Friday, October 28, 2011

ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്

"ജാനകി,കാര്‍ത്തികേയനോട്‌ ഒന്നിവിടെ വരെ വരാന്‍ പറയണം.എത്ര തിരക്കുണ്ടെങ്കിലും."

അവള്‍ മറുപടി പറയുന്നതിനു മുന്‍പ്‌ ഞാന്‍ സംസാരം അവസാനിപ്പിച്ചു.അയാള്‍ വരില്ല എന്നവള്‍ പറഞ്ഞാല്‍ ഇന്നത്തെ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്ലോ.ഇതിപ്പോള്‍ അയാള്‍ വന്നേക്കും എന്നൊരു പ്രതീക്ഷയുണ്ട്‌ അടുത്ത ഫോണ്‍ കോള്‍ വരെ,അതു മതി.ഒന്നു സംസാരിക്കണം കാര്‍ത്തികേയനോട്‌,ഇനി അതും കൂടിയേ ബാക്കിയുള്ളു.അയാളെ കണ്ടിട്ട്‌ തന്നെ നാളുകളാകുന്നു.ഞാനുള്ളതു കൊണ്ടാകും ഭാര്യവീടായിട്ടും മുണ്ടയ്ക്കലേയ്ക്ക്‌ അയാള്‍ അധികം വരാത്തത്‌.തെറ്റു പറയാന്‍ പറ്റില്ല അയാളേയും.ഒരു രീതിയില്‍ അയാളുടെ കണ്ണില്‍ സ്വന്തം അച്ഛന്റേയും അമ്മയുടേയും മരണത്തിനു കാരണക്കാരന്‍ ഞാനണല്ലോ.അവസാനം തമ്മില്‍ കണ്ടത്‌ വാര്യര്‍ മരിച്ചപ്പ്പ്പോള്‍ മംഗലശ്ശേരിയില്‍ വച്ചാണെന്നു തോന്നുന്നു.വാര്യരോടും ഒന്നും സംസാരിക്കണം എന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌.വാതില്‍ക്കല്‍ അയാളാണു,കാര്‍ത്തികേയന്‍.എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിട്ടായിരിക്കണം,അയാള്‍ അടുത്തു വന്നിരുന്നു.

"തന്റെ തിരക്കിനിടയില്‍ ബുദ്ധിമുട്ടായല്ലേ ?"
.എങ്ങനെ തുടങ്ങണമെന്നറിയാതിരുന്നതു കൊണ്ടാണു ഒരു ചോദ്യം അങ്ങോട്ടേയ്കെറിഞ്ഞത്‌.ആയെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല,ഒരു ചിരിയില്‍ ഒതുക്കി ഉത്തരം.

"തനിക്കെന്നോട്‌ ഇപ്പോഴും ദേഷ്യമുണ്ടെന്നറിയാം.പരാതിയില്ലടോ,എല്ലാവരും എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാന്‍ പാകത്തിനുള്ളതൊന്നും അല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്‌ അല്ലേ? തന്നോട്‌ ഇത്രടം വരെ ഒന്നു വരാന്‍ പറഞ്ഞത്‌ ഒരു കാര്യം പറയനാണു.ഇനിയെത്ര നാളുണ്ടെന്നറിയില്ല,പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു തീര്‍ക്കാന്‍ ഇനി അധികം സമയമുണ്ടാകില്ല."

"ഏയ്‌,അങ്ങനെയൊന്നും കരുതണ്ടാ.വയ്യായ്ക എന്തെങ്കിലുമുണ്ടോ?"
ഏറെ നാളുകള്‍ക്കു ശേഷം അയാള്‍ എന്നോട്‌ സംസാരിച്ചു.അച്ഛന്റെ അതേ ശബ്ദം.

"അങ്ങനെയൊന്നുമില്ലടോ,സമയാമായി എന്നൊരു തോന്നല്‍.പോകാന്‍ മടിയുമില്ല,പേടിയുമില്ല.ഇരുവട്ടം ദാനം കിട്ടിയതല്ലേ,ഇത്രയുമൊക്കെ പോയില്ലേ.പിന്നെ ഒരു കടം ബാക്കിയുണ്ടെന്നൊരു തോന്നല്‍.തനോടൊരു മാപ്പും കൂടി പറഞ്ഞാല്‍,അത്‌ ഇയാള്‍ സ്വീകരിച്ചാല്‍,പിന്നെ സ്വസ്ഥം."

"മാപ്പ്‌,എന്നോട്‌..എന്തിനു?"
അയാളുടെ ശബ്ദത്തിലും മുഖത്തും നിറയെ സംശയങ്ങള്‍.

"ഭാനുമതി,തന്റെ അമ്മ,ഞാനും നീലനും തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടയ്ക്ക്‌ ഒരുപാട്‌ തവണ ഉപദ്രവിച്ചിട്ടുണ്ട്‌ ആ പാവത്തിനെ.നീലനെ കിട്ടാന്‍ അമ്പലത്തിലെ പടക്കപുരയില്‍ കെട്ടിയിട്ടു ആദ്യം.പിന്നെ ചികിത്സ തേടി വന്നപ്പോള്‍ ആശുപത്രിയില്‍ നിന്നിറക്കി വിട്ടു.ചെയ്യാന്‍ പാടില്ലായിരുന്നു രണ്ടും.പ്രത്യേകിച്ച്‌ രണ്ടാമത്തേത്‌.ഒരു രീതിയില്‍ ഞാന്‍ കൊന്നതു പോലെ ആയില്ലേ.തെറ്റു പറ്റിയെടോ എനിക്ക്‌.ഒരു പക്ഷേ അന്നു അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ തനിക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു,നീലനു അവന്റെ ഭാനുവിനേയും.പൊറുക്കണം താന്‍,ക്ഷമിക്കണം.മനസ്സു കൊണ്ട്‌ ഒരായിരം തവണം ക്ഷമ ചോദിച്ചു ഞാന്‍ നീലനോടും ഭാനുമതിയോടും.പക്ഷേ തന്നോട്‌ ഒന്നു സംസാരിക്കാതെ,താന്‍ ക്ഷമിക്കാതെ മാറില്ലെടോ ഈ വിങ്ങല്‍" . മനസ്സില്‍ പലതവണ പറഞ്ഞു പഠിച്ചിരുന്നിട്ടും,വാക്കുകള്‍ കിട്ടാതെ വരുന്നു,കണ്ണില്‍ ഒരു നനവ്‌ പടരുന്നു.

