Sunday, March 16, 2014

ഞാനിഷ്ടപ്പെട്ട ആമിയുടെ ഇഷ്ടങ്ങൾ

സ്ഥലം കുറവാണെങ്കിലും ഞാൻ അകത്തേയ്ക്ക് കയറി നിന്നു.ഇപ്പോൾ എനിക്ക് ആമിയെ നന്നായി കാണാം.ഞാൻ വരുമെന്നു അവൾ പ്രതീക്ഷിച്ചിരിന്നിരിക്കുമോ,അറിയില്ല.അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെല്ലണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും, അത്തരത്തിലുളള എന്തെങ്കിലും ഒരു താത്പര്യം എന്നെങ്കിലും അവൾക്കുണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഇഷടം പറയാതെ പോയതിന്റ്റെ പതിവ് പരാതികളും പരിവേദനങ്ങളും എനിക്കില്ല.അന്നും ഇന്നും നല്ല സുഹൃത്തുകൾ ,ഇനിയെന്നും.

ഇവിടെ നിന്നു നോക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്.തോന്നലാണോയെന്നറിയില്ല.ആവാൻ വഴിയില്ല.കാരണം ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടില്ല. ഞങ്ങളുടെ ഓഫീസ് ഫുഡ്കോർട്ടിൽ വച്ച് ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ബ്രേക്ക്ഫാസ്റ്റ് സമയത്ത് പത്ത് അഞ്ഞൂറാളുകൾക്കിടയിൽ അവളുടെ മുഖത്തേയ്ക്ക് മാത്രം നോട്ടമെത്തിച്ചത് ഈ പുഞ്ചിരിയാണു.പിന്നീടിങ്ങോട്ട് എത്രയോ വട്ടം ഈ ചിരി കണ്ടിരിക്കുന്നു,എന്റെ എത്രയോ ദിവസങ്ങൾ ഈ ചിരി കൊണ്ടു മാത്രം മുന്നോട്ട് പോയിരിക്കുന്നു.

ഇപ്പോഴാണു ശ്രദ്ധിച്ചത്,തൂവെളള നിറത്തിലുളള ഒരു ഗൗണിലാണവൾ.അത് ഞാൻ പ്രതീക്ഷിച്ചില്ല.കാരണം മറ്റൊന്നുമല്ല,സാരിയായിരുന്നു എന്നും അവളുടെ പ്രിയപ്പെട്ട വേഷം. അരികുകളിൽ സ്വർണ്ണ നിറമുളള ഡിസൈനുകൾ തുന്നി ചേർത്ത,മറ്റു ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരു ഓഫ് വൈറ്റ് സാരീ.ഇതായിരിക്കും അവളുടെ ഇന്നത്തെ വേഷം എന്നാണു ഞാൻ പ്രതീക്ഷിച്ചത്.ആഗ്രഹിക്കുന്നത് പോലെയും പ്രതീക്ഷിക്കുന്നത് പോലെയുമാണു ജീവിതത്തിന്റെ യാത്രാവഴികൾ എങ്കിൽ അവളുടെ ഒരുപാട് സുഹൃത്തുകളിൽ ഒരാൾ മാത്രമായി ഞാനിവിടെ മാറി നിൽക്കില്ലായിരുന്നു,മറിച്ച് അവളുടെ തൊട്ടരികിൽ ഉണ്ടായിരുന്നേനെ.

കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ചുറ്റിലും, നമ്മളിലും,നല്ലതും ചീത്തയും.ചില ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പിടിവാശികൾ ,ഇവയൊക്കെ മരിച്ചാലും മാറില്ല എന്നു നമ്മൾ പറയാറില്ലേ .പക്ഷേ എല്ലാം വെറുതെയാണു.ജീവിതം ഓടി തീർക്കാനോ മത്സരിക്കാനോ ഒന്നുമുളളതല്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം വരെയേ നമ്മുടെ ഈ പിടിവാശികൾക്ക് ആയുസുളളു എന്നതാണു സത്യം.ആമിയിൽ ഞാൻ കാണുന്ന കാഴച്ചകൾ അതെന്നെ പഠിപ്പിക്കുകയാണു.സാരി ഉടുക്കാൻ ഇഷടപ്പെട്ടിരുന്നവൾ ഒരു വെസ്റ്റേൺ ഗൗണിൽ.അവിടെ മാത്രം തീരുന്നില്ല മാറ്റങ്ങൾ.ചുവന്ന റോസാപ്പൂക്കളുടെ ഒരാരാധികയായിരുന്നു അവൾ.വെറും ചുവപ്പല്ല,കടും ചുവപ്പ് പൂക്കൾ.എത്രയോ വട്ടം,പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്നിട്ട് കൂടി കടും ചുവപ്പ് പൂക്കളുടെ ഒരു ചെണ്ട് വാങ്ങി അവളുടെ ഓഫീസ് ഡെസ്കിൽ വച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടിന്ന് അവളുടെ കൈകളിൽ ഉളളത് വെളള പൂക്കൾ കൊണ്ടുളള ഒരു ബൊക്കെയാണു. കുറ്റം പറഞ്ഞതല്ല,വാശികളുടെയും ഇഷ്ടങ്ങളുടെയും അൽപ്പായുസിനെ സൂചിപ്പിച്ചെന്നു മാത്രം. ഇതു തന്നെയാണു മേക്കപ്പിന്റെ കാര്യവും. ഇന്നാണു ആദ്യമായി അവളെ ഇത്രയും മേക്കപ്പിൽ കാണുന്നത്.വെയിലും പൊടിയും പറ്റാതിരിക്കാൻ ഒരു നേർത്ത ആവരണം.ഇതായിരുന്നു എനിക്കറിയാവുന്ന ആമിയുടെ മേക്കപ്പ് .പക്ഷേ ഇതിപ്പോൾ മറ്റാരെയോ പോലെ.ചേരുന്നില്ല ഇതൊന്നും അവൾക്ക്.

എല്ലാം കണ്ടിട്ട് ഈ ദിവസമോർത്ത് ആദ്യമായി മനസ്സിൽ ഒരു വിഷമം തോന്നുന്നു. ഇഷ്ടമാണു ആമി എനിക്കു നിന്നെ,നിന്റെ ഇഷ്ടങ്ങളെ എന്നു പറയാൻ തോന്നുന്നു.ഒരുപക്ഷേ സാഹചര്യങ്ങളും ചുറ്റുപാടുകളും മറന്നു ഞാനങ്ങനെ പറയുമോ എന്നു എനിക്ക് തന്നെ പേടി തോന്നി തുടങ്ങിയിരിക്കുന്നു.ഇനിയിവിടെ നിൽക്കാൻ വയ്യ,പോകണം ഇവിടെ നിന്നു.അവളോട് യാത്ര പറയാൻ നിന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നേക്കും,എന്റെ നിയന്ത്രണങ്ങളേയും.
ഞാൻ തിരക്കിലൂടെ പുറത്തേയ്ക്കിറങ്ങി നടന്നു.ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നതു പോലെ.ചടങ്ങുകൾ അവസാനിക്കാറായിട്ടുണ്ട്,കാരണം ആ പാട്ട് കേട്ടു തുടങ്ങി.


'മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക,അലസത കൂടാതെ..'

7 Comments:

Unknown said...

കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് നമ്മുടെ ചുറ്റിലും, നമ്മളിലും,നല്ലതും ചീത്തയും.ചില ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പിടിവാശികൾ ,ഇവയൊക്കെ മരിച്ചാലും മാറില്ല എന്നു നമ്മൾ പറയാറില്ലേ .പക്ഷേ എല്ലാം വെറുതെയാണു.ജീവിതം ഓടി തീർക്കാനോ മത്സരിക്കാനോ ഒന്നുമുളളതല്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം വരെയേ നമ്മുടെ ഈ പിടിവാശികൾക്ക് ആയുസുളളു എന്നതാണു സത്യം.ആമിയിൽ ഞാൻ കാണുന്ന കാഴച്ചകൾ അതെന്നെ പഠിപ്പിക്കുകയാണു..

ഉദയപ്രഭന്‍ said...

കഥ ഇഷ്ടമായി മൃദുല്‍ . ആശംസകള്‍

AnuRaj.Ks said...

Samayamam radhathileri nammal.....

ajith said...

ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിയ്ക്കുന്നു

Melvin Joseph Mani said...

ഒരു ദിവസം എല്ലാവരും പോകേണ്ടിടത്തേക്ക്
അവൾ ആദ്യം പോയി... പിന്നാലെ നമ്മളിൽ ഓരോരുത്തരും പോകേണ്ടി വരും

കഥ നന്നായിരുന്നു

ദീപ എന്ന ആതിര said...

പറയാതെ പലതും പറഞ്ഞ കഥ ...നന്നായി

Unknown said...

Nice