ്വരമുയര്‍ത്തുന്നവര്‍ അവിടെയുണ്ടായ വിവരം അവരറിഞ്ഞിരുന്നില്ല.ആ ആക്രോശങ്ങളില്‍ രണ്ടു കാര്യങ്ങള്‍ അവിടെ തകര്‍കപ്പെട്ടു.ഒന്നു മാനുവലിന്റെയും മമ്മദിന്റെയും കൃഷ്ണപ്പിള്ളയുടെയും മൂത്ത കുടിയേറ്റക്കാരെന്ന സ്ഥാനം,രണ്ട് അലിയാരുടെ ഇറച്ചിക്കട.
ഒരാഴ്ച്ചക്കിപ്പുറം അതിര്‍ത്തിയില്‍ ബോര്‍ഡ് പൊങ്ങി - ബീഫ് നിരോധിത മേഖല.

ബോര്‍ഡ് 2 : പന്നിയിറച്ചി നിരോധിത മേഖല

ആദ്യ ബോര്‍ഡിനും രണ്ടാമത്തെ ബോര്‍ഡിനും ഇടയില്‍ മൂന്നു ദിവസത്തെ വത്യാസം മാത്രമാണുണ്ടായിരുന്നത്.ആദ്യ ബോര്‍ഡിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ സ്വഭാവികമായ പ്രതികരണമായിരുന്നു രണ്ടാമതുയര്‍ന്ന അറിയിപ്പ്.സമുദായക്കാരു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിരോധനങ്ങള്‍ കുറവാണെന്നൊക്കെ മമ്മദ് കമിറ്റിയില്‍ പറഞ്ഞു നോക്കിയെങ്കിലും അവിടെയും അയാളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ഉണ്ടായി കഴിഞ്ഞിരുന്നു.ആ ഉച്ച സ്വരങ്ങളില്‍ അയാളും കട തകര്‍ക്കപ്പെട്ട അലിയാരുമൊക്കെ ആണ്ടു പോയി.

പോത്തും പന്നിയും കിട്ടാതായതോടെ അങ്കലാപ്പിലായത് ഇടവകക്കാരാണു.ഞായറാഴ്ച്ചയെ ഞായറാഴ്ച്ച ആക്കുന്നത് കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന അപ്പോം പോത്തിറച്ചിക്കറിയുമാണെന്നു വിശ്വസിക്കുന്നവരാണു ഭൂരിഭാഗവും.മറ്റു ദിവസങ്ങളില്‍ ഏലക്കാട്ടിലെ പണിയ്ക്കും,ഇഞ്ചി നടാനും,മുളക് പറിക്കാനുമൊക്കെ കയറണേനു മുന്നെ കപ്പേം പന്നീം കൂട്ടി ഒരു പിടി പിടിച്ചില്ലേല്‍ അവരുടെ കൈയ്യും കാലും വിറയ്ക്കും.വെള്ളം കുത്തിവച്ച് വരുന്ന കോഴിയോടും,തോപ്പുമ്പടീന്നും മുനമ്പത്തുന്നും ഒന്നര മാസം മുന്നേ ഐസിട്ട് മല കയറി വരുന്ന മീനിനോടും അവര്‍ക്കത്ര പ്രിയം പോരാ.ഇടിച്ചക്ക തോരനും,ബീന്‍സ് മെഴുക്ക്പെരട്ടിയും കഴിച്ച് മടുത്ത ഒരു ഞായറാഴ്ച്ച ഏഴിന്റെ കുര്‍ബാന കഴിഞ്ഞ് ഒരു പൊതുയോഗം അവരും കൂടി.ബാക്കിയുള്ള എന്തെങ്കിലും നിരോധിച്ച് ഒരു ബോര്‍ഡ് ഇടവകയുടെ പേരിലും വയ്ക്കണമെന്നൊരഭിപ്രായം ഉയര്‍ന്നെങ്കിലും അതില്‍ വലിയ കാര്യമില്ലാത്തത് കൊണ്ട് ആ അഭിപ്രായത്തിനായുസ്സ് അധികം ഉണ്ടായില്ല.മാനുവലേട്ടന്‍ കൊടുത്തതില്‍ പുതിയ പള്ളിയുടെ പണി കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പണിത കടമുറികളില്‍ ഇടവകക്കാര്‍ അല്ലാത്തവര്‍ക്കും മുറികള്‍ കൊടുക്കണ്ടെന്നും,നിലവില്‍ അവിടെയുള്ളവരില്‍ ഇടവകക്കാരല്ലാത്തവരെ ഉടനെ ഒഴിപ്പിക്കാനും ആ യോഗത്തില്‍ തീരുമാനമുണ്ടായി.മാനുവലൊഴിച്ചുള്ളവരുടെ കൈയ്യടികളില്‍ ആ തീരുമാനം അംഗീകരിക്കപ്പെടുകയും ചെയ്തു.

സ്വയം പണിതുണ്ടാക്കിയ ഗ്രാമത്തില്‍ ,തങ്ങള്‍ക്ക് പരിചയമില്ലാത്തവരുടെയും ,തങ്ങളോടുള്ള പരിചയം മറന്നവരുടെയും എണ്ണം കൂടി വന്ന ദിവസങ്ങളിലൊന്നാണു ചുരമിറങ്ങി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അവര്‍ മൂന്നു പേരും തീരുമാനിച്ചത്.

ചുരമിറങ്ങി അടിവാരമെത്തിയിട്ടും ആ യാത്ര അവസാനിച്ചില്ല.മാറിയ നാടുകള്‍ പിന്നിടുന്നതിനനുസരിച്ച് ജീപ്പിന്റെ പുറകില്‍ ഇരുന്നിരുന്ന മാനുവലിനൊപ്പം പോത്തും പന്നിയും നാടന്‍ കോഴിയും ഐസിടാത്ത മീനുമൊക്കെ ഇടം പിടിച്ചു.തിരിച്ച് പോകാന്‍ കഴിയാത്തത്ര ദൂരത്തെവിടെയോ എത്തിയപ്പോള്‍ അവര്‍ അടുപ്പുകള്‍ കൂട്ടി,അവരവര്‍ക്കിഷ്ടമുള്ളത് പാകം ചെയ്തു കഴിച്ചു.കഴിച്ചന്തെന്നു നോക്കി അവിടെ അവരെ ആരും വിധിക്കാന്‍ ഉണ്ടായിരുന്നില്ല.ഹൈറേഞ്ചിലെ അവരുടെ സിറ്റിയിലേയ്ക് അവര്‍ തിരികെ പോയില്ല.

മമ്മദും മാനുവലും കൃഷ്ണപ്പിള്ളയും ഇല്ലാത്ത മഹല്ലില്ലേയ്ക്കും പള്ളിയിലേയ്ക്കും അമ്പലത്തിലേയ്ക്കും ആളുകള്‍ പതിവു പോലെ വന്നു.അവരുടെ അസാന്നിദ്ധ്യം വരുന്നവര്‍ക്കൊരു വിഷയമേയായിരുന്നില്ല.

Friday, January 6, 2017

ഭൂതം ഭാവി വര്‍ത്തമാനം

ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര്‍ത്തമാനം'.അതിദേശീയതയുടെ പൊള്ളത്തരങ്ങളും,കാലഘട്ടങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന നിലപാടു മാറ്റങ്ങളും ഒപ്പം വര്‍ത്തമാനക്കാലത്തിന്റെ രീതികള്‍ ഭാവിയെ എങ്ങനെയാക്കിയേക്കാം എന്ന ചിന്തയുമൊക്കെയാണു എട്ടു മിനിറ്റിനു തൊട്ടു മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രതിപാദ്യം.


മൃദുല്‍ മോഹന്‍,സിജോ ജോണി,സുബിന്‍ കെ പോള്‍,രാഹുല്‍ ആര്‍ നായര്‍,ഉല്ലാസ് ടി.എസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ക്രിസ്റ്റഫറാണു.സുനീഷ് സെബാസ്റ്റ്യന്‍ ചിത്രസംയോജനം നടത്തിയ ഭൂതം ഭാവി വര്‍ത്തമാനത്തിന്റെ പശ്ചാത്തലസംഗീതം,ശബ്ദലേഖനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനൂപ് കമ്മാരന്‍.വീക്കെന്‍ഡ് സിനിമാസിന്റെ സഹകരണത്തോടെ ചായക്കൂട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഈയുള്ളവനാണു :)

കാണുക,അഭിപ്രായങ്ങള്‍ അറിയിക്കുക,മറ്റുള്ളവരെ കാണിച്ചു കൊടുത്ത് ഞങ്ങളുടെ ഈ അമച്വര്‍ ശ്രമത്തെ പ്രോത്സാഹിപ്പിക്കുക !!



Sunday, October 23, 2016

ലൗ ക്രൂസേഡ് !

ഓഫീസില്‍ ഫൂസ്ബോള്‍ കളിച്ചിരുന്നതിന്റെ ഇടയ്ക്കാണു കൈയ്യില്‍ മടക്കി പിടിച്ച ഒരു നിസ്കാരപായയുമായി ഒരു സഹപ്രവര്‍ത്തക അങ്ങോട്ടേയ്ക്ക് വന്നത്.ഫൂസ്ബോള്‍ ടേബിള്‍ വച്ചിരിക്കുന്ന വരാന്തയുടെ ഒരറ്റത്തേയ്ക്ക് മാറിയുള്ള ഒരൊഴിഞ്ഞ മുറിയാണു മുസ്ലീം സഹോദരങ്ങള്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാറു.ഞങ്ങള്‍ വഴിമാറി കൊടുത്തപ്പോള്‍ ശാന്തമായ ഒരു പുഞ്ചിരിയോടെ അവര്‍ പ്രാര്‍ത്ഥനാ മുറിയിലേയ്ക്ക് പോയി.റമദാന്‍ കാലത്ത് ഓഫീസ് പാന്‍ട്രിയില്‍ നോമ്പുതുറയ്ക്കായി ഒരുമിച്ച് കൂടുന്നവരുടെയിലും വ്രതാനുഷ്ഠാനത്തിന്റെ ക്ഷീണങ്ങളില്ലാതെ ഊര്‍ജ്ജസ്വലതയോടെ ഈ സഹപ്രവര്‍ത്തകയെ കണ്ടിട്ടുണ്ട്.ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും സാധാരണമായ ഈ കാര്യങ്ങള്‍ എന്തിനൊരു കുറിപ്പാകുന്നു എന്ന സംശയം തോന്നി തുടങ്ങിയെങ്കില്‍ - എനിക്കിവരും,ഇവരുടെ കുടുംബവും സാധാരണക്കാരല്ല.


Tuesday, July 5, 2016

മറ്റൊരു കഥ | Yet Another Story

സിനിമ സംബന്ധിയായ പോസ്റ്റുകള്‍ പലപ്പോഴായി ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട് - സുഹൃത്തുകളൊരുക്കിയ ഹൃസ്വചിത്രങ്ങളും, സ്വയം കുറിച്ച തിരക്കഥാരൂപത്തിലുള്ള ചില കഥകളും,സ്പിന്‍ ഓഫ് കഥകളുമൊക്കെയായി.രണ്ടാഴച്ച മുന്‍പ് യൂട്യൂബ് വഴി റിലീസ് ചെയ്ത ഒരു ഹൃസ്വചിത്രത്തെ പരിചയപ്പെടുത്താന്‍ ഈ ഇടം ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തുന്നു.

ഒരു ടെലിഫോണ്‍ സംഭാഷണവും,അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ഒരു സംഭവവുമാണു ചിത്രത്തിന്റെ ഇതിവൃത്തം.മറ്റൊരു കഥ എന്ന പേരില്‍ ,വീക്കെന്‍ഡ് സിനിമാസിന്റെ ബാനറില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അരുണ്‍ ബോസാണു.ചെന്നൈ ആസ്ഥാനമായുള്ള കോക്രോച്ച് ഇന്‍ കോക്ക്ടെയില്‍ സിനിമാസ് എന്ന സ്ഥാപനമാണു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്.കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്വയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അലന്‍ ജെയിംസാണു പശ്ചാത്തല സംഗീതവും,ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നത്.ചിത്രത്തിനു ആവശ്യമായ പരസ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജിതിന്‍ വി മോഹനും,സബ്ടൈറ്റില്‍സ് ഒരുക്കിയിരിക്കുന്നത് ഗീതു പൗലോസുമാണു.
അഞ്ചു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജ് എന്ന ഞാന്‍ തന്നെയാണു.





നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും ഒരു ചായ കുടിക്കാനുള്ള സമയം ഉപയോഗിച്ച് ഈ ചിത്രം കാണുക,ചായ തീരുന്നതിനു മുന്‍പ് സിനിമ തീര്‍ന്നിരിക്കും :) നാളിതു വരെ ഈ ബ്ലോഗിനും, ഇതില്‍ കുത്തിക്കുറിച്ച കാര്യങ്ങള്‍ക്കും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനമാണു ഇത്തരത്തില്‍ ഒരു പരീക്ഷണത്തിനുള്ള ധൈര്യം നല്‍കിയത്.

'മറ്റൊരു കഥ' കണ്ടാല്‍ ഒരുപാട് സന്തോഷം,കണ്ടിട്ട് അഭിപ്രായം പറഞ്ഞാല്‍ അതിലേറെ സന്തോഷം,മറ്റുള്ളവരെ കാണിച്ചു കൊടുത്താല്‍ അതിലും സന്തോഷം :)


Friday, July 17, 2015

മോളിക്കുട്ടീ..ഫുഡ്കോര്‍ട്ട് വിളിക്കുന്നു !

അനന്തപുരിയിലുണ്ടായിരുന്ന കാലം.

ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്കുന്നു.പണിയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ വന്ന മെസേജില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എന്റെ മറുപടിയ്ക്കായി കാത്തു നില്‍ക്കുന്ന ഒരു ഹായ് മാത്രം.പക്ഷേ അയച്ച ആളുടെ പേരു കണ്ടതും നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങി,നാടിഞരമ്പ് വലിഞ്ഞു മുറുകി,പേശികളാകെ ഉരുണ്ടു കയറി,ചങ്കിനകയ്ക്കത് തകിട തകിട താളമടിച്ചു,ഏ.സിയായിരുന്നിട്ടും നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.

ആ മെസേജ് അയച്ച ആളെ നമുക്ക് തത്കാലം മോളിക്കുട്ടി എന്നു വിളിക്കാം.കഥാപാത്രത്തിന്റെ ഇന്റ്റോ ഫ്ലാഷ്ബാക്കിലാണു.അങ്ങോട്ടേയ്ക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു!

രണ്ടു മാസം മുന്‍പുളള അത്ര തണുപ്പില്ലാത്ത ഒരു വെളുപ്പാന്‍ കാലം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫുഡ് കോര്‍ട്ട് കമിറ്റിയില്‍ ഉളളതിന്റെ ഒരു അധികാരത്തില്‍ ബ്രേക്ക്ഫാസ്റ്റിനു പോയ ഞാന്‍ അതിനകത്തൂടെ തേരാ പാരാ നടന്നു വെന്‍ഡേഴ്സിനോട് സൊറ ഒക്കെ പറഞ്ഞ് നടക്കുന്നു.സൊറ പറച്ചില്‍ കൂടിയത് കൊണ്ടായിരിക്കണം ചോദിക്കാതെ തന്നെ ഫുഡ് കൂപ്പണ്‍ തന്നു മമ്മത കേറ്ററിംഗിലെ ഭായ് പയ്യെ സ്കൂട്ടായി.അതും കൊണ്ട് ഫുഡ് കൌണ്ടറിലേയ്ക്ക് നടക്കുന്ന വഴിയ്ക്ക്,പതിവുളള ഫേസ് സ്കാനിംഗിനിടെയാണു എന്റെ ടീം മേറ്റും നല്ലൊരു സുഹൃത്തുമായ ഒരു കുട്ടി - താത്കാലിക നാമം ഡുണ്ടുമോള്‍ -ഇരിക്കുന്നത് കണ്ടത്.കണ്ട സ്ഥിതിയ്ക്ക് ഒരു ഹായ് പറയാതിരിക്കുന്നത് മോശമല്ലേ എന്നു കരുതി അങ്ങോട്ടേയ്ക്ക് ഒന്നു ഫോക്കസ് ചെയ്തപ്പോഴാണു ഞാനാ കാഴച്ച കണ്ടത്.ഡുണ്ടുവിന്റെ തൊട്ടപ്പുറത്ത് ഒരാള്‍.വെളള സല്‍വാറില്‍ വലിയ കണ്ണുകളൊക്കെ ആയിട്ട്,കാണുമ്പോള്‍ ഒരുപാട് സന്തോഷം തരുന്നൊരു മുഖം.ചില സിനിമേലൊക്കെ കാണുന്ന പോലെ ചുറ്റുമുളളതൊക്കെ ഒരു സ്ലോമോഷനില്‍ പതിയെ പതിയെ ഔട്ട് ഓഫ് ഫോക്കസിലേയ്ക്ക് പോയി,ഫോക്കസില്‍ മോളിക്കുട്ടി മാത്രം.മൊത്തത്തില്‍ ഒരു കിളി പോയ അവസ്ഥ.

മനസ്സില്‍ ഒരു ലഡു പൊട്ടി എന്നൊന്നു കണ്‍ഫേം ചെയ്ത വന്നുപ്പോഴേയ്ക്കും ഞാന്‍ പോലുമറിയാതെ കാലുകള്‍ ഫുഡ് കൗണ്ടറിലെത്തിയിരുന്നു.കൂപ്പണ്‍ ദീജിയേ സര്‍ എന്നു കൗണ്ടറിലെ ഭായി പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഊളചിരിയും ചിരിച്ച് ഞാന്‍ അവിടെ നിന്നേനെ കുറേ നേരം കൂടി.മാന്യതയുടെ മൂടുപടം ഉളളത് കൊണ്ട് അവരിരിക്കുന്നതിനു എതിര്‍വശത്തുളള മേശയില്‍ പോയിരിക്കാതെ, കറക്റ്റ് വ്യൂവില്‍ മോളിക്കുട്ടിയുടെ മുഖം എനിക്ക് കാണാവുന്ന,എന്നെ അവര്‍ക്ക് കാണാന്‍ പറ്റാത്ത ഒരു സൈഡ് ടേബിളില്‍ പൂരിമസാല കഴിക്കുന്നു എന്ന വ്യാജേന ആ ചിരിയൊക്കെ കണ്ട് ഇങ്ങനെയിരുന്നു.

കട്ട് ട്ടു ക്യുബിക്കിള്‍ - ഞാന്‍ ഡുണ്ടു മോള്‍ടെ സീറ്റില്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു.

"എന്താടി ഡുണ്ടുമോളേ, നിനക്കാകെ ക്ഷീണമാണല്ലോ.നീ നേരാം വണം ഭക്ഷണം ഒന്നും കഴിക്കുന്നില്ല കേട്ടോ.." . പറഞ്ഞു തീരണ്ട താമസം.

"പേര്‌ മോളിക്കുട്ടി,ഒരു കാഞ്ഞിരപ്പളളിക്കാരി അച്ചയാത്തിയാ"

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.കാള വാലു പൊക്കുന്നത് കണ്ടപ്പോഴേ അവള്‍ക്ക് കാര്യം മനസ്സിലായി.അച്ചായത്തിയാണെന്നു പറഞ്ഞെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, ആര്‍.സി ആണല്ലോ അല്ലേ ?

ആണെന്നു അവള്‍ പറഞ്ഞതും,പൊട്ടാന്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു ലഡു കൂടി അമിട്ട് പൊട്ടണ പോലെ അങ്ങ് പൊട്ടി.പിന്നെ യൂഷ്വല്‍ വയലിന്‍ വായന,പൂ വിരിയണ എഫക്ട്,കളം കളം എഫക്ട് അതൊക്കെ കൂടി അങ്ങ് വന്നു നിറഞ്ഞു.

