Wednesday, September 10, 2008

പനോരമ:പ്രസ്ക്ത ഭാഗങ്ങള്‍

ഞാന്‍ അവതരിപ്പിക്കുന്ന പനോരമ എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡിന്റെ പ്രസ്ക്ത ഭാഗങ്ങള്‍.



ഇനിയും പ്രോഗ്രാം കാണാത്തവര്‍ എത്രയും പെട്ടന്ന് കണ്ടു തുടങ്ങണ്ടതാണു..(പ്ലീസ്,കാണണേ..) ഞായറാഴച്ചകളില്‍ രാവിലെ പത്തു മണിക്ക് !!! അന്നു കാണാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി തിങ്കളാഴച്ചകളില്‍ വൈകിട്ട് 3.30 നും ശനിയാഴച്ചകളില്‍ ഉച്ച കഴിഞ്ഞു 2.30 നും റിപ്പീറ്റുമുണ്ട്..

സ്നേഹപൂര്‍വ്വം

മൃദുല്‍ !

Tuesday, July 1, 2008

വീട് പറഞ്ഞ കഥ

"വീടുകള്‍ക്ക്‌ ജീവനുണ്ടോ?"

ഈ ചോദ്യം ആദ്യം എന്റെ മനസ്സിലേക്കെറിഞ്ഞു തന്നത്‌ ആ വീടായിരുന്നു.എന്റെ വീട്ടിലേയ്ക്‌ വരുന്ന വഴിയുടെ അരികില്‍ വലിയ മുറ്റവും,പറമ്പില്‍ ഒരുപാട്‌ കൂറ്റന്‍ മരങ്ങളുമൊക്കെയായി ഒരു വലിയ നായര്‍ തറവാട്‌.നായര്‍ തറവാടെന്നു പറഞ്ഞു കൂടാ.കാരണം അവിടെ താമസിച്ചിട്ടുള്ളത്‌ നായന്മാര്‍ മാത്രമായിരുന്നില്ല.പലരും വന്നു,താമസിച്ചു, പോയി..വീണ്ടും പുതിയ ആളുകള്‍.അങ്ങനെ എത്രയോ പേര്‍.ഞാന്‍ ആ വഴിയിലൂടെ പോയി തുടങ്ങിയ കാലം മുതല്‍ ആ വീടവിടെയുണ്ട്‌,പക്ഷേ അതിലും ഒരുപാട്‌ ഒരുപാട്‌ പഴക്കമുണ്ട്‌ ആ വീടിനു.

മുകളിലത്തെ ചോദ്യത്തെ കുറിച്ചു പറഞ്ഞില്ലല്ലോ."വീടുകള്‍ക്കു ജീവനുണ്ടോ?"

ചോദ്യം തന്ന ആ വീടു തന്നെയാണു അതിനുള്ള ഉത്തരവും തന്നത്‌.സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത്‌ എന്നും അതിന്റെ മുന്നിലൂടെയാണു നടപ്പ്‌.ഇടയ്ക്ക്‌ അവിടുത്തെ താമസക്കാരുടെ കണ്ണു വെട്ടിച്ച്‌ പറമ്പിലും കയറിയിട്ടുണ്ട്‌.ആ പറമ്പ്‌ നിറയെ മരങ്ങളായിരുന്നു.പ്ലാവും മാവും പേരയും,ചാമ്പയുമൊക്കെ...ഇതില്‍ പേരയും ചാമ്പയും ആയിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന ലക്ഷ്യം.ആ സമയത്തെപ്പോഴോ ആണു ഞാന്‍ ഈ ചോദ്യം എന്നോടു തന്നെ ചോദിച്ചത്‌.അങ്ങന്റെ ഒരു ചോദ്യം ഉണ്ടാവാന്‍ കാരണം,ഞാന്‍ കാണുമ്പോഴൊക്കെ ആ വീടിനു വേറെ വേറെ ഭാവങ്ങളായിരുന്നു.ചില ദിവസങ്ങളില്‍ അതിയായ സന്തോഷവുമായി നില്‍ക്കുന്ന ഒരാളെ പോലെ, മറ്റു ചിലപ്പോള്‍ കരഞ്ഞു കലങ്ങിയതു പോലെ, വേറെ ചിലപ്പോള്‍ ദേഷ്യം വന്നു ഇരുണ്ടതു പോലെ.അങ്ങനെ അങ്ങനെ. ഒരിക്കല്‍ ഞാനിതു അന്നു എന്റെ ഒപ്പം വന്നിരുന്ന അച്ചുവിനോടു പറഞ്ഞു, പക്ഷേ ഇതൊക്കെ നിന്റെ വെറും തോന്നലാ എന്നും പറഞ്ഞു അവള്‍ ഒരു ചാമ്പങ്ങയും പറിച്ചു അവിടെ നിന്നിറങ്ങി പോന്നു. പക്ഷേ എനിക്കുറപ്പായിരുന്നു,അതു തോന്നലല്ലാ,എന്തോ ഒരു പ്രത്യേകത ആ വീടിനുണ്ട്‌.

ഇന്നിപ്പോ വര്‍ഷങ്ങള്‍ ഒരുപാട്‌ കഴിഞ്ഞു. നാടാകെ മാറി. ഡിഗ്രിയായെപ്പോഴേക്കും ബൈക്കായി. ആ വീടിന്റെ മുന്നിലൂടെയുള്ള നടപ്പ്‌ തന്നെ കുറഞ്ഞു.ജോലി കൂടി ആയതോടെ ഒന്നോ രണ്ടൊ മാസത്തിലൊരിക്കലായി വീട്ടില്‍ പോക്ക്‌. പക്ഷേ ഇന്നലെ കുറേ നാള്‍ കൂടി ആ വീടിന്റെ മുന്നിലൂടെ നടന്നു. ഇന്നലെ നന്നേ വെളുപ്പിനാണു കവലയില്‍ വന്നിറങ്ങിയത്‌. ഓട്ടോയൊന്നും എത്തിയിട്ടില്ല. അപ്പോള്‍ പിന്നെ നടപ്പ്‌ തന്നെയായിരുന്നു ശരണം. ആ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ചുമ്മാ അങ്ങോട്ടെയൊക്കൊന്നു നോക്കി. മുറ്റമൊക്കെ കാടു കയറിയിരിക്കുന്നു. പറമിലെ വലിയ മരങ്ങളൊന്നും തന്നെ അവിടെയില്ല. ആള്‍താമസമില്ലെന്നു തോന്നുന്നു.ആകെ ഒരു നിസംഗ ഭാവം. എന്തോക്കെയോ പറയാനുള്ളതു പോലെ.അധിക നേരം അവിടെ നിന്നില്ല. പഴയൊതൊക്കെ ഓര്‍ത്തു പെട്ടന്ന് വീട്ടിലേയ്ക്ക്‌ നടന്നു.

"ആ തറവാട്ടു വീട്ടില്‍ ആരാ അമ്മേ താമസം".കഴിക്കുന്ന നേരത്താണു ചോദിച്ചത്‌.

"5-6 മാസമായി ആരുമില്ല. പുറം നാട്ടുകാര്‍ക്ക്‌ വിറ്റെന്നോ, അവരതു പൊളിക്കാന്‍ പോകുവാ എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. അതല്ലേലും ഒരു രാശിയില്ലാത്ത വീടാ". ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി

"രാശിയില്ലാത്ത വീടോ,അതെന്താ?"

"എന്താന്നു വച്ചാ,അവിടെ ആരും വാഴില്ല . അവിടെ താമസിച്ച ആള്‍ക്കാരൊന്നും സന്തോഷത്തോടെ അവിടെ നിന്നു പോയിട്ടില്ല. എത്ര ദുര്‍മരണങ്ങളാ അവിടെ നടന്നിരിക്കുന്നേ.നിന്റെ കൂടെ പഠിച്ച മിഥുന്‍ എന്ന പയ്യന്റെ അച്ചന്റെ കാര്യം നീ ഓര്‍ക്കുന്നില്ലേ,ആ വീടു വാങ്ങി ഒന്നര മാസത്തിനുള്ളില്‍ കഴിഞ്ഞല്ലേ അയാളു മരിച്ചത്‌.ശാപം കിട്ടിയ വീടാ.ആ വീടു പണിതത്ത്‌ പണ്ടത്തെ ഏതോ ഒരു ജന്മിയാ.അയാളൊരുപാട്‌ പേരെ കോന്നിട്ടുണ്ടെന്നൊക്കെയാ പറയുന്നേ.കുടിയാന്മാരേയും അവരുടെ കുടുംബത്തെയൊക്കെയായി.അതിന്റെയാ..." കഴിച്ചു തീരുന്നത്‌ വരെ അമ്മ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.പകുതിയും ഞാന്‍ കേട്ടില്ല.എന്റെ മനസ്സു മുഴുവന്‍ ആ വീടായിരുന്നു...

ഞാനൊന്നു പുറത്തു പോയി വരാം എന്നും പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.ലക്ഷ്യം ആ വീടായിരുന്നു.രാശിയില്ലാത്ത വീട്‌,ശാപം കിട്ടിയ വീട്‌,മണാങ്കട്ട..ഇന്നും ഇത്‌ വിശ്വസിക്കുന്ന ആളുകളുണ്ടല്ലോ എന്നോര്‍ത്തപ്പോ അതിശയം തോന്നി.ഇതൊക്കെ കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ കഴിഞ്ഞ ഞായറാഴച്ച പത്രത്തില്‍ വന്ന ഒരു കുറിപ്പാണു.സംവിധായകന്‍ പത്മരാജന്റെ തറവാടിനെക്കുറിച്ചുള്ളത്‌.ആ തറവാട്ടില്‍ ആണുങ്ങള്‍ വാഴിലാത്രേ.പത്മരാജന്‍ ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ അവരുടെ നാല്‍പതുകളിലാണു മരിച്ചത്‌.അതവരുടെ വിധി.അതിനു ആ വീടെന്തു പിഴച്ചു..ഇതൊക്കെ ഓര്‍ത്തു നടന്നതു കൊണ്ട്‌ ആ വീടിന്റെ മുന്നിലെത്തിയത്‌ അറിഞ്ഞില്ല.

നീണ്ട പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ആ വീടിന്റെ മുറ്റത്ത്‌ കാലു കുത്തി.എവിടെ നിന്നോ ഒരു ചെറിയ കാറ്റ്‌ വീശിയതു പോലെ.കരിയിലകളൊക്കെ ഒന്നിളക്കി.ആ വീടു ഒന്നു ചിരിച്ചോ? തോന്നിയതാകും.ഞാന്‍ അകത്തേയ്ക്‌ നടന്നു.പോയ കാലത്തിന്റെ തിരുശേഷിപ്പു പോലെ ഒരു ഒരു കൂറ്റന്‍ കെട്ടിടം.ഞാന്‍ ഉമ്മറത്തേയ്ക്ക്‌ കയറി.അവസാനം പോയ വീട്ടുകാരുടെയാകണം കുറച്ചു പുസ്തകങ്ങളും കടലാസുകളും ഒരു മൂലയ്ക്‌ കിടക്കുന്നു.മറന്നതോ,ഉപേക്ഷിച്ചതോ...

"ആരാ അവിടെ?" പെട്ടന്നാണു ആ ചോദ്യം വന്നത്‌.ശരിക്കും ഞെട്ടി.തിരിഞ്ഞു നോക്കിയിട്ട്‌ ആരെയും കണ്ടില്ല.ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി..ആരുമില്ല..നേരത്തെ വീശിയ ആ കാറ്റു പോലും.തെല്ലൊരു പേറ്റി തോന്നി.തോന്നിയതാകാം എന്ന് സ്വയം ആശ്വസിച്ചു.പക്ഷേ ആ ആശ്വാസം അധികം നേരം ഉണ്ടായില്ല.വീണ്ടും ചോദ്യം വന്നു.ഇത്തവണം സ്വരം കുറച്ചു കൂടി കടുത്തതായിരുന്നു.

ആരാന്നാ ചോദിച്ചേ?"

"നിങ്ങളാരാ?" ഞാന്‍ തിരിച്ചു ചോദിച്ചു.

"എന്റെ ദേഹത്ത്‌ കയറി നിന്നിട്ട്‌ ഞാന്‍ ആരാണെന്നൊ?"

ദേഹത്തോ,ഞാനോ..ഞാന്‍ താഴേയ്ക്ക്‌ നോക്കി.ഞാന്‍ ചവുട്ടിയിരിക്കുന്നത്‌ ആ വീടിന്റെ തറയിലാണു.അപ്പോള്‍ എന്നോടു സംസാരിക്കുന്നത്‌ ഈ വീടാണോ?

"നിങ്ങള്‍ ഈ വീടാണോ?"

"അതെ,പക്ഷേ കുഞ്ഞാരാ,മനസ്സിലായില്ലല്ലോ,എന്നെ വാങ്ങിയവരുടെ ആരെങ്കിലുമാണോ,അതോ പൊളിക്കുന്ന ആളോ?" ഇപ്പോള്‍ ശബ്ദത്തിലെ ദേഷ്യമൊക്കെ ഒന്നു കുറഞ്ഞു.

"ഞാന്‍ ഇവരാരുമല്ല,ഇവിടെ അടുത്തുള്ളതാ.ഇതിനു മുന്‍പ്‌ ഇവിടെ വന്നിട്ടുണ്ട്‌,തീരെ ചെറുതായിരുന്നപ്പോ.വീടു പൊളിക്കാന്‍ പോകുവാ എന്നു കേട്ടു,അപ്പോള്‍ ചുമ്മാ ഒന്നു വന്നതാ" തോന്നലാണോ,ശരിയാണോ എന്നോര്‍ക്കാതെ ഞാനും മറുപടി പറഞ്ഞു.

"ആഹാ,ഇവിടെ വന്നിട്ടുണ്ടല്ലേ.എനിക്ക്‌ അത്ര ഓര്‍മ്മ പോരാ,പ്രായം ഒരുപാടായേ.ഞാന്‍ ഓര്‍ത്തു പൊളിക്കുന്നവരാകുമെന്നു.ഇനി അധികം താമസമില്ല.ഇന്നോ നാളെയോ കൂടിപ്പോയാല്‍ മറ്റന്നാള്‍.അതു കഴിഞ്ഞാല്‍,ഞാനും മണ്ണോടു മണ്ണാകും.പിന്നെ..." മുഴുമിക്കാതെ വീടു പറഞ്ഞു നിര്‍ത്തി.

"നിങ്ങള്‍ക്കു ജീവനുണ്ടോ?" വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ചോദ്യം.രണ്ടും കല്‍പിച്ചു ഞാനതങ്ങു ചോദിച്ചു.

"എന്തോരു ചോദ്യമാ കുഞ്ഞേ.ജീവനില്ലെങ്കില്‍ ഞാന്‍ സംസാരിക്കുമോ.എനിക്കു മാത്രമല്ല,എല്ലാ വീടുകള്‍ക്കും ജീവനുണ്ട്‌.ഞങ്ങള്‍ക്കുമുണ്ട്‌ വികാരങ്ങളും വിചാരങ്ങളുമൊക്കെ.ഞങ്ങളും കരയാറുണ്ട്‌,ചിരിക്കാറുണ്ട്‌,ദേഷ്യപ്പെടാറുണ്ട്‌..പക്ഷേ ആരും കാണാറില്ല എന്നു മാത്രം."

"ഞാന്‍ കണ്ടിട്ടുണ്ട്‌".ഞാന്‍ ഇടയ്ക്ക്‌ കയറി പറഞ്ഞു.

"ആഹാ,പലരും കാണാറില്ല.എല്ലാവര്‍ക്കും തന്നെ ഞങ്ങള്‍ വെറും കല്ലും മണ്ണും മരവുമാ"


"എപ്പോഴാ ഏറ്റവും വിഷമം തോന്നിയത്‌,പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോഴാണോ?" എനിക്ക്‌ ചോദിക്കാന്‍ കൂടുതല്‍ ധൈര്യം തോന്നി തുടങ്ങി.അതു കൊണ്ടു തന്നെയാകാണം മനസ്സില്‍ ഒരുപാട്‌ ചോദ്യങ്ങളും വന്നു കൊണ്ടേയിരുന്നു.

"പൊളിക്കാന്‍ പോകുവാ എന്നറിഞ്ഞപ്പോ സങ്കടം ഒന്നും തോന്നിയില്ല.ശരിക്കും തോന്നിയത്‌ ഒരാശ്വാസമാ.അങ്ങനെയെങ്കിലും ഈ ജന്മം ഒന്നു തീരുമല്ലോ..അപമാനവും പരിഹാസവും വേദനകളും ഏകാതന്തയുമൊക്കെ.ഇതിനേക്കാളുമൊക്കെ വിഷമം തോന്നിയിട്ടുണ്ട്‌,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.ഈ വീട്ടില്‍ വളര്‍ന്ന് ഒരോ കുട്ടിയേയും ഞാന്‍ എന്റെ കുഞ്ഞായാ കരുതിയിരിക്കുന്നേ.എന്റെ സ്വന്തം.അതില്‍ തന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ച ഒരു മോളുണ്ടായിരുന്നു.ശ്രീക്കുട്ടി.മോന്‍ പറഞ്ഞില്ലേ,എന്റെ ദേഷ്യോം സങ്കടോമൊക്കെ കണ്ടിട്ടുണ്ടെന്നു.അതാദ്യം കണ്ടത്‌ അവളായിരുന്നു.എന്നോട്‌ എന്നും സംസാരിക്കും,വഴക്കിടും അങ്ങനെ അങ്ങനെ.പക്ഷേ ഒരിക്കല്‍..അവള്‍ക്കു മഴ വലിയ ഇഷ്ടമായിരുന്നു.മഴ പെയ്യുന്ന സമയത്ത്‌ എന്നും ഇവിടെ ഈ അരഭിത്തിയില്‍ വന്നിരിക്കും.അങ്ങനെ ഒരു ദിവസം,മഴ തുടങ്ങിയപ്പോള്‍ അകത്തു നിന്നു ഓടി വന്നതാ,തലേന്നു രാത്രി പെയ്ത മഴ കാരണം ഉമ്മറത്ത്‌ വെള്ളം കിടപ്പുണ്ടായിരുന്നു.അതില്‍ ചവിട്ടി അവള്‍ തെന്നി വീണു.ചെന്നു വീണത്‌ ഈ നടയില്‍..പിന്നെ അവള്‍ മിണ്ടിയില്ല..എന്നോട്‌ വഴക്കിട്ടില്ല.ഇവിടെ വച്ചു ഒരുപാട്‌ പേര്‍ മരിച്ചിട്ടുണ്ട്‌.അന്നൊക്കെ തോന്നിയതിലും വലിയ വേദന തോന്നിയത്‌ എന്റെ ശ്രീക്കുട്ടി പോയപ്പോഴാ..അതു ഞാന്‍ കാരണമാ എന്നു കൂടി എല്ലാവരും പറഞ്ഞപ്പോള്‍....ഇവിടെ വച്ചു മരിച്ചവര്‍,അതവരുടെ വിധിയായിരുന്നു.ഇവിടെ അല്ലായിരുന്നെങ്കിലും അവര്‍ ആ ദിവസം മരിക്കുമായിരുന്നു...അതിനു ഞാനെന്തു ചെയ്തു..എന്നിട്ടും ഞാന്‍ ശപിക്കപ്പെട്ടവനായി..രാശിയില്ലാത്തവനായി..."

പറഞ്ഞു കൊണ്ടിരുന്ന ശബ്ദം ഒക്കെ മാറി ഒരു തേങ്ങലായി.ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.വിഷയം മാറ്റനെന്നവണ്ണം ഞാന്‍ ചോദിച്ചു,എപ്പോഴാ ഏറ്റവും സന്തോഷം തോന്നിയത്‌...

കുറച്ചു നേരത്തേയ്ക്ക്‌ ഒന്നും പറഞ്ഞില്ല.ആലോചിക്കുന്നത്‌ പോലെ തോന്നി.

"സന്തോഷം..അതു തോന്നിയിരിക്കുന്നത്‌ വളരെ കുറവാ.പിന്നെയും ഒരല്‍പം സന്തോഷമുണ്ടായിരുന്നത്‌ എന്റെ പണി കഴിഞ്ഞ്‌ സമയത്താ.ആദ്യം താമസിച്ച കുടുംബം.അവരുടെ സന്തോഷങ്ങളൊക്കെ എന്റേയും സന്തോഷമായിരുന്നു.ഒരു പക്ഷേ,ശ്രീക്കുട്ടി കഴിഞ്ഞാല്‍ എനിക്ക്‌ ഏറ്റവും സന്തോഷം നല്‍കിയത്‌ അവരായിരുന്നു..."

"അതൊരു ജന്മിയല്ലായിരുന്നോ,ഒരുപാട്‌ പേരെ കൊന്ന.." ഞാന്‍ ഇടയ്ക്ക്‌ കയറി


"ആരാ ഇതൊക്കെ പറഞ്ഞേ..കഴിഞ്ഞ ദിവസം വന്നവരും പറയുന്നത്‌ കേട്ടു.എന്റെ ഭാഗ്യകേടിന്റെ കാരണം അയാളാണെന്നൊക്കെ.അയാള്‍ ജന്മിയൊന്നുമല്ലായിരുന്നു.ഒരു അദ്ധ്വാനിയായ കൃഷിക്കാരന്‍.അയാളും ഭാര്യയും ഒരു മകനും ഒരു മകളും.അവരായിരുന്നു ഇവിടെ താമസിച്ച ആദ്യ കുടുംബം.അതൊരു നൂറു നൂറ്റമ്പതു വര്‍ഷം മുന്‍പാ.പിന്നെ പിന്നെ എന്റെ ഭാഗ്യകേടിനൊരു കാരണം വേണ്ടേ,അതിനു ആരോ ചേര്‍ന്നുണ്ടാക്കിയ കഥായാണു ഈ ജന്മിയും അയാളുടെ ക്രൂരതയുമൊക്കെ..അവരുടെ മകളുടെ കല്യാണം ഇവിടെ വച്ചായിരുന്നു.മുറ്റത്ത്‌ പന്തലൊക്കെയിട്ട്‌,ഒരാഘോഷം.ആദ്യമായും അവസാനമായും ഇവിടെ നടന്ന ആഘോഷം..."

ഞങ്ങളിതു പറഞ്ഞു കൊണ്ടിരിക്കേ,ദൂരേ നിന്നു വണ്ടികളുടെ ശബ്ദം കേട്ടു.അത്‌ അടുത്ത്‌ അടുത്ത്‌ വന്നു...

"അവരെത്തി.എന്റെ ജീവിതം ഇന്നവസാനിക്കുന്നു..അല്ലാ,ഇന്നു ഈ ഏകാതന്തയും വേദനകളുമൊക്കെ തീരുന്നു.ഇനി നമ്മള്‍ കാണില്ല.മോന്‍ ഇനി വരുമ്പോഴേക്കും,ഞാന്‍ മണ്ണോടു മണ്ണായി കാണും.ഇവിടെ ചിലപ്പോള്‍ പുതിയൊരു വീട്‌ വന്നേക്കാം,എന്നെക്കാള്‍ ഭംഗിയും ഉറപ്പമുള്ള ഒന്നു...ഭാഗ്യവും..."

അവരൊക്കെ അടുത്തെത്തിയിരുന്നു.ഒരു ലോറിയും കുറേ പണിക്കാരുമൊക്കെ..എനിക്ക്‌ മറുപടി പറയാന്‍ ഒന്നും കിട്ടിയില്ല.വീടും സംസാരം നിര്‍ത്തിയ പോലെ..ഞാന്‍ പതിയെ ആ പടിക്കല്ലേയ്ക്ക്‌ നടന്നു..പുറകില്‍ നിന്നൊരു ചിരി കേട്ടോ..തോന്നല്ലാണോ..എന്റെ കണ്ണൊന്നു നിറഞ്ഞ പോലെ...അതു പക്ഷേ തോന്നലായിരുന്നില്ല....

Thursday, June 26, 2008

ദീപിക യൂസ് നെറ്റ് 2.0



ദീപിക പത്രത്തിന്റെ ഒപ്പം ബുധനാഴച്ചകളില്‍ പ്രസീദ്ധീകരിക്കുന്ന ടാബ്ലോയിഡ് ചോക്ലേറ്റിലെ യൂസ്നെറ്റ് 2.0 എന്ന കോളത്തില്‍ വന്ന എന്റെ കുറിപ്പ്...

Friday, May 16, 2008

എന്റെ കോളേജിലെ ഇടനാഴി....

ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
(മൊബൈല്‍ ക്യാമറയില്‍ എടുത്തതാണു,വ്യക്തത കുറവുണ്ട്,ക്ഷമിക്കുക)

Thursday, May 1, 2008

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്‍....

ചില വ്യക്തികള്‍,ചില കണ്ടുമുട്ടലുകള്‍,മനസ്സില്‍ ഒരു നുള്ളു നൊമ്പരം അവശേഷിപ്പിക്കാറുണ്ട്.പരിചിതനായ ഒരു വ്യക്തിയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍,അതെന്റെ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങലാണു സൃഷ്ടിച്ചതു.ആ നൊമ്പരം,അക്ഷരങ്ങളുടെ രൂപമെടുത്തപ്പോള്‍,ഇന്ദുലേഖാ.കോമിലെ സ്പൈസ് എന്ന ചാനലില്‍,പ്രസിദ്ധീകരിക്കപ്പെട്ടു.അതു നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു....

http://indulekha.com/spice/2008/04/mrudul-george-viswajyothi-college-of.html

നിങ്ങളുടെ സ്വന്തം

മൃദുല്‍

Wednesday, April 16, 2008

അതിരു കാക്കും മലയങ്ങു തുടുത്തേ....

ഒരുപാട് നാളുകള്‍ കൂടിയാണു ഇവിടെ ഒരു പോസ്റ്റ്.

എഴുതാനായി ഒന്നും മനസ്സില്‍ തോന്നിയില്ല എന്നതാണു സത്യം.ചില കാര്യങ്ങള്‍ വാക്കുകളിലേയ്ക്കു പകര്‍ത്താനും കഴിഞ്ഞില്ല.പിന്നെ സമയക്കുറവും ഒരു കാരണമായിരുന്നു.കോളേജിലെ തിരക്കുകള്‍,ചാനലിലെ പ്രോഗ്രാമിനു വേണ്ടിയുള്ള സ്ക്രിപ്റ്റ്,അങ്ങനെ അങ്ങനെ....

അങ്ങനെയിരിക്കുമ്പോഴാണു ഇന്നലെ യാദൃശ്ചികമായി ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയിലെ ഒരു പാട്ട് വീണ്ടും കേട്ടത്.ശരിക്കും അതൊരു പാട്ടല്ല,കവിതയാണു.ചിത്രം,സര്‍വ്വകലാശാല.കവിതയേതാണെന്നു എല്ലാവര്‍ക്കും മനസ്സിലായല്ലോ,അതു തന്നെ...ഇന്നലെ അതു കേട്ടു കൊണ്ടിരുന്നപ്പോള്‍ ചുമ്മാ അതു കുറിച്ചു വച്ചു.ഒരിക്കല്‍ ഇതിലെ വരികള്‍ തപ്പി ഒരുപാടു നടന്നതാണു.ആ ഒരു ഓര്‍മ്മയുള്ളതു കൊണ്ട്,ആ വരികള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി ഇവിടെ കുറിക്കുന്നു....

രചന:കാവലം നാരയണ പണിക്കര്‍

അതിരു കാക്കും മലയങ്ങു തുടുത്തേ തുടുത്തേ തകതകതാ

അങ്ങു കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില തറയിലെ

പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ

ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,

ചതിച്ചേ തകതകതാ

മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ

തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ(2)

കാറ്റിന്റെ ഉലച്ചില്ലില്‍ ഒരു വള്ളിക്കുരുക്കില്‍ ഉരലൊന്നു മുറുകി,തടിയൊന്നു ഞെരുങ്ങി

ജീവന്‍ ഞരങ്ങി,തക തക താ...