"ഏയ്‌,അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ? കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നൊക്കെ,കൊല്ലാന്‍ വേണ്ടി തന്നെയാണു അന്നു ആശുപത്രി തകര്‍ത്തതും മറ്റും.പക്ഷേ,അച്ഛന്‍ തടഞ്ഞു.ചെയ്യുന്നതിനൊന്നും അമ്മയെ തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല എന്ന അച്ഛന്റെ വാക്കുകള്‍ കെടുത്തി മനസ്സിലെ പകയെ,ദേഷ്യത്തെ.ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു എല്ലാം,ഓര്‍ക്കാനുള്ള താത്പര്യവും നഷ്ടപ്പെടു.ഇനി ഒരു മാപ്പു പറച്ചിലും ഒന്നും വേണ്ട,മറക്കണം എല്ലാം,സമധാനമായി ഇരിക്കണം." സംസാരിക്കുന്നതു നീലനാണെന്നൊരു നിമിഷം ഓര്‍ത്തു പോയി,അതേ ഭാവം,അതേ രീതി.ഒരേ തൂലികത്തുമ്പില്‍ നിന്നു പിറന്നു വീഴുന്ന കഥാപാത്രങ്ങള്‍ പോലെ.

"മതിയെടോ കാര്‍ത്തികേയാ,അത്രയും കേട്ടാല്‍ മതി.ഒരിക്കല്‍ തന്റെ അച്ചനോട്‌ ഞാന്‍ പണ്ടു പറഞ്ഞതു പോലെ,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന പേര്‌ മായ്ച്ചു കളയാന്‍ സമയമായി.നേരം വൈകി,ജാനകി ആശുപത്രിയില്‍ നിന്നെത്തി കാണില്ലേ,താന്‍ ഇറങ്ങിക്കോ" .ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.ജപിച്ചു കൊണ്ട്‌ ഞാന്‍ ഉറങ്ങാനയി കട്ടിലിലേയ്ക്കും

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമ കൃപയാ ശംഭോ
ത്വയി ഭക്തിം അചഞ്ചലം


ജപം കേട്ടിട്ടാവണം വാതില്‍ക്കല്‍ എത്തിയ അയാള്‍ തിരിഞ്ഞൊന്നു നോക്കി.

"നോക്കണ്ട,തന്റെ അച്ചന്‍ പഠിപ്പിച്ചതു തന്നെ,ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട സമയമായി എന്നു പറഞ്ഞപ്പോള്‍ കേട്ടില്ല.ഇന്നിപ്പോള്‍ ഇതു മാത്രമേ ഉള്ളു ഒരു പ്രാര്‍ത്ഥന"


മയക്കം തെളിയുമ്പോള്‍ ഞാന്‍ ഏതോ ആശുപ്രതിയിലാണു.പരിചയമുള്ള മുഖങ്ങള്‍ ഒന്നും കാണുന്നില്ല.മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ഇടത്തു വശത്തെ ബെഞ്ചില്‍ ഒരു സ്ത്രീ രൂപം.സാരിതലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ ഒരു തേജസുണ്ട്‌,ഒരു ഐശ്വര്യം.എവിടെ നിന്നോ അടിച്ചു കയറിയ കാറ്റില്‍ ആ തലപ്പ്‌ മുഖത്തു നിന്നു മാറി.അതവളായിരുന്നു ഭാനുമതി,നീലന്റെ നെറുകയില്‍ വീണ പുണ്യം.ഒരു നിറഞ്ഞ ചിരിയാണു ഭാനുമതി എനിക്കു നല്‍കിയത്‌.

"ഞാന്‍ ശേഖരനെ കാത്തിരിക്കുകയായിരുന്നു.കാര്‍ത്തികേയനെ കണ്ടുവല്ലേ.നന്നായി.പക്ഷേ മാപ്പൊന്നും പറയേണ്ട കാര്യമില്ലായിരുന്നു.അച്ചനെ പോലെയാണു അവനു ശേഖരന്‍.അവന്‍ അങ്ങനെയേ കാണൂ.എന്റെ കാര്യമോര്‍ത്തു ഒരു വിഷമം വേണ്ട.എന്റെ സമയം എത്തിയിരുന്നു.അന്നവിടെ ചികിത്സിച്ചിരുന്നെങ്കിലും,ഇല്ലെങ്കിലും എന്റെ യാത്ര കഴിഞ്ഞിരുന്നേനെ.മംഗലശ്ശേരിയില്‍ വച്ചു അവസാനിക്കണം എന്നതായിരുന്നിരിക്കണം വിധി,അതിനുള്ള നിയോഗമായി ശേഖരന്‍ എന്നു മാത്രം.ശേഖരനെ കണ്ടിതു പറയാന്‍ വേണ്രി മാത്രമാണു ഈക്കാലം മുഴുവന്‍ ഞാനിവിടെ ഇരുന്നത്‌.ഇനി പോകണം,അതിനുള്ള സമയമായി."

