Saturday, May 23, 2009

1707077 അഥവാ ചാനലിലെ ഒരു ദിവസം

"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്‌.ക്യാബിന്റെ കീ നീട്ടിയാണു ഹരിയേട്ടന്‍ ഇതു പറഞ്ഞത്‌.അതു വാങ്ങാതെ ഞാന്‍ അവിടെയിട്ടിരുന്ന സോഫയില്‍ പോയിരുന്നു.ഞാന്‍ ചെന്നു തുറന്നു കയറിയാല്‍ അവിടെ വെറുതെയിരിക്കേണ്ടി വരും അര മണിക്കൂര്‍.ഇതാകുമ്പോള്‍ ടി.വി എങ്കിലും കാണാം.ചാനല്‍ റിസ്പഷനിലെ ടിവിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌,എന്താണേലും നമ്മുടെ ചാനലുകളേ കാണൂ.ഇന്നലത്തെ ലൈവ്‌ ഫോണ്‍ ഇനിന്റെ റിപ്പീറ്റാണു.ഞാനതും കണ്ടു അവിടെയിരുന്നു.ഇതാദ്യമല്ല ഈ കാത്തിരിപ്പ്‌.മിക്കവാറും ഇതു തന്നെയാ സംഭവിക്കാറുള്ളത്‌.

"കാലത്തെ ഏഴരയ്ക്ക്‌ ഷൂട്ട്‌,ഏഴിനു നീ മേക്കപ്പ്‌ റൂമിലുണ്ടാകണം."എല്ലാ തവണയും വരുന്നതിന്റെ തലേന്ന് പ്രൊഡ്യൂസര്‍ ചേട്ടായി വിളിച്ചു പറയും.ഞാന്‍ കാലത്തെ കസിന്‍ ചേട്ടനെയും കുത്തിപ്പൊക്കി അവിടെയെത്തുമ്പോള്‍,പ്രൊഡ്യൂസറുമുണ്ടാകില്ല,മേക്കപ്പ്‌ മാനും കാണില്ല.ക്യാമറമാന്‍ ജോയി ചേട്ടന്‍ മാത്രം കൃത്യസമയത്ത്‌ അവിടെ കാണും.

ടിവിയില്‍ രഞ്ജിയുടെ ചളുകള്‍ നിര്‍ബാധം തുടരുന്നുണ്ട്‌.എത്ര പറഞ്ഞാലും ആ ചെക്കന്‍ അതു മാത്രം കുറയ്കില്ല.പറഞ്ഞിട്ടു കാര്യമില്ല,ആരാധകരുണ്ടേ അതിനും.ഞാന്‍ പതിയെ മയങ്ങി തുടങ്ങി.ഇന്നലെ രാത്രിയാ നാട്ടില്‍ നിന്നു തിരുവനന്തപുരം എത്തിയത്‌.കസിനുമായി കത്തി വച്ച്‌ കിടന്നത്‌ ഒന്നരയ്ക്ക്‌,എഴുന്നേറ്റത്‌ അഞ്ചരയ്ക്ക്‌.തീരാത്ത ഉറക്കം മുഴുവന്‍ കണ്ണില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌.

"എന്തുവാടേ വന്നിരുന്നു ഉറങ്ങുന്നേ?".പ്രൊഡ്യൂസര്‍ ചേട്ടായിയുടെ ശബ്ദം കേട്ടാണു ഞെട്ടിയെഴുന്നേറ്റത്‌.കണ്ണു തുറന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു രഞ്ജിത്ത്‌ മേനോന്‍ എന്ന സുമുഖനും സുന്ദരനുമായ എന്റെ പ്രൊഡ്യൂസര്‍.

"ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്‌,വരുന്ന സമയമേ പറയാവൂ എന്നു.ഇതെന്തു കഷ്ടമാന്നേ,എന്നും ഞാനാദ്യം വരണം.എന്നിട്ട്‌ ഇവിടെയിരുന്നുറങ്ങണം.ഈ പരിപാടി ശരിയാവത്തില്ല..."

"നീ ചീത്ത മുഴുവന്‍ ഒരുമിച്ചു വിളിക്കല്ലേ,ഒരു കാര്യം കൂടി പറയട്ടെ,അതു കഴിഞ്ഞു ബാക്കി വിളിച്ചാല്‍ മതി." എന്നെ പറഞ്ഞു മുഴുവനാക്കാന്‍ സമ്മതിക്കാതെ രഞ്ജിത്ത്‌ ചേട്ടന്‍ പറഞ്ഞു.

"നമ്മുടെ ഷൂട്ട്‌,ഒന്‍പതരയ്ക്കത്തേയ്ക്ക്‌ മാറ്റി.ന്യൂസുകാരുടെ ഒരു സ്പെഷ്യല്‍ പ്രോഗ്രാമിനു ഫ്ലോര്‍ വേണമെന്ന് രാത്രിയാണു ശേഖര്‍ സാറു വിളിച്ചു പറഞ്ഞത്‌.നിന്നെ വിളിക്കാന്‍ നോക്കിയപ്പോള്‍ ഔട്ട്‌ ഒഫ്‌ റേഞ്ച്‌.പിന്നെ വിളിക്കാമെന്നു വിചാരിച്ചിരുന്നത,പക്ഷേ ഇന്നലെ ഫ്ലാറ്റില്‍ അബിയുടെ ട്രീറ്റ്‌ ആയിരുന്നു.അവസ്ഥ എന്തായിരിക്കുമെന്നു നിനക്ക്‌ ഊഹിക്കാലോ.." എന്നിട്ട്‌ ജഗതി സ്റ്റ്യിലില്‍ ഒരു ഡയലോഗും പ്ലീസ്‌ ഡോണ്ട്‌ മിസ്ണ്ഡര്‍സ്റ്റാന്റ്‌ മീ..ഓകെ.

ഞങ്ങള്‍ രണ്ടു പേരും അകത്തേയ്ക്ക്‌ പോയി യൂത്ത്‌ ചാനലിന്റെ ക്യാബിന്‍ തുറന്നു ഇരിപ്പായി.മണി ഏഴരയാകുന്നേയുള്ളു.ഇനിയുമുണ്ട്‌ രണ്ടു മണിക്കൂര്‍.എനിക്കാണേല്‍ പതിവില്ലാത്ത പോലെ ഉറക്കവും വരുന്നുണ്ട്‌.എങ്ങനെയെങ്കിലും ഷൂട്ട്‌ തീരുവാരുന്നേല്‍ പോകുന്ന വഴി ട്രെയിനില്‍ ഇരുന്ന് ഉറങ്ങാമായിരുന്നു.കാര്യം ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഷൂട്ട്‌ കഴിഞ്ഞാല്‍ അവിടെ നിന്നു പോരാന്‍ മടിയാണു.മാസത്തിലൊരിക്കല്‍ മാത്രം ചെല്ലുന്നതു കൊണ്ടാകും.കഴിഞ്ഞ തവണ ഷൂട്ട്‌ കഴിഞ്ഞു,എഡിറ്റിനും കൂടെയിരുന്നിട്ടാണു പോയത്‌.ഞങ്ങളുടെ ചാനലിന്റെ ഇന്‍ ചാര്‍ജ്‌ ജ്യോതി ചേച്ചി അന്നു കളിയാക്കുകയും ചെയ്തു "ഇവനു വരാന്‍ ഭയങ്കര മടി,വന്നാല്‍ പോകാന്‍ അതിലേറെ മടി."

മയക്കം തെളിഞ്ഞ്‌ വാച്ചില്‍ നോക്കിയപ്പോള്‍ മണി ഒന്‍പതാകുന്നു.ഞാന്‍ എഴുന്നേറ്റ്‌ ക്യാന്റീനിലേയ്ക്ക്‌ പോയി.രെഞ്ജിത്ത്‌ അവിടെയിരിക്കുന്നുണ്ട്‌.ഒരു ഗ്ലാസില്‍ ചായയും എടുത്ത്‌ ഞാനും ഇരുന്നു ഒപ്പം.

"എടാ,നമുക്ക്‌ ഇതിന്റെ രൂപം ഒന്നു മാറ്റണം"

"എന്തിന്റെ,ചായ ഗ്ലാസിന്റേയോ" ഞാന്‍ ചോദിച്ചു.

"അല്ലടാ മണ്ടാ,നമ്മുടെ പ്രോഗ്രാമിന്റെ.രണ്ടു മൂന്നു പ്രൊമോ ഒക്കെ ചെയ്യണം."രഞ്ജിത്ത്‌ അപ്പോള്‍ സീരിയസാണു.ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു അതിനെക്കുറിച്ചൊക്കെ പറഞ്ഞു.

"ഗുഡ്‌ മോര്‍ണിംഗുണ്ട്‌.." ജ്യോതി ചേച്ചിയാണു."എന്താണു പ്രൊഡ്യൂസറും ആങ്കറും കൂടെ ഒരു കൊച്ചു വര്‍ത്തമാനം?" ചേച്ചി ചോദിച്ചു.

"ചേച്ചി എന്താ നേരത്തെ..ന്യൂസുണ്ടോ കാലത്തെ? "

"ഉണ്ട്‌,പത്തിനു.മണി ഒന്‍പതു കഴിഞ്ഞല്ലോ,നീ മേക്കപ്പ്‌ ചെയ്തില്ലേ." ചേച്ചി പറഞ്ഞപ്പോഴാണു ഞാനതോര്‍ത്തത്‌.ഞാന്‍ നേരെ മേക്കപ്പിലേയ്ക്കോടി.അവിടെ ചെന്നപ്പോള്‍ മേക്കപ്പ്‌ മാന്‍ ചേട്ടനില്ല.പിന്നെ അവിടെയുള്ള സംഭവങ്ങളൊക്കെ വച്ച്‌ ഞാനൊരു അലക്ക്‌ അലക്കി താഴെ ഫ്ലോറിലെത്തി.എനിക്ക്‌ ഇഷ്ടമുള്ള ഒരു പരിപാടിയാണു ഫ്ലോറിലെ ഷൂട്ട്‌.എന്റെ ഷോയ്ടെ കുറേ എപ്പിസോഡുകള്‍ ഔട്ട്‌ ഡോറായിരുന്നു.സംഭവം രസമാണെങ്കിലും മടുത്തു പോകുമായിരുന്നു.നാലു എപ്പിസോഡ്‌ എടുക്കാന്‍ ഏകദേശം ഒരു 3-4 മണിക്കൂര്‍ എന്താണെങ്കിലും ആകും.ഇതാണേല്‍ ഏറിപ്പോയാല്‍ ഒന്നര-രണ്ടു മണിക്കൂര്‍.പിന്നെ വേറൊരു ഗുണമെന്താന്നു വച്ചാല്‍ ചെയ്യുന്നതു മുന്നില്‍ ഇരിക്കുന്ന സ്ക്രീനില്‍ കാണുകയും ചെയ്യാം.ഇരിപ്പിലോ,നോട്ടത്തിലോ എന്തേലും വൃത്തിക്കേട്‌ ഉണ്ടെങ്കില്‍ പെട്ടന്നു കണ്ടു പിടിക്കാം.മാത്രമല്ല,എ.സിയുമാണു.സുഖവഴി.

ഷൂട്ട്‌ തുടങ്ങി.സ്വന്തം സ്ക്രിപ്റ്റ്‌ തന്നെ ആയതു കൊണ്ട്‌ അധികം നേരമെടുത്തില്ല.രണ്ടു മണിക്കൂറില്‍ നാലു എപ്പിസോഡ്‌ തീര്‍ത്തു,മണി പന്ത്രണ്ട്‌ ആകുന്നതേയുള്ളു.ഇപ്പോള്‍ പിടിച്ചാല്‍ പ്ന്ത്രണ്ടേ മുക്കാലിന്റെ ബാംഗ്ലൂര്‍ എക്സ്പ്രസ്‌ കിട്ടും.വല്ലാത്ത ക്ഷീണവുമുണ്ട്‌,അല്ലെങ്കില്‍ വൈകുന്നേരം പോയാല്‍ മതിയായിരുന്നു.ഞാന്‍ മേക്കപ്പ്‌ റിമൂവ്‌ ചെയ്തു,ബാഗെടുക്കാന്‍ ക്യാബിനിലെത്തി.

"എടാ,നിനക്ക്‌ പോയിട്ട്‌ തിരക്കുണ്ടോ?" ജ്യോതി ചേച്ചിയാണു.

"പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ല.പക്ഷേ നല്ല ഉറക്കം വരുന്നുണ്ട്‌.അതാ പോകാമെന്നു വച്ചത്‌.എന്താ ചേച്ചി?" ഞാന്‍ ചോദിച്ചു.

"നമ്മുടെ രഞ്ജിയ്ക്ക്‌ വരാന്‍ പറ്റില്ലെന്നു പറഞ്ഞു ഇപ്പോള്‍ വിളിച്ചു.ഒരു മണിയ്ക്ക്‌ ലൈവ്‌ ഉള്ളതാ.കാലത്തെ പറഞ്ഞിരുന്നെങ്കില്‍ ആശയെയോ,ലെനയെയോ വിളിക്കാമായിരുന്നു.ഇപ്പോള്‍ വിളിച്ചപ്പോല്‍ അവരൊക്കെ കോളേജിലാ.നീ ഫ്രീയാണെങ്കില്‍ അതൊന്നു ചെയ്തിട്ട്‌ പോകാമോ..."

"ലൈവോ ..ഞാനോ.അതും രഞ്ജിയുടേയും ആശയുടേയും ഒക്കെ പ്രോഗ്രാം.നല്ല രസായിരിക്കും."

"അതൊന്നും കുഴപ്പമില്ലെടാ.നീ തന്നെ ചെയ്താ മതി.ഇതാ ഇന്നു വായിക്കാനുള്ള മെയില്‍സ്‌.കാള്‍ എടുക്കണ്ട പരിപാടിയൊക്കെ ഞാന്‍ പറഞ്ഞു തരാം." എനിക്ക്‌ ഒന്നു തര്‍ക്കിക്കാന്‍ പോലുമുള്ള അവസാരം തരാതെ ചേച്ചി അത്‌ എന്റെ തലയി്ലാക്കി.

ഞാന്‍ അവിടെയിരുന്നു മെയില്‍ ഒരോന്ന് വായിച്ചു നോക്കി.ഈ ലൈവ്‌ പരിപാടി ഞാന്‍ ചെയ്തിട്ടില്ലെങ്കിലും രസമുള്ള ഒരേര്‍പാടാ.ശരിക്കും ഒരാങ്കറിന്റെ യഥാര്‍ത്ഥ മെറ്റല്‍ കാണാനും കാണിക്കാനും പറ്റുന്ന സംഭവം.അതിന്റെ ഒരു ടെന്‍ഷന്‍ കൊണ്ടാണെന്നു തോന്നുന്നു,ഉറക്കം ഒക്കെ പോയ വഴി പോയി.

ഒന്നാകാന്‍ പത്തു മിനിട്ട്‌ ഉളപ്പോള്‍ ഞാന്‍ ഫ്ലോറില്‍ കയറി.ക്യാമറ പരിപാടികളൊക്കെ എന്റെ ഷോയുടേതു പോലെ തന്നെ.ഒരു വത്യാസമുള്ളത്‌ സാധരണം ലേപല്‍ മൈക്ക്‌ * മാത്രമേ ഉണ്ടാകാറുള്ളു.ഇതൊരു ഇയര്‍ പീസ്‌* കൂടിയുണ്ട്‌.അതു വച്ചു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സില്ലായി സംഭവം എന്തിനാണെന്നു.അതിനകത്തൂടെ ജ്യോതി ചേച്ചിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌.

"എടാ,നിനക്കു കേള്‍ക്കാമോ?" ചേച്ചി ചോദിച്ചു.

"കേള്‍ക്കാം."ലൈവിന്റെ ഒരു പിരിമുറുക്കം കൊണ്ടാണെന്നു തോന്നുന്നു,ശബ്ദം ഒന്നും അങ്ങനെ പുറത്തേയ്ക്ക്‌ വരണില്ല.

"ക്രിസ്റ്റി,നീ പേടിക്കണ്ടാ.കാര്യങ്ങളൊക്കെ ഞാന്‍ ഇതിലൂടെ പറഞ്ഞേക്കാം.നീ ഒന്നു ഉറക്കെ സംസാരിക്കണേ.സാധരണ നീ ഫോണില്‍ ഒരാളോട്‌ പറയുന്ന പോലെ പറഞ്ഞാല്‍ മതി.ബീ കൂള്‍.നിന്റെ താഴെ വച്ചിരിക്കുന്ന കണ്‍സോളില്‍ കോള്‍ ഉളപ്പോള്‍ ചുവന്ന ലൈറ്റ്‌ തെളിയും.കോള്‍ എടുക്കാന്‍ ഞാന്‍ പറയുമ്പോള്‍ മാത്രം അതിലെ ബട്ടന്‍ അമര്‍ത്തിയിട്ട്‌ സംസാരിച്ചാല്‍ മതി.അല്ലാത്ത സമയം,മെയില്‍ വായിക്കണം,ഇന്റ്രോയൊക്കെ അറിയാമല്ലോ..ഫോണ്‍ നമ്പര്‍,0471-1707077.അതോര്‍ത്തു ടെന്‍ഷന്‍ അടിക്കണ്ടാ.അതു മുന്നിലെ സ്ക്രീനില്‍ വരും.പിന്നെ കോളേഴ്സിനോട്‌ ടിവിൂടെ വോളിയം കുറച്ചു വച്ചു സംസാരിക്കാന്‍ പറയണേ..അപ്പോള്‍ ശരി.ഓള്‍ ദ്‌ ബെസ്റ്റ്‌.".ഒറ്റശ്വാസത്തിലാണു ചേച്ചി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌.പതിയെ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടാകത്തില്ലായിരുന്നു.പറഞ്ഞ അത്രയും കാര്യങ്ങള്‍ ഞാന്‍ മറന്നു കഴിഞ്ഞു.ക്യാമറ സെറ്റ്‌ ചെയ്തിട്ട്‌ ജോയി ചേട്ടനും പുറത്തേയ്ക്ക്‌ പോയി.ഫ്ലോറില്‍ ഞാന്‍ മാത്രം.

മുന്നിലിരിക്കുന്ന ടി.വിയില്‍ ഷോയുടെ മൊണ്ടാഷ്‌ കാണിച്ചു തുടങ്ങി.അതു തീരുന്ന സമയം കാതില്‍ ചേച്ചിയുടെ ശബ്ദമെത്തി"ക്രിസ്റ്റി,യൂ ആര്‍ ഓണ്‍ എയര്‍"

"ഹല്ലോ,ഹായി ഫ്രണ്‍സ്‌.വെല്‍ക്കം ടു യെറ്റ്‌ അനദര്‍ ബ്രാന്റ്‌ ന്യൂ എപ്പിസോഡ്‌ ഓഫ്‌ ഫ്രീക്ക്‌ ഔട്ട്‌.സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കു പകരം,എന്താ ഒരു പുതിയ മുഖം എന്നാലോചിച്ചു ഇരിക്കണ്ടാ.അതിന്റെ കഥ വഴിയേ പറയാം.ഇന്നും നിങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ നല്ല പാട്ടുകള്‍ ഇവിടെ റെഡിയാണു.നിങ്ങള്‍ അയച്ച കുറേ മെയില്‍സ്‌ ഇവിടെയുണ്ട്‌.അപ്പോള്‍ പെട്ടന്ന് എല്ലാവരും ഫോണ്‍ എടുത്ത്‌ വിളിച്ചേ..വിളിക്കണ്ട നമ്പര്‍:0471 1707077.നമുക്ക്‌ ആദ്യം ഒരു മെയിലിലേയ്ക്ക്‌ പോകാം." ഒറ്റശ്വാസത്തിലാണു പറഞ്ഞു നിര്‍ത്തിയത്‌.ഇയര്‍ പീസിലൂടെ ചേച്ചി,സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.ഞാന്‍ ആദ്യത്തെ മെയില്‍ എടുത്തു വായിച്ചു തുടങ്ങി..വായിച്ചു പകുതിയായപ്പോഴേക്കും കോളുണ്ടെന്ന അറിയിപ്പ്‌ വന്നു.എന്താണെന്നു അറിയില്ല,അതു കേട്ടപ്പോള്‍ നെഞ്ചിടിപ്പിന്റെ സ്പീഡ്‌ ഇരട്ടിയായ പോലെ.

"ഹല്ലോ..നമസ്കാരം.വെല്‍ക്കം ടു ഫ്രീക്ക്‌ ഔട്ട്‌."

"നമോവാകം".സ്ത്രീ ശബ്ദമാണു.മാത്രമല്ല സ്മാര്‍ട്ട്‌ മറുപടിയും.പണിയായെന്ന തോന്നുന്നേ...

"ആഹാ,ആരാണിത്‌?"

"ഞാന്‍,അഞ്ജു."

ഇത്രയുമായപ്പോഴേയ്ക്കും ഞാന്‍ ഏകദേശം ഒക്കെയായി.പിന്നെ സാധാരണം പോലെ സംസാരിച്ചു തുടങ്ങി.പക്ഷേ ആ കുട്ടി നല്ല സ്മാര്‍ട്ടായിരുന്നു.അത്യാവശ്യം നന്നായി തന്നെ സംസാരിച്ചു.ഡെഡിക്കേഷന്‍ ഒക്കെ പറഞ്ഞ്‌ പാട്ട്‌ പ്ലേ ചെയ്തു തുടങ്ങിയതും,ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

"ഗുഡ്‌ വര്‍ക്ക്‌ ക്രിസ്റ്റി."ഇയര്‍ പീസിലൂടെ ചേച്ചി പറഞ്ഞു..ഒപ്പം അകത്തു നിന്നു എല്ലാവരും.എനിക്കും ആശ്വാസമായായിരുന്നു.ഇതു വലിയ പ്രശ്നമില്ല എന്നൊരു തോന്നല്‍.ഞാന്‍ കണ്ണടച്ചു അവിടെയിട്ടിരുന്ന കസേരയിലിരുന്നു പാട്ടു തീരാന്‍ വെയ്റ്റ്‌ ചെയ്തു.ഇയര്‍ പീസിലൂടെ പ്രത്യേകിച്ചു ഒന്നും കേള്‍ക്കുന്നുമില്ല.

"എത്ര കോള്‍സ്‌ കാണും ചേച്ചി."ഞാന്‍ മൈക്കിലൂടെ ചോദിച്ചു.തിരിച്ചു ഒന്നും കേട്ടില്ല.ഞാന്‍ ഉറക്കെ ഒന്നു കൂടി ചോദിച്ചു..നിശബ്ദത മാത്രം.എനിക്കെന്തോ ചെറിയ ഒരു പേടി തോന്നി തുടങ്ങി.പെട്ടന്ന് ഇയര്‍ പീസിലൂടെ വലിയ ബഹളവും കൂട്ടക്കരച്ചിലും കേട്ടു.അവ്യക്തമായ ശബ്ദങ്ങള്‍,എന്തോക്കെയോ താഴെ വീഴുന്നതു പോലെയും,തല്ലി തകര്‍ക്കുന്നതു പോലെയുമൊക്കെ..ഞാന്‍ ലേപല്‍ മൈക്ക്‌ ഊരാന്‍ തുടങ്ങുന്ന നേരം,അകത്തു നിന്നുള്ള വാതില്‍ തുറന്നു.തുറക്കുന്ന വാതിലിന്റെ വിടവിലൂടെ കണ്ട കാഴച്ച ഞെട്ടിക്കുന്നതായിരുന്നു.തകര്‍ന്നു കിടക്കുന്ന പി.സി.ആര്‍* റൂം.അവിടെയും ഇവിടെയുമൊക്കെ തെറിച്ചു കിടക്കുന്ന ചോരപ്പാടുകള്‍.ആരെയും കാണാന്‍ കഴിയുന്നില്ല.തുറക്കുന്ന വാതിലിലൂടെ ഒരാള്‍ ഫ്ലോറിലേയ്ക്ക്‌ കയറി വന്നു.മുഖം മറച്ചു കൈയ്യില്‍ A.K 47ഉം പിടിച്ചാണു അയാള്‍ വന്നത്‌.രൂപത്തില്‍ നിന്നു വലിയ പ്രായം ഉള്ളതായി തോന്നുന്നില്ല.ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേയ്ക്ക്‌ ഓടി വന്നത്‌ 26/11 ആണു.മുംബൈയിലെ ഭീകരാക്രമണം.പക്ഷേ ഇവിടെ,കേരളത്തില്‍.????അയാള്‍ എന്റെ അടുത്തേയ്ക്ക്‌ നടന്നു വന്നു. എന്റെ സകല ധൈര്യവും ചോര്‍ന്നു പോകുന്നതു പോലെ തോന്നി.

"യെ ലൈവ്‌ ഷോ ഹെ ക്യാ?"

അതെയെന്നു പറയണെമെന്നുണ്ടായിരുന്നെങ്കിലും ശബ്ദമൊന്നും പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.ഉത്തരം കിട്ടാത്തതു കൊണ്ടാകാണം,അയാള്‍ ചോദ്യം ആവര്‍ത്തിച്ചു,ഇക്കുറി കുറച്ചു കൂടി ഉച്ചത്തില്‍ ആയിരുന്നു.

"അബേ ബോല്‍,യെ ലൈവ്‌ ഷോ ഹെ ക്യാ?".ഞാന്‍ അതെയെന്നു തല കുലുക്കി.മുന്നിലെ ടിവിയില്‍ അപ്പോഴേക്കും പാട്ടു തീര്‍ന്നിരുന്നു.അയാള്‍ എന്റെ അരികില്‍ വന്നു നിന്നു.മൊണ്ടാഷ്‌ കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ കാണിച്ചത്‌ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു നില്‍ക്കുന്നതാണു.എന്തു പറയണമെന്നു അറിയാതെ ഞാന്‍ അയാളുടെ മുഖത്തേയ്ക്ക്‌ നോക്കി.മൂടാത്ത കണ്ണുകളില്‍ ഭീകരത മാത്രം.

"ഞങ്ങള്‍ ലഷ്കര്‍-ഇ-തൊയിബയിലെ മുജാഹിദുകളാണു.".അയാളുടെ മലയാളം കേട്ട്‌ ഞാന്‍ ശരിക്കും ഞെട്ടി.യാതൊരു ഭാവമാറ്റവും ഇല്ലാതെ അയാള്‍ തുടര്‍ന്നു.

"ഈ ചാനലിന്റെ ഓഫീസും,ഇതിലെ ആളുകളും ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണു.എതിര്‍ക്കാന്‍ ശ്രമിച്ച കുറച്ചു പേരോട്‌ ഞങ്ങള്‍ക്ക്‌ മോശമായി പെരുമാറേണ്ടി വന്നു.ബാകിയുള്ളവര്‍ സുരക്ഷിതരാണു.പക്ഷേ എത്ര നേരത്തേയ്ക്കു കൂടി അവര്‍ അങ്ങനെയായിരിക്കും എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ.അധികാരികള്‍ ഒരു അതി സാമര്‍ത്ഥ്യത്തിനു മുതിരരുതെന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.ഇതിനികം ഈ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞു.ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യറാണു.ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചറിയാന്‍ അധികാരികള്‍ ഇങ്ങോട്ട്‌,ഈ പ്രോഗ്രാമിലേയ്ക്ക്‌ വിളിക്കുക.വിളിക്കേണ്ട നമ്പര്‍:".ഇത്രയും പറഞ്ഞ്‌ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ നോക്കി.നമ്പര്‍ പറയാന്‍ മുഖം കൊണ്ട്‌ ആംഗ്യം കാണിച്ചു.

04..7..1.1.7..070..77.ഒരു രീതിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.പറഞ്ഞു കഴിഞ്ഞതും എങ്ങനെയെന്നറിയില്ല,സ്ക്രീനില്‍ അടുത്ത പാട്ടെത്തി.

"എന്താ തന്റെ പേര്‌,?" അയാള്‍ ചോദിച്ചു.

"ക്രി..സ്റ്റി.."

"പേടിക്കെണ്ടെടൊ,നിങ്ങളെ ഭരിക്കുന്നവരു മര്യാദയ്ക്ക്‌ ആണെങ്കില്‍ നിങ്ങളു ജീവിക്കും.ഇല്ലെങ്കില്‍ നിങ്ങളു മരിക്കും,ഞങ്ങളും .അത്രെയെയുള്ളു .ഇതേത്‌ സിനിമയിലെ പാട്ടാ.." പുള്ളിക്കാരന്‍ സ്ക്രീനിലേയ്ക്ക്‌ നോക്കി കൊണ്ടു ചോദിച്ചു.എനിക്ക്‌ അതിലേയ്ക്ക്‌ നോക്കിയിട്ട്‌ ഒന്നും ഓര്‍മ്മ വരുന്നില്ലാ.ഞാന്‍ മിണ്ടാതെ നിന്നു.പിന്നെ പാട്ടു തീരുന്ന വരെ അയാള്‍ ഒന്നും മിണ്ടിയില്ല.പാട്ടു തീര്‍ന്നതും,സ്ക്രീനില്‍ ഞങ്ങളുടെ രൂപം തെളിഞ്ഞു.ഒപ്പം താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചവും.

