Monday, July 18, 2011

എന്റെ മനസ്സ് എന്നോട് പറഞ്ഞത്...

കഴിഞ്ഞ ഒരാഴ്ച്ചയായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും.മറ്റൊന്നും കൊണ്ടല്ല,ജോലി ഇപ്പോള്‍ നൈറ്റ്‌ ഷിഫ്റ്റിലാണു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹൈസ്ക്കൂളിലെ ബയോളജി പാഠ പുസ്തകത്തില്‍ പഠിച്ച ബയോളജിക്കല്‍ ക്ലോക്ക്‌ എന്താണു എന്നത്‌ ഇപ്പോഴാണു മനസ്സില്ലാക്കുന്നത്‌.വീണു കിട്ടുന്ന രാത്രികളില്‍ വേണമെന്നു വിചാരിച്ചാല്‍ കൂടി ഉറങ്ങാന്‍ പറ്റുന്നില്ല,കിഴക്കു വെള്ള കീറിയാല്‍ പിന്നെ കണ്‍പോളകള്‍ നിവര്‍ന്നു നില്‍ക്കുന്നില്ല,ഭക്ഷണം കഴിക്കുന്നത്‌ രാത്രി ഒരു നേരം മാത്രമായിരിക്കുന്നു.ഇങ്ങനെ സാധാരണ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിഞ്ഞ അവസ്ഥ.ഈ പറഞ്ഞ ക്ലോക്കിനു മനസ്സിന്റെ മേലും ഒരു നിയന്ത്രണം ഉണ്ടെന്നു പക്ഷേ ആദ്യമായി പഠിക്കുന്നത്‌ ഇപ്പോഴാണു.മനസ്സും മാറിയിരിക്കുന്നു ഒരുപാട്‌.സുഹൃത്തുകളെ കാണുന്നില്ല,അവരെ വിളിക്കുന്നില്ല,വരുന്ന മെസേജിനും മെയിലിനും ഒന്നും മറുപടി അയക്കുന്നില്ല അഥവാ എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങിയാല്‍ സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ select * from,insert into,update table,cd /var/opt/app എന്നൊക്കെയാണു.എന്തിനേറെ,എ.ടി.എം മെഷിനില്‍ പിന്‍ ചോദിച്ചപ്പോള്‍,ഓഫീസ്‌ പിസിയുടെ പാസ്സ്‌ വേര്‍ഡാണു ആദ്യം ടൈപ്പ്‌ ചെയ്തത്‌.മനസ്സ്‌,അങ്ങനെയൊന്നുണ്ടെങ്കില്‍,അതിന്റെ താളക്രമവും തെറ്റിയിരിക്കുന്നു.അതോ എന്റെ മനസ്സ്‌ എന്നെ മടുത്ത്‌,എന്നില്‍ നിന്നു ഇറങ്ങി പോയിരിക്കുന്നതോ.മുഖത്തെ ചിരി വരെ മാഞ്ഞിരിക്കുന്നു.എന്റെ മാത്രമല്ല,എനിക്കൊപ്പം ഉള്ള ഒരുപാട്‌ പേരുടെയും.