ഇതു ഞാന്‍ കേട്ടെഴുതിയതാണു,തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.ഇതിന്റെ വീഡിയോയും ഒപ്പം ചേര്‍ക്കുന്നു...

നിങ്ങളുടെ സ്വന്തം

മൃദുല്‍


Saturday, February 23, 2008

അങ്ങനെ ഞാനും ഒരു ആങ്കറായി.....

വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

അതു സംഭവിച്ചു..

അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...



അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...

നോട്ടുമാല അണിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മണി ഓര്‍ഡര്‍ അയച്ചാല്‍ മതിയേ....

Friday, February 8, 2008

ബൂലോഗത്തിലെ എന്റെ ഒരു വര്‍ഷം..അഥവാ എന്റെ ബ്ലോഗിനിന്നു ഒരു വയസ്സ്

ഇന്നേയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്വപ്നവും കണ്ടു കിടന്നിരുന്ന ഒരു പത്തൊമ്പതുകാരന്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു മോഹം,ഒരു ബ്ലോഗ്‌ തുടങ്ങാന്‍...തുറന്നു ബ്ലോഗര്‍.കോം,തുടങ്ങി ഒരു ബ്ലോഗ്‌...മഞ്ഞുത്തുള്ളികള്‍ !!!!

പ്രിയപ്പെട്ടവരേ,

സന്തോഷ ജന്മദിനം കുട്ടിയ്ക്കു....സന്തോഷ ജന്മദിനം കുട്ടിയ്ക്കു....

അതെ,ഞാന്‍ ബൂലോഗത്ത്‌ എത്തിയിട്ടിന്നു ഒരു വര്‍ഷം തികയുന്നു.2007 ഫെബ്രുവരി എട്ടാം തീയതി ഇട്ട മഞ്ഞുത്തുള്ളികള്‍ എന്ന പോസ്റ്റായിരുന്നു ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു ഒരുപാടൊക്കെ സംഭവിച്ചു.എന്തിനു വേണ്ടിയാണു ബ്ലോഗ്‌ തുടങ്ങുന്നതു എന്നു പോലും അറിയാതിരുന്ന എന്റെ ബ്ലോഗില്‍ ദൈവം സഹായിച്ച്‌ എല്ലാ മാസവും പുതിയതെങ്കിലും കുറിക്കാന്‍ കഴിഞ്ഞു,+2 വരെ ഉപന്യാസം അല്ലാതെ ഒന്നും തന്നെ എഴുതിയിട്ടില്ലാത്ത ഞാന്‍,ഒരുപാട്‌ കഥകള്‍ എഴുതി.എല്ലാത്തിനെയും തന്നെ നിങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഒരു അലങ്കാരം പോലെ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്റര്‍വ്യൂ...എല്ലാം കൊണ്ടും ബൂലോഗത്തിലെ എന്റെ ആദ്യ വര്‍ഷം സുന്ദരമായിരുന്നു.

മുകളില്‍ പറഞ്ഞതു പോലെ,വ്യക്തമായ ഒരു രൂപവും ഇല്ലാതെയാണു ഞാന്‍ ഈ ബ്ലോഗ്‌ ആരംഭിച്ചത്‌.ബൂലോഗത്തെ പലരുടേയും തുടക്കം പോലെ ഓര്‍ക്കൂട്ടിലെ തനിമലയാളക്കൂട്ടത്തില്‍ നിന്നു തന്നെയായിരുന്നു എന്റേയും തുടക്കം.ഞാനേറേ സ്നേഹിക്കുന്ന എന്റെ ഒരു പ്രിയപ്പെട്ട ചേച്ചിയാണു എന്നെ ബൂലോഗത്തിലേയ്ക്ക്‌ കൊണ്ടു വന്നതു.ഇന്നും ഒരു താങ്ങായി തണലായി ചേച്ചി എന്റെ കൂടെയുണ്ട്‌.ഈ ഒരു വര്‍ഷം എനിക്കു തന്നതു വത്യസ്തമായ ഒരുപാട്‌ അനുഭവങ്ങളായിരുന്നു,..ഒരുപാട്‌ പ്രതിഭാധനരായ സുഹൃത്തുകള്‍,വായനയുടേയും എഴുത്തിന്റേയും പുതിയ തലങ്ങള്‍ എന്നിങ്ങനെ..ഒരല്‍പം അഹങ്കാരത്തോടെ തന്നെ പറയട്ടെ,മൃദുല്‍ എഴുതുന്ന ആളാണെന്നു പലരും അറിഞ്ഞതും പറഞ്ഞതും ഈ ബ്ലോഗിലൂടെയാണു.അതു പോലെ തന്നെ ബ്ലോഗിലെ പല രചനകളും പല പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു പ്രസിദ്ധീകരിക്കുകയുണ്ടായി....

ഒരുപാട്‌ പേരോട്‌ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്‌...എല്ലാവര്‍ക്കും,എല്ലാത്തിനും മുന്‍പേ,എല്ലാ മാസവും വത്യസ്തമായ ആശയങ്ങള്‍ എന്റെ മനസ്സിലെത്തിക്കുന്ന എന്റെ ദൈവത്തിനു..താങ്ങായി തണലായി കൂടെയുള്ള അമ്മയ്ക്കു...എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ചേട്ടനു,പിന്മൊഴികള്‍ രേഖപ്പെടുത്തിയവരോട്‌,ഇനിയും നേരിട്ട്‌ കാണാത്ത ചേച്ചിക്കൊച്ചിനു..എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ സുഹൃത്തുകള്‍ക്കും..എല്ലാവര്‍ക്കും..ഒരായിരം നന്ദി...

ഒന്നും ഇവിടെ അവസാനിക്കുന്നില്ല..ദൈവം സഹായിച്ചാല്‍ ഇനിയും ഞാന്‍ വരും...മഞ്ഞുത്തുള്ളികളുമായി.വിരഹത്തിന്റെ നോവുള്ള,പ്രണയത്തിന്റെ ആര്‍ദ്രതയുള്ള,സൗഹൃദത്തിന്റെ സന്തോഷമുള്ള,നനുത്ത മഞ്ഞുത്തുള്ളികളുമായി..കവി പാടിയതു പോലെ,

“മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും,
അനക്കമറ്റു നിദ്രയില്‍
ലയിപ്പതിനു മുന്‍പിലായി,
എനിക്കതീവ ദൂരമുണ്ട്‌,
അവിശ്രമം നടക്കുവാന്‍.....“

ഒരിക്കല്‍ കൂടി...ഒരുപാടു നന്ദി...

നിങ്ങളുടെ സ്വന്തം

മൃദുല്‍

കഴിഞ്ഞ പോസ്റ്റില്‍ ഒരു യാത്രയെ കുറിച്ചു പറഞ്ഞിരുന്നു...ആ യാത്ര നന്നായിരുന്നു...എല്ലാ അര്‍ത്ഥത്തിലും...അതിന്റെ ഫലമായി,ഈ ഞായറാഴച്ച മുതല്‍ കൈരളി വീ ചാനലില്‍ ഞാന്‍ അവതാരകനാകുന്ന പ്രോഗ്രാം ആരംഭിക്കുന്നു..ഉച്ചയ്ക്കു ഒന്നരയ്ക്കു...പരിപാടിയുടെ പേരു പനോരമ.കഴിയുന്നവര്‍ കാണുക..അഭിപ്രായങ്ങള്‍ അറിയിക്കുക :)

Wednesday, January 23, 2008

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര....

പ്രിയപ്പെട്ടവരേ...

ഞാനൊരു യാത്ര പോകുന്നു.

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര...

ഇതാദ്യമല്ല,പലകുറി പോയതാണു,പല തവണ പോകാന്‍ ഒരുങ്ങിയതാണു.

പോയപ്പോഴൊന്നും എന്റെ സ്വപനത്തെ കണ്ടുമുട്ടിയില്ല,

ചിലപ്പോഴൊക്കെ പോകാനേ പറ്റിയില്ല..

പക്ഷേ,ഇക്കുറി മനസ്സു പറയുന്നു,ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്കെത്തുമെന്നു...

ഭൂലോകത്തെ പലരും പോയതു പോലെ ഇതൊരു നീണ്ട യാത്രയല്ല,

ഇതൊരു കൊച്ചു യാത്ര...കണ്ണെത്തുന്ന ദൂരത്തേയ്ക്കുള്ള യാത്ര.

തിരിച്ചു ഞാന്‍ വരും..

സ്വപനങ്ങളിലേയ്ക്ക് ഞാനെത്തിയോ എന്നു നിങ്ങളെ അറിയിക്കാന്‍...

വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍...

എല്ലാവരുടേയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും പ്രതീക്ഷിച്ചു കൊണ്ട്..

നിങ്ങളുടെ സ്വന്തം

മൃദുല്‍ ...

Wednesday, January 16, 2008

എന്‍ മാതാവിന്‍ വിലാപങ്ങള്‍...

എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍
ദേഹത്തു പതിച്ച നേരം
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍
മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടു

അനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേ
ആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാ
നിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍
ദുഖമാണിന്നെന്‍ നെഞ്ചകം നിറയെ
ഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെ
എന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നു
എന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേ

നികൃഷ്ടമാം ജന്മങ്ങളെന്‍ പുത്രിമാരേ
കൊല്ലാതെ കൊല്ലുന്നു ദിനം തോറുമേ
ഇവര്‍ക്കുമില്ലേ പ്രിയരേ ഒരു ജീവിതം
തട്ടി തകര്‍ക്കല്ലതെന്‍ പ്രിയ മക്കളേ

സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ

എന്തു ഞാന്‍ പറയണമെന്നമ്മയോട്‌
അറിയില്ലെനിക്കേതു വാക്കിനാല്‍ ക്ഷമ ചോദിക്കണമെന്നു
എങ്കിലും ക്ഷമിച്ചീടണേ മാതേ
അഭിശപ്താമീ ജന്മങ്ങളോട്‌ !

Monday, December 24, 2007

നക്ഷത്രങ്ങള്‍ കഥ പറയുമ്പോള്‍...

നാളത്തെ പ്രസന്റേഷനു വേണ്ട അവസാനത്തെ സ്ളൈഡും കഴിഞ്ഞു.മണി ഒന്നര.ഞാന്‍ സിസ്റ്റം ഷട്ട്‌ ഡൌണ്‍ ചെയ്ത്‌ എഴുന്നേറ്റു,ജനാലയിലൂടെ അരികിലേയ്ക്ക്‌ നീങ്ങി.നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌ പുറത്ത്‌.പതിവില്ലാത്തവണ്ണം നല്ല നിലാവും.ക്രിസ്മസ്സിന്റെ വരവറിയിച്ചു കൊണ്ട്‌ പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങള്‍..ഞാനും തൂക്കിയിട്ടുണ്ട്‌ ഒരു നക്ഷത്രം..ഒരു കൊച്ചു വെള്ള നക്ഷത്രം.പണ്ടൊക്കെ നാലഞ്ചു നക്ഷത്രങ്ങള്‍ ഇടാനും,അതു മാറി മാറി മിന്നിക്കാനുമൊക്കെ എന്തു കൊതിയായിരുന്നു.പക്ഷേ അതിനുള്ള പണം ചോദിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ മടിക്കും.ഇന്നിപ്പോ ആരോടും ചോദിക്കാതെ തന്നെ പണം ചെലവാക്കാം എന്നായപ്പോഴെക്കും അതിലുള്ള താത്പര്യം ഒക്കെ കുറഞ്ഞു...

പുറത്തെ നിലാവ്‌ വല്ലാതെ കൊതിപ്പിക്കുന്നു.ഇന്നത്തെ ഉറക്കം ടെറസില്‍ ആക്കാം.ബെഡ് ഷീറ്റും തലയിണയും എടുത്തു ഞാന്‍ ടെറസിലേയ്ക്കു കയറി.ഷീറ്റു വിരിച്ചു ഞാന്‍ അവിടെ കിടന്നു.ധനു മാസത്തിന്റെ തണുപ്പരിച്ചു കയറുന്നു.പക്ഷേ അടച്ചിട്ട മുറിയിലെ എ.സിയുടെ തണുപ്പിനേക്കാളും സുഖമുണ്ട് ഇതിനു.ടെറസിലെ രാത്രികള്‍ സ്ഥിരമായിരുന്നു,ഒരു 2-3 വര്‍ഷം മുന്‍പ് വരെ.അതു ഈ ടെറസിലായിരുന്നില്ല.ഹോസ്റ്റലില്‍.സുഹൃത്തുകളുടെയൊപ്പം അറിവുള്ളതും ഇല്ലാതതുമായ എല്ലാ വിഷയങ്ങളേയും പറ്റി ആധികാരികമായി സംസാരിച്ച്,വാര്‍ഡന്റെ കണ്ണു വെട്ടിച്ച് മുറിയ്ക്കുള്ളില്‍ ഹീറ്റര്‍ കുത്തി ഉണ്ടാക്കിയ കട്ടനുമടിച്ച്..അതൊരു കാലം..

നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്.ഉള്ളതാകട്ടെ,ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു.കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും കണ്ണടയ്ക്കാന്‍ തോന്നുന്നില്ല.ഞാന്‍ ആകാശത്തേയ്ക്കു നോക്കി,എന്തൊക്കെയോ ആലോച്ചിച്ചു കിടന്നു.അവിടെയുള്ള നക്ഷത്രങ്ങള്‍ എണ്ണം പതിയെ പതിയെ കുറഞ്ഞു വരുന്നതു പോലെ തോന്നുന്നു.. തോന്നല്ലല്ല,ശരിക്കുമതു സംഭവിക്കുകയായിരുന്നു.എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി..പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം...എന്തോ ഒരു കൌതുകം തോന്നി ഞാനതിനെ തന്നെ നോക്കി കിടന്നു...ആ നോട്ടത്തിനിടയ്ക്കെപ്പോഴോ ഞാന്‍ മയങ്ങി....

“മൃദുല്‍..”.ആരോ വിളിക്കുന്നതു കേട്ടിട്ടാണു എഴുന്നേറ്റതു.

ചുറ്റും നോക്കിയിട്ടു ആരേയും കാണുന്നുമില്ല.വാച്ചില്‍ നോക്കിയപ്പോള്‍ മണി രണ്ടരയാകുന്നതേയുള്ളു.ഇനി ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.ഞാന്‍ വെറുതെ അവിടെ കിടന്നു.ആകാശത്തിപ്പോഴും ആ നക്ഷത്രം മാത്രം.അതിന്റെ പ്രകാശം വീണ്ടും കുറഞ്ഞതു പോലെ..

“മൃദുല്‍,നിന്നെ വിളിച്ചതു ഞാനാണു..”.മനസ്സില്‍ ചെറിയ പേടി തോന്നാതിരുന്നില്ല.ധൈര്യം വിടാതെ ഞാന്‍ അവിടെ കിടന്നു തന്നെ തിരിച്ചു ചോദിച്ചു..”ഞാനെന്നു വച്ചാല്‍..”

“ഞാനന്നു വച്ചാല്‍ ഞാന്‍ തന്നെ.ഇത്രയും നേരം എന്നെ കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ലേ.ആകാശത്തേയ്ക്കു നോക്കിയേ..”

ഞാന്‍ ആകാശത്തേയ്ക്ക് നോക്കി.ഇപ്പോഴും ആ നക്ഷത്രം മാത്രം..പക്ഷേ ഇത്തവണ ,അതൊന്നു മിന്നി.ഈ നക്ഷത്രമാണോ എന്നെ വിളിച്ചതു..ഏയ്,ഞാന്‍ എന്റെ കൈത്തണ്ടയില്‍ പതിയെ ഒന്നു നുള്ളി.നല്ല വേദന,അപ്പോളിതു സ്വപനമല്ല.പക്ഷേ,നക്ഷത്രങ്ങള്‍ സംസാരിക്കുമോ...ഇതു വരെ ഒരാളും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.അല്ല പിന്നെ,ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാ ഇനി പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതു...കണ്ണു മുറുക്കിയടച്ചു ഞാന്‍ അവിടെ കിടന്നു.അല്ല,ഇരുപത്തിനാലു മണിക്കുറും പ്രോഗ്രാമിംഗ് ചെയ്തോണ്ടിരുന്നാല്‍ ഇതല്ല,ഇതിന്റെ അപ്പുറവും തോന്നും...

പക്ഷേ വീണ്ടും എന്റെ പേരാരോ വിളിച്ചു..ഒന്നല്ല,ഒരുപാട് തവണ..

“മൃദുല്‍,ഇതു ഞാനാണു,നീ ഇത്രയും നേരം നോക്കി കിടന്ന നക്ഷത്രം.”

അപ്പോളതു തന്നെ സംഭവം.നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നു സ്വര്‍ഗത്തില്‍ എത്തിയവരാണെന്നാണല്ലോ വയ്പ്.ഞാന്‍ രണ്ടും കല്പിച്ചു ചോദിച്ചു.

“നീയാരാ?”

“ഞാന്‍..ഞാന്‍ നിന്റെ നക്ഷത്രം.”..

“എന്റെ നക്ഷത്രമോ,അതിനു ഞാന്‍ മരിച്ചോ...?മരിച്ചവരല്ലേ,നക്ഷത്രമായി വരുന്നതു..” ഞാന്‍ ചോദിച്ചു.

ഉത്തരം ഒരു ചിരിയായിരുന്നു.ചോദിച്ചതു അബദ്ധമായോ എന്ന മട്ടില്‍ ഞാന്‍ ആ നക്ഷത്രത്തെ നോക്കി..ചിരിയുടെ അവസാനം നക്ഷത്രം പറഞ്ഞു.

“ആരാ മൃദുലേ,നിന്നോടീ മണ്ടത്തരമൊക്കെ പറഞ്ഞതു.ഞങ്ങള്‍ നക്ഷത്രങ്ങള്‍ മരിച്ചവരുടെ പുനര്‍ജന്മം അല്ല,ജീവിച്ചിരിക്കുന്നവരുടെ സന്തോഷമാണു.”

“ജീവിച്ചിരിക്കുന്നവരുടെ സന്തോഷമോ?”എനിക്കൊന്നും മനസ്സില്ലായില്ല...നക്ഷത്രം തുടര്‍ന്നു..

“അതെ,ജീവിച്ചിരിക്കുന്നവരുടെ സന്തോഷം.ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഒരോ നക്ഷത്രമുണ്ട്.ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും..”

“ആഹാ,ഇതു കൊള്ളാല്ലോ.”ഞാന്‍ മനസ്സില്‍ പറഞ്ഞു.

“അപ്പോള്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്ന നക്ഷത്രങ്ങളോ..അവരൊക്കെ എവിടെ.?” ഞാന്‍ ചോദിച്ചു.

“അതോ,അവരൊക്കെ അവരുടെ ഭൂമിയിലെ ഉടമസ്ഥരുടെ സന്തോഷക്കുറവു കൊണ്ടു ഇരുണ്ടു ഇരുണ്ടു ഇല്ലാതായി.എന്നു വച്ച് ആ ആളുകള്‍ക്കു ഇനി സന്തോഷമേ ഉണ്ടാകില്ല എന്നല്ല കേട്ടോ..പോയതിനു പകരമായി,പുതിയ കുട്ടി നക്ഷത്രങ്ങള്‍ ആ ആളുകള്‍ക്കു വേണ്ടിയുണ്ടാകും.”

“നീ എന്റെ നക്ഷത്രമല്ലേ,പിന്നെന്താ ഇങ്ങനെ മങ്ങിയിരിക്കുന്നേ?” ഞാന്‍ ചോദിച്ചു.

“അതിനുള്ള ഉത്തരം എനിക്കു തരേണ്ടതു മൃദുലാണു.ഞാന്‍ പറഞ്ഞില്ലേ,നിന്റെ സന്തോഷമാണു എന്റെ പ്രകാശം.സത്യം പറ,നിനക്കു സന്തോഷമുണ്ടോ?”

എന്തു മറുപടി പറയും.ഞാനും കുറച്ചു ദിവസമായി ഇതെന്നോടു തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ട്.

“എനിക്കു സങ്കടമില്ല.” ഞാന്‍ മറുപടി പറഞ്ഞു.

“അതല്ലല്ലോ ഞാന്‍ ചോദിച്ചതിന്റെ ഉത്തരം..നിന്റെ സന്തോഷക്കുറവു കാരണം,എന്റെ ആയുസ്സു തീരാന്‍ പോകുന്നു.പക്ഷേ,എനിക്കീ ഭൂമി വിട്ട്,ഇതിന്റെ നന്മകള്‍ വിട്ട്,ഈ കാഴ്ച്ചകള്‍ വിട്ട്,ജനിച്ചപ്പോള്‍ മുതല്‍ എന്റെ കൂടെയുള്ള നിന്നെ വിട്ട് ഇരുട്ടിലേയ്ക്ക് പോകാന്‍ വയ്യാ.”

“പക്ഷേ ഞാനെന്തു ചെയ്യും.ഞാന്‍ പറഞ്ഞല്ലോ,എനിക്കു സന്തോഷക്കുറവില്ല..എന്നിട്ടും നിന്റെ പ്രകാശം കുറയുന്നതിനു ഞാന്‍ എന്തു ചെയ്യാനാ.?” ഞാന്‍ ചോദിച്ചു.

“എനിക്കറിയാം,ഞാന്‍ ഇരുളാന്‍ കാരണം നിന്റെ സന്തോഷകുറവാകില്ല.പക്ഷേ ഞങ്ങളുടെ പ്രകാശത്തെ നിയന്ത്രിക്കുന്ന മറ്റൊന്നു കൂടിയുണ്ട്.ഞങ്ങളുടെ ഉടമസ്ഥര്‍ക്കു മറ്റുള്ളവരോടുള്ള വെറുപ്പ്,ദേഷ്യം.ഇതെല്ലാം കൂടുമ്പോള്‍ അവരറിയാതെ തന്നെ അവരുടെ സന്തോഷം കുറയും.അതവര്‍ക്കു മനസ്സിലാകില്ല എങ്കിലും ഞങ്ങള്‍ക്കറിയാം,കാരണം ഞങ്ങളില്‍ ഒരുപാട് പേര്‍ക്കു ഭുമി വിടേണ്ടി വന്നതിന്റെ കാരണമതാണു.പറയൂ മൃദുല്‍,നിനക്കാരോടെങ്കിലും വെറുപ്പുണ്ടോ,ആരോടെങ്കിലും അടക്കാനാവത്ത ദേഷ്യമുണ്ടോ..?”

ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു.

“ഉണ്ടാകാം..അല്ല ഉണ്ട്.പക്ഷേ അതിനെന്താ ഇവിടെ കാര്യം. പലരുടെ പ്രവൃത്തികള്‍ കൊണ്ടും,സംസാരം കൊണ്ടും എനിക്കു വെറുപ്പും ദേഷ്യവുമൊക്കെ തോന്നീട്ടുണ്ട്.ഇപ്പോഴും തോന്നുന്നുണ്ട്..അതു കൊണ്ടു എന്റെ സന്തോഷം കുറഞ്ഞതായി എനിക്കു തോന്നീട്ടില്ല.അല്ല,ഇപ്പോ കുറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു കുഴപ്പമില്ല.”

“നിനക്കു കുഴപ്പമില്ലായിരിക്കും..പക്ഷേ ഞാന്‍,എന്റെ കാര്യം.ചെയ്യാത്ത തെറ്റിനു,ഞാനേറെ സ്നേഹിക്കുന്ന ഈ ഭൂമി വിട്ട്,എന്റെയീ ആകാശം വിട്ട്,ഈ കൂട്ടുകാരെ വിട്ട് ഞാന്‍ പോകണോ..നീ ഒന്നു വിചാരിച്ചല്‍,അവരോടെക്കെ മനസ്സു കൊണ്ടു നീയൊന്നു ക്ഷമിച്ചാല്‍,ഒന്നു സ്നേഹിച്ചാല്‍...”

“കൊള്ളാം,ഞാന്‍ അങ്ങനെയിങ്ങനെയൊന്നു ആരെയും വെറുക്കാറുമില്ല,ആരോടും ദേഷ്യപ്പെടാറുമില്ല.അന്നിട്ടും എനിക്കങ്ങനെയൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണവുമുണ്ട്.അവരോടൊക്കെ ക്ഷമിക്കാനും അവരെയൊക്കെ സ്നേഹിക്കാനും എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്.വേറെ എന്തെങ്കിലും ചെയ്യണമെങ്കില്‍ പറ,ഞാന്‍ ചെയ്തു തരാം..“ ഞാന്‍ പറഞ്ഞു.

“മൃദുല്‍,എനിക്കു വേറൊന്നും വേണ്ട,വേറൊന്നു കൊണ്ടും കാര്യമില്ല.ഇനി എന്നില്‍ അവശേഷിക്കുന്നതു വളരെ കുറച്ചു നിമിഷങ്ങളിലേയ്ക്കു കൂടിയുള്ള പ്രകാശം മാത്രമാണു.നീ വിചാരിച്ചാല്‍..ഞാന്‍ പോയാല്‍ നിനക്കു വേണ്ടി നാളെ മറ്റൊരു നക്ഷത്രം ജനിക്കും..അല്പായുസ്സായി അതും അവസാനിക്കും..പക്ഷേ,നീ ഇപ്പോഴൊന്നു ക്ഷമിക്കാന്‍ തയ്യാറയ്യാല്‍,സ്നേഹിക്കാന്‍ തുടങ്ങിയാല്‍,നീ ഉള്ളിടത്തോളം കാലം ഞാനുമുണ്ടാകും.നോക്കു,നാളത്തെ രാവു പുലരുന്നതു ക്രിസ്തുമസിലേയ്ക്കാണു.ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും പഠിപ്പിച്ച ക്രിസ്തു ജനിച്ച നാള്‍.തന്നെ ദ്രോഹിച്ചവര്‍ക്കു വേണ്ടി പോലും പ്രാര്‍ത്ഥിച്ച ക്രിസ്തുവിനു വേണ്ടിയെങ്കിലും നിനക്കതു ചെയ്തു കൂടേ??”.ഇതു പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും എന്റെ നക്ഷത്രം ഒരു കുഞ്ഞു പൊട്ട് പോലെ ആയിക്കഴിഞ്ഞിരുന്നു.

വേണമെന്നു വച്ചാല്‍ കൂടി അവരോടൊക്കെ ക്ഷമിക്കാന്‍,അവരെയൊക്കെ സ്നേഹിക്കുവാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.എങ്കിലും ആ നക്ഷത്രത്തിന്റെ ആശ്വാസത്തിനായി അതു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

“എനിക്കതിനു കഴിയുമോ എന്നെനിക്കറിയില്ല..പക്ഷേ നിനക്കു വേണ്ടി ഞാന്‍ അവരോടൊക്കെ ക്ഷമിക്കാം.അവരെയൊക്കെ സ്നേഹിക്കാം.അല്ല,കഷ്മിക്കനും സ്നേഹിക്കാനും ശ്രമിക്കാം. പക്ഷേ എന്നിട്ടും നിനക്കു ജീവിക്കാനായിലെങ്കില്‍ എന്നോടു ക്ഷമിക്കണം.” ഞാന്‍ പറഞ്ഞു.

ആ മുഖങ്ങള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നു വന്നു.പലരും പലതും ഓര്‍മ്മിപ്പിക്കുന്നു..ചിലരുടെ മുഖങ്ങള്‍ ,മറന്നിരുന്ന പല സംഭവങ്ങളും മനസ്സിലേയ്ക്ക് കൊണ്ടു വരുന്നു.വല്ലാതെ വേദനിപ്പിക്കുന്നു..കവിളിലൂടെ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി.ദൈവമേ ഇവരൊയൊക്കെ ഞാന്‍ സ്നേഹിക്കുന്നു..ഇവരോടൊക്കെ ഞാന്‍ ക്ഷമിക്കുന്നു...എത്ര നേരം കഴിഞ്ഞാണു കണ്ണുകള്‍ തുറന്നതെന്നറിയില്ല.നിറകണ്ണുകളോടെ ഞാന്‍ ആകാശത്തേയ്ക്ക് നോക്കി...

