Tuesday, July 1, 2008

വീട് പറഞ്ഞ കഥ

"വീടുകള്‍ക്ക്‌ ജീവനുണ്ടോ?"

ഈ ചോദ്യം ആദ്യം എന്റെ മനസ്സിലേക്കെറിഞ്ഞു തന്നത്‌ ആ വീടായിരുന്നു.എന്റെ വീട്ടിലേയ്ക്‌ വരുന്ന വഴിയുടെ അരികില്‍ വലിയ മുറ്റവും,പറമ്പില്‍ ഒരുപാട്‌ കൂറ്റന്‍ മരങ്ങളുമൊക്കെയായി ഒരു വലിയ നായര്‍ തറവാട്‌.നായര്‍ തറവാടെന്നു പറഞ്ഞു കൂടാ.കാരണം അവിടെ താമസിച്ചിട്ടുള്ളത്‌ നായന്മാര്‍ മാത്രമായിരുന്നില്ല.പലരും വന്നു,താമസിച്ചു, പോയി..വീണ്ടും പുതിയ ആളുകള്‍.അങ്ങനെ എത്രയോ പേര്‍.ഞാന്‍ ആ വഴിയിലൂടെ പോയി തുടങ്ങിയ കാലം മുതല്‍ ആ വീടവിടെയുണ്ട്‌,പക്ഷേ അതിലും ഒരുപാട്‌ ഒരുപാട്‌ പഴക്കമുണ്ട്‌ ആ വീടിനു.

മുകളിലത്തെ ചോദ്യത്തെ കുറിച്ചു പറഞ്ഞില്ലല്ലോ."വീടുകള്‍ക്കു ജീവനുണ്ടോ?"

ചോദ്യം തന്ന ആ വീടു തന്നെയാണു അതിനുള്ള ഉത്തരവും തന്നത്‌.സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത്‌ എന്നും അതിന്റെ മുന്നിലൂടെയാണു നടപ്പ്‌.ഇടയ്ക്ക്‌ അവിടുത്തെ താമസക്കാരുടെ കണ്ണു വെട്ടിച്ച്‌ പറമ്പിലും കയറിയിട്ടുണ്ട്‌.ആ പറമ്പ്‌ നിറയെ മരങ്ങളായിരുന്നു.പ്ലാവും മാവും പേരയും,ചാമ്പയുമൊക്കെ...ഇതില്‍ പേരയും ചാമ്പയും ആയിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന ലക്ഷ്യം.ആ സമയത്തെപ്പോഴോ ആണു ഞാന്‍ ഈ ചോദ്യം എന്നോടു തന്നെ ചോദിച്ചത്‌.അങ്ങന്റെ ഒരു ചോദ്യം ഉണ്ടാവാന്‍ കാരണം,ഞാന്‍ കാണുമ്പോഴൊക്കെ ആ വീടിനു വേറെ വേറെ ഭാവങ്ങളായിരുന്നു.ചില ദിവസങ്ങളില്‍ അതിയായ സന്തോഷവുമായി നില്‍ക്കുന്ന ഒരാളെ പോലെ, മറ്റു ചിലപ്പോള്‍ കരഞ്ഞു കലങ്ങിയതു പോലെ, വേറെ ചിലപ്പോള്‍ ദേഷ്യം വന്നു ഇരുണ്ടതു പോലെ.അങ്ങനെ അങ്ങനെ. ഒരിക്കല്‍ ഞാനിതു അന്നു എന്റെ ഒപ്പം വന്നിരുന്ന അച്ചുവിനോടു പറഞ്ഞു, പക്ഷേ ഇതൊക്കെ നിന്റെ വെറും തോന്നലാ എന്നും പറഞ്ഞു അവള്‍ ഒരു ചാമ്പങ്ങയും പറിച്ചു അവിടെ നിന്നിറങ്ങി പോന്നു. പക്ഷേ എനിക്കുറപ്പായിരുന്നു,അതു തോന്നലല്ലാ,എന്തോ ഒരു പ്രത്യേകത ആ വീടിനുണ്ട്‌.

