Monday, November 24, 2008

അവന്‍ രാഹുല്‍,രാഹുല്‍ രാജ്

ഓടി കിതച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും മണി പതിനൊന്ന്.ട്രെയിന്‍ എത്തുന്നതേയുള്ളു.വൈശാലിയിലെ കാഴച്ചകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഇന്നലെ പാറ്റ്നയില്‍ തിരിച്ചെത്തിയപ്പോ നന്നെ വൈകിയിരുന്നു.അതു കൊണ്ട്‌ തന്നെ കാലത്തേ എഴുന്നേല്‍ക്കാനും വൈകി.രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌,അതിലാണു പോകേണ്ടത്‌.ഏതു പ്ലാറ്റ്‌ ഫോമിലേക്കാണു വരുന്നത്‌ എന്നു നോക്കിയപ്പോഴേക്കും അനൗണ്‍സ്മെന്റെത്തി,"രാജേന്ദ്രനഗര്‍ സേ ഹോകര്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്‌ തക്ക്‌ ജാനേവാലി ട്രെയിന്‍ നംബര്‍ 2142 രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌ പ്ലാറ്റ്ഫോം നംബര്‍ ഏക്‌ മേം ആ രഹി ഹേ".ഭാഗ്യം ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ തന്നെയാണു.ലഗേജും കൊണ്ട്‌ നടക്കേണ്ടി വരുമോ എന്ന ടെന്‍ഷനിലായിരുന്നു.അനൗണ്‍സ്‌മന്റ്‌ വന്നതിന്റെയാണെന്നു തോന്നുന്നു പെട്ടന്ന് ഒരു ഒച്ചപ്പാടും ബഹളവുമൊക്കെ.ഞാന്‍ ചുറ്റും നോക്കി,നല്ല തിരക്കുണ്ട്‌.

പതിനൊന്നേകാലോടെ ട്രെയിന്‍ എത്തി.എന്റെ കോച്ച്‌ കുറച്ചു പിന്നിലാണു നിര്‍ത്തിയത്‌.ഞാന്‍ പെട്ടിയും പിടിച്ച്‌ നടന്നു.ഇപ്പോ തട്ടി വീഴ്ത്തും എന്ന മട്ടില്‍ ആളുകള്‍ ചുറ്റും ഓടുന്നുണ്ട്‌.പത്തു മിനിറ്റുണ്ടിവിടെ,പക്ഷേ അതൊന്നും ആരും നോക്കുന്നില്ല.എല്ലാവരും ട്രെയിനില്‍ കയറി പറ്റാനുള്ള തിരക്കിലാണു.എസ്‌ 5-43,സൈഡ്‌ സീറ്റാണു,അപ്പര്‍ ബര്‍ത്തും.രണ്ടും എനിക്കു സന്തോഷമുള്ള കാര്യമാണു.ഞാന്‍ പെട്ടിയൊക്കെ ഒതുക്കി വച്ചു സീറ്റില്‍ ഇരുന്നപ്പോഴേക്കും ട്രെയിന്‍ പതിയെ അനങ്ങി തുടങ്ങി.അങ്ങനെ ഏകദേശം പതിനൊന്നരയോടെ 4 ദിവസത്തെ എന്റെ ബീഹാര്‍ പര്യടനം അവസാനിച്ചു.

വീട്ടില്‍ നിന്നു യാത്ര തിരിച്ചിട്ട്‌ ദിവസം കുറച്ചായി.ഒറ്റയ്ക്കൊരു,Unplanned ഇന്ത്യാ പര്യടനം.കുറേ നാളായി കൊണ്ടു നടക്കുന്ന സ്വപന്മായിരുന്നു.പഠനം കഴിഞ്ഞുള്ള ബ്രേക്കിലേയ്ക്ക്‌ മാറ്റി വച്ചിരിക്കുകയായിരുന്നു.നോര്‍ത്ത്‌ ഈസ്റ്റില്‍ നിന്നാണു തുടങ്ങിയത്‌,മേഘാലയ,മണിപ്പൂര്‍ ,അവിടെ നിന്നു കൊല്‍ക്കത്ത,പിന്നെ ബീഹാര്‍.യാത്രയ്ക്ക്‌ ഒരു ഇടവേള വേണം,അതാണു മുംബൈയ്ക്ക്‌ പോകാമെന്നു വച്ചത്‌,അവിടെയുള്ള ചേട്ടനും കുടുംബത്തോടുമൊപ്പം ഒരാഴച്ച.വീണ്ടും യാത്ര.ഇതാണു ഇപ്പ്പ്പൊഴത്തെ പദ്ധതി.ട്രെയിന്‍ പാറ്റ്നയുടെ നഗരകാഴച്ചകള്‍ വിട്ട്‌,ബീഹാറിന്റെ ഗ്രാമങ്ങളിലേക്ക്‌ കയറി.നമ്മുടെ നാട്‌ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്നു തോന്നുന്നത്‌ ഈ കാഴച്ചകള്‍ കാണുമ്പോഴാണു.വികസനം എന്തെന്നു കൂടി അറിഞ്ഞിടില്ലാത്ത ഗ്രാമങ്ങള്‍.വരണ്ട കൃഷി സ്ഥലങ്ങള്‍,പൊടി പറക്കുന്ന ചെമ്മണ്‍ പാതകള്‍,കുടിലുകള്‍..പുറത്തെ കാഴച്ചകള്‍ മനം മടുപ്പിച്ചു തുടങ്ങി.വായിക്കാമെന്നു കരുതി,മുന്നിലെ ട്രേയില്‍ വച്ചിരുന്ന പുസ്തകം നോക്കിയപ്പോള്‍ അതവിടെയില്ല.സാധനം അതാം എന്റെ എതിര്‍വശത്തിരിക്കുന്ന യാത്രക്കാരന്റെ കൈയ്യിലിരിക്കുന്നു.

"എക്സ്ക്യുസ്‌ മീ" ഞാന്‍ അയാളെ ഒന്നു തോണ്ടി.

പുസ്തകം മുഖത്ത്‌ നിന്നു മാറ്റി അയാള്‍ എന്നെ നോക്കി.ബുക്കിനായി ഞാന്‍ ആഗ്യം കാണിച്ചപ്പോള്‍ ഒരു ക്ഷമാപണത്തൊടെ അയാള്‍ അതു തിരിച്ചു നല്‍കി.പുസ്തകം വാങ്ങി കൊണ്ട്‌ ഞാന്‍ അയാളെ ഒന്നു നോക്കി.നന്നായി വേഷം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരന്‍,കണ്ടാല്‍ അറിയാം പഠിച്ച ആളാണെന്നു.കൂടിയാല്‍ ഒരു ഇരുപത്തിയഞ്ചു വയസ്സ്‌.ഞാന്‍ അയാളെ നോക്കി ഒന്നു ചിരിച്ചു,തിരിച്ചയാളും.ട്രെയിനില്‍ വച്ച സൗഹൃദങ്ങള്‍ പാടില്ലയെന്നാണു എല്ലാവരും പറയുന്നതെങ്കിലും,ഞാന്‍ നേരെ തിരിച്ചാണു.കാരണം ട്രെയിനിലെ സൗഹൃദങ്ങള്‍ എനിക്കെന്നും നന്മ മാത്രമേ സമ്മാനിച്ചിട്ടുള്ളു.ഇയാളെയും പരിചയപ്പെടണമെന്നു തോന്നി.

"ഗോയിംഗ്‌ റ്റു മുംബൈ?" ഞാന്‍ അയാളോട്‌ ചോദിച്ചു.

