Wednesday, February 14, 2007

മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം

ജീവാ...

നമ്മള്‍ ഈ പരിപാടി തുടങ്ങീട്ടു കുറേ ആയില്ലേ.മെസ്സഞ്ചറിന്റെ വിന്‍ഡൊയില്‍ മാത്രം കണ്ടുള്ള പരിചയം.നമ്മള്‍ എല്ലാം പറഞ്ഞില്ലേ,പങ്കു വച്ചില്ലേ.തമ്മില്‍ ഒരിക്കല്‍ പോലും കാണാതെ,സംസാരിക്കാതെ,കീ ബോര്‍ഡിലൂടെ മാത്രം 3 വര്‍ഷങ്ങള്‍.എന്തേ ഒരിക്കല്‍ പോലും കാണണം എന്നു നീ പറയാതെ ഇരുന്നതു?.വോയിസ്‌ ചാറ്റിനുള്ള എന്റെ റിക്വസ്റ്റ്‌ നീ എന്താടാ സ്വീകരിക്കതെ ഇരുന്നെ.ഇനിയും ഇങ്ങനെ എനിക്കു വയ്യെടാ.നമ്മുക്കു കാണാം..പ്ലീസ്‌...നേരിട്ടു തന്നെ കാണാം.,വരുന്ന പ്രണയദിനത്തില്‍ കായലരികത്തെ ആ പാര്‍ക്കില്‍ ,അകേഷ്യയുടെ കീഴെ അഞ്ചു മണിക്കു നീ വരണം.ഞാന്‍ കാത്തിരിക്കും.

അറിയാം ജീവാ,നീ പറയാറുള്ളതു പോലെ ഇതു പ്രണയമാകില്ല,എങ്കില്‍ കൂടി എനിക്കു നിന്നെ കണ്ടേ പറ്റൂ.നീ ഒരിക്കല്‍ പോലും ചോദിക്കാത്ത എന്റെ പേരും അന്നവിടെ വച്ചു ഞാന്‍ പറയാം.എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ,ചോദ്യങ്ങളെല്ലാം ഞാന്‍ അല്ലേ ചോദിച്ചിരുന്നതു.അതൊക്കെ പോട്ടെ..നീ വരണം,ഞാന്‍ കാത്തിരിക്കും.

പറയാന്‍ മറന്നു,കഴിഞ്ഞ ദിവസം ഒരു ബ്ലോഗില്‍ സോള്‍മേറ്റിനെക്കുറിച്ചു വായിച്ചു.നമ്മള്‍ അതല്ലേടാ,
മഴത്തുള്ളിയും മണല്‍ത്തരിയും,സോള്‍മേറ്റ്സ്.എന്റെ വട്ട്‌...നിര്‍ത്തെടേടാ..

സ്വന്തം മാളു

മെയ്യില്‍ വായിച്ചു തീര്‍ന്നതും പിറകില്‍ നിന്ന് അരുണ്‍ വലിയ ഒരു ചിരി ചിരിച്ചു...

"സോള്‍മേറ്റ്സ്..തേങ്ങക്കൊലാ..അവള്‍ക്ക്‌ വട്ടായിരിക്കുമെടാ..മുഴുവട്ട്‌.അല്ല്ലേല്‍ നിന്നെ ആരേല്ലും വട്ടാക്കുന്നതു.നീ അതു വിട്‌ ,അപ്പോള്‍ എങ്ങനാ,നീ ഉണ്ടാകില്ലേ,പതിനാലാം തീയതി പാര്‍ട്ടിക്കു.4.30യ്ക്കു സിറ്റി മാളില്‍ കാണാം.ഓക്കെ."

"ഇല്ല ഞാനില്ല.എനിക്കന്നു വേറെ പ്രോഗ്രാമുണ്ട്‌.നിങ്ങള്‍ കൂടിക്കോ.എന്നെ വിട്ടേരേ"

"ഓ,നീയാ പെണ്ണിനെ കാണാന്‍ പോകുവായിരിക്കും.നീ ബെറ്റു വച്ചോ അവള്‍ വരില്ല.ഡാ മോനേ ഞാനിതു എത്ര കണ്ടതാ.നീ ഞങ്ങള്‍ടെ കൂടെ വാ.അടിച്ചു പൊളിക്കാടാ"