"സാര്‍,ഓഫീസെത്തി".ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ക്യാബ്‌ ഡ്രൈവറുടെ ശബ്ദം കേട്ടാണു.വളരെ പെട്ടന്ന് എത്തിയതു പോലെ,ഒരുപക്ഷേ പലതും ചിന്തിരിച്ചിരുന്നിരുന്നതു കൊണ്ടാകണം.ഓഫീസ്‌ പരിസരം വിജനമാണു.ശനിയാഴ്ച്ച അവധിയായ സ്ഥാപനത്തില്‍,അന്നേ ദിവസം രാത്രി ഒന്‍പതു മണിക്ക്‌ ഒരു ആള്‍ക്കൂട്ടത്തെ കാണേണ്ട കാര്യമില്ലല്ലോ.സെക്യൂരിറ്റി ചേട്ടന്മാരൊട്‌ ഒരു നമസ്കാരം പറഞ്ഞു,ഞാന്‍ മൂന്നാം നിലയിലെ എന്റെ ക്യുബിക്കളിലേയ്ക്ക്‌ നടന്നു.ഇന്നത്തെ രാത്രിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌.ഇന്നെനിക്ക്‌ കൂട്ട്‌ ഞാനും എന്റെ സിസ്റ്റവും എനിക്കുള്ള ജോലികളും മാത്രമാണു.ഇന്നു രാത്രി വരേണ്ട സഹപ്രവര്‍ത്തകനു സുഖമില്ലാത്തതു കൊണ്ട്‌ വരില്ല എന്നു മാനേജര്‍ വിളിച്ചറിയിച്ചിരുന്നു.സിസ്റ്റം ഓണ്‍ ചെയ്ത്‌,ഞാന്‍ എന്റെ മെയില്‍ ബോക്സ്‌ തുറന്നു.ഓഫീഷ്യല്‍ അല്ലാതെയുള്ളവയെല്ലാം പേര്‍സണല്‍ എന്ന ഫോള്‍ഡറിലേയ്ക്ക്‌ മാറ്റിയിട്ടു,പിന്നീട്‌ വായിച്ചു മറുപടി കൊടുക്കാന്‍.കുറച്ചു നാളുകളായി ഇങ്ങനെയാണു.എന്നും ഒരുപാട്‌ പേര്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ച ഞാന്‍,ഒരുപാട്‌ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍,എന്റെ ക്യുബിക്കളിലേയ്ക്ക്‌,എന്റെ സിസ്റ്റത്തിലേയ്ക്ക്‌,എന്റെ ജോലിയിലേയ്ക്ക്‌ ഒതുങ്ങി കൊണ്ടിരിക്കുന്നു,എല്ലാറ്റിലും നിന്നും ഒഴിവാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഒരുപക്ഷേ ഇതിനെയാകും വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എന്നു പറയുന്നത്‌ അല്ലെങ്കില്‍ ടെക്നിക്കല്‍ ഭാഷയില്‍ Human Being 1.0ല്‍ നിന്ന്,Techie 2.0 ലേയ്ക്കുള്ള Upgrade Project.

ഒഫീഷ്യല്‍ മെയിലുകളിലൂടെ കണ്ണോടിച്ചു.ആത്യന്തികമായി എല്ലാറ്റിലും ഉള്ളത്‌ ഒരേ കാര്യങ്ങള്‍.ഉപയോഗിച്ചിരിക്കുന്ന വാക്കുകളും,പ്രയോഗങ്ങളും എല്ലാം ഒന്നു തന്നെ,അയച്ചിരിക്കുന്ന ആളിലും,ഘടനയിലും മാത്രമാണു വത്യാസം.രാത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി കഴിഞ്ഞപ്പോള്‍ തന്നെ മണിക്കൂറൊന്നു പോയി കഴിഞ്ഞിരിക്കുന്നു.ഞാന്‍ പെട്ടന്ന് തന്നെ ജോലികള്‍ ആരംഭിച്ചു.മൂന്നു മണിക്കൂറിലൊന്നു എന്ന കണക്കില്‍ ആണു Status Update അയക്കണ്ടത്‌.അര്‍ദ്ധരാത്രി പന്ത്രണ്ട്‌ മണിയ്ക്കു ആദ്യത്തേത്‌ അയച്ചു കഴിഞ്ഞാണു സ്ക്രീനില്‍ നിന്നു പിന്നെ കണ്ണേടുക്കുന്നത്‌.ഏകദേശം അതേ സമയത്ത്‌ തന്നെ സെക്യൂരിറ്റി ചേട്ടന്മാരില്‍ ഒരാള്‍ Night Stay Register ഒപ്പീടിക്കുന്നതിനു വേണ്ടി വന്നു.അതില്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ ഒന്‍പതു മണിക്കും പന്ത്രണ്ടു മണിയ്ക്കും എന്റെ പേരു മാത്രം.

