Wednesday, January 23, 2013

ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.ഞാന്‍ ഇവിടെ ആയിരിക്കേണ്ടതും,ഇതില്‍ പങ്കെടുക്കേണ്ടതും ദൈവനിയോഗം,അല്ലെങ്കില്‍ എവിടെയോ ഇരുന്നു നമ്മെളെയും നമ്മുക്ക് ചുറ്റുമുള്ളതിനെയും നിയന്ത്രിക്കുന്നവന്റെ ഒരു വികൃതി.

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുന്ന അവളുടെ മുഖം ശരിക്കും കാണുന്നില്ല.പക്ഷേ ആ കടും ചുവപ്പ് ലെഹംഗയില്‍,ഫോട്ടോഗ്രാഫേഴസിന്റെ ആര്‍ക്ക് ലൈറ്റിന്റെ തിളക്കത്തില്‍,ആ ചെറിയ മേക്കപ്പിന്റെ ആവരണത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.അവള്‍ തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയില്‍ ഞാന് അങ്ങോട്ടേയ്ക്ക് നോക്കി.പ്രതീക്ഷ തെറ്റിയില്ല.അവള്‍ കണ്ടു എന്നെ,എന്നും എന്നെയും ഒരുപാട് പേരെയും കൊതിപ്പിച്ചിരുന്ന ആ ചിരിയും സമ്മാനിച്ചു.

ഇനിയും അവള്‍ ആരെണെന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍..

അവള്‍ എന്റെ ആദ്യപ്രണയമാണു.കണ്ട ആദ്യ കാഴച്ചയില്‍ ഞാന്‍ ഇഷ്ടപ്പെട്ടവള്‍.
അന്നു കണ്ടപ്പോള്‍‍ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം ഇന്നും ഓര്‍മ്മകള്‍ മായ്ക്കാതെ അവിടെ തന്നെയുണ്ട്.ഇതു പോലെ ഭംഗിയുള്ള ഒരു അള്‍ത്താരയ്ക്കു മുന്നില്‍ വധുവിന്റെ വേഷമണിഞ്ഞവളും,തൊട്ടപ്പുറത്തു വരന്റെ വേഷത്തില്‍ ഞാനും.ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്.കാരണം അവളെ ആദ്യം കണ്ട ദിവസം ഞങ്ങളിരുവരുടെയും പ്രായം 6 വയസ്സായിരുന്നു.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലൊന്നു.ക്ലാസ്സ് ടീച്ചറായിരുന്നു സിസ്റ്റര്‍ വന്നു പേരു വിളിച്ച് അറ്റന്ഡന്‍സ് എടുക്കുന്നു.കാലത്തെ സ്കൂളിലെത്തിയതിന്റെ കരച്ചില്‍ തോരാതെ നിറക്കണ്ണുകളുമായി മുന്നില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില് ഞാന്‍ ഇരിക്കുന്നു.എനിക്കും മുന്‍പ് വിളിച്ച പേരുകളും,അതിനു ശേഷം വിളിച്ച പേരുകളും ശ്രദ്ധിക്കാതെ ഇരുന്ന ഞാന്‍ ഒരു പേര്‌ കേട്ടപ്പോള്‍ അറിയാതെ പിറകിലേയ്ക്ക് ഒന്നു തിരിഞ്ഞു.ഇന്നുമറിയില്ല,എന്താണു എന്നെ അതിനു പ്രേരിപ്പിച്ചെതെന്നു.പെണ്‍കുട്ടികളുടെ വശത്ത് പിറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ നിന്നും മെലിഞ്ഞ് നീണ്ട് ഒരു കുട്ടി എഴുന്നേറ്റു 'പ്രസന്റ് സിസ്റ്റര്‍' എന്നു പറഞ്ഞു.സിനിമാ സ്റ്റൈലില്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയില്ല,ചുറ്റും നിന്നു ആരും വയലിന്‍ വായിച്ചില്ല,പക്ഷേ ആ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സിനിമക്കഥയെ വെല്ലുന്ന മുകളില്‍ കുറിച്ച ആ കാഴച്ച ഞാന്‍ മനസ്സില്‍ കണ്ടു.എന്താ കഥ !

