Wednesday, January 23, 2013

ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ

വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്‍മ്മകളിലൊന്നാണു.ഈ ദേവലായത്തിലേയ്ക്ക് വന്നിട്ട് നാളുകള്‍ ഏറെയായി.കാരണങ്ങള്‍ പലതായിരുന്നു.പക്ഷേ ഒരു കാരണവും ഇന്നിവിടെ എത്തുന്നതില്‍ നിന്നു എന്നെ തടഞ്ഞില്ല.കാരണം ഇന്നവളുടെ മനസ്സമതമാണു.ഞാന്‍ ഇവിടെ ആയിരിക്കേണ്ടതും,ഇതില്‍ പങ്കെടുക്കേണ്ടതും ദൈവനിയോഗം,അല്ലെങ്കില്‍ എവിടെയോ ഇരുന്നു നമ്മെളെയും നമ്മുക്ക് ചുറ്റുമുള്ളതിനെയും നിയന്ത്രിക്കുന്നവന്റെ ഒരു വികൃതി.

അള്‍ത്താരയ്ക്കു മുന്നില്‍ നില്‍ക്കുന്ന അവളുടെ മുഖം ശരിക്കും കാണുന്നില്ല.പക്ഷേ ആ കടും ചുവപ്പ് ലെഹംഗയില്‍,ഫോട്ടോഗ്രാഫേഴസിന്റെ ആര്‍ക്ക് ലൈറ്റിന്റെ തിളക്കത്തില്‍,ആ ചെറിയ മേക്കപ്പിന്റെ ആവരണത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു.അവള്‍ തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയില്‍ ഞാന് അങ്ങോട്ടേയ്ക്ക് നോക്കി.പ്രതീക്ഷ തെറ്റിയില്ല.അവള്‍ കണ്ടു എന്നെ,എന്നും എന്നെയും ഒരുപാട് പേരെയും കൊതിപ്പിച്ചിരുന്ന ആ ചിരിയും സമ്മാനിച്ചു.

ഇനിയും അവള്‍ ആരെണെന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍..

അവള്‍ എന്റെ ആദ്യപ്രണയമാണു.കണ്ട ആദ്യ കാഴച്ചയില്‍ ഞാന്‍ ഇഷ്ടപ്പെട്ടവള്‍.
അന്നു കണ്ടപ്പോള്‍‍ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം ഇന്നും ഓര്‍മ്മകള്‍ മായ്ക്കാതെ അവിടെ തന്നെയുണ്ട്.ഇതു പോലെ ഭംഗിയുള്ള ഒരു അള്‍ത്താരയ്ക്കു മുന്നില്‍ വധുവിന്റെ വേഷമണിഞ്ഞവളും,തൊട്ടപ്പുറത്തു വരന്റെ വേഷത്തില്‍ ഞാനും.ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്.കാരണം അവളെ ആദ്യം കണ്ട ദിവസം ഞങ്ങളിരുവരുടെയും പ്രായം 6 വയസ്സായിരുന്നു.

ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിലൊന്നു.ക്ലാസ്സ് ടീച്ചറായിരുന്നു സിസ്റ്റര്‍ വന്നു പേരു വിളിച്ച് അറ്റന്ഡന്‍സ് എടുക്കുന്നു.കാലത്തെ സ്കൂളിലെത്തിയതിന്റെ കരച്ചില്‍ തോരാതെ നിറക്കണ്ണുകളുമായി മുന്നില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില് ഞാന്‍ ഇരിക്കുന്നു.എനിക്കും മുന്‍പ് വിളിച്ച പേരുകളും,അതിനു ശേഷം വിളിച്ച പേരുകളും ശ്രദ്ധിക്കാതെ ഇരുന്ന ഞാന്‍ ഒരു പേര്‌ കേട്ടപ്പോള്‍ അറിയാതെ പിറകിലേയ്ക്ക് ഒന്നു തിരിഞ്ഞു.ഇന്നുമറിയില്ല,എന്താണു എന്നെ അതിനു പ്രേരിപ്പിച്ചെതെന്നു.പെണ്‍കുട്ടികളുടെ വശത്ത് പിറകില്‍ നിന്നു രണ്ടാമത്തെ ബെഞ്ചില്‍ നിന്നും മെലിഞ്ഞ് നീണ്ട് ഒരു കുട്ടി എഴുന്നേറ്റു 'പ്രസന്റ് സിസ്റ്റര്‍' എന്നു പറഞ്ഞു.സിനിമാ സ്റ്റൈലില്‍ ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയില്ല,ചുറ്റും നിന്നു ആരും വയലിന്‍ വായിച്ചില്ല,പക്ഷേ ആ ഒരു നിമിഷാര്‍ദ്ധം കൊണ്ട് സിനിമക്കഥയെ വെല്ലുന്ന മുകളില്‍ കുറിച്ച ആ കാഴച്ച ഞാന്‍ മനസ്സില്‍ കണ്ടു.എന്താ കഥ !

പക്ഷേ പിന്നീടതിനു അത്ര വലിയ പുരോഗതി ഒന്നും ഉണ്ടായില്ല,ഒരു ഒന്‍പതാം ക്ലാസ്സ് വരെ.അതിനു മുന്നെയുള്ള എട്ടു വര്‍ഷങ്ങളും ഞങ്ങള്‍ മിക്ക വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെയാണു പഠിച്ചിരുന്നത്,പോരാത്തതിനു വേദോപദേശ ക്ലാസ്സുകളും.തമ്മില്‍ പരിചയപ്പെട്ടു,സംസാരിച്ചു,സുഹൃത്തുകളായി എന്നതിനപ്പുറം ഈ എട്ടു വര്‍ഷങ്ങള്‍ നല്ല വേസ്റ്റായിരുന്നു എന്നതാണു സത്യം.പിന്നീട് സീന്‍ മാറുന്നത് ഒന്‍പതാം ക്ലാസ്സിനു മുന്നിലെ വരാന്തയിലേയ്ക്കാണു.ഇഷ്ടങ്ങളും പ്രണയങ്ങളും സ്കൂള്‍ പരിസരത്ത് നിറഞ്ഞു പൂവിട്ടിരിക്കുന്ന കാലം.കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും വരെ ആഘോഷമായി ലൈന്‍ അടിക്കുന്നു.അത്യാവശ്യം പോപ്പുലര്‍ ആയിരുന്നിട്ടും,പെണ്‍കുട്ടികളുടെ ഇടയില്‍ നല്ല പേര്‌ ഉണ്ടായിരുന്നിട്ടും,നമ്മളന്നും ഇന്നത്തെ പോലെ 'സിംഗിള്‍,റെഡി ടു മിംഗള്‍' കാറ്റഗറി തന്നെ.അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നപ്പോ ഉണ്ടായ തഴമ്പ് പോലെ എനിക്ക് പറയാന്‍ ആകെയുള്ളത് ഒന്നാം ക്ലാസിലെ ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് മാത്രം.ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ കൂടെയിരുന്നിരുന്ന ആത്മാര്‍ത്ഥ സുഹൃത്തിനോട് ഞാനാക്കഥ പറഞ്ഞു.പറഞ്ഞു തീര്‍ന്നതും കാര്യങ്ങള്‍ കൈവിട്ട് പോയെന്നു എനിക്ക് മനസ്സിലായി.ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇടുന്നത് പോലെ അവനതിനു നല്ല പബ്ളിസിറ്റി കൊടുത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ആക്കി,സംഭവം അവളുടെ ചെവിയിലുമെത്തി.അവള്‍ അതു വിശ്വസിച്ചിരുന്നോ എന്നോ,അവള്‍ക്കതൊരു പ്രശ്നമായിരുന്നോ എന്നോ ഇന്നും എനിക്കറിയില്ല.ഏതൊരു ടിനേജ് പ്രണയവും പോലെ കൂട്ടുകാരുടെ കളിയാക്കലുകളും,അതു പേടിച്ച് പരസ്പരമുള്ള ഒഴിഞ്ഞു മാറലുമൊക്കെയായി അതവിടെ അവസാനിച്ചു.സ്കൂള്‍ ജീവിതം അവസാനിക്കുന്നതിനു തൊട്ടു മുന്നെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരു ഓട്ടോഗ്രാഫിന്റെ താളിലൂടെ നഷടപ്പെട്ട് പോയ ആ സുഹൃത്തുബന്ധം തിരികെ വന്നു,അതു മാത്രം.പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ല.യാത്രയില്‍ എപ്പോഴോ അവള്‍ പുതിയ നഗരത്തിലേയ്ക്ക് കൂടു മാറി.വല്ലപ്പോഴും സംഭവിച്ചിരുന്ന തമ്മിലുള്ള കാഴച്ചകളും അതോടെ അവസാനിച്ചു.

അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍,ഒന്നാം ക്ലാസ്സിലെ ആദ്യ കാഴച്ചയിലേയ്ക്ക് മാത്രമായി ഒതുങ്ങി തുടങ്ങിയ നാളുകളിലൊന്നിലാണു അവളെ ഞാന്‍ വീണ്ടും കണ്ടത്.പുതിയൊരു നഗരത്തിന്റെ തിരക്കുകളില്‍,ജീവിതം കരു പിടിപ്പിക്കുവാനുള്ള യാത്രകളിലായിരുന്നു ഞങ്ങളിരുവരും.കണ്ടു,പരിചയം പുതുക്കി, സംസാരിച്ചു,പഴയ കാര്യങ്ങള്‍ പറഞ്ഞ് ചിരിച്ചു,അവസാനം അത് എന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നിടം വരെയെത്തിച്ചു.കാലത്തിന്റെ ഒരോരോ വികൃതികള്‍.

"മിശിഹായുടെ നിയമവും തിരുസഭയുടെ കല്പനകളും അനുസരിച്ച് ഈ നില്‍ക്കുന്ന
ആനിയെ ഭാര്യയായി സ്വീകരിക്കാമെന്നു വാഗ്ദ്ധാനം ചെയ്യുന്നുവോ?"

പുരോഹിതന്റെ ശബ്ദമാണു ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.ചടങ്ങ് അവസാനിക്കാറായി.ഇനി ഈ ഓര്‍മ്മകള്‍ എന്റേതു മാത്രം.ഞാന്‍ അവളെ നോക്കി,തിരിഞ്ഞവള്‍ എന്നെയും.അതു ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.ഇക്കുറിയും പുഞ്ചിരി സമ്മാനിക്കാന്‍ അവള്‍ മറന്നില്ല.കണ്ണുകളില്‍ നിറഞ്ഞ കണ്ണുനീര്‍ എന്റെ കാഴച്ചകളെ മറച്ചു.

ഞാന്‍ തിരിഞ്ഞ് അള്‍ത്താരയിലേയ്ക്കു നോക്കി,പുരോഹിതന്റെ അവ്യക്തമായ മുഖത്തേയ്ക്കു നോക്കി പറഞ്ഞു.

"വാഗ്ദ്ധാനം ചെയ്യുന്നു."

പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ കേട്ടില്ല.വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ പേരു കേട്ടപ്പോള്‍ മാത്രം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത് ഇന്നീ അള്‍ത്താരയ്ക്കു മുന്നില്‍ നിന്നു അവളെ വിവാഹം ചെയ്യാന്‍ സമ്മതമാണു എന്നു പറയുന്നതിനു വേണ്ടി ആയിരുന്നു എന്നു കാലം എനിക്കു  പറഞ്ഞു തരികയായിരുന്നു അപ്പോള്‍.

Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം




പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ മാസവസാനം നല്ല അടിപൊളി അഞ്ച്-ആറ്‌ അക്ക ശമ്പളം വാങ്ങുന്നവർ,ജോലിയ്ക്കു കയറി ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വിദേശത്തേയ്ക്കു പറക്കുന്നവർ,ഭൂമിയിൽ നിന്നു ഒരു അഞ്ച്-അഞ്ചര അടി മുകളിൽ നില്ക്കുന്നവർ എന്നിവ അവയിൽ ചിലതാണു.കേൾക്കാനെന്തൊരു സുഖം.മൂന്നു വർഷമായി കണ്ടു കൊണ്ടിരിക്കുന്ന ടെക്കി ലൈഫിൽ സത്യമായിട്ടും ഇതിന്റെ ഏഴയലത്തു നില്ക്കുന്ന കാര്യങ്ങൾ കണ്ടിട്ടില്ല എന്നതാണു സത്യം.എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകൾ ഇഷടം പോലെ കാണുകയും ചെയ്തു.ഉദാഹരണത്തിനു ഐ.ടി കമ്പനിയുടേയൊ,പാർക്കിന്റെയോ മുന്നിൽ നിന്നു വിളിക്കുന്ന ഓട്ടോറിക്ഷകൾ കേരളത്തിലെ താരിഫിൽ ഒരിക്കലും ഓടി കണ്ടിട്ടില്ല,ഹോട്ടലുകളും ഏകദേശം ഇതേ റേഞ്ചിൽ തന്നെ വരും.സ്വന്തം പരാധീനതകളും വിളിച്ചു പറയുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇങ്ങനെയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഒന്നിനെ പൊളിച്ചടുക്കുക എന്നതാണു ഈ പോസ്റ്റിന്റെ അവതാരോദ്ദേശ്യം.പ്രോഗ്രാമിംഗ് ഭാഷകളുടേയും അത്യാധുനിക ടെക്നോളജികളുടേയും നവീന ഗാഡ്ജറ്റ്സുകളുടെയും ലോകത്തിന്റെ അപ്പുറം ടെക്കികൾക്കൊന്നുമറിയില്ല,കലയും രാഷ്ട്രീയവും ഒന്നും ഇവരുടെ തട്ടകമല്ല എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം അങ്ങു മാറ്റിയേക്കുക.ഇവരുടെ ലോകത്തിൽ കലയുണ്ട്,ചൂടേറിയ രാഷ്ട്രീയ ചർച്ചകളുണ്ട്,സിനിമയും സാഹിത്യവും കവിതയുമൊക്കെയുണ്ട്.



 പ്രിയംവദ കാതരയാണോ ?? ബൂലോകത്തിനു ഏറെ പ്രിയപ്പെട്ട അരുണ്‍ കായംകുളത്തിന്റെ കായകുളം സൂപ്പറ്ഫാസ്റ്റ് എന്ന ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയും ഒരു വൈറസ് പോലെ പടരുകയും ചെയ്ത ആ അനുഭവകുറിപ്പ്.അതിനൊരു ചലച്ചിത്ര ഭാഷ്യം ഇന്നു യൂട്യൂബിൽ ലഭ്യമാണു.ആ ഭാഷ്യം രചിച്ചതാവട്ടെ സിനിമ ശ്വസിക്കുന്ന ഒരു പറ്റം ടെക്കികൾ.വീനിഷിന്റെ കാശും,ബേസിലിന്റെ സംവിധാനവും,നിതിന്റെ ഛായാഗ്രഹണവും,വിഷ്ണുവിന്റെയും ബാസിലിന്റെയും മുരളിയുടെയും തകർപ്പൻ അഭിനയവും ചേർന്നപ്പോൾ ഈ കൊച്ചു ചലച്ചിത്രം ചരിത്രമായി.റിലീസായി ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിടുമ്പോൾ ഏകദേശം പതിനോരായിരം ആളുകളാണു പതിനെട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം കണ്ടിരിക്കുന്നത്. 

   ഏറെ അഭിമാനവും സന്തോഷവുമുണ്ട് ഈ സുഹൃത്തുകളെയോർത്ത്,ഇവരുടെ ഈ ഉദ്യമത്തിൽ നാമമാത്രമാണെങ്കിലും   ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെയോർത്ത്.ഇവരെ അഭിനന്ദിക്കൂ,പ്രോഹത്സാഹിപ്പിക്കൂ.വെള്ളിത്തിരയിലെ നാളത്തെ താരങ്ങൾ ഇവരൊക്കെയാകട്ടെ !!!

                              





Tuesday, September 11, 2012

വരി തെറ്റാത്ത നിര


തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍.


നെറുകയില്‍ താഴുന്ന എണ്ണയുടെ തണുപ്പിനൊപ്പം അയാളുടെ പരുക്കന്‍ കൈകള്‍ അവന്റെ തലയോട്ടിയില് ‍താളം പിടിച്ചു.ഇഷ്ടമായിരുന്നില്ല അവന് അയാളെ,അയാളുടെ കണ്ണുകളെ,വിരലുകളെ.ദേഹത്തു വന്നു വീണ തണുത്ത വെള്ളം അയാളോടുള്ള അവന്റെ വെറുപ്പ് ഇരട്ടിയാക്കി.ഉണങ്ങിയ തോര്‍ത്തു കൊണ്ട് ,അവന്റെശരീരത്തിലെ നനവ് അയാള്‍ തുടക്കുന്ന നേരത്ത് പുറത്തെ ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നതെഉണ്ടായിരുന്നുള്ളു.


ആ വലിയ വീട്ടില്‍,അവനും അയാളും തനിച്ചാണു.ഇന്നലെകളുടെ ഓര്‍മ്മചിത്രങ്ങളില്‍ എപ്പോഴോ അവനൊപ്പംഅവന്‍ സ്നേഹിച്ചിരുന്നവരുമുണ്ടായിരുന്നു.യാത്രയില്‍ എപ്പോഴോ മനസ്സ് അവന്റെ വരുതിയില്‍ നില്‍ക്കാതെവന്നപ്പോള്‍ അവനെ അയാളെ ഏല്പിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ നിറകാഴച്ചകളലേയ്ക്കുള്ള യാത്ര തുടര്‍ന്നു.

മുറിയുടെ ഒരരികിലൂടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവനൊരു പ്രിയപ്പെട്ട കാഴച്ചയാണു.ആ താളത്തോടെ,അച്ചടക്കത്തോടെ അവന്റെ മനസ്സും ഒരുനാള്‍ നീങ്ങിയിരുന്നെങ്കിലെന്നു അവന് ‍ആഗ്രഹിച്ചു.അവന്റെ പാത്രത്തിലെ അവസാന വറ്റുകള്‍ പെറുക്കി ഉറുമ്പുകളുടെ വരിയ്ക്കരിക്കിലേയ്ക്കു ഇടുന്ന നേരത്താണു അയാള്‍ മുറിയിലേയ്ക്ക് കയറി വന്നത്.കണ്ട കാഴച്ച ദേഷ്യം കൂട്ടിയത് കൊണ്ടാകണംഅയാളുടെ കൂമന്‍ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.