"നീയെന്തു പറഞ്ഞാലും ഞാനില്ല..പ്ലീസ്‌.എന്നെ നിര്‍ബന്ധിക്കരുത്‌"

"ഓ.ക്കെ.നിന്റെ ഇഷ്ടം.പക്ഷേ ഒരു കാര്യം ഓര്‍ത്തോ അവള്‍ വരില്ല"

ഇതും പറഞ്ഞു അവന്‍ അവന്റെ മുറിയിലേയ്ക്കു പോയി.ഫ്ലാറ്റിലെ എന്റെ മുറിയില്‍ ഞാനൊറ്റയ്ക്കായി.ആ മെയില്‍ ഞാന്‍ ഒന്നു കൂടി വായിച്ചു....

ഞാന്‍ പോകും..എനിക്കു പോകണം.

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ഏതൊ ഒരു ചാറ്റുറൂമില്‍ വച്ചു പരിച്ചയപ്പെടുമ്പോള്‍ ഞാനും അവളും ഓര്‍ത്തില്ല,പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്.ചാറ്റു റൂമിലെ കോമണ്‍ മെസ്സേജുകളില്‍ നിന്നു,ഞങ്ങളുടേതായ്‌ സ്വകാര്യ സന്ദേശങ്ങള്‍..രണ്ടും മൂന്നും താളുകളുള്ള മെയിലുകള്‍.അവള്‍ പറഞ്ഞതു ശരിയാ.ചോദ്യങ്ങള്‍ ചോദിച്ചതൊക്കെ അവളായിരുന്നു.എന്നെക്കുറിച്ചു,എന്റെ ജോലിയെക്കുറിച്ചു,നാടിനെക്കുറിച്ചു,ഇതൊക്കെയായിരുന്നു അദ്യകാലങ്ങളില്‍ അവളുടെ ചോദ്യങ്ങള്‍.പിന്നിട്‌ അവളുടെ സംശയങ്ങളായി..ജീവിതത്തെക്കുറിച്ചു,പ്രണയത്തെക്കുറിച്ചു,സൗഹൃദങ്ങളെ കുറിച്ചു,പിന്നെ എന്തിനെയൊക്കെയോ കുറിച്ചു.സംശയങ്ങള്‍ തീരുമ്പോള്‍ അവള്‍ ഒന്നു ചിരിക്കും :-)...

അറിയില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ പറയും,"നിനക്കൊന്നും അറിയില്ല,മണ്ടന്‍"..അതു കേട്ടു ഞാനും ചിരിക്കും :-)

ഒരിക്കല്ലും തോന്നീട്ടില്ല,അവളെക്കുറിച്ചു അറിയണമെന്നു.അവളെ മാളു എന്നു വിളിച്ചപ്പോഴൊക്കെ അവള്‍ പറഞ്ഞിരുന്നു,എന്റെ പേരു അതല്ല എന്നു.എനിക്കും അറിയാമായിരുന്നു അതവളുടെ പേരല്ല എന്നു.എങ്കിലും ഞാന്‍ ചോദിച്ചില്ല.പക്ഷെ ഞാന്‍ അവളോടു പറയാതതായി ഒന്നുമില്ലായിരുന്നു.എന്റെ ദുഖങ്ങള്‍,സന്തോഷങ്ങള്‍ എല്ലാം,എല്ലാം ഞാനവളോടു പറഞ്ഞിരുന്നു.ഒരിക്കല്‍ ഇങ്ങനെ എന്തോ കേട്ടിട്ടവള്‍ ചോദിച്ചു.."എടാ നമ്മള്‍ പ്രണയത്തിലാണോ?"

ഉത്തരം കൊടുക്കാന്‍ എനിക്കുമറിഞ്ഞു കൂടായിരുന്നു.അന്നാദ്യമായിയാണു ഞാനും അതു ചിന്തിച്ചതു.ഇതു പ്രണയമാണോ..അതെ എന്നൊരുത്തരം പറയാന്‍ ഞാനിഷ്ടപ്പെടിരുന്നുവെങ്കിലും,എന്റെ മനസ്സതനുവദിച്ചില്ല.അന്നു ഞാനവള്‍ക്കു നള്‍കിയ ഉത്തരം ഇതായിരുന്നു.

