Saturday, February 2, 2013

പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"......


കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഗാനം ഹൃദയത്തെ വല്ലാതെ തൊടുകയുണ്ടായി.ഒരു മടുപ്പും തോന്നാതെ ആ ഗാനം മാത്രം ലൂപ്പിലിട്ട് ഒരുപാട് തവണ കേട്ടു.ഈണത്തെക്കാള്‍ കൂടുതല്‍ അതിലെ വരികളെയാണു അന്നു നെഞ്ചോട് ചേര്‍ത്തത്.അതെങ്ങനെയേ കഴിയുമായിരുന്നുള്ളു.പക്ഷേ പിന്നീടെപ്പോഴോ ഓര്‍മ്മപ്പുസ്തകത്തിന്റെ മറിഞ്ഞു പോയ താളുകളിലെവിടെയോ ഒതുങ്ങി ആ ഗാനവും,വരികളും,അതുണ്ടാക്കിയ ചിന്തകളും.ഈക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ആ ഗാനം മനസ്സിലേയ്ക്ക്,കാതുകളിലേയ്ക്ക്,നാവിന്റെ തുമ്പിലേയ്ക്ക് തിരിച്ചെത്തി.ആദ്യം കേട്ടപ്പോള്‍ എഴുതാന്‍ ബാക്കി വച്ചത് ഇനി വൈകിക്കണ്ട എന്നു തോന്നിയതും അതു കൊണ്ട് തന്നെ.

സ്പിരിറ്റ് എന്ന ചിത്രത്തിലേതാണു ഈ ഗാനം.'മരണമെത്തുന്ന നേരത്ത്' എന്നു തുടങ്ങുന്ന വരികള്‍ രചിച്ചത് അനുഗ്രഹീതനായ കവി/ഗാനരചയിതാവ് റഫീഖ് അഹമ്മദ് ആണു.സംഗീതം നല്‍കിയത് ഷഹബാസ് അമാന്‍.ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അറിയാം,ആകസ്മികമായ,ദാരുണമായ ഒരു മരണത്തിന്റെ ബാക്കിപത്രമായിട്ടാണു ഈ ഗാനം സ്ക്രീനില്‍ കടന്നു വരുന്നത്.ആദ്യ ദിവസങ്ങളില് ഈ ഗാനത്തോട് അടുപ്പിച്ചതും ഈ മരണമായിരുന്നിരിക്കണം.മനസ്സില്‍ തോന്നുന്നത് കുത്തികുറിച്ചു തുടങ്ങിയ ദിവസങ്ങളിലെ സ്ഥിരം വിഷയമായിരുന്നു മരണവും,അതിന്റെ വത്യസ്ത തലങ്ങളുമൊക്കെ.അത്തരം കഥകള്‍ മാത്രമുള്ള ഒരു സമാഹാരം ഇറക്കണെമെന്നൊക്കെ ആയിരുന്നു അന്നതെ അഹങ്കാരങ്ങളിലൊന്ന്‍.വീണ്ടും വീണ്ടും കേട്ടു തുടങ്ങിയതോടെ മരണത്തിനുമപ്പുറം,അതേല്പ്പിക്കുന്ന അഘാതങ്ങള്‍ക്കും,ജനിപ്പിക്കുന്ന ചിന്തകള്‍ക്കുമപ്പുറം എന്തൊക്കെയോ ആണു ഈ ഗാനം പറയുന്നതെന്നു തോന്നി തുടങ്ങി.പിന്നീടെപ്പോഴോ ആണു ആ വരികള്‍ എന്നോട് പറഞ്ഞത്,"മൃദുല്‍ നീ ചിന്തിക്കുന്നതു പോലെ ഞാന്‍ പാടുന്നത് മരണത്തിന്റെ വിലാപമല്ല,മറിച്ച്
ഭ്രാന്തമായ പ്രണയത്തിന്റെയും,അഗാധമായ സനേഹത്തിന്റെയും ആഘോഷഗീതങ്ങളാണു"