അരഞ്ഞും,അറുത്തും കിടക്കുന്ന ഉറുമ്പുകളിലേയ്ക്കും,തന്റെ കൈയ്യിലും കാലിലും തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്കും അവന്‍ മാറി മാറി നോക്കി.ആ നേരത്ത് അവന്റെ കണ്ണുകളെ നിറച്ചത് വേദനയായിരുന്നില്ല,താന്‍ കാരണം തെറ്റിയ ഉറുമ്പുകളുടെ വരിയും,ചവിട്ടി അരയ്ക്കപ്പെട്ട അവരുടെ ജീവനുകളുമായിരുന്നു.


അയാള്‍ കൊണ്ടു വന്നു കൊടുത്ത ആഹാരവും മരുന്നുകളും അവന്റെ മുറിയില്‍ അതു പോലെ ഇരുന്നു.ഒരോതവണയും അയാള്‍ മുറി വിട്ടിറങ്ങിയപ്പോള്‍,അവന്റെ ദേഹത്തെ തിണര്‍പ്പുകള്‍ കൂടിയിരുന്നു.പക്ഷേ അവനന്നു പിന്നീട് കരഞ്ഞില്ല.ചോര നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍.വല്ലാത്ത പേടി തോന്നിയപ്പോള്‍,തലയിണയില്‍ അവന്‍ മുഖമമറ്ത്തി,മറ്റു ചിലപ്പോള്‍ പുതപ്പു കൊണ്ട് അവന്‍ ഇരുട്ടുണ്ടാക്കിഅതില്‍ ഒളിച്ചു.


ആ രാത്രി അവസാനിച്ച്,നേരം വെളുത്തപ്പോള്‍ അവന്റെ ഉറക്കം ആരും തടസപ്പെടുത്തിയില്ല.മുറിയുടെഅരികില്‍ ഉറുമ്പുകളുടെ നിര വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.ആ വീടിന്റെ പല ഭാഗത്തു നിന്നും ഉറുമ്പുകള്‍ ആ നിരയോട് ചേര്‍ന്നു.

ആ നിര ചെന്ന്‍ അവസാനിച്ചിടത്ത്,ഉറുമ്പുകള്‍ പൊതിഞ്ഞ് ചോര വറ്റിയ രണ്ടു കൂമന്‍ കണ്ണുകള്‍ കിടന്നിരുന്നു.

Friday, June 1, 2012

ഒരു സിനിമാ കാഴ്ച്ച:കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ



മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി.

നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന്‍ വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍ അദ്ധ്വാനി ച്ചിരുന്നവരുടെ നിശ്വാസങ്ങള്‍,നിസ്വനങ്ങള്‍.

ബിയില്‍ തകൃതിയായി ഒരു പുതു തലമുറ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.ഒരു ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ താരങ്ങള്‍ ഫ്ലോറില്‍ നിന്നു പുറത്തേയ്ക്കു വന്നു.യുവതാരങ്ങളെല്ലാം ഒരുമിച്ച് കൂടി പരസ്പരം ചിത്രങ്ങളെടുക്കുകയും,അവ തമ്മില്‍ കാണിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് സമയം ചിലവഴിക്കുന്നതിനിടയില്‍,ഒരാള്‍ അവര്‍ക്കിടയിലൂടെ ഒരു ചെറിയ പുഞ്ചിരി ചുണ്ടിലൊതുക്കി മാറി നടന്നു.ആരെയോ ഫോണ്‍ വിളിച്ചു കൊണ്ട്,ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ മാറി നിന്നിരുന്ന കറുത്ത താടിയുണ്ടായിരുന്ന ആ മനുഷ്യന്റെ സാന്നിദ്ധ്യം ആരെയും ബാധിച്ചതായോ,ആരും ശ്രദ്ധിച്ചതായോ തോന്നിയില്ല.

ഇന്നിന്റെ ഓര്‍മ്മകള്‍ക്കും സംഭവങ്ങള്‍ക്കും മാത്രം പ്രസ്ക്തിയുള്ള സിനിമാലോകത്ത്,അയാള്‍ ഇന്നലെകളുടെ താരമായിരുന്നു.നവോദയ അപ്പച്ചന്‍ മലയാള സിനിമയ്ക്കു ആഘോഷപൂര്‍വ്വം നല്‍കിയ ആ പുതുമുഖ ചിത്രത്തിലെ നായകന്‍,ശങ്കര്‍.അതേ അപ്പച്ചന്റെ നവോദയ സ്റ്റൂഡിയോയില്‍,താരപ്പകിട്ടുകളില്ലാതെ ഒരു സഹനടനായി.

യാദൃശ്ചികതയാകാം,ആ സമയം മനസ്സില്‍ മൂളിക്കൊണ്ടിരുന്ന വരികള്‍ ഇതായിരുന്നു.. “കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ,ദോ ദിന്‌ മില്‍ത്തേ ഹേ,സാത്ത് സാത്ത് ചല്‍തേ ഹേ”(പേജ് 3,മധുര്‍ ബണ്ഡാര്‍ക്കര്‍)

Sunday, April 15, 2012

സ്റ്റാറ്റസ് അപ്ഡേറ്റ്

ഓഫീസിലേയ്ക്ക്‌ ഇറങ്ങാന്‍ നേരം,ഫേയ്സ്ബുക്കിലെ സ്റ്ററ്റാസ്‌ അവന്‍ ഇങ്ങനെ അപ്ഡേറ്റ്‌ ചെയ്തു.

Heading To Office.Hope To Have A Great Day There.

ഒട്ടും താമസിയാതെ അവന്റെ വാളില്‍ ഇങ്ങനെ തെളിഞ്ഞു വന്നു.

Project Manager and Team Lead Like This.

പോകുന്ന വഴിയ്ക്ക്‌ അവന്റെ ബൈക്കിനു ഒരാള്‍ വട്ടം ചാടി.ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന നേരം അവന്റെ സ്റ്റാറ്റസ്‌ ഇങ്ങനെ മാറി

Met With An Accident.Heading To Hospital

ലൈക്കുകളുടെ എണ്ണം കൂടി വരുന്നതിനിടെ ഒരാള്‍ ഇങ്ങനെ കമന്റ്‌ ചെയ്തു

Met P.M.Heading To The Meeting Room.You meant this right?

അകന്നു പോകുന്ന ജീവനെ പിടിച്ചു നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്ന നേരം,വീണ്ടും അവനെ എഫ്‌.ബിയിലൂടെ വിളിച്ചു പറഞ്ഞു.

I'm Dying..

ഒരു ലൈക്ക്‌

Yamraj Likes This

ഒരു കമന്റ്‌

Time's Up.Welcome Home

Friday, October 28, 2011

ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്

"ജാനകി,കാര്‍ത്തികേയനോട്‌ ഒന്നിവിടെ വരെ വരാന്‍ പറയണം.എത്ര തിരക്കുണ്ടെങ്കിലും."

അവള്‍ മറുപടി പറയുന്നതിനു മുന്‍പ്‌ ഞാന്‍ സംസാരം അവസാനിപ്പിച്ചു.അയാള്‍ വരില്ല എന്നവള്‍ പറഞ്ഞാല്‍ ഇന്നത്തെ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്ലോ.ഇതിപ്പോള്‍ അയാള്‍ വന്നേക്കും എന്നൊരു പ്രതീക്ഷയുണ്ട്‌ അടുത്ത ഫോണ്‍ കോള്‍ വരെ,അതു മതി.ഒന്നു സംസാരിക്കണം കാര്‍ത്തികേയനോട്‌,ഇനി അതും കൂടിയേ ബാക്കിയുള്ളു.അയാളെ കണ്ടിട്ട്‌ തന്നെ നാളുകളാകുന്നു.ഞാനുള്ളതു കൊണ്ടാകും ഭാര്യവീടായിട്ടും മുണ്ടയ്ക്കലേയ്ക്ക്‌ അയാള്‍ അധികം വരാത്തത്‌.തെറ്റു പറയാന്‍ പറ്റില്ല അയാളേയും.ഒരു രീതിയില്‍ അയാളുടെ കണ്ണില്‍ സ്വന്തം അച്ഛന്റേയും അമ്മയുടേയും മരണത്തിനു കാരണക്കാരന്‍ ഞാനണല്ലോ.അവസാനം തമ്മില്‍ കണ്ടത്‌ വാര്യര്‍ മരിച്ചപ്പ്പ്പോള്‍ മംഗലശ്ശേരിയില്‍ വച്ചാണെന്നു തോന്നുന്നു.വാര്യരോടും ഒന്നും സംസാരിക്കണം എന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌.വാതില്‍ക്കല്‍ അയാളാണു,കാര്‍ത്തികേയന്‍.എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിട്ടായിരിക്കണം,അയാള്‍ അടുത്തു വന്നിരുന്നു.

"തന്റെ തിരക്കിനിടയില്‍ ബുദ്ധിമുട്ടായല്ലേ ?"
.എങ്ങനെ തുടങ്ങണമെന്നറിയാതിരുന്നതു കൊണ്ടാണു ഒരു ചോദ്യം അങ്ങോട്ടേയ്കെറിഞ്ഞത്‌.ആയെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല,ഒരു ചിരിയില്‍ ഒതുക്കി ഉത്തരം.

"തനിക്കെന്നോട്‌ ഇപ്പോഴും ദേഷ്യമുണ്ടെന്നറിയാം.പരാതിയില്ലടോ,എല്ലാവരും എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാന്‍ പാകത്തിനുള്ളതൊന്നും അല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്‌ അല്ലേ? തന്നോട്‌ ഇത്രടം വരെ ഒന്നു വരാന്‍ പറഞ്ഞത്‌ ഒരു കാര്യം പറയനാണു.ഇനിയെത്ര നാളുണ്ടെന്നറിയില്ല,പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു തീര്‍ക്കാന്‍ ഇനി അധികം സമയമുണ്ടാകില്ല."

"ഏയ്‌,അങ്ങനെയൊന്നും കരുതണ്ടാ.വയ്യായ്ക എന്തെങ്കിലുമുണ്ടോ?"
ഏറെ നാളുകള്‍ക്കു ശേഷം അയാള്‍ എന്നോട്‌ സംസാരിച്ചു.അച്ഛന്റെ അതേ ശബ്ദം.

"അങ്ങനെയൊന്നുമില്ലടോ,സമയാമായി എന്നൊരു തോന്നല്‍.പോകാന്‍ മടിയുമില്ല,പേടിയുമില്ല.ഇരുവട്ടം ദാനം കിട്ടിയതല്ലേ,ഇത്രയുമൊക്കെ പോയില്ലേ.പിന്നെ ഒരു കടം ബാക്കിയുണ്ടെന്നൊരു തോന്നല്‍.തനോടൊരു മാപ്പും കൂടി പറഞ്ഞാല്‍,അത്‌ ഇയാള്‍ സ്വീകരിച്ചാല്‍,പിന്നെ സ്വസ്ഥം."

"മാപ്പ്‌,എന്നോട്‌..എന്തിനു?"
അയാളുടെ ശബ്ദത്തിലും മുഖത്തും നിറയെ സംശയങ്ങള്‍.

"ഭാനുമതി,തന്റെ അമ്മ,ഞാനും നീലനും തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടയ്ക്ക്‌ ഒരുപാട്‌ തവണ ഉപദ്രവിച്ചിട്ടുണ്ട്‌ ആ പാവത്തിനെ.നീലനെ കിട്ടാന്‍ അമ്പലത്തിലെ പടക്കപുരയില്‍ കെട്ടിയിട്ടു ആദ്യം.പിന്നെ ചികിത്സ തേടി വന്നപ്പോള്‍ ആശുപത്രിയില്‍ നിന്നിറക്കി വിട്ടു.ചെയ്യാന്‍ പാടില്ലായിരുന്നു രണ്ടും.പ്രത്യേകിച്ച്‌ രണ്ടാമത്തേത്‌.ഒരു രീതിയില്‍ ഞാന്‍ കൊന്നതു പോലെ ആയില്ലേ.തെറ്റു പറ്റിയെടോ എനിക്ക്‌.ഒരു പക്ഷേ അന്നു അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ തനിക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു,നീലനു അവന്റെ ഭാനുവിനേയും.പൊറുക്കണം താന്‍,ക്ഷമിക്കണം.മനസ്സു കൊണ്ട്‌ ഒരായിരം തവണം ക്ഷമ ചോദിച്ചു ഞാന്‍ നീലനോടും ഭാനുമതിയോടും.പക്ഷേ തന്നോട്‌ ഒന്നു സംസാരിക്കാതെ,താന്‍ ക്ഷമിക്കാതെ മാറില്ലെടോ ഈ വിങ്ങല്‍" . മനസ്സില്‍ പലതവണ പറഞ്ഞു പഠിച്ചിരുന്നിട്ടും,വാക്കുകള്‍ കിട്ടാതെ വരുന്നു,കണ്ണില്‍ ഒരു നനവ്‌ പടരുന്നു.

"ഏയ്‌,അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ? കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നൊക്കെ,കൊല്ലാന്‍ വേണ്ടി തന്നെയാണു അന്നു ആശുപത്രി തകര്‍ത്തതും മറ്റും.പക്ഷേ,അച്ഛന്‍ തടഞ്ഞു.ചെയ്യുന്നതിനൊന്നും അമ്മയെ തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല എന്ന അച്ഛന്റെ വാക്കുകള്‍ കെടുത്തി മനസ്സിലെ പകയെ,ദേഷ്യത്തെ.ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു എല്ലാം,ഓര്‍ക്കാനുള്ള താത്പര്യവും നഷ്ടപ്പെടു.ഇനി ഒരു മാപ്പു പറച്ചിലും ഒന്നും വേണ്ട,മറക്കണം എല്ലാം,സമധാനമായി ഇരിക്കണം." സംസാരിക്കുന്നതു നീലനാണെന്നൊരു നിമിഷം ഓര്‍ത്തു പോയി,അതേ ഭാവം,അതേ രീതി.ഒരേ തൂലികത്തുമ്പില്‍ നിന്നു പിറന്നു വീഴുന്ന കഥാപാത്രങ്ങള്‍ പോലെ.

"മതിയെടോ കാര്‍ത്തികേയാ,അത്രയും കേട്ടാല്‍ മതി.ഒരിക്കല്‍ തന്റെ അച്ചനോട്‌ ഞാന്‍ പണ്ടു പറഞ്ഞതു പോലെ,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന പേര്‌ മായ്ച്ചു കളയാന്‍ സമയമായി.നേരം വൈകി,ജാനകി ആശുപത്രിയില്‍ നിന്നെത്തി കാണില്ലേ,താന്‍ ഇറങ്ങിക്കോ" .ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.ജപിച്ചു കൊണ്ട്‌ ഞാന്‍ ഉറങ്ങാനയി കട്ടിലിലേയ്ക്കും

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമ കൃപയാ ശംഭോ
ത്വയി ഭക്തിം അചഞ്ചലം


ജപം കേട്ടിട്ടാവണം വാതില്‍ക്കല്‍ എത്തിയ അയാള്‍ തിരിഞ്ഞൊന്നു നോക്കി.

"നോക്കണ്ട,തന്റെ അച്ചന്‍ പഠിപ്പിച്ചതു തന്നെ,ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട സമയമായി എന്നു പറഞ്ഞപ്പോള്‍ കേട്ടില്ല.ഇന്നിപ്പോള്‍ ഇതു മാത്രമേ ഉള്ളു ഒരു പ്രാര്‍ത്ഥന"


മയക്കം തെളിയുമ്പോള്‍ ഞാന്‍ ഏതോ ആശുപ്രതിയിലാണു.പരിചയമുള്ള മുഖങ്ങള്‍ ഒന്നും കാണുന്നില്ല.മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ഇടത്തു വശത്തെ ബെഞ്ചില്‍ ഒരു സ്ത്രീ രൂപം.സാരിതലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ ഒരു തേജസുണ്ട്‌,ഒരു ഐശ്വര്യം.എവിടെ നിന്നോ അടിച്ചു കയറിയ കാറ്റില്‍ ആ തലപ്പ്‌ മുഖത്തു നിന്നു മാറി.അതവളായിരുന്നു ഭാനുമതി,നീലന്റെ നെറുകയില്‍ വീണ പുണ്യം.ഒരു നിറഞ്ഞ ചിരിയാണു ഭാനുമതി എനിക്കു നല്‍കിയത്‌.

"ഞാന്‍ ശേഖരനെ കാത്തിരിക്കുകയായിരുന്നു.കാര്‍ത്തികേയനെ കണ്ടുവല്ലേ.നന്നായി.പക്ഷേ മാപ്പൊന്നും പറയേണ്ട കാര്യമില്ലായിരുന്നു.അച്ചനെ പോലെയാണു അവനു ശേഖരന്‍.അവന്‍ അങ്ങനെയേ കാണൂ.എന്റെ കാര്യമോര്‍ത്തു ഒരു വിഷമം വേണ്ട.എന്റെ സമയം എത്തിയിരുന്നു.അന്നവിടെ ചികിത്സിച്ചിരുന്നെങ്കിലും,ഇല്ലെങ്കിലും എന്റെ യാത്ര കഴിഞ്ഞിരുന്നേനെ.മംഗലശ്ശേരിയില്‍ വച്ചു അവസാനിക്കണം എന്നതായിരുന്നിരിക്കണം വിധി,അതിനുള്ള നിയോഗമായി ശേഖരന്‍ എന്നു മാത്രം.ശേഖരനെ കണ്ടിതു പറയാന്‍ വേണ്രി മാത്രമാണു ഈക്കാലം മുഴുവന്‍ ഞാനിവിടെ ഇരുന്നത്‌.ഇനി പോകണം,അതിനുള്ള സമയമായി."