ഡീറ്റയില്‍സ് ഒക്കെ കിട്ടിയ സ്ഥിതിയ്ക്ക്,കേരളത്തിലെ ആമ്പിള്ളേരുടെ ഇഷ്ടവിനോദമായ വണ്‍ വേ ലൈനടി അങ്ങു അഘോഷമായിട്ട് തുടങ്ങി.ലൈനടീന്നു പറഞ്ഞ നിരുപദ്രവകരമായ കാര്യങ്ങള്‍ മാത്രം,അതായത് ഉച്ചയ്ക്ക് കഴിക്കാന്‍ പോകുമ്പോ വായ്നോക്കാന്‍ പാകത്തിനു എവിടെലും ഇരിക്കുക,വൈകുന്നേരത്തെ ചായയ്ക്ക് അവരുടെ ഗ്യാംഗ് പോയി എന്നുറപ്പ് വന്നു കഴിയുമ്പോ ഒന്നും അറിയാത്ത പോലെ എന്റെ കൂട്ടുകാരെ നിര്‍ബന്ധിച്ച് ചായയ്ക്ക് ഇറക്കുക,ഒത്താല്‍ എതിര്‍ വശത്തുളള ടേബിളില്‍ ഇരിക്കുക,ചായ കുടിക്കുന്നതിനിടെ കണ്ണടയുടെ മുകളിലൂടെ ചുമ്മാ ഒരു ഒളികണ്ണെറിയുക,അവളിരിക്കുന്ന വിംഗില്‍ തന്നെ ഇരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഓഫീസിലേയ്ക്ക് ഇറങ്ങുന്നത് വരെ കൂടെയുണ്ടായിരുന്ന സഹമുറിയന്റെ സുഖവിവരം ഒന്നു വീതം മൂന്നു നേരം കണക്കില്‍ അവിടെ പോയി അന്വേഷിക്കുക തുടങ്ങിയ നിസ്സാരമായ ഐറ്റംസ്.ഡുണ്ടുമോള്‍ ഡീസന്റായത് കൊണ്ട് ഇതൊക്കെ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു,ഒപ്പം മോളിക്കുട്ടിയോട് പറഞ്ഞ് എന്റെ മാന്യതയുടെ മൂടുപടം വലിച്ച് കീറിതുമില്ല.

ഇതെന്നേലും നേരെ ചൊവ്വെ ആകുവാണെ കുടുംബക്കാരുടെ ഭാഗത്തുന്നു പ്രശ്നമൊന്നുമുണ്ടാവില്ലാന്നുറപ്പാക്കാന്‍ അത്യാവശ്യം ഡാറ്റ ഒക്കെ കളക്ട് ചെയ്തു,ക്ലാസ്മേറ്റ്സില്‍ പറയുന്ന പോലെ അവളറിയാതെ ഞാന്‍ അവളെ ആത്മാര്‍ത്ഥമായി പ്രേമിച്ചിരുന്നു എന്ന ലൈനില്‍ കാര്യങ്ങള്‍ ഡീസന്റായി പോയ്കൊണ്ടിരിക്കുന്ന കാലത്താണു ഒരു ഇടിത്തീ പോലെ എന്റെ കമ്മ്യൂണിക്കേറ്ററില്‍ മോളിക്കുട്ടിയുടെ ഏറ്റവുമാദ്യം പറഞ്ഞ ഹായ് വന്നത്.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു,ഇനി ലൈവ്.

ഹായ് കണ്ട് കമ്പ്ലീറ്റ് പകച്ച് പോയ ഞാന്‍ മറുപടി കൊടുക്കുന്നതിനു പകരം ആദ്യം തല പൊക്കി നോക്കിയത് ഡുണ്ടുമോള്‍ സീറ്റിലുണ്ടോ എന്നാണു.ഇനി അവളെങ്ങാനും മോളിക്കുട്ടിയുടെ സീറ്റില്‍ പോയി ഒപ്പിക്കുന്ന തമാശയാണൊ എന്നറിയില്ലല്ലോ.ഇമോഷന്‍സ് വച്ച് ടേബിള്‍ ടെന്നീസ് കളിക്കുക എന്നത് ഈ പെമ്പിള്ളേരുടെ ജന്മസഹജമായ ഒരു വാസനയല്ലേ,പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ഡുണ്ടുമോള്‍ അവളുടെ സീറ്റില്‍ ഇരുന്നു ഏതോ ഡാറ്റാ ടേബിളിനോട് മസിലു പിടിക്കുന്നുണ്ട്.എന്നാലും ഒന്നുറപ്പിക്കുന്നതിനു വേണ്ടി ഞാന്‍ അവളുടെ സീറ്റില്‍ പോയി ചോദിച്ചു,മോളിക്കുട്ടിയുടെ സീറ്റില്‍ ആരെടി ഇരിക്കുന്നെ,നിങ്ങടെ പിള്ളേരാരെങ്കിലും ആണോ എന്നു.

"അല്ല,അവളു തന്നെയായിരിക്കും,എന്താ മൃദുലേട്ടാ?" നിഷകളങ്കതയുടെ പര്യായമായിട്ടാണു അവളത് പറഞ്ഞതെങ്കിലും ആ മുഖത്തു വിരിഞ്ഞ കളളച്ചിരി കണ്ടു പിടിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.അവളത് കാണിക്കാണ്ടിരിക്കാന്‍ ശ്രമിച്ചതുമില്ല എന്നതാണു ശരി.

എന്തോ പണി കിട്ടീട്ടുണ്ടെന്നുറപ്പായി.ചീത്ത വിളിക്കാനാവില്ല പിംഗ് ചെയ്തെന്നു മനസ്സില്‍ നൂറാവര്‍ത്തി പറഞ്ഞതെങ്കിലും എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.നാളതു വരെ ഒരുപാട് പേരെ അവരറിയാതെ പ്രേമിച്ചിട്ടുണ്ടെങ്കിലും അവരതറിയാത്തത് കൊണ്ട് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല,ഡീസന്‍സിക്കൊരു കോട്ടവും തട്ടീട്ടില്ല.പക്ഷേ ഇതിപ്പോ,ഡുണ്ടുമോള്‍ ഉള്‍പ്പടെ മോളിക്കുട്ടീടെ കുട്ടത്തിലുളളവരൊക്കെ മറ്റേ നേരത്തെ പറഞ്ഞ ടേബിള്‍ ടെന്നീസിന്റെ കാര്യത്തില്‍ വലിയ മോശമല്ലാത്തതു കൊണ്ടും, മോളിക്കുട്ടീനെ കളിയാക്കാന്‍ വലിയ ആരോപണങ്ങള്‍ ഒന്നും അവരുടേ കൈയ്യില്‍ ഇല്ലാത്തത് കൊണ്ടും, എന്റെ പേരും പറഞ്ഞ് എന്തേലുമൊക്കെ പറഞ്ഞിട്ടുണ്ടാവന്‍ സാദ്ധ്യതയില്ലാതില്ല.ആദ്യത്തെ ഹായ് വന്നിട്ട് അരമണിക്കൂറാകുന്നു,ഇനിയെങ്കിലും റിപ്ലൈ കൊടുത്തില്ലേല്‍ മോശമാണു,അവള്‍ക്ക് സംശയം തോന്നാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിനുളളില്‍ നിന്നു മറ്റേ ആള്‍,മറ്റേ മനസ്സാക്ഷി പറഞ്ഞു തുടങ്ങി.ഹാര്‍ട്ട് ബീറ്റ് ടോപ്പ് ഗീയറില്‍ കയറി ഒരുമാതിരി തോട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാം എന്ന അവസ്ഥേല്‍ ആയപ്പോ (ഓവറാക്കീതാ,അത്രയ്ക്കൊന്നുമില്ലായിരുന്നു) രണ്ടും കല്പ്പിച്ച് ഞാനൊരു മറുപടി ഹായ് അങ്ങടിച്ചു.

വീണ്ടും നിശബ്ദത..ടക്..ടക്..ടക്..പെട്ടന്നു സ്ക്രീനില്‍ 'മോളിക്കുട്ടി ഈസ് ടൈംപ്പിംഗ്' എന്നു തെളിഞ്ഞു.വീണ്ടും ടെന്‍ഷന്‍,ആശുപ്രതി..ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍..ആശുപ്രതി...

മെസേജ് വന്നു,വീണ്ടും ഒരു ഹായ് ..പുല്ല്, ഇതൊരെണ്ണം പറഞ്ഞതല്ലേ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തതും,അടുത്തതും വന്നു 'ഹൗ ആര്‍ യൂ'- കട്ട ഫോര്‍മല്‍ അപ്പ്രോച്ച്,ചീത്ത ആണെങ്കിലും ഡീസന്റായിരിക്കാന്‍ സാദ്ധ്യതയുണ്ട്.ഇംഗ്ളീഷിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു നിന്ന എലിസബത്ത് ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് ഡീസന്റായി എങ്ങനെ ഉരുണ്ടു കളിക്കാം എന്ന ചിന്തകളിലേയ്ക്ക് ഞാന്‍ മനസ്സിനെ ഡൈവേര്‍ട്ട് ചെയ്തു കൊണ്ട് 'ഐ ആം ഫയനു,താങ്ക്യൂ" എന്നൊരു പാണ്ടിപ്പട സ്റ്റൈല്‍ മറുപടി കൊടുത്തു.

കൊള്ളാം ഐസ് ബ്രേക്കിംഗ് ഒക്കെ അറിയാം.കൊല്ലുവാണെങ്കിലും ഇങ്ങനെ വേണം,വെളളമൊക്കെ തന്നു,ഒരു പച്ച പ്ലാവില്ലയൊക്കെ വായിലേയ്ക്ക് വച്ച് തന്ന്‍.അടുത്ത മെസേജ് വരാന്‍ പഴയത് പോലെ താമസമുണ്ടായില്ല.

"സീ മൃദുല്‍,എനിക്കൊരു കാര്യം പറയാനുണ്ട്"

കിട്ടുണ്ണിയാണു ഉള്ളിലിരുന്നു ആത്മഗതം പറഞ്ഞത്..മ്മ്..കേട്ടിട്ടുണ്ട്..കേട്ടിട്ടുണ്ട്.ആ പറഞ്ഞ കാര്യം സ്ക്രീനില്‍ തെളിയുന്നതിനു മുന്‍പ് മനസ്സില്‍ ഒരു ചാറ്റ് തെളിഞ്ഞു വന്നു.

"ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലെ.എവിടെ പോയാലും,എപ്പോ നോക്കിയാലും വായും പൊളിച്ച് മുന്നില്‍ കാണും.നാണമില്ലേ തനിക്ക്,ഒന്നുമിലേലും ഇത്രേം പ്രായമായില്ലേ.എടോ തടിയാ,താനെന്നെങ്കിലും കണ്ണാടീല്‍ നോക്കിട്ടുണ്ടോ.അതോ ഒരു കണ്ണാടീല്‍ ഒതുങ്ങാറില്ലേ ? ചുമ്മാ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.ഇനി മേലാല്‍ എന്റെ പിറകെ നടന്നാല്‍ ഞാന്‍ എച്ച്.ആറില്‍ കമ്പ്ലൈന്റ് ചെയ്യും."

ഇതോ,അല്ലെങ്കില്‍ ഇതിന്റെ ഒരു വേരിയന്റോ മുന്നിലെ സ്ക്രീനില്‍ കാണാന്‍ ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോള്‍ ആ മെസേജ് വന്നു.

"ദക്കാനി ദേഗിലെ ഇന്നത്തെ വെജിറ്റിബിള്‍ ബിരിയാണി ചീത്തയായിരുന്നു"

മനസ്സില്‍ വന്നത് "ആരാ.." എന്നൊരു അലര്‍ച്ചയായിരുന്നു.കിട്ടിയ ഷോക്ക് പുറത്ത് കാണിക്കാതെ
"ഓ..ആണോ" എന്നൊരു മറുപടി ഞാന്‍ അയച്ചു.

"ആ അതെ,ഡുണ്ടുമോളാണു പറഞ്ഞത് മൃദുല്‍ ഫുഡ് കമിറ്റിയില്‍ ഉണ്ട്,പറഞ്ഞാ മതിയെന്നു.തീരെ മോശമായിരുന്നു.അതിലെ വെജിറ്റബിള്‍സ് ഒന്നും വെന്തിട്ടില്ലായിരുന്നു.കുടെ കീട്ടിയ റൈത്തയ്ക്ക് ഉപ്പും ഇല്ലായിരുന്നു." . ഒട്ടും അമാന്തമില്ലാതെ അവള്‍ പറഞ്ഞു.

ഇല്ല,കാണില്ല എന്നൊരു മറുപടിയാണു മനസ്സില്‍ വന്നതെങ്കിലും "ഓ ആയിക്കോട്ടെ, ഞാന്‍ വേണ്ടത് ചെയ്തോളാം" എന്നാണു ടൈപ്പ് ചെയ്തതു

"അപ്പോ ശരി,ബൈ,താങ്ക്സ്" എന്നും പറഞ്ഞ് മോളിക്കുട്ടിയങ്ങ് പോയി.

ആരും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്താന്‍ തിരിഞ്ഞ് നോക്കിയപ്പോ തൊട്ട് പുറകില്‍ അവളുണ്ട് ഡുണ്ടുമോള്‍ , ഒരവിഞ്ഞ,വളരെ വൃത്തിക്കെട്ട,ആക്കിയ ചിരി ചിരിച്ചു കൊണ്ട് !! കൂടെ ഒരു ചോദ്യവും, "മോളിക്കുട്ടി എന്തു പറഞ്ഞു ചേട്ടാ.."

*ഒരു ഔപചാരികതയ്ക്കു വേണ്ടി‌-കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അത്ര സാങ്കല്പികം അല്ല.ഞാന്‍ കമ്പനി വിട്ടു.മോളിക്കുട്ടി എവിടെയുണ്ടെന്നറിയില്ല.ഞാനിപ്പോഴും സിംഗിളാണു !

Saturday, February 7, 2015

ഫുള്‍ ബാക്ക്

തുണിത്തരങ്ങള്‍ വച്ചിരുന്ന പെട്ടിയിലേയ്ക്ക് കടലാസിട്ട് പൊതിഞ്ഞ്,അതിന്റെ മേലെ ഷിമ്മി കൂടും റബര്‍ ബാന്റും ഇട്ടുറപ്പിച്ച മീന്‍ അച്ചാറിന്റെ പൊതി വയ്ക്കാന്‍ നേരത്ത് ,അതില്‍ നിന്നു എണ്ണ ഒലിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഉമ്മച്ചി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷേ അസിയുടെ ശ്രദ്ധയും അവന്റെ കണ്ണുകളും പടിക്കലാണു.അതിനിടയില്‍ കൈയില്‍ തടയുന്നതൊക്കെ യാന്ത്രികമായി അവന്‍ പെട്ടിയിലേയ്ക്ക് എടുത്തു വയ്ക്കുന്നുണ്ട്.

"ന്റെ അസി,യിതെന്താലോചിച്ചാ നിക്കണേ?"

"ചെക്കനു നാളെ പോണെനെക്കുറിച്ചല്ലല്ലോ ബേജാറ്,വൈകിട്ടത്തെ കളീനെ പറ്റിയല്ലേ,അപ്പോ പിന്നെ ആലോചനേം അതന്നെയാവും.അള്ളാണെ,ഇന്നു ഈ പടി കെടന്നാ ഒത്ത ചെക്കനാന്നൊന്നും നോക്കൂല,ചെള്ള അടിച്ച് പൊന്നാക്കും പറഞ്ഞേക്കാം"

ഉമ്മച്ചിയുടെ ചോദ്യത്തിനു മറുപടി ഉമ്മറത്ത് നിന്നു ഉപ്പയാണു കൊടുത്തത്.അതു കേട്ട് അവരുടെ മുഖം ഒന്നും വാടിയെങ്കിലും,അസി ഒന്നു ചിരിച്ചു.ഖാദര്‍ സുലൈമാന്‍ എന്ന ഉത്തരവാദിത്തമുള്ള ഉപ്പയാണു അതു പറഞ്ഞതെന്നും,ആ നാട് കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുള്‍ ബാക്ക്,നാട്ടുകാരുടെ 'സാന്റോസ്' ഖാദര്‍ വേറെയെന്തിനു തടഞ്ഞാലും കളിക്കാന്‍ പോകുന്നതില്‍ നിന്നു അവനെ തടയില്ലെന്നും അവനു നല്ല ഉറപ്പാണു.

അറുപതുകളുടെ അവസാനവും എഴുപതുകളിലുമൊക്കെ കേരളത്തിലെ സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളിലെ ഒരു താരമായിരുന്നു ഖാദര്‍,എന്തിനും പോന്ന ഒരു ഫുള്‍ ബാക്ക്.പായുന്ന പന്തിനെ,അതിലും വേഗത്തില്‍ ഓടുന്ന സ്ട്രൈക്കറുടെ കാലില്‍ നിന്നും,അയാളെ ഒന്നു വേദനിപ്പിക്കാതെ, ഒരു മിന്നായം പോലെ കവര്‍ന്നെടുത്ത് മിഡ്ഫീല്‍ഡിലേയ്ക്ക് മറിക്കുന്ന ഖാദറിനെ ആദ്യം ബ്രസീലിന്റെ എക്കാലത്തെയും മിക്കച്ച ഡിഫന്‍ഡര്‍ നില്‍ട്ടണ്‍ സാന്റോസിന്റെ പേര് ചേര്‍ത്തു വിളിച്ചത് മലപ്പുറത്തെ ഏതോ സംഘാടകരാണു.പിന്നെ അതു കളിപ്രേമികള്‍ ഏറ്റെടുത്തു,അവസാനം സ്വന്തം പേരിന്റെ ഭാഗമായി.സെവന്‍സ് മൈതാനങ്ങളില്‍ ഒടുങ്ങി പോയ ഒട്ടനേകം പ്രതിഭാധനരായ കളിക്കാരില്‍ ഒരു പേരു മാത്രമല്ല 'സാന്റോസ്' ഖാദര്‍,എതിര്‍ വശത്തെ വല കുലുക്കിയവരെ കളിപ്രേമികള്‍ തോളത്തെടുത്ത് ആഘോഷിക്കുമ്പോള്‍,സ്വന്തം വലയുടെ വലയത്തിലേയ്ക്ക് ആരെയും നുഴഞ്ഞു കയറാനുവദിക്കാതെ കോട്ടയായി നിലകൊണ്ടവരെ ഓര്‍ക്കാന്‍ മറക്കുന്നതിനൊരുദാഹരണം കൂടിയാണു.

"അസിയേ" എന്നു നീട്ടിയുള്ളൊരു വിളിയും,ബൈക്കിന്റെ ഹോണും കേട്ടപ്പാടെ കട്ടിലിന്റെ അടിയില്‍ നിന്നും ജെഴ്സിയും ബൂട്ടും ഇട്ടു വച്ചിരിക്കുന്ന കൂടെടുത്ത് അസി ഉമ്മറത്തെത്തി.

'ഫൈനല്‍ അല്ലെടാ.. ?". പത്രം മുഖത്തു നിന്നും മാറ്റാതെയാണു ഉപ്പ ചോദിച്ചത്.വായനയില്‍ മുഴുകിയിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഗൊഉരവത്തിനു കുറവ് വന്നത് മോനെ കാണിക്കാതെയിരിക്കാന്‍,രണ്ടു പേരും അറിഞ്ഞു കൊണ്ടുള്ള ഒരു ശ്രമം.

"അതെയുപ്പാ,ഫൈനല്‍ മാച്ചാ,എന്റേം ടൂര്‍ണ്ണമെന്റിന്റേം" .മനപ്പൂര്‍വമല്ലെങ്കിലും ഒരു വിഷാദച്ഛായ ഉണ്ടായിരുന്നു അവന്റെ മറുപടിയില്‍.

"ഫുട്ബോളില്ലാത്ത നാട്ടിലേയ്ക്കൊന്നും അല്ലാല്ലോ,എണ്‍പതാണു യു.എ.ഈടെ ഫിഫാ റാങ്ക്,നമ്മളെക്കാളും ഭേദാ."

മറുപടിയായി അസി ഒന്നു മൂളി.അതിനിടെ അനൂപിന്റെ വിളി വീണ്ടും വന്നു.

"അസി, സെവന്‍സില്‍ ഫുള്‍ ബാക്കാണു ടീമിന്റെ ചങ്ക്.പന്തു നിന്നെ കടന്നാ,ഗോള്‍ വീണാലും ഇല്ലേലും നീ തോറ്റു.പക്ഷേ മത്സരം പന്തുമായിട്ടാ,കളിക്കാരുമായിട്ടല്ല.അതീ മറക്കരുത്.പിന്നെ കാലീ കിട്ടണ ബോള്‌ അപ്പോ മറിച്ചോണം,കൈയ്യടി കേക്കുമ്പോ കേറി പോയി ഗോളടിക്കാന്‍ തോന്നും,അതന്റെ പണിയല്ല."

