Saturday, December 4, 2010

അവസാനിക്കുന്ന അവധിക്കാലം...

"അപ്പായിയേ...നാളെ പോണ്ടാ..."

പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വിടുമ്പോള്‍ 2 വയസ്സായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ്‌ ഏഴ്‌.ഓര്‍മ്മ വയ്ക്കും മുന്‍പിറങ്ങിയ പോയ അച്ഛനെ പക്ഷേ അവള്‍ വെറുത്തില്ല.എന്നും കാണുന്ന അച്ഛനോടെന്ന പോലെ വാതോരാതെ അവള്‍ സംസാരിച്ചു,വാശി പിടിച്ചു,പിണങ്ങി,കരഞ്ഞു,ചിരിച്ചു.അമ്മ പഠിപ്പിച്ചതു പോലെ കൊഞ്ചലോടെ അപ്പായിയേ എന്നു വിളിച്ചു.വല്ലപ്പോഴും കിട്ടിയിരുന്ന പൊട്ടിച്ച കത്തുകളിലെ വാക്കുകളില്‍ നിന്നു മനസ്സില്‍ കോറിയിട്ടിരുന്ന രൂപത്തേക്കാള്‍ സുന്ദരിയായിരുന്നു എന്റെ ചിന്നു മോള്‍.മനസ്സു നിറയെ അവളുടെ അമ്മയെ പോലെ നന്മയും.

"അപ്പായിയേ,എന്നാ ഒന്നും മിണ്ടാത്തേ.."

ഇത്തവണയും തിരിച്ചു പറയാന്‍ ഒന്നുമില്ലായിരുന്നു,മൗനമല്ലാതെ.നാളെ എന്നല്ല ഒരിക്കലും തിരിച്ചു പോകണമെന്നില്ല മനസ്സില്‍.പക്ഷേ ആവേശത്തിന്റെ പുറത്ത്‌ ചെയ്തു പോകുന്ന കാര്യങ്ങള്‍ എളുപ്പം തിരുത്താന്‍ കഴിയില്ലല്ലോ.

"പോകണം മോളേ.അപ്പായി നാളെ തിരിച്ചു ചെന്നില്ലേല്‍,അപ്പായിനെ ജോലി സ്ഥലത്ത്‌ അന്വേഷിക്കും.എന്നാ തിരിച്ചു വരാത്തെ എന്നു ചോദിച്ച്‌ വഴക്ക്‌ പറയും.അതു കൊണ്ട്‌ അപ്പായി നാളെ പോയേച്ചു വേഗം വരാം"
.വേഗം വരാമെന്നു പറഞ്ഞത്‌ നുണയാണെങ്കിലും,അവളുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ പറയനാണു തോന്നിയത്‌.

"എന്നാ,ഞാനും അമ്മേം വരാം അപ്പായിടെ ജോലി സ്ഥലത്തേയ്ക്ക്‌.എന്റെ ക്ലാസ്സിലെ ലൗലിമോളും അമ്മേം എല്ലാ അവധിയ്ക്കും അവള്‍ടെ അപ്പായിയുടെ കമ്പനി ഇരിക്കണ സ്ഥലത്ത്‌ പോകൂലോ..ചിന്നു മാത്രം എങ്ങും പോവൂലാ,ചിന്നൂനെ ആരും കൊണ്ടു പോകൂലാ.."

"അയ്യോ മോളേ,അപ്പായി പോകുന്ന സ്ഥലം ഒരുപാട്‌ ദൂരേയാ.പിന്നെ ചിന്നും അമ്മേം വന്നാല്‍ താമസിക്കാനുള്ള സ്ഥലമൊന്നും അപ്പായിയുടെ ജോലി സ്ഥലത്തില്ല.ഒരു കുഞ്ഞു മുറിയിലാ അപ്പായി താമസിക്കണ.ആ മുറിയില്‍ തന്നെ വേറെ രണ്ടു മാമന്മാരും ഉണ്ട്‌.അടുത്ത അവധിയ്കും അപ്പായി വന്നു ചിന്നു മോളെ കുറേ സ്ഥലത്തൊക്കെ കൊണ്ടു പോകാം."