"കോള്‍ ഉണ്ടെന്നു തോന്നുന്നു..എടുക്ക്‌" .അയാള്‍ പറഞ്ഞു.പക്ഷേ എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല.ഞാന്‍ നിന്ന പോലെ തന്നെ അവിടെ നിന്നു.

"കോള്‍ എടുക്ക്‌.." അയാള്‍ കുറച്ചു കൂടി ഉച്ചത്തിലാണു ഇക്കുറി പറഞ്ഞത്‌.ആഗ്രഹമില്ലാഞ്ഞിട്ടല്ല ചേട്ടാ,കൈയും കാലും സത്യമായും അനക്കാന്‍ പറ്റുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ശബ്ദവും തഥൈവ.എന്നെ കൊണ്ടു എടുപ്പിക്കാന്‍ നോക്കുന്ന നേരത്ത്‌ ഇയാള്‍ക്ക്‌ തന്നെ എടുത്തു കൂടെ,ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷേ എന്നെ കൊണ്ട്‌ തന്നെ എടുപ്പിക്കണെമെന്നു അയാള്‍ക്ക്‌ എന്തോ വാശി പോലെ.

"കോള്‍ എടുക്ക്‌..."അയാള്‍ അലറി.ഒപ്പം എന്റെ നേരെ തോക്കും നീട്ടി.ഇതാണു അവസാനം എന്നെനിക്കു മനസ്സില്‍ തോന്നി തുടങ്ങി.ഞാന്‍ പതിയെ കണ്ണുകളടച്ചു.അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മനസ്സു കൊണ്ടു മാപ്പു പറഞ്ഞു.എല്ലാവരുടെയും മുഖങ്ങള്‍ മനസ്സിലൂടെ ഓര്‍ത്തു..അപ്പന്‍,അമ്മ,ചേട്ടന്‍..

"കോള്‍ എടുക്ക്‌".അയാള്‍ വീണ്ടും അലറി...അയാളുടെ വിരല്‍ ട്രിഗറില്‍ അമരുന്ന ശബ്ദം ഞാന്‍ കേട്ടു..എല്ലാം പൂര്‍ത്തിയായി...നീണ്ട വെടിയൊച്ചയുടെ തുടക്കം മാത്രം ഞാന്‍ കേട്ടു.വേദനയില്‍ കണ്ണുകള്‍ അവസാനമായി അടയുമ്പോള്‍ ഞാന്‍ കണ്ടത്‌ തെറിക്കുന്ന എന്റെ രക്ത തുള്ളികളായിരുന്നു..നീണ്ട നിശബ്ദത.ജോലി ചെയ്യുന്ന ചാനലില്‍,ജോലിയ്കിടെ ആ ഫ്ലോറില്‍ മരണത്തിലേയ്ക്ക്‌ ഞാന്‍....

"കോള്‍ എടുക്കടാ പൊട്ടാ..." ..ഇയാള്‍ക്കിനിയും മതിയായില്ലെ.ഞാന്‍ കണ്ണു തുറന്നു നോക്കി.മുന്നിലെ സ്ക്രീനില്‍ എന്റെ രൂപം,ദേഹത്തു വെടിയുണ്ടകളില്ല.താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചം..ഇയര്‍ പീസില്‍ ജ്യോതി ചേച്ചിയുടെ അലര്‍ച്ച..."കോള്‍ എടുക്കടാാാ...."

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ ഞാന്‍ കോളെടുത്തു.ഹലോ,ആരാണു എന്നു ചോദിക്കുന്നതിനു പകരം ഞാന്‍ കോളറോടു ചോദിചതു ഇങ്ങനെയായിരുന്നു

"ഹലോ,നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ..??????"
----------------------------------------------------------
*ലേപല്‍ മൈക്ക്:ഷര്‍ട്ടില്‍ കുത്തിവയ്ക്കാവുന്ന രീതിയിലുള്ള മൈക്ക്.ചാനല്‍ അവതാരകരും ന്യൂസ് റീഡേഴ്സും കൂടുതലായി ഉപയോഗിക്കുന്നു

*ഇയര്‍പീസ്:ചെവിയില്‍ വയ്ക്കാവുന്ന ഒരു സ്പീക്കര്‍.മൊബൈലിന്റെ ഹാന്റ്സ് ഫ്രീ പോലെ ഒന്ന്.പി.സി.ആറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവതാരകര്‍ക്ക് കിട്ടുന്നത് ഇതിലൂടെയാണു.

*പി.സി.ആര്‍:പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂം.സ്റ്റുഡിയോ ഫ്ലോറിനോട് ചേര്‍ന്നുള്ള ഒരു മുറി.ഇവിടെയിരുന്നാണു ആ ഫ്ലോറില്‍ നടക്കുന്ന ഷൂട്ടിനെ നിയന്ത്രിക്കുന്നത്.

Tuesday, April 7, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം രണ്ട്


ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ്‌ എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്‌.ഞാന്‍ ഉദ്ദേശിച്ചത്‌ ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത്‌ എങ്ങനെയാണു?

ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച്‌ എനിക്ക്‌ നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ കുറിച്ചും അവരുടെ വര്‍ക്കുകളെ കുറിച്ചുള്ള അറിവുമൊക്കെയാണു.അപ്പോള്‍ ഫിലിം ഇന്‍സ്റ്റിട്യൂടിനെ പറ്റി എനിക്കു സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.

ചോ:സിനിമ ജീവിതമാണെന്നു തീരുമാനിച്ചു എന്നു പറഞ്ഞു,പക്ഷേ എന്തു കൊണ്ടാണു ശബ്ദം എന്ന ഈ ഒരു മേഖല തിരഞ്ഞെടുക്കാന്‍ കാരണം?

ഉ:അതങ്ങനെയല്ല.അവിടെ എത്തിപ്പെടുന്ന രീതി വേറെയാണു.ഞാന്‍ B.Sc Physics കഴിഞ്ഞ്‌ Law യ്ക്കു ചേരുന്നതിനു മുന്‍പ്‌,വെറുതെ ഒരു പണിയൊന്നുമില്ലാതെ നില്‍ക്കുമ്പോഴാണു M.Scയ്ക്കു അപ്ലൈ ചെയ്യുന്നത്‌.അന്ന് ബാപ്പയുടെ ഒരു തീരുമാനം എന്നു വച്ചാല്‍ Donation കൊടുത്തു എങ്ങും ഒരു അഡ്മിഷന്‍ എടുക്കുന്നില്ല.എനിക്കും താത്പര്യമില്ലായിരുന്നു.ഞാന്‍ ഒരു വലിയ പ്രിന്‍സിപ്പളായി തന്നെ കൊണ്ടു നടന്നിരുന്ന ഒന്നാണത്‌.ബാപ്പയുടെ ഒരു വാല്യൂ സിസ്റ്റത്തിനെ Admire ചെയ്തിരുന്ന,ചെയ്യുന്ന ഒരാളാണു ഞാന്‍.150 വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പല യൂണിവേഴസിറ്റികളില്‍ നിന്നായി പഠിച്ചിറങ്ങുന്നുണ്ടായിരുന്നു.കേരളാ യൂണിവേഴ്സിറ്റിയില്‍ M.Scയ്ക്കുള്ളത്‌ പത്തു സീറ്റു മാത്രം.M.Scയ്ക്കു പഠിക്കാന്‍ പറ്റാതെ നില്‍ക്കുന്ന ആ സമയത്ത്‌ പത്രത്തില്‍ പരസ്യം കാണുന്നു,ഫിലിം ഇന്‍സ്റ്റിട്യൂടില്‍ B.Sc Physics Or Electronics Degree Base ചെയ്തുള്ള സൗണ്ട്‌ എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ഉണ്ടെന്നറിഞ്ഞു ഞങ്ങള്‍ കുറച്ചു സുഹൃത്തുകള്‍ ചേര്‍ന്നു ഇതിനു അപ്ലൈ ചെയ്യുകയാണു ചെയ്തത്‌.All India Entrance ഉണ്ടായിരുന്നു,അതെനിക്കു മാത്രമേ കിട്ടിയുള്ളു.അപ്പോള്‍ ഞാന്‍ Already Lawയ്കു ജോയിന്‍ ചെയ്തു കഴിഞ്ഞിരുന്നു.കാരണം ഫിലിം ഇന്‍സ്റ്റിട്യൂടിലെ ടൈമിംഗ്‌ Different ആണു.അങ്ങനെ ഞാന്‍ ഫിലിം ഇന്‍സ്റ്റിട്യൂടിലെത്തുന്നു.എത്തിക്കഴിഞ്ഞ്‌ പക്ഷേ ആദ്യ തവണ എനിക്ക്‌ അഡ്മിഷന്‍ കിട്ടിയില്ല.

ചോ:എന്തായിരുന്നു ആ സമയത്തെ ഒരു റിയാക്ഷന്‍?

ഉ:First Time അവിടെ എത്തുന്ന സമയത്ത്‌,ഒരു എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ആണെന്നു പറഞ്ഞാണു പോകുന്നത്‌.അവിടെ ചെന്നു കഴിയുമ്പോള്‍ സിനിമയെ പറ്റി ഒരാഴച്ചത്തെ കോഴസ്‌ തരും.സെലക്ഷന്‍ Procedureന്റെ ഒരു ഭാഗമാണത്‌.ഫിലിം ഇന്‍സ്റ്റിട്യൂടിന്റെ ഒരു വലിയ ഫിലോസഫിയാണത്‌.നമ്മള്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നായിരിക്കും വരുന്നത്‌.വേറൊരാള്‍ ഇന്ത്യയിലെ ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ നിന്നായിരിക്കും വരുന്നത്‌.ഇവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയിരിക്കുന്ന Exposure ഒരേ പോലെയായിരിക്കണം എന്നില്ല.ഇവര്‍ക്കു കോമണ്‍ ആയ ഒരു Exposure കൊടുക്കുക.അതു Base ചെയ്ത്‌ നിങ്ങളുടെ ഉള്ളില്‍ ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റോ അല്ലെങ്കില്‍ ഒരു സിനിമാറ്റോഗ്രാഫറോ ഉണ്ടായിരിക്കും,അതിനെയാണു നമ്മള്‍ ടാപ്പ്‌ ചെയ്യേണ്ടത്‌.ഞാന്‍ നേരത്തെ പറഞ്ഞ Information & Knowledge Difference വരുന്നത്‌ ഇവിടെയാണു.അപ്പോള്‍ ഇങ്ങനെ അവിടെ 6-7 ദിവസം താമസിച്ച്‌,കോഴ്സില്‍ പങ്കെടുത്ത്‌,അതിനു ശേഷം അതു base ചെയ്ത്‌ ഒരു Written Test,Interview ഒക്കെയാണു.അപ്പോഴാണു ഞാന്‍ പഠിക്കാന്‍ വന്നത്‌ ഒരു എഞ്ചീനിയറിംഗ്‌ കോഴ്സല്ല.Cinema As An Artful Medium എന്നു പഠിക്കുകയാണു.അതിന്റെ ക്രാഫ്റ്റ്‌ ആണു Sound Recording.അപ്പോള്‍ അതിനു Technical ആയി പഠിക്കണം.അതു പോലെ Aesthetics.സിനിമയില്‍ സൗണ്ട്‌ എന്നത്‌ Its An Artistic Blend Of Aesthetics And Technology..അപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ ഒരു ടെക്നോളജി നമ്മള്‍ അറിഞ്ഞിരിക്കണം.ഒരു Equipment ഉപയോഗിക്കുന്ന രീതി നമ്മള്‍ അറിഞ്ഞിരിക്കണം.ഇപ്പ്പ്പോള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതണമെങ്കില്‍ നിങ്ങള്‍ വേറെയൊരു ലാംഗ്വേജ്‌ അറിഞ്ഞിരിക്കണമല്ലോ.അപ്പോള്‍ ഇതു ഒരു സയന്‍സ്‌ Student എന്ന നിലയില്‍ എന്നെ Satisfy ചെയ്ത സംഭവം,ഒരു ആര്‍ട്ടിസ്റ്റ്‌ എന്ന നിലയില്‍ എന്നെ Satisfy ചെയ്തം സംഭവം.ഇതു രണ്ടും പെര്‍ഫെക്ട്‌ ആയി ബ്ലെന്‍ഡ്‌ ആകുന്ന ഒരു സംഭവമായിയാണു ഞാന്‍ Sound Recording നെ കണ്ടത്‌.അപ്പോള്‍ ആദ്യത്തെ വര്‍ഷം അഡ്മിഷന്‍ കിട്ടിയില്ല.ഭയങ്കര വിഷമമായി പോയി.പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ അഡ്മിഷന്‍ കിട്ടാതെയിരുന്നത്‌ വളരെ നന്നായി എന്നെനിക്കു തോന്നി.കാരണം ഫിലിമിനെ പറ്റി ആധികാരികമായി പഠിക്കാന്‍ കഴിഞ്ഞു പിന്നീടുള്ള ഒരു വര്‍ഷം.എന്താണു ചെയ്യേണ്ടതെന്നു കൃത്യമായി മനസ്സില്ലായി.Prepare ചെയ്തു.രണ്ടാമത്‌ Appear ചെയ്തു ,First റാങ്കോടു കൂടിയാണു ഞാന്‍ അഡ്മിഷന്‍ നേടുന്നത്‌.

ചോ:ഞാന്‍ ഒരു Film Institute Student ആണെന്ന ഒരു സത്യം,Did You Feel It As A Miracle.വിളക്കുപാടം പോലെയൊരു കൊച്ചു ഗ്രാമത്തില്‍ നിന്നും,ഇങ്ങനെയൊരു സ്ഥലത്ത്‌ വന്നു പഠിക്കുക.

ഉ:അതു വലിയൊരു അഭിമാനം തോന്നിയിട്ടുണ്ട്‌.അതു പോലെയൊരു സ്ഥലത്ത്‌ അഡ്മിഷന്‍ കിട്ടുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണു.സ്വയം Elite ആയി ഒക്കെ തോന്നിയിട്ടുണ്ട്‌.പിന്നെ നമ്മള്‍ അവിടെ Cinema As An Art എന്നു പഠിക്കുന്ന നേരത്ത്‌,ഇതില്‍ ഒരുപാട്‌ Intricites ഉണ്ട്‌.Intricate ആയ കാര്യങ്ങള്‍.നമ്മള്‍ വിശ്വോത്തര സിനിമകള്‍ ഒക്കെ കണ്ട്‌,റോഡിലൂടെ ഒക്കെ നടക്കുമ്പോള്‍,ആളുകളെ കാണുമ്പോള്‍,നമ്മള്‍ എന്താണു കണ്ടത്‌,നമ്മള്‍ എന്താണു അറിഞ്ഞത്‌,ഇതൊന്നും ഇവരറിയുന്നില്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌.ഇതു തന്നെ Physics പഠിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്‌.ഗഹനമായ കാര്യങ്ങള്‍ ഒക്കെ പഠിക്കുമ്പോള്‍,ഇതൊന്നും സാധാരണക്കാര്‍ക്കു മനസ്സിലാവുന്നില്ലല്ലോ എന്നൊക്കെ വിചാരിക്കാറുണ്ടായിരുന്നു.നമ്മള്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുന്ന സമയത്ത്‌ നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക്‌ മനസ്സില്ലാവുന്നില്ല എന്നൊരു Phase ലൂടെ കടന്നു പോകുമല്ലോ.നമ്മള്‍ അച്ചനേയും അമ്മയേയും ഒക്കെ Neglect ചെയ്യുന്ന ഒരു Phase ഉണ്ടല്ലോ.നമ്മള്‍ പറയുന്നതൊന്നും അവര്‍ക്ക്‌ മനസ്സില്ലാവില്ല എന്നു കരുതുന്ന യൂത്തിന്റെ ഒരു സംഭവമുണ്ടല്ലോ.ആ ഒരു അവസ്ഥ ആയിരുന്നു ഞാന്‍ Institute ലൂടെ പോകുന്ന സമയത്ത്‌.ശരിക്കും Lifeന്റെ ഒരു ഫോര്‍മേഷന്‍ സംഭവമായിരുന്നു അത്‌.

ചോ:സാറിന്റെ ഒരു കരിയര്‍ ആരംഭിക്കുന്നത്‌ 1997ല്‍ ആണു.ആ വര്‍ഷമാണു,Private Detective എന്ന ആദ്യ സിനിമ വരുന്നത്‌.പക്ഷേ റസൂല്‍ പൂക്കുട്ടി എന്ന ഒരു Sound Recordist ബോളിവുഡില്‍ ഉണ്ടെന്നു അറിയുന്നത്‌,2004ല്‍ ബ്ലാക്ക്‌ എന്ന സിനിമ വരുമ്പോഴാണു.ആ ഒരു Span Of Time, എന്തായിരുന്നു Experience

ഉ:Actually ഞാന്‍ 1995 മുതല്‍ ഫീല്‍ഡിലുണ്ട്‌.ഈ ഒരു മൂവിയുടെ വര്‍ക്ക്‌ ഞാന്‍ 1995ല്‍ ചെയ്തതാണു.അതു സെന്‍സര്‍ ചെയ്തത്‌ 1997ല്‍ ആണെന്നു മാത്രം.

ഞാന്‍ Instituteല്‍ നിന്നിറങ്ങുന്നതേ പ്രത്യേകതയുള്ള എന്തെങ്കിലും സംഭവം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണു.അ സമയത്ത്‌ Sync Sound എന്ന ടെക്നിക്ക്‌ ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.1995-2004 വരെയുള്ള പത്തു വര്‍ഷം ഞാന്‍ ഒരുപാട്‌ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.Equally Important ആയ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.പക്ഷേ അതൊന്നും വലിയൊരു ഹിറ്റായോ,Public Recognize ചെയ്യുന്ന വലിയൊരു ഈവന്റ്‌ ആയോ മാറിയിട്ടില്ല എന്നതാണു.ബ്ലാക്ക്‌ എന്ന ഒരു വര്‍ക്ക്‌ ചെയ്യണമെങ്കില്‍ അതിലേയ്ക്ക്‌ നയിക്കുന്ന കുറേ വര്‍ക്കുകള്‍ ഉണ്ടാകണമല്ലോ,അതായിരുന്നു ആ പത്തു വര്‍ഷങ്ങളില്‍ നടന്നു കൊണ്ടിരുന്നിരുന്നത്‌.I've Done Very Serious,Competitive Work

ചോ:എങ്ങനെയാണു സ്ലം ഡോഗ്‌ മില്ലെനിയര്‍ എന്ന ചിത്രത്തിലേയ്ക്ക്‌ വരുന്നത്‌.

ഉ:ആ സിനിമയുടെ ഇന്ത്യന്‍ ലൈന്‍ പ്രൊഡ്യൂസേഴസാണു എന്നെ ആദ്യം ആ ചിത്രത്തിലേയ്ക്കു വിളിക്കുന്നത്‌.ഞാന്‍ സാവരിയ ചെയ്തു കൊണ്ടിരുന്ന സമയം ആയിരുന്നു അത്‌.ഞാന്‍ അവരൊടൊപ്പം കുറച്ച്‌ Commercials ചെയ്തിട്ടുണ്ടായിരുന്നു.


ചോ:സ്ലം ഡോഗില്‍ എന്തായിരുന്നു സാറിന്റെ ജോലി,What Did You Do In Slumdog Millionaire?

ഉ:Basically I Did,Live Sound Recording In Slum Dog Millionaire.ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ തന്നെ സൗണ്ട്‌ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ചോ:പലയിടത്തും വായിച്ചിട്ടുണ്ട്‌,സ്ലം ഡോഗിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ സെറ്റില്‍ നിന്ന് റസൂല്‍ ഇറങ്ങി പോയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്‌?

ഉ:നമ്മള്‍ ഒരു പ്രൊഫഷണല്‍ ആയതു കൊണ്ടാണല്ലോ,നമ്മളെ ഒരു പ്രോജക്ടിലേയ്ക്ക്‌ Hire ചെയ്യുന്നത്‌.അപ്പോള്‍ നമ്മള്‍ പറയുന്നതു കേള്‍ക്കാതെ വരുമ്പോള്‍ പിന്നെ ഒരു പ്രൊഫഷണല്‍ ആയി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ

ചോ:ആ ഒരു സെറ്റിലെ Experience എങ്ങനെയായിരുന്നു.?

ഉ:അതു ശരിക്കും Explain ചെയ്യാന്‍ പറ്റാത്ത ഒന്നാണു.ഡാനി ബോയ്‌ലും അതിന്റെ ക്യാമറാമാനുമൊക്കെ ലോകത്തിലെ അറിയപ്പെടുന്ന ടെക്നീഷ്യന്‍സ്‌ ആണു.അവരോടൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ പറ്റുക എന്ന വലിയൊരു സംഭവമായി ആണു ഞാന്‍ ആ സിനിമയെ കണ്ടിട്ടുള്ളത്‌.പക്ഷേ അതേ സമയം തന്നെ നമുക്ക്‌ പ്രൊഫഷണല്‍ ഒപ്പീനിയന്‍സ്‌ ഉണ്ട്‌.അതു കൃത്യമായി പാലിക്കപ്പെടണം നമ്മള്‍ അവിടെ വര്‍ക്ക്‌ ചെയ്യുന്ന സമയത്ത്‌.

ചോ:സാറിന്റെ ഒരു വര്‍ക്ക്‌ ഓസ്കാറിനു നോമിനേറ്റഡ്‌ ആയി എന്നറിഞ്ഞ ആ ഒരു നിമിഷം എങ്ങനെയായിരുന്നു.?

ഉ:SHOCKING !!!

ചോ:ഇനി ചോദിക്കാനുള്ളത്‌,ഓസ്കാര്‍ ഈവില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചാണു.
സാറു വരുന്നത്‌ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നുമാണു.മലയാളം മീഡിയം സ്കൂളില്‍ പഠിച്ചു വളര്‍ന്നു.പക്ഷെ The Speech You Made There Was Selected As The Most Elequoent Speech Of The Evening.Was That Pre Planned.അതായത്‌ എനിക്ക്‌ ഓസ്കാര്‍ കിട്ടിയാല്‍ ഞാന്‍ ഇതെല്ലാം പറയുമെന്നു നേരത്തേ തീരുമാനിച്ചിരുന്നോ?

ഉ:തീര്‍ച്ചയായിട്ടും.അതിന്റെ പറ്റി ഞാന്‍ ആലോചിച്ചിരുന്നു,ഓമിനെ കുറിച്ചു പറയണമെന്നു തീരുമാനിച്ചിരുന്നു.ശരിക്കും അതൊരു Pre Decided സംഭവമായിരുന്നു.The Way It Came And I Spoke Was Part Of The Moment.But I Had A Clear Vision What I'm Going To Speak

ചോ:Will Smith,Oscar Announce ചെയ്ത ആ ഒരു മൊമന്റ്‌.ഓസ്കാര്‍ ഗോസ്‌ ടു സ്ലം ഡോഗ്‌ മില്ലെനിയര്‍.How Did It Feel?

ഉ:അതു ശരിക്കും ഞാന്‍ മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നതു പോലെയാണു എനിക്കു തോന്നിയത്‌..

ചോ:How Life Has Changed,Before Oscar And After Oscar?

ഉ:For Me,Personally Nothing Have Changed.Professionaly,Not Much Have Changed.Socially,You People Are Calling Me,Thats The Change.

ചോ:ഇന്നു സാറ്‌ ഒരു ഗ്ലോബല്‍ മലയാളിയാണു.ലോകം ഇന്നു താങ്കളെ അറിയും.മനസ്സു കൊണ്ടു റസൂല്‍ ഇന്നു എത്ര മാത്രം ഒരു മലയാളിയാണു?

ഉ:I'm a malayalee,Completely.ഞാനിപ്പോഴും എന്റെ കുട്ടികളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്‌ പുറത്തു പോകുന്നുണ്ട്‌.ഞാന്‍ ഇപ്പോഴും എല്ലാ അര്‍ത്ഥത്തിലും ഒരു മലയാളി തന്നെയാണു.

ചോ:സാറിന്റെ ഒരു അനുഭവത്തില്‍,ഒരു മലയാളിയെ എങ്ങനെ വിലയിരുത്തുന്നു.How Do You Evaluate A Malayalee?

ഉ:Very Big Social Hiprocrat

ചോ:Whats Next?എന്താണു കരിയറിലെ അടുത്ത പ്ലാന്‍?

ഉ:ഞാന്‍ ഒരിക്കലും എന്റെ ജീവിതവും കരിയറും പ്ലാന്‍ ചെയ്തിട്ടില്ല.Everything Was Happening To Me

ചോ:സിനിമ സംവിധാനം ചെയ്യുക എന്നൊരു ആഗ്രഹമുണ്ടെന്നു എവിടെയോ വായിച്ചു.എന്നാണു Direction & Sound Mixing-Rasool Pookutty എന്ന ഒരു ടൈറ്റില്‍ കാണാന്‍ കഴിയുക.?

ഉ:സിനിമാ ഫീല്‍ഡില്‍ ഉള്ള എല്ലാവരുടേയും ആഗ്രഹമാണു ഒരു സിനിമ ചെയ്യുക എന്നത്‌.ഒരു സിനിമ ചെയ്യാന്‍,ഞാന്‍ പ്ലാന്‍ ചെയ്ത പോലെയുള്ള ഒരു സിനിമ ചെയ്യണമെങ്കില്‍ ഇനിയും ഞാന്‍ Mature ആകേണ്ടതുണ്ട്‌.ആ Maturity വന്നു കഴിയുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമ ചെയ്യുന്നതായിരിക്കും.

ചോ:ഞങ്ങള്‍ക്ക്‌ മലയാളത്തില്‍ സാറിന്റെ പേര്‌ ടൈറ്റില്‍സില്‍ ഉടനെ തന്നെ കാണാന്‍ കഴിയുമോ?

ഉ:തീര്‍ച്ചയായും.

ചോ:സാറിന്റെ ഒരു Perspectiveല്‍ എന്താണു Malayalam Film Industry ഇന്നു Lack ചെയ്യുന്നത്‌?

ഉ:മലയാളം Industry എന്നു മാത്രമല്ല മൊത്തത്തില്‍ ഇന്ത്യന്‍ സിനിമ Industryയില്‍ Lack ചെയ്യുന്ന ഒരു സംഭവം എന്നു വച്ചാല്‍ Screen Writing എന്ന ഒരു ഫാക്കല്‍റ്റി Develop ആകുന്നില്ല.അതിന്റെ Rigorus ആയ ഒരു Practice ആയി ഇന്ത്യന്‍ സിനിമ കാണുന്നില്ല.അതു തന്നെയാണു ഏറ്റവും വലിയ ഒരു പോരായ്മയും.

ചോ:ഓസ്കാര്‍ കഴിഞ്ഞു നടന്ന ഫിലിംഫെയര്‍ അവാര്‍ഡ്‌ നിശയില്‍ A.R Rahman ആദരിക്കപ്പെടുകയുണ്ടായി.പക്ഷേ റസൂല്‍ പൂക്കുട്ടിയെ അവിടെ കണ്ടില്ല.എന്തു കൊണ്ട്‌?

ഉ:That You Should Ask Filmfare People

ചോ:ഒരു മലയാളിയാണെന്ന ഐഡന്റിറ്റി,എപ്പോഴെങ്കിലും ബോളിവുഡില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടോ?

ഉ:ഇല്ല , ഒരിക്കലുമില്ല.എങ്ങനെ ഒരു Discrimination ഉണ്ടായിട്ടില്ല.അതൊരു തെറ്റായ ചിന്താഗതിയാണു .അങ്ങനെയാണെങ്കില്‍ റഹ്മാന്‍ Outsider ആണു. ചെന്നൈയില്‍ നിന്നല്ലേ.അതൊന്നുമില്ല.മറ്റന്തെങ്കിലും Politics ഉണ്ടാകാം.{I'വെ ണെവെര്‍ Bഈന്‍ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌ Aന്ദ്‌ I ഡൊന്റ്‌ Wഅന്റ്‌ ടൊ Bഎ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌.}


ചോ:There Is A Student Community In Kerala Who Is Looking Upto Rasool Pookutty,അവര്‍ക്കുള്ള ഒരു മെസേജ്‌ എന്താണു?