പന്ത്രണ്ടു വര്‍ഷത്തെ കരിയറില്‍ സാന്റോസ് ഖാദറിനു കിട്ടിയ കാര്‍ഡുകളുടെ എണ്ണവും,അടിച്ച് ഗോളുകളുടെ എണ്ണവും പൂജ്യമാണു.അയാള്‍ക്ക് ഇങ്ങനെയെ അസിയെ ഉപദേശിക്കാന്‍ കഴിയൂ.മാറിയ കേളീശൈലിയുടെ സാങ്കേതികതകള്‍ പറഞ്ഞ് ഉപ്പയുമായി തര്‍ക്കിക്കാറുണ്ടെങ്കിലും മൈതാനത്തില്‍ അവന്‍ ഉപ്പയുടെ മകനാണു,പൂജ്യം കാര്‍ഡുകള്‍,പൂജ്യം ഗോളുകള്‍.

അനൂപിന്റെ ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോ പത്രത്തില്‍ നിന്നും മുഖം മാറ്റി ഉപ്പ വിളിച്ചു പറഞ്ഞു.

"ഇങ്ങളിന്നും ഒപ്പോസിറ്റല്ലേ ? വിസില്‍ അടിച്ചാ പിന്നെ ടീം മാത്രേയുണ്ടാകാവുള്ളു,കൂട്ടും കൂട്ടാരുമൊക്കെ സൈഡ് ലൈനിനു പുറത്ത്.അതോര്‍മ്മ വേണം രണ്ടിനും."

അസിയും അനൂപും അയല്‍ക്കാരാണു,ഓര്‍മ്മയുടെ ആദ്യചിത്രങ്ങള്‍ മുതല്‍ ഒരുമിച്ചുള്ള കൂട്ടുകാരും.അനൂപിന്റെ വീടിനു പിന്‍വശത്തുള്ള കോണ്‍ക്രീറ്റ് കളത്തിലാണു ഇരുവരും ആദ്യം പന്തു തട്ടി തുടങ്ങിയത്.പിന്നീടത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലേയ്ക്കും,മോഡല്‍ ഹൈസ്കൂളിന്റെ മൈതാനത്തേയ്ക്കും മാറി.അവിടെ നിന്നു താല്‍ക്കാലിക ഗ്യാലറികള്‍ അതിരു വരച്ച സെവന്‍സ് സ്റ്റേഡിയങ്ങളിലേയ്ക്ക് കളി വളര്‍ന്നപ്പോള്‍ കാലം ഒരു ചെറിയ കുസൃതി അവര്‍ക്കു വേണ്ടി ഒരുക്കി വച്ചിരുന്നു.അനൂപ് ബേസ് ക്ലബിന്റെ ഒന്നാം ഗോളിയായി,അസിയാകട്ടെ ഖാദറിക്ക കളിച്ചു വളര്‍ന്ന ലക്കി സ്റ്റാര്‍ എഫ്.സിയില്‍ ഉപ്പയുടെ സ്ഥാനം ഏറ്റെടുത്തു.ക്ലബുകള്‍ തമ്മില്‍ മത്സരങ്ങള്‍ പതിവാണെങ്കിലും,മൈതാനത്തിന്റെ രണ്ടറ്റത്തു നിന്നു കളിക്കുന്നവരായത് കൊണ്ട്,ഒരിക്കലും അവര്‍ക്ക് പരസ്പരം ഒരു ബലപരീക്ഷണം വേണ്ടി വന്നിട്ടില്ല.

അനൂപിനെ ഒറ്റയ്ക്കാക്കി അസി പോകുന്നതു കൊണ്ടായിരിക്കണം , മൈതാനത്തേയ്ക്കുള്ള അന്നത്തെ യാത്രയില്‍ അവരുടെ ഇടയില്‍ പതിവില്ലാത്ത ഒരു നിശബ്ദതയുണ്ടായിരുന്നു.'വല്ലരി കൊച്ചാപ്പ് മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റ്' സീസണിലെ അവസാനത്തെ ടൂര്‍ണ്ണമെന്റാണു.പേരിലൊരു അഖിലേന്ത്യമൊക്കെയുണ്ടെങ്കിലും,ഇപ്പോ കുറേ വര്‍ഷങ്ങളായി ലോക്കല്‍ ടീമുകള്‍ മാത്രമേയുള്ളു ടൂര്‍ണമെന്റില്‍.

"നാളെ എപ്പോഴാടാ പോണ്ടെ ? " അനൂപിന്റെ ചോദ്യമാണു നിശബ്ദത അവസാനിപ്പിച്ചത്.

"വൈകിട്ട് അഞ്ചരയ്ക്കാ ഫ്ലൈറ്റിന്റെ സമയം,കാലത്തത്തെ കാപ്പി കഴിഞ്ഞ് ഇറങ്ങും,നീ വരില്ലേ ?"

അനൂപ് മറുപടിയൊന്നും പറഞ്ഞില്ല.അസി ചോദ്യം ആവര്‍ത്തിച്ചതുമില്ല.

ഗോളൊന്നും വഴങ്ങാതെയാണു ബേസ് ഫൈനലു വരെയത്തിയത്.അസിയുടെ ലക്കി സ്റ്റാര്‍ രണ്ടെണ്ണം വഴങ്ങിയിട്ടുണ്ട് ഇതു വരെ.അറ്റസ്റ്റ് ചെയ്ത് എംബസീന്ന് വന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി നോര്‍ക്കയില്‍ പോയ അന്നാണു ആ രണ്ടു ഗോളും വീണത്.അന്ന്‍ നിവൃത്തിയുണ്ടായിരുന്നെങ്കില്‍ അസി വേറെയാരെയെങ്കിലും വിട്ടേനെ,നേരിട്ട് ചെല്ലണമെന്ന് ഏജന്‍സീന്നു വിളിച്ചു പറഞ്ഞതാണു പറ്റിയത്.അനൂപിനെ മറികടന്ന്‍ ഒരു ഗോളടിക്കാന്‍ ഇതു വരെ ഈ ടൂര്‍ണമെന്റില്‍ ഒരു കളിക്കാരനു പറ്റിയിട്ടില്ല.അതിനു പറ്റുന്ന ആള്‍ക്കായിരിക്കും ഇന്നത്തെ ട്രോഫി.

താല്‍ക്കാലിക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക്  തിരിഞ്ഞ അവരുടെ ബൈക്കിനെ തിരക്കിട്ട് മൈതാനത്തേയ്ക്ക് നടക്കുന്ന കാണികളില്‍ ചിലര്‍ കൈ വീശി കാണിക്കുന്നുണ്ട്.അവരെ അറിയുന്നവരും,അവര്‍ക്കറിയാവുന്നവരുമാണു അവിടുത്തെ കളിപ്രേമികളില്‍ മിക്കവരും.ബൈക്ക് പാര്‍ക്ക് ചെയ്തു ചെയര്‍ പാസിന്റെ കവാടത്തിലൂടെ അവരിരുവരും അകത്തേയ്ക്ക് നടന്നു.ഗ്യാലറിയുടെ പിന്നില്‍ നിന്നു അവരവരുടെ ജേഴ്സികളിലേയ്ക്ക് വേഷം മാറി ടീമിനൊപ്പം ചേരാന്‍ രണ്ടു വശങ്ങളിലേയ്ക്ക് മാറുന്ന നേരത്ത്, അസി അനൂപിന്റെ  ചെവിയോട് ചേര്‍ന്ന്, അവര്‍ക്ക് കേള്‍ക്കാന്‍ മാത്രമായി മനസ്സില്‍ ഒതുക്കി വച്ചത് അവനോട് പറഞ്ഞു.

"ഈ ടൂര്‍ണമെന്റിലു നീ വഴങ്ങാന്‍ പോണ ആദ്യത്തെ ഗോള്‌ എന്റേതായിരിക്കും. ഇനി കളിക്കാമ്പറ്റുവോന്നറിയില്ല,നിക്കൊരു ഗോളടിക്കണം ഇന്ന്.ഈ വന്നേക്കണോരു എന്നെ ഓര്‍ക്കണേല്‍ ഒരു ഗോളു വേണം, സാന്റോസ് ഖാദറിനെ പൊക്കി നടന്നവരുടെ കാലം കഴിഞ്ഞു, ഗോളടിക്കണവരേ ഇനിയുളള ആളോള് ഓര്‍ക്കൂ"

പെട്ടന്ന് പ്രതീക്ഷിക്കാത്തത് കേട്ട അനൂപ് ഒന്നു പകച്ചു.പക്ഷേ അത്പുറത്തു കാണിക്കാതെ അവനൊന്നു ചിരിച്ചു കൊണ്ട് അസിയോട് പറഞ്ഞു.

"ഞാന്‍ കാവലു നിക്കണ പോസ്റ്റിലേയ്ക്ക് നിന്റെ ഗോളു കേറണേല്‍ ഞാന്‍ ചാവണം.കൊല്ലാന്‍ നീ ശ്രമിച്ചോ,പക്ഷേ ചാവണേല്‍ ഞാന്‍ വിചാരിക്കണം.എന്റെ പോസ്റ്റില്‍ നിന്റെ ഗോളു കേറില്ല അസീ"

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഫൈനലിലെ മുഖ്യാത്ഥി.കളിക്കാരെ പരിചയപ്പെടുന്നതിനിടെ അസിയോട് പ്രസിഡന്റ് ഉപ്പായെ കുറിച്ചു ചോദിച്ചു.മൂപ്പര്‌ സാന്റോസിന്റെ ഫാന്‍ ആയിരുന്നത്രേ.

വിസില്‍ മുഴങ്ങി.തിങ്ങി നിറഞ്ഞ മുളഗ്യാലറികളെ സാക്ഷിയാക്കി കളി തുടങ്ങി.

സെമിയില്‍ നിറുത്തിയിടത്ത് നിന്നാണു ഇരു ടീമുകളും കളി തുടര്‍ന്നത്.ലക്കി സ്റ്റാറിന്റെ നീക്കങ്ങള്‍ അനൂപ് എന്ന മതിലില്‍ ഇടിച്ചു നിന്നപ്പോള്‍,ബേസിന്റെ നീക്കങ്ങളൊന്നും പെനാല്‍റ്റി ബോക്സിനകം എത്താതെ അസിയുടെ കാലുകളിലൊതുങ്ങി.ഗോളടിക്കണമെന്ന ആഗ്രഹം അസിയെ ഇടയ്ക്കൊക്കെ ബോളു കൊണ്ട് മുന്നോട്ട് കുതിപ്പിച്ചു.പക്ഷേ ചെറുപ്പം മുതല്‍ ഉപ്പ പറയാറുള്ളത് ഓര്‍ത്തിട്ടാവണം അവന്‍ പന്തു മിഡ്ഫീല്‍ഡിലേയ്ക്ക് മറിച്ചു.

ഗോളൊന്നും വീഴാതെ,കാണികളെ രസിപ്പിച്ച് ആദ്യത്തെ മുപ്പത് മിനിറ്റുകള്‍ കഴിഞ്ഞു.റഫറി ഹാഫ് ടൈം വിളിച്ചു.

തണുത്ത സോഡ പൊട്ടിച്ച് മുഖത്ത് ഒഴിക്കുന്ന നേരത്ത് അസിയുടെ തോളില്‍ ഒരു കൈ വീണു.സാന്റോസ് ഖാദറാണു,കളി കാണാന്‍ അയാള്‍ വരുമെന്നു അവനറിയാമായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന അസീടെ കളികളൊന്നും അയാള്‍ ഇതു വരെ ഒഴിവാക്കിയിട്ടില്ല.

"അസി,പന്തു കൊണ്ടും പോയി ഗോളടിക്കാന്‍ അനക്ക് തോന്നുന്നുണ്ടല്ലേ.അടിക്കാന്‍ പറ്റണ ഗോളു വേണ്ടാന്നും വച്ച് പന്ത് മിഡ് ലേയ്ക്ക് മറിച്ച് സ്വന്തം പെനാല്‍റ്റി ഏരിയാ കാക്കണേല്‍ ആണെടാ മക്കളെ ഒരു ബാക്കിന്റെ ജയം."

മറുപടിയായി അവന്‍ പതിവു പോലെ ഒന്നു മൂളി.പക്ഷേ അവന്റെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അയാള്‍,തന്റെ തരക്കാര്‍ ഇരുന്ന ഗ്യാലറിലേയ്ക്ക് പോയി.

രണ്ടാം പകുതി തുടങ്ങി.കളി തീരാനും,അസിയ്ക്ക് തന്റെ ആദ്യത്തെയും അവസാനത്തെയും ഗോളടിക്കാനും ഇനി ബാക്കിയുള്ളത് മുപ്പത് മിനിറ്റുകളാണു,അനൂപിനു സ്വയം ചാവാതെയിരിക്കാനും.ആദ്യ പകുതിയുടെ,കുറച്ചു കൂടി തീവ്രമായ ആവര്‍ത്തനമായിരുന്നു രണ്ടാം പകുതി.കളി പലപ്പോഴും പരുക്കനായി,പക്ഷേ അസിയുടെ യുദ്ധം ഉപ്പ പറഞ്ഞു കൊടുത്ത പോലെ പന്തിനോടു മാത്രമായിരുന്നു.അതുമായി തന്റെ അടുത്തേയ്ക്ക് വന്ന കളിക്കാരെ അവന്‍ പതിവു പോലെ വെറുതെ വിട്ടു കൊണ്ടിരുന്നു.

നാല്പ്പത്തിയാറാം മിനിറ്റിലാണു അസിയ്ക്കു മാത്രം കഴിയുന്ന ഒരു ടാക്കിളിലൂടെ ബേസിന്റെ സ്ട്രൈക്കറുടെ കാലില്‍ നിന്നും ഒരു മിന്നായം പോലെ അസി പന്തു തന്റെ കാലിലേയ്ക്കു മാറ്റിയത്.മിഡ്ഫീല്‍ഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന തന്റെ ടീമിലെ കളിക്കാരനെ അവന്‍ കണ്ടു.അസി പന്തു അങ്ങോട്ടേയ്ക്ക് മറിക്കുന്നത് മുന്നില്‍ കണ്ട് ബേസിന്റെ റൈറ്റ് ബാക്ക് അങ്ങോട്ടേയ്ക്ക് പാഞ്ഞെത്തി.പക്ഷേ എല്ലാവരെയും ഞെട്ടിച്ച് അസി പന്തും കൊണ്ട് ഇടതു വശത്തോടെ മുന്നോട്ട് കുതിച്ചു.എതിര്‍ ടീമിന്റെ മിഡ്ഫീല്‍ഡെറെയും,ലെഫ്റ്റ് ബാക്കിനെയും ഡ്രിബിള്‍ ചെയ്ത് അസി ബേസിന്റെ ഡിയിലെത്തി.മുന്നില്‍ അനൂപുണ്ട്,ഒപ്പം അസിയുടെ നേര്‍ക്ക് പാഞ്ഞു വരുന്ന ബേസിന്റെ ഫുൾ ബാക്കും.തന്റെ കുതിപ്പിനൊരല്പ്പം വേഗത് കുറച്ച് അസി പെനാല്‍റ്റ് ഏരിയായിലേയ്ക്ക് കയറി.അനൂപ് മുന്നിലേയ്ക്ക് കയറി വന്നു.

പെട്ടന്നാണു പിന്നില്‍ നിന്നു വന്ന ഒരു സ്ലൈഡിംഗ് ടാക്കിളില്‍ അസി വീണത്.ടാക്കിള്‍ ചെയ്ത ഡിഫന്‍ഡറുടെ കാല്‍ അവസാനിച്ചത് മുന്നോട്ട് കയറി വന്നിരുന്ന അനൂപിന്റെ കാല്‍മുട്ടില്‍.അസിക്കൊപ്പം അനൂപും വീണു.ഒരു നിമിഷത്തേയ്ക്ക്   ഗ്യാലറി നിശബ്ദം.ബോക്സിനകത്തേയ്ക്ക് റഫറി വിരല്‍ ചൂണ്ടിയതും,നിശബ്ദതയെ ഭേദിച്ച് ലക്കി സ്റ്റാറിന്റെ ആരാധകര്‍ ആര്‍പ്പു വിളിച്ചു.പിന്നില്‍ നിന്നു ടാക്കിള്‍ ചെയ്ത ബേസിന്റെ ഡിഫന്‍ഡര്‍ക്ക് റെഡ് കാര്‍ഡ്.പെനാല്‍റ്റിയെടുക്കാന്‍ വേണ്ടി ലക്കിസ്റ്റാറിന്റെ ക്യാപ്റ്റന്‍ പന്ത് അസിയ്ക്ക് കൊടുത്തു.വല കാക്കാന്‍ റിസര്വ് ഗോളിയെത്തി.കളിക്കാരുടെ തോളില്‍ കൈയിട്ട് ടീം ബെഞ്ചിലേയ്ക്ക് അനൂപ് മുടന്തി നടക്കവേ അസിയെ അടുത്ത് വിളിച്ച് പറഞ്ഞു.

"ഇനി നീ അടിച്ചോ നിന്റെ ഗോള്‌".

വിസില്‍ മുഴങ്ങി.വല കുലുക്കി കൊണ്ട് എണ്‍പതാം മിനിറ്റില്‍ ലക്കി സ്റ്റാറിന്റെ ആദ്യ ഗോളു വീണു.ഗാലറികള്‍ ഇളകി മറിഞ്ഞു.

"നീയെന്താ പെനാല്‍റ്റിയെടുക്കാതെ കേറി പോന്നേ?"

സൈഡ് ലൈനിന്റെ പുറത്തിരുന്നിരുന്ന അനൂപ് അടുത്തിരുന്ന അസിയോട് ചോദിച്ചു.

"ഒന്നേ അടിക്കണൊള്ളേലും അത് ആണുങ്ങളെ പോലെ അടിക്കണ്ടേടാ,ഒരോത്തന്റെ ഹറാം പെറപ്പോണ്ട് കിട്ട്ണ പെനാല്‍റ്റി അടിച്ചിട്ട് എന്നെ നാട്ടാരു ഓര്‍ക്കണ്ട.ഞാനേ സാന്റോസ് ഖാദറിന്റെ ചെക്കനാ..പിന്നെ നീയൊള്ള പോസ്റ്റില്‍ അടിച്ചു കേറ്റണേല്‍ അല്ലേ അതിന്റെ ഒരു ഇത്"

ആര്‍ത്തിരമ്പുന്ന ഗ്യാലറികളുടെ ആരവത്തില്‍ മുങ്ങിപ്പോയ അവരുടെ ആ ചിരി നോക്കി,ഗ്യാലറിയില്‍ അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു,മറ്റൊരു ചെറുപുഞ്ചിരിയോടെ.

കാലം ആ ഉപ്പയേയും മകനെയും ഇങ്ങനെ അടയാളപ്പെടുത്തട്ടെ.

'സാന്റോസ്' ഖാദര്‍ സുലൈമാന്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0

അസീസ് ഖാദര്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0





Friday, November 7, 2014

ഞാന്‍ കണ്ട സച്ചിന്‍ ...

കൊച്ചീലെ കളിയ്ക്ക് പാസ് വേണോ എന്നു ചേട്ടായി ചോദിച്ചപ്പോ രണ്ടാമതൊന്നു ആലോചിക്കാതെ വേണം എന്നു പറയിപ്പിച്ചത് കാല്‍പ്പന്തു കളിയോടുളള സ്നേഹത്തേക്കാള്‍, അന്ന് അവിടെ വന്നേക്കാന്‍ സാദ്ധ്യതയുളള ഒരാളെ ഒന്നു നേരില്‍ കാണാമെന്ന പ്രതീക്ഷയാണു.അല്ലെങ്കിലും ഭാരതീയര്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയുമൊക്കെ മറ്റൊരു പേരാണല്ലോ സച്ചിന്‍ !
ബക്കറ്റ് ലിസ്റ്റിലെ ഏറ്റവും മുന്‍പന്തിയിലുളള കാര്യങ്ങളില്‍ ഒന്നായിരുന്നു അയാള്‍ ഇന്ത്യയ്ക്ക് വേണ്ടി പത്താം നംബര്‍ ഇളം നീല ജഴ്സിയില്‍ കളിക്കുന്നത് കാണുക എന്നത്.സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്ന എന്നറിഞ്ഞപ്പോള്‍ ആദ്യം ദേഷ്യം തോന്നി,പിന്നെ ആ ലിസ്റ്റ് ഇങ്ങനെ തിരുത്തി 'സച്ചിനെ ഒരിക്കല്‍ നേരില്‍ കാണുക'.