"കടലു കാണിക്കാന്‍ കൊണ്ടോകാമോ??"
.കൊണ്ടു പോകാമെന്നു പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചിരിച്ചു.ഒപ്പം കാണണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റും.കപ്പല്‍ കാണിക്കണം,വിമാനത്താവളം കാണണം.ബിരിയാണി കഴിക്കണം.ഐസ്ക്രീം വേണം.നിര്‍ത്താതെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.ഒരോ അവധിക്കാലം കഴിഞ്ഞു വരുമ്പോഴും ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞു കൊടുത്ത്‌ കൊതിപ്പിച്ചതാകാണം...പാവം.വെറുതെ മോഹിപ്പിക്കുകയാണു എന്നറിയാമെങ്കിലും,അവളുടെ സന്തോഷം കാണാന്‍ ഇതെല്ലാം അടുത്ത അവധിക്കാലത്തു സാധിച്ചു കൊടുക്കാമെന്നു അറിഞ്ഞു കൊണ്ടു കള്ളം പറഞ്ഞു.

"അപ്പായിയേ..."
എന്നു വിളിച്ചു ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചു അവള്‍ എപ്പോഴോ ഉറങ്ങി.അവളെ ഒരരികിലേയ്ക്ക്‌ കിടത്തി ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേയ്ക്കു പോയി.നാളെ പോകുമ്പോള്‍ തന്നു വിടാന്‍ വേണ്ടി മിനി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്‌.താമസസ്ഥലത്തിന്റെ അകത്തേയ്ക്ക്‌ പോലും അതൊന്നും കയറ്റി വിടാന്‍ സാദ്ധ്യതയില്ല.പക്ഷേ വേണ്ടാ എന്നു പറയാന്‍ തോന്നിയില്ല.എന്തെങ്കിലും ഒരു സന്തോഷം അവള്‍ക്കിതു കൊണ്ട്‌ കിട്ടുന്നെങ്കില്‍ ഞാനായിട്ട്‌ കളയണ്ട എന്നു കരുതി.വിശ്വസിച്ച്‌ ഇറങ്ങി വന്ന കാലം മുതല്‍ എനിക്കതു കൊടുക്കാന്‍ സാധിച്ചിട്ടില്ല.മുഖവും കൈയ്യുമൊക്കെ കരുവാളിച്ചു പാവത്തിന്റെ.ഞാനില്ലാതെ,ഒറ്റയ്ക്ക്‌ മോളെ വളര്‍ത്താന്‍ പാടു പെടുന്നതിന്റെ ശേഷിപ്പ്‌.ഒരിക്കലും കുടപ്പെടുത്തിയിട്ടില്ല അവളെന്നെ,ഒറ്റയ്ക്കാകിയതിനോ,വീട്ടില്‍ വരാത്തതിനോ,വിട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞോ,ഒന്നും.ഞാന്‍ ഒരിക്കലും കാണിക്കാത്ത കരുണ എന്നോടു കാണിക്കുന്നവരില്‍ ഒരാള്‍ കൂടി.

"അതിരാവിലെ പോകണോ..കഞ്ഞി കുടിച്ചിട്ട്‌ പോയാല്‍ പോരേ..."
.നാരങ്ങാ അച്ചാര്‍ കുപ്പിയില്‍ ആക്കികൊണ്ട്‌ അവള്‍ ചോദിച്ചു.

"വേണ്ടാ..രാവിലെ പോകണം.ആദ്യത്തെ ബസ്സ്‌ തന്നെ പിടിക്കണം."

