Wednesday, November 7, 2007

നിങ്ങളുടെ സ്വന്തം.....

"..പലപ്പോഴും ഇതു പോലെയുള്ള കത്തുകള്‍,സ്റ്റുഡിയോയുടെ ഫ്ലോറിലാണെന്നു ഓര്‍മ്മിപ്പിക്കാതെ എന്റെ കണ്ണുകള്‍ നിറക്കാറുണ്ട്‌.ഇപ്പോഴും അതു തന്നെ സംഭവിക്കുന്നു.ജറമിയയ്ക്ക്‌ ആയുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്‌,അസുഖം മാറിയ വിവരം അറിയിച്ചു കൊണ്ടുള്ള ജറമിയയുടെ കത്ത്‌ എത്രയും പെട്ടന്നു വരുമെന്നുള്ള പ്രതീക്ഷയോടെ,പ്രാര്‍ത്ഥനയോടെ,ഇന്നു വിട പറഞ്ഞു പിരിയുന്നു,നിങ്ങളുടെ സ്വന്തം സന്തോഷ്‌ പാലി..."

വാതിലിന്റെ മുന്നില്‍ നിന്നു കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍,അകത്തു ടി.വിയില്‍ നിന്ന് കേട്ടു കൊണ്ടിരുന്നതു ഈ സംഭാഷണമാണ്‌.കിരണ്‍ വന്നു വാതില്‍ തുറന്നു.അകത്തേയ്ക്കു കയറുമ്പോഴും മനസ്സില്‍ മുഴുവന്‍ ടി.വിയില്‍ നിന്നു കേട്ട ആ വാചകങ്ങളായിരുന്നു.ജറെമിയ,മനസ്സിന്റെ എതോ കോണില്‍ ആരോ ആ പേരു വിളിക്കുന്നു..ഓര്‍മ്മയിലെവിടെയോ അതു കേട്ടു മറന്നതു പോലെ..പക്ഷേ,ആര്‌,എവിടെ,എപ്പോള്‍,ഒരോര്‍മ്മയും കിട്ടുന്നില്ല.അതും ആലോചിച്ചു ഞാനവിടെ തന്നെ നിന്നു.

"എന്താ വന്ന പാടെ ഒരാലോചന?".ചായയും കൊണ്ട്‌ കിരണാണു.

"അല്ല,എന്താ നിന്റെ പാലി ഇന്നു പറഞ്ഞു കൊണ്ടിരുന്നെ,ഞാന്‍ വന്നു കയറിയ നേരത്തു.എന്തോ ഒരു ജറെമിയ..." ഇതു ചോദിക്കുമ്പോഴും എന്റെ മനസ്സ്‌ എവിടെയൊക്കെയോ പരതുകയായിരുന്നു.

"ഓ അതോ,പാലി കെ.ഒ.ഡിയിലേയ്ക്കു വന്ന ഒരു ലെറ്റര്‍ വായിച്ചങ്ങ്‌ സെന്റിയായി.ആ കത്തയച്ച കൊച്ചിന്റെ പേരാ ജറെമിയ."

"കത്തൊക്കെ എന്നും വരുന്നതല്ലേ,എന്താ അതില്‍ ഇത്ര സെന്റിയാകാന്‍" ഞാന്‍ ചോദിച്ചു

"ഇതു സ്ഥിരം വരുന്ന സാധാരണ പഞ്ചാര കത്തല്ലായിരുന്നു. ആ കൊച്ചും അതിന്റെ ഫാമിലിയും,ഫാമിലീന്നു വച്ചാല്‍ അച്ചനും അമ്മയും പിന്നെ ഒരു ചേട്ടനും അബുദാബിയിലായിരുന്നു.ഈ ജെറമിയയും ചേട്ടനും ഭയങ്കര ക്ലോസായിരുന്നു.ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടെ പുറത്തു പോയപ്പോള്‍ ഒരാക്സിഡന്റു പറ്റി ചേട്ടന്‍ മരിച്ചു.നിസ്സാര പരിക്കേ ഈ കൊച്ചിനുണ്ടായിരുന്നോള്ളു.പക്ഷേ ചേട്ടന്റെ മരണം ജറെമിയയ്ക്കു ഭയങ്കര ഷോക്കായി ആളു ഡിപ്രഷനിലായി.അവര്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു വന്നു,ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ജറെമിയയ്ക്കു ബ്രെയിനില്‍ ട്യൂമര്‍,അതും സെക്കണ്ടറി സ്റ്റേജ്‌.അതിന്റെ ഓപ്പറേഷനൊക്കെയായി ആ കുട്ടി വീണ്ടും അബുദാബിയിലേയ്ക്ക്‌ പോകുവാ.ഈ കുട്ടിയ്ക്‌ പാലിയെ കാണുമ്പോള്‍ മരിച്ചു പോയ ചേട്ടനെ ഓര്‍മ്മ വന്നിരുന്നു.അസുഖം മാറി തിരിച്ചു വന്നിട്ട്‌ പാലിയെ കാണണം..ഇതൊക്കെ ആയിരുന്നു കത്തില്‍.ഇതൊക്കെ കേട്ടാല്‍ ആരാ വിഷമിക്കാതെ??"