ഈ-2 , ബ്ലോക്ക് 7 ഗേറ്റിലേയ്ക്ക് നടന്നത് , സ്റ്റേഡിയത്തിന്റെ വി.വി.ഐ.പി കവാടത്തിന്റെ മുന്നിലൂടെയാണു.ആയിരങ്ങളാണു പോലീസിന്റെ നിര്‍ദ്ദേശങ്ങളേയും,ലാത്തിയേയുമൊക്കെ അവഗണിച്ച് അവിടെ തടിച്ചു കൂടിയിരുന്നത്,അതിലൂടെ ആയിരിക്കും സച്ചിന്‍ അകത്തേയ്ക്ക് കയറുക എന്ന പ്രതീക്ഷയില്‍.

അകത്തേയ്ക്ക് കയറിയപ്പോള്‍ അല്പം നിരാശ തോന്നി, വി.വി.ഐ.പി ഗ്യാലറിയുടെയും , ഡഗ് ഔട്ടുകളുടേയും ഒക്കെ നേരെ എതിര്‍ വശത്താണു എന്റെ ഇരിപ്പിടം.എങ്കിലും അവിടെയ്ക്ക് കടന്നു വരുന്ന ഒരോ ആളുകളിലും ഒരായിരം കണ്ണുകള്‍ സച്ചിനെ തിരഞ്ഞു കൊണ്ടിരുന്നു,അവിടെത്തെ ഒരോ അനക്കത്തിനും ആളുകള്‍ അയാളെ പ്രതീക്ഷിച്ചു .കാത്തിരിപ്പിനു വിരാമിമിട്ട് , ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ടീം ഡഗ് ഔട്ടുകള്‍ക്കു പിന്നില്‍,കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം നംബര്‍ ജഴിസിയില്‍ ആ കുറിയ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. കാഴച്ച കണ്ടവര്‍ കാണത്തവരെ വിളിച്ചു കാണിച്ചു കൊടുത്തു കൊണ്ടിരുന്നു, അര ലക്ഷം ആളുകള്‍ നിറഞ്ഞ ഗ്യാലറികള്‍ ഇളകി മറിഞ്ഞു,ഒരേ സ്വരത്തില്‍ ഒരേ ആവേശത്തില്‍ അവര്‍ ആര്‍ത്തു വിളിച്ചു,മരണം വരെ കാതില്‍ മുഴങ്ങുമെന്നു സച്ചിന്‍ പറഞ്ഞ അതേ വിളി .. സച്ചീഈഈഈന്‍, സച്ചിന്‍ !!!

കളി തുടങ്ങി, പലപ്പോഴും എന്റെ കണ്ണുകള്‍ മൈതാനത്തില്‍ നിന്നും എതിര്‍ വശത്തുളള വി.വി.ഐ.പി ഗ്യാലറിയിലേയ്ക്ക് പോയി,അവിടെ ഇരുന്നിരുന്ന അവ്യക്തമായ രൂപത്തിന്റെ ചലനങ്ങള്‍ കാണാന്‍. ജയിന്റ് സ്ക്രീനില്‍ ആ മുഖം തെളിഞ്ഞപ്പോഴൊക്കെ ആളുകള്‍ കളി കാണുന്നത് ഉപേക്ഷിക്കുന്നുണ്ടായിരുന്നു.അവര്‍ക്ക് അങ്ങനെയെ ചെയ്യാന്‍ കഴിയുമായിരുന്നുളളു.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒട്ടനവധി അവസരങ്ങള്‍ ഗോള്‍മുഖത്ത് പാഴാക്കി കൊണ്ടിരുന്നപ്പോള്‍ , തൊട്ടടുത്ത് ഇരുന്ന് കളി കണ്ടിരുന്ന ഒരു കോഴിക്കോടന്‍ ചങ്ങാതി വിളിച്ചു പറഞ്ഞു, " സച്ചിനെ ഇറക്കി കളിപ്പിക്ക്,ഇപ്പോള്‍ ഗോളു വീഴുന്നത് കാണാം " . അദ്ഭുതങ്ങളില്‍ കുറഞ്ഞത്, ആസാദ്ധ്യങ്ങളില്‍ കുറഞ്ഞതൊന്നും ഇന്നും ആളുകള്‍ അയാളില്‍ നിന്നു ആഗ്രഹിക്കുന്നില്ല.അല്ലെങ്കില്‍ സച്ചിനെ അവര്‍ അദ്ഭുതങ്ങളുടെയും പര്യായമായി മാറ്റിയിരിക്കുന്നു.

തൊണ്ണൂറ്റു മിനിറ്റുകള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഹോം മാച്ച് അവിസ്മരണീയമാക്കിയപ്പോള്‍,ജയം ലോകത്തെ അറിയിച്ചു മൈതാനത്തിനു ചുറ്റും കരിമരുന്ന്‍ കാഴച്ചകള്‍ ഉയര്‍ന്നു പൊങ്ങി.ഉയര്‍ന്നു പൊങ്ങിയ പുക കാഴച്ചകളെ മറക്കാന്‍ തുടങ്ങി,പുകമറയ്ക്ക് അകത്ത് നിന്ന് ഒരു വിസ്മയം പോലെ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിച്ച് പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ജനക്കൂട്ടം വീണ്ടും കാത്തു നിന്നു ഒരുപാട് നേരം.ചില കാഴച്ചകള്‍ അങ്ങനെയാണു,കാണുംന്തോറും കൊതിപ്പിച്ചു കൊണ്ടേയിരിക്കും,വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
ഞങ്ങളുടെ ഗ്യാലറിയില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ബാനര്‍ പറഞ്ഞതിങ്ങനെയാണു, "ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനല്ല,എന്നെ ഇവിടെ എത്തിച്ചത് സച്ചിന്‍ എന്ന വികാരമാണു, ആ വ്യക്തിയാണു" .. അവിടെ കൂടിയ ഒരായിരം മനസ്സുകളുടെ ചുവരെഴുത്തായിരുന്നു ആ വാക്കുകള്‍.

സച്ചിന്‍, എന്റെ ബക്കറ്റ് ലിസ്റ്റില്‍ നിന്നു താങ്കളെ ഇറക്കി വിടാന്‍ കഴിയുന്നില്ല.അതിലെ പഴയ എണ്ട്രി ഞാന്‍ ഇങ്ങനെ തിരുത്തുന്നു, "സച്ചിനെ കണ്ട്,സംസാരിച്ച് പരിചയപ്പെടണം" . ഒരിക്കലും നടക്കിലായിരിക്കും ,പക്ഷേ സച്ചിന്‍ എന്നത് പ്രതീക്ഷയുടെ,പ്രത്യാശയുടെ മറ്റൊരു പേരാണല്ലോ !!!

Saturday, October 11, 2014

എംബ്ലിക - ഒരു നെല്ലിക്ക പ്രണയകഥ

ഷോര്‍ട്ട് ഫിലിംസ് അഥവ ഹൃസ്വചിത്രങ്ങള്‍ എന്ന സിനിമാ സങ്കേതവുമായി ആദ്യമായി പരിചയപ്പെടുന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു സെപ്റ്റംബര്‍ മാസമാണു.പ്രിയ സുഹൃത്ത് ബേസില്‍ ജോസഫ് ഒരുക്കിയ 'പ്രിയംവദ കാതരയാണോ ?' എന്നതായിരുന്നു ആ ചിത്രം.ഒരു സുഹ്രൃത്ത് സ്വംഘത്തിന്റെ കൂട്ടായ്മയില്‍ നിന്നൊരുങ്ങിയ ആ കൊച്ചു ചിത്രം നാളിതു വരെ കണ്ടത് ആറുലക്ഷത്തി അയ്യായിരത്തി എണൂറ്റി പതിനാലു പേരാണു.ബ്ലോഗില്‍ ആദ്യമായി സിനിമയെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും അന്നാണു.

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സുഹൃത്തുകള്‍ ഒറ്റൊരു മറ്റൊരു കൊച്ചു ചിത്രം നല്ലൊരു കാഴച്ചാനുഭവം സമ്മാനിച്ചിരിക്കുന്നു.'എംബ്ളിക' എന്നാണു ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്‌ . പത്തു മിനിറ്റ് കൊണ്ട് കുറച്ച് നല്ല നര്‍മ്മവും,ഹൃദ്യമായ പ്രണയവും ഒക്കെ ഈ ചിത്രം കാഴച്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളില്‍ അപ്രതീക്ഷിതമായ മികവ് പുലര്‍ത്തുന്ന എംബ്ളിക അതഭുതപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളിലാണു. മിഥുനും,അലക്സും, വിനീതും ,ലക്ഷ്മിയും,അല്പനയും,ശബരീഷും,ആരതിയും,അശ്വതിയും,സിസിയും,ദീപക്കും,ദീപ്തിയും,ജിതേഷും പരിചയക്കുറവിന്റെ പതര്‍ച്ചകളില്ലാതെ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.എടുത്തു പറയേണ്ട പേര് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു സോമന്റേതാണു. പ്രിയംവദയിലെ പ്രകാശനില്‍ നിന്നും,എംബ്ലികയിലെ ശങ്കുവിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അഭിനേതാവ് എന്ന നിലയില്‍ വിഷ്ണു ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു.ഹാസ്യം അനയാസമായി കൈകാര്യം ചെയ്യുന്ന, സൂക്ഷ്മമായ ഭാവങ്ങളിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന  വിഷ്ണുവിനെയാണു എംബ്ലികയില്‍ കാണാന്‍ കഴിയുക. ഒന്നു രാകി മിനുക്കിയെടുത്താല്‍ വിഷ്ണുവിനെ തിരശ്ശീലയില്‍ കാണാന്‍ കഴിയുന്ന കാലം അധികം ദൂരെയായിരിക്കില്ലെന്നു തോന്നുന്നു..

രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗോകുല്‍ നാരയണന്‍,പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന ശരത്ത്,കേള്‍ക്കാന്‍ രസമുളള എന്‍ നെഞ്ചിലേ എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് കൃഷ്ണനും,ക്യാമറ ചലിപ്പിച്ച ബിലുവും ,ദൃശ്യങ്ങള്‍ വെട്ടിയൊരുക്കിയ രാജ്കുമാറുമൊക്കെ എംബ്ലികയെ സുഖമുളള ഒരു കാഴച്ചാനുഭവമാക്കിയിരിക്കുന്നു.

നെല്ലിക്ക പോലെ ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന പ്രണയത്തിന്റെ കഥ പറയുന്ന ഈ കൊച്ചു 'എംബ്ലിക' സമയം കിട്ടുന്നത് പോലെ നിങ്ങളൊക്കെ കാണുക,ഇവരെ പ്രൊഹത്സാഹിപ്പിക്കുക ..നാളത്തെ ചലച്ചിത്ര വാഗദ്ധാനങ്ങള്‍ ഇവരാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും..


Wednesday, June 11, 2014

നിറകണ്‍ച്ചിരി..

"ഓര്‍മ്മയുടെ താളുകളിലൂടെ ഇടയ്ക്ക് പുറകോട്ട് നടക്കുക.ആ ഓര്‍മ്മകള്‍ നിങ്ങളുടെ കണ്ണുകള്‍ നിറയ്ക്കട്ടെ."

രണ്ടാഴച്ച മുന്‍പ് ബോബി ജോസ് എന്ന കപ്പൂച്ചിന്‍ വൈദികന്റെ ഒരു വീഡിയോയിലാണു ഈ വാക്കുകള്‍ കേട്ടത്.സുവിശേഷ പ്രസംഗങ്ങള്‍ ഇരുന്നു കേള്‍ക്കുന്ന ഒരു ശീലമില്ല,പക്ഷേ ബോബിയച്ചന്റെ സംഭാഷണങ്ങളെ ആ കൂട്ടത്തില്‍ പെടുത്താന്‍ തോന്നാറില്ലാത്തതു കൊണ്ട് കേള്‍ക്കാനുള്ള അവസരം കിട്ടുമ്പോള്‍ ഒഴിവാക്കറില്ല.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവിടെ അടുത്തുള്ള ആശുപത്രി വരെ പോകുകയുണ്ടായി.അതിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അവിടെ നിന്നു തിരിച്ചു പോരുന്ന സമയത്താണു മാതാശ്രീ പറഞ്ഞത്, എന്നെ പഠിപ്പിച്ച മരിയാ സിസ്റ്റര്‍ ഒരു സര്‍ജറി കഴിഞ്ഞ് അവിടെ വിശ്രമിക്കുന്നുണ്ട്,ഒന്നു കണ്ടിട്ടു പോയാലോ എന്നു.

മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്കൂളിലാണു ഞാനെന്റെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അവിടെ നാലാം ക്ളാസ്സ് സി ഡിവിഷനിലെ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു സി.മരിയാ കുന്നേക്കാട്ട് എഫ്.സി.സി. എയ്ഡഡ് സ്കൂളുകളിലെ സേവനത്തില്‍ നിന്നു വിരമിച്ചതിനു ശേഷം അവിടെ ജോലി നോക്കുകയായിരുന്നു സിസ്റ്റര്‍ ആ കാലത്ത്.മലയാളം ആയിരുന്നു സിസ്റ്റര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.നല്ല കണിശക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു സിസ്റ്റര്‍.ഇഷ്ടം പോലെ വഴക്ക് പറയും,ദേഷ്യപ്പെടും,നല്ല അടിയും തരും.പക്ഷേ ഒരാള്‍ക്ക് പോലും സിസ്റ്ററിനോട് ഒരു ദേഷ്യം തോന്നിയിരുന്നതായി ഓര്‍മ്മയില്ല.ഉകാര ചിഹ്നം ഇടുന്നതിന്റെ പേരിലായിരുന്നു സിസ്റ്റര്‍ ഏറ്റവും കൂടുതല്‍ വഴക്കു പറഞ്ഞിട്ടുള്ളത്.മുകളില്‍ നിന്നു തുടങ്ങി ഇടത്തേക്കു തിരിച്ച് വലത്തേയ്ക്കു വട്ടം വരയ്ക്കുന്ന രീതിയിലാണു ഞങ്ങളെല്ലാവരും തന്നെ ആ ചിഹ്നം ഇട്ടു കൊണ്ടിരുന്നത്.പക്ഷേ സിസ്റ്ററുടെ അഭിപ്രായത്തില്‍ വട്ടം വരയ്ക്കുന്നത് നേരെ എതിര്‍ വശത്തേയ്ക്കാണു വേണ്ടത്.വളരെ ശരിയായ ഒരു കാരണവും അതിന്റെ പിന്നിലുണ്ടായിരുന്നു.ഉ എന്ന അക്ഷരത്തിന്റെ അകത്തേയ്ക്കുള്ള കുനിപ്പാണു ഉകാര ചിഹ്നത്തിലെ വട്ടം.അപ്പോള്‍ ആ അക്ഷരം എഴുതുന്ന അതേ രീതിയില്‍ വേണം ആ ചിഹ്നം ഇടേണ്ടതും.ഒരുപാട് വഴക്കു പറഞ്ഞും ദേഷ്യപ്പെട്ടുമൊക്കെയാണു അന്ന് സിസ്റ്റര്‍ ഞങ്ങളുടെ എഴുത്ത് ഈ രീതിയിലേക്ക് മാറ്റിയെടുത്തത് . പക്ഷേ പിന്നീട് നാളിതു വരെ അതിനൊരു മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല,പിന്നീട് ബുദ്ധി ഉറച്ച കാലത്ത്, സിസ്റ്റര്‍ അന്ന് പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്നു തോന്നുകയും ചെയ്തിട്ടുണ്ട്.

സിസ്റ്റര്‍ വിശ്രമിച്ചിരുന്ന മുറി കണ്ട് പിടിച്ച് ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു.പയ്യെ വാതിലില്‍ മുട്ടി,ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ വാതില്‍ തുറന്നു തന്നു.പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് മരിയാ സിസ്റ്റര്‍ അവിടെയുള്ള മേശയ്ക്കരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.കയറി വന്നത് ആരാണു എന്നു സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടിയ സിസ്റ്ററിനോട് "സിസ്റ്ററേ,മൃദുലാ" എന്നു പറഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന സംശയം വലിയൊരു സന്തോഷത്തിലേയ്ക്ക് വഴി മാറുന്നത് ഞാന്‍ കണ്ടു."നീയെന്നാടാ ഇവിടെ" എന്നു നിറഞ്ഞ ചിരിയോടെ ചോദിച്ച സിസ്റ്ററിനോട് പാതി തമാശയായി "സിസ്റ്റര്‍ ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതല്ലേ" എന്ന് ഞാന്‍ മറുപടി പറഞ്ഞു.അല്പം അകന്ന ഒരു ബന്ധുതയുള്ളത് കൊണ്ട് ആ പറഞ്ഞതില്‍ വലിയ സംശയം സിസ്റ്ററിനു തോന്നി കാണില്ല.കൂടെയുള്ള സിസ്റ്ററിനു "ഇതെന്റെ കൊച്ചാ,ഞാന്‍ പഠിപ്പിച്ചതാ" എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തി.കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അമ്മയെ കണ്ട കാര്യവും,ഞാന്‍ നാട്ടില്‍ ഇല്ല എന്നറിഞ്ഞ കാര്യവും,അന്നൊപ്പം പഠിച്ച പലരുടെ കാര്യവുമൊക്കെ സിസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.എല്ലാം കേട്ടും,മറുപടികള്‍ പറഞ്ഞും സിസ്റ്ററിരുന്നിരുന്ന മേശയ്ക്ക് എതിര്‍ വശമുള്ള കട്ടിലില്‍ ഞാനിരുന്നു.ഇടയ്ക്ക് സംസാരം നിര്‍ത്തി സിസ്റ്റര്‍ എന്നെ അടുത്തേയ്ക്ക് വിളിപ്പിച്ചു.എഴുന്നേല്‍ക്കാന്‍ ഒരു കൈ സഹായത്തിനായിരിക്കും എന്നു കരുതി അടുത്തേയ്ക്ക് ചെന്ന എന്ന സിസ്റ്റര്‍ വാരിപ്പുണര്‍ന്നു.പ്രായം കാഴ്ചകളെ മറച്ചു തുടങ്ങിയ ആ കണ്ണുകളില്‍ ഒരു നനവ് കണ്ട പോലെ.എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഒപ്പമുള്ള സിസ്റ്ററിനോട് "ഇതെന്റെ കൊച്ചാ,ഒരുപാട് വലുതായി" എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ഇറങ്ങാന്‍ നേരം ഇപ്പോള്‍ ഉള്ള തേവര മഠത്തിലേയ്ക്ക് ഇടയ്ക്ക് ചെല്ലണം എന്നു പറഞ്ഞു,"എന്താണെങ്കിലും വരാം സിസ്റ്ററെ" എന്നുറപ്പു കൊടുത്തപ്പോള്‍ ആ മുഖത്ത് സന്തോഷവും വാത്സല്യവും അഭിമാനവുമൊക്കെ മിന്നി മറയുന്നത് ഞാന്‍ കണ്ടു.അമ്മയോട് പഴയ ഉകാര കഥയൊക്കെ പറഞ്ഞാണു ഞാന്‍ ഇറങ്ങി നടന്നത്.കണ്ണുകള്‍ നിറഞ്ഞിരുന്നിരിക്കണം,ഞാന്‍ ഓര്‍ക്കുന്നില്ല.പക്ഷേ മനസ്സ് നിറഞ്ഞിരുന്നു എന്നത് തീര്‍ച്ച.

ഒറ്റയ്ക്കായി പോയ കഴിഞ്ഞ ഓണക്കാലത്താണു,ഓര്‍മ്മകള്‍ എന്നെ കൊണ്ട് ഇങ്ങനെ എഴുതിച്ചത്.

"ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല,മുന്നോട് നടക്കാന്‍ പറയുന്നു ഒരോ ഓര്‍മ്മയും,കാരണം പിന്നിടേണ്ട വഴികളില്‍ എവിടെയോ ഈ ഓര്‍മ്മകള്‍ ഇന്ദ്രജാലങ്ങളൊരുക്കി കാത്തിരിക്കുന്നുണ്ട്,വീണ്ടും ആവര്‍ത്തിക്കാന്‍,സന്തോഷിപ്പിക്കാന്‍".