"അല്ല മാളു,നമ്മള്‍ പ്രണയത്തില്‍ അല്ല.ഇതും അതിലും വലുതെന്തോ ആണു.നമ്മുക്കു നിര്‍വച്ചിക്കാന്‍ കഴിയാത്ത എന്തോ ഒന്നു.പ്രണയത്തെക്കാള്‍ സുന്ദരമല്ലേ ഇത്‌.ഒരിക്കല്ലും കാണാതെ,തമ്മില്‍ സംസാരിക്കാതെ നമ്മള്‍ അടുത്തുവെങ്കില്‍ ഇതു തീര്‍ച്ചയായും പ്രണയമല്ല."

ഇതിനവള്‍ കാര്യമായ്‌ മറുപടി ഒന്നും പറഞ്ഞില്ല. :-) ഇത്രയും മാത്രം.എനിക്കന്നു തോന്നി,അവളെന്നെ സ്നേഹിക്കുന്നുണ്ടെന്നു.എന്റെ സ്നേഹം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നു.പക്ഷേ അതംഗീകരിക്കാന്‍ അന്നു മടിയായിരുന്നു...പിന്നീട്‌ അവള്‍ അതു ചോദിച്ചിട്ടുമില്ല........

14/02/2007

അവള്‍ കേള്‍ക്കാന്‍ അഗ്രഹിക്കുന്നതു ഇന്നവളോടു പറയാണം.ഈ ഭൂമിയിലെ എന്തിനേക്കാളും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്നു അവളോടു പറയണം.ഇതായിരിക്കണം ഞാനവള്‍ക്കു നല്‍കുന്ന വാലന്റൈന്‍ ഗിഫ്റ്റ്‌.ഇങ്ങനെ തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ദിവസം ആരംഭിച്ച്തു.എന്നും കാണുന്നതൊക്കെ ഇന്നു പുതിയതായി തോന്നുന്നു.ചുറ്റിലും പുതിയ വര്‍ണ്ണങ്ങള്‍.എല്ലാം മാറിയിരിക്കുന്നതു പോലെ ....ഞാന്‍ പ്രണയത്തിലാണു എന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയെനിക്കു.അവളെ കാണാന്‍ എങ്ങനെയിരിക്കും,അവളുടെ ശബ്ദം എങ്ങനെയാക്കും,സംശയങ്ങള്‍ തന്നെയായിരുന്നു മനസ്സ്‌ മുഴുവന്‍.അതു കൊണ്ടാകാം ദിവസം പെട്ടന്നു കടന്നു പോയി.4.30 മണിക്കു ഓഫീസില്‍ നിന്നിറങ്ങി.കൃത്യം അഞ്ചിനു തന്നെ ഞാനവിടെത്തി.പ്രണയദിനമായതു കൊണ്ടാകും പതിവില്ലാത്ത ഒരു തിരക്കായിരുന്നു അവിടെ.അകേഷ്യയുടെ കീഴിലുള്ള ബെഞ്ചില്‍ ഞാനവളെയും കാത്തിരുന്നു.......

ഇരുട്ടത്തു ആളൊഴിഞ്ഞ നഗരത്തിലൂടെ തിരിച്ചു വാസസ്ഥലത്തേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ ഒരു നിസ്സംഗത ആയിരുന്നു.ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അവള്‍ക്കു എന്തോ സംഭവിച്ചിരിക്കുന്നു.ആദ്യത്തെതു സംഭവിച്ചിട്ടുണ്ടാകണേ എന്നായിരുന്നു മനസ്സില്‍,..കാരണം അവള്‍ക്കു വേദനിക്കരുതല്ലോ,,,ഫ്ലാറ്റിലെത്തിയപ്പോള്‍ അരുണ്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.

കാലത്തെ പത്രം വായിക്കാന്‍ ഇരുന്നപ്പോഴും അവന്‍ എന്തൊ പറയുന്നുണ്ടായിരുന്നു,ചെവി കൊടുത്തില്ല.

