Monday, January 23, 2017

(ബീഫ്/പന്നി) നിരോധിത മേഖല

സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ചരയ്ക്കുള്ള കുര്‍ബാനയ്ക്ക് ആളെത്തി തുടങ്ങുന്നതിനു മുന്‍പ് സ്ഥലം വിടാനാണു അവരുടെ പദ്ധതി.അമ്പലത്തിലേയ്ക്കുള്ള പാലു നടയ്ക്കിലിറക്കി കൃഷ്ണപ്പിള്ളയും അയാളുടെ പഴയ എം.എം 540 ജീപ്പും പള്ളി ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അപ്പോഴേക്കും മിനിറ്റുകള്‍ പതിനഞ്ച് കഴിഞ്ഞിരുന്നു.ബാങ്കു വിളി കഴിഞ്ഞ് മമ്മദിക്ക എത്തിയിട്ടും മാനുവലേട്ടന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് പിള്ളേച്ഛന്‍ അക്ഷമനാണു.ഇരുവരുടെയും നോട്ടം ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു രാജകൊട്ടാരം പോലെ നില്‍ക്കുന്ന പുതിയ പള്ളിയിലേയ്ക്ക് നീണ്ടിട്ട് നേരം കുറച്ചായി,അപ്പോഴാണു അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് പഴയ പള്ളിയുടെ വശത്ത് നിന്നു മാനുവലേട്ടന്‍ നടയിറങ്ങി വന്നത്.

"നീയിപ്പഴും അവടെയാണോ കെടപ്പ്,പുതിയ പള്ളീലേയ്ക്ക് നിന്നെ മാത്രം കൊണ്ടൊന്നില്ലേ ?" ജീപ്പെടുത്ത് കൊണ്ട് പിള്ളേച്ഛന്‍ അത് ചോദിച്ചപ്പോള്‍ മുഖത്ത് പതിവില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു.

"ഓ,അതൊക്കെ കൊണ്ടോന്നതാ,പക്ഷേ എനിക്കേ പുതിയ സ്ഥലം പറ്റണില്ല,ഒടുക്കത്തെ തണുപ്പും ഒരു മാതിരി പേടിയാവണ വലുപ്പോം."

"അല്ല മാനൂലേ , ഈ ഹൈറേഞ്ചിലെ പള്ളിയ്ക്കകത്തെന്തിനാ ഏ.സി വച്ചേക്കണെ ? മ്മക്കിവിടെ തണുപ്പിനു കുറവ് വല്ലോണ്ടോ" ന്യായമായ ആ സംശയം മമ്മദിക്കയാണു ചോദിച്ചത്.

"ആ എനിക്കറിയാമേല,ആകെ നൂറു വീട്ടുകാരുള്ള നമ്മുക്കെന്നാതിനാ ഇത്രേം വലിയ പള്ളീന്നു ചോദിച്ചേന് കിട്ടിയ നോട്ടം കണ്ടതോടെ ഞാന്‍ പിന്നെയൊന്നും ചോദിച്ചൂം ഇല്ല ,എന്നോടൊന്നും പറഞ്ഞൂമില്ല."