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ഭാനുവിനെ കണ്ടില്ല.കണ്മുന്നില്‍ തെളിഞ്ഞത്‌ വിഭ്രാന്തിയുടെ ഭ്രമകല്‍പനകളാണോ,യഥാര്‍ത്ഥമായ ഒരു കണ്ടുമുട്ടല്‍ തന്നെയാണോ എന്ന് ശങ്കിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്‌.ഇപ്പോള്‍ നില്‍ക്കുന്നതു ആശുപത്രിയിലല്ല,ഒരു റോഡരികിലാണു.വഴിവിളക്കുകള്‍ ഇല്ലാത്ത ചുറ്റില്ലും ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു വഴിയരികില്‍.ഇതു എങ്ങോടേയ്ക്കുള്ള വഴിയാണു,യാത്ര ചെയ്യേണ്ടത്‌ എങ്ങോട്ടാണു.ഒരെത്തും പിടിയും കിട്ടാതെ ഏതോ ഒരു വശത്തേയ്ക്കു ഞാന്‍ നടന്നു.കുറച്ചു നീങ്ങി കഴിഞ്ഞാണതു കണ്ടത്‌,അല്‍പം മാറി തീ ആളിക്കത്തുന്നു,അതും വഴിയുടെ നടുവില്‍ തന്നെ.ഞാന്‍ അല്‍പം വേഗത്തില്‍ അങ്ങോട്ടേയ്ക്ക്‌ നടന്നു.കത്തുന്നത്‌ ഒരു കാറാണെന്നു ഇപ്പോള്‍ വ്യക്തമാണു.ആരോ ഇങ്ങോട്ടേയ്ക്ക്‌ ഒാടി വരുന്നുണ്ട്‌.അടുത്തെത്തിയപ്പോഴാണു കണ്ടത്‌,അതെന്റെ അനന്തിരവനാണു.

"രാജേന്ദ്രാ.."


വിളിയ്ക്കു മറുപടി നല്‍കാതെ അവന്‍ എന്റെ അരികിലൂടെ ഒാടി മറഞ്ഞു.കത്തുന്ന കാറിന്റെ അരികില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്‌.തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടു ആരാണെന്നു മനസ്സിലാകുന്നില്ല.അടുത്തേയ്ക്ക്‌ ചെന്ന എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.പ്രായം കൈയ്യൊപ്പു ചാര്‍ത്തിയ ആ മുഖത്ത്‌ പക്ഷേ തെളിഞ്ഞു നിന്നത്‌ ദേവന്റെ തേജസ്സാണു,കണ്ണുകളില്‍ നിറഞ്ഞു നിന്നത്‌ അസുരന്റെ വീര്യവും.ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന ഈ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ അധികം നേരം വേണ്ടി വന്നില്ല.മംഗലശ്ശേരി നീലകണ്ഠന്‍,എന്നെ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.
എഴുതി തയ്യറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ അവനെന്ന നായകന്‍ വളര്‍ന്നത്‌,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഈ വില്ലന്റെ തോല്‍ വികളിലൂടെയായിരുന്നു.അവന്‍ വളരുകയും ഞാന്‍ തളരുകയും ചെയ്യണമെന്നത്‌ കാണാമറയത്തിരുന്ന് തൂലിക ചലിപ്പിക്കുന്നവന്റെ തീരുമാനമായിരുന്നു.അതിനിടയില്‍ എന്നും തോറ്റുകൊണ്ടിരുന്നവന്റെ മനസ്സിന്റെ വ്യഥകള്‍ക്കെന്തു വില.

"നീ എത്തിയൊ ശേഖരാ.." നീലകണ്ഠന്റെ ഉറച്ച ശബ്ദമാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്‌.

"കണ്ടില്ലേ,നിന്റെ അനന്തിരവന്‍ ചെറുക്കന്റെ ഒരു വികൃതി.നീയാണല്ലോ വിളിച്ചത്‌ എന്നു കരുതി ഇറങ്ങിയതാ ഞാന്‍,എന്നിട്ട്‌ എന്റെ കാര്‍ത്തികേയനൊന്നു കാണാന്‍ കൂടി ബാക്കി വച്ചില്ല രാജേന്ദ്രന്‍.എനിക്കു പോരാന്‍ തോന്നിയത്‌ നന്നായി,അല്ലെങ്കില്‍ എന്റെ കാര്‍ത്തികേയന്‍.."
കത്തി തീരുന്ന ഒരു തുണികഷ്ണത്തെ നോക്കി നീലകണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

"വിളിച്ചതു ഞാന്‍ തന്നെയാ നീലാ.കാര്‍ത്തികേയനെ വരുത്തണം,എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പാക്കാം എന്നു രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍,ഞാനും ഓര്‍ത്തു,തീരുന്നെങ്കില്‍ തീരട്ടെ,കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നു.പക്ഷേ അവന്റെ മനസ്സില്‍ ഇതായിരുന്നു പദ്ധതി എന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു നീലാ ഞാന്‍.മംഗലശ്ശേരിയില്‍ നീലകണ്ഠനുണ്ടെങ്കില്‍ അല്ലെടോ,മുണ്ടയ്ക്കലേ ശേഖരനു നിലനില്‍പ്പുള്ളു.താന്‍ പോയതോടെ മുണ്ടയ്ക്കല്‍ ശേഖരന്റെ കാലവും അവസാനിച്ചു.പിന്നീട്‌ നാളിതു വരെ, ചെയ്തതും പറഞ്ഞതുമായ എല്ലാറ്റിനും പരിഹാരം ചെയ്യാന്‍ ശ്രമിച്കു കൊണ്ടൊരു ജീവിതം.ഇന്നു കാര്‍ത്തികേയനെ കണ്ടു സംസാരിച്ചതോടെ ഇനി ഇവിടെ ചെയ്യാന്‍ ബാക്കിയൊന്നുമില്ല.ഒരു സ്വപ്നം പോലെ,തന്റെ ഭാനുമതിയും വന്നു കണ്മുന്നില്‍,ഇപ്പോള്‍ താനും."


"അറിയാമയിരുന്നെടോ ,താന്‍ അറിഞ്ഞല്ല ഇതു ചെയ്തെന്നു.ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്നു തന്നോട്‌ പറയാന്‍ വേണ്ടിയാണു ഞാനിവിടെ കാത്തു നിന്നത്‌.എനിക്കെന്റെ യാത്ര തുടരണം ഇനി,ഭാനുവും വാര്യരുമൊക്കെ കാത്തു നില്‍ക്കുന്നുണ്ടാകുമെടോ." നീലന്‍ പതിയെ മുന്നോട്ട്‌ നടന്നു തുടങ്ങി.

"അധികം താമസമില്ല,എന്റെ യാത്ര അവസാനിക്കാന്‍" ഞാന്‍ വിളിച്ചു പറഞ്ഞു.

"അവസാനിക്കാന്‍ അല്ലെടോ,യാത്ര തുടങ്ങാന്‍.വഴിയില്‍ ഇതു പോലെ കാത്തിരിക്കേണ്ടി വരും,പലര്‍ക്കും വേണ്ടി,പലരോടും പലതും പറയാന്‍ വേണ്ടി,ഞാനും ഭാനുമതിയും തന്നെ കാത്തിരുന്നതു പോലെ"

കാര്‍ത്തികേയനോട്‌ യാത്ര പറഞ്ഞു മയങ്ങിയ ഞാന്‍ ഇനി അവിടെ ഉണരുന്നില്ല.ആരൊ എന്നെ തേടി വരുന്നത്‌ കാത്തു ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.അതു കാര്‍ത്തികേയനോ,ജാനകിയോ,ശ്രീനിവാസന്‍ നമ്പ്യാരോ..കാലം വെളിപ്പെടുത്തട്ടെ.

Monday, July 18, 2011

എന്റെ മനസ്സ് എന്നോട് പറഞ്ഞത്...

കഴിഞ്ഞ ഒരാഴ്ച്ചയായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും.മറ്റൊന്നും കൊണ്ടല്ല,ജോലി ഇപ്പോള്‍ നൈറ്റ്‌ ഷിഫ്റ്റിലാണു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഹൈസ്ക്കൂളിലെ ബയോളജി പാഠ പുസ്തകത്തില്‍ പഠിച്ച ബയോളജിക്കല്‍ ക്ലോക്ക്‌ എന്താണു എന്നത്‌ ഇപ്പോഴാണു മനസ്സില്ലാക്കുന്നത്‌.വീണു കിട്ടുന്ന രാത്രികളില്‍ വേണമെന്നു വിചാരിച്ചാല്‍ കൂടി ഉറങ്ങാന്‍ പറ്റുന്നില്ല,കിഴക്കു വെള്ള കീറിയാല്‍ പിന്നെ കണ്‍പോളകള്‍ നിവര്‍ന്നു നില്‍ക്കുന്നില്ല,ഭക്ഷണം കഴിക്കുന്നത്‌ രാത്രി ഒരു നേരം മാത്രമായിരിക്കുന്നു.ഇങ്ങനെ സാധാരണ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിഞ്ഞ അവസ്ഥ.ഈ പറഞ്ഞ ക്ലോക്കിനു മനസ്സിന്റെ മേലും ഒരു നിയന്ത്രണം ഉണ്ടെന്നു പക്ഷേ ആദ്യമായി പഠിക്കുന്നത്‌ ഇപ്പോഴാണു.മനസ്സും മാറിയിരിക്കുന്നു ഒരുപാട്‌.സുഹൃത്തുകളെ കാണുന്നില്ല,അവരെ വിളിക്കുന്നില്ല,വരുന്ന മെസേജിനും മെയിലിനും ഒന്നും മറുപടി അയക്കുന്നില്ല അഥവാ എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങിയാല്‍ സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ select * from,insert into,update table,cd /var/opt/app എന്നൊക്കെയാണു.എന്തിനേറെ,എ.ടി.എം മെഷിനില്‍ പിന്‍ ചോദിച്ചപ്പോള്‍,ഓഫീസ്‌ പിസിയുടെ പാസ്സ്‌ വേര്‍ഡാണു ആദ്യം ടൈപ്പ്‌ ചെയ്തത്‌.മനസ്സ്‌,അങ്ങനെയൊന്നുണ്ടെങ്കില്‍,അതിന്റെ താളക്രമവും തെറ്റിയിരിക്കുന്നു.അതോ എന്റെ മനസ്സ്‌ എന്നെ മടുത്ത്‌,എന്നില്‍ നിന്നു ഇറങ്ങി പോയിരിക്കുന്നതോ.മുഖത്തെ ചിരി വരെ മാഞ്ഞിരിക്കുന്നു.എന്റെ മാത്രമല്ല,എനിക്കൊപ്പം ഉള്ള ഒരുപാട്‌ പേരുടെയും.

"സാര്‍,ഓഫീസെത്തി".ചിന്തകളില്‍ നിന്നുണര്‍ന്നത്‌ ക്യാബ്‌ ഡ്രൈവറുടെ ശബ്ദം കേട്ടാണു.വളരെ പെട്ടന്ന് എത്തിയതു പോലെ,ഒരുപക്ഷേ പലതും ചിന്തിരിച്ചിരുന്നിരുന്നതു കൊണ്ടാകണം.ഓഫീസ്‌ പരിസരം വിജനമാണു.ശനിയാഴ്ച്ച അവധിയായ സ്ഥാപനത്തില്‍,അന്നേ ദിവസം രാത്രി ഒന്‍പതു മണിക്ക്‌ ഒരു ആള്‍ക്കൂട്ടത്തെ കാണേണ്ട കാര്യമില്ലല്ലോ.സെക്യൂരിറ്റി ചേട്ടന്മാരൊട്‌ ഒരു നമസ്കാരം പറഞ്ഞു,ഞാന്‍ മൂന്നാം നിലയിലെ എന്റെ ക്യുബിക്കളിലേയ്ക്ക്‌ നടന്നു.ഇന്നത്തെ രാത്രിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌.ഇന്നെനിക്ക്‌ കൂട്ട്‌ ഞാനും എന്റെ സിസ്റ്റവും എനിക്കുള്ള ജോലികളും മാത്രമാണു.ഇന്നു രാത്രി വരേണ്ട സഹപ്രവര്‍ത്തകനു സുഖമില്ലാത്തതു കൊണ്ട്‌ വരില്ല എന്നു മാനേജര്‍ വിളിച്ചറിയിച്ചിരുന്നു.സിസ്റ്റം ഓണ്‍ ചെയ്ത്‌,ഞാന്‍ എന്റെ മെയില്‍ ബോക്സ്‌ തുറന്നു.ഓഫീഷ്യല്‍ അല്ലാതെയുള്ളവയെല്ലാം പേര്‍സണല്‍ എന്ന ഫോള്‍ഡറിലേയ്ക്ക്‌ മാറ്റിയിട്ടു,പിന്നീട്‌ വായിച്ചു മറുപടി കൊടുക്കാന്‍.കുറച്ചു നാളുകളായി ഇങ്ങനെയാണു.എന്നും ഒരുപാട്‌ പേര്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ച ഞാന്‍,ഒരുപാട്‌ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍,എന്റെ ക്യുബിക്കളിലേയ്ക്ക്‌,എന്റെ സിസ്റ്റത്തിലേയ്ക്ക്‌,എന്റെ ജോലിയിലേയ്ക്ക്‌ ഒതുങ്ങി കൊണ്ടിരിക്കുന്നു,എല്ലാറ്റിലും നിന്നും ഒഴിവാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.ഒരുപക്ഷേ ഇതിനെയാകും വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ച എന്നു പറയുന്നത്‌ അല്ലെങ്കില്‍ ടെക്നിക്കല്‍ ഭാഷയില്‍ Human Being 1.0ല്‍ നിന്ന്,Techie 2.0 ലേയ്ക്കുള്ള Upgrade Project.

ഒഫീഷ്യല്‍ മെയിലുകളിലൂടെ കണ്ണോടിച്ചു.ആത്യന്തികമായി എല്ലാറ്റിലും ഉള്ളത്‌ ഒരേ കാര്യങ്ങള്‍.ഉപയോഗിച്ചിരിക്കുന്ന വാക്കുകളും,പ്രയോഗങ്ങളും എല്ലാം ഒന്നു തന്നെ,അയച്ചിരിക്കുന്ന ആളിലും,ഘടനയിലും മാത്രമാണു വത്യാസം.രാത്രി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ ഏകദേശ ധാരണ കിട്ടി കഴിഞ്ഞപ്പോള്‍ തന്നെ മണിക്കൂറൊന്നു പോയി കഴിഞ്ഞിരിക്കുന്നു.ഞാന്‍ പെട്ടന്ന് തന്നെ ജോലികള്‍ ആരംഭിച്ചു.മൂന്നു മണിക്കൂറിലൊന്നു എന്ന കണക്കില്‍ ആണു Status Update അയക്കണ്ടത്‌.അര്‍ദ്ധരാത്രി പന്ത്രണ്ട്‌ മണിയ്ക്കു ആദ്യത്തേത്‌ അയച്ചു കഴിഞ്ഞാണു സ്ക്രീനില്‍ നിന്നു പിന്നെ കണ്ണേടുക്കുന്നത്‌.ഏകദേശം അതേ സമയത്ത്‌ തന്നെ സെക്യൂരിറ്റി ചേട്ടന്മാരില്‍ ഒരാള്‍ Night Stay Register ഒപ്പീടിക്കുന്നതിനു വേണ്ടി വന്നു.അതില്‍ നോക്കിയപ്പോള്‍ പ്രതീക്ഷിച്ചതു പോലെ ഒന്‍പതു മണിക്കും പന്ത്രണ്ടു മണിയ്ക്കും എന്റെ പേരു മാത്രം.