"യേസ്‌ ബ്രോ,ഹാവ്‌ റ്റു സേര്‍ച്ച്‌ ഫോര്‍ ഏ ജോബ്‌"

ഇതായിരുന്നു ഞങ്ങള്‍ തമ്മില്‍ കൈമാറിയ ആദ്യ വാചകങ്ങള്‍.സുഖകരമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.പിന്നീട്‌ ഒരുപാട്‌ നേരം ഞങ്ങള്‍ സംസാരിച്ചു.എവിടെയൊക്കെയോ അയാളില്‍ എനിക്ക്‌ എന്നെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഏകദേശം ഒരേ പ്രായം,വിദ്യാഭ്യാസം,നാടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉയര്‍ന്ന പ്രതീക്ഷകള്‍ സ്വപനങ്ങള്‍.യുവത്വം ചിന്തിക്കുന്നത്‌ ഒരു പോലെയാണെന്നെനിക്ക്‌ വെറുതെ തോന്നി.

അവന്‍ രാഹുല്‍,രാഹുല്‍ രാജ്‌.ജനിച്ചതും വളര്‍ന്നതും പാറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തില്‍.അവിടെയുള്ള ഒട്ടു മിക്ക എല്ലാ യുവാക്കളേയും പോലെ തന്റെ നാടിന്റെ അവസ്ഥയില്‍ അവനും ദുഖിച്ചിരുന്നു.അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും തന്റെ നാടും ഒരു നാള്‍ രക്ഷപ്പേടുമെന്നു അവന്‍ സ്വപനം കണ്ടിരുന്നു.വീടിനേയും വീട്ടുകാരേയും ഒരുപാട്‌ സ്നേഹിച്ചിരുന്നു.നല്ല ഒരു ജോലി നേടി അഛ്കനും അമ്മയ്ക്കും സഹോദരിക്കും കുറച്ചു കൂടി നല്ല സൗകര്യങ്ങള്‍ നല്‍കണമെന്നതായിരുന്നു അവന്റെ ആഗ്രഹം.അതു കോണ്ടു തന്നെയാണു ഡിപ്ലോമ പൂര്‍ത്തിയാക്കിയുടനെ തന്റെ സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കാനായി അവന്‍ സ്വപനങ്ങളുടെ നഗരത്തിലേയ്ക്ക്‌ പോകാന്‍ തീരുമാനിച്ചതും.

രാത്രി ഒരുപാട്‌ വൈകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.ജീവിതത്തെക്കുറിച്ചു,സ്വപനങ്ങളെക്കുറിച്ചു.ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പിന്നെ സംസാരം ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചായി.കേരളം കാണണമെന്നും,ഇവിടെ താമസിക്കണെമെന്നുമൊക്കെ പറഞ്ഞു പറഞ്ഞു എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.പതിവു പോലെ ഞാന്‍ വൈകിയാണെഴുന്നേറ്റത്‌.ട്രെയിന്‍ മഹാരാഷ്ടയിലൂടെ ആയിരുന്നു ഓടി കൊണ്ടിരുന്നത്‌.ഞാന്‍ ബെര്‍ത്തില്‍ നിന്നിറങ്ങി താഴെയിറങ്ങിയപ്പോള്‍ രാഹുലിനെ കണ്ടില്ല.കുറച്ചു കഴിഞ്ഞ്‌ ആളൊരു പത്രവും പിടിച്ചു കൊണ്ട്‌ അങ്ങോട്ടേയ്ക്ക്‌ വന്നു.ഇന്നലെ കണ്ട രാഹുലായിരുന്നില്ല അത്‌.മുഖത്ത്‌ വല്ലാത്ത ഒരു മ്ലാനത.ഒന്നും മിണ്ടാതെ അവന്‍ എന്റെ എതിര്‍വശത്തു വന്നിരുന്നു.

"ക്യാ ഹുവാ ഭായി?" ഞാന്‍ ചോദിച്ചു.

ഒന്നും മിണ്ടാതെ അവന്‍ ആ പത്രം എന്റെ നേര്‍ക്ക്‌ നീട്ടി.

RAJ ARRESTED,MUMBAI BURNS. ഇതായിരുന്നു ആ പത്രത്തിലെ തലക്കെട്ട്‌.മണ്ണിന്റെ മക്കള്‍ പ്രശ്നത്തില്‍ മഹാരാഷട്രാ നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്‌ താക്കറയെ അറസ്റ്റ്‌ ചെയ്തതും,അതേ തുടര്‍ന്ന് അയാളുടെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തെ കുറിച്ചും മറ്റുമുള്ള വാര്‍ത്തകളായിരുന്നു ആ പത്രം മുഴുവന്‍.അകത്തേ പേജില്‍ അയാള്‍ നടത്തിയ പ്രസ്താവനകളുമുണ്ടായിരുന്നു.പലതും ബീഹാറികള്‍ക്കെതിരായിരുന്നു.അവരുടെ ആചാരങ്ങളേയും,രീതികളേയും ഒക്കെ അപമാനിക്കുന്ന തരത്തിലൂള്ളത്‌.മാത്രമല്ല,എല്ലാത്തിന്റേയും തന്നെ അര്‍ത്ഥം ഒന്നു തന്നെയായിരുന്നു ബീഹാറികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാരെ മുംബൈയില്‍ നിന്നു ഓടിക്കുക.ഈ വാര്‍ത്തകളാണു രാഹുലിന്റെ മ്ലാനതയ്ക്കു പിന്നില്‍.

"ശവം,മുംബൈ എന്താ ഇവന്റെ തറവാട്ട്‌ സ്വത്തോ?" എന്റെ ആത്മഗതം കുറച്ചു ഉച്ചത്തിലായി.

"ക്യാ കഹാ?" ഞാന്‍ പറഞ്ഞതു കേട്ട്‌ അവന്‍ ചോദിച്ചു.

"കുച്ച്‌ നഹിം.തൂ ഫികര്‍ മത്ത്‌ കര്‍.Everything Will Be Alright"

എനിക്കറിയാമായിരുന്നു ഒന്നും നേരെയാകില്ലെന്നു.രാജ്‌ താക്കറെയും ,മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും.പ്രശ്സ്തിക്കും,മാദ്ധ്യമശ്രദ്ധയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തികള്‍,പ്രസ്താവനകള്‍.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി,നാടും വീടും വിട്ട്‌ വന്നു കൂലിപ്പണി എടുക്കുന്നവന്റെ നേര്‍ക്ക്‌ ഭാഷയുടേയും സംസ്കാരത്തിന്റേയും പേര്‌ പറഞ്ഞ്‌ അക്രമം അഴിച്ചു വിടുന്ന ഭീരുക്കള്‍.ഭാരതം ഒന്നാണെന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കേണ്ട നേതാവ്‌ തന്നെ ഇവിടെ ഐക്യത്തിന്റെ,അഖണ്ഡതയുടെ ആരാച്ചാരാക്കുന്നു.കഷ്ടം. !

പിന്നീട്‌ യാത്ര തീരുന്ന വരെ രാഹുല്‍ അധികം ഒന്നും മിണ്ടിയില്ല.മുംബൈ അടുക്കുന്തോറും അക്രമത്തിന്റെ കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.അതു രാഹുലിനെ അസ്വസ്ഥനാക്കുകയായിരുന്നു.പലരുടേയും സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ നഗരം അവനെ വെറും കൈയ്യോടെ തിരിച്ചയക്കുമോ എന്ന ഭയം അവന്റെ മുഖത്ത്‌ നിഴലിച്ചിരുന്നതു പോലെ എനിക്കു തോന്നി.പുതിയ പുതിയ വാര്‍ത്തകള്‍ എത്തുമ്പോഴെല്ലാം അവന്‍ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ടായിരുന്നു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഉത്തരം നല്‍കാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു.സമയം മൂന്നു മണിയോടടുത്തു.താനെ സ്റ്റേഷന്‍ അടുക്കറായി.ഞാന്‍ അവിടെയാണിറങ്ങുന്നത്‌.ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവനാണു എന്റെ ലഗേജ്‌ വാതില്‍ വരെയെത്തിച്ചത്‌.