ഇതു കേട്ടു കഴിഞ്ഞപ്പോള്‍,ഏതൊക്കെയോ അവ്യകത്മായ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു..എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,പരിചയപ്പെട്ട ആ കുടുംബമായിരിക്കുമോ ഇത്‌.ആ കുട്ടിയുടെ പേരു ജറെമിയ എന്നായിരുന്നോ.ആകണം..അതേ,കാരണം അന്നു പേരു പറഞ്ഞ ജറെമിയയോട്‌ ഞാന്‍ തിരിച്ചു ചോദിച്ചതു "ജറെമിയ പ്രവാചകനാണോ" എന്നായിരുന്നു.

"ഈ ജറെമിയയെ എനിക്കറിയാം".ഞാന്‍ കിരണിനോടു പറഞ്ഞു

"പിന്നല്ലേ,നിനക്കെല്ലാവരെയും അറിയാം.എടാ പറ്റിക്കാന്‍ പറയുന്നതാണേലും,പറയുന്നതിനു ഒരല്‍പം വിശ്വസ്തത വേണം.ഈ ജറെമിയ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദുബായിലാ,നാട്ടിലുണ്ടായിരുന്നതു ആകെ കുറച്ചു മാസങ്ങള്‍.ഇതിനിടയ്ക്കു നീ എങ്ങനെയാ ഈ കൊച്ചിനെ അറിയുന്നേ?"ഇതും പറഞ്ഞു അവളകത്തേയ്ക്കു പോയി...

മനസ്സ്‌ പിന്നോട്ട്‌ സഞ്ചരിച്ചു.ഒരു എട്ടു വര്‍ഷം പിന്നിലേയ്കു....

സ്വിറ്റസര്‍ലന്റിലെ ഇന്റര്‍ലേക്കന്‍ എന്ന കൊച്ചു പട്ടണത്തില്‍ വച്ചാണു ഞാന്‍ ആദ്യമായി ജറെമിയെയും കുടുംബത്തേയും പരിചയപ്പെടുന്നത്‌.ആല്‍പ്സ്‌ പര്‍വ്വത നിരയുടെ താഴ്‌വാരത്തില്‍,രണ്ടു തടാകങ്ങളുടെ നടുവിലായി ആണ്‌ ഇന്റര്‍ലേക്കന്‍ പട്ടണം.ഹോട്ടല്‍ മാനേജുമെന്റു പഠനം കഴിഞ്ഞ്‌ ഞാനന്ന് അവിടെയുള്ള ഒരു റിസോര്‍ട്ടിലാണു ജോലി ചെയ്തിരുന്നതു.

ഒരു ദിവസം, അന്നു ചെക്കിന്‍ ചെയ്തവരുടെ കൂട്ടത്തിലൊരു പേരു കണ്ടു "Mr.George Madathil".മലയാളിയാണോ എന്നു സംശയിച്ചാണു ചെന്നു പരിചയപ്പെട്ടതു.സംശയം തെറ്റിയില്ല.ആളു മലയാളി തന്നെ.അപരിചിതമായ നാട്ടില്‍ വച്ചു ഒരു നാട്ടുകാരനെ കണ്ടതിന്റെ സന്തോഷത്തില്ലായിരുന്നു ഞങ്ങള്‍ രണ്ടാളും.

"വല്ല വേള്‍ഡ്‌ ടൂറിന്റേയും ഭാഗമാണോ സാര്‍ ഈ വിസിറ്റ്‌."ഞാന്‍ ചോദിച്ചു.

ഒരു പുഞ്ചിരിയായിരുന്നു മറുപടി.ഇതു ചോദിച്ചു കൊണ്ടിരുന്നപ്പ്പ്പ്പോഴാണു അദ്ദേഹത്തിന്റെ ഭാര്യയും മകളും അങ്ങോട്ടേയ്ക്കു വന്നതു.അന്നാണു ഞാന്‍ ജറെമിയയെ ആദ്യമായി കണ്ടതും സംസാരിച്ചതും.പക്ഷേ സംസാരിച്ചപ്പോഴോക്കെ,ആ കുട്ടിയുടെ മുഖത്തും ശബ്ദത്തിലുമൊക്കെ വല്ലാത്ത ഒരു ദുഖം ഉണ്ടായിരുന്നു...എപ്പോഴോ ചുണ്ടില്‍ വിടര്‍ന്നു മറഞ്ഞ പുഞ്ചിരിയില്‍ പോലും....

