Wednesday, June 11, 2014

നിറകണ്‍ച്ചിരി..

"ഓര്‍മ്മയുടെ താളുകളിലൂടെ ഇടയ്ക്ക് പുറകോട്ട് നടക്കുക.ആ ഓര്‍മ്മകള്‍ നിങ്ങളുടെ കണ്ണുകള്‍ നിറയ്ക്കട്ടെ."

രണ്ടാഴച്ച മുന്‍പ് ബോബി ജോസ് എന്ന കപ്പൂച്ചിന്‍ വൈദികന്റെ ഒരു വീഡിയോയിലാണു ഈ വാക്കുകള്‍ കേട്ടത്.സുവിശേഷ പ്രസംഗങ്ങള്‍ ഇരുന്നു കേള്‍ക്കുന്ന ഒരു ശീലമില്ല,പക്ഷേ ബോബിയച്ചന്റെ സംഭാഷണങ്ങളെ ആ കൂട്ടത്തില്‍ പെടുത്താന്‍ തോന്നാറില്ലാത്തതു കൊണ്ട് കേള്‍ക്കാനുള്ള അവസരം കിട്ടുമ്പോള്‍ ഒഴിവാക്കറില്ല.

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവിടെ അടുത്തുള്ള ആശുപത്രി വരെ പോകുകയുണ്ടായി.അതിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് അവിടെ നിന്നു തിരിച്ചു പോരുന്ന സമയത്താണു മാതാശ്രീ പറഞ്ഞത്, എന്നെ പഠിപ്പിച്ച മരിയാ സിസ്റ്റര്‍ ഒരു സര്‍ജറി കഴിഞ്ഞ് അവിടെ വിശ്രമിക്കുന്നുണ്ട്,ഒന്നു കണ്ടിട്ടു പോയാലോ എന്നു.

മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്കൂളിലാണു ഞാനെന്റെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.അവിടെ നാലാം ക്ളാസ്സ് സി ഡിവിഷനിലെ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു സി.മരിയാ കുന്നേക്കാട്ട് എഫ്.സി.സി. എയ്ഡഡ് സ്കൂളുകളിലെ സേവനത്തില്‍ നിന്നു വിരമിച്ചതിനു ശേഷം അവിടെ ജോലി നോക്കുകയായിരുന്നു സിസ്റ്റര്‍ ആ കാലത്ത്.മലയാളം ആയിരുന്നു സിസ്റ്റര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്.നല്ല കണിശക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു സിസ്റ്റര്‍.ഇഷ്ടം പോലെ വഴക്ക് പറയും,ദേഷ്യപ്പെടും,നല്ല അടിയും തരും.പക്ഷേ ഒരാള്‍ക്ക് പോലും സിസ്റ്ററിനോട് ഒരു ദേഷ്യം തോന്നിയിരുന്നതായി ഓര്‍മ്മയില്ല.ഉകാര ചിഹ്നം ഇടുന്നതിന്റെ പേരിലായിരുന്നു സിസ്റ്റര്‍ ഏറ്റവും കൂടുതല്‍ വഴക്കു പറഞ്ഞിട്ടുള്ളത്.മുകളില്‍ നിന്നു തുടങ്ങി ഇടത്തേക്കു തിരിച്ച് വലത്തേയ്ക്കു വട്ടം വരയ്ക്കുന്ന രീതിയിലാണു ഞങ്ങളെല്ലാവരും തന്നെ ആ ചിഹ്നം ഇട്ടു കൊണ്ടിരുന്നത്.പക്ഷേ സിസ്റ്ററുടെ അഭിപ്രായത്തില്‍ വട്ടം വരയ്ക്കുന്നത് നേരെ എതിര്‍ വശത്തേയ്ക്കാണു വേണ്ടത്.വളരെ ശരിയായ ഒരു കാരണവും അതിന്റെ പിന്നിലുണ്ടായിരുന്നു.ഉ എന്ന അക്ഷരത്തിന്റെ അകത്തേയ്ക്കുള്ള കുനിപ്പാണു ഉകാര ചിഹ്നത്തിലെ വട്ടം.അപ്പോള്‍ ആ അക്ഷരം എഴുതുന്ന അതേ രീതിയില്‍ വേണം ആ ചിഹ്നം ഇടേണ്ടതും.ഒരുപാട് വഴക്കു പറഞ്ഞും ദേഷ്യപ്പെട്ടുമൊക്കെയാണു അന്ന് സിസ്റ്റര്‍ ഞങ്ങളുടെ എഴുത്ത് ഈ രീതിയിലേക്ക് മാറ്റിയെടുത്തത് . പക്ഷേ പിന്നീട് നാളിതു വരെ അതിനൊരു മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല,പിന്നീട് ബുദ്ധി ഉറച്ച കാലത്ത്, സിസ്റ്റര്‍ അന്ന് പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്നു തോന്നുകയും ചെയ്തിട്ടുണ്ട്.