തുടര്‍ച്ചയായി ഉറക്കമിളക്കുന്നതിന്റെയാകണം,നല്ല തലവേദനയും ക്ഷീണവും തോന്നുന്നുണ്ട്‌.ഒരു ചെറിയ ടീ ബ്രേക്കിനുള്ള സമയമായിരിക്കുന്നു.ക്യുബിക്കളില്‍ നിന്നിറങ്ങി ഞാന്‍ നാലാം നിലയിലെ പാന്റ്രിയിലേക്കു നടന്നു,വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു ഒരു ചായയും എടുത്ത്‌ ഞാന്‍ ബാല്‍ക്കണിയില്‍ പോയി നിന്നു,ഓഫീസിന്റെ മുന്നിലൂടെ പോകുന്ന ഹൈവേ വിജനമാണു,സുന്ദരമായ കാഴച്ചകളൊന്നും പുറത്തു കാണുന്നില്ല,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു പോലും ഒരു സൗ ന്ദര്യ കുറവുണ്ട്‌.ഒരുപക്ഷേ ഈ കാഴച്ചകള്‍ എനിക്കു സുന്ദരമായി തോന്നാത്തതും ആകാം.ചായ തീര്‍ന്നു,തിരിച്ചു ക്യൂബിക്കളിലേയ്ക്ക്‌ പോകുമ്പോഴാണു ശ്രദ്ധിച്ചത്‌,നാലാം നിലയിലെ ഒരു വിംഗില്‍ വെളിച്ചം.Night stay register ല്‍ വേറെ ആരുടെയും പേരു കാണാത്ത സ്ഥിതിയ്ക്ക്‌ വേറെ അവിടെ ഉണ്ടാകണ്ടതല്ല.ഇനി ക്ലീനിംഗ്‌ സ്റ്റാഫ്‌ മറ്റോ ആണൊ എന്ന എന്റെ സംശയത്തിനു അധികം നേരം ആയുസ്സ്‌ ഉണ്ടായില്ല,കാരണം വെളിച്ചം മാത്രമല്ല കീബോര്‍ഡില്‍ കൈവിരലുകള്‍ ആഞ്ഞു പതിയുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്‌.ഈ രാത്രിയില്‍ ഞാനറിയാതെ എനിക്കൊപ്പമുള്ളത്‌ ആരാണെന്നു അറിയാനുള്ള കൗതുകത്തില്‍ ഞാന്‍ ആ വിംഗിലേയ്ക്ക്‌ കയറി ചെന്നു.അവിടെ വലതു വശത്തു മൂന്നാമത്തെ ക്യുബിക്കളില്‍ ഒരാള്‍ സ്ക്രീനിലേയ്ക്ക്‌ തന്നെ കണ്ണും നട്ട്‌,കീബോര്‍ഡില്‍ അതി വേഗത്തില്‍ ടൈപ്പ്‌ ചെയ്തു ഇരിക്കുന്നു.അടുത്തേയ്ക്ക്‌ ചെന്നപ്പോഴാണു മനസ്സില്ലായത്‌ അത്‌ സോളമന്‍ ആണെന്നു.മനസ്സില്ലാക്കാന്‍ കുറച്ചു പാടുപെട്ടു എന്നതാണു സത്യം.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്യുമ്പോള്‍ അവിടുത്തെ താരമായിരുന്നു സോളമന്‍.പ്രോജക്ടിലെയും,ഓഫീസിലെയും ഒക്കെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന ആള്‍,കള്‍ച്ചറല്‍ കമിറ്റിയിലേയും സ്പോര്‍ട്ട്സ്‌ ടീമിലെയും ഒക്കെ നിറസാന്നിദ്ധ്യം.ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്‌ ആദ്യ കാലങ്ങളില്‍,പിന്നീട്‌ എപ്പോഴോ പരിചയപ്പെട്ടു,സുഹൃത്തുകളായി.പക്ഷേ പിന്നീടെപ്പോഴോ സോളമന്‍ മാറാന്‍ തുടങ്ങി.ജോലിയുടെ തിരക്കുകള്‍,സമ്മര്‍ദ്ദങ്ങള്‍ അവനെയും മാറ്റി എന്നതാണു ശരി.പിന്നീട്‌ സോളമനെ കാണുമ്പോഴൊക്കെ അവന്‍ ഒറ്റയ്ക്കായിരുന്നു.ഒരു വര്‍ഷം മുന്‍പ്‌ വിവാഹിതനായി എന്നു ആരോ പറഞ്ഞറിഞ്ഞു,പക്ഷേ അവിടെയും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും,ഡിവോഴ്സിന്റെ വക്കിലാണെന്നുമൊക്കെയാണു കേള്‍ക്കുന്നത്‌.ഞാന്‍ ക്യുബിക്കളിലെത്തിയത്‌ അവന്‍ അറിഞ്ഞില്ല എന്നു തോന്നുന്നു.ശ്രദ്ധ മുഴുവന്‍ സ്ക്രീനില്‍ തന്നെയാണു.

