Wednesday, April 4, 2007

കുരിശിന്റെ ചുവട്ടില്‍....ഒരു ഡയറിക്കുറിപ്പ്

03/04/2007കൈയ്യെഴുത്ത്‌ മാസികയ്ക്കു വേണ്ടി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന് ഇന്നു സിസ്റ്റര്‍ പറഞ്ഞു.പേപ്പറും പേനയുമായി ഒരു മണിക്കൂറോളം ഇരുന്നു.മനസ്സ്‌ ശൂന്യം.ഒന്നും എഴുതാന്‍ കിട്ടുന്നില്ല.ഞാനുറങ്ങാന്‍ പോകുന്നു.ബാക്കി നാളെ എഴുതാം.
----------------------------

ഡയറിയുടെ താളില്‍ ഇത്രയും എഴുതി,ഡയറി മടക്കി മേശപ്പുറത്തു വച്ചു.എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.ഉറക്കമെഴുന്നേറ്റതു വലിയ ആരവം കേട്ടാണു.കണ്ണു തുറന്നപ്പോള്‍ ഞാന്‍ കണ്ടതു,എന്റെ മുറിയല്ല;എതോ പഴയ കൊട്ടാരത്തിലെ ശയന മുറിയിലാണു ഞാന്‍.വലിയ ചെങ്കല്‍ ഭിത്തികളും കരിങ്കല്‍ കെട്ടുകളുമുള്ള എതോ പുരാതന കൊട്ടാരം.എന്താണൂ സംഭവിച്ചതു എന്നു മനസ്സിലാകുന്നതിനു മുന്‍പ്‌ ഒരാള്‍ മുറിയിലേക്ക്‌ കയറി വന്നു.ബൈബിള്‍ നാടകങ്ങളില്‍ കണ്ടിട്ടുള്ള റോമന്‍ പടയാളികളുടെ വേഷം.

"പന്തിയോസ്‌ പീലാത്തോസിന്റെ കൊട്ടാരത്തിലേയ്ക്കു സ്വാഗതം,ഉറക്കമൊക്കെ നന്നായിരുന്നു എന്നു പ്രതീക്ഷിക്കുന്നു."

ആ പടയാളിയുടെ വാക്കുകള്‍ കേട്ടു ഞാന്‍ ഞെട്ടി.പന്തിയോസ്‌ പീലാത്തോസ്‌...യേശുവിന്റെ രക്തത്തില്‍ പങ്കില്ല എന്നു പറഞ്ഞു കൈ കഴുകിയ ആ പഴയ റോമന്‍ ഗവര്‍ണര്‍.എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ്‌ പടയാളി തുടര്‍ന്നു.

"വേഗം കുളിച്ചൊരുങ്ങി വന്നാലും.പീലാത്തോസ്‌ പ്രാതലിനായി കാത്തിരിക്കുന്നു ." ഇത്രയും പറഞ്ഞു അയാള്‍ മറഞ്ഞു.

എന്താണു സംഭവിക്കുന്നതു എന്നു മനസ്സിലായിലെങ്കില്ലും ഞാന്‍ വേഗം കുളിച്ചൊരുങ്ങി പ്രാതലിനായി ചെന്നു.അവിടെ ഞാന്‍ കണ്ടു , കറ പുരളാത്ത കുഞ്ഞാടിനെ ചെന്നായക്കൂട്ടത്തിനെറിഞ്ഞു കൊടുത്ത പന്തിയോസ്‌ പീലാത്തോസിനെ.

"സ്വാഗതം സുഹൃത്തേ,വന്നു പ്രാതല്‍ ഭക്ഷിച്ചാലും." പീലാത്തോസ്‌ പറഞ്ഞു.

ഞാന്‍ അവിടെ ചെന്നിരുന്നു.പീലാത്തോസിന്റെ പത്നിയുടെ മുഖത്തു വല്ലാത്ത ഒരു പരിഭ്രമം.എന്തോ കണ്ടു പേടിച്ചതു പോലെ.