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ഭാനുവിനെ കണ്ടില്ല.കണ്മുന്നില്‍ തെളിഞ്ഞത്‌ വിഭ്രാന്തിയുടെ ഭ്രമകല്‍പനകളാണോ,യഥാര്‍ത്ഥമായ ഒരു കണ്ടുമുട്ടല്‍ തന്നെയാണോ എന്ന് ശങ്കിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്‌.ഇപ്പോള്‍ നില്‍ക്കുന്നതു ആശുപത്രിയിലല്ല,ഒരു റോഡരികിലാണു.വഴിവിളക്കുകള്‍ ഇല്ലാത്ത ചുറ്റില്ലും ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു വഴിയരികില്‍.ഇതു എങ്ങോടേയ്ക്കുള്ള വഴിയാണു,യാത്ര ചെയ്യേണ്ടത്‌ എങ്ങോട്ടാണു.ഒരെത്തും പിടിയും കിട്ടാതെ ഏതോ ഒരു വശത്തേയ്ക്കു ഞാന്‍ നടന്നു.കുറച്ചു നീങ്ങി കഴിഞ്ഞാണതു കണ്ടത്‌,അല്‍പം മാറി തീ ആളിക്കത്തുന്നു,അതും വഴിയുടെ നടുവില്‍ തന്നെ.ഞാന്‍ അല്‍പം വേഗത്തില്‍ അങ്ങോട്ടേയ്ക്ക്‌ നടന്നു.കത്തുന്നത്‌ ഒരു കാറാണെന്നു ഇപ്പോള്‍ വ്യക്തമാണു.ആരോ ഇങ്ങോട്ടേയ്ക്ക്‌ ഒാടി വരുന്നുണ്ട്‌.അടുത്തെത്തിയപ്പോഴാണു കണ്ടത്‌,അതെന്റെ അനന്തിരവനാണു.

"രാജേന്ദ്രാ.."


വിളിയ്ക്കു മറുപടി നല്‍കാതെ അവന്‍ എന്റെ അരികിലൂടെ ഒാടി മറഞ്ഞു.കത്തുന്ന കാറിന്റെ അരികില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്‌.തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടു ആരാണെന്നു മനസ്സിലാകുന്നില്ല.അടുത്തേയ്ക്ക്‌ ചെന്ന എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.പ്രായം കൈയ്യൊപ്പു ചാര്‍ത്തിയ ആ മുഖത്ത്‌ പക്ഷേ തെളിഞ്ഞു നിന്നത്‌ ദേവന്റെ തേജസ്സാണു,കണ്ണുകളില്‍ നിറഞ്ഞു നിന്നത്‌ അസുരന്റെ വീര്യവും.ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന ഈ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ അധികം നേരം വേണ്ടി വന്നില്ല.മംഗലശ്ശേരി നീലകണ്ഠന്‍,എന്നെ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.
എഴുതി തയ്യറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ അവനെന്ന നായകന്‍ വളര്‍ന്നത്‌,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഈ വില്ലന്റെ തോല്‍ വികളിലൂടെയായിരുന്നു.അവന്‍ വളരുകയും ഞാന്‍ തളരുകയും ചെയ്യണമെന്നത്‌ കാണാമറയത്തിരുന്ന് തൂലിക ചലിപ്പിക്കുന്നവന്റെ തീരുമാനമായിരുന്നു.അതിനിടയില്‍ എന്നും തോറ്റുകൊണ്ടിരുന്നവന്റെ മനസ്സിന്റെ വ്യഥകള്‍ക്കെന്തു വില.

"നീ എത്തിയൊ ശേഖരാ.." നീലകണ്ഠന്റെ ഉറച്ച ശബ്ദമാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്‌.

"കണ്ടില്ലേ,നിന്റെ അനന്തിരവന്‍ ചെറുക്കന്റെ ഒരു വികൃതി.നീയാണല്ലോ വിളിച്ചത്‌ എന്നു കരുതി ഇറങ്ങിയതാ ഞാന്‍,എന്നിട്ട്‌ എന്റെ കാര്‍ത്തികേയനൊന്നു കാണാന്‍ കൂടി ബാക്കി വച്ചില്ല രാജേന്ദ്രന്‍.എനിക്കു പോരാന്‍ തോന്നിയത്‌ നന്നായി,അല്ലെങ്കില്‍ എന്റെ കാര്‍ത്തികേയന്‍.."
കത്തി തീരുന്ന ഒരു തുണികഷ്ണത്തെ നോക്കി നീലകണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

"വിളിച്ചതു ഞാന്‍ തന്നെയാ നീലാ.കാര്‍ത്തികേയനെ വരുത്തണം,എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പാക്കാം എന്നു രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍,ഞാനും ഓര്‍ത്തു,തീരുന്നെങ്കില്‍ തീരട്ടെ,കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നു.പക്ഷേ അവന്റെ മനസ്സില്‍ ഇതായിരുന്നു പദ്ധതി എന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു നീലാ ഞാന്‍.മംഗലശ്ശേരിയില്‍ നീലകണ്ഠനുണ്ടെങ്കില്‍ അല്ലെടോ,മുണ്ടയ്ക്കലേ ശേഖരനു നിലനില്‍പ്പുള്ളു.താന്‍ പോയതോടെ മുണ്ടയ്ക്കല്‍ ശേഖരന്റെ കാലവും അവസാനിച്ചു.പിന്നീട്‌ നാളിതു വരെ, ചെയ്തതും പറഞ്ഞതുമായ എല്ലാറ്റിനും പരിഹാരം ചെയ്യാന്‍ ശ്രമിച്കു കൊണ്ടൊരു ജീവിതം.ഇന്നു കാര്‍ത്തികേയനെ കണ്ടു സംസാരിച്ചതോടെ ഇനി ഇവിടെ ചെയ്യാന്‍ ബാക്കിയൊന്നുമില്ല.ഒരു സ്വപ്നം പോലെ,തന്റെ ഭാനുമതിയും വന്നു കണ്മുന്നില്‍,ഇപ്പോള്‍ താനും."


"അറിയാമയിരുന്നെടോ ,താന്‍ അറിഞ്ഞല്ല ഇതു ചെയ്തെന്നു.ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്നു തന്നോട്‌ പറയാന്‍ വേണ്ടിയാണു ഞാനിവിടെ കാത്തു നിന്നത്‌.എനിക്കെന്റെ യാത്ര തുടരണം ഇനി,ഭാനുവും വാര്യരുമൊക്കെ കാത്തു നില്‍ക്കുന്നുണ്ടാകുമെടോ." നീലന്‍ പതിയെ മുന്നോട്ട്‌ നടന്നു തുടങ്ങി.