ആകാശത്തെങ്ങു നിന്നും ഒരായിരം കൊച്ചു കൊച്ചു നക്ഷത്രങ്ങള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് വന്നു ചേരുന്നതു ഞാന്‍ കണ്ടു...എന്റെ നക്ഷത്രം പ്രകാശിക്കാന്‍ തുടങ്ങി...വീണ്ടും വീണ്ടും വെളിച്ചത്തിന്റെ ഒരുപാട് ചാലുകള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു......ആകാശത്തില്‍ മുഴുവന്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി സൃഷ്ടിച്ചു എന്റെ നക്ഷത്രം,എന്റെ സന്തോഷം,അതു അവിടെ ജ്വലിച്ചു നിന്നു...എന്നെ നോക്കി കണ്ണുകള്‍ ചിമ്മി കൊണ്ട്...

Wednesday, November 7, 2007

നിങ്ങളുടെ സ്വന്തം.....

"..പലപ്പോഴും ഇതു പോലെയുള്ള കത്തുകള്‍,സ്റ്റുഡിയോയുടെ ഫ്ലോറിലാണെന്നു ഓര്‍മ്മിപ്പിക്കാതെ എന്റെ കണ്ണുകള്‍ നിറക്കാറുണ്ട്‌.ഇപ്പോഴും അതു തന്നെ സംഭവിക്കുന്നു.ജറമിയയ്ക്ക്‌ ആയുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്‌,അസുഖം മാറിയ വിവരം അറിയിച്ചു കൊണ്ടുള്ള ജറമിയയുടെ കത്ത്‌ എത്രയും പെട്ടന്നു വരുമെന്നുള്ള പ്രതീക്ഷയോടെ,പ്രാര്‍ത്ഥനയോടെ,ഇന്നു വിട പറഞ്ഞു പിരിയുന്നു,നിങ്ങളുടെ സ്വന്തം സന്തോഷ്‌ പാലി..."

വാതിലിന്റെ മുന്നില്‍ നിന്നു കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍,അകത്തു ടി.വിയില്‍ നിന്ന് കേട്ടു കൊണ്ടിരുന്നതു ഈ സംഭാഷണമാണ്‌.കിരണ്‍ വന്നു വാതില്‍ തുറന്നു.അകത്തേയ്ക്കു കയറുമ്പോഴും മനസ്സില്‍ മുഴുവന്‍ ടി.വിയില്‍ നിന്നു കേട്ട ആ വാചകങ്ങളായിരുന്നു.ജറെമിയ,മനസ്സിന്റെ എതോ കോണില്‍ ആരോ ആ പേരു വിളിക്കുന്നു..ഓര്‍മ്മയിലെവിടെയോ അതു കേട്ടു മറന്നതു പോലെ..പക്ഷേ,ആര്‌,എവിടെ,എപ്പോള്‍,ഒരോര്‍മ്മയും കിട്ടുന്നില്ല.അതും ആലോചിച്ചു ഞാനവിടെ തന്നെ നിന്നു.

"എന്താ വന്ന പാടെ ഒരാലോചന?".ചായയും കൊണ്ട്‌ കിരണാണു.

"അല്ല,എന്താ നിന്റെ പാലി ഇന്നു പറഞ്ഞു കൊണ്ടിരുന്നെ,ഞാന്‍ വന്നു കയറിയ നേരത്തു.എന്തോ ഒരു ജറെമിയ..." ഇതു ചോദിക്കുമ്പോഴും എന്റെ മനസ്സ്‌ എവിടെയൊക്കെയോ പരതുകയായിരുന്നു.

"ഓ അതോ,പാലി കെ.ഒ.ഡിയിലേയ്ക്കു വന്ന ഒരു ലെറ്റര്‍ വായിച്ചങ്ങ്‌ സെന്റിയായി.ആ കത്തയച്ച കൊച്ചിന്റെ പേരാ ജറെമിയ."

"കത്തൊക്കെ എന്നും വരുന്നതല്ലേ,എന്താ അതില്‍ ഇത്ര സെന്റിയാകാന്‍" ഞാന്‍ ചോദിച്ചു

"ഇതു സ്ഥിരം വരുന്ന സാധാരണ പഞ്ചാര കത്തല്ലായിരുന്നു. ആ കൊച്ചും അതിന്റെ ഫാമിലിയും,ഫാമിലീന്നു വച്ചാല്‍ അച്ചനും അമ്മയും പിന്നെ ഒരു ചേട്ടനും അബുദാബിയിലായിരുന്നു.ഈ ജെറമിയയും ചേട്ടനും ഭയങ്കര ക്ലോസായിരുന്നു.ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടെ പുറത്തു പോയപ്പോള്‍ ഒരാക്സിഡന്റു പറ്റി ചേട്ടന്‍ മരിച്ചു.നിസ്സാര പരിക്കേ ഈ കൊച്ചിനുണ്ടായിരുന്നോള്ളു.പക്ഷേ ചേട്ടന്റെ മരണം ജറെമിയയ്ക്കു ഭയങ്കര ഷോക്കായി ആളു ഡിപ്രഷനിലായി.അവര്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു വന്നു,ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ജറെമിയയ്ക്കു ബ്രെയിനില്‍ ട്യൂമര്‍,അതും സെക്കണ്ടറി സ്റ്റേജ്‌.അതിന്റെ ഓപ്പറേഷനൊക്കെയായി ആ കുട്ടി വീണ്ടും അബുദാബിയിലേയ്ക്ക്‌ പോകുവാ.ഈ കുട്ടിയ്ക്‌ പാലിയെ കാണുമ്പോള്‍ മരിച്ചു പോയ ചേട്ടനെ ഓര്‍മ്മ വന്നിരുന്നു.അസുഖം മാറി തിരിച്ചു വന്നിട്ട്‌ പാലിയെ കാണണം..ഇതൊക്കെ ആയിരുന്നു കത്തില്‍.ഇതൊക്കെ കേട്ടാല്‍ ആരാ വിഷമിക്കാതെ??"

ഇതു കേട്ടു കഴിഞ്ഞപ്പോള്‍,ഏതൊക്കെയോ അവ്യകത്മായ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു..എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,പരിചയപ്പെട്ട ആ കുടുംബമായിരിക്കുമോ ഇത്‌.ആ കുട്ടിയുടെ പേരു ജറെമിയ എന്നായിരുന്നോ.ആകണം..അതേ,കാരണം അന്നു പേരു പറഞ്ഞ ജറെമിയയോട്‌ ഞാന്‍ തിരിച്ചു ചോദിച്ചതു "ജറെമിയ പ്രവാചകനാണോ" എന്നായിരുന്നു.

"ഈ ജറെമിയയെ എനിക്കറിയാം".ഞാന്‍ കിരണിനോടു പറഞ്ഞു

"പിന്നല്ലേ,നിനക്കെല്ലാവരെയും അറിയാം.എടാ പറ്റിക്കാന്‍ പറയുന്നതാണേലും,പറയുന്നതിനു ഒരല്‍പം വിശ്വസ്തത വേണം.ഈ ജറെമിയ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദുബായിലാ,നാട്ടിലുണ്ടായിരുന്നതു ആകെ കുറച്ചു മാസങ്ങള്‍.ഇതിനിടയ്ക്കു നീ എങ്ങനെയാ ഈ കൊച്ചിനെ അറിയുന്നേ?"ഇതും പറഞ്ഞു അവളകത്തേയ്ക്കു പോയി...

മനസ്സ്‌ പിന്നോട്ട്‌ സഞ്ചരിച്ചു.ഒരു എട്ടു വര്‍ഷം പിന്നിലേയ്കു....

സ്വിറ്റസര്‍ലന്റിലെ ഇന്റര്‍ലേക്കന്‍ എന്ന കൊച്ചു പട്ടണത്തില്‍ വച്ചാണു ഞാന്‍ ആദ്യമായി ജറെമിയെയും കുടുംബത്തേയും പരിചയപ്പെടുന്നത്‌.ആല്‍പ്സ്‌ പര്‍വ്വത നിരയുടെ താഴ്‌വാരത്തില്‍,രണ്ടു തടാകങ്ങളുടെ നടുവിലായി ആണ്‌ ഇന്റര്‍ലേക്കന്‍ പട്ടണം.ഹോട്ടല്‍ മാനേജുമെന്റു പഠനം കഴിഞ്ഞ്‌ ഞാനന്ന് അവിടെയുള്ള ഒരു റിസോര്‍ട്ടിലാണു ജോലി ചെയ്തിരുന്നതു.

ഒരു ദിവസം, അന്നു ചെക്കിന്‍ ചെയ്തവരുടെ കൂട്ടത്തിലൊരു പേരു കണ്ടു "Mr.George Madathil".മലയാളിയാണോ എന്നു സംശയിച്ചാണു ചെന്നു പരിചയപ്പെട്ടതു.സംശയം തെറ്റിയില്ല.ആളു മലയാളി തന്നെ.അപരിചിതമായ നാട്ടില്‍ വച്ചു ഒരു നാട്ടുകാരനെ കണ്ടതിന്റെ സന്തോഷത്തില്ലായിരുന്നു ഞങ്ങള്‍ രണ്ടാളും.

"വല്ല വേള്‍ഡ്‌ ടൂറിന്റേയും ഭാഗമാണോ സാര്‍ ഈ വിസിറ്റ്‌."ഞാന്‍ ചോദിച്ചു.

ഒരു പുഞ്ചിരിയായിരുന്നു മറുപടി.ഇതു ചോദിച്ചു കൊണ്ടിരുന്നപ്പ്പ്പ്പോഴാണു അദ്ദേഹത്തിന്റെ ഭാര്യയും മകളും അങ്ങോട്ടേയ്ക്കു വന്നതു.അന്നാണു ഞാന്‍ ജറെമിയയെ ആദ്യമായി കണ്ടതും സംസാരിച്ചതും.പക്ഷേ സംസാരിച്ചപ്പോഴോക്കെ,ആ കുട്ടിയുടെ മുഖത്തും ശബ്ദത്തിലുമൊക്കെ വല്ലാത്ത ഒരു ദുഖം ഉണ്ടായിരുന്നു...എപ്പോഴോ ചുണ്ടില്‍ വിടര്‍ന്നു മറഞ്ഞ പുഞ്ചിരിയില്‍ പോലും....

ജറെമിയയും അമ്മയും തിരിച്ചു മുറിയിലേയ്ക്ക്‌ പോയി.

"എന്റെ മകളെ കണ്ടില്ലേ,അവള്‍ക്കു വേണ്ടിയാണു ഞങ്ങള്‍ ഇവിടെ വന്നതു.അവളെ കൂടാതെ ഒരു മകന്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു.നാട്ടില്‍ വച്ചൊരു ആക്സിഡന്റില്‍ അവന്‍ പോയി.എന്റെ മകള്‍കതൊരു വല്ലാത്ത ഷോക്കായി.അവളുമുണ്ടായിരുന്നു അവന്റെ ഒപ്പം.പക്ഷേ മോള്‍ക്ക്‌ ഒന്നും തന്നെ പറ്റിയില്ല.അവര്‍ രണ്ടു പേരും തമ്മില്‍ ഭയങ്കര അടുപ്പമായിരുന്നു.അതു കൊണ്ട്‌ അവന്റെ മരണം അവല്‍ക്കു വല്ലാത്ത ഒരു ഷോക്കായി.പിന്നെ കുറേ നാള്‍ ശരിക്കും ഒരു ഡിപ്രഷനിലായിരുന്നു.നോര്‍മലായി വരുന്നതേയുള്ളു.ഇന്നു മുഖത്തു കണ്ട പുഞ്ചിരി പോലും,ഒരിക്കല്‍ മുഴുവനായി മാഞ്ഞാതായിരുന്നു.നാട്ടിലെ ചുറ്റുപാടില്‍ നിന്നൊരു ചേയ്ഞ്ച്‌.അതാണു ഇങ്ങോട്ട്‌ പോന്നതു.ഞങ്ങള്‍ അറിയാത്ത,ഞങ്ങളെ അറിയാത്ത ആളുകളോടൊപ്പം,പുതിയ ഒരു സ്ഥലത്ത്‌..."

"എല്ലാം ശരിയാകും സാര്‍,ഇവിടെ നിന്നു പോകുമ്പോഴേക്കും സാറിന്റെ മകള്‍ ആദ്യത്തേക്കാള്‍ സ്മാര്‍ട്ടാകും.."

ആശ്വാസവാക്കായി പറഞ്ഞാതാണെങ്കിലും,സംഭവിച്ചതു അതു തന്നെയായിരിന്നു.ജറെമിയ ശരിക്കും മാറുകയായിരുന്നു.അവരുണ്ടായിരുന്ന ആ ഒരു മാസകാലം ഞാനും ആ കുടുംബത്തിലെ ഒരംഗമായി.അവരോടൊപ്പമുള്ള യാത്രകള്‍..ഡിന്നറുകള്‍...നാട്ടില്‍ നിന്നകന്നു ജീവിച്ചിരുന്നതു കൊണ്ട്‌ ഞാനും അതാസ്വദിച്ചു.മരിച്ചു പോയ ചേട്ടന്റെ സ്ഥാനത്താണു ജറെമിയ എന്നെ കണ്ടിരുന്നതെനിക്കു തോന്നി...ജറെമിയ എനിക്കുമൊരു കുഞ്ഞിപെങ്ങളായി..കളിയും ചിരിയും,കൊച്ചു കൊച്ചു വഴക്കുകളും കുസൃതികളുമൊക്കെയായി ആ ഒരു മാസം കടന്നു പോയി.പരസ്പരം ഈ-മെയില്‍ ഐഡി കൈമാറുമ്പോള്‍ ജറെമിയയോടും കുടുംബത്തോടുമൊപ്പം എന്റേയും കണ്ണ്‍കുകള്‍ നിറഞ്ഞു.ആ കുടുംബത്തിലേയ്ക്ക്‌ വീണ്ടും നല്ല നാളുകള്‍ വരികയാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ എന്തന്നില്ലാത്ത സന്തോഷം തോന്നി.

പിന്നീട്‌ ഒന്നു രണ്ടു വര്‍ഷം മെയിലുകളൊക്കെ വന്നു.പിന്നീട്‌ എണ്ണം കുറഞ്ഞു..പതുക്കെ പതുക്കെ,ആ ഒരു മാസത്തെ ഓര്‍മ്മകള്‍ മായാന്‍ തുടങ്ങി.ഞാന്‍ ഇന്ത്യയിലേയ്ക്ക്‌ വന്നതോടെ ആ ബന്ധം പൂര്‍ണ്ണമായി അവസാനിച്ചു....പിന്നെ ഇന്നാണു ഞാന്‍ ആ പേരു വീണ്ടും കേട്ടതു....

പക്ഷേ,ആ കുടുംബത്തിലേയ്ക്ക്‌ ഇനിയും ഒരു ദുരന്തം.മനസ്സ്‌ വല്ലാതെ വിങ്ങി..വീണ്ടും അവരെ കാണണമെന്നു മനസ്സ്‌ പറയുന്നു.പക്ഷേ എങ്ങനെ???ഇനി അവരുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം പാലിയാണ്‌.ഈ കാര്യങ്ങളൊക്കെ വിശദീകരിച്ച്‌,അവരുടെ എന്തെങ്കിലും Contact ഉണ്ടെങ്കില്‍ അറിയിക്കണെമെന്നും കാണിച്ചു ഞാന്‍ പാലിക്ക്‌ ഒരു കത്തെഴുതി എന്റെ ഡയറിക്കുള്ളില്‍ വച്ചു.പക്ഷേ ഒരോ ദിവസവും പല കാരണങ്ങള്‍ കൊണ്ട്‌ അതു പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ മറന്നു.

രണ്ടാഴച്ച കഴിഞ്ഞു.ഒരു ദിവസം വൈകിട്ട്‌ ഞാന്‍ വീട്ടിലേയ്ക്ക്‌ വരുമ്പോള്‍ കെ.ഒ.ഡി നടന്നു കൊണ്ടിരിക്കുകയാണു.പതിവില്ലാതെ പാലിയുടെ ശബ്ദത്തിനൊരിടര്‍ച്ച..

"രണ്ടാഴ്ച്ച മുന്‍പ്‌ ഞാന്‍ ജറെമിയ എന്ന് കുട്ടിയുടെ കത്തു വായിച്ചതു എല്ലാവരും ഓര്‍ക്കുന്നുണ്ടാകും.ഈ കത്ത്‌ കൈയ്യിലെടുക്കുമ്പോള്‍ മനസ്സില്‍ ഒരു ഭയം.ജറെമിയയ്ക്ക്‌ വേണ്ടി അന്നു കത്തെഴുതിയ ജറെമിയയുടെ സുഹ്രുത്തുകളുടേതാണീ കത്തും...

പ്രിയപ്പെട്ട സന്തോഷ്‌,

ജറെമിയയ്ക്കു വേണ്ടി കത്തെഴുതിയ അവളുടെ സുഹൃത്തുകളാണു ഞങ്ങള്‍.പാലിയെ കാണാന്‍ ഇനി ജറെമിയ വരില്ല.കഴിഞ്ഞ വെള്ളിയാഴ്ച്ച അവള്‍ മരിച്ചു.അവളുടെ ഓപ്പറേഷന്‍ തീരുമാനിച്ചിരുന്നതിനും ഒരു ദിവസം മുന്‍പേ... അവള്‍ പോയി.

അവളുടെ അച്ചനും അമ്മയും തിരിച്ചി നാട്ടില്‍ എത്തിയിട്ടുണ്ട്‌.കഴിയുമെങ്കില്‍ അവരെ കാണുക.തകര്‍ന്നിരിക്കുന്ന അവര്‍ക്ക്‌ താങ്കളുടെ സാന്നിദ്ധ്യം ഒരു പക്ഷേ ഒരല്‍പം ആശ്വാസം നല്‍കിയേക്കാം..."

പിന്നീട്‌ ആ സ്ക്രീനില്‍ ഒന്നും കണ്ടില്ല...പാലിയുടെ കരയുന്ന മുഖം മറച്ചു കൊണ്ട്‌ ഒരു ടൈറ്റിലുകള്‍ തെളിഞ്ഞു വന്നു...പശ്ചാത്തലത്തില്‍ സംഗീതം ഇല്ലായിരുന്നു.കത്തിന്റെ ബാക്കി ഭാഗം വായിക്കുന്ന പാലിയുടെ തേങ്ങുന്ന ശബ്ദം മാത്രം...

ആ കണ്ണുനീര്‍ സ്ക്രീന്‍ കൊണ്ടു മറയ്ക്കാം..പക്ഷേ എന്റെ കണ്ണുനീരോ.....????

----------------------------------------------------------------------
കെ.ഒ.ഡി:കൈരളി ഓണ്‍ ഡിമാന്‍ഡ്‌.കൈരളി ചാനലില്‍ വന്നിരുന്ന ഒരു ജനപ്രിയ ഫോണ്‍-ഇന്‍ പ്രോഗ്രാം

സന്തോഷ്‌ പാലി:സന്തോഷ്‌ പാലീക്കര.കെ.ഒ.ഡിയുടെ അവതാരകന്‍,കൈരളിയില്‍ പ്രോഗ്രാം പ്രോഡ്യൂസര്‍

ഈ കഥയില്‍ ഞാന്‍ ഒരു സാങ്കല്പിക കഥാപാത്രം മാത്രം !

Sunday, October 14, 2007

വീണ്ടും,ഒരുമിച്ച്, ഒരിക്കല്‍ കൂടി....

ആദി

നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക്‌ സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ്‌ മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.

നീ വരണം.

ശേഷം കാഴ്ചയില്‍

അനൂപ്‌

ഒരിക്കല്‍ കൂടി ഞാന്‍ കത്തു വായിച്ചു.കോഴ്സ്‌ കഴിഞ്ഞു ഉപരിപഠനത്തിനായി കടല്‍ കടന്നു ഇവിടെ എത്തിയിട്ടു നീണ്ട ആറു വര്‍ഷങ്ങളാകുന്നു.ഇതിനിടയ്ക്കു രണ്ടോ മൂന്നോ തവണ മാത്രം നാട്ടില്‍ അതും ഒന്നോ രണ്ടോ ആഴചകളിലേയ്ക്കായി മാത്രം . അന്നൊക്കെ , നാലു വര്‍ഷങ്ങള്‍ ചിലവഴിച്ച ആ കോളെജില്‍ പോകണമെന്നു തോന്നിയിരുന്നെങ്കിലും നടന്നില്ല.പഠിക്കുന്ന സമയത്തു കരുതിയിരുന്നു,അവിടെ നിന്നു പോയാലും മിക്കവാറും അവിടെ പോകണം,ഒരുപാട് സമയം ചിലവഴിക്കണെമെന്നൊക്കെ..പക്ഷേ പിന്നീടെപ്പോഴോ,ആ ക്യാമ്പസ് എനിക്കു വേദനിപ്പിക്കുന്ന ഒരോര്‍മ്മയായി മാറുകയായിരുന്നു

നീണ്ട ആറു വര്‍ഷങ്ങള്‍ ,പലരെയും മറന്നിരിക്കുന്നു .ചിലരുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു,മറ്റു ചിലരുടെ അവ്യക്തമായ മുഖങ്ങള്‍ മാത്രം.ആ കാലത്തു ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല , ഇവരില്ലാതെ,ഇവരെ മറന്നു ഒരു ജീവിതം ഉണ്ടാക്കുമെന്നു.പക്ഷേ,ഇന്നിവിടെ ഏഴു കടലുകള്‍ക്കപ്പുറം , മറ്റൊരു ലോകത്തു,ശരിക്കും ഒറ്റപ്പെട്ട്,ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ജീവിതശൈലിയില്‍,തികച്ചും യാന്ത്രികമായി എന്റെ ദിനരാത്രങ്ങള്‍ കടന്നു പോകുന്നു . എന്തെ ഞാന്‍ എല്ലാവരിലും നിന്നകന്നതു,ഒറ്റയ്ക്കായതു?എന്നോടു തന്നെ ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. . ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു മനസ്സിലുണ്ട്‌.അതോ ഉത്തരം കിട്ടിയിട്ടും ഞാന്‍ തിരിച്ചറിയാത്തതോ .

ഒരു പക്ഷേ ഈ ഒത്തുകൂടല്‍ എനിക്കാ ചോദ്യത്തിന്റെ ഉത്തരം തരുമായിരിക്കുമെന്നെനിക്കു വെറുതെ തോന്നി...

നാട്ടിലേയ്ക്കു പോകാന്‍ തന്നെ തീരുമാനിച്ചു.പിന്നീടെല്ലാം പെട്ടന്നായിരുന്നു.ദിവസങ്ങള്‍ കടന്നു പോയതും , ഒരുക്കങ്ങള്‍ പൂര്‍ത്തിയായതും . മനസ്സ്‌ പലതവണ എന്നെ വീണ്ടും ആ കോളേജിന്റെ ഇടനാഴികളിലൂടെ നടത്തി,ക്ലാസ്സ്‌ മുറികളില്‍ ഞാന്‍ ആ പഴയ എന്നെ കണ്ടു.ആരൊക്കെയോ എന്നെ "ആദി പൂയ്‌ " എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.അവ്യകതമായ മുഖങ്ങള്‍,ആരുടെയൊക്കെയോ പൊട്ടിച്ചിരികള്‍,വളിപ്പുകള്‍,തേങ്ങലുകള്‍.പക്ഷേ,അതിനിടയ്ക്കെവിടെയോ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ കേട്ട ആ ശബ്ദങ്ങള്‍,മീരയുടേതായിരുന്നില്ലേ ?

23/12/2010

എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തേയ്ക്കു വരുമ്പോള്‍,പ്രതീക്ഷിച്ച പോലെ അനൂപും സ്മിതയും കാത്തു നില്‍ക്കുന്നുണ്ടായിരിന്നു."ആദി പൂയ്‌" രണ്ടു പേരും ഒരുമിച്ചാണു വിളിച്ചതു. ഇവിടെ നിന്നു പോയതിനു ശേഷം അനൂപുമായി മാത്രമായിരുന്നു contact ഉണ്ടായിരുന്നതു

അനൂപും സ്മിതയും ഞങ്ങളുടെ ക്ലാസ്സിലെ പ്രണയജോടികളായിരുന്നു.തനി പൈങ്കിളി ലൈന്‍,.എന്നും ഫോണ്‍ കോളുകള്‍,കൃത്യമായ കത്തുകള്‍,ലഞ്ചു ബ്രേക്കിലെ നീണ്ട സംഭാഷണങ്ങള്‍.ആരുടെയും കളിയാക്കലുകള്‍ അവര്‍ക്കൊരു പ്രശനമേ ആയിരുന്നില്ല.കല്യാണക്കാര്യം പറയാന്‍ വേണ്ടി വിളിച്ചപ്പോഴാണു ഞാന്‍ പോലും അറിയുന്നതു,രണ്ടു പേരുടെയും വീട്ടില്‍ ഈക്കാര്യം അറിയാമായിരുന്നുവെന്നു.

"എടാ,നീ എന്നാ കല്യാണത്തിനു വരാതെയിരുന്നെ??"

അനൂപിന്റെ ചോദ്യം കേട്ടാണു , ഓര്‍മ്മകളില്‍ നിന്നു തിരിച്ചെത്തിയതു,

"അതോ,അന്നു ലീവ്‌ ശരിയായില്ലെടാ,പിന്നെ സ്മിതേ എങ്ങനെയുണ്ട്‌ പോസ്റ്റ്‌ ലവ്‌ ലൈഫ്‌"

"എന്നാ പറയാനാ ആദി,പറ്റിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ" ഇതും പറഞ്ഞു സ്മിത അനൂപിനെ ഇടംകണ്ണിട്ടു നോക്കി.

"അതേടി പറ്റിയതു എനിക്കല്ലേ???"

കാറില്‍ മുഴുവന്‍ പൊട്ടിച്ചിരിയുടെ മുഴക്കമായി.ഞാന്‍ പുറത്തേയ്ക്കു നോക്കി.കഴിഞ്ഞ തവണ വന്നതിനെക്കാള്‍ നഗരം ഏറെ മാറിയിരിക്കുന്നു.

"അനുപേ,നാളെ എല്ലാവരും എത്തില്ലെ?"

"വരണ്ടതാണു,പിന്നെ നമ്മുടെ ജോര്‍ജ്ജ്‌ ഉണ്ടാകില്ല,കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ?'

"ഇല്ല , അവനെന്തു പറ്റി.ഇങ്ങനെയൊരു പ്രോഗ്രാം ഉണ്ടെങ്കില്‍ ആദ്യം എത്തേണ്ടതു അവനാണല്ലോ?"