പത്രത്തിന്റെ പേജുകള്‍ മറിയ്ക്കുന്നതിന്റെയിടയ്ക്കാണു ആ ഒരു ഫോട്ടൊയും വാര്‍ത്തയും കണ്ടതു.ഇന്നലെ വൈകിട്ടു എം.ജി റോഡില്‍ ബസ്സില്‍ നിന്നു തെറിച്ചു വീണു പെണ്‍കുട്ടി മരിച്ച വാര്‍ത്തയാണു.ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌. എന്നായിരുന്നു ആ കുട്ടിയുടെ പേരു.വാര്‍ത്ത വായിച്ചു പേജു മറിക്കാന്‍ തുടങ്ങിയപ്പോഴാണു ആ ഫോട്ടൊ ശ്രദ്ധിച്ചതു.എന്തോ ഒരു പരിചയം,എവിടെയോ കണ്ടു മറന്നതു പോലെ..ഇതാണോ എന്റെ മാളു...ആരോടു ചോദിക്കാന്‍,എങ്ങനെ അറിയാന്‍.ആയിരിക്കില്ല എന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.പക്ഷേ അതു വിശ്വസിക്കാന്‍ എന്തോ മനസ്സു തയ്യാറാകാത്തതു പോലെ..അല്ലാ ഇതവളല്ല..അതു മാളുവല്ലേ,ഇതേതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

പിന്നിടു മാളു മെയില്‍ അയച്ചിട്ടില്ല..എന്നോടു സംശയങ്ങള്‍ ചോദിച്ചിട്ടില്ല...ഞങ്ങള്‍ക്കു മാത്രമായി അവള്‍ ഉണ്ടാക്കിയ മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം എന്ന അഡ്രസ്സില്‍ പുതിയ സന്ദേശങ്ങളില്ല എന്നു കാണുമ്പോള്‍ ഞാന്‍ എന്നൊടു തന്നെ പറഞ്ഞു കൊണ്ടിരുന്നു .അതു മാളുവല്ലേ,അന്നു മരിച്ചതു ഏതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

Tuesday, February 13, 2007

അന്വേഷണം...എന്തിനോ,ആര്‍ക്കോ????

ഞാന്‍ അന്വേഷിക്കുന്നു,
കാലത്തിന്റെ കുത്തൊഴുക്കില്‍ എനിക്കു നഷ്ടപ്പെട്ട എന്നെ.
പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ യാത്രയായപ്പോള്
‍ഞാന്‍ മറന്നു വച്ചയെന്നെ
പ്രതീക്ഷിക്കുന്നു,ജീവിതത്തിന്റെ ഒറ്റയടി പാതയിലൂടെ തിരിഞ്ഞു നടക്കുമ്പോള്
‍ഞാന്‍ കേള്‍ക്കുമെന്ന്,എന്റെ സ്വരത്തെ,
ഞാന്‍ തിരിച്ചറിയുമെന്ന്,നഷ്ടപ്പെട്ട എന്നെ

ഒരു പക്ഷേ,
എന്നെ കണ്ടെത്താന്‍ എനിക്കായിലെങ്കില്
‍എന്റെ സ്വരം തിരിച്ചറിയാന്‍ എനിക്കു കഴിയാതെ പോയാല്
‍ഈ പൊയ്‌ മുഖവും പേറി മുന്നോട്‌ എത്ര നാള്???
‍യാന്ത്രികമായി കടന്നു പോകുന്നു ദിനരാത്രങ്ങള്‍,
മഴ പെയ്യാതെ,മഞ്ഞു പൊഴിയാതെ,ഒരു കുളിര്‍ തെന്നല്‍ പോലും വീശാതെ
തരിശു ഭൂമിയും,വരണ്ട കാറ്റും,പൊള്ളുന്ന വെയ്യിലും
മാത്രമായി എത്ര നാള്‍...???
ഒരിക്കല്‍ ഇവിടെയുംമഴ പെയ്യ്തിരുന്നു,മഞ്ഞു പൊഴിഞ്ഞിരുന്നു,തെന്നല്‍വീശിയിരുന്നു
ഇനി ഒരിക്കല്ലും ഇല്ല ഇങ്ങോട്‌,
എന്നു പറഞ്ഞു നിങ്ങള്‍ പോയതെന്തിനു,എങ്ങോട്‌?
ഈ പന്ഥാവില്‍,കണ്ട മുഖങ്ങള്‍,കേട്ട ശബ്ദങ്ങള്‍വെറും തോന്നലുകള്‍ മാത്രമോ..
അതൊ എന്നിലെ ഞാന്‍ അവരായി എന്നോടു സംസാരിച്ചതോ,
കേവലം പൊയ്‌ മുഖങ്ങളോ??