ഉ:Looking Upto Rasool Pookutti Is Very Dangerous..I'm Just Joking.What To Say?Rather Than Looking Upto Rasool Pookutti,You Should Develop Your Own Identity,Like I'm Mridul.പിന്നെ എനിക്ക്‌ തരാന്‍ ഒരു ഉപദേശം ഇല്ല,ഉപദേശം നല്‍കാന്‍ എനിക്കു ഇഷ്ടവുമല്ല,I Would Say,Follow Your Heart.Thats It.

Saturday, March 28, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം ഒന്ന്.



‘ഓസ്കാര്‍‘ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് കൊല്ലം ജിലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി എന്ന യുവാവിലൂടെയാണു.കോളേജ് മാഗസിനിലേയ്ക് ആരുടെയെങ്കിലും ഒരു അഭിമുഖം തയ്യറാക്കണം എന്ന് മാഗസിന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍,ഒരിക്കലും കരുതിയില്ല,പ്രതീക്ഷിച്ചില്ല അതു റസൂലിന്റെ അഭിമുഖമാകുമെന്നു.ഓസ്കാര്‍ സ്വീകരിച്ചു കൊണ്ടു റസൂല്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതു പോലെ,ഇതു കേവലം ഒരു അഭിമുഖം അല്ല എന്നെ സംബന്ധിച്ചിടത്തോളം ചരിത്രമാണു.

ആദ്യം ഫോണ്‍ ചെയ്തപ്പോള്‍ തന്നെ വളരെ അടുപ്പത്തോടെ സംസാരിക്കുകയും.ചോദ്യങ്ങള്‍ മെയില്‍ ചെയ്യാം എന്നു പറഞ്ഞപ്പോള്‍,അതിനുള്ള ഉത്തരങ്ങള്‍ ഞാന്‍ തന്നെ എഴുതണ്ടേ എന്നു നിഷകളങ്കമായി വിഷമത്തോടെ ചോദിക്കുകയും ചെയ്ത റസൂലിനെ കുറിച്ച്,കേവലം കുറച്ചു മണിക്കൂറുകള്‍ മാത്രമുള്ള ഒരു പരിചയം കൊണ്ടു ഞാന്‍ പറയട്ടെ,ഓസ്കാര്‍ ഈ മലയാളിയെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. തിരക്കുകള്‍ ഉണ്ടായിട്ടും ഒരു മടിയും കൂടാതെ ഒരു ടെലിഫോണ്‍ അഭിമുഖത്തിനു സമ്മതിച്ച റസൂലിനു ഹൃദയം നിറഞ്ഞ നന്ദി !! ഭാരതത്തിന്റെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിന്റെ ആദ്യ ഭാഗം.



ചോ:റസൂല്‍ പൂക്കുട്ടിയാണോ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി?

ഉ:I Dont Think So...Happiness എന്നു പറയുന്നത്‌ റിലേറ്റിവ്‌ ആയ ഒരു കാര്യമല്ലേ.എനിക്കു തോന്നുന്നില്ല ഞാന്‍ എന്തെങ്കിലും വലിയ സംഭവം ചെയ്തു എന്ന്.ശരിയാണു,ആ ഒരു അവാര്‍ഡ്‌ കിട്ടിയപ്പോള്‍ തോന്നിയിരുന്നു അതൊരു വലിയ സംഭവമാണെന്നു,നോമിനേഷന്‍ കിട്ടിയപ്പോള്‍ തോന്നിയിരുന്നു വലിയ ഒരു സംഭവമാണെന്നു.പക്ഷേ അതു കഴിഞ്ഞു,അതിന്റെ ഒരു ഷൈന്‍ ഒക്കെ കഴിഞ്ഞു.

ചോ:റസൂല്‍ വരുന്നത്‌,അംഗബലം വച്ചു നോക്കുമ്പോള്‍ ഒരുപാട്‌ പേരുള്ള ഒരു വലിയ കുടുംബത്തില്‍ നിന്നാണു .ഞങ്ങളുടെ ഒരു ജനറേഷനില്‍ അധികം കാണാന്‍ കഴിയാത്ത ഒന്നാണത്‌,കൂടിപ്പോയാല്‍ 2 അല്ലെങ്കില്‍ 3.ആ ഒരു കുടുംബപശ്ചാത്തലത്തില്‍ നിന്നു വരുന്നതിന്റെ Advantages എന്തൊക്കെയാണു.?

ഉ:തീര്‍ച്ചയായും ഒരുപാട്‌ Advantages ഉണ്ട്‌.നമ്മള്‍ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ Strength എന്നു പറയുന്നത്‌ നമ്മുടെ Family Tie Ups ആണു.ഒരുപാട്‌ സഹോദരങ്ങള്‍ ഉണ്ടായിരിക്കുക എന്നു പറഞ്ഞാന്‍ അതു വലിയ ഒരു Strength തന്നെയാണു..നമുക്ക്‌ പണമല്ല വലുത്‌,ബന്ധങ്ങളാണു.നമുക്ക്‌ ഒരു Crisis ഉണ്ടാകുമ്പോള്‍ എല്ലാവരും ഓടിയെത്തുക,എല്ലാവരുടെയും Support ലഭിക്കുക.പിന്നെ നമുക്ക്‌ 4-5 സഹോദരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അഞ്ചു സഹോദരങ്ങള്‍ക്കും അഞ്ചു ബന്ധങ്ങള്‍ ആണുള്ളത്‌.പിന്നെ അവരോരുത്തര്‍ക്കും അവരവരുടെ സുഹൃത്തുബന്ധങ്ങളുണ്ട്‌.അപ്പോള്‍ നിങ്ങള്‍ക്ക്‌ ഒരു പ്രോബ്ലം വന്നാല്‍ അച്ചനും അമ്മയും മാത്രമല്ല,നിങ്ങളുടെ സുഹൃത്തുകള്‍ മാത്രമല്ല,നിങ്ങളുടെ ബന്ധുക്കള്‍ മാത്രമല്ല.ഈ അഞ്ച്‌ അല്ലെങ്കില്‍ എട്ടു പേരുടെ ബന്ധത്തിലുള്ള ഒരു കൂട്ടം ആളുകളാണു നിങ്ങള്‍ക്കു Strength ആയി നില്‍ക്കുന്നത്‌.ഒരു വലിയ സമൂഹമാണു.അങ്ങനെ സാമൂഹികപരമായി വലിയ ഒരു Strength ഉള്ള സംഭവമായി ആണു ഞാനിതിനെ കാണുന്നത്‌.ഒരു വലിയ Social Event.

തീര്‍ച്ചയായും എനിക്കതിന്റെ Advantages ഉണ്ടായിട്ടുണ്ട്‌.തളര്‍ന്നു പോകുന്ന രീതിയില്‍ ഉള്ള Crisis ഉണ്ടായപ്പോഴൊക്കെ നമ്മുടെ സഹോദരങ്ങളും ബന്ധുകളും അവരുടെ സുഹൃത്തുബന്ധങ്ങളുമൊക്കെയാണു നമ്മുടെ Strength.പണം ഇന്നു വരും നാളെ പോകും.ഞാന്‍ ഇവിടെ വരെയെത്തിയതില്‍ My Family Has Played A Great Great Role.

ചോ:റസൂലിന്റെ സ്കൂള്‍ ലൈഫ്‌ എങ്ങനെയായിരുന്നു.അതിന്റെ ഒരു Experience ഒന്നു പറയാമോ?

ഉ:സ്കൂളില്‍ പഠിക്കാന്‍ വേണ്ടി പോയതായിട്ട്‌ എനിക്ക്‌ യാതൊരു ഓര്‍മ്മയുമില്ല.ഞാന്‍ സ്കൂളില്‍ പോകുന്നത്‌ കളിക്കാന്‍ വേണ്ടിയാണെന്നുള്ള ഒരോര്‍മ്മയാണു എനിക്കുള്ളത്‌.അപ്പോള്‍ സ്കൂളിനെ കുറിച്ചു മൊത്തത്തില്‍ കളിച്ച്‌ വളര്‍ന്ന ഒരു സ്ഥലമായിട്ടാണു മനസിലുള്ളത്‌.നമ്മുടെ ഒരു Social & Mental Development ന്റെ ഭാഗമാണു സ്കൂള്‍.പിന്നെ എനിക്ക്‌ ഓര്‍മ്മയുള്ള ഒരു സംഭവം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌,എപ്പോഴോ ഒരിക്കല്‍ മലയാള പാഠപുസ്തകം ഉറക്കെ വായിക്കുന്ന ഒരു സംഭവമുണ്ട്‌.ടീച്ചര്‍ ക്ലാസ്സില്‍ വായിക്കാന്‍ പറയുന്ന നേരത്ത്‌ ഒന്നുകില്‍ വായിക്കില്ല,അല്ലെങ്കില്‍ മനസ്സില്‍ വായിക്കും.ആ മനസ്സിലെ വായനയില്‍ നിന്നും ഉറക്കെ വായിക്കാനുള്ള ഒരു ധൈര്യത്തിലേയ്ക്ക്‌ വരുന്നത്‌ അപ്പോഴാണു.അതു പോലെ വെള്ളിയാഴച്ചകളില്‍ ആര്‍ട്ട്‌ പീരിയഡ്‌ എന്ന ഒരു കാര്യമുണ്ട്‌.പൂക്കള്‍ ഒക്കെ പറിച്ചു കൊണ്ട്‌ വന്നു,എല്ലാവരുടേയും മുന്നില്‍ പാട്ടു പാടുകയും കവിത ചൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു പീരിയഡ്‌.അപ്പോള്‍ അവിടെ വച്ച്‌ ആദ്യമായി എല്ലാവരുടേയും മുന്നില്‍ വച്ച്‌ പാട്ട്‌ പാടിയ സംഭവം,മലയാള പാഠപുസ്തകം ഉറക്കെ വായിച്ച സംഭവം,ഇതൊക്കെയാണു ഒരു സ്റ്റുഡന്റ്‌ എന്ന നിലയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന സംഭവങ്ങള്‍.അപ്പോളങ്ങനെയൊരു Mental Developement ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു Courage ഉണ്ടല്ലോ,എന്തും ചെയ്യാം,എന്തിനേയും Face ചെയ്യാം എന്നൊരു Courage.ഈ പറഞ്ഞ ഒരു Courage ഉണ്ടാക്കി തന്ന രണ്ടു Incidents ആണു ഇതു രണ്ടും.അപ്പോള്‍ സ്കൂള്‍ എന്നു പറയുന്നത്‌,എന്നെ സംബന്ധിച്ചിടത്തോളം മൊത്തത്തില്‍ മാനസികമായ,വൈകാരികമായ ഒരു Developement ന്റെ ഭാഗമാണു.എനിക്കു തോന്നുന്നില്ല സ്കൂളില്‍ ഒരുപാടൊക്കെ പഠിച്ചിട്ടുണ്ടെന്നു.

ഇന്നത്തെ ഒരു Competitive Atmosphereല്‍ കുട്ടികളെ നമ്മള്‍ ഉന്തി തള്ളി പഠിപ്പിക്കുമ്പോള്‍ അതിനു ഒരുപാട്‌ Dangers ഉണ്ട്‌.സമൂഹത്തോട്‌ വിമുഖരായി നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിസമൂഹത്തെയാണു അതു ഉണ്ടാകുന്നത്‌.

ചോ:ഒറ്റവാക്കില്‍ ,റസൂല്‍ പൂക്കുട്ടിയ്ക്ക്‌ സ്കൂള്‍ എന്താണു?

ഉ:Beautiful Memories Of My Childhood

ചോ:എങ്ങനെയുള്ള ഒരു Student ആയിരുന്നു സാറ്‌.ഞങ്ങളുടെ Vocabulary ഉപയോഗിക്കുകയാണെങ്കില്‍ ഒരു പഠിപ്പിസ്റ്റായിരുന്നൊ?

ഉ:ഞാന്‍ വളരെ ആക്ടീവ്‌ ആയ,ജോവിയല്‍ ആയ,എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു സ്റ്റുഡന്റ്‌ ആയിരുന്നു.

പിന്നെ ഞാന്‍ പറഞ്ഞല്ലോ അങ്ങനെ പഠിക്കുന്നതായി എനിക്ക്‌ ഒരു ഓര്‍മ്മയൊന്നുമില്ല.പരീക്ഷകള്‍ക്ക്‌ എങ്ങനെയൊക്കെയോ മാര്‍ക്കുകള്‍ കിട്ടും.അതെങ്ങനെയെന്നു ഇന്നും എനിക്കറിയില്ല.ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത്‌,പത്താം ക്ലാസ്സില്‍ ക്രിസ്തുമസ്‌ പരീക്ഷ വരെ പഠിക്കുന്നതായി എനിക്കോര്‍മ്മയില്ല.അതിനു ശേഷമാണു സയന്‍സ്‌ ഒരു Interesting സംഭവമായി തോന്നുന്നതും,ഞാന്‍ കെമിസ്ട്രിയും ഫിസിക്സും ഒക്കെ പഠിക്കാന്‍ തുടങ്ങുന്നതും.കണക്കിന്റെ കാര്യം പറഞ്ഞാല്‍,എനിക്ക്‌ ഓണപരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക്‌ രണ്ട്‌,ക്രിസ്തുമസ്‌ പരീക്ഷയ്ക്‌ എട്ട്‌.പക്ഷേ പത്താം ക്ലാസ്സില്‍ പാസാകുന്നത്‌ 1st ക്ലാസ്സില്‍,നാനൂറിനു മുകളില്‍ മാര്‍ക്ക്‌ മേടിച്ച്‌.അതാണു പഠിത്തത്തെ കുറിച്ചുള്ള ഓര്‍മ്മ.അല്ലാതെ ഞാന്‍ ഒരു പഠിപ്പിസ്റ്റല്ലായിരുന്നു.ഞാന്‍ Jovial ആയ ഒരു സ്റ്റുഡന്റായിരുന്നു.കലാപരമായ കാര്യങ്ങളില്‍ Involved ആയ ഒരു സ്റ്റുഡന്റായിരുന്നു.എല്ലാവര്‍ക്കും അറിയാമായിരുന്നു അന്നു.

ചോ:ഞങ്ങളുടെ ഒരു വിദ്യാഭ്യാസ രീതിയില്‍ ലഭിക്കുന്ന ട്രെയിനിംഗ്‌ ഒക്കെ,ഒരു ലക്ഷ്യം തീരുമാനിച്ച്‌ അതിനു വേണ്ടി അദ്ധ്വാനിക്കുക എന്ന രീതിയിലാണു.പക്ഷേ നിങ്ങളുടെ ഒരു കാലഘട്ടത്തില്‍ അങ്ങനെയൊന്നുമായിരുന്നില്ലല്ലോ.എങ്കിലും എന്തായിരുന്നു അന്നൊക്കെ മനസ്സില്‍?

ഉ:എന്നെ സംബന്ധിച്ചിടത്തോളം ഈ Single Aim Attain ചെയ്യാന്‍ പോകുമ്പോള്‍,ആ ഒരു എയിം നടക്കാതെ പോകുമ്പോള്‍ നിങ്ങള്‍ പെട്ടന്ന് Depressed ആയി പോകും.Single Aim ന്റെ ഒരു പ്രശ്നമതാണു.പിന്നെ,അതു ഭയങ്കരമായി Specialized ആയ ഒരു സമൂഹത്തെയാണു സൃഷ്ടിക്കുന്നത്‌.മെഡിക്കല്‍ ഫീല്‍ഡ്‌ നോക്കുവാണേല്‍ speciality ആണു.ഒന്നില്‍ Specialise ചെയ്യുന്ന ആള്‍ക്ക്‌ മറ്റൊന്നിനേയും കുറിച്ചു അറിയത്തില്ല. ഇപ്പോള്‍ ഒരു Neuro Surgeon നു കാര്യങ്ങള്‍ ചെയ്യാന്‍ ഒരു Anesthesist അല്ലെങ്കില്‍ മറ്റൊരു Specialist ന്റെ ആവശ്യമുണ്ട്‌.ഒരാള്‍ക്കു തന്നെ എല്ലാം ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹത്തിലേയ്ക്കല്ല,Highly Specialized ആയ ഒരു സമൂഹത്തിലേയ്ക്കാണു നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്‌.ഞങ്ങള്‍ പഠിച്ചിരുന്ന സമയത്ത്‌ ഞങ്ങള്‍ക്കങ്ങനെ പ്രത്യേകിച്ച്‌ ഉദ്ദേശമൊന്നുമില്ല.ഒരോ കാലഘട്ടത്തിലും ഞാന്‍ ഇന്നത്‌ ആകണമെന്നു എന്ന് ആഗ്രഹിച്ചത്‌ ഒരോ Phase ലും എനിക്ക്‌ കിട്ടിയ അവയര്‍നെസ്സില്‍ നിന്നാണു.പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്ത്‌ Detective നോവല്‍ ഒക്കെ വായിച്ച്‌ എനിക്ക്‌ ഒരു I.P.S ഓഫീസര്‍ ആകണമെന്നായിരുന്നു ആഗ്രഹം.പിന്നെ അതു മാറി,സയന്‍സ്‌ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോല്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം.പിന്നീട്‌ അതു മാറി Physicist ആകണമെന്നായിരുന്നു ആഗ്രഹം.അതു കഴിഞ്ഞു സൊസൈറ്റിക്ക്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരു ജഡ്ജ്‌ ആകുക,അല്ലെങ്കില്‍ ഒരു I.A.S ഓഫീസര്‍ ആകുക എന്നതായിരുന്നു ആഗ്രഹം.

ചോ:അതു കഴിഞ്ഞു സാറിന്റെ ക്യാമ്പസ്‌ ലൈഫ്‌ ആരംഭിക്കുകയാണു.ഇന്നത്തെ ഞങ്ങളുടെ ക്യാമ്പസ്‌ പോലെ ഒരു Stressed ആയ ലൈഫ്‌ ആയിരുന്നില്ലല്ലോ നിങ്ങളുടേത്‌.ആ ഒരു ക്യാമ്പസ്‌ ലൈഫിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണു?

ഉ:സീരിയസായി എന്റെ പഠനം തുടങ്ങുന്നത്‌ പ്രീ ഡിഗ്രി സമയത്താണു.സ്കൂളില്‍ നിന്നു കോളേജിലേയ്ക്ക്‌ വരുന്ന ഒരു സമയമാണത്‌.അപ്പോള്‍ നമുക്ക്‌ കോളേജിനെ കുറിച്ചുള്ള ഒരു വിചാരം,എന്നും ക്ലാസ്സില്‍ പോകണ്ടാ,എല്ലാ പുസ്തകങ്ങളും കൊണ്ടു പോകണ്ടാ എന്നൊക്കെയാണു.അപ്പോള്‍ ആദ്യമായിട്ട്‌ പഠനം ഒരു ശീലമായി കാണുന്ന ഒരു സമയമാണു കോളേജ്‌ ലൈഫ്‌.എത്രത്തോളം നന്നായി പഠിക്കാന്‍ കഴിയും അത്രയും നന്നായി പഠിക്കുക എന്നത്‌ ഒരു Individual ലക്ഷ്യം ആകുന്നത്‌ അപ്പോഴാണു.

ഇന്ത്യയില്‍ താമസിച്ചു പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടേയും പ്രധാനമായൊരു തത്ത്വം എന്നു പറയുന്നത്‌,In India,Quality Is An Individual Persuation,അതായാത്‌,You Can Be Good As Much As You Want To Be Good എന്നതാണു And You Are Good As Good As You Are Good.അതു കൊണ്ടാണു ഒരേ ക്ലാസ്സില്‍ തന്നെ ചിലര്‍ വളരെ Eminent ആയി മാറുകയും ചിലര്‍ അങ്ങനെയല്ലാതാവുകയും ചെയ്യുന്നത്‌.ഒരു Common Agenda ഇല്ലാതെയാണു ഞങ്ങള്‍ പഠിച്ചു വന്ന രീതിയും,Setup ഉം ഒക്കെ.എന്നെ സംബന്ധിച്ചിടത്തോളം കോളേജ്‌ ഒരുപാട്‌ മാനസികമായ Developmentഉണ്ടാകുന്ന ഒരു സ്ഥലമാണു.നിങ്ങളെ Competetive ആക്കുക എന്നുള്ളതല്ലാതെ,നിങ്ങളെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കുക എന്നതാണു Sub Conscious ആയിട്ട്‌ എന്റെ സമയത്തുള്ള College Education In Totality ചെയ്തു കൊണ്ടിരുന്നത്‌.And I Want To Look Up Education In That Angle Only.പ്രത്യേകിച്ച്‌ ഇന്നത്തെ ഒരു കാലഘട്ടത്തില്‍ To Be Able To Be A Student,Is Extremely Difficult To Position.Today Is A Time Of Information Influx.ഇന്നു ശരിക്കും നമ്മള്‍ ക്ലാസ്സുകളിലേയ്ക്ക്‌ പോകണ്ട കാര്യമില്ല,ഒരു ബട്ടണ്‍ ക്ലിക്കില്‍ അറിവ്‌ ഇന്നു ലഭ്യമാണു

We Dont Need Any Teacehrs.But My Point Is That,We Need Teachers.We Need Very Highly Evolved Teacehrs,To Guide You & Show You What Is Information And What Is Knowledge And Objective Of Education SHould Be To Find Real Knowledge.I Sympathise The Students Of My Younger Generation,Especially Students Of This Time That My Dear Students,You Are Going Through A Very Very Difficult Time.You Have To Keep Your Sanity Intact,You Have To Respect Your Teachers,You Have To Make Yourself Evolved So That You Are Guided To Real Knowledge.

ചോ:പിന്നീട്‌ താങ്കള്‍ career course ആയി തിരഞ്ഞെടുത്തത്‌ ലോ ആണു.എന്തായിരുന്നു ആ തീരുമാനത്തിന്റെ പിന്നില്‍?

ഉ:ലോ എന്നത്‌ വളരെ ഉദാത്തമായ ഒരു Profession ആണു.നമ്മുടെ ഒരു Social Life ന്റെ ഏറ്റവും വലിയ ഒരു കാര്യം എന്നു വച്ചാല്‍ You Get Equal Right,You Get Equal Justice എന്നതാണു.ഒരു Legislature അല്ലെങ്കില്‍ ഒരു Executive പൊസിഷന്‍ അല്ല നമ്മളെ Socially Drive ചെയ്യുന്ന സംഭവം.നമ്മളെ Socially Drive ചെയ്യുന്ന സംഭവം Sense Of Equality & Sense Of Justice ആണു.അപ്പോള്‍ അതു സാധാരണ ജനങ്ങളിലേയ്ക്കെത്തിക്കുന്ന വളരെ ഉദാത്തമായ ഒരു Profession ആയി ആണു ഞാന്‍ ലോയെ കണ്ടിട്ടുള്ളത്‌.ഞാന്‍ Law Associate ചെയ്യുന്നത്‌ ഗാന്ധിജി,എബ്രാഹം ലിങ്കണ്‍ തുടങ്ങിയവരുമായിയാണു.

അതിന്റെ വേറൊരു വശം പറയം.ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള എന്റെ ഒരു റീഡിംഗ്‌,ഇന്ത്യന്‍ ജനാധിപത്യത്തില്‍,സാധാരണക്കാരായ ആളുകള്‍ക്ക്‌ ഒരേയൊരു അത്താണി മാത്രമേയുള്ളു.അതു ഇന്ത്യന്‍ ജസ്റ്റീസ്‌ സിസ്റ്റം മാത്രമാണു.നിങ്ങള്‍ക്ക്‌ എവിടെയൊക്കെ പോകേണ്ടി വന്നാലും,At Last, നിങ്ങള്‍ക്കു ജസ്റ്റീസ്‌ കിട്ടും.നമ്മുടെ സിസ്റ്റത്തില്‍ വേറെ പ്രോബ്ലംസ്‌ ഉണ്ട്‌.അതു വേറെ ഇഷ്യൂ.സാനിറ്റിയുള്ള ഒരേയൊരു Stream In Goverenence Is Judiciary and That Is Our Ultimate Point.അവിടെ നിന്നു മാത്രമേ എന്തെങ്കിലും നമ്മുക്ക്‌ നേരെചൊവ്വെ ചെയ്തു കിട്ടൂ.കാരണം Legislative Is Politics And Politics Is Corrupt,Police System Is Corrupt,Everything Is Corrupted.Even In Judiciary There Is Corruption,Still At A Higher Level,You Still Get Justice.Indian Democracyയുടെ ഒരു ഫൈനല്‍ ഹോപാണു ജ്യുഡീഷ്യറി.അതു കൊണ്ടാണു എനിക്കതിനോട്‌ താത്പര്യം തോന്നാന്‍ കാരണം

ചോ:ആ ഒരു ലൈനില്‍ നിന്നു എപ്പോഴാണു സിനിമ മനസ്സിലേയ്ക്ക്‌ വരുന്നത്‌?

ഉ:നമ്മള്‍ ലോ പഠിക്കുമ്പോള്‍ പ്രധാനമായും പഠിക്കുന്നത്‌ Relationship നെ പറ്റിയുള്ള പ്രശ്നങ്ങളാണു.ഇപ്പോള്‍ ക്രിമിനോളജി പഠിക്കുമ്പോള്‍ ഏറ്റവും വലിയ പ്രശനങ്ങള്‍ Human Relationshipല്‍ ഉള്ള പ്രശ്നങ്ങളാണു.ജീവിതത്തെ പറ്റി ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത്‌ ലോ പഠിക്കുമ്പോഴാണു.ഞാന്‍ സിനിമ കാണുമ്പോള്‍,സിനിമയെകുറിച്ചു പഠിക്കുമ്പോള്‍ ഞാന്‍ ലോയില്‍ പഠിച്ച,കേട്ടറിഞ്ഞതും,കണ്ടറിഞ്ഞതുമായ ജീവിത സാഹചര്യങ്ങളും അതിന്റെ Penaltiesഉം ഒക്കെ ഒരു Depiction ആയി ഞാന്‍ കണ്ട Immediate ആര്‍ട്ട്‌ ഫോം സിനിമയാണു.അപ്പോള്‍ പണ്ടു മുതല്‍ കലാരംഗവുമായി ഒരു ബന്ധം മനസ്സില്‍ കിടക്കുന്നതു കൊണ്ടും,പിന്നെ ഈ Depicition ഉം ഒക്കെ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇനി സിനിമ തന്നെ എന്റെ ജീവിതമെന്നു.

Friday, January 23, 2009

പേരിടാത്ത നാടകം (REJECTED !)

ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റിനു വേണ്ടിയാണു ഇതെഴുതിയത്.അവതരിപ്പിക്കാന്‍ പോകുന്ന നാടകം,ആദ്യം ജൂറിയെ കാണിച്ച് അനുമതി കിട്ടിയാല്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ.ഇന്ന് ഈ നാടകം,ഞങ്ങള്‍ അനുമതിയ്ക്കായി നല്‍കി.കോളേജിന്റെ സംസ്കാരത്തിനും സഭ്യതയ്ക്കും എതിരായതു കൊണ്ട് റിജക്റ്റ് ചെയ്യുന്നു എന്ന അറിയിപ്പാണു വൈകുന്നേരം ഞങ്ങള്‍ക്ക് ലഭിച്ചത്.VULGARITY എന്ന കാരണവും പറഞ്ഞു.

ഈ നാടകത്തിന്റെ തിരക്കഥ പ്രബുദ്ധരാ‍യ ബൂലോഗവാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.ഒരു പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത എന്തു അശ്ലീലമാണു ഇതിലുള്ളതെന്നും പറഞ്ഞു തരിക.സമൂഹത്തില്‍ ചുറ്റും കാണുന്നതിന്റെ പ്രതിഫലനമാകണം കല എന്നായിരുന്നു എന്റെ വിശ്വാസം,എന്നാണു ഇപ്പോഴും എന്റെ വിശ്വാസം..അങ്ങനെയല്ലേ???


(സമയം,രാത്രിയുടെ അന്ത്യ യാമങ്ങളിലൊന്ന്.എറണാകുളം സൗത്ത്‌ പാലത്തിനു കീഴിലുള്ള ഒരു ബെഞ്ചില്‍ ഇരുന്നുറങ്ങുന്ന നളിനി,നാല്‍പതു വയസ്സിനു മുകളില്‍ പ്രായം,വില കുറഞ്ഞ,ഒരു മുഷിഞ്ഞ സാരിയാണു വേഷം.അവര്‍ ഇരിക്കുന്ന ബെഞ്ചിന്റെ അരികിലേയ്ക്‌ ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നു.ഒരു തോള്‍സഞ്ചി,കഴുത്തില്‍ ഒരു ക്യാമറ)

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി..