" അതെ അവനായിരുന്നു ഇതിന്റെ ഓര്‍ഗനൈസര്‍ , കഴിഞ്ഞ ആഴ്ച്ച അവന്‍ ഓഫീസില്‍ വച്ചു ഒന്നു തലകറങ്ങി വീണു,ഒപ്പം മൂക്കില്‍ നിന്നു ബ്ലീഡിംഗും.ഹോസ്പിറ്റിലില്‍ ചെന്നപ്പോള്‍,ബ്ലഡ്‌ ക്യാന്‍സര്‍,ലാസ്റ്റ്‌ സ്റ്റേജ്‌.ഇന്നലെ വെല്ലൂര്‍ക്കു കൊണ്ടു പോയി. "

എന്റെ കോളേജ്‌ ലൈഫില്‍ ,എനിക്കു ഇത്രയും ദേഷ്യം തോന്നിയ മറ്റൊരാള്‍ ഇല്ലായിരുന്നു.കാരണം മറ്റൊന്നുമല്ല, വല്ലാത്ത ഒരു ക്യാരക്ടര്‍ ആയിരുന്നു കക്ഷി.ആളുടെ മനസ്സ്‌ ശുദ്ധമായിരുന്നു,പക്ഷേ അതു പുറത്തു വന്നിരുന്നതു മറ്റൊരു രൂപത്തിലായിരുന്നു.കോഴ്സ്‌ തീരറായപ്പോഴേക്കും ആളു ഒരുപാട്‌ മാറിയിരുന്നു.ഇക്കുറി കാണുമ്പോള്‍,അന്നു വിളിച്ച ചീത്തകള്‍ക്ക്‌ ക്ഷമ പറയണമെന്നു കരുതിയിരുന്നതാ.....

"നമ്മള്‍ സീക്രട്ട്‌ സെവന്‍ എല്ലാവരും കാണില്ലേ??"

"സീക്രട്ട്‌ സെവന്‍",എല്ലാത്തിനും ഒരുമിച്ചു നടന്ന ഏഴെണ്ണത്തിനു അദ്ധ്യാപകര്‍ ഇട്ട പേരു.കോളേജിലെ എന്തു പ്രോഗ്രാം നടത്താനും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്‌ ഞങ്ങളായിരുന്നു.അദ്ധ്യാപകര്‍ ധൈര്യമായി അതു ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു എന്നതാണു സത്യം.ഞാന്‍,അനൂപ്‌,സ്മിത,മരിയ,മീര,പ്രവീണ്‍,ചാക്കോച്ചന്‍,ഇതായിരുന്നു അന്നത്തെ സീക്രട്ട്‌ സെവന്‍

"മീര വരില്ല,ബാക്കി എല്ലാവരും ഉണ്ടാകും.നാളെ മീരയുടെ കല്യാണം ഉറപ്പിക്കലാണു,പയ്യന്‍ ഓസ്ട്രേലിയിലാണു,ഇപ്പോള്‍ ഉറപ്പിച്ചിട്ടിട്ടു ആറു മാസം കഴിഞ്ഞു കല്യാണം" സ്മിതയാണു ഉത്തരം പറഞ്ഞതു .മനസ്സു ഒന്നു വിങ്ങിയതു പോലെ

"എന്താടാ ഒന്നും മിണ്ടാത്തതു??" ചോദിച്ചതു അനൂപാണു.ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു,.

കാരണം മറ്റൊന്നുമല്ല.മീര എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.ഒരു പക്ഷേ സൗഹൃദത്തിനുമപ്പുറമുള്ള എന്തോ ഒന്നു.അതിനെ പ്രണയമായി കാണാന്‍ ഒരുപാടു പേര്‍ ആഗ്രഹിച്ചിരുന്നു.സുഹൃത്തുകള്‍, അദ്ധ്യാപകര്‍ എങ്ങനെ പലരും.പക്ഷേ,ഒന്നും ഉണ്ടായില്ല,ഞങ്ങള്‍ പിടി കൊടുത്തില്ല എന്നു പറയുന്നതാകും ശരി.പക്ഷേ,പിന്നീട്‌ പലപ്പോഴും ആലോച്ചിട്ടുണ്ടു,സാഹചര്യങ്ങള്‍ അത്രയും അനുകൂലമായിട്ടും അന്നു ആ ബന്ധം സൗഹൃദത്തില്‍ ഒതുങ്ങിയതെന്തേ എന്നു??എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കുറിച്ച വാക്കുകള്‍ അവളുടെ സമ്മതമല്ലായിരുന്നോ?എതോ ബ്ലോഗില്‍ കണ്ടതാണെന്നു പറഞ്ഞു അവള്‍ കുറിച്ചതു ഇങ്ങനെയായിരുന്നു

"അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്ര മാത്രം
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിനു
വറ്റാത്ത ഉറവ ആകണം നീയെന്നു
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം"

പക്ഷേ,ഞാന്‍ അതന്നു മനസ്സിലാക്കിയില്ല,അല്ല, മനസ്സിലായിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു പക്ഷേ ആ ഒരു കുറ്റബോധമല്ലെ എന്നെ എല്ലാവരില്ലും നിന്നകറ്റിയതു . ഇന്നു അതു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാടു വൈകിയിരിക്കുന്നു.

24/12/2010

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പഴയ സങ്കേതത്തില്‍.ഓര്‍മ്മകളുടെ സുഖമുള്ള വേദനകളുമായി.എല്ലാവരും എത്തുന്നതെയുള്ളു.ഞാന്‍ വെറുതെ ആ ക്ലാസ്സ്‌ മുറിയിലേയ്ക്കു നോക്കി.അവിടെ ഏതോ ഏഴു പേര്‍ വട്ടം കൂടിയിരുന്നു എന്തോ പറയുന്നതു ഞാന്‍ കണ്ടു.അതു ഞങ്ങളായിരുന്നു.അവര്‍ അവിടെയിരുന്നു എന്റെ നേര്‍ക്ക്‌ കൈവീശി.തിരിച്ചു വീശാന്‍ തുടങ്ങിയപ്പോഴാണു ആരോ തോളത്തു തട്ടിയതു.

"ഓര്‍മ്മയുണ്ടോ മാഷേ? "

തിരിച്ചു നോക്കിയപ്പോള്‍ മരിയ ആണു.ഞങ്ങളുടെ കൂട്ടത്തിലെ ചാറ്റര്‍ ബോക്സ്‌.പണ്ടു പലപ്പോഴും ഓര്‍ത്തിട്ടുണ്ട്‌ ഇവളുടെ വായ അടഞ്ഞിരിക്കില്ലേയെന്നു."പൊന്നാങ്ങാളെ" എന്നു വിളിച്ചു കൊണ്ടു അവള്‍ വരുമ്പൊഴെ ഉറപ്പായിരുന്നു എന്തോ പ്രശ്നം ഒപ്പിച്ചിട്ടുണ്ടെന്നു.

പത്തരയോടെ എല്ലാവരും എത്തി.പലരും ഒരുപാടു മാറിയിരുന്നു.ചിലര്‍ രൂപത്തില്‍,മറ്റ്‌ ചിലര്‍ ഭാവത്തില്‍ .കുറച്ചു അദ്ധ്യാപകരും എത്തിയിരുന്നു.ചെറിയ ഒരു മീറ്റിംഗ്‌ നടത്തി.എല്ലാവരും പഴയ ഓര്‍മ്മകളും പുതിയ കാര്യങ്ങളും പങ്കു വച്ചു.ജോര്‍ജ്ജിന്റെയും മീരയുടെയും കുറവ്‌ ആരും ശ്രദ്ധിച്ചില്ല എന്നെനിക്കു തോന്നി.ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.വീണ്ടും അടുത്ത വര്‍ഷം കാണമെന്ന പ്രതീക്ഷയോടെ.ഞാന്‍ ആരൊടും അങ്ങനെ പറഞ്ഞില്ല.കാരണം ഇനിയൊരു തിരിച്ചു വരവു ഉണ്ടാകില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു.

എല്ലവരും പിരിഞ്ഞു ഞങ്ങള്‍ ആറു പേര്‍ മാത്രമായി.

"മീരയുടെ ഫോണ്‍ ഉണ്ടായിരുന്നു,മെയ്‌ എട്ടിനാണു കല്യാണം" സ്മിത ഇതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും നോട്ടം എന്റെ മുഖത്തെക്കായി.ആരും ഒന്നു മിണ്ടുന്നില്ല.

"എടാ സത്യം പറ,നിനക്കു വിഷമമില്ലേ?" ചാക്കോച്ചന്‍ ചോദിച്ചു.

"ഞാന്‍ എന്തിനാ വിഷമിക്കുന്നേ?മീരയുടെ കല്യാണം ഉറപ്പിച്ചു ,അതൊരു നല്ല വാര്‍ത്തയല്ലേ"

"ഞങ്ങള്‍ക്കറിയാം നിനക്കവളെ ഇഷ്ടമായിരുന്നു എന്നു,അവള്‍ക്ക്‌ നിന്നെയും.അതവള്‍ നേരിട്ട്‌ അല്ലെങ്കിലും നിന്നോടു പറഞ്ഞിട്ടുമുണ്ട്‌.ഇനിയെങ്കിലും നിനക്കതു സമ്മതിച്ചാലെന്നാ??" ചാക്കോച്ചന്‍ വിടാനുള്ള ഭാവമില്ല

"നമുക്ക്‌ വേറെ എന്തെങ്കിലും സംസാരിക്കാം" ഞാന്‍ പറഞ്ഞു.

"ഇതു പറഞ്ഞിട്ടു,നമുക്കു വേറെ എന്തെങ്കിലും സംസാരിക്കാം" പ്രവീണും ചാക്കോച്ചന്റെ കൂട്ടത്തില്‍ കൂടി.

"അപ്പോള്‍ അങ്ങനെയാണല്ലേ,ശരി കേട്ടോ,മീര ഒരു നല്ല കുട്ടിയാണു.ഞാന്‍ പരിച്ചയപ്പെട്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും നല്ല കുട്ടി.പിന്നെ ഇനി ഞാന്‍ എന്താ അവള്‍ പറഞ്ഞത്‌ കാര്യമാക്കത്തതു എന്നു ചോദിച്ചാല്‍,ചില ചോദ്യങ്ങള്‍ക്കു ഉത്തരമില്ല എന്നു കേട്ടിട്ടില്ലേ,ഇനിയും ഒരു ഉത്തരം കൂടിയേ തീരുവെങ്കില്‍, ദി ആന്‍സര്‍ ഇസ്‌ സിമ്പിള്‍,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍ ! അല്ലാതെ എനിക്കവളെ ഇഷ്ടമല്ലാഞ്ഞിട്ടോ , അവള്‍ പറഞ്ഞതു മനസ്സിലാകഞ്ഞിട്ടൊ അല്ല." .

ആരും ഒന്നും പറഞ്ഞില്ല.സ്മിതയുടെ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

"ഹല്ലോ മീര"

"ആദിയോ,ഇവിടെയുണ്ട്‌,കൊടുക്കാം" സ്മിത ഫോണ്‍ എനിക്കു തന്നു

"ഹല്ലോ മീര,കണ്‍ഗ്രാറ്റസ്‌"

"താങ്ക്സ്‌"

"പിന്നെ,എന്തു ചെയ്യുന്നു വുഡ്ബി?"

"ഓസ്ട്രേയിലിയയിലാണു,സോഫ്റ്റവേര്‍ എന്‍ഞ്ചിനീയര്‍"

"എന്നതേക്കാ മാര്യേജ്‌"

"മെയ്‌"

പിന്നെ അല്‍പനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.എന്റെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു.കൂടുതല്‍ സംസാരിച്ചാല്‍ അവളുടെ മുന്നില്‍ ഞാന്‍ വച്ചിരിക്കുന്ന മുഖം മൂടി അഴിഞ്ഞു പോകും എന്നെനിക്കു തോന്നി.ഞാന്‍ ഫോണ്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പൊഴാണു അവള്‍ ആ ചോദ്യം എന്നോട്‌ ചോദിച്ചതു

"ആദി,നിനക്കൊരു വിഷമവുമില്ലേ,എന്റെ കല്യാണക്കാര്യം കേട്ടിട്ടു"

"നൊ,നെവര്‍,നീയെന്താ അങ്ങനെ ചോദിച്ചതു?"

"വെറുതെ , അന്നു ഞാന്‍ ഓട്ടൊഗ്രാഫില്‍ എഴുതിയതു നിനക്കോര്‍മ്മയുണ്ടോ?"

"ഉണ്ട്‌"


"അന്നിട്ടും നിനക്കൊരു വിഷമവുമില്ല.?"

"മീര,ഐ ആം ലിറ്റില്‍ ബിസി.ഐ വില്‍ കാള്‍ യു ലേറ്റര്‍"

"അതിന്റെ ആവശ്യമില്ല.അപ്പോള്‍ നിനക്കൊരു വിഷമവുമില്ല അല്ലേ,അപ്പോള്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ല.നീ എന്താണെങ്കിലും കല്യാണത്തിനു വരില്ലല്ലോ?

“യാ മീര,ഞാനതു പറയാന്‍ തുടങ്ങുവായിരുന്നു.ഇപ്പോള്‍ വന്ന സ്ഥിതിക്കു ഇനി ആറു മാസം കഴിഞ്ഞു ഒരിക്കല്‍ കൂടി വരാന്‍ ബുദ്ധിമുട്ടാണു.എനിവേ,മൈ അഡ്വാന്‍സ്ഡ് വിഷസ്”

“താങ്ക്സ്,നിനക്കു ഒന്നും പറയാന്‍ ഇല്ലല്ലോ അല്ലേ?”

“ഇല്ല മീര,ഞാന്‍ വയ്ക്കട്ടെ.” വാക്കുകള്‍ക്ക് വല്ലാത്ത ക്ഷാമം പോലെ

“എങ്കില്‍ എനിക്കു പറയാനുണ്ട്, ടേണ്‍ ടു യുവര്‍ ബാക്ക്‌"

ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍,വാതില്‍ക്കല്‍ മീര.നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം .ദേഷ്യം കൊണ്ടാകാണം അവളുടെ മുഖമാകെ ചുവന്നിരുന്നു.ഞാന്‍ അവളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞു

"എന്താടാ,ഐ ഡോണ്ട്‌ ഡിസേര്‍വ്‌ ഹെര്‍" അല്ലേ,എനിക്കെന്താടാ കൊമ്പുണ്ടൊ? ആറു വര്‍ഷം, നിനക്കെന്നെ വിളിക്കാന്‍ പോലും തോന്നിയില്ലാല്ലോ?"

"മീര,അതു ,...ഐ ആം സോറി മീര"

"പോടാ.. "

ഇത്രയും പറഞ്ഞപ്പോഴെയ്ക്കും അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു.

"നീ പേടിക്കണ്ട ആദി , അവളുടെ കല്യാണം ഒന്നും ഉറപ്പിച്ചില്ല..നിന്റെ വായില്‍ നിന്നു തന്നെ ഇതൊന്നു വീഴാന്‍ വേണ്ടി ഞങ്ങള്‍ ഇറക്കിയ ഒരു നംബര്‍ അല്ലേ ഇതു.കഥ,തിരക്കഥ,സംഭാഷണം,സംവിധാനം:അനൂപ്‌-സ്മിത,ഞങ്ങളൊക്കെ സഹനടന്മാന്‍ ആണെ" ഇതും പറഞ്ഞു പ്രവീണ്‍ പൊട്ടിച്ചിരിച്ചു.ഒപ്പം എല്ലാവരും....

ഞങ്ങള്‍ ക്ലാസ്സിനു പുറത്തേയ്ക്കിറങ്ങി...വണ്ടിയുടെ അടുത്തേയ്ക്കു നടന്നു പോകുന്ന വഴി മീരയും ഞാനും ഒരിക്കല്‍ കൂടി ആ ക്ലാസ്സിലേയ്ക്കു നോക്കി,അവിടെ ഇപ്പോള്‍ ഏഴു പേരില്ല,ഉള്ളതു പഴയ ആദിയും മീരയും മാത്രം..അവര്‍ അവിടെ ഇരുന്നു എന്തൊ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.....

Friday, September 14, 2007

ദൈവത്തിന്റെ കുഞ്ഞ്

രാത്രിയായെങ്കിലും റോഡില്‍ തിരക്കിനു കുറവൊന്നുമില്ല.പക്ഷെ അലക്സ്‌ ഇതൊന്നും അറിയുന്നതായി തോന്നുന്നതേയില്ല.ആ മനസ്സിലൂടെ ഇപ്പോള്‍ കടന്നു പോകുന്നതെന്തായിരിക്കും എന്നെനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്‌.കഴിഞ്ഞ ഇരുപത് മിനിറ്റായി അലക്സിന്റെ മുഖത്തു ഇതേ ഭാവമാണ്‌.കൃത്യമായി പറഞ്ഞാല്‍ ആനി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിയതു മുതല്‍.

ഇത്തവണ പോയതു സ്ഥിരം ചെക്കപ്പിനു വേണ്ടിയായിരുന്നില്ല.മിനിഞ്ഞാന്നു രാത്രി ചെറുതായി ഒന്നു തലചുറ്റി വീണിരുന്നു.അപ്പോള്‍ മുതല്‍ എന്തോ ഒരു അസ്വസ്ഥത.കഴിഞ്ഞ മാസത്തെ തലചുറ്റലിന്റെ പേരില്‍ അലക്സ്‌ കാണിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ ഇത്‌ പറയാന്‍ തോന്നിയില്ല.പക്ഷേ ഇന്നലെ രാത്രി ആയപ്പോഴേക്കും...പറയാതിരിക്കാന്‍ കഴിഞ്ഞില്ല.പിന്നെ എല്ലാം അലക്സ്‌ തന്നെയാണു ചെയ്തതു.രാത്രി പതിനൊന്നു മണിക്ക്‌ ആനി ഡോക്ടറെ വിളിച്ചു അപ്പോയിന്റ്റ്മെന്‍റ് വാങ്ങി,..ഒറ്റയ്ക്ക്‌ പൊയ്ക്കോളാം എന്നതു കേള്‍ക്കാതെ അപ്പോള്‍ തന്നെ മാനേജരെ വിളിച്ചു ലീവും പറഞ്ഞു...ഗര്‍ഭിണിയാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ അലക്സ്‌ ഇങ്ങനെയാണു.എല്ലാത്തിനും വെപ്രാളം..ഞാന്‍ പലതവണ ചോദിച്ചിട്ടുണ്ട്‌ "എനിക്കാണോ ഗര്‍ഭം,അതോ അലക്സിനാണോയെന്നു"

"ഗര്‍ഭം നിനക്കു തന്നെയാ.പക്ഷെ നിന്റെയുള്ളില്‍ കിടക്കുന്നതാരാ...ജൂനിയര്‍ അലക്സ്‌.എന്റെ സ്വന്തം കുഞ്ഞ്‌.അവനു ഇപ്പോള്‍ വേണ്ടതൊക്കെ ചെയ്തു കൊടുത്തില്ലേല്‍,അവന്‍ പുറത്തു വരുമ്പോള്‍ ചോദിക്കും,ഇയാളിതെന്തു അപ്പനാന്നു..അപ്പോള് ഞാന്‍ എന്ത് പറയും..അതു കൊണ്ട്‌ ഞാന്‍ പറയുന്നത് എന്‍റെ മോള്‍ അങ്ങനുനുസരിച്ചേച്ചാല് മതി.." ഇതായിരിക്കും മിക്കവാറും അലക്സിന്റെ മറുപടി.ഇതു കഴിഞ്ഞു ചെവി പതുക്കെ വയറ്റിലോട്ട്‌ അടുപ്പിച്ച്‌ ഒരു ഡയലോഗും "കേട്ടോ,അവന്‍ പറയുന്നതു..കലക്കി അപ്പേന്നു..."

എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌,എന്നെക്കാളും ഈ കുഞ്ഞിനെ ആഗ്രഹിക്കുന്നതു അലക്സാണെന്നു.ആ കുഞ്ഞ്‌ അപ്പാ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ അലക്സിനു ശരിക്കും കൊതിയായിരിക്കുന്നു.സ്വന്തം എന്നു പറയാനുള്ളവരെയെല്ലം പലപ്പോഴായി ദൈവം വിളിച്ചതു കൊണ്ടാകും തനിക്ക്‌ ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു എന്ന കാര്യം അലക്സിനെ ഇത്രയേറെ സന്തോഷിപ്പിക്കുന്നതു.കുഞ്ഞിന്റെ പേരു,അവനെ ചേര്‍ക്കേണ്ട സ്കൂള്‍,അവന്റെ പേരില്‍ ഇപ്പോഴേ നിക്ഷേപങ്ങള്‍ അങ്ങനെ ഓരോന്നും...വീട്ടിലെ ഒരു മുറി കുഞ്ഞിനായി ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. നിറയെ കളിക്കോപ്പുകളും,തൊങ്ങലുകളും, കുഞ്ഞുടുപ്പുകളും, തൊട്ടിലുമൊക്കെയായി......ശരിക്കും കുഞ്ഞിന്റെ വരവിനായി അലക്സ്‌ ഒരുങ്ങുകയായിരുന്നു...

വലിയ തിരക്കില്ലാത്ത സമയത്തായിരുന്നു ഞങ്ങളുടെ അപ്പോയ്ന്‍മന്റ്‌...

"എന്താടോ അലക്സേ ഇത്തവണ,ശര്‍ദ്ദിയോ,അതോ തലകറക്കമോ??" മുറിയിലേക്ക്‌ കയറിയതേ ആനി ഡോക്ടര്‍ ചോദിച്ചു.

നടന്നതൊക്കെ അലക്സ്‌ പറയാന്‍ തുടങ്ങി.

"എടോ താനാണോ ഗര്‍ഭിണി , തന്റെ ഭാര്യയയോ? പറയൂ എത്സാ എന്താ സംഭവിച്ചേ??"

"ഒന്നുമില്ല ഡോക്ടര്‍,മിനിഞ്ഞാന്നു വൈകിട്ട്‌ ഒന്നു തലചുറ്റി.വീഴാതിരിക്കാന്‍ ഒരു കസേരയില്‍ പിടിച്ചെങ്കിലും,പെട്ടന്നു വീണു.അതു കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ മുതല്‍ എന്തോ ഒരു അസ്വസ്ഥത." ഞാന്‍ പറഞ്ഞു.

അതു കാര്യമാക്കാനില്ലെന്നു ഡോക്ടര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും,അലക്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടര്‍ സ്കാനിംഗ്‌ നടത്താന്‍ സമ്മതിച്ചു.സ്കാനിംഗ്‌ കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞാണു ഡോക്ടര്‍ മുറിയിലേയ്ക്ക്‌ വിളിപ്പിച്ചതു.വന്നപ്പോള്‍ കണ്ട ഡോക്ടറുടെ മുഖമല്ല, ഇപ്പോള്‍. ഡോക്ടര്‍ക്കു പറയാനുള്ളതു അത്ര സുഖമുള്ള കാര്യമല്ലെന്നു എനിക്കു വെറുതെ തോന്നി.ഞങ്ങളെ നോക്കി ഡോക്ടര്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും,എന്തോ പുറത്തു വന്നതു ചിരിയായിരുന്നില്ല..ഒരു നിസ്സഹായത ആയിരുന്നു.

"കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടറേ?" മുറിയിലേയ്ക്ക്‌ കയറിയതേ അലക്സ്‌ ചോദിച്ചു.

"നിങ്ങള്‍ ഇരിക്ക്‌"

ഈ ഔപചാരികതയൊന്നും പതിവില്ലാത്തതാണല്ലോ,ഞാന്‍ അലക്സിനെ നോക്കി.അലക്സിനും ഒന്നും മനസ്സിലാവുന്നില്ലെന്നെനിക്കു തോന്നി.

പിന്നീടുള്ള പത്തു മിനിറ്റ്‌ ഡോക്ടര്‍ പറഞ്ഞതെല്ലാം ഒരു ഷോക്കോടെയാണു കേട്ടിരുന്നത്‌.തലചുറ്റി വീണപ്പോള്‍ കുഞ്ഞിന്റെ പൊസിഷന്‍ മാറി.ഇപ്പോള്‍ ഇരിക്കുന്ന രീതിയില്‍ കുഞ്ഞിനെ ഏഴു മാസം കൂടി വളരാന്‍ അനുവദിച്ചാല്‍ അതു കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.ഏഴു മാസം കഴിഞ്ഞു ജനിക്കുന്ന കുഞ്ഞ്‌ നോര്‍മലാകാനുള്ള സാദ്ധ്യത ഒരു ശതമാനം മാത്രമാണു.മാത്രമല്ല,ഈ അവസ്ഥയിലുള്ള കുഞ്ഞിന്റെ കിടപ്പു കാരണം ഗര്‍ഭപാത്രത്തിനും ക്ഷതമേറ്റിരിയ്ക്കാം. അതു കൊണ്ട്‌ ഏറ്റവും നല്ലതു ഇപ്പോള്‍ തന്നെ ഒരു അബോര്‍ഷന്‍ നടത്തുക എന്നതാണ്‌.ഇതായിരുന്നു ഡോക്ടര്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം

"ഈ കുഞ്ഞിനെ കളയണമെന്നു ഒരിക്കലും ഞാന്‍ നിങ്ങളോട്‌ പറയില്ല.പക്ഷേ ഇതൊക്കെയാണു സാദ്ധ്യതകള്‍.ജനിക്കുന്ന കുഞ്ഞിനു ഒരുപക്ഷേ ബുദ്ധിവളര്‍ച്ചയുണ്ടാകില്ല,സംസാരിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല..അങ്ങനെ പലതും.ഇപ്പോഴാണെങ്കില്‍ ഒരു ഡി & സി ചെയ്യാം.സമയം വൈകുന്തോറും കോമ്പ്ലിക്കേഷന്‍സും കൂടി വരും.മാത്രമല്ല നിങ്ങള്‍ ചെറുപ്പാമാണു..എന്താണെങ്കിലും ആലോച്ചിച്ചു തീരുമാനിക്കു..എന്നിട്ടു തീരുമാനം എന്നെ വിളിച്ചറിയിക്കൂ.അധികം വൈകാതെ..." ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു.

വീടെത്താറായി...അലക്സ്‌ ഇതു വരെ ഒന്നും സംസാരിച്ചിട്ടില്ല. വീട്ടില്‍ വന്നു കയറിയപ്പോഴേക്കും മണി ഒന്‍പതായിരുന്നു..

അലക്സ്‌...എന്ത്..."

"നമുക്ക്‌ കാലത്തെ സംസാരിക്കാം എല്‍സാ.."എന്റെ ചോദ്യം മുഴുവനാക്കുന്നതിനു മുന്‍പേ, ഇതും പറഞ്ഞു അലക്സ്‌ കിടന്നു.

ഉറക്കം വരുന്നില്ല...ഞാന്‍ ബാല്‍ക്കണിയില്‍ പോയി ഇരുന്നു.

അലക്സ്‌ ഒരു പക്ഷേ.എന്റെ തീരുമാനത്തിനാകും കാത്തിരിക്കുന്നതു.പക്ഷേ ഞാന്‍..എനിക്കെങ്ങനെ കഴിയും എന്റെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍.ഇതിനകം എത്ര രാത്രികളില്‍,എന്റെ എത്ര സ്വപ്നങ്ങളില്‍ എന്റെ കുഞ്ഞെന്നെ "അമ്മേ" എന്നു വിളിച്ചു കഴിഞ്ഞു.കാണാതെ തന്നെ ആ മുഖം,ആ ചിരി,അമ്മിഞ്ഞയ്ക്കു വേണ്ടിയുള്ള കരച്ചില്‍..ഇതെല്ലാം ഞാന്‍ മനസ്സില്‍ കണ്ടിരുന്നു.ഇതെല്ലാം മനസ്സില്‍ ഇരിക്കേ,എങ്ങനെ ഞാന്‍ എന്റെ കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കും...പക്ഷേ അലക്സ്‌,അലക്സിന്റെ സ്വപ്നങ്ങള്‍,അലക്സ്‌ കൊതിക്കുന്ന "അപ്പേ" എന്ന വിളി..അലക്സിന്റെ കൊഞ്ചിക്കലുകള്‍ കേട്ടുള്ള അവന്റെ ചിരി...അനാഥത്വത്തില്‍ നിന്നുള്ള മോചനം .ഇതെല്ലാം കാത്തിരിക്കുന്ന അലക്സിനു, അപ്പേ എന്നു വിളിക്കാത്ത,കൊഞ്ചിക്കലുകള്‍ കേള്‍ക്കാത്ത, ഒരു കുഞ്ഞിനെ ഞാന്‍ എങ്ങനെ നല്‍കും.???? അലക്സിനു വേണ്ടി ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം...അലക്സും അതാകും ആഗ്രഹിക്കുക എന്നെനിക്കറിയാമായിരുന്നു.