കാലം ഇനിയും മുന്നോട്‌...സ്വപ്നം കാണുന്നു
മഴ പെയ്യുന്ന,മഞ്ഞു പൊഴിയുന്ന,ഇളംകാറ്റ്‌ വീശുന്ന
ആ ഭൂമിയെ....
പ്രതീക്ഷിക്കുന്നു ആ നല്ല നാളുകളെ
അന്വേഷിക്കുന്നു എന്നെ....

Thursday, February 8, 2007

മരണത്തെ തേടി.....

വാച്ചില്‍ നോക്കി...സമയം എട്ട്‌.ആരോ പറയുന്നതു കേട്ടു,ട്രെയിന്‍ ഇപ്പോഴേ ലേറ്റാണെന്ന്.അപ്പോള്‍ കുര്‍ളയിലെത്തുമ്പോഴേക്കും രാത്രി ഏഴരയെങ്കിലുമാകും....ഞാന്‍ പുറത്തേക്കു നോക്കി.കൊങ്കണ്‍ പ്രദേശത്തെ ഗ്രാമങ്ങള്‍ ഉണരുന്നതേയുള്ളു.ദൂരഗ്രാമങ്ങളിലേയ്ക്കു വെള്ള്തത്തിനയി പോകുന്ന സ്ത്രീകളുടെ നീണ്ട നിര ഇടയ്ക്കിടെ കാണാം.

ട്രെയിനിന്റെ വേഗത കുറഞ്ഞു,പതിയെ അതു നിന്നു.സ്റ്റേഷന്‍ ഒന്നുമല്ല,എന്താണെന്ന് അറിയാന്‍ ഞാന്‍ വാതില്‍ക്കലേയ്ക്കു ചെന്നു.ട്രാക്കില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്‌.ആരോ ട്രെയിനിനു മുന്‍പില്‍ ചാടിയത്രേ....മരണം ഒരിഷ്ട വിഷയമാണെങ്കിലും ആത്മഹത്യ മഹാബോറാണു..തോല്‍പിക്കാന്‍ നടക്കുന്ന മരണത്തിനു സ്വയം കീഴടങ്ങുന്ന ഭീരുത്വം.ആ ശവത്തോട്‌ എനിക്കു പുഛം തോന്നി.ഞാന്‍ തിരിച്ചു സീറ്റില്‍ വന്നിരുന്നു...മയങ്ങാം എന്നു കരുതി ബെര്‍ത്തിലേയ്ക്കു ചാഞ്ഞപ്പോഴാണു ആ മനുഷ്യനെ കണ്ടതു,എതിര്‍വശത്തുള്ള ബര്‍ത്തില്‍.

ചെറുപ്പക്കാരനാണു,താടിയും മുടിയും നീട്ടിയിട്ടുണ്ട്‌.മുഷിഞ്ഞ ഒരു ഖദര്‍ ജുബ്ബയും,നരച്ച ജീന്‍സുമാണു വേഷം.ആകാപ്പാടെ എഴുപതുകളിലേയും മറ്റും ക്യാമ്പസ്‌ ബുദ്ധിജീവികളുടെ രൂപം.ഇന്നും ഇങ്ങനെയുള്ള ആളുകളുണ്ടോ എന്നു മനസ്സിലോര്‍ത്തു ഞാന്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു...

മയക്കം തെളിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ സമയം പതിനൊന്ന്.എതിര്‍വശത്തെ സീറ്റില്‍ ആ മനുഷ്യന്‍ ഇരിക്കുന്നുണ്ട്‌.കയ്യില്‍ എതൊ തടിച്ച ഒരു പുസ്തകവുമുണ്ട്‌.ഞാന്‍ പുറത്തേയ്ക്ക്‌ നോക്കി.നോക്കെത്താ ദൂരത്തോളം വരണ്ടു കിടക്കുന്ന കൃഷി സ്ഥലങ്ങള്‍.ആ വരള്‍ച്ച മനസ്സിനേയും ബാധിക്കുന്നതു പോലെ തോന്നി..ഞാന്‍ വെറുതെ ആ മനുഷ്യനെ നോക്കി.സാധരണ യാത്ര ചെയ്യുമ്പോള്‍ കഴിവതും ആരെയും പരിചയപ്പെടാറില്ല,ഇങ്ങോട്‌ വന്നു പരിചയപ്പെടുന്നവരെയൊഴിച്ച്‌.ആരെയും പിന്നിട്‌ ഓര്‍ക്കാറുമില്ല.എന്നാല്‍ ഇയാളെ പരിചയപ്പെടണമെന്നു മനസ്സു പറയുന്നു.