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.ഓര്‍മ്മകളിലൂടെ പുറകോട്ട് ഒരല്പ ദൂരം ഒരുമിച്ച് നടക്കുക.കണ്ണുകളെ നിറയാനനുവദിക്കുക,മനസ്സു കൊണ്ട് ആ ഓര്‍മ്മകളോട് നന്ദി പറയുക

Sunday, March 16, 2014

ഞാനിഷ്ടപ്പെട്ട ആമിയുടെ ഇഷ്ടങ്ങൾ

സ്ഥലം കുറവാണെങ്കിലും ഞാൻ അകത്തേയ്ക്ക് കയറി നിന്നു.ഇപ്പോൾ എനിക്ക് ആമിയെ നന്നായി കാണാം.ഞാൻ വരുമെന്നു അവൾ പ്രതീക്ഷിച്ചിരിന്നിരിക്കുമോ,അറിയില്ല.അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അത്തരത്തിലുളള എന്തെങ്കിലും ഒരു താത്പര്യം എന്നെങ്കിലും അവൾക്കുണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഇഷടം പറയാതെ പോയതിന്റ്റെ പതിവ് പരാതികളും പരിവേദനങ്ങളും എനിക്കില്ല.അന്നും ഇന്നും നല്ല സുഹൃത്തുകൾ ,ഇനിയെന്നും.

ഇവിടെ നിന്നു നോക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്.തോന്നലാണോയെന്നറിയില്ല.ആവാൻ വഴിയില്ല.കാരണം ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടില്ല. ഞങ്ങളുടെ ഓഫീസ് ഫുഡ്കോർട്ടിൽ വച്ച് ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ബ്രേക്ക്ഫാസ്റ്റ് സമയത്ത് പത്ത് അഞ്ഞൂറാളുകൾക്കിടയിൽ അവളുടെ മുഖത്തേയ്ക്ക് മാത്രം നോട്ടമെത്തിച്ചത് ഈ പുഞ്ചിരിയാണു.പിന്നീടിങ്ങോട്ട് എത്രയോ വട്ടം ഈ ചിരി കണ്ടിരിക്കുന്നു,എന്റെ എത്രയോ ദിവസങ്ങൾ ഈ ചിരി കൊണ്ടു മാത്രം മുന്നോട്ട് പോയിരിക്കുന്നു.

ഇപ്പോഴാണു ശ്രദ്ധിച്ചത്,തൂവെളള നിറത്തിലുളള ഒരു ഗൗണിലാണവൾ.അത് ഞാൻ പ്രതീക്ഷിച്ചില്ല.കാരണം മറ്റൊന്നുമല്ല,സാരിയായിരുന്നു എന്നും അവളുടെ പ്രിയപ്പെട്ട വേഷം. അരികുകളിൽ സ്വർണ്ണ നിറമുളള ഡിസൈനുകൾ തുന്നി ചേർത്ത,മറ്റു ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരു ഓഫ് വൈറ്റ് സാരീ.ഇതായിരിക്കും അവളുടെ ഇന്നത്തെ വേഷം എന്നാണു ഞാൻ പ്രതീക്ഷിച്ചത്.ആഗ്രഹിക്കുന്നത് പോലെയും പ്രതീക്ഷിക്കുന്നത് പോലെയുമാണു ജീവിതത്തിന്റെ യാത്രാവഴികൾ എങ്കിൽ അവളുടെ ഒരുപാട് സുഹൃത്തുകളിൽ ഒരാൾ മാത്രമായി ഞാനിവിടെ മാറി നിൽക്കില്ലായിരുന്നു,മറിച്ച് അവളുടെ തൊട്ടരികിൽ ഉണ്ടായിരുന്നേനെ.

കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ചുറ്റിലും, നമ്മളിലും,നല്ലതും ചീത്തയും.ചില ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പിടിവാശികൾ ,ഇവയൊക്കെ മരിച്ചാലും മാറില്ല എന്നു നമ്മൾ പറയാറില്ലേ .പക്ഷേ എല്ലാം വെറുതെയാണു.ജീവിതം ഓടി തീർക്കാനോ മത്സരിക്കാനോ ഒന്നുമുളളതല്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം വരെയേ നമ്മുടെ ഈ പിടിവാശികൾക്ക് ആയുസുളളു എന്നതാണു സത്യം.ആമിയിൽ ഞാൻ കാണുന്ന കാഴച്ചകൾ അതെന്നെ പഠിപ്പിക്കുകയാണു.സാരി ഉടുക്കാൻ ഇഷടപ്പെട്ടിരുന്നവൾ ഒരു വെസ്റ്റേൺ ഗൗണിൽ.അവിടെ മാത്രം തീരുന്നില്ല മാറ്റങ്ങൾ.ചുവന്ന റോസാപ്പൂക്കളുടെ ഒരാരാധികയായിരുന്നു അവൾ.വെറും ചുവപ്പല്ല,കടും ചുവപ്പ് പൂക്കൾ.എത്രയോ വട്ടം,പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്നിട്ട് കൂടി കടും ചുവപ്പ് പൂക്കളുടെ ഒരു ചെണ്ട് വാങ്ങി അവളുടെ ഓഫീസ് ഡെസ്കിൽ വച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടിന്ന് അവളുടെ കൈകളിൽ ഉളളത് വെളള പൂക്കൾ കൊണ്ടുളള ഒരു ബൊക്കെയാണു. കുറ്റം പറഞ്ഞതല്ല,വാശികളുടെയും ഇഷ്ടങ്ങളുടെയും അൽപ്പായുസിനെ സൂചിപ്പിച്ചെന്നു മാത്രം. ഇതു തന്നെയാണു മേക്കപ്പിന്റെ കാര്യവും. ഇന്നാണു ആദ്യമായി അവളെ ഇത്രയും മേക്കപ്പിൽ കാണുന്നത്.വെയിലും പൊടിയും പറ്റാതിരിക്കാൻ ഒരു നേർത്ത ആവരണം.ഇതായിരുന്നു എനിക്കറിയാവുന്ന ആമിയുടെ മേക്കപ്പ് .പക്ഷേ ഇതിപ്പോൾ മറ്റാരെയോ പോലെ.ചേരുന്നില്ല ഇതൊന്നും അവൾക്ക്.

എല്ലാം കണ്ടിട്ട് ഈ ദിവസമോർത്ത് ആദ്യമായി മനസ്സിൽ ഒരു വിഷമം തോന്നുന്നു. ഇഷ്ടമാണു ആമി എനിക്കു നിന്നെ,നിന്റെ ഇഷ്ടങ്ങളെ എന്നു പറയാൻ തോന്നുന്നു.ഒരുപക്ഷേ സാഹചര്യങ്ങളും ചുറ്റുപാടുകളും മറന്നു ഞാനങ്ങനെ പറയുമോ എന്നു എനിക്ക് തന്നെ പേടി തോന്നി തുടങ്ങിയിരിക്കുന്നു.ഇനിയിവിടെ നിൽക്കാൻ വയ്യ,പോകണം ഇവിടെ നിന്നു.അവളോട് യാത്ര പറയാൻ നിന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നേക്കും,എന്റെ നിയന്ത്രണങ്ങളേയും.
ഞാൻ തിരക്കിലൂടെ പുറത്തേയ്ക്കിറങ്ങി നടന്നു.ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നതു പോലെ.ചടങ്ങുകൾ അവസാനിക്കാറായിട്ടുണ്ട്,കാരണം ആ പാട്ട് കേട്ടു തുടങ്ങി.


'മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക,അലസത കൂടാതെ..'

Friday, October 11, 2013

നഗരം പറയുന്നു..

നിസംഗതയാണു ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പലപ്പോഴും തോന്നാറുണ്ട്.പുറമേയ്ക്ക് ആഡംബരങ്ങളുടേയും ആഘോഷങ്ങളുടേയും ഭ്രമിപ്പിക്കുന്ന കാഴച്ചകള്‍ കാണിക്കുമ്പോഴും, ഉള്ളിലെവിടെയ്ക്കെയോ ഒരു അപ്പൂര്‍ണത.ഔദ്യോഗിക കൂടിക്കാഴച്ചകളില്‍ പരിചയപ്പെടുന്ന ഹൈ പ്രോഫൈല്‍ ഉദ്യോഗസ്ഥരുടേയും, വൈകുന്നേരങ്ങളില്‍ മെട്രോ ട്രെയിനില്‍ ജനാലച്ചിലില്‍ തല ചായ്ച്ചുറങ്ങുന്ന ഫിലിപ്പൈന്‍ സുന്ദരിമാരുടെ തളര്‍ന്ന മുഖങ്ങളിലും, മിന്നി മറയുന്ന ഭാവങ്ങള്‍ പലപ്പോഴും ഒന്നു തന്നെയാണ്‌, ഒരുതരം നിസംഗത,ഒരു അപരിചിതത്വം.ഒരു പക്ഷേ, എത്രയൊക്കെ അടുപ്പം തോന്നിയാലും, അടുക്കാന്‍ ശ്രമിച്ചാലും ഈ നഗരം ഒരിക്കലും തന്റേതും, താന്‍ ഈ നഗരത്തിന്റേതുമാകില്ല എന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരിക്കണം ഈ ഭാവങ്ങളെല്ലാം.ഇതിനെല്ലാം ഒരല്പം വത്യാസമുണ്ടാക്കുന്നത് വ്യാഴാഴച്ചയുടെ സന്ധ്യകളിലും രാത്രികളിലുമാണു.ആകുലതകളും,വിഷമങ്ങളും, ഒക്കെ അറിഞ്ഞു കൊണ്ട് മറന്ന് ആഴച്ചയവധിയ്ക്ക് തയ്യാറെടുക്കുന്ന വൈകുന്നേരങ്ങള്‍.ഒരോ അണുവിലും അദ്ഭുതങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്ന ഈ പ്രദേശത്തിനു ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന, അപൂര്‍വ്വമായ അത്തരത്തിലുള്ള ഒരു സന്ധ്യയിലാണു, ദുബായിയുടെ ജീവനാഡിയായ ഷേയ്ക്ക് സായിദ് റോഡിലൂടെ സുഹൃത്ത് ജോണിനോടൊപ്പം ഞാനിപ്പോള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ സഹപാഠികളാണു.കൃത്യമായി പറഞ്ഞാല്‍ പ്ലസ്-ടൂ മേറ്റസ്.മുന്നിലും പിന്നിലുമുള്ള ബെഞ്ചുകളിലിരുന്നാണു പഠിച്ചത്.ഞങ്ങള്‍ 5-8 പേരുടെ ഒരു ഗ്യാംഗ് ഉണ്ടായിരുന്നു അന്നു.ലോകത്തിന്റെ പല കോണുകളിലാണെങ്കിലും ഇന്നും ഞങ്ങളെല്ലാവരും ഇന്‍-ടച്ച് ആണു.ഫെയ്സ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ നന്ദി.ഇവിടെ ഇവനും കൂടെയില്ലായിരുന്നെങ്കില്‍..ആ വാചകം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും,പക്ഷേ ആലോചിക്കാനുള്ള ധൈര്യം കിട്ടിയിട്ടില്ല ഇതു വരെ.

ദീപാലംകൃതമായ അംബരച്ചുംബികളാണു ഇരു വശവും.ഞങ്ങളുടെ കാറിന്റെ ഇരുവശത്തുടെയും കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആഡംബരം കാറുകള്‍.മിക്കതും നഗരത്തിലെ എണമറ്റ നൈറ്റ് ക്ലബുകളിലേയ്ക്കോ,പബ്ബുകളിലേയ്ക്കോ ഒക്കെ ആണു.മുന്നില്‍ പോകുന്ന പോര്‍ഷെ എങ്ങോട്ടാണെന്നു ചുമ്മാ ഊഹിക്കാന്‍ ശ്രമിച്ചു, ഉത്തരം അടുത്ത സിഗ്നല്‍ കഴിഞ്ഞപ്പോള്‍ ആ വണ്ടി തന്നെ പറഞ്ഞു തന്നു,പ്രശസ്തമായ ഒരു യൂറോപ്പ്യന്‍ ക്ലബിന്റെ ആ വാഹനം നിര്‍ത്തി.

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയുള്ള യാത്രയിലൂടെയാണു ഞങ്ങള്‍ ആഴച്ചയവധി ആരംഭിക്കുന്നത്.അത്താഴം കഴിക്കാന്‍ വേണ്ടി ഇറങ്ങും, ഏതു ഹോട്ടലില്‍ പോകണം എന്നു ചര്‍ച്ച ചെയ്തു കൊണ്ട് ഒരു ഒന്നര മണിക്കൂര്‍ ചുമ്മാ ഡ്രൈവ് ചെയ്യും, പഴയ സ്കൂള്‍ കഥകളും, ഓഫീസ് കഥകളും, ഭാവി പരിപാടികളുമൊക്കെ സംസാരിച്ച് അവസാനം റൂമിന്റെ അടുത്ത് തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കും.

"അപ്പോള്‍ ഇന്നും പതിവ് പരിപാടി തന്നെ ?"

ജോണിന്റെ ചോദ്യം കേട്ടപ്പോഴാണു റൂമില്‍ നിന്നു ഒരുപാട് ദൂരെയെത്തി എന്ന ബോധമുണ്ടാക്കുന്നത്.'എക്സിറ്റ് ടു ദുബായ് മാള്‍' എന്ന ബോര്‍ഡ് നേരെ കാണുന്നുണ്ട്.

"നമുക്ക് ദുബായ് മാളില്‍ പോയാലോ?"

ഞാനെന്തോ അപരാധം പറഞ്ഞു എന്ന മട്ടില്‍ അവനെന്നെ നോക്കി.

"ഞാന്‍ പോയിട്ടില്ല ടീമേ അവിടെ,അതു കൊണ്ടാണു.ഇപ്പോള്‍ പോയാല്‍ മ്യൂസിക്കല്‍ ഫൊഉണ്ടന്‍ ഒരു ഷോയു കണ്ട് തിരിച്ചു പോരാം" .ഇതു വരെ അവിടെ പോയിട്ടില്ല എന്ന എന്റെ സ്റ്റേറ്റ്മെന്റില്‍ അവന്റെ മനസ്സ്ലലിഞ്ഞു.അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്റെ അറിവില്‍ തന്നെ അവനൊരു 4-5 തവണ അവിടെ പോയിട്ടുണ്ട്.എന്നാലും അവനടുത്ത എക്സിറ്റ് എടുത്തു.അങ്ങനെ ഞാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളില്‍ ഞങ്ങളെത്തി.ആളുകളെ തട്ടിയിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.ഒബറോണും,ന്യൂക്ലിയസും അങ്ങറ്റം ബാംഗ്ലൂര്‍ ഫോറം മാളും വരെ കൈയിലിട്ട് അമ്മാനം ആടിയുണ്ടെങ്കിലും ഇതിലൂടെ നടന്നിട്ട് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ.ഒരു ചിരപരിചിതനെ പോലെ, ജോണ്‍ എന്നെയും കൊണ്ട് മ്യൂസിക്കല്‍ ഫോഉണ്ടന്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.അകത്തു കണ്ട അത്രയും ആളുകള്‍ അവിടെയും.വിരസമായ ഒരു ഷോ കഴിഞ്ഞതും ഞങ്ങളിരുവരും പരസ്പരം പറഞ്ഞു

"ഇതിനേക്കാളും കിടു വീഗാലാന്‍ഡ് ഷോ തന്നെ"

വളരെ അടുത്തു കാണാവുന്ന ബുര്‍ജ് കലീഫയുടെ 1-2 പടങ്ങള്‍ എടുത്തു ഞാന്‍.ഇടയ്ക്ക് എടുത്ത് കാണാന്‍ വേണ്ടി അല്ല.ഈ കെട്ടിടത്തിന്റെ ക്ലോസ്പ്പ് ഫോട്ടോ വേണമെന്നു പറഞ്ഞ നാട്ടിലെ ഒരു പ്രിയപ്പെട്ട സുഹൃത്ത് ഉണ്ട്. "ഇനി ക്ലോസപ്പ് കിട്ടീല്ലാന്നു വേണ്ടാ" എന്ന ഒരു സന്ദേശവും ചേര്‍ത്ത് അപ്പോള്‍ തന്നെ വാട്ട്സാപ്പില്‍ സംഭവം അയച്ചു.തിരിച്ചൊരു സ്മൈലിയും കിട്ടി.അവള്‍ക്കും സന്തോഷം എനിക്കും സന്തോഷം.

തിരിച്ചു പോരുന്ന വഴി, നഗരത്തിന്റെ തിരക്കുകള്‍ ഒഴിവാക്കിയേക്കാം എന്നു പറഞ്ഞ് അവന്‍ എമിറേറ്റ്സ് റോഡ് എക്സിറ്റ് എടുത്തു.അപ്പോഴാണു റോഡിന്റെ ഷോള്‍ഡറില്‍ ആക്സിഡന്റില്‍ തകര്‍ന്നു കിടക്കുന്ന ഒരു വണ്ടി കണ്ടത്.അധികം സമയമായെന്നു തോന്നുന്നില്ല, പോലീസും ആംബുലന്‍സും ഒക്കെ ചുറ്റിലും ഉണ്ട്.ആക്സിഡന്റ് കാണാന്‍ വേണ്ടി വണ്ടികള്‍ സ്ലോ ചെയ്യുന്നത് കൊണ്ട് പതിവില്ലാത്ത ഒരു ട്രാഫിക്ക് ബ്ലോക്ക്.

"ഇവിടെയെങ്ങാനും വച്ച് തട്ടി പോയാ പിന്നെ പറയണ്ടടാ" . ഞാന്‍ ആക്സിഡന്റ് സൈറ്റില്‍ നിന്നും നോട്ടം പിന്‍ വലിച്ച് അവനെ നോക്കി.

"അതെന്താ ? ഇവിടെ ഒരു പ്രത്യേകത, എവിടെ വച്ചാണെങ്കിലും പോയാല്‍ പോയതു തന്നെ അല്ലെ?"

ഒരു തര്‍ക്കത്തിനു വേണ്ടി ചോദിച്ചതായിരുന്നില്ല ഞാന്‍.എന്താ അവന്‍ ഉദ്ദേശിച്ചതെന്നു മനസ്സില്ലാവതെ തന്നെ ചോദിച്ചതാണു.

"സംഭവം പോയാല്‍ പോയത് തന്നെയാ,പക്ഷേ നാട്ടില്‍ കിടന്നാണെങ്കില്‍ വീട്ടുകാര്‍ക്ക് അടക്കിനും,മരിപ്പ് കഴിഞ്ഞുള്ള ചായയ്ക്കും വടയ്ക്കുമൊക്കെ കാശ് മുടക്കിയ മതിയല്ലോ." ഇത്രയും പറഞ്ഞ് അവന്‍ സംഭവം നിര്‍ത്തി.വീണ്ടും ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവനെ തന്നെ നോക്കി.

"എടാ പോത്തേ,ഇവിടെ വച്ചു തട്ടി പോയാല്‍, മിനിമം ഒരാഴ്ച്ചയെടുക്കും ഒഫീഷ്യല്‍ കാര്യങ്ങള്‍ കഴിഞ്ഞ് ക്ലിയറന്‍സ് കിട്ടണമെങ്കില്‍.ഹോസ്പിറ്റല്‍,പോലീസ് സ്റ്റേഷന്‍,കോണ്‍സുലേറ്റ്,മിനിസ്ട്രി ഓഫ് ലേബര്‍,എയര്‍ലൈന്‍സ്,എയര്‍പോര്‍ട്ട് കാര്‍ഗോ,ഇതെല്ലാറ്റിന്റേയും കുടെ മിനിമം ഒരു രണ്ട് ലക്ഷം ഇന്ത്യന്‍ റുപ്പിയും.അതു കൊണ്ടൊക്കെ കുറേ പേരൊക്കെ ഇവിടെ തന്നെ അങ്ങു മണ്ണടിയും"

ഒരു തമാശയുടെ ആവരണത്തില്‍ അവനതു പറഞ്ഞു തീര്‍ത്തെങ്കിലും, ഉള്ളിലെവിടെയോ ഒന്നു കൊണ്ടു, ഒരു വേദന, ഒരു വിങ്ങല്‍.കൂടുതല്‍ ആലോചനയിലേയ്ക്കു പോകുന്നതിനു മുന്‍പ് ഒരു മെസേജ് ടോണ്‍ ചിന്തകളെ മുറിച്ചു.വന്നത് ഒരു പിക്ചര്‍ മെസേജ് ആണു.അതിലെഴുതിയിരുന്നതു വായിച്ചപ്പോള്‍ യാദൃശ്ചികതയായി തോന്നി.