"I'll be here for one week.Call me for any help and do call me once you get a job.Next time see you in Kerala".

ഞാന്‍ എന്റെ ഫോണ്‍ നംബര്‍ അവനു നല്‍കികൊണ്ട്‌ പറഞ്ഞു.

അവന്‍ മറുപടി ഒരു ചെറുപ്പുഞ്ചിരിയിലൊതുക്കി.കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങി നടന്നു.മനസ്സിന്റെ ഒരു കോണില്‍ ഒരു വേദനയായി മാറിയിരുന്നു അപ്പോഴേക്കും രാഹുല്‍.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം....

രാഹുലിനെ ഞാന്‍ പതിയെ മറന്നു തുടങ്ങിയിരുന്നു.അവനു ഒരു ജോലി കിട്ടി കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തല്‍ക്കാലത്തേയ്ക്ക്‌ അവനെ മറന്നു എന്നതായിരുന്നു സത്യം.ചേട്ടനും ചേട്ടത്തിയും കാലത്തെ തന്നെ ഓഫിസിലേയ്ക്ക്‌ പോയി.അവരുടെ രണ്ടരവയസ്സുകാരി ദിയക്കുട്ടി പ്ലേസ്കൂളിലേക്കും.ഞാന്‍ ടിവിയുടെ മുന്നില്‍ തന്നെ ചടഞ്ഞു കൂടി.ചാനലുകള്‍ മാറ്റുന്നതിനിടയിലാണു ശ്രദ്ധിച്ചത്‌,എല്ലാം ന്യൂസ്‌ ചാനലുകളിലും ഭയങ്കര ഒച്ചപ്പാടും ബഹളവും.എന്തൊക്കെയോ ഫ്ലാഷ്‌ ന്യൂസുകള്‍.വ്യ്ക്തതയില്ലാത്ത ദൃശ്യങ്ങള്‍.

"രാജ്‌ താക്കറെയെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി,ബെസ്റ്റ്‌ ബസ്‌ റാഞ്ചിയ ബീഹാറി യുവാവിനെ പോലീസ്‌ വെടി വച്ചു കൊന്നു എന്ന വാര്‍ത്തയായിരുന്നു ചാനലുകള്‍ ആഘോഷിച്ചു കൊണ്ടിരുന്നിരുന്നത്‌.

അവ്യക്തമായ ദൃശ്യങ്ങളിലൂടെ ഞാന്‍ ആ മുഖം കണ്ടു.ഇരുപതിനാലു മണിക്കൂര്‍ എന്റെയൊപ്പം യാത്ര ചെയ്തവന്‍,നിഷകളങ്കമായ ഒരു ചെറുപ്പുഞ്ചിരി എനിക്കു സമ്മാനിച്ചു എന്നെ യാത്രയാക്കിയവന്‍.ഈ സ്വപനനഗരത്തില്‍,തന്റെ സ്വപനങ്ങള്‍ ബാക്കി വച്ചു കൊണ്ട്‌ അവന്‍ യാത്രയായി എന്നെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കു കുറച്ച്‌ സമയമെടുത്തു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഇതവന്റെ ചോദ്യമായിരുന്നു.അവന്‍ തന്നെ ഈ ചോദ്യത്തിനു ഒരുത്തരമായി.തന്റെ സ്വപനങ്ങളെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍ അവന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ഓര്‍ത്തു.

"Its Easy To Become An Unmentioned Part Of History.But Its Difficult To Create History & To Change The World..."

അതെ രാഹുല്‍,ഒരുപക്ഷേ,നിന്റെ ജീവന്‍ ഒരു മാറ്റത്തിനു കാരണമായേക്കാം.

P.S:ഇതില്‍ 'ഞാന്‍' ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.

Friday, October 3, 2008

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന/നടക്കുന്ന അക്രമങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു !

കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.ക്രിസ്ത്യാനികള്‍ക്കെതിരേ എന്നല്ല ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരേയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണു.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണു,അതില്‍ അഭിമാനിക്കുന്ന ഒരു വ്യക്തി കൂടിയാണു.ഒറീസ്സയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഒരു തെറ്റാണു,എത്രയും പെട്ടന്ന് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ തടയേണ്ടതുമാണു.പക്ഷേ ശിക്ഷ വിധിക്കാന്‍ വി.എച്ച്.പിയും ബജറംഗ് ദളും ആര്?ഇന്ത്യയില്‍ എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കിയ ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടുണ്ടോ?ഏതെങ്കിലും മത വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയോ,അക്രമിക്കുകയോ ചെയ്തിട്ടുണ്ടോ?അങ്ങനെ ചെയ്തിട്ടുള്ള ആരെങ്കിലും താന്‍ ക്രിസ്ത്യാനിയാണെന്നു അവകാശപ്പെടുന്നുണ്ടെങ്കില്‍,അയാള്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിയല്ല,ശിക്ഷിക്കപ്പെടേണ്ട ഒരു വ്യക്തിയാണു.പക്ഷേ,ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്നതു മുഴുവന്‍ പാവപ്പെട്ട ഗ്രാമീണരും,അന്ധകാരം നിറഞ്ഞവരുടെ ലോകത്തിലേയ്ക്ക് ഒരു ചെറുതിരിനാളമായി കടന്നു ചെന്ന മിഷനറികളുമാണു.13 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തില്‍ വച്ച് ‍ഇത്തരത്തില്‍ രക്തസാക്ഷിയാക്കപ്പെട്ട ഒരാളാണു എന്റെ മാതൃസഹോദരി.

ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം അഴിച്ചു വിടുന്നവരോട് ഒരു വാക്ക്.ക്രിസ്തു പറഞ്ഞിരിക്കുന്നത് അയല്‍ക്കാരെ സ്നേഹിക്കുവാനും,ശ്രത്രുകള്‍ക്ക് നന്മ ചെയ്യുവാനുമാണു.അതേ ക്രിസ്തു നാഥന്‍ തന്നെയാണു ദേവലായത്തില്‍ കച്ചവടം നടത്തിയവരെ ചമ്മട്ടി കൊണ്ടടിച്ചു നിര്‍ദ്ദയം പുറത്താക്കിയത്.

എന്റെ ഇന്ത്യ ഒരു മതനിരപേക്ഷ,മതേതര രാജ്യമാണു.ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ ഇന്ത്യന്‍ സഹോദരങ്ങള്‍ക്കും ഏതൊരു മതവിശ്വാസം പിന്തുടരുവാനും ജീവിക്കാനും എന്റെ ഭരണഘടന സ്വാതന്ത്ര്യം തരുന്നിടത്തോളം കാലം,എന്റെ ഒരു സഹോദരന്റെ മതത്തിന്റെ പേരില്‍ പീഠിപ്പിച്ചാല്‍ നോക്കി നില്‍ക്കാന്‍ ഈ ഭാരതമണ്ണില്‍ ജീവിക്കുന്നിടത്തോളം,ഒരു ക്രിസ്ത്യാനിയായിരിക്കുന്നിടത്തോളം,ഒരു മനുഷ്യനായിരിക്കുന്നിടത്തോളം എനിക്കു കഴിയില്ല !

