Friday, November 7, 2014

ഞാന്‍ കണ്ട സച്ചിന്‍ ...

കൊച്ചീലെ കളിയ്ക്ക് പാസ് വേണോ എന്നു ചേട്ടായി ചോദിച്ചപ്പോ രണ്ടാമതൊന്നു ആലോചിക്കാതെ വേണം എന്നു പറയിപ്പിച്ചത് കാല്‍പ്പന്തു കളിയോടുളള സ്നേഹത്തേക്കാള്‍, അന്ന് അവിടെ വന്നേക്കാന്‍ സാദ്ധ്യതയുളള ഒരാളെ ഒന്നു നേരില്‍ കാണാമെന്ന പ്രതീക്ഷയാണു.അല്ലെങ്കിലും ഭാരതീയര്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയുമൊക്കെ മറ്റൊരു പേരാണല്ലോ സച്ചിന്‍ !
ബക്കറ്റ് ലിസ്റ്റിലെ ഏറ്റവും മുന്‍പന്തിയിലുളള കാര്യങ്ങളില്‍ ഒന്നായിരുന്നു അയാള്‍ ഇന്ത്യയ്ക്ക് വേണ്ടി പത്താം നംബര്‍ ഇളം നീല ജഴ്സിയില്‍ കളിക്കുന്നത് കാണുക എന്നത്.സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്ന എന്നറിഞ്ഞപ്പോള്‍ ആദ്യം ദേഷ്യം തോന്നി,പിന്നെ ആ ലിസ്റ്റ് ഇങ്ങനെ തിരുത്തി 'സച്ചിനെ ഒരിക്കല്‍ നേരില്‍ കാണുക'.

ഈ-2 , ബ്ലോക്ക് 7 ഗേറ്റിലേയ്ക്ക് നടന്നത് , സ്റ്റേഡിയത്തിന്റെ വി.വി.ഐ.പി കവാടത്തിന്റെ മുന്നിലൂടെയാണു.ആയിരങ്ങളാണു പോലീസിന്റെ നിര്‍ദ്ദേശങ്ങളേയും,ലാത്തിയേയുമൊക്കെ അവഗണിച്ച് അവിടെ തടിച്ചു കൂടിയിരുന്നത്,അതിലൂടെ ആയിരിക്കും സച്ചിന്‍ അകത്തേയ്ക്ക് കയറുക എന്ന പ്രതീക്ഷയില്‍.

അകത്തേയ്ക്ക് കയറിയപ്പോള്‍ അല്പം നിരാശ തോന്നി, വി.വി.ഐ.പി ഗ്യാലറിയുടെയും , ഡഗ് ഔട്ടുകളുടേയും ഒക്കെ നേരെ എതിര്‍ വശത്താണു എന്റെ ഇരിപ്പിടം.എങ്കിലും അവിടെയ്ക്ക് കടന്നു വരുന്ന ഒരോ ആളുകളിലും ഒരായിരം കണ്ണുകള്‍ സച്ചിനെ തിരഞ്ഞു കൊണ്ടിരുന്നു,അവിടെത്തെ ഒരോ അനക്കത്തിനും ആളുകള്‍ അയാളെ പ്രതീക്ഷിച്ചു .കാത്തിരിപ്പിനു വിരാമിമിട്ട് , ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ടീം ഡഗ് ഔട്ടുകള്‍ക്കു പിന്നില്‍,കേരളാ ബ്ലാസ്റ്റേഴ്സിന്റെ പത്താം നംബര്‍ ജഴിസിയില്‍ ആ കുറിയ മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. കാഴച്ച കണ്ടവര്‍ കാണത്തവരെ വിളിച്ചു കാണിച്ചു കൊടുത്തു കൊണ്ടിരുന്നു, അര ലക്ഷം ആളുകള്‍ നിറഞ്ഞ ഗ്യാലറികള്‍ ഇളകി മറിഞ്ഞു,ഒരേ സ്വരത്തില്‍ ഒരേ ആവേശത്തില്‍ അവര്‍ ആര്‍ത്തു വിളിച്ചു,മരണം വരെ കാതില്‍ മുഴങ്ങുമെന്നു സച്ചിന്‍ പറഞ്ഞ അതേ വിളി .. സച്ചീഈഈഈന്‍, സച്ചിന്‍ !!!