പിന്നെ കുറച്ച് നേരത്തയ്ക്ക് ആരും തമ്മിലൊന്നും ചോദിച്ചില്ല.ചുരമിറങ്ങി തുടങ്ങിയപ്പോ മാനുവലേട്ടന്‍ ഉറക്കം വിട്ട് മാറാത്ത അവരുടെ സിറ്റിയിലേയ്ക്ക് ഒന്നു കൂടി നോക്കി,എന്നിട്ട് പയ്യെ കണ്ണുകളടച്ചു.ഏതാണ്ടൊരു അറുപത്തഞ്ച് വര്‍ഷം മുന്‍പ് അങ്ങോട്ടേയ്ക്ക് ആദ്യം ചുരം കയറി വന്നവരാണു ഈ മൂന്നു പേര്‍.ആദ്യം വന്നത് പിള്ളേച്ഛനാണോ മാനുവലേട്ടനാണോ എന്നൊരു തര്‍ക്കം അവര്‍ക്കിടയില്‍ ഉണ്ട്,പക്ഷേ മൂന്നു പേരില്‍ അവസാനം വന്നത് മമ്മദാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.വര്‍ഷകണക്കില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് അന്നാട്ടിലെ മൂപ്പന്മാരവരാണു,അല്ലെങ്കില്‍ ആയിരുന്നു കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ.കുടിയേറ്റക്കാരില്‍ മിക്കവരെയും പോലെ കാട് വെട്ടി തെളിച്ച് കൃഷിയൊക്കെ ആയിട്ടാണു തുടങ്ങിയതെങ്കിലും മമ്മദും കൃഷ്ണനും മാനുവലും അത് അധികം നാള്‍ മുന്നോട്ട് കൊണ്ടു പോയില്ല.ആദ്യം കൃഷി വിട്ടത് പിള്ളേച്ഛനാണു,പശു വളര്‍ത്തലിലായിരുന്നു മൂപ്പര്‍ക്ക് കമ്പം.കൃഷിയ്ക്കുള്ള ചാണകത്തിനു വേണ്ടി ഒന്നിനെ വളര്‍ത്തി തുടങ്ങിയതാണു കക്ഷി പക്ഷേ തൊഴുത്തിലെ പശുക്കളുടെ എണ്ണവും കറന്നെടുക്കുന്ന പാലിന്റെ അളവും കൂടിയതോടെ അവസാനം പശു വളര്‍ത്താന്‍ വേണ്ടി അയാള്‍ കൃഷി നിര്‍ത്തി.മമ്മദിനു ആദ്യം മുതലേ പറമ്പിപണിയില്‍ അത്ര വഴക്കം പോരായിരുന്നു,അതു സ്വയം മനസ്സില്ലാക്കിയാണു അയാള്‍ അത് നിര്‍ത്തിയത്.മക്കളൊക്കെ തന്നോളം ആകുന്നത് വരെ അയാള്‍ എല്ലാ വര്‍ഷവും കുറച്ച് കൊടി നട്ടിരുന്നു,പിന്നെ കുറച്ച് ആടുകളെയും വളര്‍ത്തി.സൈനബയുടെ നിക്കാഹ് കഴിഞ്ഞപ്പോ പറമ്പിന്റെ കുറച്ച് അയാള്‍ പുതിയാപ്ലയ്ക്ക് കൊടുത്തു,അബ്ദൂന്റെ വിസയ്കും ടിക്കറ്റിനുമായി വീടൊഴിച്ചുള്ള പറമ്പും,ബാക്കിയുണ്ടായിരുന്ന മൂന്നാടുകളും ഏതോ പുറംനാട്ടുകാര്‍ക്ക് പറഞ്ഞ വിലയ്ക്ക് കൊടുത്ത് മഹലും വീടുമായി അയാളൊതുങ്ങി.ഒറ്റത്തടിയായിരുന്നത് കൊണ്ട് മാനുവലിനു ഒന്നിനോടും വലിയ താത്പര്യമില്ലായിരുന്നു.സ്ഥലം കൂടുതല്‍ ഉണ്ടായിരുന്നത് അയാള്‍ക്കായിരുന്നു,അതിലയാള്‍ കൊടിയും ഏലവും ഇഞ്ചിയുമൊക്കെ നട്ടു.കുറേ നാള്‍ കഴിഞ്ഞ് അത് മടുത്തപ്പോ പറമ്പിലെ മരമൊക്കെ വെട്ടിയൊരുക്കി അയാളൊരു തടി കച്ചോടക്കാരനായി.അങ്ങോട്ടേയ്ക്ക് കുടിയേറി വന്നവരുടെ വീടുകളില്‍ ആ മരങ്ങളൊക്കെ കട്ടിളപ്പടികളായും,ജനല്പ്പാളികളായിയുമൊക്കെ സ്ഥാനം പിടിച്ചു.അവസാനം എല്ലാം മടുത്തപ്പോ ,ചാവുവോളം പള്ളീലൊരു മുറിയും,ശേഷം സെമിത്തെരിയില്‍ ഒരു കുഴിയും എന്ന വ്യവസ്ഥയില്‍ സ്ഥലം പള്ളിയ്ക്കെഴുതി കൊടുത്ത് അയാള്‍ പട്ടക്കാരനും കപ്പ്യാരുമല്ലാത്ത ഒരു പള്ളിവാസിയായി.