നളിനി:(കണ്ണു തുറക്കാതെ,ഉറക്കത്തില്‍ തന്നെ) എന്നെ കൊണ്ടെങ്ങും വയ്യ,അപ്പുറത്തെങ്ങാനും പോയി വേറെ ആരെയെങ്കിലും നോക്ക്‌.

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി.

നളിനി:(ഞെട്ടിയെഴുന്നേറ്റ്‌ ദേഷ്യത്തോടെ)പഫാ..ഏതു മോനാടാ അതു.നിനക്കൊന്നും പറഞ്ഞാല്‍ മനസ്സില്ലാകില്ലേ.(ആനന്ദിന്റെ നേരെ നോക്കി).പ്രായത്തെയെങ്കിലും ബഹുമാനിക്കടാ,ഒന്നുമില്ലേലും നിന്റെയൊക്കെ അമ്മയാകാനുള്ള പ്രായമില്ലെയെനിക്ക്‌.പോയി ഒപ്പത്തിനുള്ള ആരെയേലും നോക്കടാ.നളിനി ഈ പണി നിര്‍ത്തിയിട്ട്‌ നാളു കുറച്ചായി.

ആനന്ദ്‌:(ഒരല്‍പം ഭയത്തോടെ)ചേച്ചി,ഞാന്‍ അതിനു വന്നതല്ല.ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണു.

നളിനി:ആരായാലും എനിക്കെന്നാ.പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല.

ആനന്ദ്‌:എനിക്ക്‌ ചേച്ചിയോടൊന്നു സംസാരിച്ചാല്‍ മതി.

നളിനി:(അവഞ്ജയോടെ)സംസാരിക്കാനോ,എന്തോന്ന്?

ആനന്ദ്‌:എനിക്ക്‌ ചേച്ചിയെ കുറിച്ച്‌ ഒരു ഫീച്ചര്‍ ചെയ്താകൊള്ളാമെന്നുണ്ട്‌.ചേച്ചിയുടെ കഥ,ജീവിതം.

നളിനി.:ഓ,അപ്പോള്‍ അതാണു കാര്യം.ഇപ്പോള്‍ ഇതു പോലെയുള്ള കഥയ്കൊക്കെയാണല്ലോ മാര്‍ക്കറ്റ്‌.ഞങ്ങടെ കൂട്ടത്തിലൊരുത്തി വലിയ എഴുത്തുകാരിയായില്ലേ.ജീവിക്കാന്‍ വേണ്ടിയാടാ ഞാനൊക്കെ ഇങ്ങനെയായത്‌.എന്റെ കഥ കൊണ്ടു പോയി എഴുതി നീ അങ്ങനെ വലിയ ആളാകണ്ടാ.

ആനന്ദ്‌:ചേച്ചി പറഞ്ഞ ഒരു കാര്യം ശരിയാ,ഇപ്പ്പ്പോ ഇതു പോലുള്ള കാര്യങ്ങള്‍ക്കു തന്നെയാ മാര്‍ക്കറ്റ്‌,പക്ഷേ ഞാനിതെഴുന്നതു വലിയ ആളാവാന്‍ വേണ്ടിയല്ല.ചേച്ചി മുന്നേ പറഞ്ഞില്ലേ,ജീവിക്കാന്‍ വേണ്ടിയാണെന്നു.ഞാനും അതിനു വേണ്ടി തന്നാ ചേച്ചി എഴുതുന്നേ.ജീവിക്കാന്‍ വേണ്ടി,ഒപ്പമുള്ള മൂന്നു പേരെ ജീവിപ്പിക്കാന്‍ വേണ്ടി.ചേച്ചിക്ക്‌ പറയാന്‍ താത്പര്യമില്ലെങ്കില്‍,ഞാന്‍ പോയേക്കാം...(എഴുന്നേല്‍ക്കുന്നു)

നളിനി:ഇരിയടാ അവിടെ,നട്ടപ്പാതിരായ്ക്ക്‌ ഉറക്കോം കളഞ്ഞിട്ട്‌.ഇനി നീ കഥ മുഴുവന്‍ കേട്ടിട്ട്‌ പോയാ മതി.സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞ ഞാനായിട്ട്‌ ഇനി ആരുടേയും ജീവിതം നശിപ്പിച്ചു എന്നു വേണ്ടാ.നിനക്കെന്നാ അറിയണ്ടെ,ചോദിക്ക്‌.

ആനന്ദ്‌:ചോദ്യം ഒന്നേയുള്ളു ചേച്ചി.എങ്ങനെയാ,എന്തിനാ?

നളിനി:ഹം,എങ്ങനെയാ?എന്തിനാ? ഞാനുള്‍പ്പെടെ ഞങ്ങളെ കൂട്ടത്തിലുള്ള ഒരാളും ആഗ്രഹിച്ചത്‌ വരുന്നതല്ല ഈ അഴുക്കുചാലില്‍..എനിക്കുമുണ്ടായിരുന്നു ഒരു നല്ല കാലം.ഒരു പ്രണയകാലം...

(നളിനിയും ആനന്ദും പിറകിലെ ബഞ്ചില്‍ സംസാരം തുടരുന്നു.അവരുടേ മുന്നില്‍ നളിനിയുടെ ചെറുപ്പം അവതരിപ്പിക്കപ്പെടുന്നു.ചെറുപ്പക്കാരിയായ നളിനിയും,രണ്ടു കൂട്ടുകാരികളും നടന്നു വരുന്നു.എതിരെ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു.മുഖത്ത്‌ ചെറിയ ഒരു ചമ്മല്‍..)

കൂട്ടുകാരികളിലൊരാള്‍:ദേടി നളിനി നിന്റെ ആളു നില്‍ക്കുന്നു.വര്‍ത്തമാനമൊക്കെ കഴിഞ്ഞ്‌ അങ്ങെത്തിയേരെ.(നളിനി പതിയെ നില്‍ക്കുന്നു.കൂട്ടുകാരികള്‍ നടന്നു പോകുന്നു.ചെറുപ്പക്കാരന്‍ നളിനിയിടെ അടുക്കലേയ്ക്ക്‌ വരുന്നു.)

ചെറുപ്പക്കാരന്‍:നിന്നെ ഒന്നു കാണാന്‍ എത്ര നേരമായി ഞാനിവിടെ നില്‍ക്കുന്നു.

നളിനി:ഞാന്‍ പറഞ്ഞിട്ടില്ലേ,ഇങ്ങനെ വഴിയില്‍ വച്ചു സംസാരിക്കാന്‍ ശ്രമിക്കരുതെന്ന്.ആരെങ്കിലും കണ്ടാല്ലോ.ഇവിടെയാണെങ്കില്‍ അച്ചന്റെ പരിചയക്കാര്‍ നിറയെ ഉള്ള സ്ഥലമാ.

ചെറുപ്പക്കാരന്‍:നിന്നോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു.എനിക്ക്‌ കോയമ്പത്തൂരില്‍ ജോലി ശരിയായി.ഇനി ഒന്നും പേടിക്കാനില്ല.ഇന്നു രാത്രി തന്നെ തിരിക്കണം.നീയും...നീയും എന്റെ കൂടെ വരണം.

നളിനി(ഞെട്ടലോടെ):വരാനോ..ഞാനോ..അയ്യോ.

ചെറുപ്പക്കാരന്‍:(അല്‍പം ഉറച്ച സ്വരത്തില്‍)അല്ലാതെ പിന്നെ.എന്താണെങ്കിലും നിന്റെ വീട്ടുകാര്‍ നമ്മുടെ കല്യാണത്തിനു സമ്മതിക്കില്ല.എനിക്കാണെങ്കില്‍ പോയാല്‍ പിന്നെ മൂന്നു മാസം കഴിയാതെ വരാനും പറ്റില്ല.അതിനിടയ്ക്ക്‌ നിന്റെ വിവാഹം എങ്ങാനും നടത്തിയാല്ലോ...നീയില്ലാതെ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല.നിനക്കെന്താ എന്റെ കൂടെ വരാന്‍ ധൈര്യമില്ലേ..എന്നെ വിശ്വാസമില്ലേ..

നളിനി:അതൊന്നുമല്ല ഹരിയേട്ടാ..അന്നാലും..

ചെറുപ്പക്കാരന്‍:ഒരെന്നാലും ഇല്ല.ഇന്നു രാത്രി പതിനൊന്നരയ്ക്ക്‌ ഞാന്‍ കാറുമായി നിന്റെ വീടിന്റെ മുന്നിലെത്തും.നീ ഇറങ്ങി വരണം. ത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം എടുത്താല്‍ മതി.

നളിനി:അത്‌..

ചെറുപ്പക്കാരന്‍:ഒന്നുമില്ല.രാത്രി കൃത്യം പതിനൊന്നരയ്ക്ക്‌.

(രണ്ടു പേരും സ്റ്റേജിന്റെ രണ്ടു വശങ്ങളിലേയ്ക്ക്‌ നടന്നു പോകുന്നു.ആനന്ദനും നളിനിയും തമ്മിലുള്ള സംസാരം പുനരാരംഭിക്കുന്നു.)

ആനന്ദ്‌:അന്നു രാത്രി എന്താ സംഭവിച്ചത്‌.?അയാള്‍ വന്നില്ലേ?

നളിനി:അന്നു രാത്രി പറഞ്ഞ സമയത്ത്‌ തന്നെ അയാളെത്തി.ഞാന്‍ വീട്ടു വിട്ടിറങ്ങുകയും ചെയ്തു.പക്ഷേ..

ആനന്ദ്‌:എന്തു പറ്റി?എന്തെങ്കിലും അപകടം...?

നളിനി:അപകടം...അതേ..ഒരപകടം പറ്റി.അയാള്‍ക്കല്ല,എനിക്ക്‌.ഈ ജോലിയ്ക്കുള്ള ആദ്യത്തെ പരീക്ഷ അന്നു ഞാന്‍ പാസായി.

ആനന്ദ്‌:മനസ്സില്ലായില്ല..

നളിനി:അയാള്‍ പറഞ്ഞതു ശരിയായിരുന്നു.അന്നു മുതല്‍ അയാള്‍ ഒരു ജോലിക്കാരനായി.വിശ്വസിച്ച്‌ കൂടെയിറങ്ങിയ എന്നെ വില്‍ക്കുകയായിരുന്നു ആ ജോലി.എത്ര നാളെന്നെനിക്കോര്‍മ്മയില്ല..ആരൊക്കെ എന്നും ഓര്‍മ്മയില്ല..ഏതോക്കെയോ സ്ഥലങ്ങളില്‍..വെളിച്ചം കടക്കാത്ത മുറികളില്‍...മുഖമില്ലാത്ത ഒരുപാട്‌ പേര്‍...ഇതിനിടയില്‍ ആരുടേയോ ഒരു കുഞ്ഞിനു ഞാന്‍ ജന്മം നല്‍കി..ഇനൊയൊന്നും കിട്ടില്ല എന്നു തോന്നിയതു കൊണ്ടാകണം എന്നെയും കുഞ്ഞിനെയും അയാള്‍ ഈ തെരുവിലേയ്ക്ക്‌ വലിച്ചെറിഞ്ഞെങ്ങോട്ടോ പോയി.

ആനന്ദ്‌:തിരിച്ച്‌,വീട്ടിലേയ്ക്ക്‌ പോയില്ലേ...

നളിനി.പോയി..പക്ഷേ...

(സ്റ്റേജിന്റെ ഒരറ്റത്തു നിന്നു നളിനിയും കൈക്കുഞ്ഞും നടന്നു വരുന്നു..മറു ഭാഗത്തു,ഒരു ചെറുപ്പക്കാരന്‍..നളിനിയുടെ ആങ്ങള..)

ആങ്ങള:(ദേഷ്യത്തോടെ) എന്താ..എങ്ങോട്ടാ?

നളിനി:എടാ ഞാന്‍..

അങ്ങള:ശബ്ദിക്കരുത്‌.കടന്നു പൊയ്ക്കോണം ഇവിടുന്നു.ഒരു കയറില്‍ അച്ചനും അമ്മയും തൂങ്ങി നില്‍ക്കുന്നത്‌ കണ്ടവനാ ഞാന്‍(നളിനി ഞെട്ടുന്നു).അതും നീ കാരണം...കൊല്ലുന്നില്ല നിന്നെ,സ്നേഹം കൊണ്ടല്ല..അറച്ചിട്ട..തേവിടിശ്ശി..കടന്നു പോടി എന്റെ മുന്നീന്ന്...(അയാള്‍ അകത്തേയ്ക്ക്‌ കയറി പോകുന്നു)

(ഞെട്ടിത്തരിച്ച്‌ നളിനിയും അകത്തേയ്ക്ക്‌ മാറുന്നു..)

നളിനി:അന്നിറങ്ങി വീട്ടീല്‍ നിന്ന്.വിഷമമൊന്നും തോന്നിയില്ല.കാരണം ഞാനതര്‍ഹിക്കുന്നുണ്ടായിരുന്നു.ഇരുപതു വര്‍ഷം വളര്‍ത്തിയവരെ വിട്ട്‌ ഇന്നലെ കണ്ടവന്റെ കൂടെ പോയതല്ലേ..എനിക്കിതു തന്നെ കിട്ടണമായിരുന്നു.

ആനന്ദ്‌:പിന്നീട്‌ എന്താ സംഭവിച്ചത്‌..?

നളിനി:പിന്നീട്‌ എന്തു സംഭവിക്കാന്‍.ആണ്‍തുണയില്ലാതെ,അച്ചനില്ലാത്ത ഒരു കുഞ്ഞുമായി തെരുവിലേയ്ക്കിറങ്ങുന്ന ഏതൊരു പെണ്ണിനും സംഭവിക്കുന്നതു തന്നെ എനിക്കും സംഭവിച്ചു.ആദ്യമായി സ്നേഹിച്ച പുരുഷന്‍ കാണിച്ചു തന്ന വഴിയിലൂടെ തന്നെ നടന്നു ഞാന്‍.നഗരം ഉറങ്ങുന്ന നേരങ്ങളിലൊക്കെ ഞാന്‍ ഉണര്‍ന്നിരുന്നു.രാത്രിയുടെ കൂട്ടുകാരിയായി.ആരുടേയ്ക്കോ കുറച്ചു നേരത്തേ സ്നേഹിതയായി..കുറ്റിക്കാടുകളില്‍,വെയ്റ്റിംഗ്‌ ഷെഡുകളില്‍,ലോഡ്ജ്‌ മുറികളില്‍,..ഒരുപാട്‌ പേരെ കണ്ടു.ആരുടേയു മുഖം ഇന്നോര്‍മ്മയില്ല..നോട്ടു കെട്ടുകള്‍ സമ്മാനമായി തന്നവര്‍..എന്റെ ശരീരത്തിനു വില പേശിയവര്‍..കടം പറഞ്ഞു മടങ്ങിയവര്‍...

ആനന്ദ്‌:കുഞ്ഞ്‌...?

നളിനി:അവള്‍...അവള്‍....

(സ്റ്റേജിന്റെ സൈഡില്‍ നിന്നു കുഞ്ഞിനെ തോളത്തിട്ടുറക്കി നളിനി നടന്നു വരുന്നു.കുഞ്ഞിനെ സ്റ്റേജില്‍ കിടത്തി..മറുവശത്ത്‌ നിന്നു ഒരു പോലീസുകാരന്‍ നടന്നു വരുന്നു.നിലത്തു കിടക്കുന്ന നളിനിയെ അയാള്‍ ലാത്തി കൊണ്ട്‌ വിളിച്ചുണര്‍ത്തി)

നളിനി:(എഴുന്നേറ്റു കൊണ്ട്‌) എന്താ സാറെ..?

പോലീസ്‌:നീയൊന്നെഴുന്നെറ്റിങ്ങു വന്നേ..നമുക്കിപ്പോ വരാം..

നളിനി:അയ്യോ സാറേ..ഇന്നു വേണ്ടാ..മോള്‍ക്ക്‌ നല്ല സുഖമില്ല.

പോലീസ്‌:നീ വലിയ അമ്മ കളിക്കല്ലേ.അവളവിടെ കിടന്നുറങ്ങട്ടെ.നമുക്ക്‌ പോയിട്ട്‌ ഇപ്പ വരാമെന്നേ..

നളിനി:സാറെ..അത്‌...

പോലീസ്‌:പഫാ..എഴുന്നേറ്റ്‌ വാടി ചൂലേ..അതോ പൊക്കിയെടുത്തു സ്റ്റേഷനില്‍ കൊണ്ടു പോകണോ..

(നളിനി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ്‌ അയാളൊടൊപ്പം പുറത്തേയ്ക്ക്‌ പോകുന്നു.ഈ സമയം രണ്ടു പേര്‍ മറുവശത്തു നിന്നു നടന്നു വരുന്നു.കുഞ്ഞ്‌ കിടക്കുന്ന അവിടെ വന്നു നിന്നു പരിസരം വീക്ഷിക്കുന്നു.കുഞ്ഞ്‌ കിടക്കുന്ന ബെഞ്ചോടെ പൊക്കിയെടുത്ത്‌ അവര്‍ പുറത്തേയ്ക്ക്‌ കൊണ്ടു പോകുന്നു...അകത്തു നിന്നു കുഞ്ഞിന്റെ നിലവിളി..അമ്മേ...അമ്മേ....കരച്ചിലൊനൊടുവില്‍ നളിനി മുടി കെട്ടി കൊണ്ടു കടന്നു വരുന്നു..കുഞ്ഞു കിടന്നിരുന്ന സ്ഥലത്തെത്തി..കുഞ്ഞിനെ കാണാതെ അവള്‍ പരിഭ്രമിച്ചു.)

നളിനി:മോളെ..കുഞ്ഞിമോളെ..അയ്യോ എന്റെ മോളെവിടെ പോയി...(സ്റ്റേജിന്റെ എല്ലാ വശങ്ങളിലേയ്ക്കും പോകുന്നു..) മോളേ...മോളേ...

(സ്റ്റേജിന്റെ ഒരു വശത്തേയ്ക്ക്‌ ചെന്നു നോക്കുന്ന നളിനി ഞെട്ടുന്നു...നിലവിളിക്കുന്നു.."മോളേ....." .)

(അകത്തേയ്ക്ക്‌ നടന്നു പോകുന്ന നളിനി തിരിച്ചിറങ്ങി വരുന്നത്‌,കീറിപ്പറിഞ്ഞ മകളുടെ വസ്ത്രവും കൊണ്ടാണു...അതും നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ച്‌ നിലവിളിച്ചു കൊണ്ട്‌ നളിനി സ്റ്റേജ്‌ വിടുന്നു)

(ആനന്ദിനോട്‌ സംസാരിക്കുന്ന നളിനി,മുഖ പൊത്തി കരയുന്നു..)

ആനന്ദ്‌:ചേച്ചി..

നളിനി:(കരഞ്ഞു കൊണ്ട്‌) ഞാന്‍ കാരണം എത്ര പേരുടെ ജീവിതം നശിച്ചു...അച്ചന്‍,അമ്മ,അനിയന്‍..എന്റെ..എന്റെ കുഞ്ഞുമോള്‍..എന്തു തെറ്റാടാ ഞാനീ സമൂഹത്തോടു ചെയ്തത്‌..സ്നേഹിച്ച പുരുഷനെ ആത്മാര്‍ത്ഥമായി വിശ്വസിച്ചതോ..കൈക്കുഞ്ഞിനെ കൊന്നു ആത്മഹത്യ ചെയ്യാത്തതോ..ഞാനെല്ലാം അനുഭവിക്കണം..ജനിപ്പിച്ചവരെ കൊലയ്ക്ക്‌ കൊടുത്തവളാ ഞാന്‍..പക്ഷേ എന്റെ മോള്‍..അവളെന്താ ചെയ്തേ..എങ്ങനെ തോന്നി അവര്‍ക്ക്‌,ആ കുഞ്ഞിനെ പിച്ചി ചീന്താന്‍....(പൊട്ടിക്കരയുന്നു)

ആനന്ദ്‌:ചേച്ചി...ചില ചോദ്യങ്ങള്‍ക്കുത്തരമില്ല..ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലേ..ചിലപ്പോള്‍ ദൈവത്തിന്റെ വികൃതികളാകും ഇതൊക്കെ..ഉണ്ടാകും ചേച്ചിയ്ക്കും ഒരു നല്ല കാലം..

നളിനി:ഹും...നല്ല കാലം..എനിക്കിനി ഒന്നുമില്ല..ഒന്നുമുണ്ടാകുകയും വേണ്ടാ..ഞാനിങ്ങനെ ഒടുങ്ങണം..ഈ നഗരത്തില്‍..നേരം വെളുക്കുമ്പോള്‍ കാണുന്ന ഒരഞ്ജാത ശവമായി..പറഞ്ഞ പോലെ നേരം വെളുക്കാറായി..നീയെഴുന്നേറ്റു പോവാന്‍ നോക്ക്‌.എന്റെ കൂടെ ഇരിക്കുന്നത്‌ കണ്ട്‌ ഇനി നിന്റെയും ജീവിതം നശിക്കണ്ടാ..ചിലറയുണ്ടെങ്കില്‍ ഒരു പത്തു രൂപ ചായ കുടിക്കാന്‍ തന്നേച്ച്‌ പോ..

(ആനന്ദ്‌ രൂപയെടുത്തു നീട്ടുന്നു.നളിനി ഒരു ഭാവമാറ്റവുമില്ലാതെ അതു വാങ്ങുന്നു.ആനന്ദ്‌,തിരിച്ചു നടക്കുന്നു..)

നളിനി:എടാ...നീ എഴുതുന്നതൊക്കെ കൊള്ളാം..എന്റെ പേരൊന്നും വച്ചേക്കരുത്‌..ഒരു പട്ടിയും നാളെ സഹതാപോം കാണിച്ചോണ്ട്‌ ഇങ്ങു വന്നേക്കരുത്‌ ..പറഞ്ഞേക്കാം...ദൈവത്തിന്റെ സ്വന്തം നാട്‌...


----യവനിക------

Monday, November 24, 2008

അവന്‍ രാഹുല്‍,രാഹുല്‍ രാജ്

ഓടി കിതച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും മണി പതിനൊന്ന്.ട്രെയിന്‍ എത്തുന്നതേയുള്ളു.വൈശാലിയിലെ കാഴച്ചകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഇന്നലെ പാറ്റ്നയില്‍ തിരിച്ചെത്തിയപ്പോ നന്നെ വൈകിയിരുന്നു.അതു കൊണ്ട്‌ തന്നെ കാലത്തേ എഴുന്നേല്‍ക്കാനും വൈകി.രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌,അതിലാണു പോകേണ്ടത്‌.ഏതു പ്ലാറ്റ്‌ ഫോമിലേക്കാണു വരുന്നത്‌ എന്നു നോക്കിയപ്പോഴേക്കും അനൗണ്‍സ്മെന്റെത്തി,"രാജേന്ദ്രനഗര്‍ സേ ഹോകര്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ്‌ തക്ക്‌ ജാനേവാലി ട്രെയിന്‍ നംബര്‍ 2142 രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌ പ്ലാറ്റ്ഫോം നംബര്‍ ഏക്‌ മേം ആ രഹി ഹേ".ഭാഗ്യം ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ തന്നെയാണു.ലഗേജും കൊണ്ട്‌ നടക്കേണ്ടി വരുമോ എന്ന ടെന്‍ഷനിലായിരുന്നു.അനൗണ്‍സ്‌മന്റ്‌ വന്നതിന്റെയാണെന്നു തോന്നുന്നു പെട്ടന്ന് ഒരു ഒച്ചപ്പാടും ബഹളവുമൊക്കെ.ഞാന്‍ ചുറ്റും നോക്കി,നല്ല തിരക്കുണ്ട്‌.

പതിനൊന്നേകാലോടെ ട്രെയിന്‍ എത്തി.എന്റെ കോച്ച്‌ കുറച്ചു പിന്നിലാണു നിര്‍ത്തിയത്‌.ഞാന്‍ പെട്ടിയും പിടിച്ച്‌ നടന്നു.ഇപ്പോ തട്ടി വീഴ്ത്തും എന്ന മട്ടില്‍ ആളുകള്‍ ചുറ്റും ഓടുന്നുണ്ട്‌.പത്തു മിനിറ്റുണ്ടിവിടെ,പക്ഷേ അതൊന്നും ആരും നോക്കുന്നില്ല.എല്ലാവരും ട്രെയിനില്‍ കയറി പറ്റാനുള്ള തിരക്കിലാണു.എസ്‌ 5-43,സൈഡ്‌ സീറ്റാണു,അപ്പര്‍ ബര്‍ത്തും.രണ്ടും എനിക്കു സന്തോഷമുള്ള കാര്യമാണു.ഞാന്‍ പെട്ടിയൊക്കെ ഒതുക്കി വച്ചു സീറ്റില്‍ ഇരുന്നപ്പോഴേക്കും ട്രെയിന്‍ പതിയെ അനങ്ങി തുടങ്ങി.അങ്ങനെ ഏകദേശം പതിനൊന്നരയോടെ 4 ദിവസത്തെ എന്റെ ബീഹാര്‍ പര്യടനം അവസാനിച്ചു.

വീട്ടില്‍ നിന്നു യാത്ര തിരിച്ചിട്ട്‌ ദിവസം കുറച്ചായി.ഒറ്റയ്ക്കൊരു,Unplanned ഇന്ത്യാ പര്യടനം.കുറേ നാളായി കൊണ്ടു നടക്കുന്ന സ്വപന്മായിരുന്നു.പഠനം കഴിഞ്ഞുള്ള ബ്രേക്കിലേയ്ക്ക്‌ മാറ്റി വച്ചിരിക്കുകയായിരുന്നു.നോര്‍ത്ത്‌ ഈസ്റ്റില്‍ നിന്നാണു തുടങ്ങിയത്‌,മേഘാലയ,മണിപ്പൂര്‍ ,അവിടെ നിന്നു കൊല്‍ക്കത്ത,പിന്നെ ബീഹാര്‍.യാത്രയ്ക്ക്‌ ഒരു ഇടവേള വേണം,അതാണു മുംബൈയ്ക്ക്‌ പോകാമെന്നു വച്ചത്‌,അവിടെയുള്ള ചേട്ടനും കുടുംബത്തോടുമൊപ്പം ഒരാഴച്ച.വീണ്ടും യാത്ര.ഇതാണു ഇപ്പ്പ്പൊഴത്തെ പദ്ധതി.ട്രെയിന്‍ പാറ്റ്നയുടെ നഗരകാഴച്ചകള്‍ വിട്ട്‌,ബീഹാറിന്റെ ഗ്രാമങ്ങളിലേക്ക്‌ കയറി.നമ്മുടെ നാട്‌ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്നു തോന്നുന്നത്‌ ഈ കാഴച്ചകള്‍ കാണുമ്പോഴാണു.വികസനം എന്തെന്നു കൂടി അറിഞ്ഞിടില്ലാത്ത ഗ്രാമങ്ങള്‍.വരണ്ട കൃഷി സ്ഥലങ്ങള്‍,പൊടി പറക്കുന്ന ചെമ്മണ്‍ പാതകള്‍,കുടിലുകള്‍..പുറത്തെ കാഴച്ചകള്‍ മനം മടുപ്പിച്ചു തുടങ്ങി.വായിക്കാമെന്നു കരുതി,മുന്നിലെ ട്രേയില്‍ വച്ചിരുന്ന പുസ്തകം നോക്കിയപ്പോള്‍ അതവിടെയില്ല.സാധനം അതാം എന്റെ എതിര്‍വശത്തിരിക്കുന്ന യാത്രക്കാരന്റെ കൈയ്യിലിരിക്കുന്നു.

"എക്സ്ക്യുസ്‌ മീ" ഞാന്‍ അയാളെ ഒന്നു തോണ്ടി.

പുസ്തകം മുഖത്ത്‌ നിന്നു മാറ്റി അയാള്‍ എന്നെ നോക്കി.ബുക്കിനായി ഞാന്‍ ആഗ്യം കാണിച്ചപ്പോള്‍ ഒരു ക്ഷമാപണത്തൊടെ അയാള്‍ അതു തിരിച്ചു നല്‍കി.പുസ്തകം വാങ്ങി കൊണ്ട്‌ ഞാന്‍ അയാളെ ഒന്നു നോക്കി.നന്നായി വേഷം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരന്‍,കണ്ടാല്‍ അറിയാം പഠിച്ച ആളാണെന്നു.കൂടിയാല്‍ ഒരു ഇരുപത്തിയഞ്ചു വയസ്സ്‌.ഞാന്‍ അയാളെ നോക്കി ഒന്നു ചിരിച്ചു,തിരിച്ചയാളും.ട്രെയിനില്‍ വച്ച സൗഹൃദങ്ങള്‍ പാടില്ലയെന്നാണു എല്ലാവരും പറയുന്നതെങ്കിലും,ഞാന്‍ നേരെ തിരിച്ചാണു.കാരണം ട്രെയിനിലെ സൗഹൃദങ്ങള്‍ എനിക്കെന്നും നന്മ മാത്രമേ സമ്മാനിച്ചിട്ടുള്ളു.ഇയാളെയും പരിചയപ്പെടണമെന്നു തോന്നി.