ഇന്നിപ്പോ വര്‍ഷങ്ങള്‍ ഒരുപാട്‌ കഴിഞ്ഞു. നാടാകെ മാറി. ഡിഗ്രിയായെപ്പോഴേക്കും ബൈക്കായി. ആ വീടിന്റെ മുന്നിലൂടെയുള്ള നടപ്പ്‌ തന്നെ കുറഞ്ഞു.ജോലി കൂടി ആയതോടെ ഒന്നോ രണ്ടൊ മാസത്തിലൊരിക്കലായി വീട്ടില്‍ പോക്ക്‌. പക്ഷേ ഇന്നലെ കുറേ നാള്‍ കൂടി ആ വീടിന്റെ മുന്നിലൂടെ നടന്നു. ഇന്നലെ നന്നേ വെളുപ്പിനാണു കവലയില്‍ വന്നിറങ്ങിയത്‌. ഓട്ടോയൊന്നും എത്തിയിട്ടില്ല. അപ്പോള്‍ പിന്നെ നടപ്പ്‌ തന്നെയായിരുന്നു ശരണം. ആ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ചുമ്മാ അങ്ങോട്ടെയൊക്കൊന്നു നോക്കി. മുറ്റമൊക്കെ കാടു കയറിയിരിക്കുന്നു. പറമിലെ വലിയ മരങ്ങളൊന്നും തന്നെ അവിടെയില്ല. ആള്‍താമസമില്ലെന്നു തോന്നുന്നു.ആകെ ഒരു നിസംഗ ഭാവം. എന്തോക്കെയോ പറയാനുള്ളതു പോലെ.അധിക നേരം അവിടെ നിന്നില്ല. പഴയൊതൊക്കെ ഓര്‍ത്തു പെട്ടന്ന് വീട്ടിലേയ്ക്ക്‌ നടന്നു.

"ആ തറവാട്ടു വീട്ടില്‍ ആരാ അമ്മേ താമസം".കഴിക്കുന്ന നേരത്താണു ചോദിച്ചത്‌.

"5-6 മാസമായി ആരുമില്ല. പുറം നാട്ടുകാര്‍ക്ക്‌ വിറ്റെന്നോ, അവരതു പൊളിക്കാന്‍ പോകുവാ എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. അതല്ലേലും ഒരു രാശിയില്ലാത്ത വീടാ". ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി

"രാശിയില്ലാത്ത വീടോ,അതെന്താ?"

"എന്താന്നു വച്ചാ,അവിടെ ആരും വാഴില്ല . അവിടെ താമസിച്ച ആള്‍ക്കാരൊന്നും സന്തോഷത്തോടെ അവിടെ നിന്നു പോയിട്ടില്ല. എത്ര ദുര്‍മരണങ്ങളാ അവിടെ നടന്നിരിക്കുന്നേ.നിന്റെ കൂടെ പഠിച്ച മിഥുന്‍ എന്ന പയ്യന്റെ അച്ചന്റെ കാര്യം നീ ഓര്‍ക്കുന്നില്ലേ,ആ വീടു വാങ്ങി ഒന്നര മാസത്തിനുള്ളില്‍ കഴിഞ്ഞല്ലേ അയാളു മരിച്ചത്‌.ശാപം കിട്ടിയ വീടാ.ആ വീടു പണിതത്ത്‌ പണ്ടത്തെ ഏതോ ഒരു ജന്മിയാ.അയാളൊരുപാട്‌ പേരെ കോന്നിട്ടുണ്ടെന്നൊക്കെയാ പറയുന്നേ.കുടിയാന്മാരേയും അവരുടെ കുടുംബത്തെയൊക്കെയായി.അതിന്റെയാ..." കഴിച്ചു തീരുന്നത്‌ വരെ അമ്മ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.പകുതിയും ഞാന്‍ കേട്ടില്ല.എന്റെ മനസ്സു മുഴുവന്‍ ആ വീടായിരുന്നു...