തുടര്‍ച്ചയായി ഉറക്കമിളക്കുന്നതിന്റെയാകണം,നല്ല തലവേദനയും ക്ഷീണവും തോന്നുന്നുണ്ട്‌.ഒരു ചെറിയ ടീ ബ്രേക്കിനുള്ള സമയമായിരിക്കുന്നു.ക്യുബിക്കളില്‍ നിന്നിറങ്ങി ഞാന്‍ നാലാം നിലയിലെ പാന്റ്രിയിലേക്കു നടന്നു,വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു ഒരു ചായയും എടുത്ത്‌ ഞാന്‍ ബാല്‍ക്കണിയില്‍ പോയി നിന്നു,ഓഫീസിന്റെ മുന്നിലൂടെ പോകുന്ന ഹൈവേ വിജനമാണു,സുന്ദരമായ കാഴച്ചകളൊന്നും പുറത്തു കാണുന്നില്ല,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു പോലും ഒരു സൗ ന്ദര്യ കുറവുണ്ട്‌.ഒരുപക്ഷേ ഈ കാഴച്ചകള്‍ എനിക്കു സുന്ദരമായി തോന്നാത്തതും ആകാം.ചായ തീര്‍ന്നു,തിരിച്ചു ക്യൂബിക്കളിലേയ്ക്ക്‌ പോകുമ്പോഴാണു ശ്രദ്ധിച്ചത്‌,നാലാം നിലയിലെ ഒരു വിംഗില്‍ വെളിച്ചം.Night stay register ല്‍ വേറെ ആരുടെയും പേരു കാണാത്ത സ്ഥിതിയ്ക്ക്‌ വേറെ അവിടെ ഉണ്ടാകണ്ടതല്ല.ഇനി ക്ലീനിംഗ്‌ സ്റ്റാഫ്‌ മറ്റോ ആണൊ എന്ന എന്റെ സംശയത്തിനു അധികം നേരം ആയുസ്സ്‌ ഉണ്ടായില്ല,കാരണം വെളിച്ചം മാത്രമല്ല കീബോര്‍ഡില്‍ കൈവിരലുകള്‍ ആഞ്ഞു പതിയുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്‌.ഈ രാത്രിയില്‍ ഞാനറിയാതെ എനിക്കൊപ്പമുള്ളത്‌ ആരാണെന്നു അറിയാനുള്ള കൗതുകത്തില്‍ ഞാന്‍ ആ വിംഗിലേയ്ക്ക്‌ കയറി ചെന്നു.അവിടെ വലതു വശത്തു മൂന്നാമത്തെ ക്യുബിക്കളില്‍ ഒരാള്‍ സ്ക്രീനിലേയ്ക്ക്‌ തന്നെ കണ്ണും നട്ട്‌,കീബോര്‍ഡില്‍ അതി വേഗത്തില്‍ ടൈപ്പ്‌ ചെയ്തു ഇരിക്കുന്നു.അടുത്തേയ്ക്ക്‌ ചെന്നപ്പോഴാണു മനസ്സില്ലായത്‌ അത്‌ സോളമന്‍ ആണെന്നു.മനസ്സില്ലാക്കാന്‍ കുറച്ചു പാടുപെട്ടു എന്നതാണു സത്യം.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ആ ഓഫീസില്‍ ജോയിന്‍ ചെയ്യുമ്പോള്‍ അവിടുത്തെ താരമായിരുന്നു സോളമന്‍.പ്രോജക്ടിലെയും,ഓഫീസിലെയും ഒക്കെ എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന ആള്‍,കള്‍ച്ചറല്‍ കമിറ്റിയിലേയും സ്പോര്‍ട്ട്സ്‌ ടീമിലെയും ഒക്കെ നിറസാന്നിദ്ധ്യം.ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്‌ ആദ്യ കാലങ്ങളില്‍,പിന്നീട്‌ എപ്പോഴോ പരിചയപ്പെട്ടു,സുഹൃത്തുകളായി.പക്ഷേ പിന്നീടെപ്പോഴോ സോളമന്‍ മാറാന്‍ തുടങ്ങി.ജോലിയുടെ തിരക്കുകള്‍,സമ്മര്‍ദ്ദങ്ങള്‍ അവനെയും മാറ്റി എന്നതാണു ശരി.പിന്നീട്‌ സോളമനെ കാണുമ്പോഴൊക്കെ അവന്‍ ഒറ്റയ്ക്കായിരുന്നു.ഒരു വര്‍ഷം മുന്‍പ്‌ വിവാഹിതനായി എന്നു ആരോ പറഞ്ഞറിഞ്ഞു,പക്ഷേ അവിടെയും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും,ഡിവോഴ്സിന്റെ വക്കിലാണെന്നുമൊക്കെയാണു കേള്‍ക്കുന്നത്‌.ഞാന്‍ ക്യുബിക്കളിലെത്തിയത്‌ അവന്‍ അറിഞ്ഞില്ല എന്നു തോന്നുന്നു.ശ്രദ്ധ മുഴുവന്‍ സ്ക്രീനില്‍ തന്നെയാണു.

"സോളമന്‍" .ഞാന്‍ വിളിച്ചു.പക്ഷേ അവന്‍ കേട്ടതായി ഭാവിച്ചില്ല.ഞാന്‍ തോളത്തു തട്ടി ഒരിക്കല്‍ കൂടി വിളിച്ചു.ഇക്കുറി അവന്‍ തിരിഞ്ഞു നോക്കി പക്ഷേ ഭാവമാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല മരവിച്ച ആ മുഖത്ത്‌.

"എന്താ,നൈറ്റ്‌ ഷിഫിറ്റില്‍ ആണോ?" .വീണ്ടും മറുപടി മൗനമായിരുന്നു.

"സോളമാ,എന്താ പറ്റിയത്‌,What Happened?".അവന്റെ ചുണ്ടുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു,പെട്ടന്ന് അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.സാവധാനം അതൊരു പൊട്ടിക്കരച്ചിലായി മാറി.അതിന്റെ അവസാനം അവന്‍ ഇങ്ങനെ പറഞ്ഞു

"ഞാന്‍ സോളമനല്ല,അവന്‍ എന്നോ ഇവിടെ ഉപേക്ഷിച്ച അവന്റെ മനസ്സാണു ഞാന്‍." .

കേട്ടതെല്ലാം അപ്പോള്‍ ശരിയാണു.ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ അവന്റെ സമനില തെറ്റിച്ചിരിക്കുന്നു.അവിടെ നിന്നു രക്ഷപ്പെടാനാണു പെട്ടന്നു തോന്നിയത്‌.പക്ഷേ പണ്ടു ഒരുമിച്ച്‌ ചിലവഴിച്ച സൗഹ്രദത്തിന്റെ നിമിഷങ്ങള്‍ എന്നെ അതിനു അനുവദിച്ചില്ല.

"Its Ok Soloman,എല്ലാം ശരിയാകും.നിനക്കു ഒരു പ്രശ്നവുമില്ല".ഞാന്‍ പറഞ്ഞു

"എന്നെ ഒന്നു വിശ്വസിക്കൂ,നിങ്ങള്‍ വിചാരിക്കുന്നതു പോലെ സമനില തെറ്റിയ സോളമന്‍ അല്ല ഞാന്‍.ഞാന്‍ അവന്റെ മനസ്സാണു.ഇവിടെ നിന്നു അവന്റെ ശരീരം പോയാലും,അവനെ എന്നെ ഇവിടെ ഇട്ടിരിക്കുകയാണു.ആരെങ്കിലും അവനെ അതൊന്നു പറഞ്ഞു മനസ്സിലാക്കൂ.ഞാനില്ലാതെ അവനില്ല.അവന്റെ ഭാര്യ,സുഹൃത്തുകള്‍,ബന്ധുകള്‍ എല്ലാവരും അവനെ ഇന്നു വെറുക്കുന്നു,ഉപേക്ഷിക്കുന്നു.കാരണം അവരെയൊക്കെ തിരിച്ചറിയാന്‍,അവരെ സ്നേഹിക്കാന്‍ അവനു സാധിച്ചിരുന്നത്‌ എന്നിലൂടെയാണു.എന്നെ ഇവിടെ തളച്ചിട്ട അന്നു മുതല്‍ അവന്‍ തലച്ചോറു കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം മാത്രമാണു,ചിന്തയും വികാരങ്ങളും ഇല്ലാത്ത,Techie എന്നു നിങ്ങള്‍ വിളിക്കുന്ന വെറുമൊരു യന്ത്രം.നിങ്ങള്‍ ഒരു കാലത്ത്‌ അവന്റെ സുഹൃത്തായിരുന്നില്ലെ? അവനെ ഒന്നു കാണൂ,സംസാരിക്കൂ,എന്നെ ഇവിടെ നിന്ന് അവനൊപ്പം കൊണ്ടു പോകാന്‍ പറയൂ..പ്ലീസ്‌..പ്ലീസ്‌..ഹെല്‍പ്‌ മീ !!!" . തരിച്ചിരുന്ന എന്റെ മുഖത്ത്‌ നോക്കി ആ രൂപം അലറി.പേടിച്ചരണ്ട ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കണ്ണു തുറക്കുമ്പോള്‍,ഞാന്‍ ആ വിംഗില്‍ തന്നെയാണു.പക്ഷേ അവിടെ വെളിച്ചമില്ല,സോളമന്റെ രൂപവുമില്ല.എല്ലാം ഒരു തോന്നല്‍ മാത്രമാണെന്നു സ്വയം ആശ്വസിച്ച്‌,ഞാന്‍ എന്റെ വിംഗിലേയ്ക്ക്‌ നടന്നു.തോന്നലാണെങ്കിലും ആ കേട്ടതില്‍ ഒരു സത്യമില്ലേ എന്ന സംശയം എന്നെ അലട്ടി കൊണ്ടിരുന്നു.സോളമന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍..?? ഇങ്ങനെ പലതും ചിന്തിച്ചു കൊണ്ട്‌ ഞാന്‍ എന്റെ വിംഗിന്റെ വാതില്‍ തുറന്നു അകത്തേയ്ക്ക്‌ ഹൃദയമിടിപ്പ്‌ നിശ്ചലമായി പോകുന്ന മറ്റൊരു കാഴച്ച എന്നെ കാത്തു അവിടെയുണ്ടായിരുന്നു,എന്റെ സീറ്റില്‍,എന്റെ മെഷിനിന്റെ മുന്നില്‍ ഇരുന്ന് ജോലിയെടുക്കുന്ന മറ്റൊരു ഞാന്‍ !!! എന്റെ മനസ്സിനെ ആ ക്യുബിക്കിളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ തളച്ചിട്ട്‌ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞത്‌ ഞെട്ടലോടെയാണു.ആ വിംഗിന്റെ പല കോണുകളിലും സ്ക്രീനിലേയ്ക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന അവ്യക്തമായ രൂപങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു.

ഒരു ബ്ലാക്ക്‌ ഔട്ട്‌.എല്ലാം പഴയതു പോലെ തന്നെ.വിജനമായ വിംഗില്‍ ഞാന്‍ മാത്രം,എന്റെ സീറ്റ്‌ കാലിയാണ്‌.ഞാന്‍ അവിടെ ചെന്നിരുന്നു,സ്ക്രീനില്‍ ഒരു Reminder തെളിഞ്ഞു വന്നിരിക്കുന്നു.

3 Hour Status Update-Now

ഞാന്‍ പുതിയ മെയില്‍ തുറന്നു.അതില്‍ ഇങ്ങനെയെഴുതി

I QUIT !!!

Send ബട്ടണില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ അന്നു വരെ അനുഭവിക്കാതെ ഒരു ശാന്തത. ഞാന്‍ ഇറങ്ങി അവിടെ നിന്ന്,എന്റെ ജീവിതത്തിലേയ്ക്ക്‌,എന്റെ സ്വപ്നങ്ങളിലേയ്ക്ക്‌.ആ യാത്രയില്‍ എനിക്കൊപ്പം എനിക്കു കൂട്ടായി,പ്രചോദനമായി,എന്റെ മനസ്സും...

Friday, May 6, 2011

ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും

ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്നതുമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ മാനേജിംഗ്‌ ഡയറക്ടറും,കൈരളി ടിവിയുടെ ചീഫ്‌ എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്‌ രാജി വച്ചു / രാജിയ്ക്കൊരുങ്ങുന്നു എന്നൊക്കെയായിരുന്നു ആ വാര്‍ത്തകള്‍.ഏറ്റവുമധികം വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന ചാനല്‍ വ്യവസായവും.അതു കൊണ്ടു തന്നെ ഒരോ ദിവസവും പുതിയ ചാനലുകള്‍ ഉണ്ടായിക്കൊണ്ടുമിരിക്കുന്ന നമ്മുടെ നാട്ടില്‍ അത്‌ വലിയൊരു വാര്‍ത്തയാകേണ്ടതല്ല.കാരണം,കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക്‌ തന്നെ ഒരുപാട്‌ വ്യക്തികള്‍,ഒരുപാട്‌ മുഖങ്ങള്‍ ചാനലുകളില്‍ മാറി മാറി വരുന്ന കാഴച്ച നാം കണ്ടു കഴിഞ്ഞതാണു.പക്ഷേ ബ്രിട്ടാസിന്റെ രാജി കുറച്ചു കൂടി ശ്രദ്ധ പിടിച്ചു പറ്റി.കാരണങ്ങള്‍ പലതാണു,കഴിഞ്ഞ എട്ടു വര്‍ഷകാലങ്ങളായി കൈരളിയുടെ മുഖമാണു ബ്രിട്ടാസ്‌,സി.പി.ഐ(എം) പ്രൊമോട്ട്‌ ചെയ്യുന്ന ഒരു ചാനാലാണു കൈരളി,വിഭാഗീയത എന്ന കാന്‍സര്‍ ബാധിച്ച്‌ പാര്‍ട്ടി ഏറ്റവും തളര്‍ന്നിരിക്കുന്ന സമയം,ഇതൊക്കെയായിരിക്കാണം ആ കാരണങ്ങള്‍.ഊഹാപോഹങ്ങള്‍ ഒരുപാട്‌ വന്നു പോയി.ബ്രിട്ടാസ്‌ മാറുന്നത്‌ നികേഷിനൊപ്പം പുതിയ ചാനലിലേയ്ക്ക്‌,റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിലേയ്ക്ക്‌ എന്നിങ്ങനെ 1000 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പുതിയ ചാനലിന്റെ തലപ്പതേയ്ക്കാണു ബ്രിട്ടാസ്‌ പോകുന്നത്‌ എന്നു വരെയെത്തി ഊഹങ്ങളും വാര്‍ത്തകളും.ആദ്യ വാര്‍ത്ത വന്നു ഏകദേശം ഒരാഴച്ചയ്ക്കുള്ളില്‍ തന്നെ കാര്യങ്ങളുടെ വ്യക്തമായ ചിത്രം പുറത്തു വന്നു.ബ്രിട്ടാസ്‌ കൈരളിയില്‍ നിന്നു രാജി വച്ചു,കൈരളിയുടെ തലപ്പത്ത്‌ പുതിയ സാരഥികളെത്തി,മലയാള മാദ്ധ്യമലോകം ഒരിക്കലും കണ്ടിട്ടില്ലത്തതു പോലെയുള്ള ഹൃദ്യവും വികാരനിര്‍ഭരവുമായ ഒരു യാത്രയപ്പും ബ്രിട്ടസിനു കൈരളി നല്‍കി.അടുത്ത ദിവസങ്ങളില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ സൗത്ത്‌ ഇന്ത്യ ബിസിനസ്സ്‌ ഹെഡ്‌ ആയി ബ്രിട്ടാസ്‌ ചുമതലയേല്‍ക്കുകയും ചെയ്തു.കേരളത്തില്‍ നിന്നുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വപ്നതുല്യമായ ഒരു അംഗീകാരം.ബ്രിട്ടാസിന്റെ കഴിവുകളെ അടുത്തറിയാവുന്നവര്‍ പറയുന്നതു പോലെ,അര്‍ഹിക്കുന്ന സ്ഥാനത്തേയ്ക്ക്‌ തന്നെയാണു ബ്രിട്ടാസ്‌ പോയത്‌.കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിച്ചിരിക്കുന്ന സമയത്താണു ബഹു.മുഖ്യമന്ത്രി ശ്രീ.വി.എസ്‌.അച്യുതനാന്ദനോട്‌ മാദ്ധ്യമപ്രവര്‍ത്തകര്‍ ഈ കാര്യത്തെ കുറിച്ചു ചോദിക്കുന്നതു.ബ്രിട്ടാസിനെതിരെയും ബ്രിട്ടാസിന്റെ തീരുമാനത്തിനെതിരെയും നിശിതമായ വിമര്‍ശനങ്ങളായിരുന്നു ശ്രീ വി.എസ്‌ തൊടുത്തു വിട്ടത്‌.വി.എസിനെ സംബന്ധിച്ചിടത്തോളം സ്വഭാവികമായ ഒരു പ്രതികരണം തന്നെയായിരുന്നു അത്‌.കാരണം രണ്ടാണു,തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു എന്നു വി.എസ്‌ തെറ്റിദ്ധരിക്കുന്നവരെ സമൂഹത്തില്‍ താറടിച്ചു കാണിക്കുക എന്നും,അവരുടെ പ്രവര്‍ത്തികളെ തികച്ചും നിലവാരം കുറഞ്ഞ ഭാഷ കൊണ്ട്‌ വിമര്‍ശിക്കുക എന്നതു അദ്ദേഹം പതിവായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണു.മറ്റൊരു കാരണം പാര്‍ട്ടിയുടെ അപചയത്തിനു തന്നെ കാരണമായി കൊണ്ടിരിക്കുന്ന വിഭാഗീയത ഒന്നു കൂടി ഊട്ടിയുറപ്പിച്ച്‌ തന്റെ സ്ഥാനം കുറച്ചു കൂടി ബലപ്പെടുത്താന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം,സാധാരണ ഭാഷയില്‍ "പുര കത്തുമ്പോള്‍ വാഴ വെട്ടുക" എന്നതു തന്നെ.ബ്രിട്ടാസ്‌ എന്ന സാധരണ ജേര്‍ണ്ണലിസ്റ്റില്‍ നിന്നും ഇന്നത്തെ അവസ്ഥയിലേയ്ക്കുള്ള ബ്രിട്ടാസിന്റെ വളര്‍ച്ചയിലും,നഷ്ടത്തിലായിരുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ നേടിയ വളര്‍ച്ചയിലും അസ്വസ്ഥരായ്‌ ചില മാദ്ധ്യമസ്ഥാപനങ്ങളും,മാദ്ധ്യമപ്രവര്‍ത്തകരും ഈ സംഭവങ്ങള്‍ക്ക്‌ അല്‍പം എരിവു പകരുകയും ചെയ്തു.പക്ഷേ ഇത്രയേറെ വിമര്‍ശിക്കപ്പെടേണ്ട ഒരു വ്യക്തിയാണോ ബ്രിട്ടാസ്‌ എന്നതും,ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടേണ്ട ഒരു സംഭവമാണോ ഇത്‌ എന്നും,ഒരു പ്രൊഫഷണലിന്റെ കരിയറിലെ മാറ്റങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു


ആരാണ്‌ ജോണ്‍ ബ്രിട്ടാസ്‌ ?



കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട്‌ തികച്ചും സാധരണമായ ബാല്യം.കോളേജ്‌ വിദ്യഭ്യാസ കാലത്ത്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ്‌ മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്‌.ആദ്യം ദേശാഭിമാനി ഡല്‍ ഹി ബ്യൂറോയില്‍,പിന്നീട്‌ കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ്‌ മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്‌.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക്‌ വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ്‌ തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ്‌ ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ്‌ ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ്‌ ബ്രിട്ടാസിനെ തേടിയെത്തിയത്‌.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറായി ബ്രിട്ടാസ്‌ ചുമതലയേറ്റു.പിന്നിടങ്ങോട്ട്‌ നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ്‌ അവതരിപ്പിച്ചിരുന്ന ക്രോസ്‌ ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്‌,ചരിത്രമുറങ്ങുന്ന പാളയത്ത്‌ കൈരളിയ്ക്ക്‌ മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ്‌ അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ്‌ പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട്‌ അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ്‌ കൈരളി വിടുന്നത്‌.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്‌.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ്‌ എന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ്‌ ഒരു ഇടതു പക്ഷ സഹയാത്രികന്‍ ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച്‌ ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച്‌ തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ്‌ ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്‌,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത്‌ പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക്‌ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്‌.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും

വി.എസ്‌ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറിനെ ബ്രിട്ടാസ്‌ അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ്‌ വി.എസിനു അനഭിമതനാകുന്നത്‌.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്‍" എന്നാണു ശ്രീ.വി.എസ്‌ , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്‌.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ്‌ ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ്‌ അന്ന് ഫാരിസിനോട്‌ ചോദിച്ചത്‌.ഫാരിസ്‌ മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ്‌ അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള്‍ രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്‌,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ്‌ ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച്‌ അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ്‌ നടത്തിയത്‌ എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ്‌ ഇന്ത്യാവിഷന്‍ ചാനലിലെ ന്യൂസ്‌ നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട്‌ കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ്‌ ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ്‌ എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ്‌ ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ്‌ വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത്‌ എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ്‌ ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ്‌ മറന്നതാകും.തോമസ്‌ ഐസക്ക്‌ ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ്‌ ഐസക്കിനെ സി.ഐ.എ ചാരന്‍ എന്നു വിശേഷിപ്പിച്ചത്‌ അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്‌.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ്‌ തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്‌.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ്‌ കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ്‌ ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത്‌ ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും‌.ഏല്‍പിച്ച്‌ ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ്‌ വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?

കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും

കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്‌.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത്‌ ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക്‌ അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ്‌ വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ്‌ അനുവാദം നല്‍കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ്‌ രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ്‌ ഹെഡ്‌ ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.


പുതിയ തസ്തികയില്‍ ബ്രിട്ടാസ്‌ ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്‌.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്‌,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട്‌ പോകേണ്ടത്‌.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക്‌ വെറുതെ വിടാം.എല്ലാവര്‍ക്കും ശുഭാശംസകള്‍ നേരാം.

Saturday, December 4, 2010

അവസാനിക്കുന്ന അവധിക്കാലം...

"അപ്പായിയേ...നാളെ പോണ്ടാ..."

പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വിടുമ്പോള്‍ 2 വയസ്സായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ വയസ്സ്‌ ഏഴ്‌.ഓര്‍മ്മ വയ്ക്കും മുന്‍പിറങ്ങിയ പോയ അച്ഛനെ പക്ഷേ അവള്‍ വെറുത്തില്ല.എന്നും കാണുന്ന അച്ഛനോടെന്ന പോലെ വാതോരാതെ അവള്‍ സംസാരിച്ചു,വാശി പിടിച്ചു,പിണങ്ങി,കരഞ്ഞു,ചിരിച്ചു.അമ്മ പഠിപ്പിച്ചതു പോലെ കൊഞ്ചലോടെ അപ്പായിയേ എന്നു വിളിച്ചു.വല്ലപ്പോഴും കിട്ടിയിരുന്ന പൊട്ടിച്ച കത്തുകളിലെ വാക്കുകളില്‍ നിന്നു മനസ്സില്‍ കോറിയിട്ടിരുന്ന രൂപത്തേക്കാള്‍ സുന്ദരിയായിരുന്നു എന്റെ ചിന്നു മോള്‍.മനസ്സു നിറയെ അവളുടെ അമ്മയെ പോലെ നന്മയും.

"അപ്പായിയേ,എന്നാ ഒന്നും മിണ്ടാത്തേ.."

ഇത്തവണയും തിരിച്ചു പറയാന്‍ ഒന്നുമില്ലായിരുന്നു,മൗനമല്ലാതെ.നാളെ എന്നല്ല ഒരിക്കലും തിരിച്ചു പോകണമെന്നില്ല മനസ്സില്‍.പക്ഷേ ആവേശത്തിന്റെ പുറത്ത്‌ ചെയ്തു പോകുന്ന കാര്യങ്ങള്‍ എളുപ്പം തിരുത്താന്‍ കഴിയില്ലല്ലോ.

"പോകണം മോളേ.അപ്പായി നാളെ തിരിച്ചു ചെന്നില്ലേല്‍,അപ്പായിനെ ജോലി സ്ഥലത്ത്‌ അന്വേഷിക്കും.എന്നാ തിരിച്ചു വരാത്തെ എന്നു ചോദിച്ച്‌ വഴക്ക്‌ പറയും.അതു കൊണ്ട്‌ അപ്പായി നാളെ പോയേച്ചു വേഗം വരാം"
.വേഗം വരാമെന്നു പറഞ്ഞത്‌ നുണയാണെങ്കിലും,അവളുടെ മുഖം കണ്ടപ്പോള്‍ അങ്ങനെ പറയനാണു തോന്നിയത്‌.

"എന്നാ,ഞാനും അമ്മേം വരാം അപ്പായിടെ ജോലി സ്ഥലത്തേയ്ക്ക്‌.എന്റെ ക്ലാസ്സിലെ ലൗലിമോളും അമ്മേം എല്ലാ അവധിയ്ക്കും അവള്‍ടെ അപ്പായിയുടെ കമ്പനി ഇരിക്കണ സ്ഥലത്ത്‌ പോകൂലോ..ചിന്നു മാത്രം എങ്ങും പോവൂലാ,ചിന്നൂനെ ആരും കൊണ്ടു പോകൂലാ.."

"അയ്യോ മോളേ,അപ്പായി പോകുന്ന സ്ഥലം ഒരുപാട്‌ ദൂരേയാ.പിന്നെ ചിന്നും അമ്മേം വന്നാല്‍ താമസിക്കാനുള്ള സ്ഥലമൊന്നും അപ്പായിയുടെ ജോലി സ്ഥലത്തില്ല.ഒരു കുഞ്ഞു മുറിയിലാ അപ്പായി താമസിക്കണ.ആ മുറിയില്‍ തന്നെ വേറെ രണ്ടു മാമന്മാരും ഉണ്ട്‌.അടുത്ത അവധിയ്കും അപ്പായി വന്നു ചിന്നു മോളെ കുറേ സ്ഥലത്തൊക്കെ കൊണ്ടു പോകാം."

"കടലു കാണിക്കാന്‍ കൊണ്ടോകാമോ??"
.കൊണ്ടു പോകാമെന്നു പറഞ്ഞപ്പോള്‍ അവള്‍ വീണ്ടും ചിരിച്ചു.ഒപ്പം കാണണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റും.കപ്പല്‍ കാണിക്കണം,വിമാനത്താവളം കാണണം.ബിരിയാണി കഴിക്കണം.ഐസ്ക്രീം വേണം.നിര്‍ത്താതെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.ഒരോ അവധിക്കാലം കഴിഞ്ഞു വരുമ്പോഴും ഒപ്പം പഠിക്കുന്നവര്‍ പറഞ്ഞു കൊടുത്ത്‌ കൊതിപ്പിച്ചതാകാണം...പാവം.വെറുതെ മോഹിപ്പിക്കുകയാണു എന്നറിയാമെങ്കിലും,അവളുടെ സന്തോഷം കാണാന്‍ ഇതെല്ലാം അടുത്ത അവധിക്കാലത്തു സാധിച്ചു കൊടുക്കാമെന്നു അറിഞ്ഞു കൊണ്ടു കള്ളം പറഞ്ഞു.

"അപ്പായിയേ..."
എന്നു വിളിച്ചു ഒരുപിടി ചോദ്യങ്ങള്‍ ചോദിച്ചു അവള്‍ എപ്പോഴോ ഉറങ്ങി.അവളെ ഒരരികിലേയ്ക്ക്‌ കിടത്തി ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേയ്ക്കു പോയി.നാളെ പോകുമ്പോള്‍ തന്നു വിടാന്‍ വേണ്ടി മിനി എന്തൊക്കെയോ ഉണ്ടാകുന്നുണ്ട്‌.താമസസ്ഥലത്തിന്റെ അകത്തേയ്ക്ക്‌ പോലും അതൊന്നും കയറ്റി വിടാന്‍ സാദ്ധ്യതയില്ല.പക്ഷേ വേണ്ടാ എന്നു പറയാന്‍ തോന്നിയില്ല.എന്തെങ്കിലും ഒരു സന്തോഷം അവള്‍ക്കിതു കൊണ്ട്‌ കിട്ടുന്നെങ്കില്‍ ഞാനായിട്ട്‌ കളയണ്ട എന്നു കരുതി.വിശ്വസിച്ച്‌ ഇറങ്ങി വന്ന കാലം മുതല്‍ എനിക്കതു കൊടുക്കാന്‍ സാധിച്ചിട്ടില്ല.മുഖവും കൈയ്യുമൊക്കെ കരുവാളിച്ചു പാവത്തിന്റെ.ഞാനില്ലാതെ,ഒറ്റയ്ക്ക്‌ മോളെ വളര്‍ത്താന്‍ പാടു പെടുന്നതിന്റെ ശേഷിപ്പ്‌.ഒരിക്കലും കുടപ്പെടുത്തിയിട്ടില്ല അവളെന്നെ,ഒറ്റയ്ക്കാകിയതിനോ,വീട്ടില്‍ വരാത്തതിനോ,വിട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞോ,ഒന്നും.ഞാന്‍ ഒരിക്കലും കാണിക്കാത്ത കരുണ എന്നോടു കാണിക്കുന്നവരില്‍ ഒരാള്‍ കൂടി.

"അതിരാവിലെ പോകണോ..കഞ്ഞി കുടിച്ചിട്ട്‌ പോയാല്‍ പോരേ..."
.നാരങ്ങാ അച്ചാര്‍ കുപ്പിയില്‍ ആക്കികൊണ്ട്‌ അവള്‍ ചോദിച്ചു.

"വേണ്ടാ..രാവിലെ പോകണം.ആദ്യത്തെ ബസ്സ്‌ തന്നെ പിടിക്കണം."

അവള്‍ മറുത്തൊന്നും പറഞ്ഞില്ല,വേറൊന്നും ചോദിച്ചുമില്ല.വാക്കുകള്‍ക്ക്‌ വല്ലാത്ത ദാരിദ്യം തോന്നിയതു കൊണ്ട്‌,ഞാന്‍ അവിടെ നിന്നു പോയി കിടന്നു.പക്ഷേ ഉറങ്ങാന്‍ കഴിയുന്നില്ല.നന്നേ വൈകി അവളും വന്നു കിടന്നു ഒരരികില്‍.

"ഉറങ്ങിയില്ലേ..?"


ഞാന്‍ പതിയെ ഒന്നു മൂളി.

"എല്ലാം എടുത്തു വച്ചിട്ടുണ്ട്‌.ഇനി എന്നെങ്കിലും വേണോ?"

"ഒന്നും വേണ്ടാ,നീ ഉറങ്ങിക്കോ"

"എനിക്കും ഉറക്കം വരണില്ല.ഇനി എന്നാ വരുന്നേ ?"


അവളാ ചോദ്യം ചോദിക്കല്ലേ എന്നു എന്തു കൊണ്ടോ മനസ്സ്‌ ആഗ്രഹിച്ചിരുന്നു.പക്ഷേ..

"അറിയില്ല,മുകളില്‍ ഉള്ളവര്‍ തീരുമാനിക്കുമ്പോള്‍,എല്ലെങ്കില്‍ എല്ലാം തീര്‍ത്ത്‌ ഒരു ദിവസം"

"പോകാതിരുന്നു കൂടേ..."
എല്ലാം അറിയാമെങ്കിലും,ഒരു സാധാരണ ഭാര്യയെ പോലെ അവള്‍ ചോദിച്ചു

ഒന്നും ഞാന്‍ പറഞ്ഞില്ല,അവളും.ഇടയ്ക്കെപ്പോഴോ അടക്കി പിടിച്ച തേങ്ങലുകള്‍ മാത്രം കേട്ടു.

ഉറങ്ങാതിരുന്നതു കൊണ്ട്‌,ഇറങ്ങേണ്ട സമയത്തിനും ഒരുപാട്‌ മുന്‍പ്‌ ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റു.മോളെ ഉണര്‍ത്താമെന്നു അവള്‍ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.പുറത്തു നല്ല മഴ പെയ്യുന്നുണ്ട്‌.വേണ്ടെന്നു പറഞ്ഞെങ്കിലും അവള്‍ ഒരു കട്ടന്‍ കാപ്പി ഇട്ടു തന്നു.അതും കുടിച്ച്‌,അവള്‍ നീട്ടിയ ബാഗും പിടിച്ച്‌,ഞാന്‍ ഉമ്മറത്തേയ്ക്ക്‌ ഇറങ്ങി.

"ഇറങ്ങട്ടെ."

മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ല,ഒന്നു കരഞ്ഞില്ല.പതിയെ ഒന്നു മൂളി.പറയാന്‍ എന്തൊക്കെയോ ബാക്കി നിര്‍ത്തി കൊണ്ട്‌ ഞാന്‍ ആ മഴയത്തേയ്ക്ക്‌ ഇറങ്ങി.മുറ്റത്തിന്റെ പടി കടക്കുമ്പോള്‍,അറിയാതെ മനസ്സ്‌ ഒന്നു പിടച്ചു,പോകാതിരുന്നാലോ??.പക്ഷേ,ഞാന്‍ എന്ന കുറ്റവാളിയ്ക്കു അനുവദിച്ചിരുന്ന പതിനഞ്ചു ദിവസത്തെ പരോള്‍ ഇന്നവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ശക്തിയായി പടിയ്ക്കു പുറത്തേയ്ക്കു തള്ളി.തിരിഞ്ഞു നോക്കാതെ മുന്നോട്ട്‌ നടക്കുകയേ എനിക്കു നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.ഞാന്‍ നടന്നു,അടുത്ത പരോള്‍ മനസ്സില്‍ കണ്ടു കൊണ്ട്‌.

Saturday, June 19, 2010

വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......

ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ്ട്‌.പഠനം കഴിഞ്ഞുള്ള ആദ്യ ഒത്തു ചേരല്‍,അവസാന പരീക്ഷയും കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷമുള്ള ഒരു നനുത്ത ഡിസംബറില്‍,ഞങ്ങള്‍ അന്‍പതിയൊന്‍പതു പേരും ഒരുമിച്ചു കൂടിയിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍,പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കാന്‍,സൗഹൃദങ്ങള്‍ ഒരാഘോഷമാക്കാന്‍.പിന്നീടെല്ലാ വര്‍ഷവും ഒരുമിച്ചു കൂടണം എന്ന തീരുമാനവുമായി ആണു അന്നു പിരിഞ്ഞത്‌,പക്ഷേ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണു അതിനുള്ള ഒരവസരം ഒത്തു വന്നത്‌.വിദ്യാര്‍ത്ഥിയില്‍ നിന്നും,കുറച്ചു കൂടി ഉത്തരവാദിതങ്ങളിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ എല്ലാവരും തിരക്കുകളുടെ ലോകത്തായി,അല്ലെങ്കില്‍ ലോകം അവരിലേയ്ക്കും അവരുടെ കുടുംബങ്ങളിലേയ്ക്കും മാത്രമായി ഒതുങ്ങി.പക്ഷേ,എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും,കാരണങ്ങളുണ്ടെങ്കിലും,ഇന്നിവിടെ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല,എനിക്കെന്നല്ല,ഞങ്ങളാര്‍ക്കും...ഞാനും എന്റെ സുഹൃത്തുകളും,എന്റെ ബാച്ചും,ഇന്നു ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.എനിക്കു മുന്‍പേ കടന്നു പോയവരുടേയും,എനിക്കൊപ്പമുണ്ടായിരുന്നവരുടേയും,എനിക്കു ശേഷം വന്നവരുടേയും,വന്നു കൊണ്ടിരിക്കുന്നവരുടേയും ഓര്‍മ്മകളില്‍ I.T 2009 എന്ന ബാച്ച്‌ ഇനി എന്നും ജീവിക്കും.പിന്നെങ്ങെനെ എനിക്കു വരാതിരിക്കാന്‍ കഴിയും.

എ ബ്ലോക്കിലേയ്ക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍,ഞാന്‍ ആ വലിയ ക്ലോക്കിലേയ്ക്കു നോക്കി,സമയം ഒന്‍പതാകുന്നു.പത്തരയ്ക്കാണു ചടങ്ങുകള്‍ ആരംഭിക്കുക.ക്യാമ്പസ്‌ വിജനമാണു.പത്തു മണിയെങ്കിലും ആകാതെ ആരും വരില്ലെന്നു അറിയാമായിരുന്നു.ഒറ്റയ്ക്കു വീണ്ടും ഒരു ക്യാമ്പസ്‌ ടൂര്‍ നടത്താന്‍ വേണ്ടി തന്നെയാണു നേരത്തെ എത്തിയത്‌.

"ചേട്ടാ,ഒന്നു മാറിക്കേ,ക്ലാസിപ്പോ തുടങ്ങും" ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍,ഒരു പയ്യന്‍സ്‌ കോളേജ്‌ യൂണിഫോമില്‍,ഓടി നടകള്‍ കയറുന്നു.