നേരം വെളുക്കാറായപ്പോഴാണു ഞാന്‍ മുറിയിലേയ്ക്ക്‌ പോയതു..പ്രതീക്ഷിച്ചതു പോലെ അലക്സും ഉറങ്ങിയിരുന്നില്ല..

അലക്സ്‌,ഈ കുഞ്ഞിനെ നമുക്ക്‌..."

വേണം എല്‍സാ" മുഴുമിപ്പിച്ചത്‌ അലക്സാണു

"അലക്സ്‌...അതു..."

"അല്ല എല്‍സാ, ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ആലോചിച്ചു.ദൈവം തന്ന ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ നമ്മളാരാ?..അവനെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതും ദൈവം തരുന്നതാകും.അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു?അവനു ബുദ്ധിയില്ലായിരിക്കും..അവന് സംസാരിക്കാന്‍ പറ്റില്ലായിരിക്കും...വേണ്ടാ,ഇതൊന്നും ഇല്ലങ്കിലും ഞാന്‍ അവന്റെ അപ്പനും നീയവന്റെ അമ്മയും അല്ലാതെ ആകുമോ..അവനറിയാവുന്ന പോലെ,അവന്‍ നമ്മളെ അപ്പേന്നും അമ്മേന്നും വിളിക്കില്ലേ..അതു മതി...നമുക്കതു മതി.....ഡോക്ടര്‍ പറഞ്ഞ ആ ഒരു ശതമാനം ദൈവം നമുക്ക്‌ വേണ്ടി നൂറാക്കിയാലോ...ആക്കിയില്ലെങ്കിലും നമുക്ക്‌ ഈ കുഞ്ഞിനെ കളയേണ്ടാ എല്‍സാ.." പറഞ്ഞു തീര്‍ന്നപ്പോഴേക്കും അലക്സിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു...

സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകളും നിറഞ്ഞു..അതു തുടയ്ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഫോണെടുത്തു ആനി ഡോക്ടറിന്റെ നംബര്‍ ഡയല്‍ ചെയ്തു....

Tuesday, August 21, 2007

അമ്മുവിന്റെ ചോദ്യങ്ങള്‍

"അശ്വിന്‍,യൂ ഹാവ്‌ ഗോട്ട്‌ എ ലെറ്റര്‍"

ഞാന്‍ ലാപ്പ്‌ ടോപ്പില്‍ നിന്നു കണ്ണുയര്‍ത്തി.ഒരു കത്തും പൊക്കി പിടിച്ചോണ്ട്‌ എന്റെ പഞ്ചാബി സഹപ്രവര്‍ത്തക ജസ്പ്രീത്‌ എന്റെ ഡെസ്കിലേയ്ക്കു വന്നു.ഇ മെയിലിന്റേം എസ്‌.എം.എസിന്റെയും കാലത്തു,ഒരു കത്തു വന്നതിന്റെ അത്ഭുതം അവളുടെ മുഖത്തുണ്ട്‌.

"letters,in this e-age ,unbelivable",ഇതു പറഞ്ഞുകൊണ്ടാണു അവള്‍ കത്തു കൈയ്യിലേയ്ക്കു തന്നതു.ഞാന്‍ ചിരിച്ചു കൊണ്ട്‌ കത്തു വാങ്ങി.ഇംഗ്ലീഷും ഹിന്ദിയും പിന്നെ ഇതെല്ലാം ചേര്‍ന്ന വേറൊരു ഭാഷയും നിറഞ്ഞു നില്‍ക്കുന്ന ഇവിടെയിരുന്നു നാലു വരി മലയാളം വായിക്കുന്നതിന്റെ സുഖം ഇവളുണ്ടോ അറിയുന്നു...

അമ്മുവിന്റെ കത്താണു...കത്തില്‍ പുതുതായി ഒന്നും കാണില്ല.കുറേ നാട്ടു വിശേഷങ്ങള്‍,വീട്ടു വിശേഷങ്ങള്‍,പരിഭവങ്ങള്‍....

"എന്നെ വിളിക്കണ്ടാ,എഴുതിയാല്‍ മതി"..എന്നു നാട്ടില്‍ ചെന്നാലും അവളുടെ സ്ഥിരം ഡയലോഗാണു.പക്ഷേ ഈ തിരക്കില്‍ വിളി പോലും കുറവാ.എങ്കിലും അവള്‍ എഴുത്തു മുടക്കാറില്ല.പറഞ്ഞാല്‍ എല്ലാം പെട്ടന്നു തീരും,എഴുതിയാല്‍ പിന്നേം പിന്നേം വായിക്കാല്ലോ.ഇതാണു അവളുടെ തിയറി.ഒന്നോര്‍ത്താല്‍ അതും ശരിയാ,മനം മടുപ്പിക്കുന്ന ഏകാന്തതയില്‍ ഈ എഴുതുകളായിരിക്കും അവളുടെ ആശ്വാസം..ഞാന്‍ കത്തു പൊട്ടിച്ചു..

പ്രിയപ്പെട്ട അച്ചുവേട്ടനു,

സുഖമല്ലേ?കഴിഞ്ഞ കത്തിനു മറുപടി കണ്ടില്ല.തിരക്കായിരിക്കും അല്ലേ..സാരമില്ല.ഇവിടെ പ്രത്യേകിച്ചു വിശേഷം ഒന്നുമില്ല.ഓണം വരുന്നു,അതിന്റെ തിരക്കാണു എല്ലാവര്‍ക്കും.കഴിഞ്ഞ ഓണത്തിനു ഓര്‍ത്തു ,ഈ ഓണം കാണില്ലാന്നു.അമ്മു അത്ര ഭാഗ്യമില്ലാത്ത കുട്ടിയല്ലാല്ലേ അച്ചുവേട്ടാ.പക്ഷേ,ഇനിയും ഒരു വര്‍ഷം കൂടി ഈ ഭാഗ്യം ഉണ്ടാകുവോ എന്നറിയില്ല...

ഇന്നലെ അച്ചുവേട്ടന്റെ അമ്മ വന്നിരുന്നു.കുറേ നേരം എന്റെ മുറീലിരുന്നു വര്‍ത്തമാനം പറഞ്ഞിട്ടാ പോയേ.അമ്മയ്ക്കു എന്നെ കാണുമ്പോ നിറയെ വിഷമമാ...അതു കാണുമ്പോ എനിക്കും സങ്കടം വരും.എന്റെ കുട്ടിയ്ക്കു ഒന്നും വരില്ലായെന്നും പറഞ്ഞ്‌ ഇന്നലേം ഒരുപാടു കരഞ്ഞു.ഇതു പോലെ തന്നാ എല്ലാവരും.അവരൊക്കെ വിചാരിചിരിക്കുന്നേ,എനിക്കു ഭയങ്കര സങ്കടമാണെന്നാ.അച്ചുവേട്ടനറിയമോ,ഇപ്പോള്‍ എന്റെ മനസ്സ്‌ ശാന്തമാ,ഒന്നിനെക്കുറിച്ചും ഞാന്‍ അങ്ങനെ ആലോചിക്കാറില്ല.ഇന്നലെ കുറേ നാള്‍ കൂടി മുറിയില്‍ നിന്നു പുറത്തിറങ്ങി,അത്തമല്ലായിരുന്നോ.അമ്പലത്തില്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും,സാധിച്ചില്ല..മുറ്റത്തു ഞാനും ഒരു പൂക്കളമിട്ടു.നമ്മള്‍ പണ്ടിട്ടിരുന്നതു പോലെയൊന്നുമല്ലാട്ടോ,ചെറുതൊരെണ്ണം..അപ്പോള്‍ മുത്തശ്ശി പറയുവാ,ഇപ്പോഴത്തെ ഓണം ഒന്നും ഒന്നുമല്ല.പണ്ടത്തെ ഒാണം ആയിരുന്നു നല്ലതെന്നു.ഞാന്‍ കുറേ തര്‍ക്കിച്ചു,അല്ലെങ്കില്‍ അച്ചുവേട്ടന്‍ പറ,ഇന്നത്തെ ഓണമല്ലേ നല്ലത്‌.ഇന്നാണേല്‍ എല്ലാവരും നല്ല നിലയില്‍,പണ്ടത്തെ അത്രേം ബുദ്ധിമുട്ട്‌ ഒരു വീട്ടിലും ഇല്ല,യാത്ര സൗകര്യമുണ്ട്‌,വെളിച്ചമുണ്ട്‌..അന്നിട്ടും മുത്തശ്ശി പറയുന്നതു കേട്ടില്ലേ,ഇന്നത്തെ ഓണം കൊള്ളില്ലാന്നു....

എന്റെ അസുഖത്തിനു കുറവൊന്നുമില്ല.ഇന്നിയൊന്നും ചെയ്യാനില്ലാന്നു അച്ചനോട്‌ R.C.C ലെ മേനോന്‍ ഡോക്ടര്‍ പറയുന്നതു കേട്ടു.രക്ഷയില്ലാത്തതു കൊണ്ടാകും റേഡിയഷന്‍ നിര്‍ത്തി.അതു കൊണ്ടു ഇപ്പോള്‍ എന്റെ മുടിയൊക്കെ വീണ്ടും വന്നു തുടങ്ങി.പണ്ടു ആദ്യമായി മുടി വെട്ടിപ്പോ അച്ചുവേട്ടന്‍ വിളിച്ചില്ലേ മൊട്ടച്ചീന്നു,ഇപ്പോഴാ അതെനിക്കു ചേരുന്നേ....

ഞാന്‍ ഒരുങ്ങിക്കഴിഞ്ഞു..ഇപ്പോള്‍ മനസ്സില്‍ ഒരു സന്തോഷമുണ്ട്‌..അങ്ങനെ വേദന തോന്നാറില്ല..നേരത്തെ പറഞ്ഞില്ലേ,ശാന്തത..പക്ഷേ എനിക്കൊരു ആഗ്രഹമുണ്ട്‌ അച്ചുവേട്ടാ,മരിക്കുന്നതിനു മുന്‍പ്‌ ഒരിക്കല്‍,ശാസ്താവിനെ കാണണം.പമ്പയില്‍ മുങ്ങിക്കുളിച്ചു,കരിമലയും നീലിമലയും കേറി,പതിനെട്ടു പടികളും ചവിട്ടി ,ശാസ്താവിനെ തൊഴണം.ഇവിടെ ആരോട്‌ പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.പക്ഷേ എനിക്കു പോകണം...ഒരിക്കല്‍ മാത്രം...അച്ചുവേട്ടാ,എനിക്കു ആ ആഗ്രഹം സാധിച്ചു തരണം.പട്ടണങ്ങളിലൊക്കെ മരിക്കാന്‍ കിടക്കുന്നവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന സംഘടനകളുണ്ടത്രേ.അന്വേഷിച്ചെനിക്കെഴുതുവോ...???

തല വേദനിക്കുന്നു...ഒന്നു കിടക്കട്ടെ...മറുപടി പ്രതീക്ഷിച്ചു കൊണ്ടു നിര്‍ത്തുന്നു.

സ്വന്തം അമ്മു.

കത്തു മടക്കി മേശപ്പുറത്തിയ്ക്കിട്ട്‌ ഞാന്‍ കഫേയിലേയ്ക്ക്‌ പോയി...മനസ്സ്‌ മുഴുവന്‍ അമ്മുവും ,അവളുടെ കത്തുമായിരുന്നു.ആദ്യമായിയാണു അവളുടെ ഇങ്ങനെയൊരു കത്ത്‌.എല്ലാവരും ഭയപ്പെട്ടതു സംഭവിക്കാറായെന്നു തോന്നുന്നു...എന്റെ ഓര്‍മ്മയുടെ ആദ്യ താള്‍ മുതല്‍ അവളുണ്ട്‌,അവളുടെ ചിണുങ്ങുന്ന മുഖവും,കൊഞ്ചലുകളുമുണ്ട്‌.അടുത്തടുത്ത്‌ വീടുകള്‍,ആശാന്‍ കളരി മുതല്‍ ഒരുമിച്ചുള്ള പഠനം..ഏകദേശം ഒരേ പ്രായമാണെങ്കിലും ഞാനവള്‍ക്കു അച്ചുവേട്ടന്‍ ആയിരുന്നു.പെങ്ങന്മാരില്ലാത്ത എനിക്കവള്‍ സ്വന്തം അനിയത്തിയും.അങ്ങനെ എല്ലാം സന്തോഷത്തോടെ പോകുമ്പോഴാണു,തലവേദനയുടെ രൂപത്തില്‍ നിര്‍ഭാഗ്യം അവളുടെ ജീവിതത്തിലേയ്ക്കു വരുന്നതു.ആദ്യമൊന്നും ആരും തീരെ ഗൗനിച്ചില്ല..പിന്നീട്‌ അതു സഹിക്കാന്‍ കഴിയാവുന്നതിലപ്പുറമായി..നാട്ടു വൈദ്യവും ആയുര്‍വേദവും ഒക്കെയായി ഒരുപാടു മരുന്നുകള്‍...ഒടുവില്‍ തലച്ചോറിനുള്ളിലെ ആവശ്യമില്ലാത്ത ആ വളര്‍ച്ച കണ്ടെത്തിയപ്പോഴേക്കും ഒരുപാട്‌ വൈകിയിരുന്നു....പിന്നെ കണ്ടിട്ടൂം കേട്ടിട്ടുമില്ലാത്ത എന്തൊക്കെയൊ,മരുന്നുകള്‍,കീമോതെറാപ്പി,റേഡിയഷന്‍..അവളുടെ രൂപം തന്നെ മാറി.ഒരിക്കല്ലേ അതു ഞാന്‍ കണ്ടുള്ളു.പിന്നീട്‌ നാട്ടിലേയ്ക്കുള്ള യാത്രകള്‍ വരെ ഒഴിവാക്കി..അഥവാ പോയാല്‍ അവളുമായുള്ള കൂടിക്കാഴ്‌ച്ചകള്‍ ഒഴിവാക്കി.

മനസ്സ്‌ കത്തിലെ വരികളിലൂടെ നീങ്ങി.എന്തൊക്കെയോ മുന്നറിയപ്പുകള്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു..എല്ലാം പൂര്‍ത്തിയാക്കാന്‍ പോകുന്നു എന്നവള്‍ക്കു മനസ്സിലായതു പോലെ.അതു കൊണ്ടായിരിക്കാം ശബരിമലയില്‍ പോകണം എന്ന അവളുടെ ആഗ്രഹം അവള്‍ അറിയിച്ചതു.എനിക്കു പലപ്പോഴും തോന്നീട്ടുണ്ട്‌,ഒരു വര്‍ഷത്തിനപ്പുറം ആയുസ്സില്ലന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി കൊണ്ട്‌ അവള്‍ ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പാലത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷം നടന്നു നീങ്ങിയതു,അല്ലെങ്കില്‍ നീങ്ങാന്‍ അവളെ പ്രേരിപ്പിച്ചതു അവളുടെ ഈ ആഗ്രഹമാണെന്നു.കാരണം ഈ ആഗ്രഹം അവള്‍ക്കു തോന്നി തുടങ്ങിയതു ഇന്നോ ഇന്നലെയോ അല്ല..കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ആദ്യമായി മല ചവുട്ടിയിട്ടു വന്ന നാള്‍ മുതല്‍..എനിക്കന്നു ഏഴോ എട്ടോ വയസ്സാണു പ്രായം.ആ യാത്രയെക്കുറിച്ചു വിശദീകരിച്ച നാള്‍ മുതല്‍,ശബരിമല അവളുടെ സ്വപന്മാണു.അതിനടുത്ത വര്‍ഷം അവള്‍ പോകാന്‍ ഒരുങ്ങിയതാണെങ്കിലും അപ്രതീക്ഷിതമായി വന്ന പനി അവളെ അയ്യപ്പസ്വാമിയുടെ അടുത്തെന്നിക്കുന്നതില്‍ നിന്നു തടഞ്ഞു..പിന്നീട്‌ അങ്ങനെ പലവിധ തടസ്സങ്ങള്‍..പിന്നെ അവളും ആചാരങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ ബന്ധിതയായി.....പിന്നീട്‌ എന്റെ ശബരിമല യാത്രകള്‍ക്കായി എന്നെക്കാള്‍ കൊതിച്ചതു അവളാണ്‌...എല്ലാ വര്‍ഷവും പറയുന്നതു ഒരേ കാര്യങ്ങളായിരുന്നെങ്കിലും എന്റെ വാക്കുകളിലൂടെ അവള്‍ മനസ്സില്‍ ഒരു ശബരിമല സൃഷ്ടിക്കുകയായിരുന്നു.ഞങ്ങളുടെ സംഭാഷണങ്ങളുടെ ഭൂരിഭാഗം സമയവും പമ്പയും ,മാളികപ്പുറവും,ശരംകുത്തിയും,പതിനെട്ടാം പടിയുമൊക്കെയായി കടന്നു പോയി....

“നോക്കീക്കോ അച്ചുവേട്ടാ,ഞാനും പോകും എന്റെ ശാസ്താവിനെ കാണാന്‍.പേട്ട തുള്ളി,പമ്പയില്‍ മുങ്ങി,കരിമലയും നീലിമലയും ചവിട്ടി..."...ഞങ്ങളുടെ സംഭാഷണങ്ങള്‍ മിക്കപ്പോഴും അവസാനിച്ചിരുന്നതു ഇങ്ങനെയായിരുന്നു....

പക്ഷേ,ഇനിയത്‌...ഈ പ്രായത്തില്‍..എന്തൊക്കെ അസുഖങ്ങളുടെ കാര്യം പറഞ്ഞാലും,ആചാരങ്ങള്‍,വിശ്വാസങ്ങള്‍...Make a Wish ഫൗണ്ടേഷനു മെയില്‍ അയക്കുമ്പോഴും അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിച്ചില്ല.ക്ഷമാപണവും,പ്രാര്‍ത്ഥനകളും നേര്‍ന്നു കൊണ്ടുള്ള ഒരു മറുപടി ലഭിച്ചു.അസാദ്ധ്യമായതു ചെയ്യാന്‍ അവര്‍ ദൈവങ്ങളൊന്നുമല്ലല്ലോ..കാര്യങ്ങള്‍ എല്ലാം കാണിച്ചു ഞാനവള്‍ക്കു മറുപടി അയച്ചു...കത്തെഴുതി താഴെ ഒപ്പിടുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍....

വൈകിയാണു മറുപടി വന്നതു...സ്ഥിരം പല്ലവി ആവര്‍ത്തിച്ചു കൊണ്ടു ജസ്പ്രീത്‌ കത്തു കൊണ്ടു തന്നപ്പോള്‍ ഇക്കുറി ചിരിക്കാന്‍ കഴിഞ്ഞില്ല...അമ്മുവല്ല കത്തെഴുതിയിരിക്കുന്നതെന്നു കയ്യക്ഷരം കണ്ടപ്പോള്‍ മനസ്സില്ലായി... പറഞ്ഞു കൊടുത്താണു എഴുതിച്ചിരിക്കുന്നതു..കഴിഞ്ഞ ആഴ്‌ച്ച അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു അവള്‍ക്കു തീരെ വയ്യാതെയായി എന്നു.ഞാന്‍ കത്തു വായിച്ചു

പ്രിയപ്പെട്ട അച്ചുവേട്ടനു,

സുഖമല്ലേ?ജോലിക്കൂടുതലുണ്ടോ???..സാരമില്ല.ഇവിടെ പ്രത്യേകിച്ചു വിശേഷം ഒന്നുമില്ല.തീരെ വയ്യാതെയായി.തലയ്ക്കത്തു ആയിരം തേനിച്ചകള്‍ മൂളുന്നതു പോലെ തോന്നും.തല വെട്ടി പൊളിക്കുന്ന വേദനയാണ്‌.ഇനി അധികം നാള്‍ വേദന സഹിക്കേണ്ടി വരുമെന്നു തോന്നുന്നില്ല.ഞാന്‍ ഇന്നലെ മരിച്ചു പോയ മുത്തച്ഛനെ സ്വപനം കണ്ടു.മരിച്ചവരെ സ്വപനം കണ്ടാല്‍,മരണം അടുത്തെത്താറായീന്നാ അര്‍ത്ഥമെന്നു അച്ചുവേട്ടന്‍ തന്നെയല്ലേ ഒരിക്കല്‍ എന്നോട്‌ പറഞ്ഞിട്ടുള്ളത്‌....

അച്ചുവേട്ടന്‍ വരുന്നുണ്ടോ അടുത്തെങ്ങാനും..വേണ്ടാ,വരണ്ടാ..എന്തിനാ വെറുതെ എന്റെ രൂപം കണ്ടു വിഷമിക്കുന്നെ...ഞാന്‍ മരിച്ചു എന്നറിഞ്ഞാലും വരരുത്‌...എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി..അച്ചുവേട്ടനു വിഷമമുണ്ടൊ,എന്റെ ആഗ്രഹം സാധിച്ചു തരാന്‍ പറ്റാത്തതില്‍.വിഷമിക്കണ്ടാട്ടോ.അതു നടക്കാത്തതു അച്ചുവേട്ടന്റെയോ എന്റെയോ കുഴപ്പം കൊണ്ടല്ല.ആരെ പഴിക്കണം,ആരെ കുറ്റം പറയണം എന്നെനിക്കറിയില്ല...സമൂഹത്തിനെയോ,ആചാരങ്ങളെയോ,ഐതീഹ്യങ്ങളെയോ,..അതോ വേറെ ആരെയെങ്കില്ലുമോ???ഈ കാര്യങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതു അങ്ങനെ ഒന്നും ചിന്തിച്ചു ദൈവകോപം വരുത്തിവയ്ക്കണ്ടാ എന്നാണ്‌...ഭക്തര്‍ കാണണമെന്നാഗ്രഹിച്ചാല്‍ ദൈവം കോപിക്കുമോ..ദൈവത്തിനു കോപിക്കാന്‍ കഴിയുമോ????കോപിക്കുന്നതും അസ്വസ്ഥത കാണിക്കുന്നതും മറ്റു പലരുമല്ലേ...!!!!പിന്നെ പെണ്ണായി പോയതാണു എന്റെ കുറ്റമെങ്കില്‍,ദൈവത്തിനും കാണില്ലേ ഒരു അമ്മ...പെണ്ണായി പോയതു കൊണ്ട്‌ ആ അമ്മയോട്‌ തന്റെ മകനെ കാണാന്‍ കഴിയില്ല എന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ..ഏതൊരു സ്ത്രീയുടേയും അടിസ്ഥാന ഭാവം അമ്മയുടേതാണു..അതു കൊണ്ടു തന്നെ മറ്റാരെയുംക്കാള്‍ ദൈവങ്ങളെ കാണാനുള്ള അവകാശവും അധികാരവും സ്ത്രീകള്‍ക്കാണു...കാരണം സ്ത്രീ അമ്മയാണു..സൃഷ്ടിയാണു...അശംവതാരമായ എന്റെ ശാസ്താവിന്റെ സൃഷ്ടിയിലും,ഒരു രൂപമായി എങ്കിലും സ്ത്രീയില്ലേ??????എന്നിട്ടും ഈ എനിക്ക്‌,എന്റെ ശാസ്താവിനെ കാണാന്‍ പറ്റിയില്ലല്ലോ....

ഇനിയും സംസാരിക്കാന്‍ വയ്യാ...എനിക്കിതെല്ലാം അച്ചുവേട്ടനോടെ പറയാന്‍ കഴിഞ്ഞുള്ളു..ഏട്ടന്‍ ഈ ചോദ്യങ്ങളെല്ലാം എന്നെങ്കിലും ഈ ലോകത്തോട്‌ ചോദിക്കണം...കാരണം അടുത്ത ജന്മമെങ്കിലും ആചാരങ്ങളുടെ ബന്ധനമില്ലാതെ,വിശ്വാസങ്ങളുടെ കെട്ടുപാടുകളില്ലാതെ ,ആരെയും ഭയക്കാതെ എനിക്കാ സന്നിധിയില്‍ പോകണം..എന്റെ ഭഗവാനെ മനം നിറയെ കാണണം....ഇനിയും ഒരു എഴുത്തുണ്ടാകുമോ എന്നറിയില്ല..ഏട്ടന്റെ മറുപടി വായിക്കാന്‍ കഴിയുമോ എന്നുമറിയില്ല..എങ്കിലും മറുപടി പ്രതീക്ഷിച്ചു കൊണ്ട്‌..

സ്വന്തം അമ്മു....

അമ്മുവിന്റെ ചോദ്യങ്ങള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു...എന്റെ ശബ്ദം ഉയര്‍ന്നു...പതിയെ പതിയെ അതൊരു അലര്‍ച്ചയായി...ഞാന്‍ ഉറക്കെ വിളിച്ചു ചോദിച്ചു...

"...പെണ്ണായി പോയതാണു എന്റെ അമ്മുവിന്റെ കുറ്റമെങ്കില്‍,ദൈവത്തിനും കാണില്ലേ ഒരു അമ്മ...പെണ്ണായി പോയതു കൊണ്ട്‌ ആ അമ്മയോട്‌ തന്റെ മകനെ കാണാന്‍ കഴിയില്ല എന്നാര്‍ക്കെങ്കില്ലും പറയാന്‍ കഴിയുമോ....???"

Wednesday, July 4, 2007

ഇന്നു ഞാന്‍..നാളെ നീ ..

നേരം വെളുത്തു വരുന്നു.കൃത്യം അഞ്ചിനു തന്നെ മൊബൈ‍ല് ശബ്ദിച്ചു.ഞാന്‍ എഴുന്നേറ്റു ജനാലയുടെ വിരി മാറ്റി പുറത്തേയ്ക്കു നോക്കി..ഇന്നലെ തുടങ്ങിയ മഴയാണു.ഇപ്പോഴും ഛന്നം പിന്നം പെയ്യുന്നുണ്ട്‌.പുതപ്പിന്റെ ചൂടിലേയ്ക്കു വീണ്ടും നൂണ്ടു കയറാന്‍ തോന്നി.നാട്ടിലെ പതിവ്‌ അതായിരുന്നല്ലൊ . നന്നേ പുലര്‍ച്ചേ, മഴയാണെങ്കില്‍,പുതപ്പിന്റെ ഉള്ളിലേയ്ക്കു വീണ്ടും ചുരുണ്ടു കൂടുന്നതിന്റെ സുഖം...ഇന്നതു സുഖമുള്ള ഒരോര്‍മ്മ മാത്രമായിരിക്കുന്നു.കഴിഞ്ഞ കാലം ഓര്‍ത്തിരിക്കാന്‍ സമയമില്ല.ഇന്നലെ മഴ കാരണം ഓഫീസില്‍ നിന്നു നേരത്തെ ഇറങ്ങിയതാണു,ആ പണി മുഴുവന്‍ ഇന്നു നേരത്തെ ചെന്നു വേണം തീര്‍ക്കാന്‍.എത്ര നേരത്തെ എത്തിയാലും തീരാത്ത അത്ര പണിയുണ്ടെന്നതു വേറൊരു വസ്തുത.പിന്നെ,വീട്ടില്‍ കാത്തിരിക്കാന്‍ ആരുമില്ലാത്തതു കൊണ്ടു അങ്ങനെയങ്ങു പണിയുന്നു.....