"എന്താ വായിക്കുന്നത്‌?"

ഞാന്‍ ചോദിച്ചു.മറുപടി പറയാതെ അയാള്‍ പുസ്തകം എന്റെ നേര്‍ക്കു നീട്ടി..ഞാന്‍ വാങ്ങി അതിന്റെ പുറംചട്ട നോക്കി.ഏതോ ഒരു വിപ്ലവപ്രത്യയശാസ്ത്രമാണു.ഞാന്‍ പുസ്തകം തിരികെ നല്‍കി കൊണ്ട്‌ ചോദിച്ചു.

"കാലഹരണപ്പെട്ടില്ലേ ഇതെല്ലാം?"

ചോദ്യം ഇഷ്ടപ്പെടാത്തതു കൊണ്ടാകാണം അയാള്‍ മറുപടി ഒന്നും പര്‍ഞ്ഞില്ല.

"എന്താ പേരു?"

"മുസാഫിര്‍".അതു കേട്ടപ്പോള്‍ ആദ്യം മനസ്സിലേയ്ക്കു വന്നതു ആ പഴയ പാട്ടാണു,മുസഫിര്‍ ഹൂ യാരോം.ഞാന്‍ അതു പതിയെ മൂളി.അയാള്‍ ഒന്നു പുഞ്ചിരിച്ചു.

"എന്തു ചെയ്യുന്നു?"

"ഞാന്‍ ഒരു സഞ്ചാരിയാണു".ആ ഉത്തരം എന്നെ ഒന്നു അതിശയിപ്പിച്ചു.കാരണം ആദ്യമായാണു ഒരാള്‍: താന്‍ സഞ്ചാരിയാണെന്നു എന്നോട്‌ പറയുന്നത്‌

"ഇപ്പോള്‍ എങ്ങോടാണു?"

"മരണത്തിലേയ്ക്കു",ആ ഉത്തരത്തില്‍ ഞാന്‍ ഒന്നു ഞെട്ടി.ഞെട്ടല്‍ കണ്ടിട്ടാവാണ്ണം അയാള്‍ പറഞ്ഞു "മരണം തേടിയാണു".

ഇതു വട്ടു തന്നെ,ഞാന്‍ മനസ്സിലോര്‍ത്തു.അയള്‍ തുടര്‍ന്നു "ഈ ലോകത്തില്‍ എല്ലാത്തിനും ഒരു ഉറവിടമുണ്ട്‌.മഴ മേഖത്തില്‍ നിന്ന്,വെയ്യില്‍ സൂര്യനില്‍ നിന്ന്,മരം വിത്തില്‍ നിന്ന്.പക്ഷേ മരണം മാത്രം എവിടെ നിന്ന് വരുന്നു?"എന്റെ മുന്നിലേക്കു ആ ചോദ്യം എറിഞ്ഞിട്ട്‌ അയാള്‍ നിര്‍ത്തി.

"എവിടെ നിന്നു വരുന്നു?"ഞാന്‍ തിരിച്ചു ചോദിച്ചു.

"ഞാനോ മരണമോ?"

"രണ്ടും".എന്റെ മറുപടി കേട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.പിന്നെ തുടര്‍ന്നു.

"ഞാനും മരണവും ഒരു പോലെയാണു.ഞാന്‍ എവിടെ നിന്നു വരുന്നു,എനിക്കറിയില്ല.എങ്ങോട്‌ പോകുന്നു.അതും എനിക്കറിയില്ല.മരണവും അങ്ങനെ തന്നെ.അതു എവിടെ നിന്നോ വരുന്നു.എങ്ങോടോ പോകുന്നു.അതിനിടയ്ക്കു ആരെയൊക്കെയോ വേദനിപ്പിക്കുന്നു,ആരെയൊക്കെയോ സന്തോഷിപ്പിക്കുന്നു."

മരണം പണ്ടേ ഒരിഷ്ടവിഷയമായ എനിക്കു ആ മനുഷ്യനോട്‌ കൂടുതല്‍ സംസാരിക്കാന്‍ തോന്നി.