"ഗോയിംഗ്‌ റ്റു മുംബൈ?" ഞാന്‍ അയാളോട്‌ ചോദിച്ചു.

"യേസ്‌ ബ്രോ,ഹാവ്‌ റ്റു സേര്‍ച്ച്‌ ഫോര്‍ ഏ ജോബ്‌"

ഇതായിരുന്നു ഞങ്ങള്‍ തമ്മില്‍ കൈമാറിയ ആദ്യ വാചകങ്ങള്‍.സുഖകരമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.പിന്നീട്‌ ഒരുപാട്‌ നേരം ഞങ്ങള്‍ സംസാരിച്ചു.എവിടെയൊക്കെയോ അയാളില്‍ എനിക്ക്‌ എന്നെ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഏകദേശം ഒരേ പ്രായം,വിദ്യാഭ്യാസം,നാടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉയര്‍ന്ന പ്രതീക്ഷകള്‍ സ്വപനങ്ങള്‍.യുവത്വം ചിന്തിക്കുന്നത്‌ ഒരു പോലെയാണെന്നെനിക്ക്‌ വെറുതെ തോന്നി.

അവന്‍ രാഹുല്‍,രാഹുല്‍ രാജ്‌.ജനിച്ചതും വളര്‍ന്നതും പാറ്റ്നയിലെ ഒരു ഇടത്തരം കുടുംബത്തില്‍.അവിടെയുള്ള ഒട്ടു മിക്ക എല്ലാ യുവാക്കളേയും പോലെ തന്റെ നാടിന്റെ അവസ്ഥയില്‍ അവനും ദുഖിച്ചിരുന്നു.അഴിമതിയില്‍ നിന്നും കെടുകാര്യസ്ഥതയില്‍ നിന്നും തന്റെ നാടും ഒരു നാള്‍ രക്ഷപ്പേടുമെന്നു അവന്‍ സ്വപനം കണ്ടിരുന്നു.വീടിനേയും വീട്ടുകാരേയും ഒരുപാട്‌ സ്നേഹിച്ചിരുന്നു.നല്ല ഒരു ജോലി നേടി അഛ്കനും അമ്മയ്ക്കും സഹോദരിക്കും കുറച്ചു കൂടി നല്ല സൗകര്യങ്ങള്‍ നല്‍കണമെന്നതായിരുന്നു അവന്റെ ആഗ്രഹം.അതു കോണ്ടു തന്നെയാണു ഡിപ്ലോമ പൂര്‍ത്തിയാക്കിയുടനെ തന്റെ സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കാനായി അവന്‍ സ്വപനങ്ങളുടെ നഗരത്തിലേയ്ക്ക്‌ പോകാന്‍ തീരുമാനിച്ചതും.

രാത്രി ഒരുപാട്‌ വൈകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.ജീവിതത്തെക്കുറിച്ചു,സ്വപനങ്ങളെക്കുറിച്ചു.ഞാന്‍ കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പിന്നെ സംസാരം ഇവിടുത്തെ കാര്യങ്ങളെക്കുറിച്ചായി.കേരളം കാണണമെന്നും,ഇവിടെ താമസിക്കണെമെന്നുമൊക്കെ പറഞ്ഞു പറഞ്ഞു എപ്പോഴോ ഞങ്ങള്‍ ഉറങ്ങി.പതിവു പോലെ ഞാന്‍ വൈകിയാണെഴുന്നേറ്റത്‌.ട്രെയിന്‍ മഹാരാഷ്ടയിലൂടെ ആയിരുന്നു ഓടി കൊണ്ടിരുന്നത്‌.ഞാന്‍ ബെര്‍ത്തില്‍ നിന്നിറങ്ങി താഴെയിറങ്ങിയപ്പോള്‍ രാഹുലിനെ കണ്ടില്ല.കുറച്ചു കഴിഞ്ഞ്‌ ആളൊരു പത്രവും പിടിച്ചു കൊണ്ട്‌ അങ്ങോട്ടേയ്ക്ക്‌ വന്നു.ഇന്നലെ കണ്ട രാഹുലായിരുന്നില്ല അത്‌.മുഖത്ത്‌ വല്ലാത്ത ഒരു മ്ലാനത.ഒന്നും മിണ്ടാതെ അവന്‍ എന്റെ എതിര്‍വശത്തു വന്നിരുന്നു.

"ക്യാ ഹുവാ ഭായി?" ഞാന്‍ ചോദിച്ചു.

ഒന്നും മിണ്ടാതെ അവന്‍ ആ പത്രം എന്റെ നേര്‍ക്ക്‌ നീട്ടി.

RAJ ARRESTED,MUMBAI BURNS. ഇതായിരുന്നു ആ പത്രത്തിലെ തലക്കെട്ട്‌.മണ്ണിന്റെ മക്കള്‍ പ്രശ്നത്തില്‍ മഹാരാഷട്രാ നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്‌ താക്കറയെ അറസ്റ്റ്‌ ചെയ്തതും,അതേ തുടര്‍ന്ന് അയാളുടെ അനുയായികള്‍ അഴിച്ചു വിട്ട അക്രമത്തെ കുറിച്ചും മറ്റുമുള്ള വാര്‍ത്തകളായിരുന്നു ആ പത്രം മുഴുവന്‍.അകത്തേ പേജില്‍ അയാള്‍ നടത്തിയ പ്രസ്താവനകളുമുണ്ടായിരുന്നു.പലതും ബീഹാറികള്‍ക്കെതിരായിരുന്നു.അവരുടെ ആചാരങ്ങളേയും,രീതികളേയും ഒക്കെ അപമാനിക്കുന്ന തരത്തിലൂള്ളത്‌.മാത്രമല്ല,എല്ലാത്തിന്റേയും തന്നെ അര്‍ത്ഥം ഒന്നു തന്നെയായിരുന്നു ബീഹാറികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാരെ മുംബൈയില്‍ നിന്നു ഓടിക്കുക.ഈ വാര്‍ത്തകളാണു രാഹുലിന്റെ മ്ലാനതയ്ക്കു പിന്നില്‍.

"ശവം,മുംബൈ എന്താ ഇവന്റെ തറവാട്ട്‌ സ്വത്തോ?" എന്റെ ആത്മഗതം കുറച്ചു ഉച്ചത്തിലായി.

"ക്യാ കഹാ?" ഞാന്‍ പറഞ്ഞതു കേട്ട്‌ അവന്‍ ചോദിച്ചു.

"കുച്ച്‌ നഹിം.തൂ ഫികര്‍ മത്ത്‌ കര്‍.Everything Will Be Alright"

എനിക്കറിയാമായിരുന്നു ഒന്നും നേരെയാകില്ലെന്നു.രാജ്‌ താക്കറെയും ,മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും.പ്രശ്സ്തിക്കും,മാദ്ധ്യമശ്രദ്ധയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തികള്‍,പ്രസ്താവനകള്‍.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി,നാടും വീടും വിട്ട്‌ വന്നു കൂലിപ്പണി എടുക്കുന്നവന്റെ നേര്‍ക്ക്‌ ഭാഷയുടേയും സംസ്കാരത്തിന്റേയും പേര്‌ പറഞ്ഞ്‌ അക്രമം അഴിച്ചു വിടുന്ന ഭീരുക്കള്‍.ഭാരതം ഒന്നാണെന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കേണ്ട നേതാവ്‌ തന്നെ ഇവിടെ ഐക്യത്തിന്റെ,അഖണ്ഡതയുടെ ആരാച്ചാരാക്കുന്നു.കഷ്ടം. !

പിന്നീട്‌ യാത്ര തീരുന്ന വരെ രാഹുല്‍ അധികം ഒന്നും മിണ്ടിയില്ല.മുംബൈ അടുക്കുന്തോറും അക്രമത്തിന്റെ കൂടുതല്‍ കൂടുതല്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.അതു രാഹുലിനെ അസ്വസ്ഥനാക്കുകയായിരുന്നു.പലരുടേയും സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ നഗരം അവനെ വെറും കൈയ്യോടെ തിരിച്ചയക്കുമോ എന്ന ഭയം അവന്റെ മുഖത്ത്‌ നിഴലിച്ചിരുന്നതു പോലെ എനിക്കു തോന്നി.പുതിയ പുതിയ വാര്‍ത്തകള്‍ എത്തുമ്പോഴെല്ലാം അവന്‍ ആരോടെന്നില്ലാതെ ചോദിക്കുന്നുണ്ടായിരുന്നു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഉത്തരം നല്‍കാന്‍ എനിക്കറിഞ്ഞു കൂടായിരുന്നു.സമയം മൂന്നു മണിയോടടുത്തു.താനെ സ്റ്റേഷന്‍ അടുക്കറായി.ഞാന്‍ അവിടെയാണിറങ്ങുന്നത്‌.ഞാന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവനാണു എന്റെ ലഗേജ്‌ വാതില്‍ വരെയെത്തിച്ചത്‌.

"I'll be here for one week.Call me for any help and do call me once you get a job.Next time see you in Kerala".

ഞാന്‍ എന്റെ ഫോണ്‍ നംബര്‍ അവനു നല്‍കികൊണ്ട്‌ പറഞ്ഞു.

അവന്‍ മറുപടി ഒരു ചെറുപ്പുഞ്ചിരിയിലൊതുക്കി.കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങി നടന്നു.മനസ്സിന്റെ ഒരു കോണില്‍ ഒരു വേദനയായി മാറിയിരുന്നു അപ്പോഴേക്കും രാഹുല്‍.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം....

രാഹുലിനെ ഞാന്‍ പതിയെ മറന്നു തുടങ്ങിയിരുന്നു.അവനു ഒരു ജോലി കിട്ടി കാണും എന്ന പ്രതീക്ഷയില്‍ ഞാന്‍ തല്‍ക്കാലത്തേയ്ക്ക്‌ അവനെ മറന്നു എന്നതായിരുന്നു സത്യം.ചേട്ടനും ചേട്ടത്തിയും കാലത്തെ തന്നെ ഓഫിസിലേയ്ക്ക്‌ പോയി.അവരുടെ രണ്ടരവയസ്സുകാരി ദിയക്കുട്ടി പ്ലേസ്കൂളിലേക്കും.ഞാന്‍ ടിവിയുടെ മുന്നില്‍ തന്നെ ചടഞ്ഞു കൂടി.ചാനലുകള്‍ മാറ്റുന്നതിനിടയിലാണു ശ്രദ്ധിച്ചത്‌,എല്ലാം ന്യൂസ്‌ ചാനലുകളിലും ഭയങ്കര ഒച്ചപ്പാടും ബഹളവും.എന്തൊക്കെയോ ഫ്ലാഷ്‌ ന്യൂസുകള്‍.വ്യ്ക്തതയില്ലാത്ത ദൃശ്യങ്ങള്‍.

"രാജ്‌ താക്കറെയെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി,ബെസ്റ്റ്‌ ബസ്‌ റാഞ്ചിയ ബീഹാറി യുവാവിനെ പോലീസ്‌ വെടി വച്ചു കൊന്നു എന്ന വാര്‍ത്തയായിരുന്നു ചാനലുകള്‍ ആഘോഷിച്ചു കൊണ്ടിരുന്നിരുന്നത്‌.

അവ്യക്തമായ ദൃശ്യങ്ങളിലൂടെ ഞാന്‍ ആ മുഖം കണ്ടു.ഇരുപതിനാലു മണിക്കൂര്‍ എന്റെയൊപ്പം യാത്ര ചെയ്തവന്‍,നിഷകളങ്കമായ ഒരു ചെറുപ്പുഞ്ചിരി എനിക്കു സമ്മാനിച്ചു എന്നെ യാത്രയാക്കിയവന്‍.ഈ സ്വപനനഗരത്തില്‍,തന്റെ സ്വപനങ്ങള്‍ ബാക്കി വച്ചു കൊണ്ട്‌ അവന്‍ യാത്രയായി എന്നെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്കു കുറച്ച്‌ സമയമെടുത്തു.

"ക്യൂ കോയി കുച്ച്‌ നഹിം കര്‍ത്താ,Why No One Is Responding Against This?"

ഇതവന്റെ ചോദ്യമായിരുന്നു.അവന്‍ തന്നെ ഈ ചോദ്യത്തിനു ഒരുത്തരമായി.തന്റെ സ്വപനങ്ങളെക്കുറിച്ചു പറഞ്ഞ കൂട്ടത്തില്‍ അവന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ഓര്‍ത്തു.

"Its Easy To Become An Unmentioned Part Of History.But Its Difficult To Create History & To Change The World..."

അതെ രാഹുല്‍,ഒരുപക്ഷേ,നിന്റെ ജീവന്‍ ഒരു മാറ്റത്തിനു കാരണമായേക്കാം.

P.S:ഇതില്‍ 'ഞാന്‍' ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.

Friday, October 3, 2008

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന/നടക്കുന്ന അക്രമങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു !

കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.ക്രിസ്ത്യാനികള്‍ക്കെതിരേ എന്നല്ല ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരേയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണു.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണു,അതില്‍ അഭിമാനിക്കുന്ന ഒരു വ്യക്തി കൂടിയാണു.ഒറീസ്സയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഒരു തെറ്റാണു,എത്രയും പെട്ടന്ന് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ തടയേണ്ടതുമാണു.പക്ഷേ ശിക്ഷ വിധിക്കാന്‍ വി.എച്ച്.പിയും ബജറംഗ് ദളും ആര്?ഇന്ത്യയില്‍ എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കിയ ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടുണ്ടോ?ഏതെങ്കിലും മത വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയോ,അക്രമിക്കുകയോ ചെയ്തിട്ടുണ്ടോ?അങ്ങനെ ചെയ്തിട്ടുള്ള ആരെങ്കിലും താന്‍ ക്രിസ്ത്യാനിയാണെന്നു അവകാശപ്പെടുന്നുണ്ടെങ്കില്‍,അയാള്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിയല്ല,ശിക്ഷിക്കപ്പെടേണ്ട ഒരു വ്യക്തിയാണു.പക്ഷേ,ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്നതു മുഴുവന്‍ പാവപ്പെട്ട ഗ്രാമീണരും,അന്ധകാരം നിറഞ്ഞവരുടെ ലോകത്തിലേയ്ക്ക് ഒരു ചെറുതിരിനാളമായി കടന്നു ചെന്ന മിഷനറികളുമാണു.13 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തില്‍ വച്ച് ‍ഇത്തരത്തില്‍ രക്തസാക്ഷിയാക്കപ്പെട്ട ഒരാളാണു എന്റെ മാതൃസഹോദരി.

ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം അഴിച്ചു വിടുന്നവരോട് ഒരു വാക്ക്.ക്രിസ്തു പറഞ്ഞിരിക്കുന്നത് അയല്‍ക്കാരെ സ്നേഹിക്കുവാനും,ശ്രത്രുകള്‍ക്ക് നന്മ ചെയ്യുവാനുമാണു.അതേ ക്രിസ്തു നാഥന്‍ തന്നെയാണു ദേവലായത്തില്‍ കച്ചവടം നടത്തിയവരെ ചമ്മട്ടി കൊണ്ടടിച്ചു നിര്‍ദ്ദയം പുറത്താക്കിയത്.

എന്റെ ഇന്ത്യ ഒരു മതനിരപേക്ഷ,മതേതര രാജ്യമാണു.ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ ഇന്ത്യന്‍ സഹോദരങ്ങള്‍ക്കും ഏതൊരു മതവിശ്വാസം പിന്തുടരുവാനും ജീവിക്കാനും എന്റെ ഭരണഘടന സ്വാതന്ത്ര്യം തരുന്നിടത്തോളം കാലം,എന്റെ ഒരു സഹോദരന്റെ മതത്തിന്റെ പേരില്‍ പീഠിപ്പിച്ചാല്‍ നോക്കി നില്‍ക്കാന്‍ ഈ ഭാരതമണ്ണില്‍ ജീവിക്കുന്നിടത്തോളം,ഒരു ക്രിസ്ത്യാനിയായിരിക്കുന്നിടത്തോളം,ഒരു മനുഷ്യനായിരിക്കുന്നിടത്തോളം എനിക്കു കഴിയില്ല !

Wednesday, September 10, 2008

പനോരമ:പ്രസ്ക്ത ഭാഗങ്ങള്‍

ഞാന്‍ അവതരിപ്പിക്കുന്ന പനോരമ എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡിന്റെ പ്രസ്ക്ത ഭാഗങ്ങള്‍.



ഇനിയും പ്രോഗ്രാം കാണാത്തവര്‍ എത്രയും പെട്ടന്ന് കണ്ടു തുടങ്ങണ്ടതാണു..(പ്ലീസ്,കാണണേ..) ഞായറാഴച്ചകളില്‍ രാവിലെ പത്തു മണിക്ക് !!! അന്നു കാണാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി തിങ്കളാഴച്ചകളില്‍ വൈകിട്ട് 3.30 നും ശനിയാഴച്ചകളില്‍ ഉച്ച കഴിഞ്ഞു 2.30 നും റിപ്പീറ്റുമുണ്ട്..

സ്നേഹപൂര്‍വ്വം

മൃദുല്‍ !

Tuesday, July 1, 2008

വീട് പറഞ്ഞ കഥ

"വീടുകള്‍ക്ക്‌ ജീവനുണ്ടോ?"

ഈ ചോദ്യം ആദ്യം എന്റെ മനസ്സിലേക്കെറിഞ്ഞു തന്നത്‌ ആ വീടായിരുന്നു.എന്റെ വീട്ടിലേയ്ക്‌ വരുന്ന വഴിയുടെ അരികില്‍ വലിയ മുറ്റവും,പറമ്പില്‍ ഒരുപാട്‌ കൂറ്റന്‍ മരങ്ങളുമൊക്കെയായി ഒരു വലിയ നായര്‍ തറവാട്‌.നായര്‍ തറവാടെന്നു പറഞ്ഞു കൂടാ.കാരണം അവിടെ താമസിച്ചിട്ടുള്ളത്‌ നായന്മാര്‍ മാത്രമായിരുന്നില്ല.പലരും വന്നു,താമസിച്ചു, പോയി..വീണ്ടും പുതിയ ആളുകള്‍.അങ്ങനെ എത്രയോ പേര്‍.ഞാന്‍ ആ വഴിയിലൂടെ പോയി തുടങ്ങിയ കാലം മുതല്‍ ആ വീടവിടെയുണ്ട്‌,പക്ഷേ അതിലും ഒരുപാട്‌ ഒരുപാട്‌ പഴക്കമുണ്ട്‌ ആ വീടിനു.

മുകളിലത്തെ ചോദ്യത്തെ കുറിച്ചു പറഞ്ഞില്ലല്ലോ."വീടുകള്‍ക്കു ജീവനുണ്ടോ?"

ചോദ്യം തന്ന ആ വീടു തന്നെയാണു അതിനുള്ള ഉത്തരവും തന്നത്‌.സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത്‌ എന്നും അതിന്റെ മുന്നിലൂടെയാണു നടപ്പ്‌.ഇടയ്ക്ക്‌ അവിടുത്തെ താമസക്കാരുടെ കണ്ണു വെട്ടിച്ച്‌ പറമ്പിലും കയറിയിട്ടുണ്ട്‌.ആ പറമ്പ്‌ നിറയെ മരങ്ങളായിരുന്നു.പ്ലാവും മാവും പേരയും,ചാമ്പയുമൊക്കെ...ഇതില്‍ പേരയും ചാമ്പയും ആയിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന ലക്ഷ്യം.ആ സമയത്തെപ്പോഴോ ആണു ഞാന്‍ ഈ ചോദ്യം എന്നോടു തന്നെ ചോദിച്ചത്‌.അങ്ങന്റെ ഒരു ചോദ്യം ഉണ്ടാവാന്‍ കാരണം,ഞാന്‍ കാണുമ്പോഴൊക്കെ ആ വീടിനു വേറെ വേറെ ഭാവങ്ങളായിരുന്നു.ചില ദിവസങ്ങളില്‍ അതിയായ സന്തോഷവുമായി നില്‍ക്കുന്ന ഒരാളെ പോലെ, മറ്റു ചിലപ്പോള്‍ കരഞ്ഞു കലങ്ങിയതു പോലെ, വേറെ ചിലപ്പോള്‍ ദേഷ്യം വന്നു ഇരുണ്ടതു പോലെ.അങ്ങനെ അങ്ങനെ. ഒരിക്കല്‍ ഞാനിതു അന്നു എന്റെ ഒപ്പം വന്നിരുന്ന അച്ചുവിനോടു പറഞ്ഞു, പക്ഷേ ഇതൊക്കെ നിന്റെ വെറും തോന്നലാ എന്നും പറഞ്ഞു അവള്‍ ഒരു ചാമ്പങ്ങയും പറിച്ചു അവിടെ നിന്നിറങ്ങി പോന്നു. പക്ഷേ എനിക്കുറപ്പായിരുന്നു,അതു തോന്നലല്ലാ,എന്തോ ഒരു പ്രത്യേകത ആ വീടിനുണ്ട്‌.

ഇന്നിപ്പോ വര്‍ഷങ്ങള്‍ ഒരുപാട്‌ കഴിഞ്ഞു. നാടാകെ മാറി. ഡിഗ്രിയായെപ്പോഴേക്കും ബൈക്കായി. ആ വീടിന്റെ മുന്നിലൂടെയുള്ള നടപ്പ്‌ തന്നെ കുറഞ്ഞു.ജോലി കൂടി ആയതോടെ ഒന്നോ രണ്ടൊ മാസത്തിലൊരിക്കലായി വീട്ടില്‍ പോക്ക്‌. പക്ഷേ ഇന്നലെ കുറേ നാള്‍ കൂടി ആ വീടിന്റെ മുന്നിലൂടെ നടന്നു. ഇന്നലെ നന്നേ വെളുപ്പിനാണു കവലയില്‍ വന്നിറങ്ങിയത്‌. ഓട്ടോയൊന്നും എത്തിയിട്ടില്ല. അപ്പോള്‍ പിന്നെ നടപ്പ്‌ തന്നെയായിരുന്നു ശരണം. ആ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ചുമ്മാ അങ്ങോട്ടെയൊക്കൊന്നു നോക്കി. മുറ്റമൊക്കെ കാടു കയറിയിരിക്കുന്നു. പറമിലെ വലിയ മരങ്ങളൊന്നും തന്നെ അവിടെയില്ല. ആള്‍താമസമില്ലെന്നു തോന്നുന്നു.ആകെ ഒരു നിസംഗ ഭാവം. എന്തോക്കെയോ പറയാനുള്ളതു പോലെ.അധിക നേരം അവിടെ നിന്നില്ല. പഴയൊതൊക്കെ ഓര്‍ത്തു പെട്ടന്ന് വീട്ടിലേയ്ക്ക്‌ നടന്നു.

"ആ തറവാട്ടു വീട്ടില്‍ ആരാ അമ്മേ താമസം".കഴിക്കുന്ന നേരത്താണു ചോദിച്ചത്‌.

"5-6 മാസമായി ആരുമില്ല. പുറം നാട്ടുകാര്‍ക്ക്‌ വിറ്റെന്നോ, അവരതു പൊളിക്കാന്‍ പോകുവാ എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. അതല്ലേലും ഒരു രാശിയില്ലാത്ത വീടാ". ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി

"രാശിയില്ലാത്ത വീടോ,അതെന്താ?"

"എന്താന്നു വച്ചാ,അവിടെ ആരും വാഴില്ല . അവിടെ താമസിച്ച ആള്‍ക്കാരൊന്നും സന്തോഷത്തോടെ അവിടെ നിന്നു പോയിട്ടില്ല. എത്ര ദുര്‍മരണങ്ങളാ അവിടെ നടന്നിരിക്കുന്നേ.നിന്റെ കൂടെ പഠിച്ച മിഥുന്‍ എന്ന പയ്യന്റെ അച്ചന്റെ കാര്യം നീ ഓര്‍ക്കുന്നില്ലേ,ആ വീടു വാങ്ങി ഒന്നര മാസത്തിനുള്ളില്‍ കഴിഞ്ഞല്ലേ അയാളു മരിച്ചത്‌.ശാപം കിട്ടിയ വീടാ.ആ വീടു പണിതത്ത്‌ പണ്ടത്തെ ഏതോ ഒരു ജന്മിയാ.അയാളൊരുപാട്‌ പേരെ കോന്നിട്ടുണ്ടെന്നൊക്കെയാ പറയുന്നേ.കുടിയാന്മാരേയും അവരുടെ കുടുംബത്തെയൊക്കെയായി.അതിന്റെയാ..." കഴിച്ചു തീരുന്നത്‌ വരെ അമ്മ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.പകുതിയും ഞാന്‍ കേട്ടില്ല.എന്റെ മനസ്സു മുഴുവന്‍ ആ വീടായിരുന്നു...

ഞാനൊന്നു പുറത്തു പോയി വരാം എന്നും പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.ലക്ഷ്യം ആ വീടായിരുന്നു.രാശിയില്ലാത്ത വീട്‌,ശാപം കിട്ടിയ വീട്‌,മണാങ്കട്ട..ഇന്നും ഇത്‌ വിശ്വസിക്കുന്ന ആളുകളുണ്ടല്ലോ എന്നോര്‍ത്തപ്പോ അതിശയം തോന്നി.ഇതൊക്കെ കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ കഴിഞ്ഞ ഞായറാഴച്ച പത്രത്തില്‍ വന്ന ഒരു കുറിപ്പാണു.സംവിധായകന്‍ പത്മരാജന്റെ തറവാടിനെക്കുറിച്ചുള്ളത്‌.ആ തറവാട്ടില്‍ ആണുങ്ങള്‍ വാഴിലാത്രേ.പത്മരാജന്‍ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ അവരുടെ നാല്‍പതുകളിലാണു മരിച്ചത്‌.അതവരുടെ വിധി.അതിനു ആ വീടെന്തു പിഴച്ചു..ഇതൊക്കെ ഓര്‍ത്തു നടന്നതു കൊണ്ട്‌ ആ വീടിന്റെ മുന്നിലെത്തിയത്‌ അറിഞ്ഞില്ല.

നീണ്ട പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ആ വീടിന്റെ മുറ്റത്ത്‌ കാലു കുത്തി.എവിടെ നിന്നോ ഒരു ചെറിയ കാറ്റ്‌ വീശിയതു പോലെ.കരിയിലകളൊക്കെ ഒന്നിളക്കി.ആ വീടു ഒന്നു ചിരിച്ചോ? തോന്നിയതാകും.ഞാന്‍ അകത്തേയ്ക്‌ നടന്നു.പോയ കാലത്തിന്റെ തിരുശേഷിപ്പു പോലെ ഒരു ഒരു കൂറ്റന്‍ കെട്ടിടം.ഞാന്‍ ഉമ്മറത്തേയ്ക്ക്‌ കയറി.അവസാനം പോയ വീട്ടുകാരുടെയാകണം കുറച്ചു പുസ്തകങ്ങളും കടലാസുകളും ഒരു മൂലയ്ക്‌ കിടക്കുന്നു.മറന്നതോ,ഉപേക്ഷിച്ചതോ...

"ആരാ അവിടെ?" പെട്ടന്നാണു ആ ചോദ്യം വന്നത്‌.ശരിക്കും ഞെട്ടി.തിരിഞ്ഞു നോക്കിയിട്ട്‌ ആരെയും കണ്ടില്ല.ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി..ആരുമില്ല..നേരത്തെ വീശിയ ആ കാറ്റു പോലും.തെല്ലൊരു പേറ്റി തോന്നി.തോന്നിയതാകാം എന്ന് സ്വയം ആശ്വസിച്ചു.പക്ഷേ ആ ആശ്വാസം അധികം നേരം ഉണ്ടായില്ല.വീണ്ടും ചോദ്യം വന്നു.ഇത്തവണം സ്വരം കുറച്ചു കൂടി കടുത്തതായിരുന്നു.

ആരാന്നാ ചോദിച്ചേ?"

"നിങ്ങളാരാ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"എന്റെ ദേഹത്ത്‌ കയറി നിന്നിട്ട്‌ ഞാന്‍ ആരാണെന്നൊ?"