ഞാനൊന്നു പുറത്തു പോയി വരാം എന്നും പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.ലക്ഷ്യം ആ വീടായിരുന്നു.രാശിയില്ലാത്ത വീട്‌,ശാപം കിട്ടിയ വീട്‌,മണാങ്കട്ട..ഇന്നും ഇത്‌ വിശ്വസിക്കുന്ന ആളുകളുണ്ടല്ലോ എന്നോര്‍ത്തപ്പോ അതിശയം തോന്നി.ഇതൊക്കെ കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ കഴിഞ്ഞ ഞായറാഴച്ച പത്രത്തില്‍ വന്ന ഒരു കുറിപ്പാണു.സംവിധായകന്‍ പത്മരാജന്റെ തറവാടിനെക്കുറിച്ചുള്ളത്‌.ആ തറവാട്ടില്‍ ആണുങ്ങള്‍ വാഴിലാത്രേ.പത്മരാജന്‍ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ അവരുടെ നാല്‍പതുകളിലാണു മരിച്ചത്‌.അതവരുടെ വിധി.അതിനു ആ വീടെന്തു പിഴച്ചു..ഇതൊക്കെ ഓര്‍ത്തു നടന്നതു കൊണ്ട്‌ ആ വീടിന്റെ മുന്നിലെത്തിയത്‌ അറിഞ്ഞില്ല.

നീണ്ട പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ആ വീടിന്റെ മുറ്റത്ത്‌ കാലു കുത്തി.എവിടെ നിന്നോ ഒരു ചെറിയ കാറ്റ്‌ വീശിയതു പോലെ.കരിയിലകളൊക്കെ ഒന്നിളക്കി.ആ വീടു ഒന്നു ചിരിച്ചോ? തോന്നിയതാകും.ഞാന്‍ അകത്തേയ്ക്‌ നടന്നു.പോയ കാലത്തിന്റെ തിരുശേഷിപ്പു പോലെ ഒരു ഒരു കൂറ്റന്‍ കെട്ടിടം.ഞാന്‍ ഉമ്മറത്തേയ്ക്ക്‌ കയറി.അവസാനം പോയ വീട്ടുകാരുടെയാകണം കുറച്ചു പുസ്തകങ്ങളും കടലാസുകളും ഒരു മൂലയ്ക്‌ കിടക്കുന്നു.മറന്നതോ,ഉപേക്ഷിച്ചതോ...

"ആരാ അവിടെ?" പെട്ടന്നാണു ആ ചോദ്യം വന്നത്‌.ശരിക്കും ഞെട്ടി.തിരിഞ്ഞു നോക്കിയിട്ട്‌ ആരെയും കണ്ടില്ല.ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി..ആരുമില്ല..നേരത്തെ വീശിയ ആ കാറ്റു പോലും.തെല്ലൊരു പേറ്റി തോന്നി.തോന്നിയതാകാം എന്ന് സ്വയം ആശ്വസിച്ചു.പക്ഷേ ആ ആശ്വാസം അധികം നേരം ഉണ്ടായില്ല.വീണ്ടും ചോദ്യം വന്നു.ഇത്തവണം സ്വരം കുറച്ചു കൂടി കടുത്തതായിരുന്നു.

ആരാന്നാ ചോദിച്ചേ?"

"നിങ്ങളാരാ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"എന്റെ ദേഹത്ത്‌ കയറി നിന്നിട്ട്‌ ഞാന്‍ ആരാണെന്നൊ?"

ദേഹത്തോ,ഞാനോ..ഞാന്‍ താഴേയ്ക്ക്‌ നോക്കി.ഞാന്‍ ചവുട്ടിയിരിക്കുന്നത്‌ ആ വീടിന്റെ തറയിലാണു.അപ്പോള്‍ എന്നോടു സംസാരിക്കുന്നത്‌ ഈ വീടാണോ?