"സോളമന്‍" .ഞാന്‍ വിളിച്ചു.പക്ഷേ അവന്‍ കേട്ടതായി ഭാവിച്ചില്ല.ഞാന്‍ തോളത്തു തട്ടി ഒരിക്കല്‍ കൂടി വിളിച്ചു.ഇക്കുറി അവന്‍ തിരിഞ്ഞു നോക്കി പക്ഷേ ഭാവമാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല മരവിച്ച ആ മുഖത്ത്‌.

"എന്താ,നൈറ്റ്‌ ഷിഫിറ്റില്‍ ആണോ?" .വീണ്ടും മറുപടി മൗനമായിരുന്നു.

"സോളമാ,എന്താ പറ്റിയത്‌,What Happened?".അവന്റെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു,പെട്ടന്ന് അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.സാവധാനം അതൊരു പൊട്ടിക്കരച്ചിലായി മാറി.അതിന്റെ അവസാനം അവന്‍ ഇങ്ങനെ പറഞ്ഞു

"ഞാന്‍ സോളമനല്ല,അവന്‍ എന്നോ ഇവിടെ ഉപേക്ഷിച്ച അവന്റെ മനസ്സാണു ഞാന്‍." .

കേട്ടതെല്ലാം അപ്പോള്‍ ശരിയാണു.ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ അവന്റെ സമനില തെറ്റിച്ചിരിക്കുന്നു.അവിടെ നിന്നു രക്ഷപ്പെടാനാണു പെട്ടന്നു തോന്നിയത്‌.പക്ഷേ പണ്ടു ഒരുമിച്ച്‌ ചിലവഴിച്ച സൗഹ്രദത്തിന്റെ നിമിഷങ്ങള്‍ എന്നെ അതിനു അനുവദിച്ചില്ല.