പക്ഷേ,അവന്‍ അടുത്തു വന്നപ്പോള്‍,ഞാന്‍ കണ്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എന്നെയാണു.എന്നെ നോക്കി ചിരിച്ചു കൊണ്ട്‌,അവന്‍,അല്ലാ,പഴയ ഞാന്‍,ആ കെട്ടിടത്തിനുള്ളിലേയ്ക്ക്‌ മറഞ്ഞു.കൃത്യം ഒന്‍പതു മണി കഴിഞ്ഞു മാത്രം ക്ലാസിലെത്തികൊണ്ടിരുന്ന ഞാന്‍.മനസ്സ്‌ ഓര്‍മ്മകളിലാണു,ആ ഓര്‍മ്മകളുടെ ഉണ്ടാക്കിയ ഒരു രൂപാമായിരുന്നു ഇപ്പോല്‍ കണ്മുന്നിലൂടെ നടന്നു നീങ്ങിയത്‌.പടികള്‍ കയറി എ ബ്ലോക്കില്‍ എത്തിയപ്പോഴേക്കും ക്ഷീണിച്ചു.അവിടെ ഇപ്പോഴും ഉണ്ട്‌ ഒരു ബ്ലൂസ്റ്റാര്‍ വാട്ടര്‍ കൂളര്‍,പുതുതായി ഉള്ളത്‌ വെള്ളം പാഴാക്കരുതെന്ന ഒരു അറിയിപ്പ്‌ മാത്രം.ആ കൂളറിനും പറയുനുണ്ടാകും,ഒരുപാട്‌ കഥകള്‍,ഓര്‍മ്മകള്‍.ഒരോ അവര്‍ കഴിഞ്ഞും,ബെല്ലടിക്കുമ്പോള്‍,ഒട്ടും ദാഹമില്ലെങ്കിലും,ക്ലാസ്‌ മുഴുവന്‍ ഒരു പ്രദക്ഷിണം പോലെ കൂളറിന്റെ അരികിലേയ്ക്ക്‌ നടക്കുന്നത്‌,ആകെയുള്ള രണ്ടു ഗ്ലാസുകള്‍ കൊണ്ട്‌,സമയമെടുത്ത്‌ എല്ലാവരും വെള്ളം കുടിക്കുന്നത്‌,അടുത്ത അവര്‍ എടുക്കുന്ന ടീച്ചര്‍ വന്ന് കന്നുകാലികളെ മേയ്ക്കുന്നതു പോലെ ഞങ്ങളെ ക്ലാസ്സിലേയ്ക്ക്‌ ഓടിക്കുന്നത്‌.ആ ഒരു രംഗം ഓര്‍ത്ത്‌ ഞാനുറക്കെ ചിരിച്ചു.ആരുമില്ലെങ്കിലും,ആരോ കൂടെ ചിരിച്ചതു പോലെ,ഒഴിഞ്ഞ ക്യാമ്പസിന്റെ ഭിത്തികളില്‍ തട്ടി അതു പ്രതിധ്വനിച്ചു.

ഇടനാഴികളിലൂടെ ഞാന്‍ നടന്നു നീങ്ങി.ആളും അരങ്ങുമില്ലെങ്കിലും,കണ്മുന്നില്‍ തെളിഞ്ഞു വന്നത്‌ ഞാനും എനിക്കൊപ്പമുള്ളവരുമാണു.പൊട്ടിചിരികള്‍,തേങ്ങലുകള്‍,വെട്ടി തിരിഞ്ഞുള്ള നോട്ടങ്ങള്‍,അടക്കിയ പുഞ്ചിരികള്‍,സൗഹൃദങ്ങള്‍,പ്രണയങ്ങള്‍,ഒളികണ്ണേറുകള്‍,എല്ലാം നിറഞ്ഞു നിന്ന ഇടനാഴികള്‍,പഠിക്കുന്ന കാലത്തും ആ നീണ്ട വരാന്തങ്ങളോട്‌ അടങ്ങാത്ത ഒരാവേശമായിരുന്നു.ഒരുപാട്‌ പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ വച്ചതും,ഉയരത്തില്‍ പറക്കാന്‍ ആഗ്രഹിച്ചവര്‍ എരിഞ്ഞൊടുങ്ങിയതും,പ്രതീക്ഷകള്‍ പങ്കു വച്ചതും നഷ്ടങ്ങള്‍ മനസ്സു കൊണ്ട്‌ കരഞ്ഞു തീര്‍ത്തതുമായ ഇടനാഴി.പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും മുന്‍പായിരുന്നു ഈ വരാന്തകള്‍ സജീവമായത്‌.ഒരു കുന്നു ഫോട്ടോകോപ്പികളുടെ നടുവില്‍,ഭാരമുള്ള പുസ്തകകളുമായി,അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍,യുദ്ധതന്ത്രങ്ങള്‍ ഉറപ്പിക്കുന്ന ഒരു യുദ്ധമുറി പോലെ ആയ്‌ ഇടനാഴി.ഈ ഇടനാഴിയുടെ ഒരരികിലായിരുന്നു എന്റെ ക്ലാസ്‌ മുറിയും.ഞാന്‍ അതിന്റെ വാതില്‍ക്കലേയ്ക്ക്‌ നടന്നു.പ്രതീക്ഷിച്ചതു പോലെ അതു പൂട്ടി കിടന്നിരുന്നി.ബ്രൗണ്‍ ചായം പൂശിയ ആ വാതിലിലൂടെ പക്ഷേ എനിക്കാ ക്ലാസ്‌ മുറിയുടെ ഉള്‍വശം കാണാമായിരുന്നു.ഓര്‍മ്മകള്‍ ഒരുക്കിയ മറ്റൊരു ഇന്ദ്രജാലം.ശരീരം പുറത്തും,മനസ്സ്‌ അകത്തുമായി,ഞാന്‍ ആ ക്ലാസ്‌ മുറിയിലൂടെ നടന്നു.ഒന്നും മാറിയിട്ടില്ല അവിടെ.എല്ലാം പഴയതു പോലെ തന്നെ.ഡസ്കുകളില്‍ ഞങ്ങള്‍ കോറിയിട്ട വാക്കുകള്‍ മായാതെ അവിടെ കിടന്നിരുന്നതു കണ്ടപ്പോള്‍ ഒരു സന്തോഷം.എന്റെയും ഒപ്പമുള്ളവരുടേയും പേരുകള്‍,ശരിയായതും വിളിച്ചു കൊണ്ടിരുന്നതും..ഒരു ഡസ്കില്‍ കണ്ടത്‌,വൈറ്റ്‌ മാര്‍ക്കര്‍ കൊണ്ടുള്ള ഒരു വാചകം."സാഗര്‍ എന്ന മിത്രത്തെയേ നിനക്കറിയൂ,ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല." താരാരാധനയുടെ പാരമ്യത്തില്‍ ആ വാക്കുകള്‍ അവിടെ കോറിയിട്ടത്‌,സാന്റിയോ സിപിയോ അങ്കുവോ.പഠിക്കുന്ന കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിലെ സംഭാഷണം.ഞാന്‍ എന്റെ സ്വന്തം ബാക്ക്‌ ബഞ്ചിലേയ്ക്ക്‌ അരികിലേയ്ക്കു നടന്നു.ഭാഗ്യം ആ ഡസ്ക്‌ തന്നെയാണു.ഇപ്പോഴുമുണ്ട്‌,എന്റെയും എന്റെ ബെഞ്ച്‌ മേറ്റിന്റേയും പേര്‌.ഒട്ടും മായാതെ,തെളിഞ്ഞു തന്നെ.അവിടെയിരുന്ന് ഒപ്പിച്ചു കൂട്ടിയ കുസൃതികള്‍ക്കു കണക്കില്ല.സന്ദേശങ്ങള്‍ എഴുതിയ തുണ്ടുപേപ്പറുകള്‍,സഹപാഠികളെ നായകരാക്കി എഴുതിയ കഥകള്‍,കവിതകള്‍,പലപ്പോഴും ശബ്ദം കൂടി പോയ കമന്റുകള്‍...Truly,heaven was here...

കോളേജ്‌ കെട്ടിടത്തിന്റെ മുകളിലുള്ള ആ വലിയ ക്ലോക്ക്‌ ഉച്ചത്തില്‍ ഒരു മണി മുഴക്കി,വാച്ചില്‍ നോക്കിയപ്പോള്‍ സമയം പത്തായിരിക്കുന്നു.എല്ലാവരും വരുന്നതിനു മുന്‍പേ കോളേജ്‌ മുഴുവന്‍ കാണണം.നടത്തതിനു ഞാന്‍ വേഗത കൂട്ടി,കാലമേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്നു മറയാന്‍ കൂട്ടാക്കത്ത സ്ഥലങ്ങള്‍,മുറികള്‍,എല്ലാം ഞാന്‍ മതി വരുവോളം വീണ്ടും കണ്ടു,ഓര്‍മ്മകളുടെ കൂടുകളാണു ഒരോ സ്ഥലവും.നാലവു വര്‍ഷങ്ങളില്‍ എപ്പോഴൊക്കൊയോ എന്നൊക്കെയോ ,കോളേജിന്റെ ഒരോ മുക്കും മൂലയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പല മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു.ആദ്യ ദിവസം വന്നു കയറിയ ക്ലാസ്‌ മുറി,ആദ്യത്തെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഹാള്‍,ക്യാമ്പസ്‌ ഉന്റര്‍വ്യൂ നടന്ന സ്ഥലം,സ്റ്റഡിലീവുകള്‍ ആഘോഷിച്ച ലൈബ്രറി,ഒരു പരിപ്പുവടയില്‍ മണിക്കൂറുകള്‍ തള്ളി നീക്കിയ ക്യാന്റീന്‍,എല്ലാം ഇന്നും എന്നും എന്റെ സ്വന്തമാണെന്നൊരു തോന്നല്‍ ,അഭിമാനം,അഹങ്കാരം...

ഓഡിറ്റോറിയത്തില്‍ നിന്നും ശബ്ദങ്ങള്‍ കേട്ടു തുടങ്ങിയപ്പോഴാണു ഇന്നത്തെ ചടങ്ങിനെ കുറിച്ചോര്‍ത്തതു തന്നെ.ഓര്‍മ്മകള്‍ മികച്ച സമയം കൊല്ലികളാണു.കഴിഞ്ഞ രണ്ടു മണിക്കൂറുകള്‍ കടന്നു പോയത്‌ ഒരു പാട്‌ വേഗത്തിലാണു.പത്തേ മുക്കാലായിരിക്കുന്നു.പരിപാടി തുടങ്ങിയിരിക്കണം.ഞാന്‍ അങ്ങോട്ടേയ്ക്കു നടന്നു,മുറ്റം നിറയെ കാറുകളുണ്ട്‌,സുഹൃത്തുകളുടേയും അദ്ധ്യാപകരുടേയും.ഓര്‍മ്മ വന്നത്‌ ലാലേട്ടന്റെ ചന്ദ്രോത്സവത്തിലെ സംഭഷാണമാണു."ദൈവമേ നീ എന്റെ സുഹൃത്തുകള്‍ക്കു സമൃദ്ധിയും ഐശ്വര്യവും നല്‍കിയല്ലോ..".അകത്തു മുഴങ്ങുന്ന ശബ്ദം..ഊചിച്ചതു തെറ്റിയില്ല,കണ്ണപ്പന്റേതു തന്നെയാണു,ഇരട്ടപ്പേരാണു,ഞങ്ങളുടെ സ്വന്തം കോര്‍ഡിനേറ്ററിന്റെ.ഞാന്‍ അകത്തേയ്ക്കു കയറി,അവസാന നിരയില്‍ ഇരിപ്പുറപ്പിച്ചു,ഒപ്പം സദസ്സിലൂടെ ഒരു സ്കാനിംഗും നടത്തി.എല്ലാവരും തന്നെയുണ്ട്‌.പെണ്‍കുട്ടികളില്‍ മിക്കവരുടേയും ഒപ്പം ഭര്‍ത്താവും കുട്ടികളും.ആണ്‍കുട്ടികളു മോശക്കാരല്ല,പലരും വിവാഹിതരായിരിക്കുന്നു.നല്ല പാതികളേയും കൊണ്ടാണു അവരും വന്നിരിക്കുന്നത്‌.ഞാന്‍ മുഖങ്ങളിലൂടെ കണ്ണോടിച്ചു,ചെന്നുടക്കിയത്‌ ശ്രീലുവിന്റെ മുഖത്താണു.ഒരനിയത്തിയെ പോലെ എനിക്കൊപ്പം ഉണ്ടായിരുന്നവള്‍.അവള്‍ക്കൊപ്പവുമുണ്ട്‌,സുന്ദരനായ ഒരു ഭര്‍ത്താവും,സുന്ദരിയായ ഒരു കൊച്ചു മിടുക്കിയും.ജീവിതത്തില്‍ അവളുടെ ഏറ്റവു വലിയ മൂന്നാഗ്രഹങ്ങളായിരുന്നു,ഉറങ്ങണം,ഭക്ഷണം കഴിക്കണം,കല്യാണം കഴിക്കണം എന്നിവ.ആദ്യ രണ്ടും അന്നേ നടന്നിരുന്നു,മൂന്നാമത്തേതും സമംഗളം നടന്നിരിക്കുന്നു.അവള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍ ഞാന്‍ കൈകള്‍ വീശി കാണിച്ചു,പക്ഷേ കണ്ടില്ലെന്നു തോന്നുന്നു..ഒരുമിച്ചായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ച ചിലരെ കണ്ടത്‌ ഒരുമിച്ചല്ല.ചെറിയൊരു വിഷമം തോന്നി അവര്‍ക്കൊപ്പം അപരിചിതരെ കണ്ടപ്പോള്‍.തീര്‍ത്തും ശരിയായ കാരണങ്ങളും,ന്യായങ്ങളും ഉണ്ടാകാം,സംഭവിച്ചതിനെല്ലാം.മനസ്സ്‌ പറയുന്നത്‌,അവര്‍ക്ക്‌ ആശംസകള്‍ നേരാനാണു,എല്ലാം നന്നായി വരട്ടെ.ചെറിയൊരു സന്തോഷം തോന്നി,ജെറിനൊപ്പം അവന്റെ പഴയ കൂട്ടുകാരിയെ തന്നെ കണ്ടപ്പോള്‍ .പലരുടേയും മുഖങ്ങള്‍ കാണുമ്പോള്‍ പലതും ഓര്‍മ്മ വരുന്നു,സൌഹൃദവും,പ്രണയവും,ദേഷ്യവും,സഹതാപവും,എന്നോടു തോന്നിയ,എനിക്കു തോന്നിയ ഒരുപാട്‌ മുഖങ്ങള്‍.എല്ലാവരും എന്നെ സ്വാധീനിച്ചവരാണു,ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എന്നെ രൂപപ്പെടുത്തിയവര്‍ .

കുറച്ച്‌ അപ്പുറത്ത്‌ മാറി അവര്‍ ഇരിക്കുന്നുണ്ടായിരുന്നു,എന്റെ അദ്ധ്യാപകര്‍ .അവരേയും കാലം മാറ്റിയിട്ടുണ്ട്‌,പക്ഷേ ഒരുപാടില്ല.എന്നെ ഞാനാക്കിയവര് ‍,അറിവു പകര്‍ന്നു തന്നവര്‍ ,തുണയായവര്‍ .അവരില്‍ പലരുമില്ലായിരുന്നെങ്കില് ‍,വാക്കുകളും ഓര്‍മ്മകളും മുറിഞ്ഞു പോകുന്നു.ഒരു അദ്ധ്യാപകനും അദ്ധ്യാപികയ്ക്കും അപ്പുറം,അവരില്‍ പലരും എന്റെ അച്ചനും അമ്മയും ചേട്ടനും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു,ഇപ്പോഴുമാണു.

ശ്രീലുവിന്റെ അടുത്തുള്ള കസേര ഒഴിഞ്ഞാണു കിടക്കുന്നത്‌.അതിനപ്പുറം അപരിചിതനായ ഒരു യുവാവ്‌.ഒഴിഞ്ഞ കസേര പ്രീതിയുടേതാകണം,ആ യുവാവ്‌ അവളുടെ ഭര്‍ത്താവും.പക്ഷേ അവളെവിടെ...കോളേജിലേയ്ക്കു ഒന്നാം റാങ്കിന്റെ തിളക്കം കൊണ്ടു വന്നവള്‍.അതിനെല്ലാം മേലെ,എന്റെ ഏറ്റവുമടുത്ത സുഹൃത്ത്‌,വഴികാട്ടി.ക്ഷമയോടെ എനിക്കു പാഠങ്ങള്‍ പറഞ്ഞു തന്നവള്‍ , തെറ്റുകള്‍ കാണിച്ചപ്പോള്‍ വഴക്കു പറഞ്ഞവള് ‍.സദസ്സിലെ മുഴുവന്‍ ആളുകളിലും അവളില്ലായിരുന്നു.പക്ഷേ വേദിയിലേയ്ക്ക്‌ നോക്കിയപ്പോള്‍ അവിടെ അവളുണ്ട്‌,അപ്പോഴാണോര്‍ത്തത്‌,ഇവിടെ അവള്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയും ഞങ്ങളുടെ സഹപാഠിയും മാത്രമല്ല,ജില്ല ഭരിക്കുന്നവള്‍ കൂടിയാണു.,കോളേജിന്റെ പെരുമ വീണ്ടും ഉയര്‍ത്തിയവള്‍ . .സദസ്സിലിരിക്കുന്ന എന്നെ അവള്‍ കണ്ടോ ആവോ..

"നമ്മളൊന്നും വെറുതെയങ്ങു പഠിച്ചു പാസായി പോയാല്‍ പോരാ,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകണം,ചരിത്രം സൃഷ്ടിക്കണം,ഇവിടെ വരുന്നവരും പോകുന്നവരും,എന്നെയും നിങ്ങളെയുമൊക്കെ ഓര്‍ക്കണം..ഇതെന്റെ വാക്കുകളല്ല,ഇതവന്‍ പറഞ്ഞതാണു"

കണ്ണപ്പന്റെ ഈ വാക്കുകള്‍ കേട്ടാണു ഞാന്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌.

"വീണ്ടും ഒരുമിച്ചു കൂടാന്‍ ഞങ്ങള്‍ക്കു അഞ്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഇതു പോലെയൊരു ഒത്തു ചേരലിനു ശേഷമുള്ള യാത്രയിലാണു അവന്‍ നമ്മളെ വിട്ടു പോയത്‌.ഇനി കൂടുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അവനുണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം,എല്ലറ്റിനും തുണയായി എനിക്കൊപ്പം അവനുണ്ടാകില്ല എന്ന തിരിച്ചറിവ്‌,ധൈര്യമില്ലായിരുന്നു എനിക്ക്‌,ഞങ്ങള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഒരുമിക്കാന്‍."