"അധികം താമസമില്ല,എന്റെ യാത്ര അവസാനിക്കാന്‍" ഞാന്‍ വിളിച്ചു പറഞ്ഞു.

"അവസാനിക്കാന്‍ അല്ലെടോ,യാത്ര തുടങ്ങാന്‍.വഴിയില്‍ ഇതു പോലെ കാത്തിരിക്കേണ്ടി വരും,പലര്‍ക്കും വേണ്ടി,പലരോടും പലതും പറയാന്‍ വേണ്ടി,ഞാനും ഭാനുമതിയും തന്നെ കാത്തിരുന്നതു പോലെ"

കാര്‍ത്തികേയനോട്‌ യാത്ര പറഞ്ഞു മയങ്ങിയ ഞാന്‍ ഇനി അവിടെ ഉണരുന്നില്ല.ആരൊ എന്നെ തേടി വരുന്നത്‌ കാത്തു ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.അതു കാര്‍ത്തികേയനോ,ജാനകിയോ,ശ്രീനിവാസന്‍ നമ്പ്യാരോ..കാലം വെളിപ്പെടുത്തട്ടെ.

Monday, July 18, 2011

എന്റെ മനസ്സ് എന്നോട് പറഞ്ഞത്...

കഴിഞ്ഞ ഒരാഴ്ച്ചയായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും.മറ്റൊന്നും കൊണ്ടല്ല,ജോലി ഇപ്പോള്‍ നൈറ്റ്‌ ഷിഫ്റ്റിലാണു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹൈസ്ക്കൂളിലെ ബയോളജി പാഠ പുസ്തകത്തില്‍ പഠിച്ച ബയോളജിക്കല്‍ ക്ലോക്ക്‌ എന്താണു എന്നത്‌ ഇപ്പോഴാണു മനസ്സില്ലാക്കുന്നത്‌.വീണു കിട്ടുന്ന രാത്രികളില്‍ വേണമെന്നു വിചാരിച്ചാല്‍ കൂടി ഉറങ്ങാന്‍ പറ്റുന്നില്ല,കിഴക്കു വെള്ള കീറിയാല്‍ പിന്നെ കണ്‍പോളകള്‍ നിവര്‍ന്നു നില്‍ക്കുന്നില്ല,ഭക്ഷണം കഴിക്കുന്നത്‌ രാത്രി ഒരു നേരം മാത്രമായിരിക്കുന്നു.ഇങ്ങനെ സാധാരണ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിഞ്ഞ അവസ്ഥ.ഈ പറഞ്ഞ ക്ലോക്കിനു മനസ്സിന്റെ മേലും ഒരു നിയന്ത്രണം ഉണ്ടെന്നു പക്ഷേ ആദ്യമായി പഠിക്കുന്നത്‌ ഇപ്പോഴാണു.മനസ്സും മാറിയിരിക്കുന്നു ഒരുപാട്‌.സുഹൃത്തുകളെ കാണുന്നില്ല,അവരെ വിളിക്കുന്നില്ല,വരുന്ന മെസേജിനും മെയിലിനും ഒന്നും മറുപടി അയക്കുന്നില്ല അഥവാ എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങിയാല്‍ സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ select * from,insert into,update table,cd /var/opt/app എന്നൊക്കെയാണു.എന്തിനേറെ,എ.ടി.എം മെഷിനില്‍ പിന്‍ ചോദിച്ചപ്പോള്‍,ഓഫീസ്‌ പിസിയുടെ പാസ്സ്‌ വേര്‍ഡാണു ആദ്യം ടൈപ്പ്‌ ചെയ്തത്‌.മനസ്സ്‌,അങ്ങനെയൊന്നുണ്ടെങ്കില്‍,അതിന്റെ താളക്രമവും തെറ്റിയിരിക്കുന്നു.അതോ എന്റെ മനസ്സ്‌ എന്നെ മടുത്ത്‌,എന്നില്‍ നിന്നു ഇറങ്ങി പോയിരിക്കുന്നതോ.മുഖത്തെ ചിരി വരെ മാഞ്ഞിരിക്കുന്നു.എന്റെ മാത്രമല്ല,എനിക്കൊപ്പം ഉള്ള ഒരുപാട്‌ പേരുടെയും.

"സാര്‍,ഓഫീസെത്തി".ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ക്യാബ്‌ ഡ്രൈവറുടെ ശബ്ദം കേട്ടാണു.വളരെ പെട്ടന്ന് എത്തിയതു പോലെ,ഒരുപക്ഷേ പലതും ചിന്തിരിച്ചിരുന്നിരുന്നതു കൊണ്ടാകണം.ഓഫീസ്‌ പരിസരം വിജനമാണു.ശനിയാഴ്ച്ച അവധിയായ സ്ഥാപനത്തില്‍,അന്നേ ദിവസം രാത്രി ഒന്‍പതു മണിക്ക്‌ ഒരു ആള്‍ക്കൂട്ടത്തെ കാണേണ്ട കാര്യമില്ലല്ലോ.സെക്യൂരിറ്റി ചേട്ടന്മാരൊട്‌ ഒരു നമസ്കാരം പറഞ്ഞു,ഞാന്‍ മൂന്നാം നിലയിലെ എന്റെ ക്യുബിക്കളിലേയ്ക്ക്‌ നടന്നു.ഇന്നത്തെ രാത്രിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌.ഇന്നെനിക്ക്‌ കൂട്ട്‌ ഞാനും എന്റെ സിസ്റ്റവും എനിക്കുള്ള ജോലികളും മാത്രമാണു.ഇന്നു രാത്രി വരേണ്ട സഹപ്രവര്‍ത്തകനു സുഖമില്ലാത്തതു കൊണ്ട്‌ വരില്ല എന്നു മാനേജര്‍ വിളിച്ചറിയിച്ചിരുന്നു.സിസ്റ്റം ഓണ്‍ ചെയ്ത്‌,ഞാന്‍ എന്റെ മെയില്‍ ബോക്സ്‌ തുറന്നു.ഓഫീഷ്യല്‍ അല്ലാതെയുള്ളവയെല്ലാം പേര്‍സണല്‍ എന്ന ഫോള്‍ഡറിലേയ്ക്ക്‌ മാറ്റിയിട്ടു,പിന്നീട്‌ വായിച്ചു മറുപടി കൊടുക്കാന്‍.കുറച്ചു നാളുകളായി ഇങ്ങനെയാണു.എന്നും ഒരുപാട്‌ പേര്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ച ഞാന്‍,ഒരുപാട്‌ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍,എന്റെ ക്യുബിക്കളിലേയ്ക്ക്‌,എന്റെ സിസ്റ്റത്തിലേയ്ക്ക്‌,എന്റെ ജോലിയിലേയ്ക്ക്‌ ഒതുങ്ങി കൊണ്ടിരിക്കുന്നു,എല്ലാറ്റിലും നിന്നും ഒഴിവാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഒരുപക്ഷേ ഇതിനെയാകും വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എന്നു പറയുന്നത്‌ അല്ലെങ്കില്‍ ടെക്നിക്കല്‍ ഭാഷയില്‍ Human Being 1.0ല്‍ നിന്ന്,Techie 2.0 ലേയ്ക്കുള്ള Upgrade Project.