Wednesday, September 10, 2008

പനോരമ:പ്രസ്ക്ത ഭാഗങ്ങള്‍

ഞാന്‍ അവതരിപ്പിക്കുന്ന പനോരമ എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡിന്റെ പ്രസ്ക്ത ഭാഗങ്ങള്‍.ഇനിയും പ്രോഗ്രാം കാണാത്തവര്‍ എത്രയും പെട്ടന്ന് കണ്ടു തുടങ്ങണ്ടതാണു..(പ്ലീസ്,കാണണേ..) ഞായറാഴച്ചകളില്‍ രാവിലെ പത്തു മണിക്ക് !!! അന്നു കാണാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി തിങ്കളാഴച്ചകളില്‍ വൈകിട്ട് 3.30 നും ശനിയാഴച്ചകളില്‍ ഉച്ച കഴിഞ്ഞു 2.30 നും റിപ്പീറ്റുമുണ്ട്..

സ്നേഹപൂര്‍വ്വം

മൃദുല്‍ !

Tuesday, July 1, 2008

വീട് പറഞ്ഞ കഥ

"വീടുകള്‍ക്ക്‌ ജീവനുണ്ടോ?"

ഈ ചോദ്യം ആദ്യം എന്റെ മനസ്സിലേക്കെറിഞ്ഞു തന്നത്‌ ആ വീടായിരുന്നു.എന്റെ വീട്ടിലേയ്ക്‌ വരുന്ന വഴിയുടെ അരികില്‍ വലിയ മുറ്റവും,പറമ്പില്‍ ഒരുപാട്‌ കൂറ്റന്‍ മരങ്ങളുമൊക്കെയായി ഒരു വലിയ നായര്‍ തറവാട്‌.നായര്‍ തറവാടെന്നു പറഞ്ഞു കൂടാ.കാരണം അവിടെ താമസിച്ചിട്ടുള്ളത്‌ നായന്മാര്‍ മാത്രമായിരുന്നില്ല.പലരും വന്നു,താമസിച്ചു, പോയി..വീണ്ടും പുതിയ ആളുകള്‍.അങ്ങനെ എത്രയോ പേര്‍.ഞാന്‍ ആ വഴിയിലൂടെ പോയി തുടങ്ങിയ കാലം മുതല്‍ ആ വീടവിടെയുണ്ട്‌,പക്ഷേ അതിലും ഒരുപാട്‌ ഒരുപാട്‌ പഴക്കമുണ്ട്‌ ആ വീടിനു.

മുകളിലത്തെ ചോദ്യത്തെ കുറിച്ചു പറഞ്ഞില്ലല്ലോ."വീടുകള്‍ക്കു ജീവനുണ്ടോ?"

ചോദ്യം തന്ന ആ വീടു തന്നെയാണു അതിനുള്ള ഉത്തരവും തന്നത്‌.സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത്‌ എന്നും അതിന്റെ മുന്നിലൂടെയാണു നടപ്പ്‌.ഇടയ്ക്ക്‌ അവിടുത്തെ താമസക്കാരുടെ കണ്ണു വെട്ടിച്ച്‌ പറമ്പിലും കയറിയിട്ടുണ്ട്‌.ആ പറമ്പ്‌ നിറയെ മരങ്ങളായിരുന്നു.പ്ലാവും മാവും പേരയും,ചാമ്പയുമൊക്കെ...ഇതില്‍ പേരയും ചാമ്പയും ആയിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന ലക്ഷ്യം.ആ സമയത്തെപ്പോഴോ ആണു ഞാന്‍ ഈ ചോദ്യം എന്നോടു തന്നെ ചോദിച്ചത്‌.അങ്ങന്റെ ഒരു ചോദ്യം ഉണ്ടാവാന്‍ കാരണം,ഞാന്‍ കാണുമ്പോഴൊക്കെ ആ വീടിനു വേറെ വേറെ ഭാവങ്ങളായിരുന്നു.ചില ദിവസങ്ങളില്‍ അതിയായ സന്തോഷവുമായി നില്‍ക്കുന്ന ഒരാളെ പോലെ, മറ്റു ചിലപ്പോള്‍ കരഞ്ഞു കലങ്ങിയതു പോലെ, വേറെ ചിലപ്പോള്‍ ദേഷ്യം വന്നു ഇരുണ്ടതു പോലെ.അങ്ങനെ അങ്ങനെ. ഒരിക്കല്‍ ഞാനിതു അന്നു എന്റെ ഒപ്പം വന്നിരുന്ന അച്ചുവിനോടു പറഞ്ഞു, പക്ഷേ ഇതൊക്കെ നിന്റെ വെറും തോന്നലാ എന്നും പറഞ്ഞു അവള്‍ ഒരു ചാമ്പങ്ങയും പറിച്ചു അവിടെ നിന്നിറങ്ങി പോന്നു. പക്ഷേ എനിക്കുറപ്പായിരുന്നു,അതു തോന്നലല്ലാ,എന്തോ ഒരു പ്രത്യേകത ആ വീടിനുണ്ട്‌.

ഇന്നിപ്പോ വര്‍ഷങ്ങള്‍ ഒരുപാട്‌ കഴിഞ്ഞു. നാടാകെ മാറി. ഡിഗ്രിയായെപ്പോഴേക്കും ബൈക്കായി. ആ വീടിന്റെ മുന്നിലൂടെയുള്ള നടപ്പ്‌ തന്നെ കുറഞ്ഞു.ജോലി കൂടി ആയതോടെ ഒന്നോ രണ്ടൊ മാസത്തിലൊരിക്കലായി വീട്ടില്‍ പോക്ക്‌. പക്ഷേ ഇന്നലെ കുറേ നാള്‍ കൂടി ആ വീടിന്റെ മുന്നിലൂടെ നടന്നു. ഇന്നലെ നന്നേ വെളുപ്പിനാണു കവലയില്‍ വന്നിറങ്ങിയത്‌. ഓട്ടോയൊന്നും എത്തിയിട്ടില്ല. അപ്പോള്‍ പിന്നെ നടപ്പ്‌ തന്നെയായിരുന്നു ശരണം. ആ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ചുമ്മാ അങ്ങോട്ടെയൊക്കൊന്നു നോക്കി. മുറ്റമൊക്കെ കാടു കയറിയിരിക്കുന്നു. പറമിലെ വലിയ മരങ്ങളൊന്നും തന്നെ അവിടെയില്ല. ആള്‍താമസമില്ലെന്നു തോന്നുന്നു.ആകെ ഒരു നിസംഗ ഭാവം. എന്തോക്കെയോ പറയാനുള്ളതു പോലെ.അധിക നേരം അവിടെ നിന്നില്ല. പഴയൊതൊക്കെ ഓര്‍ത്തു പെട്ടന്ന് വീട്ടിലേയ്ക്ക്‌ നടന്നു.

"ആ തറവാട്ടു വീട്ടില്‍ ആരാ അമ്മേ താമസം".കഴിക്കുന്ന നേരത്താണു ചോദിച്ചത്‌.

"5-6 മാസമായി ആരുമില്ല. പുറം നാട്ടുകാര്‍ക്ക്‌ വിറ്റെന്നോ, അവരതു പൊളിക്കാന്‍ പോകുവാ എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. അതല്ലേലും ഒരു രാശിയില്ലാത്ത വീടാ". ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി

"രാശിയില്ലാത്ത വീടോ,അതെന്താ?"