"അവനാഗ്രഹിച്ചതു പോലെ,അവനും ഞങ്ങളും,ഞങ്ങളുടെ ബാച്ചും,ഈ കോളേജിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു.അതിനു അവന്‍ ഒരു കാരണമാകുന്നു.ഇനി ഈ ഓഡിറ്റോറിയത്തില്‍ അവനുണ്ടാകും എന്നും,ജീവനുള്ള ഒരു ചിത്രമായി.ഒപ്പം അവന്‍ പേരിട്ട,ദൃശ്യ എന്ന കോളേജ്‌ ആര്‍ട്ട്സ്‌ ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റസ്‌ നേടുന്ന ഒരു വിദ്യാര്‍ത്ഥിക്കും,വിദ്യാര്‍ത്ഥിനിക്കും,ഞങ്ങളുടെ ബാച്ചിന്റെ പേരില്‍,അവന്റെ പേരില്‍ ഒരോ സ്വര്‍ണ്ണമെഡലും.അവന്റെ ഛായചിത്രത്തിന്റെ അനാച്ഛാദനം നിര്‍വഹിക്കുന്നത്‌ വിശിഷ്ടാത്ഥികള്‍ അല്ല.ഞങ്ങളെല്ലാവരു ചേര്‍ന്നാണു.അതിനു വേണ്ടി I.T 2009 ബാച്ചിലെ എന്റെ എല്ലാ പ്രിയപ്പെട്ടവരേയും വേദിയിലേയ്ക്കു ക്ഷണിക്കുന്നു."

ഒരു നിമിഷത്തെ നിശബ്ദതയ്ക്കും,നെടുവീര്‍പ്പിനും ശേഷം എല്ലാവരും എഴുന്നേറ്റു വേദിയിലേയ്ക്ക്‌ നടന്നു.

58 പേരേയും ഒരുമിച്ച്‌ ആ വേദിയില്‍ കണ്‍നിറയെ കണ്ടു ഞാന്‍ ‍.അവര്‍ക്കൊപ്പം അന്‍പതിയൊന്‍പതാമനായി അവര്‍ അനാച്ഛാദനം ചെയ്ത എന്റെ ചിത്രവും.

"എടാ പൊട്ടന്‍ കണ്ണപ്പാ,ഞാനുണ്ടടാ ഇവിടെ.നിങ്ങളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുമ്പോള്‍,എനിക്കു വരാതെയിരിക്കാന്‍ പറ്റുവോ" .സദസ്സിന്റെ പിന്‍ നിരയിലിരുന്ന് ഞാന്‍ വിളിച്ചു കൂവി.പക്ഷേ ആരും കേട്ടില്ല.

ഞാന്‍ ,ഞങ്ങള്‍ ഈ കലാലയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.ഇനിയും ഇവര്‍ ഇവിടെ ഒരുമിച്ചു കൂടും,ഇവര്‍ക്കൊപ്പം എന്നും ഇവരറിയാതെ ഞാനുമുണ്ടാകും.കാരണം ഞാന്‍ സ്നേഹിക്കുന്നവരും,എന്നെ സ്നേഹിക്കുന്നവരും ഒരുമിച്ചു കൂടുമ്പോള്‍ ഞാന്‍ എങ്ങനെയാ വരാതെയിരിക്കുന്നേ...


കുറിപ്പ്:ഞാന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രം.

Sunday, February 21, 2010

കോഫീ @ ബാല്‍ക്കണി.

Build Successful,0 Errors

സ്ക്രീനില്‍ തെളിഞ്ഞു വന്ന ഈ വാചകം തന്ന ആശ്വാസം ചെറുതല്ല.മൂന്നു ദിവസമായി ഈ ഒരു സന്ദേശം കാണാന്‍ കൊതിക്കുന്നു.സിസ്റ്റം ക്ലോക്കില്‍ അപ്പോള്‍ സമയം 2.30 A.M.ഞാന്‍ മോണിട്ടര്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ സീറ്റില്‍ നിന്നു എഴുന്നേറ്റു.കോഫീ മഗുമായി പാന്റ്രിയിലേയ്ക്കു നടന്നു.അപ്പോഴാണു ആ യാഥാര്‍ത്ഥ്യം മനസ്സില്ലായതു.എന്റെ വിംഗ്‌ വിജനമാണു.എല്ലാവരും തന്നെ പല സമയത്തായി തങ്ങളുടെ ജോലികള്‍ തീര്‍ത്തു വീടണഞ്ഞിരിക്കുന്നു.കാത്തിരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതു കൊണ്ടാകണം,നേരത്തേ ഓഫീസില്‍ നിന്നിറങ്ങണമെന്നോ,വീട്ടിലെത്തണമെന്നോ തോന്നാത്തത്‌.

വെന്‍ഡിംഗ്‌ മെഷിനില്‍ നിന്നു കാപ്പിയും എടുത്തു ഞാന്‍ ബാല്‍ക്കണിയിലേയ്ക്കു നടന്നു.പത്തൊന്‍പതാമെത്തെ നിലയില്‍ നിന്നും,രാത്രിയില്‍ ഉറങ്ങുന്ന നഗരത്തെ കാണുന്നത്‌ ഒരു പ്രത്യേക രസമാണു.ഒപ്പം തണുത്ത നനുത്ത കാറ്റും,ആവി പറക്കുന്ന കാപ്പിയും.ഉറങ്ങുന്ന നഗരം എന്നു പറഞ്ഞു കൂടാ,ഇപ്പോഴും കാണാം നഗരവീഥികളില്‍ ആളനക്കങ്ങള്‍.നേരം കെട്ട നേരത്തു,നഗരത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍,അത്തരത്തിലുള്ളവരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍,തട്ടുകടകള്‍,ലഹരിയുടെ നിറവില്‍ ഉറക്കെ ബൈക്കു റേസു ചെയ്തു പോകുന്ന ചെത്തു പയ്യന്മാര്‍,ഈ കെട്ടിടത്തിലെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ നിന്നു നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു പോകുന്നവര്‍.അങ്ങനെ പലരും.നിശബ്ദമായ നഗരം,വിജനമായ നഗരം എന്നതൊക്കെ ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രമായെന്നു തോന്നുന്നു.ചിന്തകളുടെ അകമ്പടിയോടെ കുടിച്ചതു കൊണ്ടാകണം കാപ്പി പെട്ടന്നു തീര്‍ന്നു.വീണ്ടും ഒന്നു കുൂടി എടുക്കുന്നതിനു വേണ്ടി ഞാന്‍ പ്രാന്റ്രിയിലേയ്ക്കു പോയി.തിരിച്ചു വന്നപ്പോള്‍ ഞാന്‍ നിന്നിരുന്ന സ്ഥലത്ത്‌ മറ്റൊരാള്‍,ഒരു പെണ്‍കുട്ടി.മുഖം കാണാന്‍ വയ്യാത്തതു കൊണ്ട്‌ ആരാണെന്നു മനസ്സില്ലായില്ല.കണ്ടാലും മനസ്സില്ലാകണമെന്നില്ല.ഈ ഒരു കെട്ടിടത്തില്‍ മാത്രം ഏകദേശം രണ്ടായിരത്തിനടുത്തു ആളുകള്‍ ജോലി ചെയ്യുന്നുണ്ട്‌.പക്ഷെ പത്തൊന്‍പതാമത്തെ നിലയില്‍ എന്റെ സ്ഥാപനം മാത്രമാണുള്ളത്‌,അപ്പോള്‍ സഹപ്രവര്‍ത്തക തന്നെയായിരിക്കണം.പക്ഷേ ഇവിടെയും ഉണ്ട്‌ മുന്നൂറിനടുത്ത്‌ ആളുകള്‍.പണ്ടത്തെ ഞാനായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ മുന്നൂറു പേരേയും പരിചയമുണ്ടായിരുന്നേനെ.ആ എന്നെ ഞാന്‍ തന്നെ മറന്നു.എന്റെ മൊബെയില്‍ അവിടെ വച്ചിരുന്നതു കൊണ്ട്‌ അതെടുക്കുന്നതിനു വേണ്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.

"Excuse me,That's my mobile."

"I didnt say that it's mine." ഇതായിരുന്നു അവരുടെ മറുപടി.ഒപ്പം ഒരു പുഞ്ചിരിയും.

ചിരിച്ചു കൊണ്ടു ഞാന്‍ എന്റെ ഫോണ്‍ എടുത്തു വേറെ ഒരു കസേരയിലേയ്ക്കു നടന്നു.

"Are you a malayalee".അവളുടെ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.

"Yes,I'm"

"ആശ്വാസമായി,ഇവിടെ ഒരു മലയാളിയെ കണ്ട കാലം മറന്നു.അതു കൊണ്ടു തന്നെ മലയാളവും മറന്നു എന്നൊരു തോന്നല്‍ "

അവരിതു പറഞ്ഞപ്പോഴാണു ആ മുഖത്തേയ്ക്കു നോക്കിയത്‌.ഒരു മലയാളിയാണെന്നു ഒറ്റ നോട്ടത്തില്‍ പറയില്ല.സുന്ദരിയാണു,ഒരു ക്യൂട്ട്‌ മുഖം.ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍.എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ.

"എവിടെയോ കണ്ടിട്ടുണ്ടല്ലോ,നമ്മള്‍ തമ്മില്‍ പരിചയമുണ്ടെന്നു തോന്നുന്നു." ഞാന്‍ ചോദിച്ചു.

"പിന്നെ ചോദിക്കാനുണ്ടോ,വിടു മാഷേ.ഈ ചോദ്യം കുറേ കേട്ടതാ കോളേജില്‍ പഠിക്കുന്ന സമയത്തു." ചിരിച്ചു കൊണ്ടാണു അവള്‍ മറുപടി പറഞ്ഞത്‌.നുണക്കുഴികള്‍ക്കു കുറച്ചു കൂടി ആഴം വച്ചതു പോലെ.മറുപടി കേട്ട്‌ ഒരു ചമ്മല്‍ തോന്നിയെങ്കിലും,ഒരു രസം.അവളെ കുറ്റം പറയാന്‍ പറ്റില്ല,അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ കുറേ കേട്ടിടുള്ള ഒരു ചോദ്യം തന്നെയാണു ഞാന്‍ ചോദിച്ചത്‌.

"പരിചയമില്ലെങ്കില്‍,ഇപ്പോള്‍ പരിചയപ്പെടാം.ഞാന്‍ റോയി,റോയി തോമസ്‌.നാട്‌ കോട്ടയം.ഇവിടെ InFlex Technologies ല്‍ ജോലി ചെയ്യുന്നു."

"ആഹാ,ഞാനും അവിടെ തന്നെയാണല്ലോ.പേര്‌ ആഗ്നസ്‌ മാത്യു.വീട്‌ ആലുവാ."

"എന്റെ തീരെ ചെറുപ്പത്തില്‍,ഞാന്‍ അവിടെയുണ്ടായിരുന്നു കുറച്ചു നാള്‍.വലിയ ഓര്‍മ്മയൊന്നുമില്ല.അപ്പന്‍ ഒരു വര്‍ഷം അവിടെ ജോലി ചെയ്തിട്ടുണ്ട്‌." ഞാന്‍ പറഞ്ഞു.

"ആലുവയില്‍ എവിടെയായിരുന്നു എന്നറിയുവോ.?"

"ഒരോര്‍മ്മയുമില്ല..ടൗണ്‍ ഒന്നുമായിരുന്നില്ലായെന്നു തോന്നുന്നു."

അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.പല വിംഗുകളിലായിരുന്നതു കൊണ്ട്‌ പകലുകളില്‍ തമ്മില്‍ കാണല്‍ കുറവായിരുന്നു.കണ്ടിട്ടേയില്ല എന്നു തന്നെ പറയാം.അതിനുള്ള ഒരു കാരണം അവള്‍ സ്ഥിരമായി എടുക്കുന്ന നൈറ്റു ഷിഫ്റ്റുകളായിരുന്നു. പക്ഷേ ഇതു പോലെ വൈകി ഇരിക്കുന്ന ദിവസങ്ങളില്‍,അവളെ പലപ്പോഴും കണ്ടു.ഇതേ ബാല്‍ക്കണിയില്‍.ഒരു കപ്പ്പ്‌ കാപ്പിയുമായി,ഉണര്‍ന്നിരിക്കുന്ന നഗരത്തെ കണ്ട്‌,ഒരുപാട്‌ സംസാരിച്ചു.

പ്രത്യേകതകള്‍ ഒരുപാടുണ്ടായിരുന്നു അവള്‍ക്ക്‌.എല്ലാവരും ഉറങ്ങുമ്പോള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടവള്‍,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ നോക്കി,ഒരു കപ്പു കാപ്പിയും നുണഞ്ഞ്‌,ജഗ്ജീത്‌ സിംഗിന്റെ ഗസലുകള്‍ മൂളിയിരുന്നവള്‍,അതേ ആവേശത്തോടെ ഡപ്പാം കൂത്ത്‌ തമിഴ്‌ പാട്ടുകള്‍ കേട്ടിരുന്നവള്‍,ക്ലാസ്സിക്ക്‌ സിനിമകളെ കുറിച്ചും,ലാലേട്ടന്റെ നരസിംഹത്തെ കുറിച്ചും ഒരേ താത്പര്യത്തോടെ സംസാരിച്ചിരുന്നവള്‍.കുടൂതല്‍ അടുക്കന്തോറും,പരിചയപ്പെടുന്തോറും അവള്‍ എന്നെയും മാറ്റുകയായിരുന്നു.വിദ്യാര്‍ത്ഥിയില്‍ നിന്നും ഉദ്യോഗസ്ഥനിലേയ്ക്കുള്ള വേഷപ്പകര്‍ച്ചയില്‍ ഞാന്‍ എവിടെയോ കൈവിട്ട എഴുത്തും വായനയും സിനിമകളും ചിന്തകളും എല്ലാം എന്നിലേയ്ക്കു അവള്‍ തിരിച്ചു കൊണ്ടു വന്നു.പക്ഷേ,ഇപ്പോഴും ആ ഒരു തോന്നല്‍ എന്നെ അലട്ടി കൊണ്ടിരുന്നു.ഇവളെ എനിക്കറിയാം,എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്‌.ഒരു പക്ഷേ അതൊരു വെറും തോന്നല്‍ മാത്രമാകാം എന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ആയിരുന്നു എന്റെ ശ്രമം.

ക്രിസ്തുമസിനു ലീവെടുത്തു പത്തു ദിവസം നാട്ടിലേയ്ക്കു പോകുന്നു എന്നു പറഞ്ഞപ്പോള്‍ പാതി തമാശയായും കാര്യമായും എന്നെ ഒറ്റക്കിട്ടേച്ചു പോകുവാലേ എന്ന അവളുടെ ചോദ്യം ചെറിയൊരു വിഷമമുണ്ടാക്കി.നാട്ടിലേയ്ക്കുള്ള അടുത്ത യാത്ര ഒരുമിച്ചാക്കാം എന്നവള്‍ക്ക്‌ ഉറപ്പും കൊടുത്തു.യാത്രയ്ക്കു മുന്‍പ്‌ ഒരു കാര്യം അവള്‍ ആവശ്യപ്പെട്ടു.ആ അവശ്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.നഷടപ്പെട്ട സൗഹൃദങ്ങള്‍ തിരിച്ചു നേടണം.എന്നോ ഒരിക്കല്‍ സംസാരത്തിനിടയ്ക്ക്‌ ഞാന്‍ പറഞ്ഞിരുന്നു അവളോട്‌,ഇവിടെ വന്നു കഴിഞ്ഞു പഴയ സുഹൃത്തുകളെ ആരേയും വിളിച്ചിട്ടില്ല,ആരുമായും കോണ്ടാക്റ്റ്‌ ഇല്ല എന്നൊക്കെ.അതു കൊണ്ടായിരിക്കണം ഇങ്ങനെ ഒരാവശ്യം.ഇവള്‍ എന്നെ വീണ്ടും അതുഭുതപ്പെടുത്തുന്നു.അല്ല,എനിക്കായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

നാട്ടിലെത്തി കഴിഞ്ഞു ആഗ്നസിനെ അധികം ഓര്‍ത്തില്ല,പക്ഷേ അവള്‍ക്കു കൊടുത്ത വാക്കു മറന്നില്ല.എല്ലാവരെയും വിളിച്ചു പലരെയും കണ്ടു.ചിലര്‍ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചു,മറ്റു ചിലരുടെ കണ്ണുകള്‍ നിറഞ്ഞു.യാത്രയില്‍ എവിടെയോ ഞാന്‍ മറന്ന ആ പഴയ ഞാന്‍ വീണ്ടും തിരിച്ചു വന്നതു പോലെ ഒരു തോന്നല്‍.ഒരു നിറഞ്ഞ സന്തോഷം മനസ്സു നിറയെ.ക്രിസ്തുമസ്സിന്റെ തലേന്നു എങ്ങും പോകാതെ വീട്ടില്‍ തന്നെയിരുന്നു.ചെറിയ അടുക്കി പെറുക്കലുകളുമൊക്കെയായി.അമ്മയുമുണ്ട്‌ ഒപ്പം.പഴയ ഡയറികളും,ഫയലുകളും,ഷെല്‍ഫില്‍ ഇനി സ്ഥലം ബാക്കിയില്ലാതായിരിക്കുന്നു.കളയാന്‍ വേണ്ടി ഇട്ടിരുന്ന സാധനങ്ങള്‍ അമ്മ വീണ്ടും എടുത്ത്‌ നോക്കുന്നുണ്ട്‌.ചിലതൊക്കെ മാറ്റി വയ്ക്കുന്നുമുണ്ട്‌.

"എടാ,ദേ നിന്റെ നേഴസറിയിലെ ഫോട്ടോ.."

കീറി പറിഞ്ഞ ഒരാല്‍ബത്തില്‍ നിന്നു അമ്മ ആ ഫോട്ടൊയെടുത്തു എന്റെ നേരേ നീട്ടി.ഒരു കൗതുകത്തോടെ ഞാനതു വാങ്ങി നോക്കി.ചിരി വന്നു എനിക്കെനെ കണ്ടിട്ട്‌.കവിളൊക്കെ ചാടിയ ഒരു ഗുണ്ടുമണി.എന്റെ കൈ പിടിച്ചു തൊട്ടപ്പറുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത്‌ എന്റെ കണ്ണുകളുടക്കി,ഒപ്പം ആ മുഖത്തു തെളിഞ്ഞു നിന്നിരുന്ന നുണക്കുഴികളിലും.