വര്‍ഷങ്ങളിലൂടെയുള്ള ഈ യാത്രയില്‍ ഒരുമിച്ച് കുടിയേറിയവരെന്നതിനപ്പുറം ഏറ്റവുമടുത്ത സുഹൃത്തുക്കളും,ഗര്‍ഭപാത്രം പങ്കു വയ്ക്കാത്ത കൂടപിറപ്പുകളുമൊക്കെയായി അവര്‍. എഴുപത്തിയൊമ്പത് മോഡല്‍ എം.എം 540ല്‍ ചുരമിറങ്ങുന്ന അവര്‍ക്കുള്ളത് ഒരാഗ്രഹമാണു,ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.ആ സിറ്റിയുടെ അതിര്‍ത്തിയില്‍,അവരെ കടന്നു പോയ ചില ബോര്‍ഡുകളാണു അവരുടെ ഈ അഗ്രഹങ്ങളുടെ കാരണം.

ബോര്‍ഡ് 1 : ബീഫ് നിരോധിത മേഖല.

രണ്ടായിരത്തിപതിനഞ്ച് ഒക്ടോബറിലെ രണ്ടാമത്തെ ഞായറാഴ്ച്ചയാണു ആ ബോര്‍ഡ് അവിടെ സ്ഥാനം പിടിച്ചത്.അതിനും ഒരാഴ്ച്ച മുന്‍പാണു സംഭവങ്ങളുടെ തുടക്കം.കവലയിലെ ചായക്കടയില്‍ കാലത്തെ ചായയോടൊപ്പം വിളമ്പിയ വാര്‍ത്തയിലാണു ആ നാട്ടിലുള്ളവര്‍ സംഭവം അറിഞ്ഞത് - വടക്കേ ഇന്ത്യയിലെവിടെയോ ബീഫ് വച്ചതിന്റെ പേരില്‍ ഒരാളെ അന്നാട്ടുകാര്‍ തല്ലി കൊന്നുവത്രേ.വാര്‍ത്ത കേട്ടവര്‍ക്ക് സംഭവം തീരെയങ്ങ് ദഹിച്ചില്ല,ബീഫ് വച്ചതിനായിരിക്കില്ല വച്ച ബീഫ് കൊടുക്കാത്തതിനായിരിക്കും എന്നാരോ ഉറക്കെ പറഞ്ഞ ഒരാത്മഗതം തുടക്കമിട്ട ചിരിയില്‍ ആ വാര്‍ത്ത പതിയെ മുങ്ങി.പക്ഷേ ആ ചിരിയില്‍ കൂടാതെ ആ രംഗമൊഴിഞ്ഞ കുറച്ച് പേരെ ആരും ശ്രദ്ധിച്ചില്ല.
പിറ്റേന്നു അഞ്ചരയ്ക്കുള്ള കുര്‍ബാന കഴിഞ്ഞ് ഇറച്ചി വാങ്ങാന്‍ അലിയാരുടെ കടയിലെത്തിയവര്‍ കണ്ടത് ഒരാള്‍ക്കൂട്ടമാണു.ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു കൊടിയും,താഴെ ഒരറിയിപ്പും.

"ഗോവധം പാപമാണു.ഗോമാംസം വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണു."

മേടയിലേയ്ക്കുള്ള ഇറച്ചി വാങ്ങാന്‍ വന്ന മാനുവലും,പോത്തിറച്ചി ഇല്ലാതെ ചോറിറങ്ങാത്ത മമ്മദും,ഞായറാഴ്ച്ച മാത്രം ഇറച്ചി വാങ്ങി കഴിക്കുന്ന പിള്ളേച്ഛനും പരസ്പരം നോക്കി.സ്ഥിതിഗതികള്‍ അസ്വസ്ഥമാകുന്നത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

"ഇവിടെയിപ്പോ ഗോവധം ഒന്നും നടാന്നില്ലല്ലോ,ഇത് പോത്തിറച്ചിയല്ലേ." 

പിള്ളേച്ഛന്‍ പറഞ്ഞതിനു മറുപടിയാരും പറഞ്ഞില്ലെങ്കിലും,ചില പിറുപിറുക്കലുകള്‍ അവിടെ നടന്നു.

"അതു തന്നെ.നീയൊരു ഒന്നരകിലോ കൈകൊറവ് നോക്കിയിങ്ങെടുത്തേ അലിയാരേ." പിറുപിറുക്കലുകള്‍ക്ക് മുകളില്‍ മാനുവലിന്റെ സ്വരമുയര്‍ന്നു.