"As soon as you die, Your identity becomes a 'body'. People use phrases like: 'bring the body' , 'lower the body in the grave' , 'take the body to the grave yard' etc.People don't even call by your name whom you tried to impress whole life..live a life to impress the creator not the creation."

ഒരു ശരീരം അല്ലെങ്കില്‍ ശവം എന്ന ഒരു സത്വത്തില്ലേയ്ക്ക് ഒതുങ്ങാനുള്ള ചെറിയ യാത്രയ്ക്കും ഉണ്ട് ലക്ഷങ്ങളുടെ കണക്ക്.രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠന്‍ പറയുന്നതു പോലെ "നേടിയതും വെട്ടി പിടിച്ചതും ദാനം കിട്ടിയതും വീണു കിട്ടിയതും സ്വപനം കണ്ടതും കണ്ണില്‍ കണ്ടതും,എല്ലാം പിന്നില്‍ ഉപേക്ഷിച്ചുള്ള യാത്ര".മനസ്സ് അറിയാതെ പ്രാര്‍ത്ഥിച്ചു പോയി

"ദൈവമേ, കിടത്തരുതേ ആ തണുത്ത ശവമുറിയില്‍, ഞാന്‍ കാരണം ബുദ്ധിമുട്ടിക്കരുതേ ആരെയും"

പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത ഒരു സ്ഥലം.ചിന്തിച്ചു കൊണ്ട് ഇരുന്നതിനിടെയില്‍ എവിടെയോ അവന്‍ വണ്ടിയുടെ വഴി മാറ്റിയിരുന്നു.എവിടെയാണെന്നു ചോദിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും പുറത്തേയ്ക്ക് ചൂണ്ടി അവന്‍ പറഞ്ഞു

"മോനേ, അതാണു ഇവിടുത്തെ സെമിത്തേരി.ആ കാണുന്നത് ക്രിസ്ത്യന്‍ സെമിത്തേരി അതിന്റെ അപ്പുറം ഹിന്ദു ശ്മശാനം."

അവന്‍ കൈ ചൂണ്ടിയ ദിശയിലേയ്ക്ക് നോക്കി.പുറത്തെ നിലാവില്‍ ഞാന്‍ കണ്ടു,നാലു വെളുത്ത കുരിശുകളും തുരുമ്പിച്ച ഒരു ഗേറ്റും അതിര്‍ത്തി തിരിച്ചിരിക്കുന്ന മണലാരണ്യത്തിലെ ഒരു ഭാഗം,അവിടെ മണലില്‍ പുതഞ്ഞ ഒരു കൂട്ടം കുരിശുകള്‍,നിര തെറ്റിയ കട്ടകള്‍ , ഉരുകി തീര്‍ന്ന മെഴുകുതിരികള്‍..വല്ലാതെ മനം മടുപ്പിക്കുന്ന ഒരു പറ്റം കാഴ്ച്ചകള്‍.

"നമുക്ക് പോകാം".തിരിച്ചൊന്നും പറയാതെ ജോണ്‍ വണ്ടിയെടുത്തു.അടഞ്ഞ കണ്ണുകളില്‍ നനവ് പടരുന്നത് ഞാന്‍ അറിയുന്നുണ്ട്.ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല.ആഴച്ചയവധിയുടെ ആലസ്യത്തിലേയ്ക്കു നഗരം ഉറങ്ങി വീഴുന്നതിനെ കുറിച്ച് എഫ്.എമില്‍ ആര്‍.ജെ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.ഇവിടുത്തെ മുഖങ്ങളില്‍ കാണുന്ന നിസംഗതയും,ഇപ്പോള്‍ കണ്ട കാഴച്ചകളും ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയൊക്കെയോ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.തന്റേതാണെന്നു ഒരിക്കലും തോന്നിപ്പിക്കാത്ത,താന്‍ ഇവിടെ ഒരു സന്ദര്‍ശകന്‍ മാത്രമാണെന്നു വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന ഈ മഹാനഗരത്തിലെ മണലിന്റെ ആഴങ്ങളില്‍ ഒടുങ്ങി തീരുമോ അവസാനം എന്നു അവരാരെങ്കിലും ഒക്കെ ചിന്തിക്കുന്നാണ്ടാവില്ലേ ?

കാറിന്റെ മുന്‍ വശത്തെ സണ്‍ ഷേഡിലെ ഗ്ലാസില്‍ കാണുന്ന എന്റെ മുഖത്തും ഞാന്‍ കാണുന്നത് അതേ നിസംഗതയാണോ ? കാലം പറയട്ടെ.

Saturday, September 28, 2013

അന്‍പത്തിയൊന്നു-51-തിരക്കഥ

ടെക്സ്റ്റ്:ഇന്നലെ.

സീൻ 1

ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത്തേയ്ക്കാണു.പിന്നണിയിലെ ശബ്ദത്തിൽ നിന്നും അവൾ കാണുന്നത് കാർട്ടൂൺ ആണെന്നു തിരിച്ചറിയാം.വളരെ ആസ്വദിച്ചാണു അവൾ ആ പ്രോഗ്രാം കാണുന്നതെന്നു മുഖഭാവങ്ങളിൽ നിന്നു വ്യക്തം.നിഷ്കളങ്കമായ കൗതുകവും,സന്തോഷവും,പൊട്ടിച്ചിരികളും ഒക്കെ അവളുടെ മുഖത്തു മാറി മറിയുന്നുണ്ട്.


പിന്നണിയിൽ നിന്നവളുടെ അമ്മയുടെ ശബ്ദം(ഈ കഥാപാത്രം ശബ്ദത്തിലൂടെ മാത്രമാണു ഇനിയങ്ങോട്ട് സംവദിക്കുന്നത്)


അമ്മ:ദിയാ..നീ അവിടെ എന്തെടുക്കുവാ ??


ദിയ:ഞാൻ കാർട്ടൂൺ കാണുവാ അമ്മാ..


അമ്മ:നീ ഹോംവർക്ക് ചെയ്തു തീർത്തോ..??


ദിയ:തീർത്തു അമ്മ


അമ്മ:നാളത്തെ ജി.കെ ടെസ്റ്റിനുള്ളതു പഠിച്ചോ നീ ??


(ഇതു കേൾക്കുമ്പോൾ ദിയാ അസ്വസ്ഥ ആകുന്നുണ്ട്.)



ദിയ:പഠിച്ചോളാമമ്മേ..ഇപ്പോ ഞാനിതു കാണുവാ..


അമ്മ:കുറേ നേരായല്ലോ നീ കാണാൻ തുടങ്ങിയിട്ട്..ഓഫ് ചെയ്തിട്ടു പഠിക്കാൻ നോക്കിയേ..


ദിയ:പ്ലീസ് അമ്മാ..5 മിനിറ്റ്സ്..


അമ്മ:നോ..പ്ലീസ് ഒന്നുമില്ല..ഓഫ് ചെയ്യ് ഓഫ് ചെയ്യ്.


(മനസ്സില്ലാ മനസ്സോടെ ദിയാ റിമോട്ട് എടുത്ത് ഓഫ് ബട്ടൺ അമർത്തുന്നു.അവിടെ ഇരിക്കുന്ന പുസ്തകം വലിയ താത്പര്യമില്ലാതെ എടുത്ത് വായിക്കുന്നു.)

ഓടിച്ചു വായിച്ചതിനു ശേഷം .


ദിയ:പഠിച്ചു കഴിഞ്ഞു അമ്മാ..


അമ്മ:ഇത്ര പെട്ടന്നോ.എങ്കി ഞാൻ ക്വസ്റ്റ്യൻസ് ചോദിക്കട്ടെ.


ദിയ:വേണ്ടാ അമ്മ..ഞാൻ ശരിക്കും പഠിച്ചു.


അമ്മ:എങ്കി അതൊന്നു നോക്കണ്ടേ..കൗണ്ട്സ് ആൻഡ് ഫിഗേഴ്സ് അല്ലേ നാളത്തെ ടെസ്റ്റ്.


ദിയ:ഉം..ചോദിക്കുവൊന്നും വേണ്ടമ്മ.


അമ്മ:ഒൺലി 5 ക്വസ്റ്റ്യന്സ്.ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:12..അല്ല അല്ല 14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ.ഗുഡ്.ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:ഉം...(സംശയത്തോടെ)..ഫിഫ്റ്റി..വൺ..51


-ഫ്രീസ്-ഫേയ്ഡ് ടു ബ്ലാക്ക്


ടെക്സ്റ്റ്:ഇന്ന്.


സീൻ 2:


ടെക്സ്റ്റ്:സീന്‍ രണ്ട്


(മറ്റൊരു ദിവസം കഴിഞ്ഞ് സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ഏതോ കോമഡി പ്രോഗ്രാം.ഇടയ്ക്ക് ആ പ്രോഗ്രം ബ്രേക്ക് ചെയ്ത് ന്യൂസിലേയ്ക്കു മാറുന്നു.ന്യൂസ് റീഡറുടെ ശബ്ദം.)


നമസ്കാരം,ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.


[റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാറ്ട്ടി സ്ഥാപക  നേതാവും,മുന്‍ ഡി.വൈ.ഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.പി ചന്ദ്രശേഖരന്‍ ഇന്നു പുലറ്ച്ചെ അഞ്ജാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു.സ്വന്തം ഗ്രാമമായ ഓഞ്ചിയത്തു വച്ചാണു അതി ദാരുണമായ ഈ സംഭവം അരങ്ങേറിയത്.അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.


എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ടി.പി,ഓഞ്ചിയത്ത് ആശയപരമായ ഭിന്നതകള്‍ മൂലം സ്വന്തം പാറ്ട്ടിയ്ക്കെതിരെ വിമത സ്വരം ഉയര്‍ത്തുകയും,പാറ്ട്ടി വിട്ട് സ്വന്തം സ്വംഘടനയ്ക്കു രൂപം കൊടുക്കുകയായിരുന്നു.മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയാ രമയാണു ടി.പിയുടെ ഭാര്യ.അഭിനവ് ഏകമകനാണു.


കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


പ്രത്യേക ബുളറ്റിന്‍ അവസാനിക്കുന്നു,കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.]


ഈ വാര്‍ത്ത പശ്ചാത്തലത്തില്‍ കേള്‍ക്കുമ്പോള്‍,കുട്ടിയുടെ കണ്ണുകള്‍ സ്ര്കീനിലേയ്ക്കു പോകുന്നു.ആദ്യ ദൃശയങ്ങളിലേയ്ക്കു പോകുമ്പോള്‍ കുട്ടിയുടെ മുഖം മാറുന്നു.ആ ദൃശ്യങ്ങളിലെ ഭീകരത കുട്ടിയുടെ കണ്ണുകളില്‍ വ്യക്തമാണു.വികൃതമായ മുഖം കാണുമ്പോള്‍ ഞെട്ടി തരിക്കുന്ന കുട്ടി പതിയെ കരഞ്ഞു കൊണ്ട് മുഖം പൊത്തി കമിഴ്ന്നു കിടക്കുന്നു.


ഫ്രീസ്.ഫെയ്ഡ് ടു ബ്ലാക്ക്


സീന്‍ മൂന്ന്.


ടെക്സ്റ്റ്:നാളെ.


(മറ്റൊരു ദിവസം കഴിഞ്ഞ്  സീനിന്റെ അതേ ലോക്കേഷന്‍.കുട്ടിയുടെ മുഖം മാത്രം ഫോക്ക്സ് ചെയ്യുന്ന ക്യാമറ.സോഫയില്‍ ഇരുന്നു കുട്ടി,മുന്നിലെ ടീ പോയിയില്‍ കമിഴ്ന്ന് കിടന്നു എന്തോ വരയ്ക്കുന്നു,ചായം  തേക്കുന്നു.പശ്ചാത്തലത്തില്‍ ടിവിയില്‍ നിന്നുള്ള ശബദം.ആദ്യ സീന്‍ പോലെ കാറ്ട്ടൂണാണു സ്ക്രീനില്‍.)


അമ്മ:ദിയാ..


ദിയ:എന്താ അമ്മാ...


അമ്മ:ഹോം വര്‍ക്ക് എന്തായി??


ദിയ:ഇന്ന് ഹോം വര്‍ക്ക് ഇല്ലാ അമ്മാ


അമ്മ:പഠിക്കാനോ ??


ദിയ ഒന്നും മിണ്ടുന്നില്ല


അമ്മ:ദിയാ..


ദിയ:എല്ലാം പഠിച്ചു  അമ്മാ..


അമ്മ:എങ്കി,ക്വസ്റ്റ്യന്‍സ് ചോദിക്കട്ടെ.


ദിയ:പഠിച്ചൂ അമ്മാ...


അമ്മ:പഠിച്ചെങ്കില്‍ പിന്നെന്നാ പ്രശ്നം,ചോദിക്കാം.ഇന്നും ഒൺലി 5 ക്വസ്റ്റ്യന്സ്.ഒ.ക്കെ??


ദിയ:ഉം.ഒക്കെ..


അമ്മ:ഹൗ മെനി സ്റ്റേറ്റ്സ് ആർ ദെയർ ഇൻ അവർ കണ്ട്രി.?


ദിയ:28.


അമ്മ:ഒ.കെ .ഹൗ മെനി ഡിസ്ട്രിക്ട്സ് ആർ ദെയർ ഇൻ കേരള?


ദിയ:14


അമ്മ:ഉം..ഹൗ മെനി കളേഴ്സ് ആർ ദെയർ ഇൻ എ റെയ്ന്ബോ?


ദിയ:7


അമ്മ:ഗുഡ്,ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ ഇംഗ്ലീഷ് അൽഫബെറ്റ്സ്.?


ദിയ:26


അമ്മ:ലാസ്റ്റ് ചോദ്യം.ഹൗ മെനി ലെറ്റേഴസ് ആർ ദെയർ ഇൻ യുവർ മദർ ടംഗ്,മലയാളം?


ദിയ:അന്‍പത്തി..(പശ്ചാത്തലത്തില്‍ പഴയ ന്യൂസില്‍ നിന്നുള്ള ഭാഗങ്ങള്‍ ,

അന്‍പത്തിയൊന്നു വെട്ടുകള്‍ ഏറ്റ് മുഖം വികൃതമായ രീതിയിലാണു ടി.പിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഓഞ്ചിയത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള ആദ്യ ദൃശ്യങ്ങളിലേയ്ക്ക്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി അരങ്ങേറുമ്പോള്‍,വരും ദിവസങ്ങളില്‍ ഇതു വലിയ ചര്‍ച്ചകള്‍ക്കും വന്‍ പ്രത്യഘാതങ്ങളിലേയ്ക്കും വഴി വയ്ക്കാനാണു സാദ്ധ്യത.അന്‍പത്തിയൊന്നു വെട്ടുകള്‍ കൊണ്ട് ടിപിയുടെ മുഖം മാത്രമേ വികൃതമാക്കാന്‍ സാധിക്കൂ,ടിപിയുടെ ആശയങ്ങള്‍ ഇല്ലാതെയാക്കാന്‍ സാധിക്കില്ല എന്ന്‍ തന്നെയാണു രാഷട്രീയ കേരളത്തിന്റെ ആദ്യ പ്രതികരണം.


ഇതെല്ലാ മനസ്സിലോടെ കടന്നു പോകുന്ന കുട്ടിയുടെ മുഖം മാറുന്നു.ആ ഭീകര ദൃശ്യം ഓര്‍ത്തു കുട്ടി ഞെട്ടി അലറുന്നു.ആ ബഹളത്തില്‍ മേശപ്പുറത്തുള്ള സാധനങ്ങള്‍ മറിഞ്ഞു വീഴുന്നു.ചുവന്ന ചായം വച്ചിരുന്ന ചെറിയ കുപ്പി ചെരിഞ്ഞു വീണു,അതില്‍ നിന്നുള്ള ചായം കുട്ടി കളര്‍ ചെയ്തു കൊണ്ടിരുന്ന കേരളത്തിന്റെ മാപ്പില്‍ പടരുന്നു.)

ഫെയ്ഡ് ഔട്ട്

ടെക്സ്റ്റ്‌:

"ഒറ്റവെട്ടിന്‌ കഴിയുമായിരുന്നല്ലോ,

ടി.പി.ചന്ദ്രശേഖരന്‍,

പിന്നെയെന്തിനായിരുന്നു ഇത്രയേറെ?…”


-കെ.ജി ശങ്കരപ്പിള്ള.

Monday, June 3, 2013

തിരക്കഥയിലില്ലാത്തത്

സീന്‍ 1

Int

[പ്രമുഖ സംവിധായകന്‍ അനിരുദ്ധന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറി.ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന 72 ഇഞ്ചിന്റെ എല്‍ സി ഡി എച്ച് ഡി ടി.വി.മ്യൂട്ട് ചെയ്തിരിക്കുന്ന ടി.വിയില്‍ സൂപ്പര്‍സ്റ്റാര്‍ നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനരംഗം.ഇപോര്‍ട്ടഡ് ലെതര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സോഫയില്‍ കണ്ണകളടച്ച് ചാരിയിരിക്കുന്ന അനിരുദ്ധന്‍.. ........എതിര്‍ വശത്തുള്ള ചെയറില്‍ അല്പം പരിഭ്രമത്തോടെ സംസാരിക്കുന്ന,സിനിമയ്ക്കു തിരക്കഥയെഴുത്തണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ സിറില്‍ ഔസേപ്പ്.താന്‍ പൂര്‍ത്തിയാക്കിയ തിരക്കഥ അനിരുദ്ധനെ വായിച്ചു കേള്‍പ്പിക്കുകയാണയാള്‍ ]

സിറില്‍ : ലോംഗ് ഷോട്ടില്‍,മൂടല്‍ മഞ്ഞു വീണു തുടങ്ങിയ വയനാടന്‍ ചുരം.വളഞ്ഞു പുളഞ്ഞു താഴേയ്ക്കു വരുന്ന വഴികളിലൂടെ ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നു.ക്ലോസപ്പ് ഷോട്ടില്‍,ആര്‍മി ഗ്രീന്‍ നിറത്തിലുള്ള 66 മോഡല്‍ ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്ന നായകന്‍ ക്രിസ്റ്റി.മഞ്ഞിനെ വകഞ്ഞു മാറ്റി,ചുണ്ടില്‍ ഗൂഡമായ ഒരു പുഞ്ചിരിയോടെ ആണവന്‍ യാത്ര ചെയ്യുന്നത്.അവന്റെ ശബ്ദത്തില്‍ ഉള്ള വിവരണം

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

അനിരുദ്ധന്‍ :(ഒരു ധ്യാനത്തില്‍ നിന്നെഴുന്നേല്‍ക്കുന്നതു പോലെ കണ്ണുകള്‍ തുറന്നു സിറിലിനെ നോക്കുന്നു.അതിനു ശേഷം സിറിലിനു നേരെ കൈകള്‍ നീട്ടുന്നു) കൊള്ളാമെടാ മോനേ.ഇതു കലക്കി.നിന്നെ പോലെയുള്ളവരെയാണു ഇവിടെ ഇപ്പോള്‍ അത്യാവശ്യം.ഒന്നും നോക്കാനില്ല,ഈ പടം നമ്മള്‍ ചെയ്യുന്നു.

സിറില്‍ : (സന്തോഷത്തിന്റെ തള്ളല്‍ ആണവന്റെ മുഖത്ത്,നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ .തന്റെ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ,തന്നിലെ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടുന്നതിന്റെ,തന്റെ അദ്ധ്വാനത്തിനു ഫലം കാണുന്നതിന്റെയെല്ലാം സന്തോഷം അവന്റെ മുഖത്തുണ്ട്) താങ്ക്യൂ സാര്‍,താങ്ക്യൂ സോ സോ മച്ച്.എനിക്കറിയില്ല എന്താ ഇപ്പോള്‍ പറയണ്ടെതെന്നു.ഒരുപാട് നന്ദിയുണ്ട് സാര്‍

അനിരുദ്ധന്‍ : നന്ദിയൊക്കെ പിന്നെ പറയാം.നമ്മുക്കിതിന്റെ ബാക്കി കാര്യങ്ങളൊക്കെ ശരിയാക്കണം പെട്ടന്ന്.ഇപ്പോള്‍ തന്നെ കാര്യങ്ങളൊക്കെ തുടങ്ങിയാല്‍ വിത്തിന്‍ 2 മന്ത്സ് നമ്മുക്ക് പടമിറക്കാം.നീ നില്‍ക്ക്,ഞാന്‍ പ്രൊഡ്യൂസറിനെയൊന്നു വിളിച്ചു പറഞ്ഞേക്കട്ടെ. (ഫോണ്‍ എടുത്തു വിളിച്ച് സംസാരിക്കുന്നു).ഭായി, സ്ക്രിപ്ട് ഡബിള്‍ ഒക്കെ.ഫണ്ട് ഒക്കെ റെഡിയാക്കിക്കോ,നമ്മുക്ക് ഉടനെ തുടങ്ങേണ്ടി വരും.