ഒഫീഷ്യല്‍ മെയിലുകളിലൂടെ കണ്ണോടിച്ചു.ആത്യന്തികമായി എല്ലാറ്റിലും ഉള്ളത്‌ ഒരേ കാര്യങ്ങള്‍.ഉപയോഗിച്ചിരിക്കുന്ന വാക്കുകളും,പ്രയോഗങ്ങളും എല്ലാം ഒന്നു തന്നെ,അയച്ചിരിക്കുന്ന ആളിലും,ഘടനയിലും മാത്രമാണു വത്യാസം.രാത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി കഴിഞ്ഞപ്പോള്‍ തന്നെ മണിക്കൂറൊന്നു പോയി കഴിഞ്ഞിരിക്കുന്നു.ഞാന്‍ പെട്ടന്ന് തന്നെ ജോലികള്‍ ആരംഭിച്ചു.മൂന്നു മണിക്കൂറിലൊന്നു എന്ന കണക്കില്‍ ആണു Status Update അയക്കണ്ടത്‌.അര്‍ദ്ധരാത്രി പന്ത്രണ്ട്‌ മണിയ്ക്കു ആദ്യത്തേത്‌ അയച്ചു കഴിഞ്ഞാണു സ്ക്രീനില്‍ നിന്നു പിന്നെ കണ്ണേടുക്കുന്നത്‌.ഏകദേശം അതേ സമയത്ത്‌ തന്നെ സെക്യൂരിറ്റി ചേട്ടന്മാരില്‍ ഒരാള്‍ Night Stay Register ഒപ്പീടിക്കുന്നതിനു വേണ്ടി വന്നു.അതില്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ ഒന്‍പതു മണിക്കും പന്ത്രണ്ടു മണിയ്ക്കും എന്റെ പേരു മാത്രം.

തുടര്‍ച്ചയായി ഉറക്കമിളക്കുന്നതിന്റെയാകണം,നല്ല തലവേദനയും ക്ഷീണവും തോന്നുന്നുണ്ട്‌.ഒരു ചെറിയ ടീ ബ്രേക്കിനുള്ള സമയമായിരിക്കുന്നു.ക്യുബിക്കളില്‍ നിന്നിറങ്ങി ഞാന്‍ നാലാം നിലയിലെ പാന്റ്രിയിലേക്കു നടന്നു,വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു ഒരു ചായയും എടുത്ത്‌ ഞാന്‍ ബാല്‍ക്കണിയില്‍ പോയി നിന്നു,ഓഫീസിന്റെ മുന്നിലൂടെ പോകുന്ന ഹൈവേ വിജനമാണു,സുന്ദരമായ കാഴച്ചകളൊന്നും പുറത്തു കാണുന്നില്ല,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു പോലും ഒരു സൗ ന്ദര്യ കുറവുണ്ട്‌.ഒരുപക്ഷേ ഈ കാഴച്ചകള്‍ എനിക്കു സുന്ദരമായി തോന്നാത്തതും ആകാം.ചായ തീര്‍ന്നു,തിരിച്ചു ക്യൂബിക്കളിലേയ്ക്ക്‌ പോകുമ്പോഴാണു ശ്രദ്ധിച്ചത്‌,നാലാം നിലയിലെ ഒരു വിംഗില്‍ വെളിച്ചം.Night stay register ല്‍ വേറെ ആരുടെയും പേരു കാണാത്ത സ്ഥിതിയ്ക്ക്‌ വേറെ അവിടെ ഉണ്ടാകണ്ടതല്ല.ഇനി ക്ലീനിംഗ്‌ സ്റ്റാഫ്‌ മറ്റോ ആണൊ എന്ന എന്റെ സംശയത്തിനു അധികം നേരം ആയുസ്സ്‌ ഉണ്ടായില്ല,കാരണം വെളിച്ചം മാത്രമല്ല കീബോര്‍ഡില്‍ കൈവിരലുകള്‍ ആഞ്ഞു പതിയുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്‌.ഈ രാത്രിയില്‍ ഞാനറിയാതെ എനിക്കൊപ്പമുള്ളത്‌ ആരാണെന്നു അറിയാനുള്ള കൗതുകത്തില്‍ ഞാന്‍ ആ വിംഗിലേയ്ക്ക്‌ കയറി ചെന്നു.അവിടെ വലതു വശത്തു മൂന്നാമത്തെ ക്യുബിക്കളില്‍ ഒരാള്‍ സ്ക്രീനിലേയ്ക്ക്‌ തന്നെ കണ്ണും നട്ട്‌,കീബോര്‍ഡില്‍ അതി വേഗത്തില്‍ ടൈപ്പ്‌ ചെയ്തു ഇരിക്കുന്നു.അടുത്തേയ്ക്ക്‌ ചെന്നപ്പോഴാണു മനസ്സില്ലായത്‌ അത്‌ സോളമന്‍ ആണെന്നു.മനസ്സില്ലാക്കാന്‍ കുറച്ചു പാടുപെട്ടു എന്നതാണു സത്യം.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്യുമ്പോള്‍ അവിടുത്തെ താരമായിരുന്നു സോളമന്‍.പ്രോജക്ടിലെയും,ഓഫീസിലെയും ഒക്കെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന ആള്‍,കള്‍ച്ചറല്‍ കമിറ്റിയിലേയും സ്പോര്‍ട്ട്സ്‌ ടീമിലെയും ഒക്കെ നിറസാന്നിദ്ധ്യം.ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്‌ ആദ്യ കാലങ്ങളില്‍,പിന്നീട്‌ എപ്പോഴോ പരിചയപ്പെട്ടു,സുഹൃത്തുകളായി.പക്ഷേ പിന്നീടെപ്പോഴോ സോളമന്‍ മാറാന്‍ തുടങ്ങി.ജോലിയുടെ തിരക്കുകള്‍,സമ്മര്‍ദ്ദങ്ങള്‍ അവനെയും മാറ്റി എന്നതാണു ശരി.പിന്നീട്‌ സോളമനെ കാണുമ്പോഴൊക്കെ അവന്‍ ഒറ്റയ്ക്കായിരുന്നു.ഒരു വര്‍ഷം മുന്‍പ്‌ വിവാഹിതനായി എന്നു ആരോ പറഞ്ഞറിഞ്ഞു,പക്ഷേ അവിടെയും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും,ഡിവോഴ്സിന്റെ വക്കിലാണെന്നുമൊക്കെയാണു കേള്‍ക്കുന്നത്‌.ഞാന്‍ ക്യുബിക്കളിലെത്തിയത്‌ അവന്‍ അറിഞ്ഞില്ല എന്നു തോന്നുന്നു.ശ്രദ്ധ മുഴുവന്‍ സ്ക്രീനില്‍ തന്നെയാണു.