"എന്താന്നു വച്ചാ,അവിടെ ആരും വാഴില്ല . അവിടെ താമസിച്ച ആള്‍ക്കാരൊന്നും സന്തോഷത്തോടെ അവിടെ നിന്നു പോയിട്ടില്ല. എത്ര ദുര്‍മരണങ്ങളാ അവിടെ നടന്നിരിക്കുന്നേ.നിന്റെ കൂടെ പഠിച്ച മിഥുന്‍ എന്ന പയ്യന്റെ അച്ചന്റെ കാര്യം നീ ഓര്‍ക്കുന്നില്ലേ,ആ വീടു വാങ്ങി ഒന്നര മാസത്തിനുള്ളില്‍ കഴിഞ്ഞല്ലേ അയാളു മരിച്ചത്‌.ശാപം കിട്ടിയ വീടാ.ആ വീടു പണിതത്ത്‌ പണ്ടത്തെ ഏതോ ഒരു ജന്മിയാ.അയാളൊരുപാട്‌ പേരെ കോന്നിട്ടുണ്ടെന്നൊക്കെയാ പറയുന്നേ.കുടിയാന്മാരേയും അവരുടെ കുടുംബത്തെയൊക്കെയായി.അതിന്റെയാ..." കഴിച്ചു തീരുന്നത്‌ വരെ അമ്മ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.പകുതിയും ഞാന്‍ കേട്ടില്ല.എന്റെ മനസ്സു മുഴുവന്‍ ആ വീടായിരുന്നു...

ഞാനൊന്നു പുറത്തു പോയി വരാം എന്നും പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.ലക്ഷ്യം ആ വീടായിരുന്നു.രാശിയില്ലാത്ത വീട്‌,ശാപം കിട്ടിയ വീട്‌,മണാങ്കട്ട..ഇന്നും ഇത്‌ വിശ്വസിക്കുന്ന ആളുകളുണ്ടല്ലോ എന്നോര്‍ത്തപ്പോ അതിശയം തോന്നി.ഇതൊക്കെ കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ കഴിഞ്ഞ ഞായറാഴച്ച പത്രത്തില്‍ വന്ന ഒരു കുറിപ്പാണു.സംവിധായകന്‍ പത്മരാജന്റെ തറവാടിനെക്കുറിച്ചുള്ളത്‌.ആ തറവാട്ടില്‍ ആണുങ്ങള്‍ വാഴിലാത്രേ.പത്മരാജന്‍ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ അവരുടെ നാല്‍പതുകളിലാണു മരിച്ചത്‌.അതവരുടെ വിധി.അതിനു ആ വീടെന്തു പിഴച്ചു..ഇതൊക്കെ ഓര്‍ത്തു നടന്നതു കൊണ്ട്‌ ആ വീടിന്റെ മുന്നിലെത്തിയത്‌ അറിഞ്ഞില്ല.

നീണ്ട പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ആ വീടിന്റെ മുറ്റത്ത്‌ കാലു കുത്തി.എവിടെ നിന്നോ ഒരു ചെറിയ കാറ്റ്‌ വീശിയതു പോലെ.കരിയിലകളൊക്കെ ഒന്നിളക്കി.ആ വീടു ഒന്നു ചിരിച്ചോ? തോന്നിയതാകും.ഞാന്‍ അകത്തേയ്ക്‌ നടന്നു.പോയ കാലത്തിന്റെ തിരുശേഷിപ്പു പോലെ ഒരു ഒരു കൂറ്റന്‍ കെട്ടിടം.ഞാന്‍ ഉമ്മറത്തേയ്ക്ക്‌ കയറി.അവസാനം പോയ വീട്ടുകാരുടെയാകണം കുറച്ചു പുസ്തകങ്ങളും കടലാസുകളും ഒരു മൂലയ്ക്‌ കിടക്കുന്നു.മറന്നതോ,ഉപേക്ഷിച്ചതോ...

"ആരാ അവിടെ?" പെട്ടന്നാണു ആ ചോദ്യം വന്നത്‌.ശരിക്കും ഞെട്ടി.തിരിഞ്ഞു നോക്കിയിട്ട്‌ ആരെയും കണ്ടില്ല.ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി..ആരുമില്ല..നേരത്തെ വീശിയ ആ കാറ്റു പോലും.തെല്ലൊരു പേറ്റി തോന്നി.തോന്നിയതാകാം എന്ന് സ്വയം ആശ്വസിച്ചു.പക്ഷേ ആ ആശ്വാസം അധികം നേരം ഉണ്ടായില്ല.വീണ്ടും ചോദ്യം വന്നു.ഇത്തവണം സ്വരം കുറച്ചു കൂടി കടുത്തതായിരുന്നു.

ആരാന്നാ ചോദിച്ചേ?"

"നിങ്ങളാരാ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"എന്റെ ദേഹത്ത്‌ കയറി നിന്നിട്ട്‌ ഞാന്‍ ആരാണെന്നൊ?"

ദേഹത്തോ,ഞാനോ..ഞാന്‍ താഴേയ്ക്ക്‌ നോക്കി.ഞാന്‍ ചവുട്ടിയിരിക്കുന്നത്‌ ആ വീടിന്റെ തറയിലാണു.അപ്പോള്‍ എന്നോടു സംസാരിക്കുന്നത്‌ ഈ വീടാണോ?

"നിങ്ങള്‍ ഈ വീടാണോ?"

"അതെ,പക്ഷേ കുഞ്ഞാരാ,മനസ്സിലായില്ലല്ലോ,എന്നെ വാങ്ങിയവരുടെ ആരെങ്കിലുമാണോ,അതോ പൊളിക്കുന്ന ആളോ?" ഇപ്പോള്‍ ശബ്ദത്തിലെ ദേഷ്യമൊക്കെ ഒന്നു കുറഞ്ഞു.

"ഞാന്‍ ഇവരാരുമല്ല,ഇവിടെ അടുത്തുള്ളതാ.ഇതിനു മുന്‍പ്‌ ഇവിടെ വന്നിട്ടുണ്ട്‌,തീരെ ചെറുതായിരുന്നപ്പോ.വീടു പൊളിക്കാന്‍ പോകുവാ എന്നു കേട്ടു,അപ്പോള്‍ ചുമ്മാ ഒന്നു വന്നതാ" തോന്നലാണോ,ശരിയാണോ എന്നോര്‍ക്കാതെ ഞാനും മറുപടി പറഞ്ഞു.

"ആഹാ,ഇവിടെ വന്നിട്ടുണ്ടല്ലേ.എനിക്ക്‌ അത്ര ഓര്‍മ്മ പോരാ,പ്രായം ഒരുപാടായേ.ഞാന്‍ ഓര്‍ത്തു പൊളിക്കുന്നവരാകുമെന്നു.ഇനി അധികം താമസമില്ല.ഇന്നോ നാളെയോ കൂടിപ്പോയാല്‍ മറ്റന്നാള്‍.അതു കഴിഞ്ഞാല്‍,ഞാനും മണ്ണോടു മണ്ണാകും.പിന്നെ..." മുഴുമിക്കാതെ വീടു പറഞ്ഞു നിര്‍ത്തി.

"നിങ്ങള്‍ക്കു ജീവനുണ്ടോ?" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ചോദ്യം.രണ്ടും കല്‍പിച്ചു ഞാനതങ്ങു ചോദിച്ചു.

"എന്തോരു ചോദ്യമാ കുഞ്ഞേ.ജീവനില്ലെങ്കില്‍ ഞാന്‍ സംസാരിക്കുമോ.എനിക്കു മാത്രമല്ല,എല്ലാ വീടുകള്‍ക്കും ജീവനുണ്ട്‌.ഞങ്ങള്‍ക്കുമുണ്ട്‌ വികാരങ്ങളും വിചാരങ്ങളുമൊക്കെ.ഞങ്ങളും കരയാറുണ്ട്‌,ചിരിക്കാറുണ്ട്‌,ദേഷ്യപ്പെടാറുണ്ട്‌..പക്ഷേ ആരും കാണാറില്ല എന്നു മാത്രം."