പക്ഷേ അതിനും മുകളില്‍ സ്വരമുയര്‍ത്തുന്നവര്‍ അവിടെയുണ്ടായ വിവരം അവരറിഞ്ഞിരുന്നില്ല.ആ ആക്രോശങ്ങളില്‍ രണ്ടു കാര്യങ്ങള്‍ അവിടെ തകര്‍കപ്പെട്ടു.ഒന്നു മാനുവലിന്റെയും മമ്മദിന്റെയും കൃഷ്ണപ്പിള്ളയുടെയും മൂത്ത കുടിയേറ്റക്കാരെന്ന സ്ഥാനം,രണ്ട് അലിയാരുടെ ഇറച്ചിക്കട.
ഒരാഴ്ച്ചക്കിപ്പുറം അതിര്‍ത്തിയില്‍ ബോര്‍ഡ് പൊങ്ങി - ബീഫ് നിരോധിത മേഖല.

ബോര്‍ഡ് 2 : പന്നിയിറച്ചി നിരോധിത മേഖല

ആദ്യ ബോര്‍ഡിനും രണ്ടാമത്തെ ബോര്‍ഡിനും ഇടയില്‍ മൂന്നു ദിവസത്തെ വത്യാസം മാത്രമാണുണ്ടായിരുന്നത്.ആദ്യ ബോര്‍ഡിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ സ്വഭാവികമായ പ്രതികരണമായിരുന്നു രണ്ടാമതുയര്‍ന്ന അറിയിപ്പ്.സമുദായക്കാരു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിരോധനങ്ങള്‍ കുറവാണെന്നൊക്കെ മമ്മദ് കമിറ്റിയില്‍ പറഞ്ഞു നോക്കിയെങ്കിലും അവിടെയും അയാളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ഉണ്ടായി കഴിഞ്ഞിരുന്നു.ആ ഉച്ച സ്വരങ്ങളില്‍ അയാളും കട തകര്‍ക്കപ്പെട്ട അലിയാരുമൊക്കെ ആണ്ടു പോയി.

പോത്തും പന്നിയും കിട്ടാതായതോടെ അങ്കലാപ്പിലായത് ഇടവകക്കാരാണു.ഞായറാഴ്ച്ചയെ ഞായറാഴ്ച്ച ആക്കുന്നത് കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന അപ്പോം പോത്തിറച്ചിക്കറിയുമാണെന്നു വിശ്വസിക്കുന്നവരാണു ഭൂരിഭാഗവും.മറ്റു ദിവസങ്ങളില്‍ ഏലക്കാട്ടിലെ പണിയ്ക്കും,ഇഞ്ചി നടാനും,മുളക് പറിക്കാനുമൊക്കെ കയറണേനു മുന്നെ കപ്പേം പന്നീം കൂട്ടി ഒരു പിടി പിടിച്ചില്ലേല്‍ അവരുടെ കൈയ്യും കാലും വിറയ്ക്കും.വെള്ളം കുത്തിവച്ച് വരുന്ന കോഴിയോടും,തോപ്പുമ്പടീന്നും മുനമ്പത്തുന്നും ഒന്നര മാസം മുന്നേ ഐസിട്ട് മല കയറി വരുന്ന മീനിനോടും അവര്‍ക്കത്ര പ്രിയം പോരാ.ഇടിച്ചക്ക തോരനും,ബീന്‍സ് മെഴുക്ക്പെരട്ടിയും കഴിച്ച് മടുത്ത ഒരു ഞായറാഴ്ച്ച ഏഴിന്റെ കുര്‍ബാന കഴിഞ്ഞ് ഒരു പൊതുയോഗം അവരും കൂടി.ബാക്കിയുള്ള എന്തെങ്കിലും നിരോധിച്ച് ഒരു ബോര്‍ഡ് ഇടവകയുടെ പേരിലും വയ്ക്കണമെന്നൊരഭിപ്രായം ഉയര്‍ന്നെങ്കിലും അതില്‍ വലിയ കാര്യമില്ലാത്തത് കൊണ്ട് ആ അഭിപ്രായത്തിനായുസ്സ് അധികം ഉണ്ടായില്ല.മാനുവലേട്ടന്‍ കൊടുത്തതില്‍ പുതിയ പള്ളിയുടെ പണി കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പണിത കടമുറികളില്‍ ഇടവകക്കാര്‍ അല്ലാത്തവര്‍ക്കും മുറികള്‍ കൊടുക്കണ്ടെന്നും,നിലവില്‍ അവിടെയുള്ളവരില്‍ ഇടവകക്കാരല്ലാത്തവരെ ഉടനെ ഒഴിപ്പിക്കാനും ആ യോഗത്തില്‍ തീരുമാനമുണ്ടായി.മാനുവലൊഴിച്ചുള്ളവരുടെ കൈയ്യടികളില്‍ ആ തീരുമാനം അംഗീകരിക്കപ്പെടുകയും ചെയ്തു.