എഴുതുന്നതോ?? നമ്മുടെ ഒരു സ്വന്തം പയ്യനാ.സംഭവമൊക്കെ അവന്‍ എഴുതി തീര്‍ത്ത് വച്ചേക്കുവാ.

വിജയനെ വിളിക്കാം..അതെ വിജയന്‍ വര്‍ക്കല തന്നെ.

അതല്ല,എന്റെ കഴിഞ്ഞ ഒരു മൂന്നു പടത്തിനും അവന്‍ തന്നെയായിരുന്നു കണ്ട്രോളര്‍ . അവനാകുമ്പോ എനിക്കൊരു ധൈര്യമാ.

ഡേറ്റസൊക്കെ കണ്‍ഫേം ചെയ്തിട്ടു ഞാന്‍ വിളിക്കാം.(ഫോണ്‍ കട്ട് ചെയ്യുന്നു)

സിറിലേ,നിരഞ്ജനെ ക്രിസ്റ്റിയാക്കിയല്ലോ. ??

സിറില്‍ : എല്ലാം സാറിന്റെ ഇഷ്ടം.ഞാന്‍ ആരെയും മനസ്സില്‍ കണ്ടല്ല എഴുതിയേ.അതു കൊണ്ടു ആരായാലും എനിക്ക് വിരോധമില്ല.

അനിരുദ്ധന്‍ : അങ്ങനെ വേണം എഴുത്തുകാരയാല്‍ . ഇവിടെ ഒരോരുത്തന്മാര്‍ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീരുമാനിക്കും ആരൊക്കെ അഭിനയിക്കണമെന്നു.പിന്നെങ്ങെനെ നന്നാവനാ മലയാളം സിനിമ.സ്ക്രിപ്റ്റ് ഇവിടെ ഇരിക്കട്ടെ.ഞാന്‍ രാത്രി നിരഞ്ജനെ പോയി കണ്ട് വായിച്ചു കേള്‍പ്പിക്കാം.നീ സിറ്റിയില്‍ തന്നെ കാണണം.അവനു ഇഷ്ടപ്പെട്ടാല്‍ രാത്രി നീ അവിടെ വരെ ഒന്നു വരേണ്ടി വരും.

സിറില്‍ :അതൊന്നും സാരമില്ല സാര്‍ .സാറൊന്നു വിളിച്ചാല്‍ മതി.എങ്കില്‍ ഞാനിറങ്ങട്ടെ.

അനിരുദ്ധന്‍ : ഒ.കെ മോനെ.നീ ചെല്ലു.

(സിറില്‍ പുറത്തേയ്ക്കും,അനിരുദ്ധന്‍ മുറിയിലേയ്ക്കും പോകുന്നു.ഒഴിഞ്ഞ സ്വീകരണമുറിയിലെ ടീപ്പോയില്‍ ഇരിക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ "തിരക്കഥയിലില്ലാത്തത്"‌)

സീന്‍ 2

Int

(നിരഞ്ജന്റെ കൊട്ടാര സദ്യശ്യമായ ബംഗ്ലാവിന്റെ അകത്തെ അരണ്ട വെളിച്ചമുള്ള പ്രൈവറ്റ് ബാര്‍ .വെള്ള മുണ്ടും വെള്ള കോട്ടണ്‍ ജുബ്ബയുമാണു അയാളുടെ വേഷം.കൈയില്‍ ഗ്ലാസുകളുമായി നിരഞ്ജനും,അനിരുദ്ധനും.പാതി നിറഞ്ഞിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് ആദ്യത്തെ സിപ്പെടുക്കുന്ന നിരഞ്ജന്‍ )

നിര:(എടുത്തു കൊടുക്കുന്ന പയ്യനെ നോക്കി). എന്നാ മോനെ,ഇതങ്ങു തണുത്തില്ലല്ലോ.ഒരു ഐസ് ക്യൂബ് കൂടി ഇങ്ങെടുത്തേ.(അനിരുദ്ധനോടായി) കേട്ടൊ അനിയേട്ടാ,എനിക്കീ വെള്ളം ചേര്‍ക്കുന്ന പരിപാടി ഇഷ്ടമേയല്ല.സ്കോച്ച് അടിക്കുവാണേല്‍ അത് ഓണ്‍ ദ് റോക്സ് തന്നെ വേണം.അതിങ്ങനെ സിപ് ചെയ്തു സിപ് ചെയ്തു.ഇവിടെത്തെ പരിപാടി എന്നാ,ഒരു കണക്കുമില്ലാതെ വെള്ളോം മിക്സ് ചെയ്തു ഒറ്റ വലിയാ.അതൊക്കെ സായിപ്പുമാരെ കണ്ടു പഠിക്കാണം.ഒരു ദിവസം ഒന്നോ രണ്ടോ പെഗോ അടിക്കത്തുള്ളു.പക്ഷേ അത് അതിന്റെ സമയമൊക്കെ എടുത്ത് ,മൂന്നു നാലു മണിക്കൂര്‍ കൊണ്ട്.ഹാ,എന്താ രസം

അനിരുദ്ധന്‍ ഒന്നു ചിരിക്കുന്നു.

നിര:അപ്പോ അനിയേട്ടാ,നമ്മുക്ക് കാര്യത്തിലേയ്ക്ക് വരാം.സംഭവം എനിക്ക് ഇഷ്ടപ്പെട്ടു.നമ്മുക്കത് ചെയ്യാം.വയനാടന്‍ ചുരം ഒക്കെ വിട്ട്,ഒരു ലഢാക്ക്,മണാലി ലൈനില്‍ ഒരു റോഡ് മൂവി പോലെ.ഭായി വിളിച്ചപ്പോ ഞാനതു പറയുകയും ചെയ്തു.പുള്ളി ഒ.കെ ആണു,ബിസിനസ്സ് നടന്നാ മതിയെന്നെയുള്ളു പുള്ളിയ്ക്ക്.

അനിരുദ്ധന്‍ : പുള്ളി ഒ.കെ ആണെങ്കില്‍ എനിക്കെന്താ പ്രശ്നം.ഞാനാ പയ്യനെ വിളിച്ച് ഇങ്ങോട്ട് വരാന്‍ പറയാം.അവനാകെ ത്രിലില്‍ ആണു.കൊള്ളം കേട്ടൊ ചെക്കന്‍

നിര:(ക്ലോസപ്പില്‍ ) വിളിക്കാന്‍ വരട്ടെ അനിയേട്ടാ.പുതിയ പയ്യന്‍ എഴുതുന്ന പടമെന്നൊക്കെ വന്നാല്‍ ബിസിനസ്സ് നടക്കുവോ ? തിരക്കഥാകൃത്തുകള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍സിനെക്കളും ബിസിനസ്സ് വാല്യൂ ഉള്ള ടൈമല്ലേ അണ്ണാ.

അനിരുദ്ധന്‍ :നീയെന്താ ഉദ്ദേശിക്കുന്നേ ? എന്റെയും നിന്റെയും പേരുണ്ടെങ്കില്‍ ബിസിനസ്സ് നടക്കില്ലേ.

നിര :അല്ല അനിയേട്ടാ,അതിനു ഒരു ലിമിറ്റ് ഇല്ലേ.നേരെ മറിച്ച് സൂപ്പര്‍ സ്റ്റാര്‍ നിരഞ്ജന്‍ ആദ്യമായി തിരക്കഥ എഴുതി അഭിനയിക്കുന്ന,സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനിരുദ്ധന്‍ ഒരുക്കുന്ന ചിത്രം എന്നൊക്കെയാണെങ്കില്‍ വരുന്ന ആ ഒരു തള്ള് ഒന്നോര്‍ത്ത് നോക്കിയേ.

അനിരുദ്ധന്‍ :(ഞെട്ടലോടെ)എടാ,അപ്പോള്‍ അവന്‍ ?

നിര : അവനുണ്ടല്ലോ,അവനെ നമ്മള്‍ ഒഴിവാക്കുന്നൊന്നും ഇല്ല.അവനൊരു അഞ്ച് ഞാന്‍ കൊടുക്കാം.വേണെമെങ്കില്‍ ഒരു താങ്ക്സ് കാര്‍ഡും.ചേട്ടന്‍ അവനെ അങ്ങു ഡീല്‍ ചെയ്താ മതി.

അനിരുദ്ധന്‍ :ഏയ്,അതൊന്നും ശരിയാവില്ല.അവന്‍ വല്ല കേസിനും പരിപാടിയ്ക്കും ഒക്കെ പോയാല്‍ പണിയാകും.

നിര:നിര:എന്തു കേസ് അണ്ണാ.ഒറിജിനല്‍ കോപ്പി നമ്മുടെ കൈയ്യില്‍ ഇല്ലേ.മോര്‍ ഓവര്‍ ,അവനെ ആരറിയും.(സ്വരം മാറുന്നു) ഇതു നടക്കും,നടക്കണം.ഇനി മുതല്‍ ഞാന്‍ ആക്ടര്‍ നിരഞ്ജന്‍ അല്ല,സ്ക്രീന്‍ റൈറ്റര്‍ - ആക്ടര്‍ നിരഞ്ജന്‍ .വഴി മാറി നടക്കുന്ന താരം,ചിന്തിക്കുന്ന അഭിനേതാവ് എന്നൊക്കെ ആയിരിക്കണം എന്നെ മലയാള സിനിമ ഓര്‍ക്കേണ്ടത്.ഒപ്പം ബിസിനസ്സും,അനിയേട്ടന്‍ പറയുന്നതാണു അനിയേട്ടന്റെ പ്രതിഫലം.അതു ഭായി തരുന്നതല്ല,എന്നെ എഴുത്തുകാരനാക്കാന്‍ സഹായിച്ച,സഹോദരതുല്യനായ അനിരുദ്ധന്‍ എന്ന അനുഗ്രഹീത ചലച്ചിത്ര പ്രതിഭയ്ക്ക് ഞാന്‍ തരുന്ന സമ്മാനം.

ഇരുവര്‍ക്കുമിടയിലെ മേശയില്‍ കിടക്കുന്ന തിരക്കഥയുടെ ഫയലിന്റെ പുറത്ത് എഴുതിയിരിക്കുന്ന പേരിലേയ്ക്ക് സൂം ഇന്‍ ചെയ്യുന്ന ക്യാമറ.

"തിരക്കഥയിലില്ലാത്തത്"‌

Fade Out

സീന്‍ 3 - സോംഗ്

ദൃശ്യങ്ങളില്‍

അനിരുദ്ധന്‍ - സിറില്‍ - നിരഞ്ജന്‍ മീറ്റിംഗ് . അവര്‍ നീട്ടുന്ന ചെക്ക് തട്ടി മാറ്റുന്ന സിറില്‍ . അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ - ദേഷ്യത്തോടെ ഒച്ച വയ്ക്കുന്ന സിറിലിന്റെ മുന്നില്‍ വന്നു നിന്നു നീട്ടിയ ചെക്ക് കീറി അവന്റെ മുഖത്തേയ്ക്ക് എറിയുന്ന നിരഞ്ജന്‍ - സിനിമയുടെ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അനിരുദ്ധന്റെയും,നിരഞ്ജന്റെയും പേരുകള്‍ - പൂജ - ഷൂട്ടിംഗ് ദൃശ്യങ്ങള്‍ - സിറില്‍ നടത്തുന്ന പത്രസമ്മേളനം -പുറത്തിറങ്ങുന്ന സിറിലിനെ കൈകാര്യം ചെയ്യുന്ന ഫാന്‍സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ - ഷൂട്ടിംഗ് സമാപനം-ഡംബിഗ് ദ്യശ്യങ്ങള്‍ - റിലീസ് ദിവസം

സീന്‍ 4 

Ext

(തിരക്കഥയിലില്ലാത്തത് റിലീസ് ചെയ്യുന്ന തീയറ്റര്‍ .ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു വന്നു ക്യൂവില്‍ ഇടം പിടിക്കുന്ന സിറില്‍ .അയാള്‍ക്ക് ടിക്കറ്റ് കിട്ടുന്നതിനു മുന്‍പേ വില്പന അവസാനിക്കുന്നു.ബ്ളാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവരില്‍ നിന്നു ഇരട്ടി തുകയ്ക്കു ടിക്കറ്റ് വാങ്ങി അയാള്‍ അകത്തു കയറി പടം കാണുന്നു.സ്ക്രീനില്‍ മാറുന്ന ദൃശ്യങ്ങള്‍ക്കൊപ്പം അയാളുടെ മുഖഭാവങ്ങളും മാറുന്നു.ചിത്രം അവസാന ദൃശ്യത്തിലേയ്ക്കെത്തുന്നു )

"വിജയം അരികിലുണ്ടായിരുന്നു.ദൂരങ്ങള്‍ താണ്ടിയത് അതു നേടാന്‍ വേണ്ടിയുമായിരുന്നു.പക്ഷേ മനസ്സറിഞ്ഞു വിട്ടു കൊടുക്കുന്നത് വിജയമാണെന്നു പറഞ്ഞു തന്നത് അച്ഛനാണു,ആ പാഠപുസ്തകത്തിനുള്ള സമര്‍പ്പണമാണു പരാജയത്തിലൂടെ നേടിയ ഈ വിജയം.യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു."

(

സ്ക്രീനില്‍ ഇങ്ങനെ തെളിഞ്ഞു വരുന്നു.

A Journey Directed By Anirduhan

Written By : Niranjan

ഉച്ചത്തില്‍ കേള്‍ക്കുന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ ഇരിപ്പിടത്തില്‍ നിന്നേഴുന്നേല്‍ക്കാതെ ഇരിക്കുന്ന സിറിലിന്റെ മുഖത്തേയ്ക്കു ചാര്‍ജ് ചെയ്യുന്ന ക്യാമറ.അയാള്‍ പൊട്ടികരയുകയാണു,പക്ഷേ അയാളുടെ തേങ്ങലുകള്‍ക്കു അവിടെ ശബ്ദം നഷ്ടപ്പെടുന്നു.)

സീന്‍ 5 - ക്ലൈമാക്സ്

Int

(ഒരു വാര്‍ത്ത ചാനലിന്റെ സ്റ്റുഡിയോ ഫ്ലോര്‍‌ ‌)

അവതാരിക:എന്റര്‍ടെയ്ന്മെന്റ് ന്യൂസിലേയ്ക്കു എല്ലാ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും സ്വാഗതം.മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റു വീശി കൊണ്ടേയിരിക്കുന്നു.ഒരു പിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീ.അനിരുദ്ധന്‍ സംവിധാനം ചെയ്ത്,നമ്മുടെ പ്രിയപ്പെട്ട നടനും,ഇപ്പോള്‍ തിരക്കഥാക്രുത്തും ആയി തീര്‍ന്നിരിക്കുന്ന ശ്രീ നിരഞ്ജന്‍ രചനയും നിര്‍വഹിച്ചിരിക്കുന്ന തിരക്കഥയിലില്ലാത്തത് ഇന്നു റിലീസ് ചെയ്തിരിക്കുന്നു.മികച്ച പ്രതികരണങ്ങളാണു എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇവരിരുവരുമാണു ഇന്നു നമ്മുടെ അതിഥികളായെത്തിയിരിക്കുന്നത്.സ്വാഗതം,ഒപ്പം അഭിനനന്ദനങ്ങളും.

(ഫ്രെയിമില്‍ അനിരുദ്ധനും നിരഞ്ജനും)

ഇരുവരും:നന്ദി

അവതാരിക : ശ്രീ.അനിരുദ്ധന്‍.,വിവാദങ്ങളോടെയാണു ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.ഇപ്പോള്‍ ഇതാ വന്‍ വിജയത്തിലൂടെ വീണ്ടും.എന്തു തോന്നുന്നു?

അനി:ഒരുപാട് സന്തോഷം.സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതാണല്ലോ ഒരു ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം.പിന്നെ,വിവാദങ്ങള്‍ .ചിത്രീകരണത്തിന്റെ ഇടയ്ക്കായിരുന്നതു കൊണ്ട് അതിനെ കുറിച്ചു അധികം ശ്രദ്ധിച്ചില്ല എന്നതാണു സത്യം.ഒരു കഥ പറയട്ടെ എന്നു ചോദിച്ചു എന്നെ പല തവണ വിളിച്ചിട്ടുള്ള ഒരാളാണു ആ പയ്യന്‍ . ചിലപ്പോള്‍ അതിനൊരു അവസരം കിട്ടാത്തതിന്റെ വിഷമം കൊണ്ട് ആയിരിക്കും അയാളൊക്കെ ഇങ്ങനെയൊക്കെ പറഞ്ഞത്.അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്നു എനിക്കും നിരഞ്ജനുമെതിരെ ഇളക്കി വിട്ടതും ആവാം.പരാതികളില്ല പരിഭവങ്ങളില്ല.ഈ സിനിമയാണു എല്ലാവര്‍ക്കും ഉള്ള മറുപടി.

അവതാരിക:ശ്രീ.നിരഞ്ജന്‍,ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണു താങ്കള്‍ .ഇപ്പോഴിതാ എഴുത്തിലൂടെയും,രഞ്ജിത്തിന്റെ കഥാപാത്രം ചോദിക്കുന്നതു പോലെ "നിരഞ്ജന്‍ എന്ന എഴുത്തുകാരന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു.? "

നിരഞ്ജന്‍ : ഹ ഹ ഹ .. എഴുത്തുകാരന്‍ എന്നൊക്കെ പറയണോ.ബേസിക്കിലി ഞാന്‍ ഒരു ചലച്ചിത്രകാരനാണു.അഭിനയം എന്ന ഒരു സങ്കേതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ചലച്ചിത്രകാരന്‍ .എല്ലാം അതിന്റേതായ കാലത്തില്‍,സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം.ഇതും സംഭവിച്ചതു അതിന്റെ സമയമായപ്പോഴാണു.ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു ഞാന്‍ ഈ കഥയെ കുറിച്ചു ആദ്യം ആലോചിക്കുന്നതും ,കുറിച്ചു തുടങ്ങുന്നതും.അനിയേട്ടനോടാണു ആദ്യം ഇതിനെ കുറിച്ചു പറഞ്ഞതും.തിരക്കു കൂട്ടാതെ,സമയമെടുത്ത് എഴുതിയതു കൊണ്ടാവണം ഇതിത്രയും ബ്യൂട്ടിഫുളായി രൂപപ്പെട്ടത്.പിന്നെ എല്ലാം എവിടെയോ ഇരുന്നു എല്ലാം നിയന്ത്രിക്കുന്നവന്റെ അനുഗ്രഹം,ഗുരുക്കന്മാരുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന.ഒപ്പം പ്രേക്ഷകരുടെ സ്നേഹം.

അവതാരിക:വളരെ നന്ദി,ശ്രീ അനിരുദ്ധന്‍,ശ്രീ നിരഞ്ജന്‍ ഞങ്ങളോട് സംസാരിച്ചതിനു എല്ലാ വിധ ആശംസകളും.ഒപ്പം നിരഞ്ജന്റെ തൂലികത്തുമ്പില്‍ നിന്നു ഇനിയും മികച്ച ഒരുപിടി രചനകള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു.

ഇരുവരും:ഒരുപാട് നന്ദി.(നിരഞ്ജന്‍ ഇടയ്ക്കു കയറി:ചിലപ്പോള്‍ ഞാന്‍ ഇനി എഴുതിയില്ലെന്നേ വരാം,ഒരു പക്ഷേ ഇതു നിങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നിരിക്കണം എന്നിലെ രചയിതാവിന്റെ നിയോഗം

-Fade Out-

-Text Fade In-

യാത്ര അവസാനിക്കുന്നില്ല.പുതിയൊരു ലക്ഷ്യത്തിലേയ്ക്ക്,പുതിയ ആളുകളിലേയ്ക്ക് ,അറിയാത്ത ദിക്കുകളിലേയ്ക്ക് അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.സീ യു വെന്‍ ഐ സീ യു.
A Film Written & Directed By Mridul George.

Saturday, February 2, 2013

പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"......


കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഗാനം ഹൃദയത്തെ വല്ലാതെ തൊടുകയുണ്ടായി.ഒരു മടുപ്പും തോന്നാതെ ആ ഗാനം മാത്രം ലൂപ്പിലിട്ട് ഒരുപാട് തവണ കേട്ടു.ഈണത്തെക്കാള്‍ കൂടുതല്‍ അതിലെ വരികളെയാണു അന്നു നെഞ്ചോട് ചേര്‍ത്തത്.അതെങ്ങനെയേ കഴിയുമായിരുന്നുള്ളു.പക്ഷേ പിന്നീടെപ്പോഴോ ഓര്‍മ്മപ്പുസ്തകത്തിന്റെ മറിഞ്ഞു പോയ താളുകളിലെവിടെയോ ഒതുങ്ങി ആ ഗാനവും,വരികളും,അതുണ്ടാക്കിയ ചിന്തകളും.ഈക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആ ഗാനം മനസ്സിലേയ്ക്ക്,കാതുകളിലേയ്ക്ക്,നാവിന്റെ തുമ്പിലേയ്ക്ക് തിരിച്ചെത്തി.ആദ്യം കേട്ടപ്പോള്‍ എഴുതാന്‍ ബാക്കി വച്ചത് ഇനി വൈകിക്കണ്ട എന്നു തോന്നിയതും അതു കൊണ്ട് തന്നെ.

സ്പിരിറ്റ് എന്ന ചിത്രത്തിലേതാണു ഈ ഗാനം.'മരണമെത്തുന്ന നേരത്ത്' എന്നു തുടങ്ങുന്ന വരികള്‍ രചിച്ചത് അനുഗ്രഹീതനായ കവി/ഗാനരചയിതാവ് റഫീഖ് അഹമ്മദ് ആണു.സംഗീതം നല്‍കിയത് ഷഹബാസ് അമാന്‍.ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം,ആകസ്മികമായ,ദാരുണമായ ഒരു മരണത്തിന്റെ ബാക്കിപത്രമായിട്ടാണു ഈ ഗാനം സ്ക്രീനില്‍ കടന്നു വരുന്നത്.ആദ്യ ദിവസങ്ങളില് ഈ ഗാനത്തോട് അടുപ്പിച്ചതും ഈ മരണമായിരുന്നിരിക്കണം.മനസ്സില്‍ തോന്നുന്നത് കുത്തികുറിച്ചു തുടങ്ങിയ ദിവസങ്ങളിലെ സ്ഥിരം വിഷയമായിരുന്നു മരണവും,അതിന്റെ വത്യസ്ത തലങ്ങളുമൊക്കെ.അത്തരം കഥകള്‍ മാത്രമുള്ള ഒരു സമാഹാരം ഇറക്കണെമെന്നൊക്കെ ആയിരുന്നു അന്നതെ അഹങ്കാരങ്ങളിലൊന്ന്‍.വീണ്ടും വീണ്ടും കേട്ടു തുടങ്ങിയതോടെ മരണത്തിനുമപ്പുറം,അതേല്പ്പിക്കുന്ന അഘാതങ്ങള്‍ക്കും,ജനിപ്പിക്കുന്ന ചിന്തകള്‍ക്കുമപ്പുറം എന്തൊക്കെയോ ആണു ഈ ഗാനം പറയുന്നതെന്നു തോന്നി തുടങ്ങി.പിന്നീടെപ്പോഴോ ആണു ആ വരികള്‍ എന്നോട് പറഞ്ഞത്,"മൃദുല്‍ നീ ചിന്തിക്കുന്നതു പോലെ ഞാന്‍ പാടുന്നത് മരണത്തിന്റെ വിലാപമല്ല,മറിച്ച്
ഭ്രാന്തമായ പ്രണയത്തിന്റെയും,അഗാധമായ സനേഹത്തിന്റെയും ആഘോഷഗീതങ്ങളാണു"

ഗാനത്തിലെ വരികളുടെ അര്‍ത്ഥം ഇത്രമാത്രം

എന്നു വരുമെന്നോ,എങ്ങനെ വരുമെന്നോ അറിയാത്ത മരണം എന്നെ തേടിയെത്തുന്ന നിമിഷം എന്റെ അരികില്‍ നീ ഉണ്ടാകണം,എന്റെ കണ്ണുകള്‍ കാണുന്ന അവസാന കാഴച്ചയും,കാതുകള്‍ കേള്‍ക്കുന്ന അവസാന ശബ്ദവീചിയും,എന്റെ നാസാദ്വാരങ്ങളില്‍ നിലനില്‍ക്കുന്ന ഗന്ധവും,തലച്ചോറിന്റെ കോശങ്ങളിലെ മായ്ക്കപ്പെടാത്ത സ്മരണയും ,ചുണ്ടുകളിലെ പൂര്‍ത്തിയാകത്ത നാമവും നിന്റേതായിരിക്കണം.

ഒരു പക്ഷേ റഫീഖ് അഹമ്മദിലെ ഗാനരചയിതാവ് മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ കവിയാകുന്നതു ഇവിടെയാണു.എപ്പോഴാണെന്നറിയാത്ത ,ഭൂമിയിലെ അവസാന നിമിഷത്തില്‍ അരികില്‍,കാഴച്ചയില്‍,കേള്‍ വിയില്‍,ശ്വാസത്തില്‍,ചിന്തകളില്‍‍,ഓര്‍മ്മകളില്‍ എല്ലാം‍ ഒരാള്‍ ആയിരിക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ നിമിഷവും കൂടെ അയാള്‍ ഉണ്ടായിരിക്കണെമെന്നു കൂടി പറയാതെ പറയുന്നു റഫീഖ്.അതിനുമപ്പുറം ഒരു പ്രണയമോ സ്നേഹമോ ഉണ്ടോ ? അതു കൊണ്ടു തന്നെയാണു ഗാനം ഇങ്ങനെ അവസാനിക്കുന്നത്

"അതുമതിയുടല്‍ മൂടിയ മണ്ണില്‍ നിന്നിവനു
പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"

ആ പ്രണയം മതി,ആ സ്നേഹം മതി,മരണത്തെയും തോല്പിച്ച് അവനു തിരിച്ചു വരാന്‍.ഒരു പുല്‍ക്കൊടിയായി എങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍.

Wednesday, January 23, 2013

ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.ഞാന്‍ ഇവിടെ ആയിരിക്കേണ്ടതും,ഇതില്‍ പങ്കെടുക്കേണ്ടതും ദൈവനിയോഗം,അല്ലെങ്കില്‍ എവിടെയോ ഇരുന്നു നമ്മെളെയും നമ്മുക്ക് ചുറ്റുമുള്ളതിനെയും നിയന്ത്രിക്കുന്നവന്റെ ഒരു വികൃതി.

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുന്ന അവളുടെ മുഖം ശരിക്കും കാണുന്നില്ല.പക്ഷേ ആ കടും ചുവപ്പ് ലെഹംഗയില്‍,ഫോട്ടോഗ്രാഫേഴസിന്റെ ആര്‍ക്ക് ലൈറ്റിന്റെ തിളക്കത്തില്‍,ആ ചെറിയ മേക്കപ്പിന്റെ ആവരണത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.അവള്‍ തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയില്‍ ഞാന് അങ്ങോട്ടേയ്ക്ക് നോക്കി.പ്രതീക്ഷ തെറ്റിയില്ല.അവള്‍ കണ്ടു എന്നെ,എന്നും എന്നെയും ഒരുപാട് പേരെയും കൊതിപ്പിച്ചിരുന്ന ആ ചിരിയും സമ്മാനിച്ചു.

ഇനിയും അവള്‍ ആരെണെന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍..

അവള്‍ എന്റെ ആദ്യപ്രണയമാണു.കണ്ട ആദ്യ കാഴച്ചയില്‍ ഞാന്‍ ഇഷ്ടപ്പെട്ടവള്‍.
അന്നു കണ്ടപ്പോള്‍‍ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം ഇന്നും ഓര്‍മ്മകള്‍ മായ്ക്കാതെ അവിടെ തന്നെയുണ്ട്.ഇതു പോലെ ഭംഗിയുള്ള ഒരു അള്‍ത്താരയ്ക്കു മുന്നില്‍ വധുവിന്റെ വേഷമണിഞ്ഞവളും,തൊട്ടപ്പുറത്തു വരന്റെ വേഷത്തില്‍ ഞാനും.ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്.കാരണം അവളെ ആദ്യം കണ്ട ദിവസം ഞങ്ങളിരുവരുടെയും പ്രായം 6 വയസ്സായിരുന്നു.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലൊന്നു.ക്ലാസ്സ് ടീച്ചറായിരുന്നു സിസ്റ്റര്‍ വന്നു പേരു വിളിച്ച് അറ്റന്ഡന്‍സ് എടുക്കുന്നു.കാലത്തെ സ്കൂളിലെത്തിയതിന്റെ കരച്ചില്‍ തോരാതെ നിറക്കണ്ണുകളുമായി മുന്നില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില് ഞാന്‍ ഇരിക്കുന്നു.എനിക്കും മുന്‍പ് വിളിച്ച പേരുകളും,അതിനു ശേഷം വിളിച്ച പേരുകളും ശ്രദ്ധിക്കാതെ ഇരുന്ന ഞാന്‍ ഒരു പേര്‌ കേട്ടപ്പോള്‍ അറിയാതെ പിറകിലേയ്ക്ക് ഒന്നു തിരിഞ്ഞു.ഇന്നുമറിയില്ല,എന്താണു എന്നെ അതിനു പ്രേരിപ്പിച്ചെതെന്നു.പെണ്‍കുട്ടികളുടെ വശത്ത് പിറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ നിന്നും മെലിഞ്ഞ് നീണ്ട് ഒരു കുട്ടി എഴുന്നേറ്റു 'പ്രസന്റ് സിസ്റ്റര്‍' എന്നു പറഞ്ഞു.സിനിമാ സ്റ്റൈലില്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയില്ല,ചുറ്റും നിന്നു ആരും വയലിന്‍ വായിച്ചില്ല,പക്ഷേ ആ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സിനിമക്കഥയെ വെല്ലുന്ന മുകളില്‍ കുറിച്ച ആ കാഴച്ച ഞാന്‍ മനസ്സില്‍ കണ്ടു.എന്താ കഥ !

പക്ഷേ പിന്നീടതിനു അത്ര വലിയ പുരോഗതി ഒന്നും ഉണ്ടായില്ല,ഒരു ഒന്‍പതാം ക്ലാസ്സ് വരെ.അതിനു മുന്നെയുള്ള എട്ടു വര്‍ഷങ്ങളും ഞങ്ങള്‍ മിക്ക വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെയാണു പഠിച്ചിരുന്നത്,പോരാത്തതിനു വേദോപദേശ ക്ലാസ്സുകളും.തമ്മില്‍ പരിചയപ്പെട്ടു,സംസാരിച്ചു,സുഹൃത്തുകളായി എന്നതിനപ്പുറം ഈ എട്ടു വര്‍ഷങ്ങള്‍ നല്ല വേസ്റ്റായിരുന്നു എന്നതാണു സത്യം.പിന്നീട് സീന്‍ മാറുന്നത് ഒന്‍പതാം ക്ലാസ്സിനു മുന്നിലെ വരാന്തയിലേയ്ക്കാണു.ഇഷ്ടങ്ങളും പ്രണയങ്ങളും സ്കൂള്‍ പരിസരത്ത് നിറഞ്ഞു പൂവിട്ടിരിക്കുന്ന കാലം.കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും വരെ ആഘോഷമായി ലൈന്‍ അടിക്കുന്നു.അത്യാവശ്യം പോപ്പുലര്‍ ആയിരുന്നിട്ടും,പെണ്‍കുട്ടികളുടെ ഇടയില്‍ നല്ല പേര്‌ ഉണ്ടായിരുന്നിട്ടും,നമ്മളന്നും ഇന്നത്തെ പോലെ 'സിംഗിള്‍,റെഡി ടു മിംഗള്‍' കാറ്റഗറി തന്നെ.അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നപ്പോ ഉണ്ടായ തഴമ്പ് പോലെ എനിക്ക് പറയാന്‍ ആകെയുള്ളത് ഒന്നാം ക്ലാസിലെ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മാത്രം.ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ കൂടെയിരുന്നിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിനോട് ഞാനാക്കഥ പറഞ്ഞു.പറഞ്ഞു തീര്‍ന്നതും കാര്യങ്ങള്‍ കൈവിട്ട് പോയെന്നു എനിക്ക് മനസ്സിലായി.ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നത് പോലെ അവനതിനു നല്ല പബ്ളിസിറ്റി കൊടുത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ആക്കി,സംഭവം അവളുടെ ചെവിയിലുമെത്തി.അവള്‍ അതു വിശ്വസിച്ചിരുന്നോ എന്നോ,അവള്‍ക്കതൊരു പ്രശ്നമായിരുന്നോ എന്നോ ഇന്നും എനിക്കറിയില്ല.ഏതൊരു ടിനേജ് പ്രണയവും പോലെ കൂട്ടുകാരുടെ കളിയാക്കലുകളും,അതു പേടിച്ച് പരസ്പരമുള്ള ഒഴിഞ്ഞു മാറലുമൊക്കെയായി അതവിടെ അവസാനിച്ചു.സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരു ഓട്ടോഗ്രാഫിന്റെ താളിലൂടെ നഷടപ്പെട്ട് പോയ ആ സുഹൃത്തുബന്ധം തിരികെ വന്നു,അതു മാത്രം.പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ല.യാത്രയില്‍ എപ്പോഴോ അവള്‍ പുതിയ നഗരത്തിലേയ്ക്ക് കൂടു മാറി.വല്ലപ്പോഴും സംഭവിച്ചിരുന്ന തമ്മിലുള്ള കാഴച്ചകളും അതോടെ അവസാനിച്ചു.

അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍,ഒന്നാം ക്ലാസ്സിലെ ആദ്യ കാഴച്ചയിലേയ്ക്ക് മാത്രമായി ഒതുങ്ങി തുടങ്ങിയ നാളുകളിലൊന്നിലാണു അവളെ ഞാന്‍ വീണ്ടും കണ്ടത്.പുതിയൊരു നഗരത്തിന്റെ തിരക്കുകളില്‍,ജീവിതം കരു പിടിപ്പിക്കുവാനുള്ള യാത്രകളിലായിരുന്നു ഞങ്ങളിരുവരും.കണ്ടു,പരിചയം പുതുക്കി, സംസാരിച്ചു,പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിച്ചു,അവസാനം അത് എന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നിടം വരെയെത്തിച്ചു.കാലത്തിന്റെ ഒരോരോ വികൃതികള്‍.

"മിശിഹായുടെ നിയമവും തിരുസഭയുടെ കല്പനകളും അനുസരിച്ച് ഈ നില്‍ക്കുന്ന
ആനിയെ ഭാര്യയായി സ്വീകരിക്കാമെന്നു വാഗ്ദ്ധാനം ചെയ്യുന്നുവോ?"

പുരോഹിതന്റെ ശബ്ദമാണു ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.ചടങ്ങ് അവസാനിക്കാറായി.ഇനി ഈ ഓര്‍മ്മകള്‍ എന്റേതു മാത്രം.ഞാന്‍ അവളെ നോക്കി,തിരിഞ്ഞവള്‍ എന്നെയും.അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇക്കുറിയും പുഞ്ചിരി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല.കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീര്‍ എന്റെ കാഴച്ചകളെ മറച്ചു.

ഞാന്‍ തിരിഞ്ഞ് അള്‍ത്താരയിലേയ്ക്കു നോക്കി,പുരോഹിതന്റെ അവ്യക്തമായ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"വാഗ്ദ്ധാനം ചെയ്യുന്നു."

പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ കേട്ടില്ല.വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ പേരു കേട്ടപ്പോള്‍ മാത്രം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് ഇന്നീ അള്‍ത്താരയ്ക്കു മുന്നില്‍ നിന്നു അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണു എന്നു പറയുന്നതിനു വേണ്ടി ആയിരുന്നു എന്നു കാലം എനിക്കു  പറഞ്ഞു തരികയായിരുന്നു അപ്പോള്‍.

Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം




പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ മാസവസാനം നല്ല അടിപൊളി അഞ്ച്-ആറ്‌ അക്ക ശമ്പളം വാങ്ങുന്നവർ,ജോലിയ്ക്കു കയറി ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വിദേശത്തേയ്ക്കു പറക്കുന്നവർ,ഭൂമിയിൽ നിന്നു ഒരു അഞ്ച്-അഞ്ചര അടി മുകളിൽ നില്ക്കുന്നവർ എന്നിവ അവയിൽ ചിലതാണു.കേൾക്കാനെന്തൊരു സുഖം.മൂന്നു വർഷമായി കണ്ടു കൊണ്ടിരിക്കുന്ന ടെക്കി ലൈഫിൽ സത്യമായിട്ടും ഇതിന്റെ ഏഴയലത്തു നില്ക്കുന്ന കാര്യങ്ങൾ കണ്ടിട്ടില്ല എന്നതാണു സത്യം.എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകൾ ഇഷടം പോലെ കാണുകയും ചെയ്തു.ഉദാഹരണത്തിനു ഐ.ടി കമ്പനിയുടേയൊ,പാർക്കിന്റെയോ മുന്നിൽ നിന്നു വിളിക്കുന്ന ഓട്ടോറിക്ഷകൾ കേരളത്തിലെ താരിഫിൽ ഒരിക്കലും ഓടി കണ്ടിട്ടില്ല,ഹോട്ടലുകളും ഏകദേശം ഇതേ റേഞ്ചിൽ തന്നെ വരും.സ്വന്തം പരാധീനതകളും വിളിച്ചു പറയുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇങ്ങനെയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഒന്നിനെ പൊളിച്ചടുക്കുക എന്നതാണു ഈ പോസ്റ്റിന്റെ അവതാരോദ്ദേശ്യം.പ്രോഗ്രാമിംഗ് ഭാഷകളുടേയും അത്യാധുനിക ടെക്നോളജികളുടേയും നവീന ഗാഡ്ജറ്റ്സുകളുടെയും ലോകത്തിന്റെ അപ്പുറം ടെക്കികൾക്കൊന്നുമറിയില്ല,കലയും രാഷ്ട്രീയവും ഒന്നും ഇവരുടെ തട്ടകമല്ല എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം അങ്ങു മാറ്റിയേക്കുക.ഇവരുടെ ലോകത്തിൽ കലയുണ്ട്,ചൂടേറിയ രാഷ്ട്രീയ ചർച്ചകളുണ്ട്,സിനിമയും സാഹിത്യവും കവിതയുമൊക്കെയുണ്ട്.



 പ്രിയംവദ കാതരയാണോ ?? ബൂലോകത്തിനു ഏറെ പ്രിയപ്പെട്ട അരുണ്‍ കായംകുളത്തിന്റെ കായകുളം സൂപ്പറ്ഫാസ്റ്റ് എന്ന ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയും ഒരു വൈറസ് പോലെ പടരുകയും ചെയ്ത ആ അനുഭവകുറിപ്പ്.അതിനൊരു ചലച്ചിത്ര ഭാഷ്യം ഇന്നു യൂട്യൂബിൽ ലഭ്യമാണു.ആ ഭാഷ്യം രചിച്ചതാവട്ടെ സിനിമ ശ്വസിക്കുന്ന ഒരു പറ്റം ടെക്കികൾ.വീനിഷിന്റെ കാശും,ബേസിലിന്റെ സംവിധാനവും,നിതിന്റെ ഛായാഗ്രഹണവും,വിഷ്ണുവിന്റെയും ബാസിലിന്റെയും മുരളിയുടെയും തകർപ്പൻ അഭിനയവും ചേർന്നപ്പോൾ ഈ കൊച്ചു ചലച്ചിത്രം ചരിത്രമായി.റിലീസായി ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിടുമ്പോൾ ഏകദേശം പതിനോരായിരം ആളുകളാണു പതിനെട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം കണ്ടിരിക്കുന്നത്. 

   ഏറെ അഭിമാനവും സന്തോഷവുമുണ്ട് ഈ സുഹൃത്തുകളെയോർത്ത്,ഇവരുടെ ഈ ഉദ്യമത്തിൽ നാമമാത്രമാണെങ്കിലും   ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെയോർത്ത്.ഇവരെ അഭിനന്ദിക്കൂ,പ്രോഹത്സാഹിപ്പിക്കൂ.വെള്ളിത്തിരയിലെ നാളത്തെ താരങ്ങൾ ഇവരൊക്കെയാകട്ടെ !!!