"ഞാന്‍ കണ്ടിട്ടുണ്ട്‌".ഞാന്‍ ഇടയ്ക്ക്‌ കയറി പറഞ്ഞു.

"ആഹാ,പലരും കാണാറില്ല.എല്ലാവര്‍ക്കും തന്നെ ഞങ്ങള്‍ വെറും കല്ലും മണ്ണും മരവുമാ"


"എപ്പോഴാ ഏറ്റവും വിഷമം തോന്നിയത്‌,പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോഴാണോ?" എനിക്ക്‌ ചോദിക്കാന്‍ കൂടുതല്‍ ധൈര്യം തോന്നി തുടങ്ങി.അതു കൊണ്ടു തന്നെയാകാണം മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളും വന്നു കൊണ്ടേയിരുന്നു.

"പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോ സങ്കടം ഒന്നും തോന്നിയില്ല.ശരിക്കും തോന്നിയത്‌ ഒരാശ്വാസമാ.അങ്ങനെയെങ്കിലും ഈ ജന്മം ഒന്നു തീരുമല്ലോ..അപമാനവും പരിഹാസവും വേദനകളും ഏകാതന്തയുമൊക്കെ.ഇതിനേക്കാളുമൊക്കെ വിഷമം തോന്നിയിട്ടുണ്ട്‌,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.ഈ വീട്ടില്‍ വളര്‍ന്ന് ഒരോ കുട്ടിയേയും ഞാന്‍ എന്റെ കുഞ്ഞായാ കരുതിയിരിക്കുന്നേ.എന്റെ സ്വന്തം.അതില്‍ തന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ച ഒരു മോളുണ്ടായിരുന്നു.ശ്രീക്കുട്ടി.മോന്‍ പറഞ്ഞില്ലേ,എന്റെ ദേഷ്യോം സങ്കടോമൊക്കെ കണ്ടിട്ടുണ്ടെന്നു.അതാദ്യം കണ്ടത്‌ അവളായിരുന്നു.എന്നോട്‌ എന്നും സംസാരിക്കും,വഴക്കിടും അങ്ങനെ അങ്ങനെ.പക്ഷേ ഒരിക്കല്‍..അവള്‍ക്കു മഴ വലിയ ഇഷ്ടമായിരുന്നു.മഴ പെയ്യുന്ന സമയത്ത്‌ എന്നും ഇവിടെ ഈ അരഭിത്തിയില്‍ വന്നിരിക്കും.അങ്ങനെ ഒരു ദിവസം,മഴ തുടങ്ങിയപ്പോള്‍ അകത്തു നിന്നു ഓടി വന്നതാ,തലേന്നു രാത്രി പെയ്ത മഴ കാരണം ഉമ്മറത്ത്‌ വെള്ളം കിടപ്പുണ്ടായിരുന്നു.അതില്‍ ചവിട്ടി അവള്‍ തെന്നി വീണു.ചെന്നു വീണത്‌ ഈ നടയില്‍..പിന്നെ അവള്‍ മിണ്ടിയില്ല..എന്നോട്‌ വഴക്കിട്ടില്ല.ഇവിടെ വച്ചു ഒരുപാട്‌ പേര്‍ മരിച്ചിട്ടുണ്ട്‌.അന്നൊക്കെ തോന്നിയതിലും വലിയ വേദന തോന്നിയത്‌ എന്റെ ശ്രീക്കുട്ടി പോയപ്പോഴാ..അതു ഞാന്‍ കാരണമാ എന്നു കൂടി എല്ലാവരും പറഞ്ഞപ്പോള്‍....ഇവിടെ വച്ചു മരിച്ചവര്‍,അതവരുടെ വിധിയായിരുന്നു.ഇവിടെ അല്ലായിരുന്നെങ്കിലും അവര്‍ ആ ദിവസം മരിക്കുമായിരുന്നു...അതിനു ഞാനെന്തു ചെയ്തു..എന്നിട്ടും ഞാന്‍ ശപിക്കപ്പെട്ടവനായി..രാശിയില്ലാത്തവനായി..."

പറഞ്ഞു കൊണ്ടിരുന്ന ശബ്ദം ഒക്കെ മാറി ഒരു തേങ്ങലായി.ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.വിഷയം മാറ്റനെന്നവണ്ണം ഞാന്‍ ചോദിച്ചു,എപ്പോഴാ ഏറ്റവും സന്തോഷം തോന്നിയത്‌...

കുറച്ചു നേരത്തേയ്ക്ക്‌ ഒന്നും പറഞ്ഞില്ല.ആലോചിക്കുന്നത്‌ പോലെ തോന്നി.

"സന്തോഷം..അതു തോന്നിയിരിക്കുന്നത്‌ വളരെ കുറവാ.പിന്നെയും ഒരല്‍പം സന്തോഷമുണ്ടായിരുന്നത്‌ എന്റെ പണി കഴിഞ്ഞ്‌ സമയത്താ.ആദ്യം താമസിച്ച കുടുംബം.അവരുടെ സന്തോഷങ്ങളൊക്കെ എന്റേയും സന്തോഷമായിരുന്നു.ഒരു പക്ഷേ,ശ്രീക്കുട്ടി കഴിഞ്ഞാല്‍ എനിക്ക്‌ ഏറ്റവും സന്തോഷം നല്‍കിയത്‌ അവരായിരുന്നു..."

"അതൊരു ജന്മിയല്ലായിരുന്നോ,ഒരുപാട്‌ പേരെ കൊന്ന.." ഞാന്‍ ഇടയ്ക്ക്‌ കയറി


"ആരാ ഇതൊക്കെ പറഞ്ഞേ..കഴിഞ്ഞ ദിവസം വന്നവരും പറയുന്നത്‌ കേട്ടു.എന്റെ ഭാഗ്യകേടിന്റെ കാരണം അയാളാണെന്നൊക്കെ.അയാള്‍ ജന്മിയൊന്നുമല്ലായിരുന്നു.ഒരു അദ്ധ്വാനിയായ കൃഷിക്കാരന്‍.അയാളും ഭാര്യയും ഒരു മകനും ഒരു മകളും.അവരായിരുന്നു ഇവിടെ താമസിച്ച ആദ്യ കുടുംബം.അതൊരു നൂറു നൂറ്റമ്പതു വര്‍ഷം മുന്‍പാ.പിന്നെ പിന്നെ എന്റെ ഭാഗ്യകേടിനൊരു കാരണം വേണ്ടേ,അതിനു ആരോ ചേര്‍ന്നുണ്ടാക്കിയ കഥായാണു ഈ ജന്മിയും അയാളുടെ ക്രൂരതയുമൊക്കെ..അവരുടെ മകളുടെ കല്യാണം ഇവിടെ വച്ചായിരുന്നു.മുറ്റത്ത്‌ പന്തലൊക്കെയിട്ട്‌,ഒരാഘോഷം.ആദ്യമായും അവസാനമായും ഇവിടെ നടന്ന ആഘോഷം..."

ഞങ്ങളിതു പറഞ്ഞു കൊണ്ടിരിക്കേ,ദൂരേ നിന്നു വണ്ടികളുടെ ശബ്ദം കേട്ടു.അത്‌ അടുത്ത്‌ അടുത്ത്‌ വന്നു...