കളി തുടങ്ങി, പലപ്പോഴും എന്റെ കണ്ണുകള്‍ മൈതാനത്തില്‍ നിന്നും എതിര്‍ വശത്തുളള വി.വി.ഐ.പി ഗ്യാലറിയിലേയ്ക്ക് പോയി,അവിടെ ഇരുന്നിരുന്ന അവ്യക്തമായ രൂപത്തിന്റെ ചലനങ്ങള്‍ കാണാന്‍. ജയിന്റ് സ്ക്രീനില്‍ ആ മുഖം തെളിഞ്ഞപ്പോഴൊക്കെ ആളുകള്‍ കളി കാണുന്നത് ഉപേക്ഷിക്കുന്നുണ്ടായിരുന്നു.അവര്‍ക്ക് അങ്ങനെയെ ചെയ്യാന്‍ കഴിയുമായിരുന്നുളളു.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒട്ടനവധി അവസരങ്ങള്‍ ഗോള്‍മുഖത്ത് പാഴാക്കി കൊണ്ടിരുന്നപ്പോള്‍ , തൊട്ടടുത്ത് ഇരുന്ന് കളി കണ്ടിരുന്ന ഒരു കോഴിക്കോടന്‍ ചങ്ങാതി വിളിച്ചു പറഞ്ഞു, " സച്ചിനെ ഇറക്കി കളിപ്പിക്ക്,ഇപ്പോള്‍ ഗോളു വീഴുന്നത് കാണാം " . അദ്ഭുതങ്ങളില്‍ കുറഞ്ഞത്, ആസാദ്ധ്യങ്ങളില്‍ കുറഞ്ഞതൊന്നും ഇന്നും ആളുകള്‍ അയാളില്‍ നിന്നു ആഗ്രഹിക്കുന്നില്ല.അല്ലെങ്കില്‍ സച്ചിനെ അവര്‍ അദ്ഭുതങ്ങളുടെയും പര്യായമായി മാറ്റിയിരിക്കുന്നു.

തൊണ്ണൂറ്റു മിനിറ്റുകള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഹോം മാച്ച് അവിസ്മരണീയമാക്കിയപ്പോള്‍,ജയം ലോകത്തെ അറിയിച്ചു മൈതാനത്തിനു ചുറ്റും കരിമരുന്ന്‍ കാഴച്ചകള്‍ ഉയര്‍ന്നു പൊങ്ങി.ഉയര്‍ന്നു പൊങ്ങിയ പുക കാഴച്ചകളെ മറക്കാന്‍ തുടങ്ങി,പുകമറയ്ക്ക് അകത്ത് നിന്ന് ഒരു വിസ്മയം പോലെ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നു പ്രതീക്ഷിച്ച് പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ജനക്കൂട്ടം വീണ്ടും കാത്തു നിന്നു ഒരുപാട് നേരം.ചില കാഴച്ചകള്‍ അങ്ങനെയാണു,കാണുംന്തോറും കൊതിപ്പിച്ചു കൊണ്ടേയിരിക്കും,വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
ഞങ്ങളുടെ ഗ്യാലറിയില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ബാനര്‍ പറഞ്ഞതിങ്ങനെയാണു, "ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനല്ല,എന്നെ ഇവിടെ എത്തിച്ചത് സച്ചിന്‍ എന്ന വികാരമാണു, ആ വ്യക്തിയാണു" .. അവിടെ കൂടിയ ഒരായിരം മനസ്സുകളുടെ ചുവരെഴുത്തായിരുന്നു ആ വാക്കുകള്‍.

സച്ചിന്‍, എന്റെ ബക്കറ്റ് ലിസ്റ്റില്‍ നിന്നു താങ്കളെ ഇറക്കി വിടാന്‍ കഴിയുന്നില്ല.അതിലെ പഴയ എണ്ട്രി ഞാന്‍ ഇങ്ങനെ തിരുത്തുന്നു, "സച്ചിനെ കണ്ട്,സംസാരിച്ച് പരിചയപ്പെടണം" . ഒരിക്കലും നടക്കിലായിരിക്കും ,പക്ഷേ സച്ചിന്‍ എന്നത് പ്രതീക്ഷയുടെ,പ്രത്യാശയുടെ മറ്റൊരു പേരാണല്ലോ !!!