സിസ്റ്റര്‍ വിശ്രമിച്ചിരുന്ന മുറി കണ്ട് പിടിച്ച് ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു.പയ്യെ വാതിലില്‍ മുട്ടി,ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ വാതില്‍ തുറന്നു തന്നു.പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് മരിയാ സിസ്റ്റര്‍ അവിടെയുള്ള മേശയ്ക്കരികില്‍ ഇരിക്കുന്നുണ്ടായിരുന്നു.കയറി വന്നത് ആരാണു എന്നു സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടിയ സിസ്റ്ററിനോട് "സിസ്റ്ററേ,മൃദുലാ" എന്നു പറഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന സംശയം വലിയൊരു സന്തോഷത്തിലേയ്ക്ക് വഴി മാറുന്നത് ഞാന്‍ കണ്ടു."നീയെന്നാടാ ഇവിടെ" എന്നു നിറഞ്ഞ ചിരിയോടെ ചോദിച്ച സിസ്റ്ററിനോട് പാതി തമാശയായി "സിസ്റ്റര്‍ ഇവിടെയുണ്ടെന്നറിഞ്ഞ് വന്നതല്ലേ" എന്ന് ഞാന്‍ മറുപടി പറഞ്ഞു.അല്പം അകന്ന ഒരു ബന്ധുതയുള്ളത് കൊണ്ട് ആ പറഞ്ഞതില്‍ വലിയ സംശയം സിസ്റ്ററിനു തോന്നി കാണില്ല.കൂടെയുള്ള സിസ്റ്ററിനു "ഇതെന്റെ കൊച്ചാ,ഞാന്‍ പഠിപ്പിച്ചതാ" എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തി.കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അമ്മയെ കണ്ട കാര്യവും,ഞാന്‍ നാട്ടില്‍ ഇല്ല എന്നറിഞ്ഞ കാര്യവും,അന്നൊപ്പം പഠിച്ച പലരുടെ കാര്യവുമൊക്കെ സിസ്റ്റര്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടിരുന്നു.എല്ലാം കേട്ടും,മറുപടികള്‍ പറഞ്ഞും സിസ്റ്ററിരുന്നിരുന്ന മേശയ്ക്ക് എതിര്‍ വശമുള്ള കട്ടിലില്‍ ഞാനിരുന്നു.ഇടയ്ക്ക് സംസാരം നിര്‍ത്തി സിസ്റ്റര്‍ എന്നെ അടുത്തേയ്ക്ക് വിളിപ്പിച്ചു.എഴുന്നേല്‍ക്കാന്‍ ഒരു കൈ സഹായത്തിനായിരിക്കും എന്നു കരുതി അടുത്തേയ്ക്ക് ചെന്ന എന്ന സിസ്റ്റര്‍ വാരിപ്പുണര്‍ന്നു.പ്രായം കാഴ്ചകളെ മറച്ചു തുടങ്ങിയ ആ കണ്ണുകളില്‍ ഒരു നനവ് കണ്ട പോലെ.എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഒപ്പമുള്ള സിസ്റ്ററിനോട് "ഇതെന്റെ കൊച്ചാ,ഒരുപാട് വലുതായി" എന്നൊക്കെ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരുന്നു.ഇറങ്ങാന്‍ നേരം ഇപ്പോള്‍ ഉള്ള തേവര മഠത്തിലേയ്ക്ക് ഇടയ്ക്ക് ചെല്ലണം എന്നു പറഞ്ഞു,"എന്താണെങ്കിലും വരാം സിസ്റ്ററെ" എന്നുറപ്പു കൊടുത്തപ്പോള്‍ ആ മുഖത്ത് സന്തോഷവും വാത്സല്യവും അഭിമാനവുമൊക്കെ മിന്നി മറയുന്നത് ഞാന്‍ കണ്ടു.അമ്മയോട് പഴയ ഉകാര കഥയൊക്കെ പറഞ്ഞാണു ഞാന്‍ ഇറങ്ങി നടന്നത്.കണ്ണുകള്‍ നിറഞ്ഞിരുന്നിരിക്കണം,ഞാന്‍ ഓര്‍ക്കുന്നില്ല.പക്ഷേ മനസ്സ് നിറഞ്ഞിരുന്നു എന്നത് തീര്‍ച്ച.