"അവരെത്തി.എന്റെ ജീവിതം ഇന്നവസാനിക്കുന്നു..അല്ലാ,ഇന്നു ഈ ഏകാതന്തയും വേദനകളുമൊക്കെ തീരുന്നു.ഇനി നമ്മള്‍ കാണില്ല.മോന്‍ ഇനി വരുമ്പോഴേക്കും,ഞാന്‍ മണ്ണോടു മണ്ണായി കാണും.ഇവിടെ ചിലപ്പോള്‍ പുതിയൊരു വീട്‌ വന്നേക്കാം,എന്നെക്കാള്‍ ഭംഗിയും ഉറപ്പമുള്ള ഒന്നു...ഭാഗ്യവും..."

അവരൊക്കെ അടുത്തെത്തിയിരുന്നു.ഒരു ലോറിയും കുറേ പണിക്കാരുമൊക്കെ..എനിക്ക്‌ മറുപടി പറയാന്‍ ഒന്നും കിട്ടിയില്ല.വീടും സംസാരം നിര്‍ത്തിയ പോലെ..ഞാന്‍ പതിയെ ആ പടിക്കല്ലേയ്ക്ക്‌ നടന്നു..പുറകില്‍ നിന്നൊരു ചിരി കേട്ടോ..തോന്നല്ലാണോ..എന്റെ കണ്ണൊന്നു നിറഞ്ഞ പോലെ...അതു പക്ഷേ തോന്നലായിരുന്നില്ല....

Thursday, June 26, 2008

ദീപിക യൂസ് നെറ്റ് 2.0ദീപിക പത്രത്തിന്റെ ഒപ്പം ബുധനാഴച്ചകളില്‍ പ്രസീദ്ധീകരിക്കുന്ന ടാബ്ലോയിഡ് ചോക്ലേറ്റിലെ യൂസ്നെറ്റ് 2.0 എന്ന കോളത്തില്‍ വന്ന എന്റെ കുറിപ്പ്...

Friday, May 16, 2008

എന്റെ കോളേജിലെ ഇടനാഴി....

ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
(മൊബൈല്‍ ക്യാമറയില്‍ എടുത്തതാണു,വ്യക്തത കുറവുണ്ട്,ക്ഷമിക്കുക)

Thursday, May 1, 2008

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്‍....

ചില വ്യക്തികള്‍,ചില കണ്ടുമുട്ടലുകള്‍,മനസ്സില്‍ ഒരു നുള്ളു നൊമ്പരം അവശേഷിപ്പിക്കാറുണ്ട്.പരിചിതനായ ഒരു വ്യക്തിയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍,അതെന്റെ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങലാണു സൃഷ്ടിച്ചതു.ആ നൊമ്പരം,അക്ഷരങ്ങളുടെ രൂപമെടുത്തപ്പോള്‍,ഇന്ദുലേഖാ.കോമിലെ സ്പൈസ് എന്ന ചാനലില്‍,പ്രസിദ്ധീകരിക്കപ്പെട്ടു.അതു നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു....

http://indulekha.com/spice/2008/04/mrudul-george-viswajyothi-college-of.html

നിങ്ങളുടെ സ്വന്തം

മൃദുല്‍

Wednesday, April 16, 2008

അതിരു കാക്കും മലയങ്ങു തുടുത്തേ....

ഒരുപാട് നാളുകള്‍ കൂടിയാണു ഇവിടെ ഒരു പോസ്റ്റ്.

എഴുതാനായി ഒന്നും മനസ്സില്‍ തോന്നിയില്ല എന്നതാണു സത്യം.ചില കാര്യങ്ങള്‍ വാക്കുകളിലേയ്ക്കു പകര്‍ത്താനും കഴിഞ്ഞില്ല.പിന്നെ സമയക്കുറവും ഒരു കാരണമായിരുന്നു.കോളേജിലെ തിരക്കുകള്‍,ചാനലിലെ പ്രോഗ്രാമിനു വേണ്ടിയുള്ള സ്ക്രിപ്റ്റ്,അങ്ങനെ അങ്ങനെ....

അങ്ങനെയിരിക്കുമ്പോഴാണു ഇന്നലെ യാദൃശ്ചികമായി ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയിലെ ഒരു പാട്ട് വീണ്ടും കേട്ടത്.ശരിക്കും അതൊരു പാട്ടല്ല,കവിതയാണു.ചിത്രം,സര്‍വ്വകലാശാല.കവിതയേതാണെന്നു എല്ലാവര്‍ക്കും മനസ്സിലായല്ലോ,അതു തന്നെ...ഇന്നലെ അതു കേട്ടു കൊണ്ടിരുന്നപ്പോള്‍ ചുമ്മാ അതു കുറിച്ചു വച്ചു.ഒരിക്കല്‍ ഇതിലെ വരികള്‍ തപ്പി ഒരുപാടു നടന്നതാണു.ആ ഒരു ഓര്‍മ്മയുള്ളതു കൊണ്ട്,ആ വരികള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി ഇവിടെ കുറിക്കുന്നു....

രചന:കാവലം നാരയണ പണിക്കര്‍

അതിരു കാക്കും മലയങ്ങു തുടുത്തേ തുടുത്തേ തകതകതാ

അങ്ങു കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില തറയിലെ

പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,

ചതിച്ചേ തകതകതാ

മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ(2)

കാറ്റിന്റെ ഉലച്ചില്ലില്‍ ഒരു വള്ളിക്കുരുക്കില്‍ ഉരലൊന്നു മുറുകി,തടിയൊന്നു ഞെരുങ്ങി

ജീവന്‍ ഞരങ്ങി,തക തക താ...

ഇതു ഞാന്‍ കേട്ടെഴുതിയതാണു,തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.ഇതിന്റെ വീഡിയോയും ഒപ്പം ചേര്‍ക്കുന്നു...

നിങ്ങളുടെ സ്വന്തം

മൃദുല്‍


Saturday, February 23, 2008

അങ്ങനെ ഞാനും ഒരു ആങ്കറായി.....

വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

അതു സംഭവിച്ചു..

അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...

നോട്ടുമാല അണിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മണി ഓര്‍ഡര്‍ അയച്ചാല്‍ മതിയേ....

Friday, February 8, 2008

ബൂലോഗത്തിലെ എന്റെ ഒരു വര്‍ഷം..അഥവാ എന്റെ ബ്ലോഗിനിന്നു ഒരു വയസ്സ്

ഇന്നേയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്വപ്നവും കണ്ടു കിടന്നിരുന്ന ഒരു പത്തൊമ്പതുകാരന്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു മോഹം,ഒരു ബ്ലോഗ്‌ തുടങ്ങാന്‍...തുറന്നു ബ്ലോഗര്‍.കോം,തുടങ്ങി ഒരു ബ്ലോഗ്‌...മഞ്ഞുത്തുള്ളികള്‍ !!!!

പ്രിയപ്പെട്ടവരേ,

സന്തോഷ ജന്മദിനം കുട്ടിയ്ക്കു....സന്തോഷ ജന്മദിനം കുട്ടിയ്ക്കു....

അതെ,ഞാന്‍ ബൂലോഗത്ത്‌ എത്തിയിട്ടിന്നു ഒരു വര്‍ഷം തികയുന്നു.2007 ഫെബ്രുവരി എട്ടാം തീയതി ഇട്ട മഞ്ഞുത്തുള്ളികള്‍ എന്ന പോസ്റ്റായിരുന്നു ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു ഒരുപാടൊക്കെ സംഭവിച്ചു.എന്തിനു വേണ്ടിയാണു ബ്ലോഗ്‌ തുടങ്ങുന്നതു എന്നു പോലും അറിയാതിരുന്ന എന്റെ ബ്ലോഗില്‍ ദൈവം സഹായിച്ച്‌ എല്ലാ മാസവും പുതിയതെങ്കിലും കുറിക്കാന്‍ കഴിഞ്ഞു,+2 വരെ ഉപന്യാസം അല്ലാതെ ഒന്നും തന്നെ എഴുതിയിട്ടില്ലാത്ത ഞാന്‍,ഒരുപാട്‌ കഥകള്‍ എഴുതി.എല്ലാത്തിനെയും തന്നെ നിങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഒരു അലങ്കാരം പോലെ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്റര്‍വ്യൂ...എല്ലാം കൊണ്ടും ബൂലോഗത്തിലെ എന്റെ ആദ്യ വര്‍ഷം സുന്ദരമായിരുന്നു.