ദേഹത്തോ,ഞാനോ..ഞാന്‍ താഴേയ്ക്ക്‌ നോക്കി.ഞാന്‍ ചവുട്ടിയിരിക്കുന്നത്‌ ആ വീടിന്റെ തറയിലാണു.അപ്പോള്‍ എന്നോടു സംസാരിക്കുന്നത്‌ ഈ വീടാണോ?

"നിങ്ങള്‍ ഈ വീടാണോ?"

"അതെ,പക്ഷേ കുഞ്ഞാരാ,മനസ്സിലായില്ലല്ലോ,എന്നെ വാങ്ങിയവരുടെ ആരെങ്കിലുമാണോ,അതോ പൊളിക്കുന്ന ആളോ?" ഇപ്പോള്‍ ശബ്ദത്തിലെ ദേഷ്യമൊക്കെ ഒന്നു കുറഞ്ഞു.

"ഞാന്‍ ഇവരാരുമല്ല,ഇവിടെ അടുത്തുള്ളതാ.ഇതിനു മുന്‍പ്‌ ഇവിടെ വന്നിട്ടുണ്ട്‌,തീരെ ചെറുതായിരുന്നപ്പോ.വീടു പൊളിക്കാന്‍ പോകുവാ എന്നു കേട്ടു,അപ്പോള്‍ ചുമ്മാ ഒന്നു വന്നതാ" തോന്നലാണോ,ശരിയാണോ എന്നോര്‍ക്കാതെ ഞാനും മറുപടി പറഞ്ഞു.

"ആഹാ,ഇവിടെ വന്നിട്ടുണ്ടല്ലേ.എനിക്ക്‌ അത്ര ഓര്‍മ്മ പോരാ,പ്രായം ഒരുപാടായേ.ഞാന്‍ ഓര്‍ത്തു പൊളിക്കുന്നവരാകുമെന്നു.ഇനി അധികം താമസമില്ല.ഇന്നോ നാളെയോ കൂടിപ്പോയാല്‍ മറ്റന്നാള്‍.അതു കഴിഞ്ഞാല്‍,ഞാനും മണ്ണോടു മണ്ണാകും.പിന്നെ..." മുഴുമിക്കാതെ വീടു പറഞ്ഞു നിര്‍ത്തി.

"നിങ്ങള്‍ക്കു ജീവനുണ്ടോ?" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ചോദ്യം.രണ്ടും കല്‍പിച്ചു ഞാനതങ്ങു ചോദിച്ചു.

"എന്തോരു ചോദ്യമാ കുഞ്ഞേ.ജീവനില്ലെങ്കില്‍ ഞാന്‍ സംസാരിക്കുമോ.എനിക്കു മാത്രമല്ല,എല്ലാ വീടുകള്‍ക്കും ജീവനുണ്ട്‌.ഞങ്ങള്‍ക്കുമുണ്ട്‌ വികാരങ്ങളും വിചാരങ്ങളുമൊക്കെ.ഞങ്ങളും കരയാറുണ്ട്‌,ചിരിക്കാറുണ്ട്‌,ദേഷ്യപ്പെടാറുണ്ട്‌..പക്ഷേ ആരും കാണാറില്ല എന്നു മാത്രം."

"ഞാന്‍ കണ്ടിട്ടുണ്ട്‌".ഞാന്‍ ഇടയ്ക്ക്‌ കയറി പറഞ്ഞു.

"ആഹാ,പലരും കാണാറില്ല.എല്ലാവര്‍ക്കും തന്നെ ഞങ്ങള്‍ വെറും കല്ലും മണ്ണും മരവുമാ"


"എപ്പോഴാ ഏറ്റവും വിഷമം തോന്നിയത്‌,പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോഴാണോ?" എനിക്ക്‌ ചോദിക്കാന്‍ കൂടുതല്‍ ധൈര്യം തോന്നി തുടങ്ങി.അതു കൊണ്ടു തന്നെയാകാണം മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളും വന്നു കൊണ്ടേയിരുന്നു.

"പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോ സങ്കടം ഒന്നും തോന്നിയില്ല.ശരിക്കും തോന്നിയത്‌ ഒരാശ്വാസമാ.അങ്ങനെയെങ്കിലും ഈ ജന്മം ഒന്നു തീരുമല്ലോ..അപമാനവും പരിഹാസവും വേദനകളും ഏകാതന്തയുമൊക്കെ.ഇതിനേക്കാളുമൊക്കെ വിഷമം തോന്നിയിട്ടുണ്ട്‌,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.ഈ വീട്ടില്‍ വളര്‍ന്ന് ഒരോ കുട്ടിയേയും ഞാന്‍ എന്റെ കുഞ്ഞായാ കരുതിയിരിക്കുന്നേ.എന്റെ സ്വന്തം.അതില്‍ തന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ച ഒരു മോളുണ്ടായിരുന്നു.ശ്രീക്കുട്ടി.മോന്‍ പറഞ്ഞില്ലേ,എന്റെ ദേഷ്യോം സങ്കടോമൊക്കെ കണ്ടിട്ടുണ്ടെന്നു.അതാദ്യം കണ്ടത്‌ അവളായിരുന്നു.എന്നോട്‌ എന്നും സംസാരിക്കും,വഴക്കിടും അങ്ങനെ അങ്ങനെ.പക്ഷേ ഒരിക്കല്‍..അവള്‍ക്കു മഴ വലിയ ഇഷ്ടമായിരുന്നു.മഴ പെയ്യുന്ന സമയത്ത്‌ എന്നും ഇവിടെ ഈ അരഭിത്തിയില്‍ വന്നിരിക്കും.അങ്ങനെ ഒരു ദിവസം,മഴ തുടങ്ങിയപ്പോള്‍ അകത്തു നിന്നു ഓടി വന്നതാ,തലേന്നു രാത്രി പെയ്ത മഴ കാരണം ഉമ്മറത്ത്‌ വെള്ളം കിടപ്പുണ്ടായിരുന്നു.അതില്‍ ചവിട്ടി അവള്‍ തെന്നി വീണു.ചെന്നു വീണത്‌ ഈ നടയില്‍..പിന്നെ അവള്‍ മിണ്ടിയില്ല..എന്നോട്‌ വഴക്കിട്ടില്ല.ഇവിടെ വച്ചു ഒരുപാട്‌ പേര്‍ മരിച്ചിട്ടുണ്ട്‌.അന്നൊക്കെ തോന്നിയതിലും വലിയ വേദന തോന്നിയത്‌ എന്റെ ശ്രീക്കുട്ടി പോയപ്പോഴാ..അതു ഞാന്‍ കാരണമാ എന്നു കൂടി എല്ലാവരും പറഞ്ഞപ്പോള്‍....ഇവിടെ വച്ചു മരിച്ചവര്‍,അതവരുടെ വിധിയായിരുന്നു.ഇവിടെ അല്ലായിരുന്നെങ്കിലും അവര്‍ ആ ദിവസം മരിക്കുമായിരുന്നു...അതിനു ഞാനെന്തു ചെയ്തു..എന്നിട്ടും ഞാന്‍ ശപിക്കപ്പെട്ടവനായി..രാശിയില്ലാത്തവനായി..."

പറഞ്ഞു കൊണ്ടിരുന്ന ശബ്ദം ഒക്കെ മാറി ഒരു തേങ്ങലായി.ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.വിഷയം മാറ്റനെന്നവണ്ണം ഞാന്‍ ചോദിച്ചു,എപ്പോഴാ ഏറ്റവും സന്തോഷം തോന്നിയത്‌...

കുറച്ചു നേരത്തേയ്ക്ക്‌ ഒന്നും പറഞ്ഞില്ല.ആലോചിക്കുന്നത്‌ പോലെ തോന്നി.

"സന്തോഷം..അതു തോന്നിയിരിക്കുന്നത്‌ വളരെ കുറവാ.പിന്നെയും ഒരല്‍പം സന്തോഷമുണ്ടായിരുന്നത്‌ എന്റെ പണി കഴിഞ്ഞ്‌ സമയത്താ.ആദ്യം താമസിച്ച കുടുംബം.അവരുടെ സന്തോഷങ്ങളൊക്കെ എന്റേയും സന്തോഷമായിരുന്നു.ഒരു പക്ഷേ,ശ്രീക്കുട്ടി കഴിഞ്ഞാല്‍ എനിക്ക്‌ ഏറ്റവും സന്തോഷം നല്‍കിയത്‌ അവരായിരുന്നു..."

"അതൊരു ജന്മിയല്ലായിരുന്നോ,ഒരുപാട്‌ പേരെ കൊന്ന.." ഞാന്‍ ഇടയ്ക്ക്‌ കയറി


"ആരാ ഇതൊക്കെ പറഞ്ഞേ..കഴിഞ്ഞ ദിവസം വന്നവരും പറയുന്നത്‌ കേട്ടു.എന്റെ ഭാഗ്യകേടിന്റെ കാരണം അയാളാണെന്നൊക്കെ.അയാള്‍ ജന്മിയൊന്നുമല്ലായിരുന്നു.ഒരു അദ്ധ്വാനിയായ കൃഷിക്കാരന്‍.അയാളും ഭാര്യയും ഒരു മകനും ഒരു മകളും.അവരായിരുന്നു ഇവിടെ താമസിച്ച ആദ്യ കുടുംബം.അതൊരു നൂറു നൂറ്റമ്പതു വര്‍ഷം മുന്‍പാ.പിന്നെ പിന്നെ എന്റെ ഭാഗ്യകേടിനൊരു കാരണം വേണ്ടേ,അതിനു ആരോ ചേര്‍ന്നുണ്ടാക്കിയ കഥായാണു ഈ ജന്മിയും അയാളുടെ ക്രൂരതയുമൊക്കെ..അവരുടെ മകളുടെ കല്യാണം ഇവിടെ വച്ചായിരുന്നു.മുറ്റത്ത്‌ പന്തലൊക്കെയിട്ട്‌,ഒരാഘോഷം.ആദ്യമായും അവസാനമായും ഇവിടെ നടന്ന ആഘോഷം..."

ഞങ്ങളിതു പറഞ്ഞു കൊണ്ടിരിക്കേ,ദൂരേ നിന്നു വണ്ടികളുടെ ശബ്ദം കേട്ടു.അത്‌ അടുത്ത്‌ അടുത്ത്‌ വന്നു...

"അവരെത്തി.എന്റെ ജീവിതം ഇന്നവസാനിക്കുന്നു..അല്ലാ,ഇന്നു ഈ ഏകാതന്തയും വേദനകളുമൊക്കെ തീരുന്നു.ഇനി നമ്മള്‍ കാണില്ല.മോന്‍ ഇനി വരുമ്പോഴേക്കും,ഞാന്‍ മണ്ണോടു മണ്ണായി കാണും.ഇവിടെ ചിലപ്പോള്‍ പുതിയൊരു വീട്‌ വന്നേക്കാം,എന്നെക്കാള്‍ ഭംഗിയും ഉറപ്പമുള്ള ഒന്നു...ഭാഗ്യവും..."

അവരൊക്കെ അടുത്തെത്തിയിരുന്നു.ഒരു ലോറിയും കുറേ പണിക്കാരുമൊക്കെ..എനിക്ക്‌ മറുപടി പറയാന്‍ ഒന്നും കിട്ടിയില്ല.വീടും സംസാരം നിര്‍ത്തിയ പോലെ..ഞാന്‍ പതിയെ ആ പടിക്കല്ലേയ്ക്ക്‌ നടന്നു..പുറകില്‍ നിന്നൊരു ചിരി കേട്ടോ..തോന്നല്ലാണോ..എന്റെ കണ്ണൊന്നു നിറഞ്ഞ പോലെ...അതു പക്ഷേ തോന്നലായിരുന്നില്ല....

Thursday, June 26, 2008

ദീപിക യൂസ് നെറ്റ് 2.0



ദീപിക പത്രത്തിന്റെ ഒപ്പം ബുധനാഴച്ചകളില്‍ പ്രസീദ്ധീകരിക്കുന്ന ടാബ്ലോയിഡ് ചോക്ലേറ്റിലെ യൂസ്നെറ്റ് 2.0 എന്ന കോളത്തില്‍ വന്ന എന്റെ കുറിപ്പ്...

Friday, May 16, 2008

എന്റെ കോളേജിലെ ഇടനാഴി....

ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
(മൊബൈല്‍ ക്യാമറയില്‍ എടുത്തതാണു,വ്യക്തത കുറവുണ്ട്,ക്ഷമിക്കുക)

Thursday, May 1, 2008

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്‍....

ചില വ്യക്തികള്‍,ചില കണ്ടുമുട്ടലുകള്‍,മനസ്സില്‍ ഒരു നുള്ളു നൊമ്പരം അവശേഷിപ്പിക്കാറുണ്ട്.പരിചിതനായ ഒരു വ്യക്തിയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍,അതെന്റെ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങലാണു സൃഷ്ടിച്ചതു.ആ നൊമ്പരം,അക്ഷരങ്ങളുടെ രൂപമെടുത്തപ്പോള്‍,ഇന്ദുലേഖാ.കോമിലെ സ്പൈസ് എന്ന ചാനലില്‍,പ്രസിദ്ധീകരിക്കപ്പെട്ടു.അതു നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു....

http://indulekha.com/spice/2008/04/mrudul-george-viswajyothi-college-of.html

നിങ്ങളുടെ സ്വന്തം

മൃദുല്‍

Wednesday, April 16, 2008

അതിരു കാക്കും മലയങ്ങു തുടുത്തേ....

ഒരുപാട് നാളുകള്‍ കൂടിയാണു ഇവിടെ ഒരു പോസ്റ്റ്.

എഴുതാനായി ഒന്നും മനസ്സില്‍ തോന്നിയില്ല എന്നതാണു സത്യം.ചില കാര്യങ്ങള്‍ വാക്കുകളിലേയ്ക്കു പകര്‍ത്താനും കഴിഞ്ഞില്ല.പിന്നെ സമയക്കുറവും ഒരു കാരണമായിരുന്നു.കോളേജിലെ തിരക്കുകള്‍,ചാനലിലെ പ്രോഗ്രാമിനു വേണ്ടിയുള്ള സ്ക്രിപ്റ്റ്,അങ്ങനെ അങ്ങനെ....

അങ്ങനെയിരിക്കുമ്പോഴാണു ഇന്നലെ യാദൃശ്ചികമായി ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയിലെ ഒരു പാട്ട് വീണ്ടും കേട്ടത്.ശരിക്കും അതൊരു പാട്ടല്ല,കവിതയാണു.ചിത്രം,സര്‍വ്വകലാശാല.കവിതയേതാണെന്നു എല്ലാവര്‍ക്കും മനസ്സിലായല്ലോ,അതു തന്നെ...ഇന്നലെ അതു കേട്ടു കൊണ്ടിരുന്നപ്പോള്‍ ചുമ്മാ അതു കുറിച്ചു വച്ചു.ഒരിക്കല്‍ ഇതിലെ വരികള്‍ തപ്പി ഒരുപാടു നടന്നതാണു.ആ ഒരു ഓര്‍മ്മയുള്ളതു കൊണ്ട്,ആ വരികള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി ഇവിടെ കുറിക്കുന്നു....

രചന:കാവലം നാരയണ പണിക്കര്‍

അതിരു കാക്കും മലയങ്ങു തുടുത്തേ തുടുത്തേ തകതകതാ

അങ്ങു കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില തറയിലെ

പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,

ചതിച്ചേ തകതകതാ

മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ(2)

കാറ്റിന്റെ ഉലച്ചില്ലില്‍ ഒരു വള്ളിക്കുരുക്കില്‍ ഉരലൊന്നു മുറുകി,തടിയൊന്നു ഞെരുങ്ങി

ജീവന്‍ ഞരങ്ങി,തക തക താ...

ഇതു ഞാന്‍ കേട്ടെഴുതിയതാണു,തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.ഇതിന്റെ വീഡിയോയും ഒപ്പം ചേര്‍ക്കുന്നു...

നിങ്ങളുടെ സ്വന്തം

മൃദുല്‍


Saturday, February 23, 2008

അങ്ങനെ ഞാനും ഒരു ആങ്കറായി.....

വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

അതു സംഭവിച്ചു..

അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...



അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...

നോട്ടുമാല അണിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മണി ഓര്‍ഡര്‍ അയച്ചാല്‍ മതിയേ....

Friday, February 8, 2008

ബൂലോഗത്തിലെ എന്റെ ഒരു വര്‍ഷം..അഥവാ എന്റെ ബ്ലോഗിനിന്നു ഒരു വയസ്സ്

ഇന്നേയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്വപ്നവും കണ്ടു കിടന്നിരുന്ന ഒരു പത്തൊമ്പതുകാരന്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു മോഹം,ഒരു ബ്ലോഗ്‌ തുടങ്ങാന്‍...തുറന്നു ബ്ലോഗര്‍.കോം,തുടങ്ങി ഒരു ബ്ലോഗ്‌...മഞ്ഞുത്തുള്ളികള്‍ !!!!

പ്രിയപ്പെട്ടവരേ,

സന്തോഷ ജന്മദിനം കുട്ടിയ്ക്കു....സന്തോഷ ജന്മദിനം കുട്ടിയ്ക്കു....

അതെ,ഞാന്‍ ബൂലോഗത്ത്‌ എത്തിയിട്ടിന്നു ഒരു വര്‍ഷം തികയുന്നു.2007 ഫെബ്രുവരി എട്ടാം തീയതി ഇട്ട മഞ്ഞുത്തുള്ളികള്‍ എന്ന പോസ്റ്റായിരുന്നു ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു ഒരുപാടൊക്കെ സംഭവിച്ചു.എന്തിനു വേണ്ടിയാണു ബ്ലോഗ്‌ തുടങ്ങുന്നതു എന്നു പോലും അറിയാതിരുന്ന എന്റെ ബ്ലോഗില്‍ ദൈവം സഹായിച്ച്‌ എല്ലാ മാസവും പുതിയതെങ്കിലും കുറിക്കാന്‍ കഴിഞ്ഞു,+2 വരെ ഉപന്യാസം അല്ലാതെ ഒന്നും തന്നെ എഴുതിയിട്ടില്ലാത്ത ഞാന്‍,ഒരുപാട്‌ കഥകള്‍ എഴുതി.എല്ലാത്തിനെയും തന്നെ നിങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഒരു അലങ്കാരം പോലെ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്റര്‍വ്യൂ...എല്ലാം കൊണ്ടും ബൂലോഗത്തിലെ എന്റെ ആദ്യ വര്‍ഷം സുന്ദരമായിരുന്നു.

മുകളില്‍ പറഞ്ഞതു പോലെ,വ്യക്തമായ ഒരു രൂപവും ഇല്ലാതെയാണു ഞാന്‍ ഈ ബ്ലോഗ്‌ ആരംഭിച്ചത്‌.ബൂലോഗത്തെ പലരുടേയും തുടക്കം പോലെ ഓര്‍ക്കൂട്ടിലെ തനിമലയാളക്കൂട്ടത്തില്‍ നിന്നു തന്നെയായിരുന്നു എന്റേയും തുടക്കം.ഞാനേറേ സ്നേഹിക്കുന്ന എന്റെ ഒരു പ്രിയപ്പെട്ട ചേച്ചിയാണു എന്നെ ബൂലോഗത്തിലേയ്ക്ക്‌ കൊണ്ടു വന്നതു.ഇന്നും ഒരു താങ്ങായി തണലായി ചേച്ചി എന്റെ കൂടെയുണ്ട്‌.ഈ ഒരു വര്‍ഷം എനിക്കു തന്നതു വത്യസ്തമായ ഒരുപാട്‌ അനുഭവങ്ങളായിരുന്നു,..ഒരുപാട്‌ പ്രതിഭാധനരായ സുഹൃത്തുകള്‍,വായനയുടേയും എഴുത്തിന്റേയും പുതിയ തലങ്ങള്‍ എന്നിങ്ങനെ..ഒരല്‍പം അഹങ്കാരത്തോടെ തന്നെ പറയട്ടെ,മൃദുല്‍ എഴുതുന്ന ആളാണെന്നു പലരും അറിഞ്ഞതും പറഞ്ഞതും ഈ ബ്ലോഗിലൂടെയാണു.അതു പോലെ തന്നെ ബ്ലോഗിലെ പല രചനകളും പല പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു പ്രസിദ്ധീകരിക്കുകയുണ്ടായി....

ഒരുപാട്‌ പേരോട്‌ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്‌...എല്ലാവര്‍ക്കും,എല്ലാത്തിനും മുന്‍പേ,എല്ലാ മാസവും വത്യസ്തമായ ആശയങ്ങള്‍ എന്റെ മനസ്സിലെത്തിക്കുന്ന എന്റെ ദൈവത്തിനു..താങ്ങായി തണലായി കൂടെയുള്ള അമ്മയ്ക്കു...എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ചേട്ടനു,പിന്മൊഴികള്‍ രേഖപ്പെടുത്തിയവരോട്‌,ഇനിയും നേരിട്ട്‌ കാണാത്ത ചേച്ചിക്കൊച്ചിനു..എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ സുഹൃത്തുകള്‍ക്കും..എല്ലാവര്‍ക്കും..ഒരായിരം നന്ദി...

ഒന്നും ഇവിടെ അവസാനിക്കുന്നില്ല..ദൈവം സഹായിച്ചാല്‍ ഇനിയും ഞാന്‍ വരും...മഞ്ഞുത്തുള്ളികളുമായി.വിരഹത്തിന്റെ നോവുള്ള,പ്രണയത്തിന്റെ ആര്‍ദ്രതയുള്ള,സൗഹൃദത്തിന്റെ സന്തോഷമുള്ള,നനുത്ത മഞ്ഞുത്തുള്ളികളുമായി..കവി പാടിയതു പോലെ,

“മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും,
അനക്കമറ്റു നിദ്രയില്‍
ലയിപ്പതിനു മുന്‍പിലായി,
എനിക്കതീവ ദൂരമുണ്ട്‌,
അവിശ്രമം നടക്കുവാന്‍.....“

ഒരിക്കല്‍ കൂടി...ഒരുപാടു നന്ദി...

നിങ്ങളുടെ സ്വന്തം

മൃദുല്‍

കഴിഞ്ഞ പോസ്റ്റില്‍ ഒരു യാത്രയെ കുറിച്ചു പറഞ്ഞിരുന്നു...ആ യാത്ര നന്നായിരുന്നു...എല്ലാ അര്‍ത്ഥത്തിലും...അതിന്റെ ഫലമായി,ഈ ഞായറാഴച്ച മുതല്‍ കൈരളി വീ ചാനലില്‍ ഞാന്‍ അവതാരകനാകുന്ന പ്രോഗ്രാം ആരംഭിക്കുന്നു..ഉച്ചയ്ക്കു ഒന്നരയ്ക്കു...പരിപാടിയുടെ പേരു പനോരമ.കഴിയുന്നവര്‍ കാണുക..അഭിപ്രായങ്ങള്‍ അറിയിക്കുക :)

Wednesday, January 23, 2008

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര....

പ്രിയപ്പെട്ടവരേ...

ഞാനൊരു യാത്ര പോകുന്നു.

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര...

ഇതാദ്യമല്ല,പലകുറി പോയതാണു,പല തവണ പോകാന്‍ ഒരുങ്ങിയതാണു.

പോയപ്പോഴൊന്നും എന്റെ സ്വപനത്തെ കണ്ടുമുട്ടിയില്ല,

ചിലപ്പോഴൊക്കെ പോകാനേ പറ്റിയില്ല..

പക്ഷേ,ഇക്കുറി മനസ്സു പറയുന്നു,ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്കെത്തുമെന്നു...

ഭൂലോകത്തെ പലരും പോയതു പോലെ ഇതൊരു നീണ്ട യാത്രയല്ല,

ഇതൊരു കൊച്ചു യാത്ര...കണ്ണെത്തുന്ന ദൂരത്തേയ്ക്കുള്ള യാത്ര.

തിരിച്ചു ഞാന്‍ വരും..

സ്വപനങ്ങളിലേയ്ക്ക് ഞാനെത്തിയോ എന്നു നിങ്ങളെ അറിയിക്കാന്‍...

വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍...

എല്ലാവരുടേയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും പ്രതീക്ഷിച്ചു കൊണ്ട്..

നിങ്ങളുടെ സ്വന്തം

മൃദുല്‍ ...

Wednesday, January 16, 2008

എന്‍ മാതാവിന്‍ വിലാപങ്ങള്‍...

എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍
ദേഹത്തു പതിച്ച നേരം
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍
മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടു

അനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേ
ആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാ
നിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍
ദുഖമാണിന്നെന്‍ നെഞ്ചകം നിറയെ
ഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെ
എന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നു
എന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേ

നികൃഷ്ടമാം ജന്മങ്ങളെന്‍ പുത്രിമാരേ
കൊല്ലാതെ കൊല്ലുന്നു ദിനം തോറുമേ
ഇവര്‍ക്കുമില്ലേ പ്രിയരേ ഒരു ജീവിതം
തട്ടി തകര്‍ക്കല്ലതെന്‍ പ്രിയ മക്കളേ

സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ

എന്തു ഞാന്‍ പറയണമെന്നമ്മയോട്‌
അറിയില്ലെനിക്കേതു വാക്കിനാല്‍ ക്ഷമ ചോദിക്കണമെന്നു
എങ്കിലും ക്ഷമിച്ചീടണേ മാതേ
അഭിശപ്താമീ ജന്മങ്ങളോട്‌ !

Monday, December 24, 2007

നക്ഷത്രങ്ങള്‍ കഥ പറയുമ്പോള്‍...

നാളത്തെ പ്രസന്റേഷനു വേണ്ട അവസാനത്തെ സ്ളൈഡും കഴിഞ്ഞു.മണി ഒന്നര.ഞാന്‍ സിസ്റ്റം ഷട്ട്‌ ഡൌണ്‍ ചെയ്ത്‌ എഴുന്നേറ്റു,ജനാലയിലൂടെ അരികിലേയ്ക്ക്‌ നീങ്ങി.നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌ പുറത്ത്‌.പതിവില്ലാത്തവണ്ണം നല്ല നിലാവും.ക്രിസ്മസ്സിന്റെ വരവറിയിച്ചു കൊണ്ട്‌ പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങള്‍..ഞാനും തൂക്കിയിട്ടുണ്ട്‌ ഒരു നക്ഷത്രം..ഒരു കൊച്ചു വെള്ള നക്ഷത്രം.പണ്ടൊക്കെ നാലഞ്ചു നക്ഷത്രങ്ങള്‍ ഇടാനും,അതു മാറി മാറി മിന്നിക്കാനുമൊക്കെ എന്തു കൊതിയായിരുന്നു.പക്ഷേ അതിനുള്ള പണം ചോദിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ മടിക്കും.ഇന്നിപ്പോ ആരോടും ചോദിക്കാതെ തന്നെ പണം ചെലവാക്കാം എന്നായപ്പോഴെക്കും അതിലുള്ള താത്പര്യം ഒക്കെ കുറഞ്ഞു...

പുറത്തെ നിലാവ്‌ വല്ലാതെ കൊതിപ്പിക്കുന്നു.ഇന്നത്തെ ഉറക്കം ടെറസില്‍ ആക്കാം.ബെഡ് ഷീറ്റും തലയിണയും എടുത്തു ഞാന്‍ ടെറസിലേയ്ക്കു കയറി.ഷീറ്റു വിരിച്ചു ഞാന്‍ അവിടെ കിടന്നു.ധനു മാസത്തിന്റെ തണുപ്പരിച്ചു കയറുന്നു.പക്ഷേ അടച്ചിട്ട മുറിയിലെ എ.സിയുടെ തണുപ്പിനേക്കാളും സുഖമുണ്ട് ഇതിനു.ടെറസിലെ രാത്രികള്‍ സ്ഥിരമായിരുന്നു,ഒരു 2-3 വര്‍ഷം മുന്‍പ് വരെ.അതു ഈ ടെറസിലായിരുന്നില്ല.ഹോസ്റ്റലില്‍.സുഹൃത്തുകളുടെയൊപ്പം അറിവുള്ളതും ഇല്ലാതതുമായ എല്ലാ വിഷയങ്ങളേയും പറ്റി ആധികാരികമായി സംസാരിച്ച്,വാര്‍ഡന്റെ കണ്ണു വെട്ടിച്ച് മുറിയ്ക്കുള്ളില്‍ ഹീറ്റര്‍ കുത്തി ഉണ്ടാക്കിയ കട്ടനുമടിച്ച്..അതൊരു കാലം..

നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്.ഉള്ളതാകട്ടെ,ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു.കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും കണ്ണടയ്ക്കാന്‍ തോന്നുന്നില്ല.ഞാന്‍ ആകാശത്തേയ്ക്കു നോക്കി,എന്തൊക്കെയോ ആലോച്ചിച്ചു കിടന്നു.അവിടെയുള്ള നക്ഷത്രങ്ങള്‍ എണ്ണം പതിയെ പതിയെ കുറഞ്ഞു വരുന്നതു പോലെ തോന്നുന്നു.. തോന്നല്ലല്ല,ശരിക്കുമതു സംഭവിക്കുകയായിരുന്നു.എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി..പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം...എന്തോ ഒരു കൌതുകം തോന്നി ഞാനതിനെ തന്നെ നോക്കി കിടന്നു...ആ നോട്ടത്തിനിടയ്ക്കെപ്പോഴോ ഞാന്‍ മയങ്ങി....

“മൃദുല്‍..”.ആരോ വിളിക്കുന്നതു കേട്ടിട്ടാണു എഴുന്നേറ്റതു.

ചുറ്റും നോക്കിയിട്ടു ആരേയും കാണുന്നുമില്ല.വാച്ചില്‍ നോക്കിയപ്പോള്‍ മണി രണ്ടരയാകുന്നതേയുള്ളു.ഇനി ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.ഞാന്‍ വെറുതെ അവിടെ കിടന്നു.ആകാശത്തിപ്പോഴും ആ നക്ഷത്രം മാത്രം.അതിന്റെ പ്രകാശം വീണ്ടും കുറഞ്ഞതു പോലെ..

“മൃദുല്‍,നിന്നെ വിളിച്ചതു ഞാനാണു..”.മനസ്സില്‍ ചെറിയ പേടി തോന്നാതിരുന്നില്ല.ധൈര്യം വിടാതെ ഞാന്‍ അവിടെ കിടന്നു തന്നെ തിരിച്ചു ചോദിച്ചു..”ഞാനെന്നു വച്ചാല്‍..”

“ഞാനന്നു വച്ചാല്‍ ഞാന്‍ തന്നെ.ഇത്രയും നേരം എന്നെ കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ലേ.ആകാശത്തേയ്ക്കു നോക്കിയേ..”

ഞാന്‍ ആകാശത്തേയ്ക്ക് നോക്കി.ഇപ്പോഴും ആ നക്ഷത്രം മാത്രം..പക്ഷേ ഇത്തവണ ,അതൊന്നു മിന്നി.ഈ നക്ഷത്രമാണോ എന്നെ വിളിച്ചതു..ഏയ്,ഞാന്‍ എന്റെ കൈത്തണ്ടയില്‍ പതിയെ ഒന്നു നുള്ളി.നല്ല വേദന,അപ്പോളിതു സ്വപനമല്ല.പക്ഷേ,നക്ഷത്രങ്ങള്‍ സംസാരിക്കുമോ...ഇതു വരെ ഒരാളും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.അല്ല പിന്നെ,ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാ ഇനി പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതു...കണ്ണു മുറുക്കിയടച്ചു ഞാന്‍ അവിടെ കിടന്നു.അല്ല,ഇരുപത്തിനാലു മണിക്കുറും പ്രോഗ്രാമിംഗ് ചെയ്തോണ്ടിരുന്നാല്‍ ഇതല്ല,ഇതിന്റെ അപ്പുറവും തോന്നും...

പക്ഷേ വീണ്ടും എന്റെ പേരാരോ വിളിച്ചു..ഒന്നല്ല,ഒരുപാട് തവണ..

“മൃദുല്‍,ഇതു ഞാനാണു,നീ ഇത്രയും നേരം നോക്കി കിടന്ന നക്ഷത്രം.”

അപ്പോളതു തന്നെ സംഭവം.നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നു സ്വര്‍ഗത്തില്‍ എത്തിയവരാണെന്നാണല്ലോ വയ്പ്.ഞാന്‍ രണ്ടും കല്പിച്ചു ചോദിച്ചു.

“നീയാരാ?”

“ഞാന്‍..ഞാന്‍ നിന്റെ നക്ഷത്രം.”..

“എന്റെ നക്ഷത്രമോ,അതിനു ഞാന്‍ മരിച്ചോ...?മരിച്ചവരല്ലേ,നക്ഷത്രമായി വരുന്നതു..” ഞാന്‍ ചോദിച്ചു.

ഉത്തരം ഒരു ചിരിയായിരുന്നു.ചോദിച്ചതു അബദ്ധമായോ എന്ന മട്ടില്‍ ഞാന്‍ ആ നക്ഷത്രത്തെ നോക്കി..ചിരിയുടെ അവസാനം നക്ഷത്രം പറഞ്ഞു.

“ആരാ മൃദുലേ,നിന്നോടീ മണ്ടത്തരമൊക്കെ പറഞ്ഞതു.ഞങ്ങള്‍ നക്ഷത്രങ്ങള്‍ മരിച്ചവരുടെ പുനര്‍ജന്മം അല്ല,ജീവിച്ചിരിക്കുന്നവരുടെ സന്തോഷമാണു.”

“ജീവിച്ചിരിക്കുന്നവരുടെ സന്തോഷമോ?”എനിക്കൊന്നും മനസ്സില്ലായില്ല...നക്ഷത്രം തുടര്‍ന്നു..

“അതെ,ജീവിച്ചിരിക്കുന്നവരുടെ സന്തോഷം.ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഒരോ നക്ഷത്രമുണ്ട്.ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും..”

“ആഹാ,ഇതു കൊള്ളാല്ലോ.”ഞാന്‍ മനസ്സില്‍ പറഞ്ഞു.

“അപ്പോള്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്ന നക്ഷത്രങ്ങളോ..അവരൊക്കെ എവിടെ.?” ഞാന്‍ ചോദിച്ചു.

“അതോ,അവരൊക്കെ അവരുടെ ഭൂമിയിലെ ഉടമസ്ഥരുടെ സന്തോഷക്കുറവു കൊണ്ടു ഇരുണ്ടു ഇരുണ്ടു ഇല്ലാതായി.എന്നു വച്ച് ആ ആളുകള്‍ക്കു ഇനി സന്തോഷമേ ഉണ്ടാകില്ല എന്നല്ല കേട്ടോ..പോയതിനു പകരമായി,പുതിയ കുട്ടി നക്ഷത്രങ്ങള്‍ ആ ആളുകള്‍ക്കു വേണ്ടിയുണ്ടാകും.”

“നീ എന്റെ നക്ഷത്രമല്ലേ,പിന്നെന്താ ഇങ്ങനെ മങ്ങിയിരിക്കുന്നേ?” ഞാന്‍ ചോദിച്ചു.

“അതിനുള്ള ഉത്തരം എനിക്കു തരേണ്ടതു മൃദുലാണു.ഞാന്‍ പറഞ്ഞില്ലേ,നിന്റെ സന്തോഷമാണു എന്റെ പ്രകാശം.സത്യം പറ,നിനക്കു സന്തോഷമുണ്ടോ?”

എന്തു മറുപടി പറയും.ഞാനും കുറച്ചു ദിവസമായി ഇതെന്നോടു തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ട്.

“എനിക്കു സങ്കടമില്ല.” ഞാന്‍ മറുപടി പറഞ്ഞു.

“അതല്ലല്ലോ ഞാന്‍ ചോദിച്ചതിന്റെ ഉത്തരം..നിന്റെ സന്തോഷക്കുറവു കാരണം,എന്റെ ആയുസ്സു തീരാന്‍ പോകുന്നു.പക്ഷേ,എനിക്കീ ഭൂമി വിട്ട്,ഇതിന്റെ നന്മകള്‍ വിട്ട്,ഈ കാഴ്ച്ചകള്‍ വിട്ട്,ജനിച്ചപ്പോള്‍ മുതല്‍ എന്റെ കൂടെയുള്ള നിന്നെ വിട്ട് ഇരുട്ടിലേയ്ക്ക് പോകാന്‍ വയ്യാ.”

“പക്ഷേ ഞാനെന്തു ചെയ്യും.ഞാന്‍ പറഞ്ഞല്ലോ,എനിക്കു സന്തോഷക്കുറവില്ല..എന്നിട്ടും നിന്റെ പ്രകാശം കുറയുന്നതിനു ഞാന്‍ എന്തു ചെയ്യാനാ.?” ഞാന്‍ ചോദിച്ചു.

“എനിക്കറിയാം,ഞാന്‍ ഇരുളാന്‍ കാരണം നിന്റെ സന്തോഷകുറവാകില്ല.പക്ഷേ ഞങ്ങളുടെ പ്രകാശത്തെ നിയന്ത്രിക്കുന്ന മറ്റൊന്നു കൂടിയുണ്ട്.ഞങ്ങളുടെ ഉടമസ്ഥര്‍ക്കു മറ്റുള്ളവരോടുള്ള വെറുപ്പ്,ദേഷ്യം.ഇതെല്ലാം കൂടുമ്പോള്‍ അവരറിയാതെ തന്നെ അവരുടെ സന്തോഷം കുറയും.അതവര്‍ക്കു മനസ്സിലാകില്ല എങ്കിലും ഞങ്ങള്‍ക്കറിയാം,കാരണം ഞങ്ങളില്‍ ഒരുപാട് പേര്‍ക്കു ഭുമി വിടേണ്ടി വന്നതിന്റെ കാരണമതാണു.പറയൂ മൃദുല്‍,നിനക്കാരോടെങ്കിലും വെറുപ്പുണ്ടോ,ആരോടെങ്കിലും അടക്കാനാവത്ത ദേഷ്യമുണ്ടോ..?”

ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു.

“ഉണ്ടാകാം..അല്ല ഉണ്ട്.പക്ഷേ അതിനെന്താ ഇവിടെ കാര്യം. പലരുടെ പ്രവൃത്തികള്‍ കൊണ്ടും,സംസാരം കൊണ്ടും എനിക്കു വെറുപ്പും ദേഷ്യവുമൊക്കെ തോന്നീട്ടുണ്ട്.ഇപ്പോഴും തോന്നുന്നുണ്ട്..അതു കൊണ്ടു എന്റെ സന്തോഷം കുറഞ്ഞതായി എനിക്കു തോന്നീട്ടില്ല.അല്ല,ഇപ്പോ കുറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു കുഴപ്പമില്ല.”

“നിനക്കു കുഴപ്പമില്ലായിരിക്കും..പക്ഷേ ഞാന്‍,എന്റെ കാര്യം.ചെയ്യാത്ത തെറ്റിനു,ഞാനേറെ സ്നേഹിക്കുന്ന ഈ ഭൂമി വിട്ട്,എന്റെയീ ആകാശം വിട്ട്,ഈ കൂട്ടുകാരെ വിട്ട് ഞാന്‍ പോകണോ..നീ ഒന്നു വിചാരിച്ചല്‍,അവരോടെക്കെ മനസ്സു കൊണ്ടു നീയൊന്നു ക്ഷമിച്ചാല്‍,ഒന്നു സ്നേഹിച്ചാല്‍...”

“കൊള്ളാം,ഞാന്‍ അങ്ങനെയിങ്ങനെയൊന്നു ആരെയും വെറുക്കാറുമില്ല,ആരോടും ദേഷ്യപ്പെടാറുമില്ല.അന്നിട്ടും എനിക്കങ്ങനെയൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണവുമുണ്ട്.അവരോടൊക്കെ ക്ഷമിക്കാനും അവരെയൊക്കെ സ്നേഹിക്കാനും എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്.വേറെ എന്തെങ്കിലും ചെയ്യണമെങ്കില്‍ പറ,ഞാന്‍ ചെയ്തു തരാം..“ ഞാന്‍ പറഞ്ഞു.

“മൃദുല്‍,എനിക്കു വേറൊന്നും വേണ്ട,വേറൊന്നു കൊണ്ടും കാര്യമില്ല.ഇനി എന്നില്‍ അവശേഷിക്കുന്നതു വളരെ കുറച്ചു നിമിഷങ്ങളിലേയ്ക്കു കൂടിയുള്ള പ്രകാശം മാത്രമാണു.നീ വിചാരിച്ചാല്‍..ഞാന്‍ പോയാല്‍ നിനക്കു വേണ്ടി നാളെ മറ്റൊരു നക്ഷത്രം ജനിക്കും..അല്പായുസ്സായി അതും അവസാനിക്കും..പക്ഷേ,നീ ഇപ്പോഴൊന്നു ക്ഷമിക്കാന്‍ തയ്യാറയ്യാല്‍,സ്നേഹിക്കാന്‍ തുടങ്ങിയാല്‍,നീ ഉള്ളിടത്തോളം കാലം ഞാനുമുണ്ടാകും.നോക്കു,നാളത്തെ രാവു പുലരുന്നതു ക്രിസ്തുമസിലേയ്ക്കാണു.ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും പഠിപ്പിച്ച ക്രിസ്തു ജനിച്ച നാള്‍.തന്നെ ദ്രോഹിച്ചവര്‍ക്കു വേണ്ടി പോലും പ്രാര്‍ത്ഥിച്ച ക്രിസ്തുവിനു വേണ്ടിയെങ്കിലും നിനക്കതു ചെയ്തു കൂടേ??”.ഇതു പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും എന്റെ നക്ഷത്രം ഒരു കുഞ്ഞു പൊട്ട് പോലെ ആയിക്കഴിഞ്ഞിരുന്നു.

വേണമെന്നു വച്ചാല്‍ കൂടി അവരോടൊക്കെ ക്ഷമിക്കാന്‍,അവരെയൊക്കെ സ്നേഹിക്കുവാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.എങ്കിലും ആ നക്ഷത്രത്തിന്റെ ആശ്വാസത്തിനായി അതു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

“എനിക്കതിനു കഴിയുമോ എന്നെനിക്കറിയില്ല..പക്ഷേ നിനക്കു വേണ്ടി ഞാന്‍ അവരോടൊക്കെ ക്ഷമിക്കാം.അവരെയൊക്കെ സ്നേഹിക്കാം.അല്ല,കഷ്മിക്കനും സ്നേഹിക്കാനും ശ്രമിക്കാം. പക്ഷേ എന്നിട്ടും നിനക്കു ജീവിക്കാനായിലെങ്കില്‍ എന്നോടു ക്ഷമിക്കണം.” ഞാന്‍ പറഞ്ഞു.

ആ മുഖങ്ങള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നു വന്നു.പലരും പലതും ഓര്‍മ്മിപ്പിക്കുന്നു..ചിലരുടെ മുഖങ്ങള്‍ ,മറന്നിരുന്ന പല സംഭവങ്ങളും മനസ്സിലേയ്ക്ക് കൊണ്ടു വരുന്നു.വല്ലാതെ വേദനിപ്പിക്കുന്നു..കവിളിലൂടെ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി.ദൈവമേ ഇവരൊയൊക്കെ ഞാന്‍ സ്നേഹിക്കുന്നു..ഇവരോടൊക്കെ ഞാന്‍ ക്ഷമിക്കുന്നു...എത്ര നേരം കഴിഞ്ഞാണു കണ്ണുകള്‍ തുറന്നതെന്നറിയില്ല.നിറകണ്ണുകളോടെ ഞാന്‍ ആകാശത്തേയ്ക്ക് നോക്കി...

ആകാശത്തെങ്ങു നിന്നും ഒരായിരം കൊച്ചു കൊച്ചു നക്ഷത്രങ്ങള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് വന്നു ചേരുന്നതു ഞാന്‍ കണ്ടു...എന്റെ നക്ഷത്രം പ്രകാശിക്കാന്‍ തുടങ്ങി...വീണ്ടും വീണ്ടും വെളിച്ചത്തിന്റെ ഒരുപാട് ചാലുകള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു......ആകാശത്തില്‍ മുഴുവന്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി സൃഷ്ടിച്ചു എന്റെ നക്ഷത്രം,എന്റെ സന്തോഷം,അതു അവിടെ ജ്വലിച്ചു നിന്നു...എന്നെ നോക്കി കണ്ണുകള്‍ ചിമ്മി കൊണ്ട്...

Wednesday, November 7, 2007

നിങ്ങളുടെ സ്വന്തം.....

"..പലപ്പോഴും ഇതു പോലെയുള്ള കത്തുകള്‍,സ്റ്റുഡിയോയുടെ ഫ്ലോറിലാണെന്നു ഓര്‍മ്മിപ്പിക്കാതെ എന്റെ കണ്ണുകള്‍ നിറക്കാറുണ്ട്‌.ഇപ്പോഴും അതു തന്നെ സംഭവിക്കുന്നു.ജറമിയയ്ക്ക്‌ ആയുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്‌,അസുഖം മാറിയ വിവരം അറിയിച്ചു കൊണ്ടുള്ള ജറമിയയുടെ കത്ത്‌ എത്രയും പെട്ടന്നു വരുമെന്നുള്ള പ്രതീക്ഷയോടെ,പ്രാര്‍ത്ഥനയോടെ,ഇന്നു വിട പറഞ്ഞു പിരിയുന്നു,നിങ്ങളുടെ സ്വന്തം സന്തോഷ്‌ പാലി..."

വാതിലിന്റെ മുന്നില്‍ നിന്നു കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍,അകത്തു ടി.വിയില്‍ നിന്ന് കേട്ടു കൊണ്ടിരുന്നതു ഈ സംഭാഷണമാണ്‌.കിരണ്‍ വന്നു വാതില്‍ തുറന്നു.അകത്തേയ്ക്കു കയറുമ്പോഴും മനസ്സില്‍ മുഴുവന്‍ ടി.വിയില്‍ നിന്നു കേട്ട ആ വാചകങ്ങളായിരുന്നു.ജറെമിയ,മനസ്സിന്റെ എതോ കോണില്‍ ആരോ ആ പേരു വിളിക്കുന്നു..ഓര്‍മ്മയിലെവിടെയോ അതു കേട്ടു മറന്നതു പോലെ..പക്ഷേ,ആര്‌,എവിടെ,എപ്പോള്‍,ഒരോര്‍മ്മയും കിട്ടുന്നില്ല.അതും ആലോചിച്ചു ഞാനവിടെ തന്നെ നിന്നു.

"എന്താ വന്ന പാടെ ഒരാലോചന?".ചായയും കൊണ്ട്‌ കിരണാണു.

"അല്ല,എന്താ നിന്റെ പാലി ഇന്നു പറഞ്ഞു കൊണ്ടിരുന്നെ,ഞാന്‍ വന്നു കയറിയ നേരത്തു.എന്തോ ഒരു ജറെമിയ..." ഇതു ചോദിക്കുമ്പോഴും എന്റെ മനസ്സ്‌ എവിടെയൊക്കെയോ പരതുകയായിരുന്നു.

"ഓ അതോ,പാലി കെ.ഒ.ഡിയിലേയ്ക്കു വന്ന ഒരു ലെറ്റര്‍ വായിച്ചങ്ങ്‌ സെന്റിയായി.ആ കത്തയച്ച കൊച്ചിന്റെ പേരാ ജറെമിയ."

"കത്തൊക്കെ എന്നും വരുന്നതല്ലേ,എന്താ അതില്‍ ഇത്ര സെന്റിയാകാന്‍" ഞാന്‍ ചോദിച്ചു

"ഇതു സ്ഥിരം വരുന്ന സാധാരണ പഞ്ചാര കത്തല്ലായിരുന്നു. ആ കൊച്ചും അതിന്റെ ഫാമിലിയും,ഫാമിലീന്നു വച്ചാല്‍ അച്ചനും അമ്മയും പിന്നെ ഒരു ചേട്ടനും അബുദാബിയിലായിരുന്നു.ഈ ജെറമിയയും ചേട്ടനും ഭയങ്കര ക്ലോസായിരുന്നു.ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടെ പുറത്തു പോയപ്പോള്‍ ഒരാക്സിഡന്റു പറ്റി ചേട്ടന്‍ മരിച്ചു.നിസ്സാര പരിക്കേ ഈ കൊച്ചിനുണ്ടായിരുന്നോള്ളു.പക്ഷേ ചേട്ടന്റെ മരണം ജറെമിയയ്ക്കു ഭയങ്കര ഷോക്കായി ആളു ഡിപ്രഷനിലായി.അവര്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു വന്നു,ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ജറെമിയയ്ക്കു ബ്രെയിനില്‍ ട്യൂമര്‍,അതും സെക്കണ്ടറി സ്റ്റേജ്‌.അതിന്റെ ഓപ്പറേഷനൊക്കെയായി ആ കുട്ടി വീണ്ടും അബുദാബിയിലേയ്ക്ക്‌ പോകുവാ.ഈ കുട്ടിയ്ക്‌ പാലിയെ കാണുമ്പോള്‍ മരിച്ചു പോയ ചേട്ടനെ ഓര്‍മ്മ വന്നിരുന്നു.അസുഖം മാറി തിരിച്ചു വന്നിട്ട്‌ പാലിയെ കാണണം..ഇതൊക്കെ ആയിരുന്നു കത്തില്‍.ഇതൊക്കെ കേട്ടാല്‍ ആരാ വിഷമിക്കാതെ??"

ഇതു കേട്ടു കഴിഞ്ഞപ്പോള്‍,ഏതൊക്കെയോ അവ്യകത്മായ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു..എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,പരിചയപ്പെട്ട ആ കുടുംബമായിരിക്കുമോ ഇത്‌.ആ കുട്ടിയുടെ പേരു ജറെമിയ എന്നായിരുന്നോ.ആകണം..അതേ,കാരണം അന്നു പേരു പറഞ്ഞ ജറെമിയയോട്‌ ഞാന്‍ തിരിച്ചു ചോദിച്ചതു "ജറെമിയ പ്രവാചകനാണോ" എന്നായിരുന്നു.

"ഈ ജറെമിയയെ എനിക്കറിയാം".ഞാന്‍ കിരണിനോടു പറഞ്ഞു

"പിന്നല്ലേ,നിനക്കെല്ലാവരെയും അറിയാം.എടാ പറ്റിക്കാന്‍ പറയുന്നതാണേലും,പറയുന്നതിനു ഒരല്‍പം വിശ്വസ്തത വേണം.ഈ ജറെമിയ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദുബായിലാ,നാട്ടിലുണ്ടായിരുന്നതു ആകെ കുറച്ചു മാസങ്ങള്‍.ഇതിനിടയ്ക്കു നീ എങ്ങനെയാ ഈ കൊച്ചിനെ അറിയുന്നേ?"ഇതും പറഞ്ഞു അവളകത്തേയ്ക്കു പോയി...

മനസ്സ്‌ പിന്നോട്ട്‌ സഞ്ചരിച്ചു.ഒരു എട്ടു വര്‍ഷം പിന്നിലേയ്കു....

സ്വിറ്റസര്‍ലന്റിലെ ഇന്റര്‍ലേക്കന്‍ എന്ന കൊച്ചു പട്ടണത്തില്‍ വച്ചാണു ഞാന്‍ ആദ്യമായി ജറെമിയെയും കുടുംബത്തേയും പരിചയപ്പെടുന്നത്‌.ആല്‍പ്സ്‌ പര്‍വ്വത നിരയുടെ താഴ്‌വാരത്തില്‍,രണ്ടു തടാകങ്ങളുടെ നടുവിലായി ആണ്‌ ഇന്റര്‍ലേക്കന്‍ പട്ടണം.ഹോട്ടല്‍ മാനേജുമെന്റു പഠനം കഴിഞ്ഞ്‌ ഞാനന്ന് അവിടെയുള്ള ഒരു റിസോര്‍ട്ടിലാണു ജോലി ചെയ്തിരുന്നതു.

ഒരു ദിവസം, അന്നു ചെക്കിന്‍ ചെയ്തവരുടെ കൂട്ടത്തിലൊരു പേരു കണ്ടു "Mr.George Madathil".മലയാളിയാണോ എന്നു സംശയിച്ചാണു ചെന്നു പരിചയപ്പെട്ടതു.സംശയം തെറ്റിയില്ല.ആളു മലയാളി തന്നെ.അപരിചിതമായ നാട്ടില്‍ വച്ചു ഒരു നാട്ടുകാരനെ കണ്ടതിന്റെ സന്തോഷത്തില്ലായിരുന്നു ഞങ്ങള്‍ രണ്ടാളും.

"വല്ല വേള്‍ഡ്‌ ടൂറിന്റേയും ഭാഗമാണോ സാര്‍ ഈ വിസിറ്റ്‌."ഞാന്‍ ചോദിച്ചു.

ഒരു പുഞ്ചിരിയായിരുന്നു മറുപടി.ഇതു ചോദിച്ചു കൊണ്ടിരുന്നപ്പ്പ്പ്പോഴാണു അദ്ദേഹത്തിന്റെ ഭാര്യയും മകളും അങ്ങോട്ടേയ്ക്കു വന്നതു.അന്നാണു ഞാന്‍ ജറെമിയയെ ആദ്യമായി കണ്ടതും സംസാരിച്ചതും.പക്ഷേ സംസാരിച്ചപ്പോഴോക്കെ,ആ കുട്ടിയുടെ മുഖത്തും ശബ്ദത്തിലുമൊക്കെ വല്ലാത്ത ഒരു ദുഖം ഉണ്ടായിരുന്നു...എപ്പോഴോ ചുണ്ടില്‍ വിടര്‍ന്നു മറഞ്ഞ പുഞ്ചിരിയില്‍ പോലും....

ജറെമിയയും അമ്മയും തിരിച്ചു മുറിയിലേയ്ക്ക്‌ പോയി.

"എന്റെ മകളെ കണ്ടില്ലേ,അവള്‍ക്കു വേണ്ടിയാണു ഞങ്ങള്‍ ഇവിടെ വന്നതു.അവളെ കൂടാതെ ഒരു മകന്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു.നാട്ടില്‍ വച്ചൊരു ആക്സിഡന്റില്‍ അവന്‍ പോയി.എന്റെ മകള്‍കതൊരു വല്ലാത്ത ഷോക്കായി.അവളുമുണ്ടായിരുന്നു അവന്റെ ഒപ്പം.പക്ഷേ മോള്‍ക്ക്‌ ഒന്നും തന്നെ പറ്റിയില്ല.അവര്‍ രണ്ടു പേരും തമ്മില്‍ ഭയങ്കര അടുപ്പമായിരുന്നു.അതു കൊണ്ട്‌ അവന്റെ മരണം അവല്‍ക്കു വല്ലാത്ത ഒരു ഷോക്കായി.പിന്നെ കുറേ നാള്‍ ശരിക്കും ഒരു ഡിപ്രഷനിലായിരുന്നു.നോര്‍മലായി വരുന്നതേയുള്ളു.ഇന്നു മുഖത്തു കണ്ട പുഞ്ചിരി പോലും,ഒരിക്കല്‍ മുഴുവനായി മാഞ്ഞാതായിരുന്നു.നാട്ടിലെ ചുറ്റുപാടില്‍ നിന്നൊരു ചേയ്ഞ്ച്‌.അതാണു ഇങ്ങോട്ട്‌ പോന്നതു.ഞങ്ങള്‍ അറിയാത്ത,ഞങ്ങളെ അറിയാത്ത ആളുകളോടൊപ്പം,പുതിയ ഒരു സ്ഥലത്ത്‌..."

"എല്ലാം ശരിയാകും സാര്‍,ഇവിടെ നിന്നു പോകുമ്പോഴേക്കും സാറിന്റെ മകള്‍ ആദ്യത്തേക്കാള്‍ സ്മാര്‍ട്ടാകും.."

ആശ്വാസവാക്കായി പറഞ്ഞാതാണെങ്കിലും,സംഭവിച്ചതു അതു തന്നെയായിരിന്നു.ജറെമിയ ശരിക്കും മാറുകയായിരുന്നു.അവരുണ്ടായിരുന്ന ആ ഒരു മാസകാലം ഞാനും ആ കുടുംബത്തിലെ ഒരംഗമായി.അവരോടൊപ്പമുള്ള യാത്രകള്‍..ഡിന്നറുകള്‍...നാട്ടില്‍ നിന്നകന്നു ജീവിച്ചിരുന്നതു കൊണ്ട്‌ ഞാനും അതാസ്വദിച്ചു.മരിച്ചു പോയ ചേട്ടന്റെ സ്ഥാനത്താണു ജറെമിയ എന്നെ കണ്ടിരുന്നതെനിക്കു തോന്നി...ജറെമിയ എനിക്കുമൊരു കുഞ്ഞിപെങ്ങളായി..കളിയും ചിരിയും,കൊച്ചു കൊച്ചു വഴക്കുകളും കുസൃതികളുമൊക്കെയായി ആ ഒരു മാസം കടന്നു പോയി.പരസ്പരം ഈ-മെയില്‍ ഐഡി കൈമാറുമ്പോള്‍ ജറെമിയയോടും കുടുംബത്തോടുമൊപ്പം എന്റേയും കണ്ണ്‍കുകള്‍ നിറഞ്ഞു.ആ കുടുംബത്തിലേയ്ക്ക്‌ വീണ്ടും നല്ല നാളുകള്‍ വരികയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ എന്തന്നില്ലാത്ത സന്തോഷം തോന്നി.