"നിങ്ങള്‍ ഈ വീടാണോ?"

"അതെ,പക്ഷേ കുഞ്ഞാരാ,മനസ്സിലായില്ലല്ലോ,എന്നെ വാങ്ങിയവരുടെ ആരെങ്കിലുമാണോ,അതോ പൊളിക്കുന്ന ആളോ?" ഇപ്പോള്‍ ശബ്ദത്തിലെ ദേഷ്യമൊക്കെ ഒന്നു കുറഞ്ഞു.

"ഞാന്‍ ഇവരാരുമല്ല,ഇവിടെ അടുത്തുള്ളതാ.ഇതിനു മുന്‍പ്‌ ഇവിടെ വന്നിട്ടുണ്ട്‌,തീരെ ചെറുതായിരുന്നപ്പോ.വീടു പൊളിക്കാന്‍ പോകുവാ എന്നു കേട്ടു,അപ്പോള്‍ ചുമ്മാ ഒന്നു വന്നതാ" തോന്നലാണോ,ശരിയാണോ എന്നോര്‍ക്കാതെ ഞാനും മറുപടി പറഞ്ഞു.

"ആഹാ,ഇവിടെ വന്നിട്ടുണ്ടല്ലേ.എനിക്ക്‌ അത്ര ഓര്‍മ്മ പോരാ,പ്രായം ഒരുപാടായേ.ഞാന്‍ ഓര്‍ത്തു പൊളിക്കുന്നവരാകുമെന്നു.ഇനി അധികം താമസമില്ല.ഇന്നോ നാളെയോ കൂടിപ്പോയാല്‍ മറ്റന്നാള്‍.അതു കഴിഞ്ഞാല്‍,ഞാനും മണ്ണോടു മണ്ണാകും.പിന്നെ..." മുഴുമിക്കാതെ വീടു പറഞ്ഞു നിര്‍ത്തി.

"നിങ്ങള്‍ക്കു ജീവനുണ്ടോ?" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ചോദ്യം.രണ്ടും കല്‍പിച്ചു ഞാനതങ്ങു ചോദിച്ചു.

"എന്തോരു ചോദ്യമാ കുഞ്ഞേ.ജീവനില്ലെങ്കില്‍ ഞാന്‍ സംസാരിക്കുമോ.എനിക്കു മാത്രമല്ല,എല്ലാ വീടുകള്‍ക്കും ജീവനുണ്ട്‌.ഞങ്ങള്‍ക്കുമുണ്ട്‌ വികാരങ്ങളും വിചാരങ്ങളുമൊക്കെ.ഞങ്ങളും കരയാറുണ്ട്‌,ചിരിക്കാറുണ്ട്‌,ദേഷ്യപ്പെടാറുണ്ട്‌..പക്ഷേ ആരും കാണാറില്ല എന്നു മാത്രം."

"ഞാന്‍ കണ്ടിട്ടുണ്ട്‌".ഞാന്‍ ഇടയ്ക്ക്‌ കയറി പറഞ്ഞു.

"ആഹാ,പലരും കാണാറില്ല.എല്ലാവര്‍ക്കും തന്നെ ഞങ്ങള്‍ വെറും കല്ലും മണ്ണും മരവുമാ"


"എപ്പോഴാ ഏറ്റവും വിഷമം തോന്നിയത്‌,പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോഴാണോ?" എനിക്ക്‌ ചോദിക്കാന്‍ കൂടുതല്‍ ധൈര്യം തോന്നി തുടങ്ങി.അതു കൊണ്ടു തന്നെയാകാണം മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളും വന്നു കൊണ്ടേയിരുന്നു.

"പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോ സങ്കടം ഒന്നും തോന്നിയില്ല.ശരിക്കും തോന്നിയത്‌ ഒരാശ്വാസമാ.അങ്ങനെയെങ്കിലും ഈ ജന്മം ഒന്നു തീരുമല്ലോ..അപമാനവും പരിഹാസവും വേദനകളും ഏകാതന്തയുമൊക്കെ.ഇതിനേക്കാളുമൊക്കെ വിഷമം തോന്നിയിട്ടുണ്ട്‌,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.ഈ വീട്ടില്‍ വളര്‍ന്ന് ഒരോ കുട്ടിയേയും ഞാന്‍ എന്റെ കുഞ്ഞായാ കരുതിയിരിക്കുന്നേ.എന്റെ സ്വന്തം.അതില്‍ തന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ച ഒരു മോളുണ്ടായിരുന്നു.ശ്രീക്കുട്ടി.മോന്‍ പറഞ്ഞില്ലേ,എന്റെ ദേഷ്യോം സങ്കടോമൊക്കെ കണ്ടിട്ടുണ്ടെന്നു.അതാദ്യം കണ്ടത്‌ അവളായിരുന്നു.എന്നോട്‌ എന്നും സംസാരിക്കും,വഴക്കിടും അങ്ങനെ അങ്ങനെ.പക്ഷേ ഒരിക്കല്‍..അവള്‍ക്കു മഴ വലിയ ഇഷ്ടമായിരുന്നു.മഴ പെയ്യുന്ന സമയത്ത്‌ എന്നും ഇവിടെ ഈ അരഭിത്തിയില്‍ വന്നിരിക്കും.അങ്ങനെ ഒരു ദിവസം,മഴ തുടങ്ങിയപ്പോള്‍ അകത്തു നിന്നു ഓടി വന്നതാ,തലേന്നു രാത്രി പെയ്ത മഴ കാരണം ഉമ്മറത്ത്‌ വെള്ളം കിടപ്പുണ്ടായിരുന്നു.അതില്‍ ചവിട്ടി അവള്‍ തെന്നി വീണു.ചെന്നു വീണത്‌ ഈ നടയില്‍..പിന്നെ അവള്‍ മിണ്ടിയില്ല..എന്നോട്‌ വഴക്കിട്ടില്ല.ഇവിടെ വച്ചു ഒരുപാട്‌ പേര്‍ മരിച്ചിട്ടുണ്ട്‌.അന്നൊക്കെ തോന്നിയതിലും വലിയ വേദന തോന്നിയത്‌ എന്റെ ശ്രീക്കുട്ടി പോയപ്പോഴാ..അതു ഞാന്‍ കാരണമാ എന്നു കൂടി എല്ലാവരും പറഞ്ഞപ്പോള്‍....ഇവിടെ വച്ചു മരിച്ചവര്‍,അതവരുടെ വിധിയായിരുന്നു.ഇവിടെ അല്ലായിരുന്നെങ്കിലും അവര്‍ ആ ദിവസം മരിക്കുമായിരുന്നു...അതിനു ഞാനെന്തു ചെയ്തു..എന്നിട്ടും ഞാന്‍ ശപിക്കപ്പെട്ടവനായി..രാശിയില്ലാത്തവനായി..."

പറഞ്ഞു കൊണ്ടിരുന്ന ശബ്ദം ഒക്കെ മാറി ഒരു തേങ്ങലായി.ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.വിഷയം മാറ്റനെന്നവണ്ണം ഞാന്‍ ചോദിച്ചു,എപ്പോഴാ ഏറ്റവും സന്തോഷം തോന്നിയത്‌...

കുറച്ചു നേരത്തേയ്ക്ക്‌ ഒന്നും പറഞ്ഞില്ല.ആലോചിക്കുന്നത്‌ പോലെ തോന്നി.