Saturday, October 11, 2014

എംബ്ലിക - ഒരു നെല്ലിക്ക പ്രണയകഥ

ഷോര്‍ട്ട് ഫിലിംസ് അഥവ ഹൃസ്വചിത്രങ്ങള്‍ എന്ന സിനിമാ സങ്കേതവുമായി ആദ്യമായി പരിചയപ്പെടുന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു സെപ്റ്റംബര്‍ മാസമാണു.പ്രിയ സുഹൃത്ത് ബേസില്‍ ജോസഫ് ഒരുക്കിയ 'പ്രിയംവദ കാതരയാണോ ?' എന്നതായിരുന്നു ആ ചിത്രം.ഒരു സുഹ്രൃത്ത് സ്വംഘത്തിന്റെ കൂട്ടായ്മയില്‍ നിന്നൊരുങ്ങിയ ആ കൊച്ചു ചിത്രം നാളിതു വരെ കണ്ടത് ആറുലക്ഷത്തി അയ്യായിരത്തി എണൂറ്റി പതിനാലു പേരാണു.ബ്ലോഗില്‍ ആദ്യമായി സിനിമയെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും അന്നാണു.

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സുഹൃത്തുകള്‍ ഒറ്റൊരു മറ്റൊരു കൊച്ചു ചിത്രം നല്ലൊരു കാഴച്ചാനുഭവം സമ്മാനിച്ചിരിക്കുന്നു.'എംബ്ളിക' എന്നാണു ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്‌ . പത്തു മിനിറ്റ് കൊണ്ട് കുറച്ച് നല്ല നര്‍മ്മവും,ഹൃദ്യമായ പ്രണയവും ഒക്കെ ഈ ചിത്രം കാഴച്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളില്‍ അപ്രതീക്ഷിതമായ മികവ് പുലര്‍ത്തുന്ന എംബ്ളിക അതഭുതപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളിലാണു. മിഥുനും,അലക്സും, വിനീതും ,ലക്ഷ്മിയും,അല്പനയും,ശബരീഷും,ആരതിയും,അശ്വതിയും,സിസിയും,ദീപക്കും,ദീപ്തിയും,ജിതേഷും പരിചയക്കുറവിന്റെ പതര്‍ച്ചകളില്ലാതെ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.എടുത്തു പറയേണ്ട പേര് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു സോമന്റേതാണു. പ്രിയംവദയിലെ പ്രകാശനില്‍ നിന്നും,എംബ്ലികയിലെ ശങ്കുവിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അഭിനേതാവ് എന്ന നിലയില്‍ വിഷ്ണു ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു.ഹാസ്യം അനയാസമായി കൈകാര്യം ചെയ്യുന്ന, സൂക്ഷ്മമായ ഭാവങ്ങളിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന  വിഷ്ണുവിനെയാണു എംബ്ലികയില്‍ കാണാന്‍ കഴിയുക. ഒന്നു രാകി മിനുക്കിയെടുത്താല്‍ വിഷ്ണുവിനെ തിരശ്ശീലയില്‍ കാണാന്‍ കഴിയുന്ന കാലം അധികം ദൂരെയായിരിക്കില്ലെന്നു തോന്നുന്നു..

രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗോകുല്‍ നാരയണന്‍,പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന ശരത്ത്,കേള്‍ക്കാന്‍ രസമുളള എന്‍ നെഞ്ചിലേ എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് കൃഷ്ണനും,ക്യാമറ ചലിപ്പിച്ച ബിലുവും ,ദൃശ്യങ്ങള്‍ വെട്ടിയൊരുക്കിയ രാജ്കുമാറുമൊക്കെ എംബ്ലികയെ സുഖമുളള ഒരു കാഴച്ചാനുഭവമാക്കിയിരിക്കുന്നു.

നെല്ലിക്ക പോലെ ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന പ്രണയത്തിന്റെ കഥ പറയുന്ന ഈ കൊച്ചു 'എംബ്ലിക' സമയം കിട്ടുന്നത് പോലെ നിങ്ങളൊക്കെ കാണുക,ഇവരെ പ്രൊഹത്സാഹിപ്പിക്കുക ..നാളത്തെ ചലച്ചിത്ര വാഗദ്ധാനങ്ങള്‍ ഇവരാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും..


Wednesday, June 11, 2014

നിറകണ്‍ച്ചിരി..