"എന്താ മുഖത്തൊരു വല്ലായ്ക?" ഞാന്‍ ചോദിച്ചു.
ഉത്തരം നല്‍കിയതു പീലാത്തോസാണു.

"അവളിന്നലെ ആ നസ്രായനായ യേശുവിനെ സ്വപ്നം കണ്ടെന്ന്.അയാളെ ഇന്നലെ ഇവിടെ കൊണ്ടു വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാ ഇവള്‍ക്കു.എനിക്കറിയാം അയാള്‍ നീതിമാനണെന്നു.പക്ഷേ,ജനങ്ങള്‍...,എന്റെ അധികാരം...ഇന്നു കൊണ്ടു വരുമ്പോള്‍ നോക്കട്ടെ രക്ഷിക്കാന്‍ പറ്റുമോയെന്ന്."

യേശുവിനെ ഇന്നു ഇവിടെ കൊണ്ടു വരുമെന്നോ.എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല.അപ്പോള്‍,ഞാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ജറുസലെമിലാണിപ്പോള്‍.ആ കറുത്ത വെള്ളിയാഴ്ച്ച.ഇന്നാണോ അതു.ഇന്നു ഞാന്‍ യേശുവിനെ രക്ഷിക്കും.ഈ കുറുക്കനെ കൈ കഴുകാന്‍ ഇന്നു ഞാന്‍ സമ്മതിക്കില്ല.ഞാന്‍ മനസ്സിലുറപ്പിച്ചു.

"സുഹൃത്തു എന്താ ആലോചിക്കുന്നെ,ഇന്നാ ഇതു കുടിക്ക്‌."വീഞ്ഞിന്റെ ചഷകം എന്റെ നേരെ നീട്ടി അയാള്‍ പറഞ്ഞു.

"വേണ്ടാ,ഞാന്‍ കുടിക്കാറില്ല"

"അതു പറഞ്ഞാല്‍ പറ്റില്ല.ഇന്നു താങ്കള്‍ റോമന്‍ ഗവര്‍ണറുടെ അതിഥിയാണു.കുടിച്ചേ പറ്റൂ.ജറുസലേമിലെ ഏറ്റവും മേല്‍ത്തരം വീഞ്ഞാണിതു."

ഞാന്‍ പീലാത്തോസിന്റെ കൈയില്‍ നിന്നു ചഷകം വാങ്ങി പതിയെ രുചിച്ചു.കൊള്ളാം ഇതു മേല്‍ത്തരം തന്നെ.ഞാന്‍ വീണ്ടും വീണ്ടും കുടിച്ചു.മതി വരുവോളം.എന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു.എത്ര നേരം കഴിഞ്ഞു എന്നറിയില്ല.കണ്ണു തുറന്നപ്പോള്‍ ചുറ്റും പേടിപ്പെടുത്തുന്ന ഒരു ഇരുട്ടും , നിഗൂഡമായ നിശബ്ദതയും.ഞാന്‍ മുറിയ്ക്കു പുറത്തിറങ്ങി.അവിടെ പീലാത്തോസ്‌ നില്‍ക്കുന്നണ്ടായിരുന്നു..

"സ്നേഹിതന്‍ എഴുന്നേറ്റോ?ആ നസ്രായനെ രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല.ഞാന്‍ ശ്രമിച്ചു.പക്ഷേ,അവര്‍-ആ പുരോഹിതര്‍,അവരുടെ ഒപ്പമുള്ള ജനങ്ങള്‍,പിന്നെ എന്റെ അധികാരം,ഞാന്‍ അതും നോക്കണമല്ലോ.അവര്‍ അയാളെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടു പോയി,ഗോല്‍ഗോത്തായിലേയ്ക്കു.പോകും മുമ്പ്‌ യേശു സുഹൃത്തിന്റെ ചോദിച്ചു.പരിചാരകള്‍ വന്നു വിളിച്ചപ്പോള്‍ സ്നേഹിതന്‍ ഗാഡനിദ്രയിലായിരുന്നു.അപ്പോള്‍..."

മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഓടി.എനിക്കെല്ലാം മനസ്സിലായി.തന്നെ രക്ഷിക്കാന്‍ യേശു വരുത്തിച്ചതാണെന്നെ.പക്ഷേ,ഞാന്‍ ആ വീഞ്ഞിന്റെ ലഹരിയില്‍ എല്ലാം മറന്നു,യേശുവിനേയും.എന്റെ കണ്ണുകള്‍ നിറഞ്ഞു.യേശുവിനെ രക്ഷിക്കാന്‍ , ചരിത്രം തിരുത്താന്‍ എനിക്കു ലഭിച്ച അവസരം...പാപിയാണു ഞാന്‍ , കൊടും പാപി.ഗോല്‍ഗോത്തയ്ക്കുള്ള പാതയ്ക്കിരുവശവും ജറുസലേം സ്ത്രീകള്‍ നെഞ്ചത്തടിച്ചു വിലപിക്കുന്നുണ്ടായിരുന്നു.

എത്ര ദൂരം ഓടിയെന്നറിയില്ല.ഞാന്‍ മലമുകളിലെത്തി.അതാ യേശു,ദേഹം മുഴുവന്‍ രകതവും,തലയില്‍ മുള്‍ക്കിരീടവുമായി കുരിശില്‍ തൂങ്ങി നില്‍ക്കുന്നു.ഞാന്‍ കുരിശിന്‍ ചുവട്ടിലേക്കോടി.പ്രാണന്‍ പോകുന്ന ആ വേദനയിലും യേശു എന്നെ നോക്കി പുഞ്ചിരിച്ചു.

"മോന്‍ വിഷമിക്കണ്ടാ,പാപിയാണെന്നു കരുതുകയും വേണ്ടാ.മോന്റെ പാപത്തിനും കൂടി വേണ്ടിയാ ഇതു"

എനിക്കു എന്റെ ഹൃദയം പൊട്ടുന്നതായി തോന്നി.വല്ലാത്ത ഒരു വിങ്ങല്‍...പെട്ടന്നു മാനമിരുണ്ടു.ഭൂമി കുലുങ്ങാന്‍ തുടങ്ങി.ഞാന്‍ യേശുവിന്റെ മുഖത്തേയ്ക്കു നോക്കി..

അവ്യക്തമായ ശബ്ദത്തില്‍ യേശു പറഞ്ഞതു ഞാന്‍ കേട്ടു."എല്ലാം പൂര്‍ത്തിയായി"

അവ്യക്തമായ ശബ്ദത്തില്‍ യേശു പറഞ്ഞതു ഞാന്‍ കേട്ടു."എല്ലാം പൂര്‍ത്തിയായി"

കണ്ണു തുറന്നപ്പോള്‍ ഞാന്‍ എന്റെ മുറിയിലാണു.അപ്പോള്‍ ഗോല്‍ഗോത്ത,കുരിശ്‌,ഇതൊക്കെ എവിടെ...ഞാന്‍ ചുറ്റും നോക്കി.ഭിത്തിയിലെ ക്രൂശിത രൂപം എന്നെത്തന്നെ നോക്കുന്നതായി എനിയ്ക്കു തോന്നി....
--------------------------
04/04/2007

എഴുതി പൂര്‍ത്തിയാക്കി.യേശു കാണിച്ചു തന്നതെല്ലാം.ഒരു സ്വപനത്തിലൂടെ അവിടുന്നു എല്ലാം പറഞ്ഞു തന്നു.ഒരോ മനുഷ്യനും ഭൂമിയിലേയ്ക്കു എത്തുന്നതു, നന്മകളിലൂടെ,യേശു ഏല്‍ക്കുന്ന പീഡകളുടെ കഠിന്യം കുറയ്ക്കാനാണു ..പക്ഷേ...പലപ്പോഴും ഞങ്ങള്‍...യേശുവേ,എന്നോടു പൊറുക്കേണമേ..