മഴയായിട്ടും റോഡില്‍ തിരക്കിനു യാതൊരു കുറവുമില്ല.കാറും സ്കൂട്ടറുമൊക്കെ ഇഷ്ടം പോലെ..കാല്‍നടക്കാരും കുറവല്ല.മഴയൊന്നും അര്‍ക്കും ഒരു പ്രശ്നമേയല്ല. ചൂടുന്ന കുടയ്ക്കു കീഴില്‍ സ്വന്തമായി ഒരു ലോകം ഉണ്ടാക്കി , അതിലാണു എല്ലാവരുടേയും നടപ്പ്‌ . പിറകെ നടക്കുന്നവരും , എതിരെ വരുന്നവരും ഒന്നും ആര്‍ക്കും പ്രശനമല്ല.എല്ലാവരും എല്ലാവരേയും അറിയുന്ന നാട്ടില്‍ നിന്നും , അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവനെ പോലും അറിയാത്ത ഈ മഹാനഗരത്തിലേയ്ക്കുള്ള കൂടുമാറ്റം...ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു...ഞാന്‍ ഇങ്ങനെ മാറിയല്ലോ..എന്നും ക്ലാസ്സില്‍ എത്തുന്നതു വൈകിയായിരുന്നു..വരുന്ന വഴി മുഴുവന്‍ പരിചയക്കാരാണു..ചായക്കടയിലെ ഗോപാലന്‍ നായരും,ചെത്തുകാരന്‍ വാസുവും,മെംബറും , നാണിയമ്മൂമയും,വാര്യര്‍ സാറും അങ്ങനെ അങ്ങനെ..എല്ലാവരോടും കുശലം പറഞ്ഞു ക്ലാസ്സില്‍ എത്തുമ്പോഴേക്കും,പീരിയഡ്‌ പകുതിയായിട്ടുണ്ടാകും..ഓര്‍മ്മയുടെ വിദൂരതയില്‍ പോലും ഇവിടെ അങ്ങനെയൊരാളോട്‌ സംസാരിച്ചതായി ഓര്‍ക്കുന്നില്ല..പലപ്പോഴും ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്‌,മനസ്സില്‍ എവിടെയെങ്കിലും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ ബാക്കിയുണ്ടോ എന്നു...ഇനിയും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യം.

കുട ചൂടിയിടുണ്ടെങ്കിലും, നന്നായി തന്നെ നനയുന്നുണ്ട്‌.ഒരോ തുള്ളി ദേഹത്തു വീഴുമ്പോഴും എന്തോ ഒരു അറപ്പ്‌ തോന്നുന്നു.നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരോ മഴയും ഒരോ ആഘോഷമായിരുന്നു.മഴ പെയ്യുമന്ന് തോന്നിയാലും കുട എടുക്കാതെ പോകാനായിരുന്നു അന്നൊക്കെ താത്പര്യം.ആ മഴയുടെ ഭംഗിയൊന്നും ഈ മഹാനഗരത്തിലെ മഴയ്ക്കില്ല.ഒരു മഴ പെയതാല്‍ ഈ വഴികളിലൂടെ നടക്കാന്‍ അറയ്ക്കും. ചീഞ്ഞു നാറി..ഓര്‍ക്കുമ്പോള്‍ മഴയെ തന്നെ വെറുക്കാന്‍ തോന്നുന്നു..ഓര്‍മ്മകളിലൂടെ നടന്നതു കൊണ്ടാകണം സ്റ്റേഷന്‍ എത്തിയതു അറിഞ്ഞില്ല..പലപ്പോഴും തോന്നിയിട്ടുണ്ട്‌,ഏറ്റവും മികച്ച സമയം കൊല്ലി,ഓര്‍മ്മകളാണെന്നു..അതും നാടിനെ കുറിച്ച്...

സീസണ്‍ ടിക്കറ്റായതു കൊണ്ട്‌ ക്യൂവില്‍ നില്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നു വൈകിട്ടു വരുന്ന വഴി വേണം ടിക്കറ്റ്‌ പുതുക്കാന്‍.എല്ലാ മാസവും ഒാര്‍ക്കും ഇതു അവസാനത്തെ സീസണ്‍ ടിക്കറ്റാകും എന്നു,അടുത്ത മാസം ഈ നഗരത്തോട്‌ തന്നെ വിട പറയണം എന്നു.പക്ഷേ കഴിഞ്ഞ നാലു വര്‍ഷമായി അതിനു കഴിഞ്ഞിട്ടില്ല...ശരിക്കും മടുത്തിരിക്കുന്നു ഈ ജീവിതം,മഹാനഗരത്തിന്റെ തിരക്കുകളില്‍,തികച്ചും ഒറ്റപ്പെട്ട്‌, ഇങ്ങനെ നടക്കുമ്പോള്‍ പേടി തോന്നിയിട്ടുണ്ട്‌ പലപ്പോഴു. ഈ തിരക്കുകളില്‍ പെട്ട്‌ അലിഞ്ഞില്ലാതെയായവരുടെ കൂട്ടത്തിലെ പുതിയ പേര്‌ എന്റെയാകുമോ എന്നോര്‍ത്തു...ഒരിക്കല്‍ അതും സംഭവിക്കും എനിക്കുറപ്പാണ്‌...

ഒരുപാട്‌ ലോക്കല്‍ ട്രെയിനുകള്‍ മുന്നിലൂടെ കടന്നു പോകുന്നു..എല്ലാം തിങ്ങിനിറഞ്ഞാണു പോകുന്നതു.ഇനി അതില്‍ എവിടെയാണു ആളുകള്‍ കയറുന്നതു എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും,അതില്‍ ഉള്ള അത്രയും ആളുകള് തില്‍ പിന്നെയും കയറി കഴിഞ്ഞിരിക്കും..അവിടുത്തുകാര്‍ക്ക്‌ ഈ ട്രെയിനുകള്‍ അവരുടെ ജീവിതത്തിന്റെ , അല്ല സ്വന്തം ശരീരത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു.

എനിക്കുള്ള ട്രെയിന്‍ ഇനിയും എത്തിയിട്ടില്ല,..ആ ട്രെയിനിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്‌...അവിടെ നില്‍ക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും കഴിഞ്ഞ കുറേ കാലമായി കാണാറുണ്ട്‌..പക്ഷേ ഇന്നും അവര്‍ തികച്ചും അപരിചിതര്‍,മനസ്സ്‌ വീണ്ടും നാട്ടിലേയ്ക്കു പോയി, K.S.R.T.C ബസ്സില്‍ എന്നും ഒരുമിച്ചു യാത്ര ചെയ്യ്തു,അടുത്ത സുഹൃത്തുകളായി മാറിയ എത്രയോ അപരിചിതര്‍ . നാട്ടില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേയ്ക്കു ഒന്നര മണിക്കൂര്‍ യാത്രയുണ്ടായിരുന്നു...മിക്ക ദിവസവും സ്ഥിരം യാത്രക്കാര്‍..കാലത്തും വൈകിട്ടും ഒരുമിച്ചു..എത്രയെത്ര വിഷയങ്ങള്‍..സിനിമ മുതല്‍ രാഷ്ട്രീയം വരെ..ഇവിടെ നേരെ മറിച്ചാണു.ഒരോ വ്യക്തിയും ഒരോ ലോകം...ആ ലോകത്തു അവരും അവരുടെ പ്രശനങ്ങളും മാത്രം...

എന്റെ ട്രെയിനിനുള്ള അറിയിപ്പെത്തി...പ്രതീക്ഷിച്ച പോലെ തന്നെ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ,എങ്കിലും മുന്നില്‍ വന്നു നിന്ന വാതിലിനടുത്തേയ്ക്കു ഞാന്‍ ഒാടി..തള്ളി തള്ളി വാതിലിന്റെ മുന്നില്‍ എത്തിയപ്പ്പ്പോഴേക്കും,ട്രെയിന്‍ നീങ്ങി തുടങ്ങി..എങ്കിലും പിറകില്‍ നിന്നുള്ള തള്ളിനു യാതൊരു കുറവുമില്ല...കയറാന്‍ പറ്റാത്ത അകലത്തേയ്ക്കു ട്രെയിന്‍ നീങ്ങി കഴിഞ്ഞിരുന്നു..സാധാരണ ട്രെയിന്‍ മിസ്സ്‌ ചെയ്യുമ്പോള്‍ തോന്നുന്ന ദേഷ്യവും സങ്കടവുമൊന്നും ഇന്നു മനസ്സില്‍ തോന്നുന്നില്ല..വല്ലാത്ത ഒരു ശാന്തത..സുഖമുള്ള ഒരു തണുപ്പ്‌...ഞാന്‍ അടുത്ത ട്രെയിനും കാത്തു അപ്പുറത്തേയ്ക്ക് മാറിനിന്നു.

"ട്രാക്ക്‌ മേം കോയി ഗിര്‍ പഠാ ഹെ".(ട്രാക്കില്‍ ആരോ വീണു കിടക്കുന്നു) ആരോ വിളിച്ചു കൂവുന്നതു കേട്ടു.

ഒരു പറ്റം ആളുകള്‍ ട്രാക്കില്‍ നിന്നു ഒരാളെയും പൊക്കിയെടുത്തു വരുന്നുണ്ട്‌. മുഖം കാണാന്‍ വയ്യ..മരിച്ചു കഴിഞ്ഞു അതുറപ്പാണു. .ഞാന്‍ കയറാന്‍ ശ്രമിച്ച വാതിലിന്റെ ഭാഗത്തു നിന്നുമാണ് ബഹളം. ആ തിരക്കില്‍ വീണു പോയതാകണം.ഇതിവിടെ ഒരു സ്ഥിരം സംഭവമാണു.ആദ്യത്തെ ആ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം രംഗം വീണ്ടും ശാന്തമായി.സ്റ്റേഷന്‍ മാസ്റ്ററുടെ ഒാഫീസിനു മുന്നില്‍ തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണു ആ മൃതദേഹം .രണ്ടു പണിക്കാര്‍ വന്നു ,പുതപ്പിച്ചിരുന്ന തുണി ഒരു മറയാക്കി പിടിച്ചു..പോലീസുകാര്‍ക്ക്‌ ഇങ്ക്വസ്റ്റ്‌ തയ്യറാക്കാന്‍ വേണ്ടിയാണു..സ്റ്റേഷനില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു പോലും ,കണ്മുന്നില്‍ ഒരു മരണം സംഭവിച്ചതിന്റെ പകപ്പൊന്നുമില്ല..എല്ലാം സര്‍വ്വ സാധാരണം പോലെ..പോലീസുകാര്‍ ആ ശവം അരിച്ചു പെറുക്കുന്നുണ്ട്‌ , തിരിച്ചറിയാനുള്ള എന്തെങ്കിലും തെളിവിനായി..അവരുടെ ഒരു അവസ്ഥയേ,എന്തൊക്കെ കാണണം,എന്തൊക്കെ ചെയ്യണം.???

"പ്രതിഭാ അപ്പാര്‍ട്ടമെന്റു സേ കോയി ഹേ??"(പ്രതിഭാ അപ്പാര്‍ട്ടമെന്റില്‍ നിന്നുള്ള ആരെങ്കിലും ഉണ്ടോ?? അയാളുടെ പോക്കറ്റില്‍ നിന്നെടുത്ത കുറിപ്പില്‍ നോക്കി ഒരു പോലീസുകാരന്‍ വിളിച്ചു ചോദിച്ചു.

ആ പേരു കേട്ട്‌ ഞാനൊന്നു ഞെട്ടി..കാരണം ഞാന്‍ താമസിക്കുന്ന കെട്ടിടമാണതു.പക്ഷേ അങ്ങോട്ടു ചെല്ലാന്‍ തോന്നിയില്ല .കാരണം രണ്ടാണു.ഒന്നാമതു എനിക്ക്‌ അവിടെ താമസിക്കുന്ന മറ്റാരേയും തന്നെ അറിഞ്ഞു കൂടാ..രണ്ടാമത്‌,കാണേണ്ടി വരിക,ട്രെയിന്‍ കയറി അരഞ്ഞ ഒരു ശവമാണു,തീര്‍ത്തു അസുഖകരമായ കാഴ്ച്ച.ഞാന്‍ ഈ നാട്ടുകാരന്‍ അല്ല എന്ന മട്ടില്‍ അവിടെ തന്നെ നിന്നു.എങ്കിലും അതാരാകും,അധികം ആരെയും അറിയില്ലെങ്കിലും ,പരിചിതമായ മുഖങ്ങളിലൂടെ ഞാന്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി...അതിര്‍വശത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന തടിയന്‍ മാര്‍വാഡി...പക്ഷേ,അയാള്‍ കുറേ ദിവസമായി അവിടെയില്ലെന്നു തോന്നുന്നു,കാരണം ഉണ്ടെങ്കില്‍ മിക്ക ദിവസവും ഭാര്യയുമായി ഒച്ച വയ്ക്കുന്നതു കേള്‍ക്കാം...അയാളല്ലെങ്കില്‍,പിന്നെ അങ്കിള്‍ വില്യം ആകുമോ...കക്ഷിയെ കാലത്തെ കണ്ടതാണു,ഞാന്‍ ഇറങ്ങുന്ന നേരത്തു താഴെ കുട്ടികളുമായി കളിച്ചു കൊണ്ടു നില്‍ക്കുന്നതു..എന്റെ മുന്നില്‍ നടന്നു നീങ്ങിയ ആ ഗുജറാത്തി പട്ടേല്‍ ആകും..ചിലപ്പോള്‍ ഇവരാരുമാകില്ല,മറ്റാരുടെയെങ്കിലും വിലാസമാണു ആ മൃതദേഹത്തിന്‍റെ പോക്കറ്റില്‍ നിന്നു കിട്ടിയതെങ്കിലോ?? അല്ലെങ്കിലും ആരായാലെന്താ...ആരുമായും ഒരിക്കലും പിരിയാന്‍ കഴിയാത്ത ഒരു ആത്മബന്ധമൊന്നുമില്ലല്ലോ അവിടെ..പിന്നെ സംഭവിച്ചതു ഒരു മരണമാണല്ലോ,ആ ആത്മാവിനു ശാന്തി ലഭിക്കട്ടെ..ഞാനും ഒരു നഗരജീവി ആകുകായാണു..ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ആ മൃതദേഹം അവിടെ നിന്നു കൊണ്ടു പോകാനുള്ള ഒരുക്കമാണു..എന്റെ ട്രെയിന്‍ വന്നു..തിരക്കിനു യാതൊരു കുറവുമില്ല..ഇത്തവണ കയറിയേ പറ്റൂ,..ഒരു തരത്തില്‍ അതിന്റെ അകത്തു കയറി നിന്നു ഞാന്‍ പുറത്തേയ്ക്കു നോക്കി...എന്റെ വാതിലിന്റെ മുന്നിലൂടെ ആ ശരീരവും കൊണ്ടു പോലീസുകാര്‍ നീങ്ങി..ട്രെയിന്‍ നീങ്ങുന്ന കാറ്റില്‍,അതിന്റെ മുഖത്തു നിന്നു മൂടിയിരുന്ന തുണി പറന്നു ...അതിന്റെ മുഖം..അതു ഞാനായിരുന്നു....അപ്പോഴേക്കും ട്രെയിന്‍ അകലേയ്ക്കു നീങ്ങിത്തുടങ്ങിയിരുന്നു...

Monday, June 4, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:അവസാന ഭാഗം

ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു...ഒരുപിടി നല്ല ഓര്‍മ്മകളും അനുഭവങ്ങളും എനിക്കു സമ്മാനിച്ചാണു ഈ പരമ്പര അവസാനിക്കുന്നതു.ഒരുപാട് പേരോടു നന്ദിയുണ്ട്.പേരെടുത്തു പറയുന്നില്ല....


അഭിമുഖം തുടരുന്നു...






ചോ:മലയാളത്തില്‍ ഇന്നു നമുക്ക്‌ 4 ന്യൂസ്‌ ചാനലുകളുണ്ട്‌.English Speaking Laguages കഴിഞ്ഞാല്‍ ഏറ്റവും നന്നായി ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നു എന്നു പറയപ്പെടുന്ന ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്യുന്നതു 5 ഇംഗ്ലീഷ്‌ ന്യൂസ്‌ ചാനലുകളാണു.അവയുടെ Reach എന്നു പറയുന്നതു ഇന്ത്യ മുഴുവനാണു.മലയാളികളെ പോലെ ഇത്രയും ചെറിയ ഒരു പ്രേക്ഷകസമൂഹത്തിനു ഇത്രയും ചാനലുകളുടെ ആവശ്യമുണ്ടോ?






ഉ:മലയാളിക്കു എത്ര ചാനല്‍ വേണമെന്നു ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.പണ്ടു ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന സമയത്തു ഞാന്‍ പറഞ്ഞിട്ടുണ്ട്‌ ഇനി ഒരു ചാനല്‍ ഉണ്ടാകില്ല എന്നു.അതു കഴിഞ്ഞു രണ്ടാമതൊരു ചാനല്‍ വന്നപ്പോള്‍ വീണ്ടും പറഞ്ഞു ഇതു അവസാനത്തേതാണു,ഇനിയില്ല എന്നു.പിന്നീട്‌ 3 വന്നു 4 വന്നു,8 വന്നു,10 വന്നു.ഇപ്പോള്‍ ഏകദേശം 12 ചാനലുകളിലെത്തി നില്‍ക്കുന്നു.ഇതു എത്ര വേനമെന്നു ആരാ തീരുമാനിക്കുന്നതു.ഇതെന്താന്നു വച്ചാ ഇതിന്റെ Idioms മാറി കൊണ്ടിരിക്കുകയാണു.Greatest Churning നടക്കുന്ന ഒരു Industry ആണിതു.അതു പോലെ തന്നെ ഏറ്റവും Boom ഉള്ള ഒരു ഇന്‍ഡസ്ട്രി കൂടിയാണിതു.ഏകദേശം 53,000 കോടിയാണു ഇന്നു ഈ വ്യവസായത്തിന്റെ Turn Over.ഇതിന്റെ വളര്‍ച്ച എന്നു പറയുന്നതു 20 ശതമാനമാണു.ഓര്‍ക്കണം നമ്മുടെ GDP Growth എന്നു പറയുന്നതു ഒന്‍പതു ശതമാനം മാത്രമാണു.2010 ആകുമ്പോഴേക്കും ഇതിന്റെ Turn Over ഏകദേശം ഒരു ലക്ഷം കോടിയാകും.അപ്പോള്‍ ഇതിന്റെ Quantum Of Growth വലുതാണു.ഈ Quantamത്തില്‍ നമ്മുടെ നമ്പര്‍ എത്രയാണെന്നു ആരാ തീരുമാനിക്കുന്നേ.

അതു പോലെ Churning.ദൂരദര്‍ശന്‍ പരിപാടികളുടെ ഇടയ്ക്കു അഞ്ചോ പത്തോ മിനിറ്റ്‌ കാണിക്കുന്ന ഒരു ഉല്‍പനം മത്രമാണു വാര്‍ത്ത എന്നു ആളുകള്‍ ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഒരു ആറോ ഏഴോ വര്‍ഷം മുന്‍പായിരുന്നു അതു.അതില്‍ നിന്നു ഇന്നു ഈപ്പറഞ്ഞ 4 ന്യൂസ്‌ ചാനലുകളിലേയ്ക്കെത്തിയില്ലേ.പണ്ടു ഞങ്ങള്‍ ജേര്‍ണ്ണലിസ്റ്റുകള്‍ പറയുമായിരുന്നു പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല,പക്ഷേ മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണെന്നു.ഇന്നു പട്ടി മനുഷ്യനെ കടിച്ചാലും മനുഷ്യന്‍ പട്ടിയെ കടിച്ചാലും അതു വാര്‍ത്തയാണു.





ചോ:പക്ഷേ,ഇത്രയും ന്യൂസ്‌ ചാനലുകള്‍ വരുമ്പോള്‍ അതു കൊടുക്കുന്ന വാര്‍ത്തയുടെ Credibilityയെ ബാധിക്കില്ലേ?






ഉ:Credibility അല്ല്ല...Sensation.അനാവശ്യമായ മത്സരം .ഇതിനൊക്കെ ഈ വളര്‍ച്ച കാരണമായേക്കും.






ചോ:ഞാന്‍ അതിലേയ്കു വരികയാണു,ഒരിക്കല്‍ A.P.J Abdul Kalam പറഞ്ഞിട്ടുണ്ട്‌ "Media Sensationalise,They Dont Sensitise" എന്ന്.ശരിക്കും ഇന്നു അതല്ലേ സംഭവിക്കുന്നതു,ഏതൊരു കാര്യത്തിന്റെയും Sensible ആയ കാര്യം നോക്കതെ അതിനെ ഒരു Sensation ആക്കുകയല്ലേ ഇന്നത്തെ മാദ്ധ്യമങ്ങള്‍ ചെയ്യുന്നതു.ഉദാഹരണത്തിനു അഭിഷേക്‌ ബച്ചന്‍-ഐശ്വര്യാ റായി വിവാഹം.കേരളത്തിലേയ്ക്കു വരികയാണെങ്കില്‍,വിജയ്‌ യേശുദാസിന്റെ വിവാഹം ലൈവായി സം പ്രേക്ഷണം ചെയത ഒരേ ഒരു ചാനല്‍ കൈരളി People ആണു.അതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ?






ഉ:See,What Is News?ഞാന്‍ നേരത്തെ പറഞ്ഞില്ലേ,ന്യൂസിന്റെ നിര്‍വചനം മാറിയെന്നു.നമ്മുടെ കണ്ണിനെ പിടിച്ചിരുത്താന്‍ കഴിയുന്ന സഭ്യമായ എന്തും വാര്‍ത്തയാണു.ഇതു വാര്‍ത്ത,ഇതു വാര്‍ത്തയല്ല എന്നു പറയാന്‍ ആരുമില്ല.ഉദാഹരണത്തിനു യേശുദാസിന്റെ മകനെ വിവാഹം ഞങ്ങള്‍ ലൈവ്‌ ചെയ്തു.ഒരുപാടു പേര്‍ എന്നോടു ചോദിച്ചു അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു.Even എന്റെ ജൂണിയേഴ്സായി വര്‍ക്കു ചെയ്യുന്നവര്‍ വരെ എന്നോടു ചോദിക്കുകയുണ്ടായി.എന്നെക്കാള്‍ വളരെ ചെറുപ്പമായ ആളുകള്‍ വരെ എന്നോടു ചോദിച്ചു.I said,I'm Disgusted,Your Mindset Is Bad.We Should Look Ahead.ഇന്നു കേരളത്തിലെ,ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ മലയാളിയാണു ശ്രീ.യേശുദാസ്‌.യേശുദാസിന്റെ മകനും പ്രശസ്തനാണു.ആ ചടങ്ങില്‍ Converge ചെയ്യുന്നതു ആരൊക്കെയാണു,മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവു,കലാകാരന്മാര്‍,മോഹന്‍ലാല്‍...ചുരുക്കി പറഞ്ഞാല്‍ കേരളീയ സമൂഹത്തിന്റെ Cream ഒരുമിച്ചു ചേരുന്ന ഒരു ചടങ്ങു ലൈവ്‌ ചെയ്യുന്നതില്‍ എന്താ തെറ്റ്‌.ഇവിടെ മന്ത്രവാദം ലൈവ്‌ ചെയ്യുന്നുണ്ട്‌,യാഗം ലൈവ്‌ ചെയ്യുന്നുണ്ട്‌,പള്ളിപെരുന്നാള്‍ ലൈവ്‌ ചെയ്യുന്നുണ്ട്‌,പിള്ളേര്‍ കല്ലെടുത്തു ബസിനെറിയുന്നതു ലൈവ്‌ ചെയ്യാം.ഇതൊക്കെ നല്ലതാണെന്നു പറയുന്നവര്‍ ഇത്‌ മോശമാണെന്നു പറയുന്നതു എന്തു കൊണ്ടാണു.മോശമാണെന്നു പറയുന്നതു Professional Jealousy കൊണ്ടാണു.




ചോ:സാര്‍ ഈശ്വരവിശ്വാസിയാണോ?




ഉ:ഞാന്‍ ഈശ്വരവിശ്വാസിയാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണു.ഞാന്‍ ഈശ്വരവിശ്വാസിയോണോ,നിരീശ്വരവാദിയാണോ എന്ന ഒരു Conclusionലേയ്ക്കു ഞാന്‍ എത്തിയിട്ടില്ല.പിന്നെ എന്റെ ഇന്നത്തെ ഒരു അന്വേഷണ ത്വരയില്‍ ഇതു കണ്ടുപിടിക്കേണ്ട ഒരു ശാസ്ത്ര സത്യമാണൊന്നൊന്നും എനിക്കു തോന്നിയിട്ടില്ല.പിന്നെ നിരീശ്വരവാദവും ഒരു ഈശ്വരവാദമാണെന്നു പണ്ടു പറയാറുണ്ടായിരുന്നു.ഏറ്റവും വലിയ Addiction ആണു നിരീശ്വരവാദം.കാറല്‍ മാര്‍ക്സ്‌ പോലും അതിനെ കുറ്റം പറഞ്ഞിട്ടുണ്ട്‌.ഈശ്വരവാദത്തിന്റെ ഏറ്റവും വലിയ Support ആണു നിരീശ്വരവാദം.കാരണം ഇതില്ല എന്നു സ്ഥാപിക്കാനുള്ള വ്യഗ്രത എന്നു പറയുന്നതു ഇതുണ്ട്‌ എന്നവന്റെ മനസ്സില്‍ തോന്നുന്നതു കൊണ്ടല്ലേ.






ചോ:ഇന്നത്തെ സങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഒരു ചാനലിനു എത്ര മാത്രം നിക്ഷപക്ഷത കാണിക്കുവാന്‍ കഴിയും?



ഉ:നിക്ഷപക്ഷത എന്ന സാധനം,Honestly Speaking എങ്ങനെയൊരു Objectivity ഇല്ല,നമ്മുടെ തെറ്റിദ്ധാരണയാണതു.ഏതിലാണിന്നു Objectivityയുള്ളതു.ഒന്നിലുമില്ല.ഇന്നു ലോകത്തിലെ ഏതു പത്രമാണു നിക്ഷപക്ഷം എന്നു നമുക്ക്‌ പറയാന്‍ കഴിയുന്നതു.അതൊരു മിഥ്യാധാരണയാണു,നമ്മൂടെ മനസ്സിന്റെ വ്യര്‍ത്ഥമായ ഒരു ചിന്താ മാത്രമാണതു.ഞാന്‍ വിശ്വസിക്കുന്നതു Responsible Journalsim എന്നതിലാണു.നമുക്ക്‌ Responsibilty ഉണ്ടാകണം.ഉദാഹരണത്തിനു ഇവിടെ വലിയൊരു കലാപം ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രസീദ്ധീകരിച്ചു ഒരു കലാപം ഉണ്ടാക്കുന്നു.അതാണോ,Objective Journalism.?.ഒരു കാര്യം പറയാം,പത്രം,അല്ലെങ്കില്‍ ഒരു മാദ്ധ്യമസ്ഥാപനം,അതു നടത്തുന്ന വ്യക്തിയുടെ രാഷ്ട്രീയം,സംസ്കാരവും,സാമ്പത്തികവുമൊക്കെ ആ പത്രത്തില്‍ പ്രതിഫലിക്കും.






ചോ:പക്ഷേ,ഒരു Democratic Nationല്‍ മാദ്ധ്യമങ്ങളുടെ ചുമതല എന്നു പറയുന്നതു,തെറ്റുകള്‍ ചൂണ്ടികാണിക്കുക എന്നതല്ലേ.അപ്പോള്‍ ഒരു ഭാഗത്തിന്റെ തെറ്റുകള്‍ മാത്രം ചൂണ്ടി കാണിക്കുന്നതു ശരിയാണോ?