"മരണത്തെ പേടിയില്ലേ?"ഞാന്‍ ചോദിച്ചു.

"ആര്‍ക്കും മരണത്തെ പേടിയില്ല.പേടിയും വിഷമവും ഒക്കെ ലോക്റ്റത്തെ പിരിയുന്നതിലാണു.എനിക്കീലോകം വിടാന്‍ ഒരു മടിയുമില്ല.അതു കൊണ്ടു തന്നെ മരണത്തെ പേടിയുമില്ല..പക്ഷേ ഇപ്പോള്‍ തോന്നുന്നു മരണത്തെ ഒരിക്കല്ലും എനിക്ക്‌ കണ്ടെത്താന്‍ കഴിയില്ലെന്ന്."

ഇതു പറഞ്ഞു അയാള്‍ പുറത്തെയ്ക്കു നോക്കി.പിന്നെ ഒരു നീണ്ട മൗനമായിരുന്നു.ഞാനും പിന്നെ ഒന്നും ചോദിച്ചില്ല.ട്രെയിന്‍ രത്നഗിരി എത്താറായി.

"ഞാന്‍ ഇവിടെ ഇറങ്ങും"അയാള്‍ പറഞ്ഞു.

"എന്തേ ഇവിടെ?"

"ഇവിടം വരെ ടിക്കറ്റ്‌ എടുക്കാനേ പണം ഉണ്ടായിരുന്നുള്ളു"

ട്രെയിന്‍ രത്നഗിരി എത്തി..ഇറങ്ങുന്നതിന്നു മുന്‍പ്‌ ഞാന്‍ ചോദിച്ചു.
"എന്താ മരണത്തെ കണ്ടെത്താന്‍ കഴിയില്ല എന്നു പറഞ്ഞതു?"

അയാള്‍ ഒന്നു ചിരിച്ചു.


"കാരണം വളരെ നിസ്സാരമാണു.മരണം എന്നൊന്നില്ല.മറിച്ചുള്ളത്‌ ജീവനാണു.അതില്ലാത്ത ഒരവസ്ഥ മാത്രമാണു മരണം."

ഇതു പറഞ്ഞു അയാള്‍ നടന്നു നീങ്ങി.രത്നഗിരിയിലെ പ്രശസ്തമായ മാമ്പഴ തൊട്ടങ്ങളിലൂടെ ദൂരേയ്ക്കു....

പച്ച വെളിച്ചം..ടെയിന്‍ നീങ്ങിത്തുടങ്ങി...

മഞ്ഞുത്തുള്ളികള്‍.....

ഇതു മഞ്ഞുത്തുള്ളികളാണു...പ്രഭാതത്തെ സ്വാഗതം ചെയ്തു കൊണ്ട് രാത്രി പൊഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍....
ഇതില്‍ വിരഹത്തിന്റെ നോവുണ്ട്,പ്രണയത്തിന്റെ ആര്‍ദ്രതയുണ്ട്,സുഹ്രുത്തുബന്ധത്തിന്റെ സന്തോഷമുണ്ട്,കഴിഞ്ഞു പോയ കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളുണ്ട്....ഇതില്‍ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരോക്കെയോയുണ്ട്....

ഒരല്പം എന്നെക്കുറിച്ച്...എപ്പോഴൊക്കെയോ,എന്തൊക്കെയോ എഴുതണമെന്നു കരുതിയിടുണ്ട്.പക്ഷേ എഞ്ചിനീയറിംഗ് കോളേജിന്റെ തിരക്കുകളില്‍ പലപ്പോഴും കഴിയാതെ പോകുന്നു.എഴുതിയവ പലരെയും കാണിക്കാന്‍ പറ്റാതെ പോകുന്നു.

ഇനി ഇതാകട്ടെ എന്റെ താളുകള്‍,എന്റെ മനസ്സിന്റെ പ്രതിഭലനങ്ങള്‍.ഇവിടെ കവിതകള്‍ ഉണ്ടാകാം,കഥകളുണ്ടാകാം,പേരിട്ടു വിളിക്കാന്‍ കഴിയാത്ത കുത്തികുറികലുകളുണ്ടാകാം...എല്ലാം നിങ്ങളുടെ മുന്നിലേയ്ക്കു സമര്‍പ്പിക്കുന്നു....

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം

മൃദുല്‍.....