പക്ഷേ പിന്നീടതിനു അത്ര വലിയ പുരോഗതി ഒന്നും ഉണ്ടായില്ല,ഒരു ഒന്‍പതാം ക്ലാസ്സ് വരെ.അതിനു മുന്നെയുള്ള എട്ടു വര്‍ഷങ്ങളും ഞങ്ങള്‍ മിക്ക വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെയാണു പഠിച്ചിരുന്നത്,പോരാത്തതിനു വേദോപദേശ ക്ലാസ്സുകളും.തമ്മില്‍ പരിചയപ്പെട്ടു,സംസാരിച്ചു,സുഹൃത്തുകളായി എന്നതിനപ്പുറം ഈ എട്ടു വര്‍ഷങ്ങള്‍ നല്ല വേസ്റ്റായിരുന്നു എന്നതാണു സത്യം.പിന്നീട് സീന്‍ മാറുന്നത് ഒന്‍പതാം ക്ലാസ്സിനു മുന്നിലെ വരാന്തയിലേയ്ക്കാണു.ഇഷ്ടങ്ങളും പ്രണയങ്ങളും സ്കൂള്‍ പരിസരത്ത് നിറഞ്ഞു പൂവിട്ടിരിക്കുന്ന കാലം.കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും വരെ ആഘോഷമായി ലൈന്‍ അടിക്കുന്നു.അത്യാവശ്യം പോപ്പുലര്‍ ആയിരുന്നിട്ടും,പെണ്‍കുട്ടികളുടെ ഇടയില്‍ നല്ല പേര്‌ ഉണ്ടായിരുന്നിട്ടും,നമ്മളന്നും ഇന്നത്തെ പോലെ 'സിംഗിള്‍,റെഡി ടു മിംഗള്‍' കാറ്റഗറി തന്നെ.അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നപ്പോ ഉണ്ടായ തഴമ്പ് പോലെ എനിക്ക് പറയാന്‍ ആകെയുള്ളത് ഒന്നാം ക്ലാസിലെ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മാത്രം.ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ കൂടെയിരുന്നിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിനോട് ഞാനാക്കഥ പറഞ്ഞു.പറഞ്ഞു തീര്‍ന്നതും കാര്യങ്ങള്‍ കൈവിട്ട് പോയെന്നു എനിക്ക് മനസ്സിലായി.ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നത് പോലെ അവനതിനു നല്ല പബ്ളിസിറ്റി കൊടുത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ആക്കി,സംഭവം അവളുടെ ചെവിയിലുമെത്തി.അവള്‍ അതു വിശ്വസിച്ചിരുന്നോ എന്നോ,അവള്‍ക്കതൊരു പ്രശ്നമായിരുന്നോ എന്നോ ഇന്നും എനിക്കറിയില്ല.ഏതൊരു ടിനേജ് പ്രണയവും പോലെ കൂട്ടുകാരുടെ കളിയാക്കലുകളും,അതു പേടിച്ച് പരസ്പരമുള്ള ഒഴിഞ്ഞു മാറലുമൊക്കെയായി അതവിടെ അവസാനിച്ചു.സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരു ഓട്ടോഗ്രാഫിന്റെ താളിലൂടെ നഷടപ്പെട്ട് പോയ ആ സുഹൃത്തുബന്ധം തിരികെ വന്നു,അതു മാത്രം.പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ല.യാത്രയില്‍ എപ്പോഴോ അവള്‍ പുതിയ നഗരത്തിലേയ്ക്ക് കൂടു മാറി.വല്ലപ്പോഴും സംഭവിച്ചിരുന്ന തമ്മിലുള്ള കാഴച്ചകളും അതോടെ അവസാനിച്ചു.

അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍,ഒന്നാം ക്ലാസ്സിലെ ആദ്യ കാഴച്ചയിലേയ്ക്ക് മാത്രമായി ഒതുങ്ങി തുടങ്ങിയ നാളുകളിലൊന്നിലാണു അവളെ ഞാന്‍ വീണ്ടും കണ്ടത്.പുതിയൊരു നഗരത്തിന്റെ തിരക്കുകളില്‍,ജീവിതം കരു പിടിപ്പിക്കുവാനുള്ള യാത്രകളിലായിരുന്നു ഞങ്ങളിരുവരും.കണ്ടു,പരിചയം പുതുക്കി, സംസാരിച്ചു,പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിച്ചു,അവസാനം അത് എന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നിടം വരെയെത്തിച്ചു.കാലത്തിന്റെ ഒരോരോ വികൃതികള്‍.