ഗാനത്തിലെ വരികളുടെ അര്‍ത്ഥം ഇത്രമാത്രം

എന്നു വരുമെന്നോ,എങ്ങനെ വരുമെന്നോ അറിയാത്ത മരണം എന്നെ തേടിയെത്തുന്ന നിമിഷം എന്റെ അരികില്‍ നീ ഉണ്ടാകണം,എന്റെ കണ്ണുകള്‍ കാണുന്ന അവസാന കാഴച്ചയും,കാതുകള്‍ കേള്‍ക്കുന്ന അവസാന ശബ്ദവീചിയും,എന്റെ നാസാദ്വാരങ്ങളില്‍ നിലനില്‍ക്കുന്ന ഗന്ധവും,തലച്ചോറിന്റെ കോശങ്ങളിലെ മായ്ക്കപ്പെടാത്ത സ്മരണയും ,ചുണ്ടുകളിലെ പൂര്‍ത്തിയാകത്ത നാമവും നിന്റേതായിരിക്കണം.

ഒരു പക്ഷേ റഫീഖ് അഹമ്മദിലെ ഗാനരചയിതാവ് മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ കവിയാകുന്നതു ഇവിടെയാണു.എപ്പോഴാണെന്നറിയാത്ത ,ഭൂമിയിലെ അവസാന നിമിഷത്തില്‍ അരികില്‍,കാഴച്ചയില്‍,കേള്‍ വിയില്‍,ശ്വാസത്തില്‍,ചിന്തകളില്‍‍,ഓര്‍മ്മകളില്‍ എല്ലാം‍ ഒരാള്‍ ആയിരിക്കണമെന്നു ആഗ്രഹിക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ നിമിഷവും കൂടെ അയാള്‍ ഉണ്ടായിരിക്കണെമെന്നു കൂടി പറയാതെ പറയുന്നു റഫീഖ്.അതിനുമപ്പുറം ഒരു പ്രണയമോ സ്നേഹമോ ഉണ്ടോ ? അതു കൊണ്ടു തന്നെയാണു ഗാനം ഇങ്ങനെ അവസാനിക്കുന്നത്

"അതുമതിയുടല്‍ മൂടിയ മണ്ണില്‍ നിന്നിവനു
പുല്‍ക്കൊടിയായി ഉയര്‍ത്തേല്‍ക്കുവാന്‍"

ആ പ്രണയം മതി,ആ സ്നേഹം മതി,മരണത്തെയും തോല്പിച്ച് അവനു തിരിച്ചു വരാന്‍.ഒരു പുല്‍ക്കൊടിയായി എങ്കിലും അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍.

4 Comments:

Mridul said...


എന്നു വരുമെന്നോ,എങ്ങനെ വരുമെന്നോ അറിയാത്ത മരണം എന്നെ തേടിയെത്തുന്ന നിമിഷം എന്റെ അരികില്‍ നീ ഉണ്ടാകണം,എന്റെ കണ്ണുകള്‍ കാണുന്ന അവസാന കാഴച്ചയും,കാതുകള്‍ കേള്‍ക്കുന്ന അവസാന ശബ്ദവീചിയും,എന്റെ നാസാദ്വാരങ്ങളില്‍ നിലനില്‍ക്കുന്ന ഗന്ധവും,തലച്ചോറിന്റെ കോശങ്ങളിലെ മായ്ക്കപ്പെടാത്ത സ്മരണയും ,ചുണ്ടുകളിലെ പൂര്‍ത്തിയാകത്ത നാമവും നിന്റേതായിരിക്കണം....

ajith said...

വളരെ ഇഷ്ടപ്പെട്ടൊരു പാട്ട്

Unknown said...

അജിത്ത്

എനിക്കും :)

Unknown said...

" ഞാന്‍ പാടുന്നത് മരണത്തിന്റെ വിലാപമല്ല,മറിച്ച്
ഭ്രാന്തമായ പ്രണയത്തിന്റെയും,അഗാധമായ സനേഹത്തിന്റെയും ആഘോഷഗീതങ്ങളാണു" ഇതിലും മനോഹരമായി ഇതിനെ വിവരിക്കുക അസാധ്യം :)