"സോളമന്‍" .ഞാന്‍ വിളിച്ചു.പക്ഷേ അവന്‍ കേട്ടതായി ഭാവിച്ചില്ല.ഞാന്‍ തോളത്തു തട്ടി ഒരിക്കല്‍ കൂടി വിളിച്ചു.ഇക്കുറി അവന്‍ തിരിഞ്ഞു നോക്കി പക്ഷേ ഭാവമാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല മരവിച്ച ആ മുഖത്ത്‌.

"എന്താ,നൈറ്റ്‌ ഷിഫിറ്റില്‍ ആണോ?" .വീണ്ടും മറുപടി മൗനമായിരുന്നു.

"സോളമാ,എന്താ പറ്റിയത്‌,What Happened?".അവന്റെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു,പെട്ടന്ന് അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.സാവധാനം അതൊരു പൊട്ടിക്കരച്ചിലായി മാറി.അതിന്റെ അവസാനം അവന്‍ ഇങ്ങനെ പറഞ്ഞു

"ഞാന്‍ സോളമനല്ല,അവന്‍ എന്നോ ഇവിടെ ഉപേക്ഷിച്ച അവന്റെ മനസ്സാണു ഞാന്‍." .

കേട്ടതെല്ലാം അപ്പോള്‍ ശരിയാണു.ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ അവന്റെ സമനില തെറ്റിച്ചിരിക്കുന്നു.അവിടെ നിന്നു രക്ഷപ്പെടാനാണു പെട്ടന്നു തോന്നിയത്‌.പക്ഷേ പണ്ടു ഒരുമിച്ച്‌ ചിലവഴിച്ച സൗഹ്രദത്തിന്റെ നിമിഷങ്ങള്‍ എന്നെ അതിനു അനുവദിച്ചില്ല.

"Its Ok Soloman,എല്ലാം ശരിയാകും.നിനക്കു ഒരു പ്രശ്നവുമില്ല".ഞാന്‍ പറഞ്ഞു

"എന്നെ ഒന്നു വിശ്വസിക്കൂ,നിങ്ങള്‍ വിചാരിക്കുന്നതു പോലെ സമനില തെറ്റിയ സോളമന്‍ അല്ല ഞാന്‍.ഞാന്‍ അവന്റെ മനസ്സാണു.ഇവിടെ നിന്നു അവന്റെ ശരീരം പോയാലും,അവനെ എന്നെ ഇവിടെ ഇട്ടിരിക്കുകയാണു.ആരെങ്കിലും അവനെ അതൊന്നു പറഞ്ഞു മനസ്സിലാക്കൂ.ഞാനില്ലാതെ അവനില്ല.അവന്റെ ഭാര്യ,സുഹൃത്തുകള്‍,ബന്ധുകള്‍ എല്ലാവരും അവനെ ഇന്നു വെറുക്കുന്നു,ഉപേക്ഷിക്കുന്നു.കാരണം അവരെയൊക്കെ തിരിച്ചറിയാന്‍,അവരെ സ്നേഹിക്കാന്‍ അവനു സാധിച്ചിരുന്നത്‌ എന്നിലൂടെയാണു.എന്നെ ഇവിടെ തളച്ചിട്ട അന്നു മുതല്‍ അവന്‍ തലച്ചോറു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം മാത്രമാണു,ചിന്തയും വികാരങ്ങളും ഇല്ലാത്ത,Techie എന്നു നിങ്ങള്‍ വിളിക്കുന്ന വെറുമൊരു യന്ത്രം.നിങ്ങള്‍ ഒരു കാലത്ത്‌ അവന്റെ സുഹൃത്തായിരുന്നില്ലെ? അവനെ ഒന്നു കാണൂ,സംസാരിക്കൂ,എന്നെ ഇവിടെ നിന്ന് അവനൊപ്പം കൊണ്ടു പോകാന്‍ പറയൂ..പ്ലീസ്‌..പ്ലീസ്‌..ഹെല്‍പ്‌ മീ !!!" . തരിച്ചിരുന്ന എന്റെ മുഖത്ത്‌ നോക്കി ആ രൂപം അലറി.പേടിച്ചരണ്ട ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കണ്ണു തുറക്കുമ്പോള്‍,ഞാന്‍ ആ വിംഗില്‍ തന്നെയാണു.പക്ഷേ അവിടെ വെളിച്ചമില്ല,സോളമന്റെ രൂപവുമില്ല.എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നു സ്വയം ആശ്വസിച്ച്‌,ഞാന്‍ എന്റെ വിംഗിലേയ്ക്ക്‌ നടന്നു.തോന്നലാണെങ്കിലും ആ കേട്ടതില്‍ ഒരു സത്യമില്ലേ എന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.സോളമന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍..?? ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ട്‌ ഞാന്‍ എന്റെ വിംഗിന്റെ വാതില്‍ തുറന്നു അകത്തേയ്ക്ക്‌ ഹൃദയമിടിപ്പ്‌ നിശ്ചലമായി പോകുന്ന മറ്റൊരു കാഴച്ച എന്നെ കാത്തു അവിടെയുണ്ടായിരുന്നു,എന്റെ സീറ്റില്‍,എന്റെ മെഷിനിന്റെ മുന്നില്‍ ഇരുന്ന് ജോലിയെടുക്കുന്ന മറ്റൊരു ഞാന്‍ !!! എന്റെ മനസ്സിനെ ആ ക്യുബിക്കിളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ തളച്ചിട്ട്‌ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌ ഞെട്ടലോടെയാണു.ആ വിംഗിന്റെ പല കോണുകളിലും സ്ക്രീനിലേയ്ക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന അവ്യക്തമായ രൂപങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു.