"Its Ok Soloman,എല്ലാം ശരിയാകും.നിനക്കു ഒരു പ്രശ്നവുമില്ല".ഞാന്‍ പറഞ്ഞു

"എന്നെ ഒന്നു വിശ്വസിക്കൂ,നിങ്ങള്‍ വിചാരിക്കുന്നതു പോലെ സമനില തെറ്റിയ സോളമന്‍ അല്ല ഞാന്‍.ഞാന്‍ അവന്റെ മനസ്സാണു.ഇവിടെ നിന്നു അവന്റെ ശരീരം പോയാലും,അവനെ എന്നെ ഇവിടെ ഇട്ടിരിക്കുകയാണു.ആരെങ്കിലും അവനെ അതൊന്നു പറഞ്ഞു മനസ്സിലാക്കൂ.ഞാനില്ലാതെ അവനില്ല.അവന്റെ ഭാര്യ,സുഹൃത്തുകള്‍,ബന്ധുകള്‍ എല്ലാവരും അവനെ ഇന്നു വെറുക്കുന്നു,ഉപേക്ഷിക്കുന്നു.കാരണം അവരെയൊക്കെ തിരിച്ചറിയാന്‍,അവരെ സ്നേഹിക്കാന്‍ അവനു സാധിച്ചിരുന്നത്‌ എന്നിലൂടെയാണു.എന്നെ ഇവിടെ തളച്ചിട്ട അന്നു മുതല്‍ അവന്‍ തലച്ചോറു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം മാത്രമാണു,ചിന്തയും വികാരങ്ങളും ഇല്ലാത്ത,Techie എന്നു നിങ്ങള്‍ വിളിക്കുന്ന വെറുമൊരു യന്ത്രം.നിങ്ങള്‍ ഒരു കാലത്ത്‌ അവന്റെ സുഹൃത്തായിരുന്നില്ലെ? അവനെ ഒന്നു കാണൂ,സംസാരിക്കൂ,എന്നെ ഇവിടെ നിന്ന് അവനൊപ്പം കൊണ്ടു പോകാന്‍ പറയൂ..പ്ലീസ്‌..പ്ലീസ്‌..ഹെല്‍പ്‌ മീ !!!" . തരിച്ചിരുന്ന എന്റെ മുഖത്ത്‌ നോക്കി ആ രൂപം അലറി.പേടിച്ചരണ്ട ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കണ്ണു തുറക്കുമ്പോള്‍,ഞാന്‍ ആ വിംഗില്‍ തന്നെയാണു.പക്ഷേ അവിടെ വെളിച്ചമില്ല,സോളമന്റെ രൂപവുമില്ല.എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നു സ്വയം ആശ്വസിച്ച്‌,ഞാന്‍ എന്റെ വിംഗിലേയ്ക്ക്‌ നടന്നു.തോന്നലാണെങ്കിലും ആ കേട്ടതില്‍ ഒരു സത്യമില്ലേ എന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.സോളമന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍..?? ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ട്‌ ഞാന്‍ എന്റെ വിംഗിന്റെ വാതില്‍ തുറന്നു അകത്തേയ്ക്ക്‌ ഹൃദയമിടിപ്പ്‌ നിശ്ചലമായി പോകുന്ന മറ്റൊരു കാഴച്ച എന്നെ കാത്തു അവിടെയുണ്ടായിരുന്നു,എന്റെ സീറ്റില്‍,എന്റെ മെഷിനിന്റെ മുന്നില്‍ ഇരുന്ന് ജോലിയെടുക്കുന്ന മറ്റൊരു ഞാന്‍ !!! എന്റെ മനസ്സിനെ ആ ക്യുബിക്കിളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ തളച്ചിട്ട്‌ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌ ഞെട്ടലോടെയാണു.ആ വിംഗിന്റെ പല കോണുകളിലും സ്ക്രീനിലേയ്ക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന അവ്യക്തമായ രൂപങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു.

ഒരു ബ്ലാക്ക്‌ ഔട്ട്‌.എല്ലാം പഴയതു പോലെ തന്നെ.വിജനമായ വിംഗില്‍ ഞാന്‍ മാത്രം,എന്റെ സീറ്റ്‌ കാലിയാണ്‌.ഞാന്‍ അവിടെ ചെന്നിരുന്നു,സ്ക്രീനില്‍ ഒരു Reminder തെളിഞ്ഞു വന്നിരിക്കുന്നു.

3 Hour Status Update-Now

ഞാന്‍ പുതിയ മെയില്‍ തുറന്നു.അതില്‍ ഇങ്ങനെയെഴുതി

I QUIT !!!