പിന്നീട്‌ ഒന്നു രണ്ടു വര്‍ഷം മെയിലുകളൊക്കെ വന്നു.പിന്നീട്‌ എണ്ണം കുറഞ്ഞു..പതുക്കെ പതുക്കെ,ആ ഒരു മാസത്തെ ഓര്‍മ്മകള്‍ മായാന്‍ തുടങ്ങി.ഞാന്‍ ഇന്ത്യയിലേയ്ക്ക്‌ വന്നതോടെ ആ ബന്ധം പൂര്‍ണ്ണമായി അവസാനിച്ചു....പിന്നെ ഇന്നാണു ഞാന്‍ ആ പേരു വീണ്ടും കേട്ടതു....

പക്ഷേ,ആ കുടുംബത്തിലേയ്ക്ക്‌ ഇനിയും ഒരു ദുരന്തം.മനസ്സ്‌ വല്ലാതെ വിങ്ങി..വീണ്ടും അവരെ കാണണമെന്നു മനസ്സ്‌ പറയുന്നു.പക്ഷേ എങ്ങനെ???ഇനി അവരുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം പാലിയാണ്‌.ഈ കാര്യങ്ങളൊക്കെ വിശദീകരിച്ച്‌,അവരുടെ എന്തെങ്കിലും Contact ഉണ്ടെങ്കില്‍ അറിയിക്കണെമെന്നും കാണിച്ചു ഞാന്‍ പാലിക്ക്‌ ഒരു കത്തെഴുതി എന്റെ ഡയറിക്കുള്ളില്‍ വച്ചു.പക്ഷേ ഒരോ ദിവസവും പല കാരണങ്ങള്‍ കൊണ്ട്‌ അതു പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ മറന്നു.

രണ്ടാഴച്ച കഴിഞ്ഞു.ഒരു ദിവസം വൈകിട്ട്‌ ഞാന്‍ വീട്ടിലേയ്ക്ക്‌ വരുമ്പോള്‍ കെ.ഒ.ഡി നടന്നു കൊണ്ടിരിക്കുകയാണു.പതിവില്ലാതെ പാലിയുടെ ശബ്ദത്തിനൊരിടര്‍ച്ച..

"രണ്ടാഴ്ച്ച മുന്‍പ്‌ ഞാന്‍ ജറെമിയ എന്ന് കുട്ടിയുടെ കത്തു വായിച്ചതു എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.ഈ കത്ത്‌ കൈയ്യിലെടുക്കുമ്പോള്‍ മനസ്സില്‍ ഒരു ഭയം.ജറെമിയയ്ക്ക്‌ വേണ്ടി അന്നു കത്തെഴുതിയ ജറെമിയയുടെ സുഹ്രുത്തുകളുടേതാണീ കത്തും...

പ്രിയപ്പെട്ട സന്തോഷ്‌,

ജറെമിയയ്ക്കു വേണ്ടി കത്തെഴുതിയ അവളുടെ സുഹൃത്തുകളാണു ഞങ്ങള്‍.പാലിയെ കാണാന്‍ ഇനി ജറെമിയ വരില്ല.കഴിഞ്ഞ വെള്ളിയാഴ്ച്ച അവള്‍ മരിച്ചു.അവളുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നതിനും ഒരു ദിവസം മുന്‍പേ... അവള്‍ പോയി.

അവളുടെ അച്ചനും അമ്മയും തിരിച്ചി നാട്ടില്‍ എത്തിയിട്ടുണ്ട്‌.കഴിയുമെങ്കില്‍ അവരെ കാണുക.തകര്‍ന്നിരിക്കുന്ന അവര്‍ക്ക്‌ താങ്കളുടെ സാന്നിദ്ധ്യം ഒരു പക്ഷേ ഒരല്‍പം ആശ്വാസം നല്‍കിയേക്കാം..."

പിന്നീട്‌ ആ സ്ക്രീനില്‍ ഒന്നും കണ്ടില്ല...പാലിയുടെ കരയുന്ന മുഖം മറച്ചു കൊണ്ട്‌ ഒരു ടൈറ്റിലുകള്‍ തെളിഞ്ഞു വന്നു...പശ്ചാത്തലത്തില്‍ സംഗീതം ഇല്ലായിരുന്നു.കത്തിന്റെ ബാക്കി ഭാഗം വായിക്കുന്ന പാലിയുടെ തേങ്ങുന്ന ശബ്ദം മാത്രം...

ആ കണ്ണുനീര്‍ സ്ക്രീന്‍ കൊണ്ടു മറയ്ക്കാം..പക്ഷേ എന്റെ കണ്ണുനീരോ.....????

----------------------------------------------------------------------
കെ.ഒ.ഡി:കൈരളി ഓണ്‍ ഡിമാന്‍ഡ്‌.കൈരളി ചാനലില്‍ വന്നിരുന്ന ഒരു ജനപ്രിയ ഫോണ്‍-ഇന്‍ പ്രോഗ്രാം

സന്തോഷ്‌ പാലി:സന്തോഷ്‌ പാലീക്കര.കെ.ഒ.ഡിയുടെ അവതാരകന്‍,കൈരളിയില്‍ പ്രോഗ്രാം പ്രോഡ്യൂസര്‍

ഈ കഥയില്‍ ഞാന്‍ ഒരു സാങ്കല്പിക കഥാപാത്രം മാത്രം !

Sunday, October 14, 2007

വീണ്ടും,ഒരുമിച്ച്, ഒരിക്കല്‍ കൂടി....

ആദി

നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക്‌ സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ്‌ മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.

നീ വരണം.

ശേഷം കാഴ്ചയില്‍

അനൂപ്‌

ഒരിക്കല്‍ കൂടി ഞാന്‍ കത്തു വായിച്ചു.കോഴ്സ്‌ കഴിഞ്ഞു ഉപരിപഠനത്തിനായി കടല്‍ കടന്നു ഇവിടെ എത്തിയിട്ടു നീണ്ട ആറു വര്‍ഷങ്ങളാകുന്നു.ഇതിനിടയ്ക്കു രണ്ടോ മൂന്നോ തവണ മാത്രം നാട്ടില്‍ അതും ഒന്നോ രണ്ടോ ആഴചകളിലേയ്ക്കായി മാത്രം . അന്നൊക്കെ , നാലു വര്‍ഷങ്ങള്‍ ചിലവഴിച്ച ആ കോളെജില്‍ പോകണമെന്നു തോന്നിയിരുന്നെങ്കിലും നടന്നില്ല.പഠിക്കുന്ന സമയത്തു കരുതിയിരുന്നു,അവിടെ നിന്നു പോയാലും മിക്കവാറും അവിടെ പോകണം,ഒരുപാട് സമയം ചിലവഴിക്കണെമെന്നൊക്കെ..പക്ഷേ പിന്നീടെപ്പോഴോ,ആ ക്യാമ്പസ് എനിക്കു വേദനിപ്പിക്കുന്ന ഒരോര്‍മ്മയായി മാറുകയായിരുന്നു

നീണ്ട ആറു വര്‍ഷങ്ങള്‍ ,പലരെയും മറന്നിരിക്കുന്നു .ചിലരുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു,മറ്റു ചിലരുടെ അവ്യക്തമായ മുഖങ്ങള്‍ മാത്രം.ആ കാലത്തു ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല , ഇവരില്ലാതെ,ഇവരെ മറന്നു ഒരു ജീവിതം ഉണ്ടാക്കുമെന്നു.പക്ഷേ,ഇന്നിവിടെ ഏഴു കടലുകള്‍ക്കപ്പുറം , മറ്റൊരു ലോകത്തു,ശരിക്കും ഒറ്റപ്പെട്ട്,ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ജീവിതശൈലിയില്‍,തികച്ചും യാന്ത്രികമായി എന്റെ ദിനരാത്രങ്ങള്‍ കടന്നു പോകുന്നു . എന്തെ ഞാന്‍ എല്ലാവരിലും നിന്നകന്നതു,ഒറ്റയ്ക്കായതു?എന്നോടു തന്നെ ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. . ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു മനസ്സിലുണ്ട്‌.അതോ ഉത്തരം കിട്ടിയിട്ടും ഞാന്‍ തിരിച്ചറിയാത്തതോ .

ഒരു പക്ഷേ ഈ ഒത്തുകൂടല്‍ എനിക്കാ ചോദ്യത്തിന്റെ ഉത്തരം തരുമായിരിക്കുമെന്നെനിക്കു വെറുതെ തോന്നി...

നാട്ടിലേയ്ക്കു പോകാന്‍ തന്നെ തീരുമാനിച്ചു.പിന്നീടെല്ലാം പെട്ടന്നായിരുന്നു.ദിവസങ്ങള്‍ കടന്നു പോയതും , ഒരുക്കങ്ങള്‍ പൂര്‍ത്തിയായതും . മനസ്സ്‌ പലതവണ എന്നെ വീണ്ടും ആ കോളേജിന്റെ ഇടനാഴികളിലൂടെ നടത്തി,ക്ലാസ്സ്‌ മുറികളില്‍ ഞാന്‍ ആ പഴയ എന്നെ കണ്ടു.ആരൊക്കെയോ എന്നെ "ആദി പൂയ്‌ " എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.അവ്യകതമായ മുഖങ്ങള്‍,ആരുടെയൊക്കെയോ പൊട്ടിച്ചിരികള്‍,വളിപ്പുകള്‍,തേങ്ങലുകള്‍.പക്ഷേ,അതിനിടയ്ക്കെവിടെയോ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ കേട്ട ആ ശബ്ദങ്ങള്‍,മീരയുടേതായിരുന്നില്ലേ ?

23/12/2010

എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തേയ്ക്കു വരുമ്പോള്‍,പ്രതീക്ഷിച്ച പോലെ അനൂപും സ്മിതയും കാത്തു നില്‍ക്കുന്നുണ്ടായിരിന്നു."ആദി പൂയ്‌" രണ്ടു പേരും ഒരുമിച്ചാണു വിളിച്ചതു. ഇവിടെ നിന്നു പോയതിനു ശേഷം അനൂപുമായി മാത്രമായിരുന്നു contact ഉണ്ടായിരുന്നതു

അനൂപും സ്മിതയും ഞങ്ങളുടെ ക്ലാസ്സിലെ പ്രണയജോടികളായിരുന്നു.തനി പൈങ്കിളി ലൈന്‍,.എന്നും ഫോണ്‍ കോളുകള്‍,കൃത്യമായ കത്തുകള്‍,ലഞ്ചു ബ്രേക്കിലെ നീണ്ട സംഭാഷണങ്ങള്‍.ആരുടെയും കളിയാക്കലുകള്‍ അവര്‍ക്കൊരു പ്രശനമേ ആയിരുന്നില്ല.കല്യാണക്കാര്യം പറയാന്‍ വേണ്ടി വിളിച്ചപ്പോഴാണു ഞാന്‍ പോലും അറിയുന്നതു,രണ്ടു പേരുടെയും വീട്ടില്‍ ഈക്കാര്യം അറിയാമായിരുന്നുവെന്നു.

"എടാ,നീ എന്നാ കല്യാണത്തിനു വരാതെയിരുന്നെ??"

അനൂപിന്റെ ചോദ്യം കേട്ടാണു , ഓര്‍മ്മകളില്‍ നിന്നു തിരിച്ചെത്തിയതു,

"അതോ,അന്നു ലീവ്‌ ശരിയായില്ലെടാ,പിന്നെ സ്മിതേ എങ്ങനെയുണ്ട്‌ പോസ്റ്റ്‌ ലവ്‌ ലൈഫ്‌"

"എന്നാ പറയാനാ ആദി,പറ്റിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ" ഇതും പറഞ്ഞു സ്മിത അനൂപിനെ ഇടംകണ്ണിട്ടു നോക്കി.

"അതേടി പറ്റിയതു എനിക്കല്ലേ???"

കാറില്‍ മുഴുവന്‍ പൊട്ടിച്ചിരിയുടെ മുഴക്കമായി.ഞാന്‍ പുറത്തേയ്ക്കു നോക്കി.കഴിഞ്ഞ തവണ വന്നതിനെക്കാള്‍ നഗരം ഏറെ മാറിയിരിക്കുന്നു.

"അനുപേ,നാളെ എല്ലാവരും എത്തില്ലെ?"

"വരണ്ടതാണു,പിന്നെ നമ്മുടെ ജോര്‍ജ്ജ്‌ ഉണ്ടാകില്ല,കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ?'

"ഇല്ല , അവനെന്തു പറ്റി.ഇങ്ങനെയൊരു പ്രോഗ്രാം ഉണ്ടെങ്കില്‍ ആദ്യം എത്തേണ്ടതു അവനാണല്ലോ?"

" അതെ അവനായിരുന്നു ഇതിന്റെ ഓര്‍ഗനൈസര്‍ , കഴിഞ്ഞ ആഴ്ച്ച അവന്‍ ഓഫീസില്‍ വച്ചു ഒന്നു തലകറങ്ങി വീണു,ഒപ്പം മൂക്കില്‍ നിന്നു ബ്ലീഡിംഗും.ഹോസ്പിറ്റിലില്‍ ചെന്നപ്പോള്‍,ബ്ലഡ്‌ ക്യാന്‍സര്‍,ലാസ്റ്റ്‌ സ്റ്റേജ്‌.ഇന്നലെ വെല്ലൂര്‍ക്കു കൊണ്ടു പോയി. "

എന്റെ കോളേജ്‌ ലൈഫില്‍ ,എനിക്കു ഇത്രയും ദേഷ്യം തോന്നിയ മറ്റൊരാള്‍ ഇല്ലായിരുന്നു.കാരണം മറ്റൊന്നുമല്ല, വല്ലാത്ത ഒരു ക്യാരക്ടര്‍ ആയിരുന്നു കക്ഷി.ആളുടെ മനസ്സ്‌ ശുദ്ധമായിരുന്നു,പക്ഷേ അതു പുറത്തു വന്നിരുന്നതു മറ്റൊരു രൂപത്തിലായിരുന്നു.കോഴ്സ്‌ തീരറായപ്പോഴേക്കും ആളു ഒരുപാട്‌ മാറിയിരുന്നു.ഇക്കുറി കാണുമ്പോള്‍,അന്നു വിളിച്ച ചീത്തകള്‍ക്ക്‌ ക്ഷമ പറയണമെന്നു കരുതിയിരുന്നതാ.....

"നമ്മള്‍ സീക്രട്ട്‌ സെവന്‍ എല്ലാവരും കാണില്ലേ??"

"സീക്രട്ട്‌ സെവന്‍",എല്ലാത്തിനും ഒരുമിച്ചു നടന്ന ഏഴെണ്ണത്തിനു അദ്ധ്യാപകര്‍ ഇട്ട പേരു.കോളേജിലെ എന്തു പ്രോഗ്രാം നടത്താനും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്‌ ഞങ്ങളായിരുന്നു.അദ്ധ്യാപകര്‍ ധൈര്യമായി അതു ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു എന്നതാണു സത്യം.ഞാന്‍,അനൂപ്‌,സ്മിത,മരിയ,മീര,പ്രവീണ്‍,ചാക്കോച്ചന്‍,ഇതായിരുന്നു അന്നത്തെ സീക്രട്ട്‌ സെവന്‍

"മീര വരില്ല,ബാക്കി എല്ലാവരും ഉണ്ടാകും.നാളെ മീരയുടെ കല്യാണം ഉറപ്പിക്കലാണു,പയ്യന്‍ ഓസ്ട്രേലിയിലാണു,ഇപ്പോള്‍ ഉറപ്പിച്ചിട്ടിട്ടു ആറു മാസം കഴിഞ്ഞു കല്യാണം" സ്മിതയാണു ഉത്തരം പറഞ്ഞതു .മനസ്സു ഒന്നു വിങ്ങിയതു പോലെ

"എന്താടാ ഒന്നും മിണ്ടാത്തതു??" ചോദിച്ചതു അനൂപാണു.ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു,.

കാരണം മറ്റൊന്നുമല്ല.മീര എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.ഒരു പക്ഷേ സൗഹൃദത്തിനുമപ്പുറമുള്ള എന്തോ ഒന്നു.അതിനെ പ്രണയമായി കാണാന്‍ ഒരുപാടു പേര്‍ ആഗ്രഹിച്ചിരുന്നു.സുഹൃത്തുകള്‍, അദ്ധ്യാപകര്‍ എങ്ങനെ പലരും.പക്ഷേ,ഒന്നും ഉണ്ടായില്ല,ഞങ്ങള്‍ പിടി കൊടുത്തില്ല എന്നു പറയുന്നതാകും ശരി.പക്ഷേ,പിന്നീട്‌ പലപ്പോഴും ആലോച്ചിട്ടുണ്ടു,സാഹചര്യങ്ങള്‍ അത്രയും അനുകൂലമായിട്ടും അന്നു ആ ബന്ധം സൗഹൃദത്തില്‍ ഒതുങ്ങിയതെന്തേ എന്നു??എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കുറിച്ച വാക്കുകള്‍ അവളുടെ സമ്മതമല്ലായിരുന്നോ?എതോ ബ്ലോഗില്‍ കണ്ടതാണെന്നു പറഞ്ഞു അവള്‍ കുറിച്ചതു ഇങ്ങനെയായിരുന്നു

"അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്ര മാത്രം
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിനു
വറ്റാത്ത ഉറവ ആകണം നീയെന്നു
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം"

പക്ഷേ,ഞാന്‍ അതന്നു മനസ്സിലാക്കിയില്ല,അല്ല, മനസ്സിലായിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു പക്ഷേ ആ ഒരു കുറ്റബോധമല്ലെ എന്നെ എല്ലാവരില്ലും നിന്നകറ്റിയതു . ഇന്നു അതു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാടു വൈകിയിരിക്കുന്നു.

24/12/2010

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പഴയ സങ്കേതത്തില്‍.ഓര്‍മ്മകളുടെ സുഖമുള്ള വേദനകളുമായി.എല്ലാവരും എത്തുന്നതെയുള്ളു.ഞാന്‍ വെറുതെ ആ ക്ലാസ്സ്‌ മുറിയിലേയ്ക്കു നോക്കി.അവിടെ ഏതോ ഏഴു പേര്‍ വട്ടം കൂടിയിരുന്നു എന്തോ പറയുന്നതു ഞാന്‍ കണ്ടു.അതു ഞങ്ങളായിരുന്നു.അവര്‍ അവിടെയിരുന്നു എന്റെ നേര്‍ക്ക്‌ കൈവീശി.തിരിച്ചു വീശാന്‍ തുടങ്ങിയപ്പോഴാണു ആരോ തോളത്തു തട്ടിയതു.

"ഓര്‍മ്മയുണ്ടോ മാഷേ? "

തിരിച്ചു നോക്കിയപ്പോള്‍ മരിയ ആണു.ഞങ്ങളുടെ കൂട്ടത്തിലെ ചാറ്റര്‍ ബോക്സ്‌.പണ്ടു പലപ്പോഴും ഓര്‍ത്തിട്ടുണ്ട്‌ ഇവളുടെ വായ അടഞ്ഞിരിക്കില്ലേയെന്നു."പൊന്നാങ്ങാളെ" എന്നു വിളിച്ചു കൊണ്ടു അവള്‍ വരുമ്പൊഴെ ഉറപ്പായിരുന്നു എന്തോ പ്രശ്നം ഒപ്പിച്ചിട്ടുണ്ടെന്നു.

പത്തരയോടെ എല്ലാവരും എത്തി.പലരും ഒരുപാടു മാറിയിരുന്നു.ചിലര്‍ രൂപത്തില്‍,മറ്റ്‌ ചിലര്‍ ഭാവത്തില്‍ .കുറച്ചു അദ്ധ്യാപകരും എത്തിയിരുന്നു.ചെറിയ ഒരു മീറ്റിംഗ്‌ നടത്തി.എല്ലാവരും പഴയ ഓര്‍മ്മകളും പുതിയ കാര്യങ്ങളും പങ്കു വച്ചു.ജോര്‍ജ്ജിന്റെയും മീരയുടെയും കുറവ്‌ ആരും ശ്രദ്ധിച്ചില്ല എന്നെനിക്കു തോന്നി.ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.വീണ്ടും അടുത്ത വര്‍ഷം കാണമെന്ന പ്രതീക്ഷയോടെ.ഞാന്‍ ആരൊടും അങ്ങനെ പറഞ്ഞില്ല.കാരണം ഇനിയൊരു തിരിച്ചു വരവു ഉണ്ടാകില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു.

എല്ലവരും പിരിഞ്ഞു ഞങ്ങള്‍ ആറു പേര്‍ മാത്രമായി.

"മീരയുടെ ഫോണ്‍ ഉണ്ടായിരുന്നു,മെയ്‌ എട്ടിനാണു കല്യാണം" സ്മിത ഇതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും നോട്ടം എന്റെ മുഖത്തെക്കായി.ആരും ഒന്നു മിണ്ടുന്നില്ല.

"എടാ സത്യം പറ,നിനക്കു വിഷമമില്ലേ?" ചാക്കോച്ചന്‍ ചോദിച്ചു.

"ഞാന്‍ എന്തിനാ വിഷമിക്കുന്നേ?മീരയുടെ കല്യാണം ഉറപ്പിച്ചു ,അതൊരു നല്ല വാര്‍ത്തയല്ലേ"

"ഞങ്ങള്‍ക്കറിയാം നിനക്കവളെ ഇഷ്ടമായിരുന്നു എന്നു,അവള്‍ക്ക്‌ നിന്നെയും.അതവള്‍ നേരിട്ട്‌ അല്ലെങ്കിലും നിന്നോടു പറഞ്ഞിട്ടുമുണ്ട്‌.ഇനിയെങ്കിലും നിനക്കതു സമ്മതിച്ചാലെന്നാ??" ചാക്കോച്ചന്‍ വിടാനുള്ള ഭാവമില്ല

"നമുക്ക്‌ വേറെ എന്തെങ്കിലും സംസാരിക്കാം" ഞാന്‍ പറഞ്ഞു.

"ഇതു പറഞ്ഞിട്ടു,നമുക്കു വേറെ എന്തെങ്കിലും സംസാരിക്കാം" പ്രവീണും ചാക്കോച്ചന്റെ കൂട്ടത്തില്‍ കൂടി.

"അപ്പോള്‍ അങ്ങനെയാണല്ലേ,ശരി കേട്ടോ,മീര ഒരു നല്ല കുട്ടിയാണു.ഞാന്‍ പരിച്ചയപ്പെട്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും നല്ല കുട്ടി.പിന്നെ ഇനി ഞാന്‍ എന്താ അവള്‍ പറഞ്ഞത്‌ കാര്യമാക്കത്തതു എന്നു ചോദിച്ചാല്‍,ചില ചോദ്യങ്ങള്‍ക്കു ഉത്തരമില്ല എന്നു കേട്ടിട്ടില്ലേ,ഇനിയും ഒരു ഉത്തരം കൂടിയേ തീരുവെങ്കില്‍, ദി ആന്‍സര്‍ ഇസ്‌ സിമ്പിള്‍,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍ ! അല്ലാതെ എനിക്കവളെ ഇഷ്ടമല്ലാഞ്ഞിട്ടോ , അവള്‍ പറഞ്ഞതു മനസ്സിലാകഞ്ഞിട്ടൊ അല്ല." .

ആരും ഒന്നും പറഞ്ഞില്ല.സ്മിതയുടെ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

"ഹല്ലോ മീര"

"ആദിയോ,ഇവിടെയുണ്ട്‌,കൊടുക്കാം" സ്മിത ഫോണ്‍ എനിക്കു തന്നു

"ഹല്ലോ മീര,കണ്‍ഗ്രാറ്റസ്‌"

"താങ്ക്സ്‌"

"പിന്നെ,എന്തു ചെയ്യുന്നു വുഡ്ബി?"

"ഓസ്ട്രേയിലിയയിലാണു,സോഫ്റ്റവേര്‍ എന്‍ഞ്ചിനീയര്‍"

"എന്നതേക്കാ മാര്യേജ്‌"

"മെയ്‌"

പിന്നെ അല്‍പനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.എന്റെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു.കൂടുതല്‍ സംസാരിച്ചാല്‍ അവളുടെ മുന്നില്‍ ഞാന്‍ വച്ചിരിക്കുന്ന മുഖം മൂടി അഴിഞ്ഞു പോകും എന്നെനിക്കു തോന്നി.ഞാന്‍ ഫോണ്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പൊഴാണു അവള്‍ ആ ചോദ്യം എന്നോട്‌ ചോദിച്ചതു

"ആദി,നിനക്കൊരു വിഷമവുമില്ലേ,എന്റെ കല്യാണക്കാര്യം കേട്ടിട്ടു"

"നൊ,നെവര്‍,നീയെന്താ അങ്ങനെ ചോദിച്ചതു?"

"വെറുതെ , അന്നു ഞാന്‍ ഓട്ടൊഗ്രാഫില്‍ എഴുതിയതു നിനക്കോര്‍മ്മയുണ്ടോ?"

"ഉണ്ട്‌"


"അന്നിട്ടും നിനക്കൊരു വിഷമവുമില്ല.?"

"മീര,ഐ ആം ലിറ്റില്‍ ബിസി.ഐ വില്‍ കാള്‍ യു ലേറ്റര്‍"

"അതിന്റെ ആവശ്യമില്ല.അപ്പോള്‍ നിനക്കൊരു വിഷമവുമില്ല അല്ലേ,അപ്പോള്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ല.നീ എന്താണെങ്കിലും കല്യാണത്തിനു വരില്ലല്ലോ?

“യാ മീര,ഞാനതു പറയാന്‍ തുടങ്ങുവായിരുന്നു.ഇപ്പോള്‍ വന്ന സ്ഥിതിക്കു ഇനി ആറു മാസം കഴിഞ്ഞു ഒരിക്കല്‍ കൂടി വരാന്‍ ബുദ്ധിമുട്ടാണു.എനിവേ,മൈ അഡ്വാന്‍സ്ഡ് വിഷസ്”

“താങ്ക്സ്,നിനക്കു ഒന്നും പറയാന്‍ ഇല്ലല്ലോ അല്ലേ?”

“ഇല്ല മീര,ഞാന്‍ വയ്ക്കട്ടെ.” വാക്കുകള്‍ക്ക് വല്ലാത്ത ക്ഷാമം പോലെ

“എങ്കില്‍ എനിക്കു പറയാനുണ്ട്, ടേണ്‍ ടു യുവര്‍ ബാക്ക്‌"

ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍,വാതില്‍ക്കല്‍ മീര.നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം .ദേഷ്യം കൊണ്ടാകാണം അവളുടെ മുഖമാകെ ചുവന്നിരുന്നു.ഞാന്‍ അവളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞു

"എന്താടാ,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍" അല്ലേ,എനിക്കെന്താടാ കൊമ്പുണ്ടൊ? ആറു വര്‍ഷം, നിനക്കെന്നെ വിളിക്കാന്‍ പോലും തോന്നിയില്ലാല്ലോ?"

"മീര,അതു ,...ഐ ആം സോറി മീര"

"പോടാ.. "

ഇത്രയും പറഞ്ഞപ്പോഴെയ്ക്കും അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു.

"നീ പേടിക്കണ്ട ആദി , അവളുടെ കല്യാണം ഒന്നും ഉറപ്പിച്ചില്ല..നിന്റെ വായില്‍ നിന്നു തന്നെ ഇതൊന്നു വീഴാന്‍ വേണ്ടി ഞങ്ങള്‍ ഇറക്കിയ ഒരു നംബര്‍ അല്ലേ ഇതു.കഥ,തിരക്കഥ,സംഭാഷണം,സംവിധാനം:അനൂപ്‌-സ്മിത,ഞങ്ങളൊക്കെ സഹനടന്മാന്‍ ആണെ" ഇതും പറഞ്ഞു പ്രവീണ്‍ പൊട്ടിച്ചിരിച്ചു.ഒപ്പം എല്ലാവരും....

ഞങ്ങള്‍ ക്ലാസ്സിനു പുറത്തേയ്ക്കിറങ്ങി...വണ്ടിയുടെ അടുത്തേയ്ക്കു നടന്നു പോകുന്ന വഴി മീരയും ഞാനും ഒരിക്കല്‍ കൂടി ആ ക്ലാസ്സിലേയ്ക്കു നോക്കി,അവിടെ ഇപ്പോള്‍ ഏഴു പേരില്ല,ഉള്ളതു പഴയ ആദിയും മീരയും മാത്രം..അവര്‍ അവിടെ ഇരുന്നു എന്തൊ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.....