ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര്‍ത്തമാനം'.അതിദേശീയതയുടെ പൊള്ളത്തരങ്ങളും,കാലഘട്ടങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന നിലപാടു മാറ്റങ്ങളും ഒപ്പം വര്‍ത്തമാനക്കാലത്തിന്റെ രീതികള്‍ ഭാവിയെ എങ്ങനെയാക്കിയേക്കാം എന്ന ചിന്തയുമൊക്കെയാണു എട്ടു മിനിറ്റിനു തൊട്ടു മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രതിപാദ്യം.
മൃദുല്‍ മോഹന്‍,സിജോ ജോണി,സുബിന്‍ കെ പോള്‍,രാഹുല്‍ ആര്‍ നായര്‍,ഉല്ലാസ് ടി.എസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ക്രിസ്റ്റഫറാണു.സുനീഷ് സെബാസ്റ്റ്യന്‍ ചിത്രസംയോജനം നടത്തിയ ഭൂതം ഭാവി വര്‍ത്തമാനത്തിന്റെ പശ്ചാത്തലസംഗീതം,ശബ്ദലേഖനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനൂപ് കമ്മാരന്‍.വീക്കെന്‍ഡ് സിനിമാസിന്റെ സഹകരണത്തോടെ ചായക്കൂട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഈയുള്ളവനാണു :)
കാണുക,അഭിപ്രായങ്ങള്‍ അറിയിക്കുക,മറ്റുള്ളവരെ കാണിച്ചു കൊടുത്ത് ഞങ്ങളുടെ ഈ അമച്വര്‍ ശ്രമത്തെ പ്രോത്സാഹിപ്പിക്കുക !!
സിനിമ സംബന്ധിയായ പോസ്റ്റുകള്‍ പലപ്പോഴായി ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട് - സുഹൃത്തുകളൊരുക്കിയ ഹൃസ്വചിത്രങ്ങളും, സ്വയം കുറിച്ച തിരക്കഥാരൂപത്തിലുള്ള ചില കഥകളും,സ്പിന്‍ ഓഫ് കഥകളുമൊക്കെയായി.രണ്ടാഴച്ച മുന്‍പ് യൂട്യൂബ് വഴി റിലീസ് ചെയ്ത ഒരു ഹൃസ്വചിത്രത്തെ പരിചയപ്പെടുത്താന്‍ ഈ ഇടം ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തുന്നു.
ഒരു ടെലിഫോണ്‍ സംഭാഷണവും,അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ഒരു സംഭവവുമാണു ചിത്രത്തിന്റെ ഇതിവൃത്തം.മറ്റൊരു കഥ എന്ന പേരില്‍ ,വീക്കെന്‍ഡ് സിനിമാസിന്റെ ബാനറില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അരുണ്‍ ബോസാണു.ചെന്നൈ ആസ്ഥാനമായുള്ള കോക്രോച്ച് ഇന്‍ കോക്ക്ടെയില്‍ സിനിമാസ് എന്ന സ്ഥാപനമാണു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട്.കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സോഫ്റ്റ്വയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അലന്‍ ജെയിംസാണു പശ്ചാത്തല സംഗീതവും,ശബ്ദലേഖനവും കൈകാര്യം ചെയ്തിരിക്കുന്നത്.ചിത്രത്തിനു ആവശ്യമായ പരസ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജിതിന്‍ വി മോഹനും,സബ്ടൈറ്റില്‍സ് ഒരുക്കിയിരിക്കുന്നത് ഗീതു പൗലോസുമാണു.
അഞ്ചു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജ് എന്ന ഞാന്‍ തന്നെയാണു.
നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും ഒരു ചായ കുടിക്കാനുള്ള സമയം ഉപയോഗിച്ച് ഈ ചിത്രം കാണുക,ചായ തീരുന്നതിനു മുന്‍പ് സിനിമ തീര്‍ന്നിരിക്കും :) നാളിതു വരെ ഈ ബ്ലോഗിനും, ഇതില്‍ കുത്തിക്കുറിച്ച കാര്യങ്ങള്‍ക്കും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനമാണു ഇത്തരത്തില്‍ ഒരു പരീക്ഷണത്തിനുള്ള ധൈര്യം നല്‍കിയത്.