അവള്‍ മറുത്തൊന്നും പറഞ്ഞില്ല,വേറൊന്നും ചോദിച്ചുമില്ല.വാക്കുകള്‍ക്ക്‌ വല്ലാത്ത ദാരിദ്യം തോന്നിയതു കൊണ്ട്‌,ഞാന്‍ അവിടെ നിന്നു പോയി കിടന്നു.പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല.നന്നേ വൈകി അവളും വന്നു കിടന്നു ഒരരികില്‍.

"ഉറങ്ങിയില്ലേ..?"


ഞാന്‍ പതിയെ ഒന്നു മൂളി.

"എല്ലാം എടുത്തു വച്ചിട്ടുണ്ട്‌.ഇനി എന്നെങ്കിലും വേണോ?"

"ഒന്നും വേണ്ടാ,നീ ഉറങ്ങിക്കോ"

"എനിക്കും ഉറക്കം വരണില്ല.ഇനി എന്നാ വരുന്നേ ?"


അവളാ ചോദ്യം ചോദിക്കല്ലേ എന്നു എന്തു കൊണ്ടോ മനസ്സ്‌ ആഗ്രഹിച്ചിരുന്നു.പക്ഷേ..

"അറിയില്ല,മുകളില്‍ ഉള്ളവര്‍ തീരുമാനിക്കുമ്പോള്‍,എല്ലെങ്കില്‍ എല്ലാം തീര്‍ത്ത്‌ ഒരു ദിവസം"

"പോകാതിരുന്നു കൂടേ..."
എല്ലാം അറിയാമെങ്കിലും,ഒരു സാധാരണ ഭാര്യയെ പോലെ അവള്‍ ചോദിച്ചു

ഒന്നും ഞാന്‍ പറഞ്ഞില്ല,അവളും.ഇടയ്ക്കെപ്പോഴോ അടക്കി പിടിച്ച തേങ്ങലുകള്‍ മാത്രം കേട്ടു.

ഉറങ്ങാതിരുന്നതു കൊണ്ട്‌,ഇറങ്ങേണ്ട സമയത്തിനും ഒരുപാട്‌ മുന്‍പ്‌ ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു.മോളെ ഉണര്‍ത്താമെന്നു അവള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.പുറത്തു നല്ല മഴ പെയ്യുന്നുണ്ട്‌.വേണ്ടെന്നു പറഞ്ഞെങ്കിലും അവള്‍ ഒരു കട്ടന്‍ കാപ്പി ഇട്ടു തന്നു.അതും കുടിച്ച്‌,അവള്‍ നീട്ടിയ ബാഗും പിടിച്ച്‌,ഞാന്‍ ഉമ്മറത്തേയ്ക്ക്‌ ഇറങ്ങി.

"ഇറങ്ങട്ടെ."

മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല,ഒന്നു കരഞ്ഞില്ല.പതിയെ ഒന്നു മൂളി.പറയാന്‍ എന്തൊക്കെയോ ബാക്കി നിര്‍ത്തി കൊണ്ട്‌ ഞാന്‍ ആ മഴയത്തേയ്ക്ക്‌ ഇറങ്ങി.മുറ്റത്തിന്റെ പടി കടക്കുമ്പോള്‍,അറിയാതെ മനസ്സ്‌ ഒന്നു പിടച്ചു,പോകാതിരുന്നാലോ??.പക്ഷേ,ഞാന്‍ എന്ന കുറ്റവാളിയ്ക്കു അനുവദിച്ചിരുന്ന പതിനഞ്ചു ദിവസത്തെ പരോള്‍ ഇന്നവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ശക്തിയായി പടിയ്ക്കു പുറത്തേയ്ക്കു തള്ളി.തിരിഞ്ഞു നോക്കാതെ മുന്നോട്ട്‌ നടക്കുകയേ എനിക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.ഞാന്‍ നടന്നു,അടുത്ത പരോള്‍ മനസ്സില്‍ കണ്ടു കൊണ്ട്‌.