മുകളില്‍ പറഞ്ഞതു പോലെ,വ്യക്തമായ ഒരു രൂപവും ഇല്ലാതെയാണു ഞാന്‍ ഈ ബ്ലോഗ്‌ ആരംഭിച്ചത്‌.ബൂലോഗത്തെ പലരുടേയും തുടക്കം പോലെ ഓര്‍ക്കൂട്ടിലെ തനിമലയാളക്കൂട്ടത്തില്‍ നിന്നു തന്നെയായിരുന്നു എന്റേയും തുടക്കം.ഞാനേറേ സ്നേഹിക്കുന്ന എന്റെ ഒരു പ്രിയപ്പെട്ട ചേച്ചിയാണു എന്നെ ബൂലോഗത്തിലേയ്ക്ക്‌ കൊണ്ടു വന്നതു.ഇന്നും ഒരു താങ്ങായി തണലായി ചേച്ചി എന്റെ കൂടെയുണ്ട്‌.ഈ ഒരു വര്‍ഷം എനിക്കു തന്നതു വത്യസ്തമായ ഒരുപാട്‌ അനുഭവങ്ങളായിരുന്നു,..ഒരുപാട്‌ പ്രതിഭാധനരായ സുഹൃത്തുകള്‍,വായനയുടേയും എഴുത്തിന്റേയും പുതിയ തലങ്ങള്‍ എന്നിങ്ങനെ..ഒരല്‍പം അഹങ്കാരത്തോടെ തന്നെ പറയട്ടെ,മൃദുല്‍ എഴുതുന്ന ആളാണെന്നു പലരും അറിഞ്ഞതും പറഞ്ഞതും ഈ ബ്ലോഗിലൂടെയാണു.അതു പോലെ തന്നെ ബ്ലോഗിലെ പല രചനകളും പല പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു പ്രസിദ്ധീകരിക്കുകയുണ്ടായി....

ഒരുപാട്‌ പേരോട്‌ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്‌...എല്ലാവര്‍ക്കും,എല്ലാത്തിനും മുന്‍പേ,എല്ലാ മാസവും വത്യസ്തമായ ആശയങ്ങള്‍ എന്റെ മനസ്സിലെത്തിക്കുന്ന എന്റെ ദൈവത്തിനു..താങ്ങായി തണലായി കൂടെയുള്ള അമ്മയ്ക്കു...എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ചേട്ടനു,പിന്മൊഴികള്‍ രേഖപ്പെടുത്തിയവരോട്‌,ഇനിയും നേരിട്ട്‌ കാണാത്ത ചേച്ചിക്കൊച്ചിനു..എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ സുഹൃത്തുകള്‍ക്കും..എല്ലാവര്‍ക്കും..ഒരായിരം നന്ദി...

ഒന്നും ഇവിടെ അവസാനിക്കുന്നില്ല..ദൈവം സഹായിച്ചാല്‍ ഇനിയും ഞാന്‍ വരും...മഞ്ഞുത്തുള്ളികളുമായി.വിരഹത്തിന്റെ നോവുള്ള,പ്രണയത്തിന്റെ ആര്‍ദ്രതയുള്ള,സൗഹൃദത്തിന്റെ സന്തോഷമുള്ള,നനുത്ത മഞ്ഞുത്തുള്ളികളുമായി..കവി പാടിയതു പോലെ,

“മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും,
അനക്കമറ്റു നിദ്രയില്‍
ലയിപ്പതിനു മുന്‍പിലായി,
എനിക്കതീവ ദൂരമുണ്ട്‌,
അവിശ്രമം നടക്കുവാന്‍.....“

ഒരിക്കല്‍ കൂടി...ഒരുപാടു നന്ദി...

നിങ്ങളുടെ സ്വന്തം

മൃദുല്‍

കഴിഞ്ഞ പോസ്റ്റില്‍ ഒരു യാത്രയെ കുറിച്ചു പറഞ്ഞിരുന്നു...ആ യാത്ര നന്നായിരുന്നു...എല്ലാ അര്‍ത്ഥത്തിലും...അതിന്റെ ഫലമായി,ഈ ഞായറാഴച്ച മുതല്‍ കൈരളി വീ ചാനലില്‍ ഞാന്‍ അവതാരകനാകുന്ന പ്രോഗ്രാം ആരംഭിക്കുന്നു..ഉച്ചയ്ക്കു ഒന്നരയ്ക്കു...പരിപാടിയുടെ പേരു പനോരമ.കഴിയുന്നവര്‍ കാണുക..അഭിപ്രായങ്ങള്‍ അറിയിക്കുക :)

Wednesday, January 23, 2008

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര....

പ്രിയപ്പെട്ടവരേ...

ഞാനൊരു യാത്ര പോകുന്നു.

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര...

ഇതാദ്യമല്ല,പലകുറി പോയതാണു,പല തവണ പോകാന്‍ ഒരുങ്ങിയതാണു.

പോയപ്പോഴൊന്നും എന്റെ സ്വപനത്തെ കണ്ടുമുട്ടിയില്ല,

ചിലപ്പോഴൊക്കെ പോകാനേ പറ്റിയില്ല..

പക്ഷേ,ഇക്കുറി മനസ്സു പറയുന്നു,ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്കെത്തുമെന്നു...

ഭൂലോകത്തെ പലരും പോയതു പോലെ ഇതൊരു നീണ്ട യാത്രയല്ല,

ഇതൊരു കൊച്ചു യാത്ര...കണ്ണെത്തുന്ന ദൂരത്തേയ്ക്കുള്ള യാത്ര.

തിരിച്ചു ഞാന്‍ വരും..

സ്വപനങ്ങളിലേയ്ക്ക് ഞാനെത്തിയോ എന്നു നിങ്ങളെ അറിയിക്കാന്‍...

വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍...

എല്ലാവരുടേയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും പ്രതീക്ഷിച്ചു കൊണ്ട്..

നിങ്ങളുടെ സ്വന്തം

മൃദുല്‍ ...

Wednesday, January 16, 2008

എന്‍ മാതാവിന്‍ വിലാപങ്ങള്‍...

എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍
ദേഹത്തു പതിച്ച നേരം
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍
മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടു

അനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേ
ആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാ
നിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍
ദുഖമാണിന്നെന്‍ നെഞ്ചകം നിറയെ
ഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെ
എന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നു
എന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേ

നികൃഷ്ടമാം ജന്മങ്ങളെന്‍ പുത്രിമാരേ
കൊല്ലാതെ കൊല്ലുന്നു ദിനം തോറുമേ
ഇവര്‍ക്കുമില്ലേ പ്രിയരേ ഒരു ജീവിതം
തട്ടി തകര്‍ക്കല്ലതെന്‍ പ്രിയ മക്കളേ

സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ

എന്തു ഞാന്‍ പറയണമെന്നമ്മയോട്‌
അറിയില്ലെനിക്കേതു വാക്കിനാല്‍ ക്ഷമ ചോദിക്കണമെന്നു
എങ്കിലും ക്ഷമിച്ചീടണേ മാതേ
അഭിശപ്താമീ ജന്മങ്ങളോട്‌ !