"ഓര്‍മ്മയുടെ താളുകളിലൂടെ ഇടയ്ക്ക് പുറകോട്ട് നടക്കുക.ആ ഓര്‍മ്മകള്‍ നിങ്ങളുടെ കണ്ണുകള്‍ നിറയ്ക്കട്ടെ."

രണ്ടാഴച്ച മുന്‍പ് ബോബി ജോസ് എന്ന കപ്പൂച്ചിന്‍ വൈദികന്റെ ഒരു വീഡിയോയിലാണു ഈ വാക്കുകള്‍ കേട്ടത്.സുവിശേഷ പ്രസംഗങ്ങള്‍ ഇരുന്നു കേള്‍ക്കുന്ന ഒരു ശീലമില്ല,പക്ഷേ ബോബിയച്ചന്റെ സംഭാഷണങ്ങളെ ആ കൂട്ടത്തില്‍ പെടുത്താന്‍ തോന്നാറില്ലാത്തതു കൊണ്ട് കേള്‍ക്കാനുള്ള അവസരം കിട്ടുമ്പോള്‍ ഒഴിവാക്കറില്ല.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവിടെ അടുത്തുള്ള ആശുപത്രി വരെ പോകുകയുണ്ടായി.അതിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അവിടെ നിന്നു തിരിച്ചു പോരുന്ന സമയത്താണു മാതാശ്രീ പറഞ്ഞത്, എന്നെ പഠിപ്പിച്ച മരിയാ സിസ്റ്റര്‍ ഒരു സര്‍ജറി കഴിഞ്ഞ് അവിടെ വിശ്രമിക്കുന്നുണ്ട്,ഒന്നു കണ്ടിട്ടു പോയാലോ എന്നു.

മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്കൂളിലാണു ഞാനെന്റെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അവിടെ നാലാം ക്ളാസ്സ് സി ഡിവിഷനിലെ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു സി.മരിയാ കുന്നേക്കാട്ട് എഫ്.സി.സി. എയ്ഡഡ് സ്കൂളുകളിലെ സേവനത്തില്‍ നിന്നു വിരമിച്ചതിനു ശേഷം അവിടെ ജോലി നോക്കുകയായിരുന്നു സിസ്റ്റര്‍ ആ കാലത്ത്.മലയാളം ആയിരുന്നു സിസ്റ്റര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.നല്ല കണിശക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു സിസ്റ്റര്‍.ഇഷ്ടം പോലെ വഴക്ക് പറയും,ദേഷ്യപ്പെടും,നല്ല അടിയും തരും.പക്ഷേ ഒരാള്‍ക്ക് പോലും സിസ്റ്ററിനോട് ഒരു ദേഷ്യം തോന്നിയിരുന്നതായി ഓര്‍മ്മയില്ല.ഉകാര ചിഹ്നം ഇടുന്നതിന്റെ പേരിലായിരുന്നു സിസ്റ്റര്‍ ഏറ്റവും കൂടുതല്‍ വഴക്കു പറഞ്ഞിട്ടുള്ളത്.മുകളില്‍ നിന്നു തുടങ്ങി ഇടത്തേക്കു തിരിച്ച് വലത്തേയ്ക്കു വട്ടം വരയ്ക്കുന്ന രീതിയിലാണു ഞങ്ങളെല്ലാവരും തന്നെ ആ ചിഹ്നം ഇട്ടു കൊണ്ടിരുന്നത്.പക്ഷേ സിസ്റ്ററുടെ അഭിപ്രായത്തില്‍ വട്ടം വരയ്ക്കുന്നത് നേരെ എതിര്‍ വശത്തേയ്ക്കാണു വേണ്ടത്.വളരെ ശരിയായ ഒരു കാരണവും അതിന്റെ പിന്നിലുണ്ടായിരുന്നു.ഉ എന്ന അക്ഷരത്തിന്റെ അകത്തേയ്ക്കുള്ള കുനിപ്പാണു ഉകാര ചിഹ്നത്തിലെ വട്ടം.അപ്പോള്‍ ആ അക്ഷരം എഴുതുന്ന അതേ രീതിയില്‍ വേണം ആ ചിഹ്നം ഇടേണ്ടതും.ഒരുപാട് വഴക്കു പറഞ്ഞും ദേഷ്യപ്പെട്ടുമൊക്കെയാണു അന്ന് സിസ്റ്റര്‍ ഞങ്ങളുടെ എഴുത്ത് ഈ രീതിയിലേക്ക് മാറ്റിയെടുത്തത് . പക്ഷേ പിന്നീട് നാളിതു വരെ അതിനൊരു മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല,പിന്നീട് ബുദ്ധി ഉറച്ച കാലത്ത്, സിസ്റ്റര്‍ അന്ന് പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്നു തോന്നുകയും ചെയ്തിട്ടുണ്ട്.