ജറെമിയയും അമ്മയും തിരിച്ചു മുറിയിലേയ്ക്ക്‌ പോയി.

"എന്റെ മകളെ കണ്ടില്ലേ,അവള്‍ക്കു വേണ്ടിയാണു ഞങ്ങള്‍ ഇവിടെ വന്നതു.അവളെ കൂടാതെ ഒരു മകന്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു.നാട്ടില്‍ വച്ചൊരു ആക്സിഡന്റില്‍ അവന്‍ പോയി.എന്റെ മകള്‍കതൊരു വല്ലാത്ത ഷോക്കായി.അവളുമുണ്ടായിരുന്നു അവന്റെ ഒപ്പം.പക്ഷേ മോള്‍ക്ക്‌ ഒന്നും തന്നെ പറ്റിയില്ല.അവര്‍ രണ്ടു പേരും തമ്മില്‍ ഭയങ്കര അടുപ്പമായിരുന്നു.അതു കൊണ്ട്‌ അവന്റെ മരണം അവല്‍ക്കു വല്ലാത്ത ഒരു ഷോക്കായി.പിന്നെ കുറേ നാള്‍ ശരിക്കും ഒരു ഡിപ്രഷനിലായിരുന്നു.നോര്‍മലായി വരുന്നതേയുള്ളു.ഇന്നു മുഖത്തു കണ്ട പുഞ്ചിരി പോലും,ഒരിക്കല്‍ മുഴുവനായി മാഞ്ഞാതായിരുന്നു.നാട്ടിലെ ചുറ്റുപാടില്‍ നിന്നൊരു ചേയ്ഞ്ച്‌.അതാണു ഇങ്ങോട്ട്‌ പോന്നതു.ഞങ്ങള്‍ അറിയാത്ത,ഞങ്ങളെ അറിയാത്ത ആളുകളോടൊപ്പം,പുതിയ ഒരു സ്ഥലത്ത്‌..."

"എല്ലാം ശരിയാകും സാര്‍,ഇവിടെ നിന്നു പോകുമ്പോഴേക്കും സാറിന്റെ മകള്‍ ആദ്യത്തേക്കാള്‍ സ്മാര്‍ട്ടാകും.."

ആശ്വാസവാക്കായി പറഞ്ഞാതാണെങ്കിലും,സംഭവിച്ചതു അതു തന്നെയായിരിന്നു.ജറെമിയ ശരിക്കും മാറുകയായിരുന്നു.അവരുണ്ടായിരുന്ന ആ ഒരു മാസകാലം ഞാനും ആ കുടുംബത്തിലെ ഒരംഗമായി.അവരോടൊപ്പമുള്ള യാത്രകള്‍..ഡിന്നറുകള്‍...നാട്ടില്‍ നിന്നകന്നു ജീവിച്ചിരുന്നതു കൊണ്ട്‌ ഞാനും അതാസ്വദിച്ചു.മരിച്ചു പോയ ചേട്ടന്റെ സ്ഥാനത്താണു ജറെമിയ എന്നെ കണ്ടിരുന്നതെനിക്കു തോന്നി...ജറെമിയ എനിക്കുമൊരു കുഞ്ഞിപെങ്ങളായി..കളിയും ചിരിയും,കൊച്ചു കൊച്ചു വഴക്കുകളും കുസൃതികളുമൊക്കെയായി ആ ഒരു മാസം കടന്നു പോയി.പരസ്പരം ഈ-മെയില്‍ ഐഡി കൈമാറുമ്പോള്‍ ജറെമിയയോടും കുടുംബത്തോടുമൊപ്പം എന്റേയും കണ്ണ്‍കുകള്‍ നിറഞ്ഞു.ആ കുടുംബത്തിലേയ്ക്ക്‌ വീണ്ടും നല്ല നാളുകള്‍ വരികയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ എന്തന്നില്ലാത്ത സന്തോഷം തോന്നി.

പിന്നീട്‌ ഒന്നു രണ്ടു വര്‍ഷം മെയിലുകളൊക്കെ വന്നു.പിന്നീട്‌ എണ്ണം കുറഞ്ഞു..പതുക്കെ പതുക്കെ,ആ ഒരു മാസത്തെ ഓര്‍മ്മകള്‍ മായാന്‍ തുടങ്ങി.ഞാന്‍ ഇന്ത്യയിലേയ്ക്ക്‌ വന്നതോടെ ആ ബന്ധം പൂര്‍ണ്ണമായി അവസാനിച്ചു....പിന്നെ ഇന്നാണു ഞാന്‍ ആ പേരു വീണ്ടും കേട്ടതു....