സ്വയം പണിതുണ്ടാക്കിയ ഗ്രാമത്തില്‍ ,തങ്ങള്‍ക്ക് പരിചയമില്ലാത്തവരുടെയും ,തങ്ങളോടുള്ള പരിചയം മറന്നവരുടെയും എണ്ണം കൂടി വന്ന ദിവസങ്ങളിലൊന്നാണു ചുരമിറങ്ങി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അവര്‍ മൂന്നു പേരും തീരുമാനിച്ചത്.

ചുരമിറങ്ങി അടിവാരമെത്തിയിട്ടും ആ യാത്ര അവസാനിച്ചില്ല.മാറിയ നാടുകള്‍ പിന്നിടുന്നതിനനുസരിച്ച് ജീപ്പിന്റെ പുറകില്‍ ഇരുന്നിരുന്ന മാനുവലിനൊപ്പം പോത്തും പന്നിയും നാടന്‍ കോഴിയും ഐസിടാത്ത മീനുമൊക്കെ ഇടം പിടിച്ചു.തിരിച്ച് പോകാന്‍ കഴിയാത്തത്ര ദൂരത്തെവിടെയോ എത്തിയപ്പോള്‍ അവര്‍ അടുപ്പുകള്‍ കൂട്ടി,അവരവര്‍ക്കിഷ്ടമുള്ളത് പാകം ചെയ്തു കഴിച്ചു.കഴിച്ചന്തെന്നു നോക്കി അവിടെ അവരെ ആരും വിധിക്കാന്‍ ഉണ്ടായിരുന്നില്ല.ഹൈറേഞ്ചിലെ അവരുടെ സിറ്റിയിലേയ്ക് അവര്‍ തിരികെ പോയില്ല.

മമ്മദും മാനുവലും കൃഷ്ണപ്പിള്ളയും ഇല്ലാത്ത മഹല്ലില്ലേയ്ക്കും പള്ളിയിലേയ്ക്കും അമ്പലത്തിലേയ്ക്കും ആളുകള്‍ പതിവു പോലെ വന്നു.അവരുടെ അസാന്നിദ്ധ്യം വരുന്നവര്‍ക്കൊരു വിഷയമേയായിരുന്നില്ല.

1 Comments:

Unknown said...

രണ്ടായിരത്തിപതിനഞ്ച് ഒക്ടോബറിലെ രണ്ടാമത്തെ ഞായറാഴ്ച്ചയാണു ആ ബോര്‍ഡ് അവിടെ സ്ഥാനം പിടിച്ചത്.അതിനും ഒരാഴ്ച്ച മുന്‍പാണു സംഭവങ്ങളുടെ തുടക്കം.കവലയിലെ ചായക്കടയില്‍ കാലത്തെ ചായയോടൊപ്പം വിളമ്പിയ വാര്‍ത്തയിലാണു ആ നാട്ടിലുള്ളവര്‍ സംഭവം അറിഞ്ഞത് - വടക്കേ ഇന്ത്യയിലെവിടെയോ ബീഫ് വച്ചതിന്റെ പേരില്‍ ഒരാളെ അന്നാട്ടുകാര്‍ തല്ലി കൊന്നുവത്രേ.വാര്‍ത്ത കേട്ടവര്‍ക്ക് സംഭവം തീരെയങ്ങ് ദഹിച്ചില്ല,ബീഫ് വച്ചതിനായിരിക്കില്ല വച്ച ബീഫ് കൊടുക്കാത്തതിനായിരിക്കും എന്നാരോ ഉറക്കെ പറഞ്ഞ ഒരാത്മഗതം തുടക്കമിട്ട ചിരിയില്‍ ആ വാര്‍ത്ത പതിയെ മുങ്ങി.പക്ഷേ ആ ചിരിയില്‍ കൂടാതെ ആ രംഗമൊഴിഞ്ഞ കുറച്ച് പേരെ ആരും ശ്രദ്ധിച്ചില്ല.