ഒറ്റയ്ക്കായി പോയ കഴിഞ്ഞ ഓണക്കാലത്താണു,ഓര്‍മ്മകള്‍ എന്നെ കൊണ്ട് ഇങ്ങനെ എഴുതിച്ചത്.

"ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല,മുന്നോട് നടക്കാന്‍ പറയുന്നു ഒരോ ഓര്‍മ്മയും,കാരണം പിന്നിടേണ്ട വഴികളില്‍ എവിടെയോ ഈ ഓര്‍മ്മകള്‍ ഇന്ദ്രജാലങ്ങളൊരുക്കി കാത്തിരിക്കുന്നുണ്ട്,വീണ്ടും ആവര്‍ത്തിക്കാന്‍,സന്തോഷിപ്പിക്കാന്‍".

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.ഓര്‍മ്മകളിലൂടെ പുറകോട്ട് ഒരല്പ ദൂരം ഒരുമിച്ച് നടക്കുക.കണ്ണുകളെ നിറയാനനുവദിക്കുക,മനസ്സു കൊണ്ട് ആ ഓര്‍മ്മകളോട് നന്ദി പറയുക

4 Comments:

Unknown said...

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.ഓര്‍മ്മകളിലൂടെ പുറകോട്ട് ഒരല്പ ദൂരം ഒരുമിച്ച് നടക്കുക.കണ്ണുകളെ നിറയാനനുവദിക്കുക,മനസ്സു കൊണ്ട് ആ ഓര്‍മ്മകളോട് നന്ദി പറയുക...

ajith said...

ഓര്‍മ്മകള്‍ ഉണ്ടായിയ്ക്കുന്നത് എത്ര നല്ലതാണ്!
ആശംസകള്‍

ശ്രീ said...

കാത്തിരിക്കുന്ന ഓര്‍മ്മകളെ നമ്മള്‍ തിരിച്ചറിയണമെന്നില്ല,ഓര്‍മ്മകള്‍ നമ്മളെയും.നമ്മള്‍ തിരിച്ചറിയുന്നവരെ,നമ്മളെ തിരിച്ചറിയാത്തവരെ അങ്ങോട്ട് പോയി പരിചയം പുതുക്കുക.


സത്യം !

Sudheer Das said...

"പിന്നിടേണ്ട വഴികളില്‍ എവിടെയോ ഈ ഓര്‍മ്മകള്‍ ഇന്ദ്രജാലങ്ങളൊരുക്കി കാത്തിരിക്കുന്നുണ്ട്,"

നല്ല വാചകം. ആശംസകള്‍.