'മറ്റൊരു കഥ' കണ്ടാല്‍ ഒരുപാട് സന്തോഷം,കണ്ടിട്ട് അഭിപ്രായം പറഞ്ഞാല്‍ അതിലേറെ സന്തോഷം,മറ്റുള്ളവരെ കാണിച്ചു കൊടുത്താല്‍ അതിലും സന്തോഷം :)
ഷോര്‍ട്ട് ഫിലിംസ് അഥവ ഹൃസ്വചിത്രങ്ങള്‍ എന്ന സിനിമാ സങ്കേതവുമായി ആദ്യമായി പരിചയപ്പെടുന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു സെപ്റ്റംബര്‍ മാസമാണു.പ്രിയ സുഹൃത്ത് ബേസില്‍ ജോസഫ് ഒരുക്കിയ 'പ്രിയംവദ കാതരയാണോ ?' എന്നതായിരുന്നു ആ ചിത്രം.ഒരു സുഹ്രൃത്ത് സ്വംഘത്തിന്റെ കൂട്ടായ്മയില്‍ നിന്നൊരുങ്ങിയ ആ കൊച്ചു ചിത്രം നാളിതു വരെ കണ്ടത് ആറുലക്ഷത്തി അയ്യായിരത്തി എണൂറ്റി പതിനാലു പേരാണു.ബ്ലോഗില്‍ ആദ്യമായി സിനിമയെ കുറിച്ച് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതും അന്നാണു.
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സുഹൃത്തുകള്‍ ഒറ്റൊരു മറ്റൊരു കൊച്ചു ചിത്രം നല്ലൊരു കാഴച്ചാനുഭവം സമ്മാനിച്ചിരിക്കുന്നു.'എംബ്ളിക' എന്നാണു ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര് . പത്തു മിനിറ്റ് കൊണ്ട് കുറച്ച് നല്ല നര്‍മ്മവും,ഹൃദ്യമായ പ്രണയവും ഒക്കെ ഈ ചിത്രം കാഴച്ചക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.സാങ്കേതിക വശങ്ങളില്‍ അപ്രതീക്ഷിതമായ മികവ് പുലര്‍ത്തുന്ന എംബ്ളിക അതഭുതപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളിലാണു. മിഥുനും,അലക്സും, വിനീതും ,ലക്ഷ്മിയും,അല്പനയും,ശബരീഷും,ആരതിയും,അശ്വതിയും,സിസിയും,ദീപക്കും,ദീപ്തിയും,ജിതേഷും പരിചയക്കുറവിന്റെ പതര്‍ച്ചകളില്ലാതെ തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കിയിരിക്കുന്നു.എടുത്തു പറയേണ്ട പേര് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു സോമന്റേതാണു. പ്രിയംവദയിലെ പ്രകാശനില്‍ നിന്നും,എംബ്ലികയിലെ ശങ്കുവിലേയ്ക്ക് എത്തുമ്പോഴേയ്ക്കും അഭിനേതാവ് എന്ന നിലയില്‍ വിഷ്ണു ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു.ഹാസ്യം അനയാസമായി കൈകാര്യം ചെയ്യുന്ന, സൂക്ഷ്മമായ ഭാവങ്ങളിലൂടെ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന വിഷ്ണുവിനെയാണു എംബ്ലികയില്‍ കാണാന്‍ കഴിയുക. ഒന്നു രാകി മിനുക്കിയെടുത്താല്‍ വിഷ്ണുവിനെ തിരശ്ശീലയില്‍ കാണാന്‍ കഴിയുന്ന കാലം അധികം ദൂരെയായിരിക്കില്ലെന്നു തോന്നുന്നു..
രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗോകുല്‍ നാരയണന്‍,പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന ശരത്ത്,കേള്‍ക്കാന്‍ രസമുളള എന്‍ നെഞ്ചിലേ എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് കൃഷ്ണനും,ക്യാമറ ചലിപ്പിച്ച ബിലുവും ,ദൃശ്യങ്ങള്‍ വെട്ടിയൊരുക്കിയ രാജ്കുമാറുമൊക്കെ എംബ്ലികയെ സുഖമുളള ഒരു കാഴച്ചാനുഭവമാക്കിയിരിക്കുന്നു.
നെല്ലിക്ക പോലെ ആദ്യം കയ്ച്ച് പിന്നീട് മധുരിക്കുന്ന പ്രണയത്തിന്റെ കഥ പറയുന്ന ഈ കൊച്ചു 'എംബ്ലിക' സമയം കിട്ടുന്നത് പോലെ നിങ്ങളൊക്കെ കാണുക,ഇവരെ പ്രൊഹത്സാഹിപ്പിക്കുക ..നാളത്തെ ചലച്ചിത്ര വാഗദ്ധാനങ്ങള്‍ ഇവരാകട്ടെ.. എല്ലാവിധ ഭാവുകങ്ങളും..