ഉ:ഒരിക്കലുമല്ല.ഇപ്പോല്‍ കൈരളിയെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നതെങ്കില്‍,ഞങ്ങളെ കുറിച്ചു ഒരുപാടു തെറ്റിദ്ധാരണകളുണ്ടായിരുന്നു,ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമാണെന്നു.പക്ഷേ ഞങ്ങള്‍ അതൊക്കെ മാറ്റി.ശ്രീ.ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്തു "എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്ന കേരളത്തിലെ ഏക മാദ്ധ്യമസ്ഥാപനം കൈരളി" ആണെന്നു അദ്ദേഹം On Record പറഞ്ഞു.Thats it !






ചോ:സാര്‍,Media And Youth നെക്കുറിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു."It is not just the lack of trained people. When it comes to the state-oriented journalism, you need people who are well aware of Kerala's social and political aspects. As far as I know, that is one thing really lacking among today's youngsters,".അതൊന്നു വ്യക്തമാക്കാമോ?




ഉ:See,Its A Very Good Question,ഞാന്‍ പറഞ്ഞെന്താണെന്നു വച്ചാല്‍,You Are Doing A Formal Interview,അപ്പോള്‍ എന്റെ ജീവിതം,ചരിത്രം,രാഷ്ട്രീയം ഇതൊക്കെ അറിയാവുന്ന ഒരാള്‍ക്കേ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിയൂ.അതു പോലെ കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയസാംസ്കാരിക അവസ്ഥ എന്താണെന്നു മനസ്സിലാക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ചുരുങ്ങി വരികയാണു.അതാണു എന്നെയും അലട്ടുന്ന കാര്യം.ഞാന്‍ ഒരിക്കല്‍ നേരിട്ട്‌ കണ്ടതാണു,Indrajit Gupta എന്ന ഒരു Veteran Communist Leader ഉണ്ട്‌.ഒരിക്കല്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങി വന്ന അദ്ദേഹത്തോട്‌ N.D.T.Vയുടെ റിപ്പോര്‍ട്ടറായ ഒരു പെണ്‍കുട്ടി ചോദിച്ചതാണു "Sir,What Is Your Name?".ഇതൊക്കെ അറിയാവുന്ന Youngsters ഉണ്ട്‌.പക്ഷേ ഒരു Comprehensive Knowledge ഉള്ളവര്‍ കുറവാണു.ഉദാഹരണത്തിനു എനിക്കിപ്പ്പ്പോള്‍ മലപ്പുറത്തേയ്ക്കൊരാളെ അയക്കണം.അവിടുത്തെ സാമൂഹ്യരാഷ്ട്രീയസാംസ്കാരിക അവസ്ഥ അറിയാവുന്ന ഒരാള്‍ക്കല്ലേ അവിടെ നിന്നു റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പറ്റൂ.We Should Have People With That Awareness.അതാണിവിടെ ഇല്ലാതതും






ചോ:Entertainment പ്രോഗ്രാമുകളില്‍ ഒരുപാട്‌ Youngstersനെ നമുക്ക്‌ കാണാന്‍ കഴിയും.പക്ഷേ കുറച്ചു കൂടി Serious ആയ പ്രോഗ്രാമുകള്‍ ചെയ്യണമെന്നു ആഗ്രഹിക്കുന്നവര്‍ക്കു പലപ്പോഴും മീഡിയ Approchable അല്ല.എനിക്കിപ്പോള്‍ സാറിനെ കണ്ടതു കൊണ്ടു ചോദിക്കാം,പക്ഷേ എല്ലാവര്‍ക്കും ആ അവസരം കിട്ടുന്നില്ലല്ലോ?






ഉ:അതിനുള്ള കാരണമെന്തെന്നു വച്ചാല്‍ കേരളത്തിലെ ടെലിവിഷന്‍ industry കൂടുതലും City Oriented ആണു.We Pick Up Talents From There.Basically,ഒരുപാട്‌ സ്ഥലത്തേയ്ക്കൊന്നും പോകാന്‍ പറ്റില്ല.Infrastructre,Production Cost,തുടങ്ങിയ ഒരുപാട്‌ കാരണങ്ങളുണ്ട്‌.എനിക്ക്‌ Interact ചെയ്യാന്‍ കഴിയുന്ന ആളുകള്‍ കുറവാണു.പക്ഷേ അവരില്‍ കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക്‌ അവസരം കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌.





ചോ:സാറിന്റെ ജീവിതം,അതായതു കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു,നന്നായി പഠിച്ചു,റാങ്കുകള്‍ നേടി,J.N.U ല്‍ M.Phil ചെയ്തു,ദേശാഭിമാനിയില്‍ തുടങ്ങി,അതിനു ശേഷം കൈരളിയില്‍ എത്തി,മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ കൈരളി ചാനലിന്റെ M.D ആയി.ഈ ഒരു Journey വച്ച Can We Call You,A Successfull Person?






ഉ:No,I Dont Think So.Basically,I'm Not Unhappy,I'm Comfortable With What I Have.ഞാന്‍ സംതൃപ്തനാണു.അതിപ്പോ Success ആണോ,Failure ആണോ എന്നൊക്കെ ചോദിച്ചാല്‍.സത്യം പറയാമല്ലോ,ഈ ഒരു സ്ഥാനത്തിരിക്കുമ്പോഴും ഒരു സാധാരണ Journalist ആയി അറിയപ്പെടാനാണെന്റെ ആഗ്രഹം.അവസരം കിട്ടിയാല്‍ ,ഫീല്‍ഡില്‍ പോയി ഒരു സാധാരണ പത്രപവര്‍ത്തകന്‍ ചെയ്യുന്ന പോലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആഗ്രഹിക്കുന്ന,ചെയ്യുന്ന ഒരു വ്യക്തിയാണു ഞാന്‍.




ചോ:കേരളത്തിലെ യുവജനസമൂഹത്തിനു ജോണ്‍ ബ്രിട്ടാസ്‌ ഒരു റോള്‍ മോഡലാണോ?






ഉ:ഏയ്‌,എനിക്കു തോന്നുന്നില്ല,അനുകരിക്കപ്പെടണ്ട ഒരു വ്യക്തിയാണു ഞാനെന്നു.കഴിവുള്ളവര്‍ എല്ലായിടത്തുമുണ്ട്‌.Everybody has got a atom bomb ticking inside their minds and it'll explode at the right time.അതിനു പ്രത്യേകിച്ചൊരു റോള്‍ മോഡല്‍ ഉണ്ടാകണമെന്നൊന്നുമില്ല.

ചോ:ജോണ്‍ ബ്രിട്ടാസ്‌,Whether He Is A Good Manager,Or a Good Journalist?





ഉ:മാനേജിംഗ്‌ ഡയറക്ടറുടെ ജോലി ചെയ്യുന്ന സമയം,I'm a Good Manager.പത്രപവര്‍ത്തനം നടത്തുന്ന സമയം I'm a Good Journalist.പിന്നെ ഒരു കാര്യം എനിക്കറിയാം,രണ്ടിലും ഞാനത്ര മോശക്കാരനൊന്നുമല്ല....






ചോ:എന്റെ അവസാനത്തെ ചോദ്യം,കേരളത്തിലെ Professional വിദ്യാര്‍ത്ഥി സമൂഹത്തിനു As A Manager,As A Journalist ,സാറിനു കൊടുക്കാനുള്ള ഒരു Advice എന്താണു?


ഉ:ഞാന്‍ പറഞ്ഞല്ലോ,ഇങ്ങനെയുള്ള ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിയുന്ന ഒരു Position ഒന്നുമെനിക്കില്ല.പിന്നെ ഒരു കാര്യം ഞാന്‍ പറയാം,ഏറ്റവും കൂടുതല്‍ Challenging ആയ ഒരു കാലഘട്ടമാണിതു.See,Globalization Is A Reality,ഈ ആഗോളവതക്കരണം നല്‍കുന്ന വെല്ലുവിളികളുണ്ട്‌,അതു പോലെ തന്നെ അവസരങ്ങളുണ്ട്‌.ഒരു പക്ഷേ ഈ പ്രൊഫഷണല്‍ വിദ്യഭ്യാസമാകാം ,Globalization നല്‍കുന്ന അവസരങ്ങളുമായി ഏറ്റവും അധികം Support ചെയ്യപ്പെടുന്നതു.കാരണം ഒരു പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ ഒരാളുടെ Reach എന്നു പറയുന്നതു ഒരു ടൗണ്‍,അല്ലെങ്കില്‍ ഒരു സംസ്ഥാനം ഒക്കെയായിരുന്നു.ഇന്നോ,The Entire Globe Is In His Hand.He Can Turn It To One Side,He Can turn It To The Other Side..ആരോ പറഞ്ഞിട്ടുണ്ട്‌,Globalization Is A Cube,ഈ ക്യൂബിന്റെ ഏതു ഭാഗം നിങ്ങളെ Face ചെയ്യുന്നു എന്നതനുസരിച്ചിരിക്കും കാര്യങ്ങള്‍.The Only Thing That You Should Select The Best Side In Your Favour.The Whole Globe Should be Your Target.When You Have A Huge Canvas To Succeed and To Conquer,Naturally You Should Be Happy.ആ ഒരു അവസരം കണ്ടെത്തണം.പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം,Do Different Things.എന്നും ഒരേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നതില്‍ എന്താ ഒരു രസം.We Should Not Immitate.We've a Very Intimate Innovative Spirit In Our Minds.When You Have The Whole Globe There For You,You Mix That Spirit With The Knowledge You Have Acquired,Then You Will Be Able To Create Wonders...Wish You All The Best !





ചിത്രങ്ങള്‍:ശ്യാം

Tuesday, May 29, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ്‌ മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു ജോണ്‍ ബ്രിട്ടാസ്‌ എന്നെനിക്കു തോന്നുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഒരു ജീവിതയാത്ര,ഒരുപാട്‌ കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥ,ഇതിനൊക്കെ അപ്പുറം,ഈ കാണുന്ന എന്റര്‍ടൈന്മെന്റു പരിപാടികള്‍ മാത്രമല്ല യത്ഥാര്‍ത്ഥ മാദ്ധ്യമം എന്നു എന്റെ തലമുറയിലുള്ളവരെ അറിയിക്കുക എന്ന ഒരു ആഗ്രഹവുമാണു എന്നെ ജോണ്‍ ബ്രിട്ടാസിലേയ്ക്കു എത്തിച്ചതു.

അഭിമുഖം തുടരുന്നു....


ചോ:സാര്‍,ബി.എയും എം.എയും എംഫിലും ചെയ്തതു പൊളിറ്റിക്സിലാണു.അന്നത്തെ കാലത്തു ഇര്‍ഹ്റ്റയും വിദ്യഭ്യാസം നേടിയ ഒരു വ്യക്തി സ്വഭാവികമായും ചെയ്യുക,പഠിപ്പിക്കാന്‍ പോകുക,അല്ലെങ്കില്‍ അതു പോലെ ഏതെങ്കിലും മേഖലയിലേയ്ക്കു പോകുക എന്നതാണ്‌.സാറെങ്ങനെയാണു ജേര്‍ണ്ണലിസത്തിലേയ്ക്കു എത്തിയതു?

ഉ:സത്യം പറഞ്ഞാല്‍ പഠിപ്പിക്കാന്‍ പോകാന്‍ ഒന്നു രണ്ടു അവസരങ്ങള്‍ കിട്ടിയതാണു.വേറൊരു രസകരമായ കാര്യം,ഞാന്‍ എഴുതുന്ന പരീക്ഷകളൊക്കെ ജയിക്കും.ഉദാഹരണത്തിനു ഞാന്‍ പി.എസ്‌.സിയുടെ ഒരു ടെസ്റ്റു എഴുതി,അതു ജയിച്ചു.പക്ഷേ 18 വയസ്സായില്ല എന്ന കാരണം കൊണ്ട്‌ എനിക്കാ ജോലി കിട്ടിയില്ല.കിട്ടിയിരുന്നെങ്കില്‍.ഞാന്‍ ചിലപ്പോള്‍ ഇന്നു ഒരു ക്ലര്‍ക്കായി ജോലി നോക്കിയേനെ,അതു പോലെ പിന്നീട്‌,ദില്ലിയില്‍ എത്തിക്കഴിഞ്ഞു പാര്‍ലമന്റ്‌ സെക്രട്ടറിയേറ്റില്‍ അസ്സി.ഡയറക്ടറുടെ ടെസ്റ്റ്‌ എഴുതി.അതും ജയിച്ചു.അന്നു അതിനു പോകണോ എന്നു വലിയ ധര്‍മ്മസങ്കടത്തിലൊക്കെയായിരുന്നു.പക്ഷേ ഞാന്‍ പത്രപ്രവര്‍ത്തനത്തിലേയ്ക്കു എത്തി.അതിനു ശേഷം ഒന്നു രണ്ടു സുഹൃത്തുകള്‍ വഴി,രണ്ടു മൂന്നു സ്ഥലത്തു പഠിപ്പിക്കാനുള്ള അവസരം വന്നതാണു.But I Was not Interested


ചോ:അപ്പോള്‍ സാര്‍ ജേര്‍ണ്ണലിസം Interest ആയതു കൊണ്ടു തന്നെ തിരഞ്ഞെടുത്തതാണു..

ഉ:അതെ,കാരണം എന്താന്നു വച്ചാല്‍ ഒന്നു Monotony ഇല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണുന്നു,സംസാരിക്കുന്നു.പക്ഷേ ഞാന്‍ പഠിപ്പിക്കുകയായിരുന്നു എങ്കില്‍ ഞാന്‍ എങ്ങനെ നിങ്ങളെ കാണും.അതു പോലെ പഠിപ്പിക്കുന്നവര്‍ കാണുന്നത്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ മാത്രമാണു,പക്ഷേ ഞങ്ങളോ,എത്ര മാത്രം ആളുകളെയാണു കാണുന്നതു.കലകാരന്മാര്‍,എഴുത്തുകാര്‍,രാഷ്ട്രീയക്കാര്‍,അങ്ങനെ അങ്ങനെ.

ചോ:സാര്‍ പഠിച്ച ഒരു മേഖലയില്‍ അല്ല ഇന്നു ജോലി ചെയ്യുന്നതു.അപ്പോള്‍ ഞങ്ങളെ പോലെ മറ്റൊരു മേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാമെന്നാണോ?

ഉ:തീര്‍ച്ചയായും,അതില്‍ യാതൊരു സംശയവും വേണ്ട.ഇന്നത്തെ കാലത്തു ജീവിതം എന്നു പറയുന്നതു Inter Disciplinary ആണു.വളരെ Exclusive ആയ ഒരു ജീവിതം ഇന്നു Out Of Fashion ആണു.ഉദാഹരണത്തിനു എത്രയോ Efficient Doctors വളരെ ഉന്നതമായ നിലയില്‍ ജോലി ചെയ്യുന്നവരുണ്ട്‌.അതു പോലെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍,ഇവര്‍ക്കൊന്നും ജേര്‍ണ്ണലിസം അന്യമല്ല.മാത്രമല്ല,ജേര്‍ണ്ണലിസം എല്ലാ മേഖലകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഒരു മേഖലയാണു.അതു കൊണ്ടു മേഖലയല്ല പ്രശ്സം,അതിലേയ്ക്കു വരുന്ന ആളുകളാണു.ആ ജോലി ചെയ്യുവാനുള്ള ഒരു സ്കിലാണു പ്രധാനം.You Can Deviate From Disciplines,No Harm In That


ചോ:സാര്‍ കരിയര്‍ തുടങ്ങിയതു ദേശാഭിമാനിയില്‍ ആണു.ഞാന്‍ കേട്ടിട്ടുണ്ട്‌,ദേശാഭിമാനിയെ ഒരു ജനപ്രിയ മലയാള പത്രം ആക്കുന്നതില്‍ സാറൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു....


ഉ:ഒരിക്കല്ലുമില്ല,സത്യം,അതിന്റെ കാരണമെന്തെന്നു വച്ചാല്‍,ഞാന്‍ ജോലി ചെയതതു ദില്ലി ബ്യൂറോയിലാണു.അവിടെ വച്ചു അങ്ങനെ സ്ങ്കുചിതമായ രാഷ്ട്രീയമൊന്നു കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല.

പിന്നെ വ്യക്തിപരമായി എനിക്കു കിട്ടിയ ഒരു ഗുണം എന്നു വച്ചാല്‍,നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടന്ന ഒരുപാട്‌ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കു ,തീരെ ചെറിയ പ്രായത്തില്‍ at the age of 21 എനിക്കു കവര്‍ ചെയ്യാന്‍ എനിക്കു ഭാഗ്യം ലഭിച്ചു.ഉദാഹരണത്തിനു എണ്‍പതുകളുടെ അന്ത്യത്തില്‍ ബോഫേഴസ്‌ കുംഭകോണം,രാജീവ്‌ ഗാന്ധി വധം,ദേശീയ മുന്നണിയുടെ അവിര്‍ഭാവം,ഏകകക്ഷി ഭരണത്തിന്റെ തകര്‍ച്ച,ബാബറി മസ്ജിദിന്റെ ഉദയം,അതിന്റെ തകര്‍ച്ച ,അങ്ങനെ,അതു പോലെ ചെന്നതിന്റെ രണ്ടാം ദിവസം പഞ്ചാബിലേയ്ക്കു ,മുഖ്യമന്ത്രി നായനാരുടെ ഒപ്പം.അങ്ങനെ ഒരുപാട്‌ സംഭവബഹുലമായ കാര്യങ്ങള്‍.ഒരു പക്ഷേ അതൊക്കെയാകാം,ഞാന്‍ എന്ന ജേര്‍ണലിസ്റ്റിനെ രൂപപ്പെടുത്തിയെടുത്തതു.


ചോ:അതു കഴിഞ്ഞു സാറു കൈരളിയിലേയ്ക്കു മാറുകയാണു,As Delhi Bureau Chief,ഒരു Print Media യില്‍ നിന്നു Visual Media യിലേയ്ക്കു മാറാനുള്ള ഒരു കാരണം എന്തായിരുന്നു,.?

ഉ:See,എന്തൊക്കെ പറഞ്ഞാലും,Print എന്നു പറയുന്നതു,Its a medium of past.അതിനിപ്പോഴും വര്‍ത്തമാന കാല ഭാവി പ്രസ്കതിയുണ്ട്‌.പിന്നെ പക്ഷേ ടെലിവിഷന്‍ എന്നു പറയുന്നതു Evolved Medium ആണു.പിന്നെ അന്നത്തെ എന്റെ ഒരു പ്രായം,അതിലേയ്ക്കു adapt ചെയ്യാന്‍ പറ്റുന്നതായിരുന്നു,പിന്നെ അന്നെല്ലാവരും പറഞ്ഞു ഇതൊരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു,തീര്‍ച്ചയായും അതെ.പക്ഷേ 3-4 മാസത്തെ ഒരു ഹോം വര്‍ക്കിനു ശേഷം I found it very easy


ചോ:സാറു നേരത്തെ പറഞ്ഞു സാര്‍ ഒരു lefitist ആണെന്നു,സാറിന്റെ കരിയറിലും ആ ഒരു ചായവു കാണാം.അതു മനപ്പൂര്‍വം തിരഞ്ഞെടുത്തതാണോ,അതോ അങ്ങനെയങ്ങു സംഭവിച്ചു പോയാതാണോ?


ഉ:നോക്കു മൃദുല്‍,എന്ന സംബന്ധിച്ചിടത്തു ഞാന്‍ പറയാം,എനിക്കു രാഷ്ട്രീയം എന്നു പറയുന്നതു ഒരു Particular രാഷ്ട്രീയ പാര്‍ട്ടിയല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പ്പ്പോള്‍ കൈരളി ടി.വിയില്‍ വര്‍ക്കു ചെയ്യുന്നു.എന്നോട്‌ ഇതു വരെ ഒരു C.P.I(M)കാരനോ C.P.Iകാരനോ ഇന്നതു ചെയ്യണം ഇന്നതു ചെയ്യണ്ട എന്നു പറഞ്ഞിട്ടില്ല.ഇപ്പോള്‍ പുതിയ ചാനല്‍ നോക്കിയാലും,ഞങ്ങള്‍ക്കു ഞങ്ങളുടേതായ ഒരു മാനേജുമെന്റുണ്ട്‌ ,ഒരു ബോര്‍ഡുണ്ട്‌,ഞങ്ങള്‍ അങ്ങനെ പോകുന്നു.


അപ്പോള്‍ രാഷ്ട്രീയം എന്നതു ഒരു Perspective ആണു.ഒരു കാഴച്ചപ്പാടാണു.നമുക്ക്‌ ശരിയെന്നു തോന്നുന്ന കുറച്ചു Idealsനു വേണ്ടി നില കൊള്ളുക.ഉദാഹരണത്തിനു ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും കാണുക,എന്റെ അടുത്തു വരുന്നതു ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും,മുസ്ലീമായലും എനിക്കു ഭാവമാറ്റം ഉണ്ടാകാതെ ഇരിക്കുക.ഇതൊക്കെയാണു എനിക്കു രാഷ്ട്രീയം.ഇതിനെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകാം,എതിര്‍ക്കുന്നവരുണ്ടാകാം.

Its a set of Egalitarian Values,അതു ചിലപ്പോള്‍ പൊളിറ്റിക്കലാകാം നോണ്‍ പൊളിറ്റിക്കലാകാം.


ചോ:സാര്‍ കൈരളിയില്‍ ചേരുന്നതു 2003 ല്‍ ആണു.ചാനല്‍ തുടങ്ങുന്നതു 2000ല്‍ ആണു.ആദ്യത്തെ രണ്ടു വര്‍ഷം ചാനല്‍ നഷ്ടത്തിലായിരുന്നു.പക്ഷേ 2003 മുതല്‍ ,വലിയ ഒരു വത്യാസം കൈരളിയില്‍ ഉണ്ടായിട്ടുണ്ട്‌.അതിനെക്കുറിച്ച്‌ എങ്ങനെ പ്രതികരിക്കുന്നു?


ഉ:നോക്കു,എല്ലാ കമ്പനിയുടെ ചരിത്രത്തിലും ഇങ്ങനെ ഒരോ നിമിത്തങ്ങളുണ്ട്‌.അതു പോലെ ഞാന്‍ ഒരു നിമിത്തമാണന്നെയുള്ളു.വളരെ മോശമായ ഒരു അവസ്ഥയില്‍ നിന്നു കൈറളിയില്‍ ഒരു Turn സംഭവിക്കുന്നുണ്ട്‌.അതു ഞാന്‍ വന്നതിനു ശേഷമാണെന്ന ഒരു ചാരിതാര്‍ഥ്യം എനിക്കുണ്ട്‌.പക്ഷേ അതു ഞാന്‍ കാരണമാണെന്നു ഞാന്‍ ഒരിക്കലും കരുതുന്നില്ല.ഒരുപാട്‌ പേര്‍,Board,ഉദ്യോഗസ്ഥര്‍ എല്ലാവരും സഹായിച്ചു.


ചോ:ശരിക്കും ഒരു Challenging Role തന്നെയായിരുന്നില്ലേയതു?


ഉ:തീര്‍ച്ചയായും..കാരണം അടുത്ത മാസത്തെ ശമ്പളം എങ്ങനെ കൊടുക്കും എന്നു കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.പല payments ഉം കൊടുക്കാന്‍ പറ്റാതിരുന്ന ഒരു സമയം.പക്ഷേ അതില്‍ നിന്നൊക്കെ ഞങ്ങള്‍ തിരിച്ചു വന്നു.


ചോ:ഒരുപാടു ശ്രദ്ധേയമായ സംഭവങ്ങള്‍ കൈരളിക്കു വേണ്ടി നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്ത ആളാണു സാര്‍,ഉദാഹരണത്തിനു ഗുജറാത്ത്‌ കലാപം,ഗുജാറാത്ത്‌ ഭൂകമ്പം,ഇറഖിലെ സഖ്യസേനയുടെ അധിനിവേശം.ആ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ?


ഉ:അതൊക്കെ വളരെ തീക്ഷ്ണമായ അനുഭവങ്ങളാണു.ഉദാഹരണത്തിനു,ഗുജാറത്ത്‌ ഭൂകമ്പം.ആ സമയത്തൊന്നും നമ്മള്‍ ഹോട്ടലില്‍ അല്ല പുറത്താണു കിടക്കുന്നതു.കാരണം ഭൂമിക്കുലുക്കത്തിനു ശേഷൗം ഒരുപാട്‌ ചെറിയ ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു.അപ്പോള്‍ നമുക്ക്‌ കാണാം ഹോട്ടല്‍ ഒക്കെ കുലുങ്ങുന്നതു.എത്രയോ ദിവസം Proper Food ഒന്നുമില്ലാതെ.അന്നൊന്നും അതു ഒരു പ്രശനമല്ല.അതിന്റെ ക്ഷീണം ഒക്കെ തോന്നുന്നതു നമ്മള്‍ തിരിച്ചു ദില്ലിയില്‍ എത്തുമ്പോഴാണു.അതു പോലെ ഇറാഖ്‌ റിപ്പോര്‍ട്ടിംഗ്‌.അന്നു കൃത്യമായ യാത്രരേഖകള്‍ പോലുമില്ല.ഇറാഖിലെ വിസയുണ്ട്‌,ഇടയ്ക്കിറങ്ങുന്ന സ്ഥലത്തെയൊന്നും ഉണ്ടായിരുന്നില്ല.പിടിച്ചു പോയാല്‍ അവിടെ തീരും.പക്ഷേ അവിടെ എത്തിക്കഴിയുമ്പോ,പഴയ നാടോടിക്കഥകളിലെ നിധി കണ്ടെത്തുന്ന അവസ്ഥയാണു.വീണ്ടും വീണ്ടും പുതിയ പുതിയ നിധികള്‍ കണ്ടെത്താനുള്ള ആവേശമാണു.പിന്നെ അതിലൊന്നും പേടി എന്നൊരു സംഭവമില്ല.കാരണം നമ്മുടെ തൊട്ടപ്പുറത്തോക്കയാണു മിസ്സെയിലും ഷെല്ലുമൊക്കെ വീഴുന്നതു.പിന്നെ നമ്മുടെ ഒരു പ്രായം...വരുന്നിടത്തു വച്ചു കാണാം എന്ന മനോഭാവം...


ചോ:സാറിന്റെ ഇന്റര്‍വ്യൂസ്‌,Its Filled With Funny And Sarcastic Things,ഇതു സംസാരത്തിനിടയില്‍ വരുന്നതാണോ,അല്ല മനപ്പൂര്‍വ്വം ചേര്‍ക്കുന്നതാണോ,ഒന്നു മയപ്പെടുത്താന്‍ വേണ്ടി?

ഉ:സത്യം പറഞ്ഞാല്‍,ആള്‍ക്കാരെ പരുവപ്പെടുത്തിയെടുക്കുക എന്നു പറയും.(ചിരിച്ചു കൊണ്ട്‌)അതൊരു ബിസിനസ്സ്‌ സീക്രട്ടാണു...


ചോ:ഇതു ഞാന്‍ ചോദിക്കാന്‍ കാരണം,കരണ്‍ താപ്പറുടെ Devil‘s Advocate എന്ന പ്രോഗ്രാമില്‍ ഒരിക്കല്‍ ജയലളിത അതിഥിയായി വരുകയുണ്ടായി.പ്രോഗ്രാം തീരുന്ന സമയം കരണ്‍ താപ്പര്‍ പറഞ്ഞു It Was Nice Talking With You എന്ന്.പക്ഷേ ജയലളിതയുടെ മറുപടി,It was not at all nice talking with you എന്നായിരുന്നു.അങ്ങനെ ഒരു സംഭവം ഒരിക്കലും സാറിന്റെ ഇന്റര്‍വ്യൂകളില്‍ കണ്ടിട്ടില്ല,.അപ്പോള്‍ സാര്‍ ശരിക്കും എല്ലാവരെയും ഒന്നു സുഖിപ്പിച്ചല്ലെ ഇന്റര്‍വ്യൂ ചെയ്യുന്നതു?