സിസ്റ്റര്‍ വിശ്രമിച്ചിരുന്ന മുറി കണ്ട് പിടിച്ച് ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു.പയ്യെ വാതിലില്‍ മുട്ടി,ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ വാതില്‍ തുറന്നു തന്നു.പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് മരിയാ സിസ്റ്റര്‍ അവിടെയുള്ള മേശയ്ക്കരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.കയറി വന്നത് ആരാണു എന്നു സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടിയ സിസ്റ്ററിനോട് "സിസ്റ്ററേ,മൃദുലാ" എന്നു പറഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന സംശയം വലിയൊരു സന്തോഷത്തിലേയ്ക്ക് വഴി മാറുന്നത് ഞാന്‍ കണ്ടു."നീയെന്നാടാ ഇവിടെ" എന്നു നിറഞ്ഞ ചിരിയോടെ ചോദിച്ച സിസ്റ്ററിനോട് പാതി തമാശയായി "സിസ്റ്റര്‍ ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതല്ലേ" എന്ന് ഞാന്‍ മറുപടി പറഞ്ഞു.അല്പം അകന്ന ഒരു ബന്ധുതയുള്ളത് കൊണ്ട് ആ പറഞ്ഞതില്‍ വലിയ സംശയം സിസ്റ്ററിനു തോന്നി കാണില്ല.കൂടെയുള്ള സിസ്റ്ററിനു "ഇതെന്റെ കൊച്ചാ,ഞാന്‍ പഠിപ്പിച്ചതാ" എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തി.കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അമ്മയെ കണ്ട കാര്യവും,ഞാന്‍ നാട്ടില്‍ ഇല്ല എന്നറിഞ്ഞ കാര്യവും,അന്നൊപ്പം പഠിച്ച പലരുടെ കാര്യവുമൊക്കെ സിസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.എല്ലാം കേട്ടും,മറുപടികള്‍ പറഞ്ഞും സിസ്റ്ററിരുന്നിരുന്ന മേശയ്ക്ക് എതിര്‍ വശമുള്ള കട്ടിലില്‍ ഞാനിരുന്നു.ഇടയ്ക്ക് സംസാരം നിര്‍ത്തി സിസ്റ്റര്‍ എന്നെ അടുത്തേയ്ക്ക് വിളിപ്പിച്ചു.എഴുന്നേല്‍ക്കാന്‍ ഒരു കൈ സഹായത്തിനായിരിക്കും എന്നു കരുതി അടുത്തേയ്ക്ക് ചെന്ന എന്ന സിസ്റ്റര്‍ വാരിപ്പുണര്‍ന്നു.പ്രായം കാഴ്ചകളെ മറച്ചു തുടങ്ങിയ ആ കണ്ണുകളില്‍ ഒരു നനവ് കണ്ട പോലെ.എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഒപ്പമുള്ള സിസ്റ്ററിനോട് "ഇതെന്റെ കൊച്ചാ,ഒരുപാട് വലുതായി" എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ഇറങ്ങാന്‍ നേരം ഇപ്പോള്‍ ഉള്ള തേവര മഠത്തിലേയ്ക്ക് ഇടയ്ക്ക് ചെല്ലണം എന്നു പറഞ്ഞു,"എന്താണെങ്കിലും വരാം സിസ്റ്ററെ" എന്നുറപ്പു കൊടുത്തപ്പോള്‍ ആ മുഖത്ത് സന്തോഷവും വാത്സല്യവും അഭിമാനവുമൊക്കെ മിന്നി മറയുന്നത് ഞാന്‍ കണ്ടു.അമ്മയോട് പഴയ ഉകാര കഥയൊക്കെ പറഞ്ഞാണു ഞാന്‍ ഇറങ്ങി നടന്നത്.കണ്ണുകള്‍ നിറഞ്ഞിരുന്നിരിക്കണം,ഞാന്‍ ഓര്‍ക്കുന്നില്ല.പക്ഷേ മനസ്സ് നിറഞ്ഞിരുന്നു എന്നത് തീര്‍ച്ച.