ഒരു ബ്ലാക്ക്‌ ഔട്ട്‌.എല്ലാം പഴയതു പോലെ തന്നെ.വിജനമായ വിംഗില്‍ ഞാന്‍ മാത്രം,എന്റെ സീറ്റ്‌ കാലിയാണ്‌.ഞാന്‍ അവിടെ ചെന്നിരുന്നു,സ്ക്രീനില്‍ ഒരു Reminder തെളിഞ്ഞു വന്നിരിക്കുന്നു.

3 Hour Status Update-Now

ഞാന്‍ പുതിയ മെയില്‍ തുറന്നു.അതില്‍ ഇങ്ങനെയെഴുതി

I QUIT !!!

Send ബട്ടണില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ അന്നു വരെ അനുഭവിക്കാതെ ഒരു ശാന്തത. ഞാന്‍ ഇറങ്ങി അവിടെ നിന്ന്,എന്റെ ജീവിതത്തിലേയ്ക്ക്‌,എന്റെ സ്വപ്നങ്ങളിലേയ്ക്ക്‌.ആ യാത്രയില്‍ എനിക്കൊപ്പം എനിക്കു കൂട്ടായി,പ്രചോദനമായി,എന്റെ മനസ്സും...

Friday, May 6, 2011

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും,കൈരളി ടിവിയുടെ ചീഫ്‌ എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്‌ രാജി വച്ചു / രാജിയ്ക്കൊരുങ്ങുന്നു എന്നൊക്കെയായിരുന്നു ആ വാര്‍ത്തകള്‍.ഏറ്റവുമധികം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ചാനല്‍ വ്യവസായവും.അതു കൊണ്ടു തന്നെ ഒരോ ദിവസവും പുതിയ ചാനലുകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ നാട്ടില്‍ അത്‌ വലിയൊരു വാര്‍ത്തയാകേണ്ടതല്ല.കാരണം,കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക്‌ തന്നെ ഒരുപാട്‌ വ്യക്തികള്‍,ഒരുപാട്‌ മുഖങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുന്ന കാഴച്ച നാം കണ്ടു കഴിഞ്ഞതാണു.പക്ഷേ ബ്രിട്ടാസിന്റെ രാജി കുറച്ചു കൂടി ശ്രദ്ധ പിടിച്ചു പറ്റി.കാരണങ്ങള്‍ പലതാണു,കഴിഞ്ഞ എട്ടു വര്‍ഷകാലങ്ങളായി കൈരളിയുടെ മുഖമാണു ബ്രിട്ടാസ്‌,സി.പി.ഐ(എം) പ്രൊമോട്ട്‌ ചെയ്യുന്ന ഒരു ചാനാലാണു കൈരളി,വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ച്‌ പാര്‍ട്ടി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം,ഇതൊക്കെയായിരിക്കാണം ആ കാരണങ്ങള്‍.ഊഹാപോഹങ്ങള്‍ ഒരുപാട്‌ വന്നു പോയി.ബ്രിട്ടാസ്‌ മാറുന്നത്‌ നികേഷിനൊപ്പം പുതിയ ചാനലിലേയ്ക്ക്‌,റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിലേയ്ക്ക്‌ എന്നിങ്ങനെ 1000 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പുതിയ ചാനലിന്റെ തലപ്പതേയ്ക്കാണു ബ്രിട്ടാസ്‌ പോകുന്നത്‌ എന്നു വരെയെത്തി ഊഹങ്ങളും വാര്‍ത്തകളും.ആദ്യ വാര്‍ത്ത വന്നു ഏകദേശം ഒരാഴച്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്തു വന്നു.ബ്രിട്ടാസ്‌ കൈരളിയില്‍ നിന്നു രാജി വച്ചു,കൈരളിയുടെ തലപ്പത്ത്‌ പുതിയ സാരഥികളെത്തി,മലയാള മാദ്ധ്യമലോകം ഒരിക്കലും കണ്ടിട്ടില്ലത്തതു പോലെയുള്ള ഹൃദ്യവും വികാരനിര്‍ഭരവുമായ ഒരു യാത്രയപ്പും ബ്രിട്ടസിനു കൈരളി നല്‍കി.അടുത്ത ദിവസങ്ങളില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ സൗത്ത്‌ ഇന്ത്യ ബിസിനസ്സ്‌ ഹെഡ്‌ ആയി ബ്രിട്ടാസ്‌ ചുമതലയേല്‍ക്കുകയും ചെയ്തു.കേരളത്തില്‍ നിന്നുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വപ്നതുല്യമായ ഒരു അംഗീകാരം.ബ്രിട്ടാസിന്റെ കഴിവുകളെ അടുത്തറിയാവുന്നവര്‍ പറയുന്നതു പോലെ,അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക്‌ തന്നെയാണു ബ്രിട്ടാസ്‌ പോയത്‌.കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിച്ചിരിക്കുന്ന സമയത്താണു ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്‌.അച്യുതനാന്ദനോട്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യത്തെ കുറിച്ചു ചോദിക്കുന്നതു.ബ്രിട്ടാസിനെതിരെയും ബ്രിട്ടാസിന്റെ തീരുമാനത്തിനെതിരെയും നിശിതമായ വിമര്‍ശനങ്ങളായിരുന്നു ശ്രീ വി.എസ്‌ തൊടുത്തു വിട്ടത്‌.വി.എസിനെ സംബന്ധിച്ചിടത്തോളം സ്വഭാവികമായ ഒരു പ്രതികരണം തന്നെയായിരുന്നു അത്‌.കാരണം രണ്ടാണു,തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നു വി.എസ്‌ തെറ്റിദ്ധരിക്കുന്നവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്നും,അവരുടെ പ്രവര്‍ത്തികളെ തികച്ചും നിലവാരം കുറഞ്ഞ ഭാഷ കൊണ്ട്‌ വിമര്‍ശിക്കുക എന്നതു അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണു.മറ്റൊരു കാരണം പാര്‍ട്ടിയുടെ അപചയത്തിനു തന്നെ കാരണമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഒന്നു കൂടി ഊട്ടിയുറപ്പിച്ച്‌ തന്റെ സ്ഥാനം കുറച്ചു കൂടി ബലപ്പെടുത്താന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം,സാധാരണ ഭാഷയില്‍ "പുര കത്തുമ്പോള്‍ വാഴ വെട്ടുക" എന്നതു തന്നെ.ബ്രിട്ടാസ്‌ എന്ന സാധരണ ജേര്‍ണ്ണലിസ്റ്റില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേയ്ക്കുള്ള ബ്രിട്ടാസിന്റെ വളര്‍ച്ചയിലും,നഷ്ടത്തിലായിരുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ നേടിയ വളര്‍ച്ചയിലും അസ്വസ്ഥരായ്‌ ചില മാദ്ധ്യമസ്ഥാപനങ്ങളും,മാദ്ധ്യമപ്രവര്‍ത്തകരും ഈ സംഭവങ്ങള്‍ക്ക്‌ അല്‍പം എരിവു പകരുകയും ചെയ്തു.പക്ഷേ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ ബ്രിട്ടാസ്‌ എന്നതും,ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടേണ്ട ഒരു സംഭവമാണോ ഇത്‌ എന്നും,ഒരു പ്രൊഫഷണലിന്റെ കരിയറിലെ മാറ്റങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു


ആരാണ്‌ ജോണ്‍ ബ്രിട്ടാസ്‌ ?കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട്‌ തികച്ചും സാധരണമായ ബാല്യം.കോളേജ്‌ വിദ്യഭ്യാസ കാലത്ത്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ്‌ മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്‌.ആദ്യം ദേശാഭിമാനി ഡല്‍ ഹി ബ്യൂറോയില്‍,പിന്നീട്‌ കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്‌.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക്‌ വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ്‌ തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ്‌ ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ്‌ ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ്‌ ബ്രിട്ടാസിനെ തേടിയെത്തിയത്‌.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറായി ബ്രിട്ടാസ്‌ ചുമതലയേറ്റു.പിന്നിടങ്ങോട്ട്‌ നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ്‌ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്‌,ചരിത്രമുറങ്ങുന്ന പാളയത്ത്‌ കൈരളിയ്ക്ക്‌ മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ്‌ അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ്‌ പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട്‌ അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ്‌ കൈരളി വിടുന്നത്‌.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്‌.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ്‌ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ്‌ ഒരു ഇടതു പക്ഷ സഹയാത്രികന്‍ ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച്‌ ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച്‌ തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്‌,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത്‌ പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക്‌ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്‌.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും

വി.എസ്‌ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറിനെ ബ്രിട്ടാസ്‌ അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ്‌ വി.എസിനു അനഭിമതനാകുന്നത്‌.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്‍" എന്നാണു ശ്രീ.വി.എസ്‌ , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്‌.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ്‌ ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ്‌ അന്ന് ഫാരിസിനോട്‌ ചോദിച്ചത്‌.ഫാരിസ്‌ മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ്‌ അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള്‍ രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്‌,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ്‌ ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച്‌ അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ്‌ നടത്തിയത്‌ എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ്‌ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ്‌ നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട്‌ കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ്‌ ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ്‌ എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ്‌ ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ്‌ വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത്‌ എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ്‌ ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ്‌ മറന്നതാകും.തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ്‌ ഐസക്കിനെ സി.ഐ.എ ചാരന്‍ എന്നു വിശേഷിപ്പിച്ചത്‌ അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്‌.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ്‌ തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്‌.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ്‌ കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ്‌ ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത്‌ ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും‌.ഏല്‍പിച്ച്‌ ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ്‌ വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?

കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും

കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്‌.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത്‌ ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക്‌ അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ്‌ വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ്‌ അനുവാദം നല്‍കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ്‌ രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ്‌ ഹെഡ്‌ ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.


പുതിയ തസ്തികയില്‍ ബ്രിട്ടാസ്‌ ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്‌.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്‌,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട്‌ പോകേണ്ടത്‌.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക്‌ വെറുതെ വിടാം.എല്ലാവര്‍ക്കും ശുഭാശംസകള്‍ നേരാം.