ഉ:ഞാന്‍ പറഞ്ഞല്ലോ ആദ്യം തന്നെ.അതിപ്പോ ഇതിന്റെ ഒരു അനാട്ടമി നോക്കിയാല്‍,ഒരാളോട്‌ ഒരു Unpleasent ചോദ്യം ചോദിക്കണമെങ്കില്‍ തന്നെ അതായളുടെ നെറ്റിയില്‍ അടിച്ചു കൊണ്ട്‌ ചോദിക്കണ്ട കാര്യമില്ല.You Have To Get The Answer.ഞാന്‍ നേരത്തെ പറഞ്ഞല്ലോ,ചോദ്യത്തേക്കാള്‍ പ്രധാനം ഉത്തരമാണു.പിന്നെ ഒരു കാര്യം,ആളുകളെ പരുവപ്പെടുത്തിയെടുക്കണം.കാരണം നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആളെ,ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ഇരുത്തണം.അപ്പോള്‍ അവര്‍ക്കൊരു Comfort Level ഉണ്ടാക്കി കൊടുക്കണം..അതുണ്ടാക്കി കഴിഞ്ഞാല്‍,പിന്നെ നമുക്ക്‌ എന്തും ചോദിക്കാം.ഉദാഹരണം എം.എ ബേബി,എനിക്കു വര്‍ഷങ്ങളായി നേരിട്ട്‌ അറിയാവുന്ന വ്യക്തിയാണു.അദ്ദേഹത്തോട്‌ ഞാന്‍ വളരെ Uncomfortable ആയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്‌,താങ്കള്‍ നടക്കുന്നതു കണ്ടാല്‍ ഒരോ കക്ഷത്തിലും രണ്ട്‌ മുട്ടകള്‍ വച്ചു നടക്കുന്നതു പോലെയാണല്ലോ,എന്തിനാണു ഇങ്ങനെ മസ്സിലു പിടിക്കുന്നതു എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.എനിക്കു തോന്നുന്നുനില്ല വേറെയാരും അദ്ദേഹത്തോട്‌ അങ്ങനെ ചോദിച്ചിടുണ്ടെന്ന്.പക്ഷേ അദ്ദേഹം അതിനുള്ള ഉത്തരം തരികയും ചെയ്തു.അതു പോലെ ശ്രീ.തോമസ്സ്‌ ഐസ്സകിനോട്‌,താങ്കള്‍ക്ക്‌ മീന്‍ കണ്ടാല്‍ ആക്രാന്തമാണെന്നു കേട്ടിട്ടുണ്ടല്ലോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അപ്പോള്‍ Uncomfortable Questions ചോദിക്കുന്നതിന്റെ അര്‍ത്ഥം Uncomfortness ഉണ്ടാക്കുക എന്നതല്ല.
പിന്നെ Sarcasam,അതു എനിക്കീ ആള്‍ക്കാരെ ഊതുന്നതു ഭയങ്കര ഇഷ്ടമുള്ള കാര്യമാണു.അതെന്റെ ഒരു ഹോബിയാണു.ശരിക്കും ഈ ആക്കുക എന്നു പറയുന്നതു ഒരു കലയാണു,അതു ഞാന്‍ ചെറുപ്പത്തിലെ ശീലിച്ചു പോയതാണു...


തുടരും...


(ചിത്രങ്ങള്‍:ശ്യാം)

Thursday, May 24, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1



"ഹലോ സാര്‍,ഞാന്‍ മൃദുലാണ്‌"


"ആ മൃദുല്‍ ,പറയൂ,എന്തുണ്ട്‌?"




"സാര്‍,ഞാനെപ്പോള്‍ വരണം?"


"ഇപ്പോള്‍ സമയം നാല്‌,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച്‌ റോഡിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ട്‌"


"ഒ.ക്കെ സാര്‍,അപ്പോള്‍ ആറു മണിക്കു കാണാം""റൈറ്റ്‌"

അങ്ങനെ ആറു മണിക്കു അതു സംഭവിക്കാന്‍ പോകുന്നു,എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ.ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതു ചിലറക്കാരനെയൊന്നുമല്ല,കേരളത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യൂവര്‍ ആയ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെയാണു.ഞങ്ങളുടെ കോളേജ് മാഗസിനു വേണ്ടിയാണു ഈ ഇന്റര്‍വ്യൂ.ഇതു ഒരാഴ്ച്ച മുന്‍പ്‌ നടക്കേണ്ടതായിരുന്നു,തിരുവനന്തപുരത്തു വച്ചു.സാര്‍ തന്നെ ഇങ്ങോട്ട്‌ ചോദിച്ചു,കൊച്ചിയില്‍ വച്ചു കാണുന്നതല്ലേ മൃദുലിനു സൗകര്യം എന്നു.അങ്ങനെയാണു ഈ സമാഗമം കൊച്ചിയിലേയ്ക്കു മാറിയതു.


മൂവാറ്റുപുഴ-കൊച്ചി,ഏറ്റവും കുറഞ്ഞതു ഒന്നര മണിക്കൂര്‍,അപ്പ്പ്പോള്‍ നാലരയക്കെങ്കിലും ഇറങ്ങണം.ഞാന്‍ എന്റെ സുഹൃത്തു ശ്യാമിന്റെ വിളിച്ചു.ശ്യാം ജെ.ബി യുടെ ഒരു ആരാധകനാണു.അങ്ങനെ ഞാനും ശ്യാമും കൂടി കൃത്യം നാലരയ്ക്കു യാത്ര തിരിച്ചു.കൃത്യം ആറു മണിക്കു ഞങ്ങള്‍ ട്രാവങ്കൂര്‍ കോര്‍ട്ടിലെത്തി.റിസപ്ഷനില്‍ വിവരം പറഞ്ഞു.അങ്ങനെ കൃത്യം ആറേ കാലിനു ഞങ്ങളെ റൂം നംബര്‍ 504 ലേയ്ക്കു വിളിപ്പിച്ചു.ആ റൂമില്‍ ഞങ്ങളെ സ്വീകരിച്ചതു സുസ്മേരവദനനായ ജെ.ബി യായിരുന്നു.കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവിനു തുടക്കം കുറിച്ചു.ആദ്യ ചോദ്യത്തിനു മുന്‍പു തന്നെ അദ്ദേഹം ഇങ്ങോട്ട്‌ പറഞ്ഞു,"ഒന്നും നോക്കണ്ട,നിങ്ങള്‍ക്കു എന്തു ചോദിക്കാം".അതു കേട്ടതോടെ എല്ലാ ടെന്‍ഷനും ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞില്ലാതെയായി...അതിനു ശേഷം ഒരു മണിക്കൂര്‍,വിവിധ വിഷയങ്ങള്‍,ഒരുപാടു തമാശകള്‍,നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍...ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍...


ചോ:ഞങ്ങളുടെ കോളേജില്‍ സാറിനു ആരാധകന്മാരെക്കാള്‍ കൂടുതല്‍ ആരാധികമാരാണു.സാര്‍ സുന്ദരനാണോ?


ഉ:ഏയ്‌,സൗ ന്ദര്യമൊക്കെ കാണുന്നവരുടെ കണ്ണില്‍ അല്ലേ.പിന്നെ ഞാന്‍ വിരൂപനല്ല എന്നെനിക്കറയാം.ഞാന്‍ സുന്ദരനാണോ എന്നു തീരുമാനിക്കുന്നതു നിങ്ങള്‍ പ്രേക്ഷകരാണു.അതു ഏതു മേഖലയിലാണെങ്കിലും,ഇപ്പോള്‍ സിനിമയിലാണെങ്കില്‍,നമ്മള്‍ അറിയാത്ത ഒരാളെയാണും നാം കാണുന്നതെങ്കില്‍ അയാള്‍ സുന്ദരനാണെന്നു നമ്മള്‍ പറയില്ല.ഇതു യൂണിവേഴസലായ ഒരു കാര്യമാണു,5% മാത്രമാണു ഒരാളുടെ രൂപത്തിനു അയാളുടെ സൗ ന്ദര്യത്തില്‍ പങ്കുള്ളു.ബാക്കി 95% അയാളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാണു അയാള്‍ സുന്ദരനാണോ അല്ല്ലയോ എന്നു തീരുമാനിക്കുന്നതു.


ചോ:സാര്‍ എന്തു പ്രോഗ്രാം ചെയ്യുമ്പോഴും,ആരെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും,സാര്‍ വളരെ പ്ലെസന്റാണു.എന്താണു ഈ ഒരു പ്രസന്നതയുടെ രഹസ്യം?


ഉ:(ചിരിച്ചു കൊണ്ടു)എനിക്കു ലോകത്തോട്‌ യാതൊരു ശത്രുതയുമില്ല.പിന്നെ എനിക്കു ആരോടും ഒരു പുചഛവുമില്ല.സാധരണ നമ്മുടെ മുഖഭാവം അണ്‍പ്ലെസന്റ്‌ ആകുന്നതു നമ്മുക്ക്‌ ആരൊടെങ്കിലും വൈരാഗ്യം ഉണ്ടാകുമ്പോള്‍,അല്ലെങ്കില്‍ ആരോടെങ്കിലും പുചഛം തോന്നുമ്പോള്‍ ഒക്കെയാണു.ഈ രണ്ടു കാര്യങ്ങളാണു മനുഷ്യന്റെ മുഖത്തെ മസിലുകളെ മോശമാക്കുന്നതു.അപ്പോള്‍ നമ്മുക്ക്‌ ആരോടും ഈ രണ്ടു കാര്യങ്ങള്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും നമ്മള്‍ പ്ലെസന്റായിരിക്കും,


ചോ:പക്ഷേ,സാറിന്റെ ഈ ഒരു ഭാവം,അല്ലെങ്കില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉള്ള വളരെ കൂള്‍ ആയ സ്വഭാവം,സാറു ചോദിക്കുന്ന ചോദ്യങ്ങളുടെ കൃത്യത ഒരു പരിധി വരെ കുറയ്ക്കുന്നില്ലെ,അല്ലെങ്കില്‍ ലഭിക്കേണ്ട ഉത്തരങ്ങളുടെ സീരിയസ്സനെസ്സ്‌ കുറയ്ക്കുന്നില്ലേ?


ഉ:അടിസ്ഥാനപരമായി ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം,നമ്മള്‍ ചോദ്യങ്ങളില്‍ സായൂജ്യമടയുക എന്നതല്ല.ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം എന്നു പറയുന്നതു ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടുക എന്നുള്ളതാണു.വേണമെങ്കില്‍ എനിക്കു വളരെ സീരിയസ്സു കുറെ ഡയലോഗുകള്‍ ഇറക്കി ചോദ്യങ്ങള്‍ ചോദിക്കാം.പക്ഷേ ചോദ്യങ്ങളുടെ പര്‍പ്പസ്‌ എന്നു പറയുന്നതു To Extract എന്നതാണു.നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നല്ല ഉത്തരങ്ങള്‍ കിട്ടണമെങ്കില്‍ ,ആരോടു ചോദ്യം ചോദിച്ചോ അവരെ ഒരു Comfort Level ല്‍ എത്തിക്കണം.കാരണം ചോദ്യങ്ങള്‍ക്കു അങ്ങനെ തന്നെ നിലനില്‍പ്പില്ല.ഉദാഹരണത്തിനു കണക്ക്‌ എന്ന വിഷയം.അതിനു നില നില്‍പ്പുണ്ടാക്കുന്നതു അതു Physics,Chemistry തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ഉപയോഗിക്കുമ്പോഴാണു.അതു പോലെ തന്നെയാണു ചോദ്യങ്ങളും,അവ പൂര്‍ണ്ണമാകുന്നതു അതിനുള്ള ഉത്തരങ്ങള്‍ കൂടി കിട്ടുമ്പോഴാണു.വേണമെങ്കില്‍ പരിണിത പ്രജ്ഞരല്ലാത്തെ ആളുകളെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാം,പക്ഷേ,നമ്മള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളുകളെല്ലാം തന്നെ പത്തോ,ഇരുപതോ വര്‍ഷങ്ങളായി സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ തുടരുന്നവരാണു.ഇതു പോലുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കിയവരുമാണു.അവരെയൊക്കെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു കുടുക്കാം എന്നുള്ളതു ഇരുപതു വര്‍ഷം മുന്‍പ്‌ ഞാന്‍ ജേര്‍ണ്ണലിസം തുടങ്ങിയ കാലത്തു എനിക്കുണ്ടായിരുന്ന അബദ്ധധാരണകളായിരുന്നു.ഉദാഹരണത്തിനു ശ്രീ ശ്രീ രവിശങ്കര്‍,അദ്ദേഹത്തോടു ഞാന്‍ വളരെ ഷാര്‍പ്പായ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,പക്ഷേ അതിനൊക്കെ അദ്ദേഹം കൃത്യമായ ഉത്തരങ്ങള്‍ നല്‍കി.അതു കൊണ്ടു ഇന്റര്‍വ്യൂ എന്നു പറയുന്നതു ഒരിക്കലും കത്തി എടുത്തു കുത്തുകയല്ല.അങ്ങനെ കത്തി എടുത്തു കുത്തിയാല്‍ പിന്നെ ഉത്തരമില്ല.



ചോ:സാറിന്റെ ചെറുപ്പകാലം കണ്ണൂരിലാണു,കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തിലാണു സാറു ജനിച്ചതു.ആ കാലത്തെ കുറിച്ചു സാറു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ "“There is nothing remarkable about my parents or family. I had a simple and ordinary childhood and I grew up just like any other boy who wanted to grow up, have a job and to settle down in life. Whatever I have achieved is by sheer hard work.” .ആ കാലത്തെ കുറിച്ചു ഒന്നു വിശദീകരിക്കാമോ?


ഉ:ഞാന്‍ ആ പറഞ്ഞതിനു വലിയ അര്‍ത്ഥങ്ങള്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല.ഞാന്‍ ഉദ്ദേശിച്ചതു ഇത്രയുമുള്ളു,ഞാന്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നു വന്ന വ്യക്തിയാണു.ഇന്നും ഞാന്‍ വളരെ Nostalgic ആകുന്ന ഒരു കാര്യമാണതു.വലിയ ഒരു Investment നടത്തിയൊന്നുമല്ല എന്നെ പഠിപ്പിച്ചതു.അക്കാലത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയിലെ കുട്ടികള്‍ പഠിക്കുന്ന പോലെ തന്നെയാണു ഞാനും പഠിച്ചതു.ഒരു നാലാം ക്ലാസ്സ്‌,അഞ്ചാം ക്ലാസ്സ്‌ വരെ ചെരിപ്പിടാതെ ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ട്‌.പൊട്ടിയ സ്ലേറ്റില്‍ എഴുതിയും,ബട്ടണ്‍ പോയ ട്രൗസര്‍ ഒരു കെട്ടിട്ടു ഉപയോഗിച്ചുമൊക്കെ.അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതു ഇതാണു, ഒരു വലിയ Legacy എനിക്കില്ല.അചഛന്‍ കളക്ടര്‍,അമ്മ അദ്ധ്യാപിക,നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ച ഒരു ലീവിംഗ്‌ റൂം,അങ്ങനെയൊരു Legacy എനിക്കില്ല.There was nothing extra ordinary abt my childhood.


ചോ:സാറിന്റെ കോളേജ്‌ ജീവിതം?അന്നത്തെ ഒരു ക്യാമ്പസ്‌ എന്നു പറയുന്നതു ഒരുപാടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു ക്യാമ്പസായിരുന്നല്ലോ.അതിനെ കുറിച്ചൊക്കെ ഒന്നു പറയാമോ?


ഉ:ഇന്നത്തെ ഒരു പ്രധാന പ്രശ്നമെന്താന്നു വച്ചാല്‍,ഞങ്ങളെ പോലുള്ള ഞങ്ങളുടെ തരക്കാര്‍ പറയുന്ന ഒരു കാര്യമെന്താന്നു വച്ചാല്‍,ഞങ്ങളുണ്ടായിരുന്ന സമയത്താണു ഏറ്റവും കേമം,അന്നാണു ശരിക്കും ക്യാമ്പസില്‍ ലൈഫ്‌ ഉണ്ടായിരുന്നതു എന്നൊക്കെയാണു.അങ്ങനെ ഒരു വിശ്വാസം എനിക്കില്ല.ഒരു പക്ഷേ,അന്നത്തെ ക്യാമ്പസ്‌ അന്നത്തെ കാലവുമാീ ബന്ധപ്പെട്ടു കിടന്നിരുന്നു,.ഇന്നത്തെ ക്യാമ്പസ്‌ ഇന്നതെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതു കൊണ്ട്‌ ഒന്നു Inferior ഒന്നു Superior എന്നു ഞാന്‍ ധരിക്കുന്നില്ല.എല്ലാ ക്യാമ്പസും അതതു കാലത്തെ സാമൂഹിക രാഷ്ട്രീയ ക്രമവുമായി മാറി കൊണ്ടിരിക്കും.പിന്നെ വളരെ Lively ആയ ഒരു ക്യാമ്പസിന്റെ ഉപഭോഗ്താവും ഗുണഭോഗ്താവുമാണു ഞാന്‍.കാരണം പഠിക്കുന്ന സമയത്തു ഇപ്പറയുന്ന Cultural Activities,എല്ലാത്തിലുമുണ്ടായിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്ന സമയം വളരെ അപൂര്‍വമായിരുന്നു.കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന സമയത്തു,സാഹിത്യ അക്കാഡമി ഹാളില്‍ അഴീക്കോട്‌ മാഷിന്റെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ അങ്ങോട്ടു പോകും.It gave us lot of input about the society


ചോ:സാറു പറഞ്ഞു ക്ലാസ്സില്‍ കയറുന്നതു കുറവായിരുന്നു എന്നു.എന്നിട്ടും B.Aയ്ക്കും M.Aയ്ക്കും സാറിനു ഒന്നാം റാങ്കായിരുന്നു.ഇന്നത്തെ കാലത്തു ഞങ്ങള്‍ക്കൊന്നും ചിന്തിക്കന്‍ പറ്റാത്ത കാര്യമാണു അതു?


ഉ:അതു ഒരു പരിധി വരെ നമ്മള്‍ പഠിക്കുന്ന വിഷയങ്ങളെ അനുസരിച്ചാണു.അന്നു ഞാനൊരു സയന്‍സ്‌ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കില്‍ അതൊക്കെ എന്നെ ബാധിച്ചേനെ.പക്ഷേ ആര്‍ട്ട്സ്‌ ഹ്യുമാനിറ്റീസ്‌ വിഷയങ്ങള്‍ക്ക്‌ നമ്മള്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അറിവിനെക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നു നമ്മുക്ക്‌ ലഭിക്കും.പിന്നെ നമ്മുടെ അദ്ധ്യപകരൊക്കെയായി നല്ല അടുപ്പമായിരുന്നു,കാരണം അസ്സോസിയേഷന്‍,ആര്‍ട്ട്സ്‌ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെക്കാള്‍ ആക്ടീവ്‌ ഞങ്ങളെ പോലെ ക്ലാസ്സില്‍ അധികം കയറാത്ത കുട്ടികളായിരിക്കും.പിന്നെ എല്ലാ കാര്യത്തിലും നമ്മളുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ക്യാമ്പസ്‌ ലൈഫ്‌ ശരിക്കും എങ്ക്ജോയ്‌ ചെയ്ത ഒരാളാണു ഞാന്‍.


ചോ:കണ്ണൂരില്‍ നിന്നുള്ള ആളായതു കൊണ്ടു ചോദിക്കടെ,"Are You A Leftist?"


ഉ:"Yes,I'm a leftist"


ചോ:പഠിച്ചിരുന്ന കാലത്തും സാറു ക്യാമ്പസ്‌ പൊളിറ്റിക്സില്‍ സജീവമായിരുന്നോ?


ഉ:തീര്‍ച്ചയായും,പഠിച്ചിരുന്ന കാലത്ത്‌ വളരെ സജീവമായി തന്നെ ക്യമ്പസ്‌ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരാളാണു ഞാന്‍..



ചോ:സാറിന്റെ അഭിപ്രായത്തില്‍,ക്യാമ്പസില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ?


ഉ:തീര്‍ച്ചയായും ആവശ്യമുണ്ട്‌.


ചോ:എന്റെ ചോദ്യം ക്യാമ്പസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പോരെ,അവരെ പാര്‍ട്ടികളുടെ പേരില്‍ ഭിന്നിപ്പിക്കേണ്ട കാര്യമുണ്ടോ?

ഉ::ഞാന്‍ പറഞ്ഞതു ക്യാമ്പസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണമെന്നല്ല.വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയ ബോധം വേണം.ശരിക്കും പഠിക്കുന്നത്‌ എന്തിനു വേണ്ടിയാണു?നമ്മുടെ രാജ്യത്തിലെ ചില സീനിയര്‍ എക്സിക്യൂട്ടിവുകളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഇതാണു.പണ്ടൊക്കെ IIM ല്‍ നിന്നു M.B.A ഉള്ളവരെയാണു അവര്‍ നോക്കിയിരുന്നതെങ്കില്‍ ഇന്നു അതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരെയാണു അവര്‍ തങ്ങളുടെ കമ്പനികളിലേയ്ക്കു വേണ്ടി അന്വേഷിക്കുന്നതു.കാരണം,ഒരു പുതിയ സ്ഥലത്ത്‌ തങ്ങളുടെ Institution സ്ഥാപിക്കുമ്പോള്‍ ആ സ്ഥലത്തിന്റെ,ഉദാഹരണത്തിനു കൊച്ചി,കൊച്ചിയുടെ Geopolitics,ഇവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍,ഇവിടുത്തെ പ്രശനങ്ങള്‍,ഇതൊക്കെ അറിയാവുന്ന ഒരാളെയാണു അവര്‍ക്കു വേണ്ടതു.അല്ലാതെ,കുറെ Text Book Knowledge ഉള്ള ഒരാളെക്കൊണ്ട്‌ അവര്‍ക്കു ഉപയോഗമില്ല.പക്ഷേ ഒരു കാര്യം സംഭവിച്ചു,നമ്മുടെ തന്നെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ ബലഹീനത കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം പ്രശനങ്ങള്‍ ഉണ്ടാക്കുന്നു എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടു.ഒരു പരിധി വരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ കുറ്റമുണ്ട്‌.കാരണം ഞാന്‍ ഇന്നു വരെ ഒരു സംഖര്‍ഷത്തിലോ,പ്രശനങ്ങളിലോ പ്രതിയായിട്ടില്ല.അതേ സമയം ഞാന്‍ യൂണിയന്‍ ചെയര്‍മാനും ജെനറല്‍ സെക്രട്ടറിയുമൊക്കെ ആയിട്ടുള്ള ആളാണു.അതു പോലെ തന്നെ റാങ്കും വാങ്ങിയിട്ടുണ്ട്‌.എനിക്കിതില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയിട്ടില്ല.അതു കൊണ്ട്‌ ഇതില്‍ വൈരുദ്ധ്യമുണ്ടെന്നുള്ള Impression ഉണ്ടാകുന്നതില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക്‌,വൈരുദ്ധ്യമുണ്ടെന്നു സ്ഥാപിക്കാനുള്ള ചില സ്ഥാപിത താല്‍പര്യകാരുടെ പങ്ക്‌.അതു രണ്ടും തെറ്റാണു.


ചോ:M.A കഴിഞ്ഞു സാറു പോയതു J.N.Uലേയ്ക്കാണു M.Phil ചെയ്യാന്‍.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ഒരു യൂണിവേഴ്സിറ്റിയാണു J.N.U.ആ ഒരു അനുഭവം ഒന്നു വിശദീകരിക്കാമോ?


ഉ:സ്വാഭാവികമായും ഒരു ചെറിയ സ്ഥലത്തു നിന്നു ഒരു വലിയ സ്ഥലത്തേയ്ക്കു പോകുമ്പോള്‍ നമ്മുടെ മനസ്സ്‌ വികസിക്കും.ഞാന്‍ എപ്പോഴും പറയാറുണ്ട്‌,നമ്മള്‍ ഏറ്റവും കൂടുതല്‍ ആളുകളെ പരിചയപ്പെടുമ്പോഴാണു നമ്മുക്ക്‌ ഏറ്റവും കൂടുതല്‍ അറിവുണ്ടാക്കാന്‍ സാധിക്കുന്നതെന്നു.ഉദാഹരണത്തിനു എനിക്കു നിങ്ങള്‍ വെറും വിദ്യാര്‍ത്ഥികളല്ല,സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട Components ആണു നിങ്ങള്‍.എനിക്കറിയാന്‍ പാടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ എനിക്കു നിങ്ങളില്‍ നിന്നു പഠിക്കാന്‍ കഴിയും.എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഏറ്റവും കൂടുതല്‍ വേണ്ടതു Exposure & Interaction ആണു.ഇതിലെ Interaction നമ്മുക്ക്‌ സംഘടനാ പ്രവര്‍ത്തനം വഴിയായി ഒരുപാടു പേരെ പരിചയപ്പെടുന്നതു വഴിയായിയൊക്കെ ലഭിക്കും.രണ്ടാമത്തേതു Exposure.അതിനു ചെറിയ നഗരത്തില്‍ ഒതുങ്ങാതെ വലിയ നഗരത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്താന്‍ കഴിയണം.അപ്പോഴാണു J.N.U ഫ്രെയിമിലേയ്ക്കു വരുന്നതു.നമ്മള്‍ അതു വരെ കണ്ടതൊക്കെ ചെറിയ ചെറിയ ക്യാമ്പസുകളാണു.പക്ഷേ അവിടെ ഇരുപതി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍,വിദേശത്തു നിന്നു വരുന്ന അദ്ധ്യപകര്‍,സെമിനാറുകള്‍,സ്വതന്ത്രമായിട്ടുള്ള പാഠ്യപദ്ധതി.പിന്നെ സിലബസ്‌ എന്നൊരു സാധനമില്ല.എന്തും സിലബസാണു.എന്തും പഠിക്കാം,എന്തിനെക്കുറിച്ചും റിസര്‍ച്ച്‌ നടത്താം.എവിടെ പോയി വേണമെങ്കിലും സാമ്പിളുകള്‍ ശേഖരിക്കാം.ഉദാഹരണത്തിനു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കണമെങ്കില്‍ അവിടെ പോയി പഠിക്കാം.ഈ രീതിയില്‍ വളരെ വിശാലമായ ഒരു ക്യാമ്പസാണു.അപ്പോള്‍ സ്വാഭാവികമായും അത്രയും വിശാലമായ ക്യമ്പസിന്റെ മെച്ചം തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്‌.


ചോ:M.A ചെയ്തതു തൃശൂരിലാണു,സാറിന്റെ ഭാര്യ തൃശൂര്‍കാരിയാണു...


ഉ:(പൊട്ടിച്ചിരിച്ചു കൊണ്ട്‌) ഒരു ബന്ധവുമില്ല.സത്യസന്ധമായി പറയട്ടെ,J.N.Uലെ എന്റെ ഗൈഡ്‌ പറഞ്ഞിട്ടുണ്ട്‌,അവിടെ പഠിച്ചവരില്‍ പ്രേമവിവാഹം നടത്താത്ത അപൂര്‍വം ഒരാള്‍ ഞാനായിരിക്കും.കാരണം ഒരുപാടു ഉദാഹരണങ്ങളുണ്ട്‌..പ്രകാശ്‌ കരാട്ട്‌,പ്രണയവിവാഹമായിരുന്നു.സീതാറാം യെച്ചൂരി,പ്രണയവിവാഹമായിരുന്നു. അങ്ങനെ ഒരുപാടു പേര്‍,പക്ഷേ എന്റേതു പക്കാ Arranged Marriage ആയിരുന്നു.


തുടരും....

(ചിത്രങ്ങള്‍:ശ്യാം)