"സന്തോഷം..അതു തോന്നിയിരിക്കുന്നത്‌ വളരെ കുറവാ.പിന്നെയും ഒരല്‍പം സന്തോഷമുണ്ടായിരുന്നത്‌ എന്റെ പണി കഴിഞ്ഞ്‌ സമയത്താ.ആദ്യം താമസിച്ച കുടുംബം.അവരുടെ സന്തോഷങ്ങളൊക്കെ എന്റേയും സന്തോഷമായിരുന്നു.ഒരു പക്ഷേ,ശ്രീക്കുട്ടി കഴിഞ്ഞാല്‍ എനിക്ക്‌ ഏറ്റവും സന്തോഷം നല്‍കിയത്‌ അവരായിരുന്നു..."

"അതൊരു ജന്മിയല്ലായിരുന്നോ,ഒരുപാട്‌ പേരെ കൊന്ന.." ഞാന്‍ ഇടയ്ക്ക്‌ കയറി


"ആരാ ഇതൊക്കെ പറഞ്ഞേ..കഴിഞ്ഞ ദിവസം വന്നവരും പറയുന്നത്‌ കേട്ടു.എന്റെ ഭാഗ്യകേടിന്റെ കാരണം അയാളാണെന്നൊക്കെ.അയാള്‍ ജന്മിയൊന്നുമല്ലായിരുന്നു.ഒരു അദ്ധ്വാനിയായ കൃഷിക്കാരന്‍.അയാളും ഭാര്യയും ഒരു മകനും ഒരു മകളും.അവരായിരുന്നു ഇവിടെ താമസിച്ച ആദ്യ കുടുംബം.അതൊരു നൂറു നൂറ്റമ്പതു വര്‍ഷം മുന്‍പാ.പിന്നെ പിന്നെ എന്റെ ഭാഗ്യകേടിനൊരു കാരണം വേണ്ടേ,അതിനു ആരോ ചേര്‍ന്നുണ്ടാക്കിയ കഥായാണു ഈ ജന്മിയും അയാളുടെ ക്രൂരതയുമൊക്കെ..അവരുടെ മകളുടെ കല്യാണം ഇവിടെ വച്ചായിരുന്നു.മുറ്റത്ത്‌ പന്തലൊക്കെയിട്ട്‌,ഒരാഘോഷം.ആദ്യമായും അവസാനമായും ഇവിടെ നടന്ന ആഘോഷം..."

ഞങ്ങളിതു പറഞ്ഞു കൊണ്ടിരിക്കേ,ദൂരേ നിന്നു വണ്ടികളുടെ ശബ്ദം കേട്ടു.അത്‌ അടുത്ത്‌ അടുത്ത്‌ വന്നു...

"അവരെത്തി.എന്റെ ജീവിതം ഇന്നവസാനിക്കുന്നു..അല്ലാ,ഇന്നു ഈ ഏകാതന്തയും വേദനകളുമൊക്കെ തീരുന്നു.ഇനി നമ്മള്‍ കാണില്ല.മോന്‍ ഇനി വരുമ്പോഴേക്കും,ഞാന്‍ മണ്ണോടു മണ്ണായി കാണും.ഇവിടെ ചിലപ്പോള്‍ പുതിയൊരു വീട്‌ വന്നേക്കാം,എന്നെക്കാള്‍ ഭംഗിയും ഉറപ്പമുള്ള ഒന്നു...ഭാഗ്യവും..."

അവരൊക്കെ അടുത്തെത്തിയിരുന്നു.ഒരു ലോറിയും കുറേ പണിക്കാരുമൊക്കെ..എനിക്ക്‌ മറുപടി പറയാന്‍ ഒന്നും കിട്ടിയില്ല.വീടും സംസാരം നിര്‍ത്തിയ പോലെ..ഞാന്‍ പതിയെ ആ പടിക്കല്ലേയ്ക്ക്‌ നടന്നു..പുറകില്‍ നിന്നൊരു ചിരി കേട്ടോ..തോന്നല്ലാണോ..എന്റെ കണ്ണൊന്നു നിറഞ്ഞ പോലെ...അതു പക്ഷേ തോന്നലായിരുന്നില്ല....