Send ബട്ടണില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ അന്നു വരെ അനുഭവിക്കാതെ ഒരു ശാന്തത. ഞാന്‍ ഇറങ്ങി അവിടെ നിന്ന്,എന്റെ ജീവിതത്തിലേയ്ക്ക്‌,എന്റെ സ്വപ്നങ്ങളിലേയ്ക്ക്‌.ആ യാത്രയില്‍ എനിക്കൊപ്പം എനിക്കു കൂട്ടായി,പ്രചോദനമായി,എന്റെ മനസ്സും...

8 Comments:

Unknown said...

ഒരുപക്ഷേ ഇതിനെയാകും വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എന്നു പറയുന്നത്‌ അല്ലെങ്കില്‍ ടെക്നിക്കല്‍ ഭാഷയില്‍ Human Being 1.0ല്‍ നിന്ന്,Techie 2.0 ലേയ്ക്കുള്ള Upgrade Project.

"എന്റെ മനസ്സ് എന്നോട് പറഞ്ഞത്..."

Jean Kachappilly said...

ഞാനും എന്നെ തന്നെ കാണാറുണ്ട് ... !!! കുറെയേറെ സ്വപ്നങ്ങളിലൂടെ .... സ്വപ്നങ്ങളില്‍ ജീവിക്കാന്‍ സാധിചിരുന്നെന്ഗില്‍ എന്ന് ഓര്‍ത്തു പോകും ...!!!നഷ്ടബോതതിനോടുവില്‍ ഉടയ തമ്പുരാന്‍ സാത്താനോട് കല്പിച്ചതും എനിക്ക് ഓര്‍മ വരും ..." നീ സര്‍പത്തെ പോലെ ഭൂമിയില്‍ ഇഴഞ്ഞു നടക്കും ...." .. ജനിതകങ്ങളില്‍ എവിടെയോ പടച്ചവനു പിഴവ് പറ്റിയിരിക്കുന്നു .... !!! ശപിച്ചു തള്ളിയപ്പോള്‍ തമ്പുരാനേ എന്തിനു വെറുതെ തന്നു നീ സര്‍പത്തിനുo മോഹം എന്ന വികാരം ...... !!

നല്ല ബ്ലോഗ്‌ ചിതറികിടക്കുന്ന കണ്ണാടിയിലേക്ക് നോക്കിയത് പോലെയൊരു തോന്നല്‍ ...!!

mYhiDEoUtt said...

thought provoking...this indeed made me google on work-life balance ! thanx mundozz

Unknown said...

“സോളമൻ ഉപേക്ഷിച്ച അവന്റെ മനസ്സു”... ലാറ്റിൻ അമേരിക്കൻ കഥകളിൽ ഇതു പോലെ ഉള്ള മുഹൂർത്തങ്ങൾ ഉണ്ട് ഒരുപാട്.

വേറെ എന്താടാ ഞാൻ പറയുക. ഇതു എന്റെയും നിന്റെയും ഒക്കെ കഥ തന്നെയല്ലെ. നന്നായിട്ടുണ്ട്. ജീവിതത്തിൽ നിന്നും എടുത്ത് എഴുതുമ്പോൾ അതിനു തീവ്രത കൂടും.

എഴുത്ത് തുടരുക... :)

കേഡി കത്രീന said...

mridul,we need u!!!dont lose yourself!kaivittu pokaruthennu!

Swami said...

നന്നായി.....
വിഷ്വലൈസ് ചെയ്യാന്‍ ശ്രമിക്കൂ, ചില്ലറ മാറ്റങ്ങള്‍ വരുത്തി ഷോര്‍ട്ട് ഫിലിം ആക്കാന്‍ നന്ന്...

Anonymous said...

Human being 1.0ല്‍ നിന്ന്, Techie 2.0 ലേക്കുള്ള പരിവര്‍ത്തനം upgrade അല്ല, downgrade ആണെന്ന് നമ്മളില്‍ പലരും അറിയുന്നില്ലെന്നു മാത്രം...

Very well written...

poorni_libra said...

Brilliantly written Mridul...!! Did touch my heart..!! :) keep up the good job.