ഒറ്റയ്ക്കായി പോയ കഴിഞ്ഞ ഓണക്കാലത്താണു,ഓര്‍മ്മകള്‍ എന്നെ കൊണ്ട് ഇങ്ങനെ എഴുതിച്ചത്.

"ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല,മുന്നോട് നടക്കാന്‍ പറയുന്നു ഒരോ ഓര്‍മ്മയും,കാരണം പിന്നിടേണ്ട വഴികളില്‍ എവിടെയോ ഈ ഓര്‍മ്മകള്‍ ഇന്ദ്രജാലങ്ങളൊരുക്കി കാത്തിരിക്കുന്നുണ്ട്,വീണ്ടും ആവര്‍ത്തിക്കാന്‍,സന്തോഷിപ്പിക്കാന്‍".

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.ഓര്‍മ്മകളിലൂടെ പുറകോട്ട് ഒരല്പ ദൂരം ഒരുമിച്ച് നടക്കുക.കണ്ണുകളെ നിറയാനനുവദിക്കുക,മനസ്സു കൊണ്ട് ആ ഓര്‍മ്മകളോട് നന്ദി പറയുക

Sunday, March 16, 2014

ഞാനിഷ്ടപ്പെട്ട ആമിയുടെ ഇഷ്ടങ്ങൾ

സ്ഥലം കുറവാണെങ്കിലും ഞാൻ അകത്തേയ്ക്ക് കയറി നിന്നു.ഇപ്പോൾ എനിക്ക് ആമിയെ നന്നായി കാണാം.ഞാൻ വരുമെന്നു അവൾ പ്രതീക്ഷിച്ചിരിന്നിരിക്കുമോ,അറിയില്ല.അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അത്തരത്തിലുളള എന്തെങ്കിലും ഒരു താത്പര്യം എന്നെങ്കിലും അവൾക്കുണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഇഷടം പറയാതെ പോയതിന്റ്റെ പതിവ് പരാതികളും പരിവേദനങ്ങളും എനിക്കില്ല.അന്നും ഇന്നും നല്ല സുഹൃത്തുകൾ ,ഇനിയെന്നും.

ഇവിടെ നിന്നു നോക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്.തോന്നലാണോയെന്നറിയില്ല.ആവാൻ വഴിയില്ല.കാരണം ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടില്ല. ഞങ്ങളുടെ ഓഫീസ് ഫുഡ്കോർട്ടിൽ വച്ച് ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ബ്രേക്ക്ഫാസ്റ്റ് സമയത്ത് പത്ത് അഞ്ഞൂറാളുകൾക്കിടയിൽ അവളുടെ മുഖത്തേയ്ക്ക് മാത്രം നോട്ടമെത്തിച്ചത് ഈ പുഞ്ചിരിയാണു.പിന്നീടിങ്ങോട്ട് എത്രയോ വട്ടം ഈ ചിരി കണ്ടിരിക്കുന്നു,എന്റെ എത്രയോ ദിവസങ്ങൾ ഈ ചിരി കൊണ്ടു മാത്രം മുന്നോട്ട് പോയിരിക്കുന്നു.

ഇപ്പോഴാണു ശ്രദ്ധിച്ചത്,തൂവെളള നിറത്തിലുളള ഒരു ഗൗണിലാണവൾ.അത് ഞാൻ പ്രതീക്ഷിച്ചില്ല.കാരണം മറ്റൊന്നുമല്ല,സാരിയായിരുന്നു എന്നും അവളുടെ പ്രിയപ്പെട്ട വേഷം. അരികുകളിൽ സ്വർണ്ണ നിറമുളള ഡിസൈനുകൾ തുന്നി ചേർത്ത,മറ്റു ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരു ഓഫ് വൈറ്റ് സാരീ.ഇതായിരിക്കും അവളുടെ ഇന്നത്തെ വേഷം എന്നാണു ഞാൻ പ്രതീക്ഷിച്ചത്.ആഗ്രഹിക്കുന്നത് പോലെയും പ്രതീക്ഷിക്കുന്നത് പോലെയുമാണു ജീവിതത്തിന്റെ യാത്രാവഴികൾ എങ്കിൽ അവളുടെ ഒരുപാട് സുഹൃത്തുകളിൽ ഒരാൾ മാത്രമായി ഞാനിവിടെ മാറി നിൽക്കില്ലായിരുന്നു,മറിച്ച് അവളുടെ തൊട്ടരികിൽ ഉണ്ടായിരുന്നേനെ.

കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ചുറ്റിലും, നമ്മളിലും,നല്ലതും ചീത്തയും.ചില ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പിടിവാശികൾ ,ഇവയൊക്കെ മരിച്ചാലും മാറില്ല എന്നു നമ്മൾ പറയാറില്ലേ .പക്ഷേ എല്ലാം വെറുതെയാണു.ജീവിതം ഓടി തീർക്കാനോ മത്സരിക്കാനോ ഒന്നുമുളളതല്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം വരെയേ നമ്മുടെ ഈ പിടിവാശികൾക്ക് ആയുസുളളു എന്നതാണു സത്യം.ആമിയിൽ ഞാൻ കാണുന്ന കാഴച്ചകൾ അതെന്നെ പഠിപ്പിക്കുകയാണു.സാരി ഉടുക്കാൻ ഇഷടപ്പെട്ടിരുന്നവൾ ഒരു വെസ്റ്റേൺ ഗൗണിൽ.അവിടെ മാത്രം തീരുന്നില്ല മാറ്റങ്ങൾ.ചുവന്ന റോസാപ്പൂക്കളുടെ ഒരാരാധികയായിരുന്നു അവൾ.വെറും ചുവപ്പല്ല,കടും ചുവപ്പ് പൂക്കൾ.എത്രയോ വട്ടം,പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്നിട്ട് കൂടി കടും ചുവപ്പ് പൂക്കളുടെ ഒരു ചെണ്ട് വാങ്ങി അവളുടെ ഓഫീസ് ഡെസ്കിൽ വച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടിന്ന് അവളുടെ കൈകളിൽ ഉളളത് വെളള പൂക്കൾ കൊണ്ടുളള ഒരു ബൊക്കെയാണു. കുറ്റം പറഞ്ഞതല്ല,വാശികളുടെയും ഇഷ്ടങ്ങളുടെയും അൽപ്പായുസിനെ സൂചിപ്പിച്ചെന്നു മാത്രം. ഇതു തന്നെയാണു മേക്കപ്പിന്റെ കാര്യവും. ഇന്നാണു ആദ്യമായി അവളെ ഇത്രയും മേക്കപ്പിൽ കാണുന്നത്.വെയിലും പൊടിയും പറ്റാതിരിക്കാൻ ഒരു നേർത്ത ആവരണം.ഇതായിരുന്നു എനിക്കറിയാവുന്ന ആമിയുടെ മേക്കപ്പ് .പക്ഷേ ഇതിപ്പോൾ മറ്റാരെയോ പോലെ.ചേരുന്നില്ല ഇതൊന്നും അവൾക്ക്.

എല്ലാം കണ്ടിട്ട് ഈ ദിവസമോർത്ത് ആദ്യമായി മനസ്സിൽ ഒരു വിഷമം തോന്നുന്നു. ഇഷ്ടമാണു ആമി എനിക്കു നിന്നെ,നിന്റെ ഇഷ്ടങ്ങളെ എന്നു പറയാൻ തോന്നുന്നു.ഒരുപക്ഷേ സാഹചര്യങ്ങളും ചുറ്റുപാടുകളും മറന്നു ഞാനങ്ങനെ പറയുമോ എന്നു എനിക്ക് തന്നെ പേടി തോന്നി തുടങ്ങിയിരിക്കുന്നു.ഇനിയിവിടെ നിൽക്കാൻ വയ്യ,പോകണം ഇവിടെ നിന്നു.അവളോട് യാത്ര പറയാൻ നിന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നേക്കും,എന്റെ നിയന്ത്രണങ്ങളേയും.
ഞാൻ തിരക്കിലൂടെ പുറത്തേയ്ക്കിറങ്ങി നടന്നു.ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നതു പോലെ.ചടങ്ങുകൾ അവസാനിക്കാറായിട്ടുണ്ട്,കാരണം ആ പാട്ട് കേട്ടു തുടങ്ങി.


'മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക,അലസത കൂടാതെ..'