"മിശിഹായുടെ നിയമവും തിരുസഭയുടെ കല്പനകളും അനുസരിച്ച് ഈ നില്‍ക്കുന്ന
ആനിയെ ഭാര്യയായി സ്വീകരിക്കാമെന്നു വാഗ്ദ്ധാനം ചെയ്യുന്നുവോ?"

പുരോഹിതന്റെ ശബ്ദമാണു ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.ചടങ്ങ് അവസാനിക്കാറായി.ഇനി ഈ ഓര്‍മ്മകള്‍ എന്റേതു മാത്രം.ഞാന്‍ അവളെ നോക്കി,തിരിഞ്ഞവള്‍ എന്നെയും.അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇക്കുറിയും പുഞ്ചിരി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല.കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീര്‍ എന്റെ കാഴച്ചകളെ മറച്ചു.

ഞാന്‍ തിരിഞ്ഞ് അള്‍ത്താരയിലേയ്ക്കു നോക്കി,പുരോഹിതന്റെ അവ്യക്തമായ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"വാഗ്ദ്ധാനം ചെയ്യുന്നു."

പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ കേട്ടില്ല.വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ പേരു കേട്ടപ്പോള്‍ മാത്രം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് ഇന്നീ അള്‍ത്താരയ്ക്കു മുന്നില്‍ നിന്നു അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണു എന്നു പറയുന്നതിനു വേണ്ടി ആയിരുന്നു എന്നു കാലം എനിക്കു  പറഞ്ഞു തരികയായിരുന്നു അപ്പോള്‍.

9 Comments:

Unknown said...

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.

Unknown said...

Sarikkum manassine vedanippichu

ajith said...

കണ്‍ഫ്യൂസ് ഡ്

Unknown said...

Desp!!!!

Typist | എഴുത്തുകാരി said...

എനിക്കും ഇത്തിരി കണ്‍ഫ്യൂഷന്‍.

മോഹന്‍ കരയത്ത് said...

നല്ല കഥ, ഇഷ്ടപ്പെട്ടു! പ്രത്യേകിച്ചും അവസാന ഭാഗം!!
ആശംസകള്‍!!

drpmalankot said...

രചന നന്നായിരിക്കുന്നു. ധൃതിയില്‍ വായിച്ചതുകൊണ്ടാവാം, ഒരിക്കല്‍ക്കൂടി വായിക്കേണ്ടി വന്നു.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

ശ്രീ said...

അതെന്താ മൃദുലേ... അപ്പോള്‍ അവളുടെ മനസ്സമ്മതം കഴിഞ്ഞു എന്ന് തന്നെ അല്ലേ...

പലരും പറഞ്ഞതു പോലെ അവസാന ഭാഗത്തില്‍ സ്വല്പം അവ്യക്തതയുണ്ട്.

എം.എസ്. രാജ്‌ | M S Raj said...

അപ്പോ എല്ലാം പറഞ്ഞ പോലെ തന്നെ. എനിക്കൊരു റ്റ്വിസ്റ്റും തോന്നിയില്ല(ഞാനാണാ വരൻ എന്ന സംഗതി). ചിലപ്പോ നമ്മൾ ഒരുപോലെ ചിന്തിക്കുന്നതു കൊണ്ടാവാം.

ആട്ടെ, ഈ ശ്രീ മൃദുലിന്റെ വായനക്കാരനാണോ? പുള്ളി നമ്മടെ പഴേ ഒരു പറ്റുകാരനായിരുന്നു. വൺസ് അപ്പോൺ എ ടൈം ഇൻ രണ്ടായിരത്തിയെട്ട് ആന്ഡ് നയൻ... ദേ, അണ്ണാ.. ഇടയ്ക്കു എന്റെ എഴുത്തുപുരേലോട്ടും കേറി നോക്കണേ.