പക്ഷേ,ആ കുടുംബത്തിലേയ്ക്ക്‌ ഇനിയും ഒരു ദുരന്തം.മനസ്സ്‌ വല്ലാതെ വിങ്ങി..വീണ്ടും അവരെ കാണണമെന്നു മനസ്സ്‌ പറയുന്നു.പക്ഷേ എങ്ങനെ???ഇനി അവരുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം പാലിയാണ്‌.ഈ കാര്യങ്ങളൊക്കെ വിശദീകരിച്ച്‌,അവരുടെ എന്തെങ്കിലും Contact ഉണ്ടെങ്കില്‍ അറിയിക്കണെമെന്നും കാണിച്ചു ഞാന്‍ പാലിക്ക്‌ ഒരു കത്തെഴുതി എന്റെ ഡയറിക്കുള്ളില്‍ വച്ചു.പക്ഷേ ഒരോ ദിവസവും പല കാരണങ്ങള്‍ കൊണ്ട്‌ അതു പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ മറന്നു.

രണ്ടാഴച്ച കഴിഞ്ഞു.ഒരു ദിവസം വൈകിട്ട്‌ ഞാന്‍ വീട്ടിലേയ്ക്ക്‌ വരുമ്പോള്‍ കെ.ഒ.ഡി നടന്നു കൊണ്ടിരിക്കുകയാണു.പതിവില്ലാതെ പാലിയുടെ ശബ്ദത്തിനൊരിടര്‍ച്ച..

"രണ്ടാഴ്ച്ച മുന്‍പ്‌ ഞാന്‍ ജറെമിയ എന്ന് കുട്ടിയുടെ കത്തു വായിച്ചതു എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.ഈ കത്ത്‌ കൈയ്യിലെടുക്കുമ്പോള്‍ മനസ്സില്‍ ഒരു ഭയം.ജറെമിയയ്ക്ക്‌ വേണ്ടി അന്നു കത്തെഴുതിയ ജറെമിയയുടെ സുഹ്രുത്തുകളുടേതാണീ കത്തും...

പ്രിയപ്പെട്ട സന്തോഷ്‌,

ജറെമിയയ്ക്കു വേണ്ടി കത്തെഴുതിയ അവളുടെ സുഹൃത്തുകളാണു ഞങ്ങള്‍.പാലിയെ കാണാന്‍ ഇനി ജറെമിയ വരില്ല.കഴിഞ്ഞ വെള്ളിയാഴ്ച്ച അവള്‍ മരിച്ചു.അവളുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നതിനും ഒരു ദിവസം മുന്‍പേ... അവള്‍ പോയി.

അവളുടെ അച്ചനും അമ്മയും തിരിച്ചി നാട്ടില്‍ എത്തിയിട്ടുണ്ട്‌.കഴിയുമെങ്കില്‍ അവരെ കാണുക.തകര്‍ന്നിരിക്കുന്ന അവര്‍ക്ക്‌ താങ്കളുടെ സാന്നിദ്ധ്യം ഒരു പക്ഷേ ഒരല്‍പം ആശ്വാസം നല്‍കിയേക്കാം..."

പിന്നീട്‌ ആ സ്ക്രീനില്‍ ഒന്നും കണ്ടില്ല...പാലിയുടെ കരയുന്ന മുഖം മറച്ചു കൊണ്ട്‌ ഒരു ടൈറ്റിലുകള്‍ തെളിഞ്ഞു വന്നു...പശ്ചാത്തലത്തില്‍ സംഗീതം ഇല്ലായിരുന്നു.കത്തിന്റെ ബാക്കി ഭാഗം വായിക്കുന്ന പാലിയുടെ തേങ്ങുന്ന ശബ്ദം മാത്രം...

ആ കണ്ണുനീര്‍ സ്ക്രീന്‍ കൊണ്ടു മറയ്ക്കാം..പക്ഷേ എന്റെ കണ്ണുനീരോ.....????

----------------------------------------------------------------------
കെ.ഒ.ഡി:കൈരളി ഓണ്‍ ഡിമാന്‍ഡ്‌.കൈരളി ചാനലില്‍ വന്നിരുന്ന ഒരു ജനപ്രിയ ഫോണ്‍-ഇന്‍ പ്രോഗ്രാം

സന്തോഷ്‌ പാലി:സന്തോഷ്‌ പാലീക്കര.കെ.ഒ.ഡിയുടെ അവതാരകന്‍,കൈരളിയില്‍ പ്രോഗ്രാം പ്രോഡ്യൂസര്‍

ഈ കഥയില്‍ ഞാന്‍ ഒരു സാങ്കല്പിക കഥാപാത്രം മാത്രം !