"ഇതാരാണെന്നു ഓര്‍മ്മയുണ്ടൊ അമ്മേ.." ആ മുഖം ചൂണ്ടി കാണിച്ചു കൊണ്ട്‌ ഞാന്‍ ചോദിച്ചു.

"ഇതു റേച്ചല്‍ അല്ലേ,നിന്റെ ആദ്യത്തെ ഗേള്‍ ഫ്രണ്ട്‌.നിനക്കോര്‍മ്മയില്ലേ അവളെ.അപ്പന്റെ ഫ്രണ്ട്‌ ജോര്‍ജങ്കളിന്റെ മോള്‌.ആലുവയില്‍ അവരുടെ വീടിന്റെ അടുത്തായിരുന്നു നമ്മള്‍ താമസിച്ചിരുന്നേ.ഇതു പോലെ ഒരുമിച്ചല്ലാതെ നിങ്ങളെ അന്നു കണ്ടിട്ടേയില്ല.നീ ഓര്‍ക്കുന്നില്ലേ,നമ്മള്‍ അവിടുന്നു പോരുന്ന നേരം,കരഞ്ഞോണ്ട്‌ അവള്‍ നമ്മുടെ വണ്ടിയുടെ പിറകേ ഓടിയത്‌.ചാടി ഇറങ്ങാന്‍ തുടങ്ങിയ നിന്നെ പിടിച്ചു വണ്ടിയില്‍ ഇരുത്താന്‍ പെട്ട പാട്‌ എനിക്കറിയാം."

റേച്ചല്‍,ജോര്‍ജ്ജങ്കിള്‍,ആലുവാ,അവ്യക്തമായ ഏതോക്കെയോ മുഖങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്‌ മനസ്സില്‍.ഞാന്‍ ആ ഫോട്ടോയിലേയ്ക്കു ഒന്നു കൂടി നോക്കി.ആ നുണക്കുഴികള്‍,മനസ്സില്‍ ഇപ്പോള്‍ തെളിയുന്നത്‌ ആഗ്ന്‍സിന്റെ മുഖമാണു.ആഗ്നസ്‌ തന്നെയായിരിക്കുമോ എന്റെ പഴയ കളിക്കൂട്ടുകാരി റേച്ചല്‍.അറിയാമെന്നും,പരിചയമുണ്ടെന്നും എനിക്കുണ്ടായ തോന്നലുകള്‍.പക്ഷേ,ആഗ്ന്‍സ്‌ എങ്ങനെ റേച്ചലാകും.

"നീ എന്താ ആലോചിക്കുന്നേ.." അമ്മയുടെ ചോദ്യമാണു തിരിച്ചെന്നെ ബോധത്തിലേയ്കെത്തിച്ചത്‌.

"ഇതു പോലെയൊരു കുട്ടി എന്റെ ഓഫീസിലുണ്ട്‌.പക്ഷേ പേര്‌ ആഗ്ന്‍സ്‌ എന്നാ.നാടു ആലുവാ തന്നെയാ..."

"എടാ പൊട്ടാ,നിനക്കൊരോര്‍മ്മയുമില്ല,അവളുടെ മുഴുവന്‍ പേര്‌ അതായിരുന്നു ആഗ്ണസ്‌ റേച്ചള്‍ ജോര്‍ജ്ജ്‌."

അമ്മ അതു കഴിഞ്ഞു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.ഇതു വരെ തിരിച്ചറിയാതെ പോയതിന്റെ സങ്കടവും,അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതിന്റെ സന്തോഷവും ഒക്കെ ചേര്‍ന്ന് വല്ലാത്ത ഒരവസ്ഥയിലായിരുന്നു മനസ്സപ്പോള്‍.ഞാന്‍ ഫോണെടുത്തു അവളുടെ നംബര്‍ ഡയല്‍ ചെയ്തു.പക്ഷേ..നംബര്‍ നിലവില്‍ ഇല്ല എന്നായിരുന്നു മറുപടി.പറഞ്ഞിട്ടു കാര്യമില്ല,നംബര്‍ തന്നെങ്കിലും ഇതു വരെ വിളിച്ചിട്ടില്ല.ഫോണില്‍ സംസാരിക്കുന്നതില്ലും രസം നേരിട്ടും സംസാരിക്കാനാ എന്നതായിരുന്നു അവളുടെ വാദം.നോട്ട്‌ ചെയ്തപ്പോള്‍ തെറ്റി കാണും..പിന്നെ എനിക്കു തോന്നി,ഒരഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഈ വാര്‍ത്ത നേരിട്ടവളോടു പറയാം,ആ റിയാക്ഷന്‍ നേരിട്ടു കാണാം എന്നൊക്കെ.ആദ്യമായി,നാട്ടില്‍ നിന്നു നേരത്തേ തിരിച്ചു പോകാന്‍ തോന്നിയെനിക്ക്‌.അഞ്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുള്ള യാത്രയില്‍ ട്രെയിനിനു വേഗം പോരാ എന്നു വരെ തോന്നി.

പുതുവര്‍ഷത്തില്‍ ഓഫീസില്‍ വന്നു ആദ്യം ചെയ്തത്‌,കമ്പനി ഡയറക്ടിറിയില്‍ നിന്നും അവളുടെ നംബര്‍ തപ്പുകയായിരുന്നു.ആഗ്നസ്‌ ജോര്‍ജ്ജ്‌ എന്ന പേര്‌ കൊടുത്തപ്പോള്‍,No Results Found എന്നായിരുന്നു സന്ദേശം,ആഗ്നസ്‌ റേച്ചല്‍ ജോര്‍ജ്ജ്‌ എന്ന കൊടുത്തപ്പോഴും ഫലം തഥൈവ.സ്പെലിംഗ്‌ ആയിരിക്കും പ്രശ്നം,നേരിട്ടു കാണാന്‍ ഞാനവളുടെ വിംഗിലേയ്ക്ക്‌ ചെന്നു.പക്ഷേ അവളെ കണ്ടില്ല അവിടെ.ഇന്നും നൈറ്റ്‌ ഷിഫ്റ്റായിരിക്കും.ഇനി രാത്രി വരെ കാത്തിരിക്കണം.വിഷമം തോന്നി...

പ്രത്യേകിച്ചു ജോലികള്‍ ഇല്ലായിരുന്നെങ്കിലും,രാത്രി വരെ ഞാനവിടെയിരുന്നു.നൈറ്റ്‌ ഷിഫ്റ്റ്‌ തുടങ്ങുന്ന സമയത്ത്‌ ഞാന്‍ വീണ്ടും അവളുടെ വിംഗിലേയ്ക്ക്‌ പോയി.പക്ഷേ അവളെ കണ്ടില്ല.മനസ്സില്‍ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

"Is Agnes Mathew on leave today?" ഞാന്‍ അവിടെയിരുന്ന ഒരാളോട്‌ ചോദിച്ചു.

"Who?"

"Agnes Rachel Mathew,From Kerala"

"Sorry,I don't know her.Are you sure that she's working here"

"Yeah,I'm.I used to meet her regularly."

"Alright,let me ask someone". അയാള്‍ അവിടെ നിന്നേഴുന്നേറ്റ്‌ മറ്റൊരാളോട്‌ ചോദിക്കാന്‍ വേണ്ടി പോയി.മനസ്സ്‌ വീണ്ടും അസ്വസ്ഥമാകുകയായിരുന്നു.

"I'm sorry,I was mistaken.There's one Agnes Mathew here.She's sitting right over there.Infact i came recently only.So i dont know everyone here"

ഇതും പറഞ്ഞു അയാള്‍ ആ വിംഗിന്റെ മറ്റൊരു സ്ഥലത്തേയ്ക്ക്‌ കൈ ചൂണ്ടി.

അവിടെ ഒരു ക്യുബിക്കിളില്‍,മോണിട്ടറിന്റെ സ്ക്രീനില്‍ നോക്കി അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ അങ്ങോട്ടേയ്ക്ക്‌ ചെന്നു.എന്റെ സാന്നിദ്ധ്യം അവള്‍ അറിഞ്ഞില്ലെന്നു തോന്നി.

"ആഗ്ന്‍സ്‌.." വിളി കേട്ടു അവള്‍ തിരിഞ്ഞു.പക്ഷേ,അതവളായിരുന്നില്ല.

"പക്ഷേ , I'm looking for another Agnes Mathew"

"ഓ മലയാളിയാണല്ലേ,ഇവിടെ ഞാനല്ലാതെ വേറൊരു ആഗ്ന്‍സ്‌ മാത്യു ഇല്ലല്ലോ.അങ്ങനെ തന്നെയാണു പേരെന്നു ഉറപ്പാണോ"

"ആഗ്നസ്‌ റേച്ചല്‍ മാത്യു?"

"ഇല്ല,നമ്മുടെ ഈ ബ്രാഞ്ചില്‍ ആഗ്നസ്‌ ഞാന്‍ മാത്രമേയുള്ളു."

പിന്നീട്‌ അവര്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.തരിച്ചു പോയി ഞാന്‍ ആ വെളിപ്പെടുത്തലുകള്‍ കേട്ട്‌.ഞങ്ങള്‍ സ്ഥിരമായി കണ്ടിരുന്ന ആ ബാല്‍ക്കണിയില്‍ പോയിരുന്നു ഞാന്‍.അവള്‍ ആരായിരുന്നു.എന്നോടൊപ്പം ഇവിടെയിരുന്ന് കപ്പി കുടിച്ചവള്‍,എന്റെ ഏകാന്തതയില്‍ എനിക്കു കൂട്ടായവള്‍,എന്നിലെ ഞാന്‍ മറന്ന എന്നെ തിരിച്ചറിയാന്‍ സഹായിച്ചവള്‍,നുണക്കുഴികള്‍ കാട്ടി ഒരു നിറപുഞ്ചിരി എനിക്കു സമ്മാനിച്ചിരുന്നവള്‍,നിറം മങ്ങിയ ആ ഫോട്ടോയില്‍,എന്റെ കൈ പിടിച്ചു നിന്നിരുന്ന എന്റെ കളിക്കൂട്ടുകാരി...

ഒറ്റപ്പെട്ടലിന്റെ ആഴങ്ങളില്‍ നിറം മങ്ങിയ ഓര്‍മ്മകളില്‍ നിന്നു ഞാനറിയാതെ എന്റെ മനസ്സ്‌ കല്‍പിച്ചുണ്ടാക്കിയ ഒരു രൂപമോ,അതോ എവിടെയോ ഇരുന്നു ,തന്റെ കളിക്കൂട്ടുകാരന്‍ വിഷമിക്കുന്നു എന്നറിഞ്ഞു എന്റെ അടുക്കലേയ്ക്കു വന്ന എന്റെ ബാല്യകാലസുഹൃത്തിന്റെ മനസ്സോ...

Sunday, November 22, 2009

സൈനോജിനു ആദരാഞ്ജലികള്‍...




സൈനോജ്...

പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.

അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...

കൈരളിയുടെ പുതുവര്‍ഷവേദിയില്‍ ഒരുമിച്ചു ചിലവഴിച്ച ആ കുറച്ചു നിമിഷങ്ങള്‍

മറക്കിലൊരിക്കല്ലും...

ഒരുപാട് പരിചയപ്പെടാനും,അടുക്കാനും കഴിഞ്ഞില്ലെങ്കിലും,ഈ യാഥാര്‍ത്ഥ്യം വല്ലാതെ വേദനിപ്പിക്കുന്നു...

ഒരുപാട് പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചു കടന്നു പോയ,സൈനോജിനു ആദരാഞ്ജലികള്‍...

ചിത്രം:മാതൃഭൂമി

Saturday, May 23, 2009

1707077 അഥവാ ചാനലിലെ ഒരു ദിവസം

"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്‌.ക്യാബിന്റെ കീ നീട്ടിയാണു ഹരിയേട്ടന്‍ ഇതു പറഞ്ഞത്‌.അതു വാങ്ങാതെ ഞാന്‍ അവിടെയിട്ടിരുന്ന സോഫയില്‍ പോയിരുന്നു.ഞാന്‍ ചെന്നു തുറന്നു കയറിയാല്‍ അവിടെ വെറുതെയിരിക്കേണ്ടി വരും അര മണിക്കൂര്‍.ഇതാകുമ്പോള്‍ ടി.വി എങ്കിലും കാണാം.ചാനല്‍ റിസ്പഷനിലെ ടിവിയ്ക്കു ഒരു പ്രത്യേകതയുണ്ട്‌,എന്താണേലും നമ്മുടെ ചാനലുകളേ കാണൂ.ഇന്നലത്തെ ലൈവ്‌ ഫോണ്‍ ഇനിന്റെ റിപ്പീറ്റാണു.ഞാനതും കണ്ടു അവിടെയിരുന്നു.ഇതാദ്യമല്ല ഈ കാത്തിരിപ്പ്‌.മിക്കവാറും ഇതു തന്നെയാ സംഭവിക്കാറുള്ളത്‌.

"കാലത്തെ ഏഴരയ്ക്ക്‌ ഷൂട്ട്‌,ഏഴിനു നീ മേക്കപ്പ്‌ റൂമിലുണ്ടാകണം."എല്ലാ തവണയും വരുന്നതിന്റെ തലേന്ന് പ്രൊഡ്യൂസര്‍ ചേട്ടായി വിളിച്ചു പറയും.ഞാന്‍ കാലത്തെ കസിന്‍ ചേട്ടനെയും കുത്തിപ്പൊക്കി അവിടെയെത്തുമ്പോള്‍,പ്രൊഡ്യൂസറുമുണ്ടാകില്ല,മേക്കപ്പ്‌ മാനും കാണില്ല.ക്യാമറമാന്‍ ജോയി ചേട്ടന്‍ മാത്രം കൃത്യസമയത്ത്‌ അവിടെ കാണും.

ടിവിയില്‍ രഞ്ജിയുടെ ചളുകള്‍ നിര്‍ബാധം തുടരുന്നുണ്ട്‌.എത്ര പറഞ്ഞാലും ആ ചെക്കന്‍ അതു മാത്രം കുറയ്കില്ല.പറഞ്ഞിട്ടു കാര്യമില്ല,ആരാധകരുണ്ടേ അതിനും.ഞാന്‍ പതിയെ മയങ്ങി തുടങ്ങി.ഇന്നലെ രാത്രിയാ നാട്ടില്‍ നിന്നു തിരുവനന്തപുരം എത്തിയത്‌.കസിനുമായി കത്തി വച്ച്‌ കിടന്നത്‌ ഒന്നരയ്ക്ക്‌,എഴുന്നേറ്റത്‌ അഞ്ചരയ്ക്ക്‌.തീരാത്ത ഉറക്കം മുഴുവന്‍ കണ്ണില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്‌.

"എന്തുവാടേ വന്നിരുന്നു ഉറങ്ങുന്നേ?".പ്രൊഡ്യൂസര്‍ ചേട്ടായിയുടെ ശബ്ദം കേട്ടാണു ഞെട്ടിയെഴുന്നേറ്റത്‌.കണ്ണു തുറന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നു രഞ്ജിത്ത്‌ മേനോന്‍ എന്ന സുമുഖനും സുന്ദരനുമായ എന്റെ പ്രൊഡ്യൂസര്‍.

"ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്‌,വരുന്ന സമയമേ പറയാവൂ എന്നു.ഇതെന്തു കഷ്ടമാന്നേ,എന്നും ഞാനാദ്യം വരണം.എന്നിട്ട്‌ ഇവിടെയിരുന്നുറങ്ങണം.ഈ പരിപാടി ശരിയാവത്തില്ല..."

"നീ ചീത്ത മുഴുവന്‍ ഒരുമിച്ചു വിളിക്കല്ലേ,ഒരു കാര്യം കൂടി പറയട്ടെ,അതു കഴിഞ്ഞു ബാക്കി വിളിച്ചാല്‍ മതി." എന്നെ പറഞ്ഞു മുഴുവനാക്കാന്‍ സമ്മതിക്കാതെ രഞ്ജിത്ത്‌ ചേട്ടന്‍ പറഞ്ഞു.

"നമ്മുടെ ഷൂട്ട്‌,ഒന്‍പതരയ്ക്കത്തേയ്ക്ക്‌ മാറ്റി.ന്യൂസുകാരുടെ ഒരു സ്പെഷ്യല്‍ പ്രോഗ്രാമിനു ഫ്ലോര്‍ വേണമെന്ന് രാത്രിയാണു ശേഖര്‍ സാറു വിളിച്ചു പറഞ്ഞത്‌.നിന്നെ വിളിക്കാന്‍ നോക്കിയപ്പോള്‍ ഔട്ട്‌ ഒഫ്‌ റേഞ്ച്‌.പിന്നെ വിളിക്കാമെന്നു വിചാരിച്ചിരുന്നത,പക്ഷേ ഇന്നലെ ഫ്ലാറ്റില്‍ അബിയുടെ ട്രീറ്റ്‌ ആയിരുന്നു.അവസ്ഥ എന്തായിരിക്കുമെന്നു നിനക്ക്‌ ഊഹിക്കാലോ.." എന്നിട്ട്‌ ജഗതി സ്റ്റ്യിലില്‍ ഒരു ഡയലോഗും പ്ലീസ്‌ ഡോണ്ട്‌ മിസ്ണ്ഡര്‍സ്റ്റാന്റ്‌ മീ..ഓകെ.

ഞങ്ങള്‍ രണ്ടു പേരും അകത്തേയ്ക്ക്‌ പോയി യൂത്ത്‌ ചാനലിന്റെ ക്യാബിന്‍ തുറന്നു ഇരിപ്പായി.മണി ഏഴരയാകുന്നേയുള്ളു.ഇനിയുമുണ്ട്‌ രണ്ടു മണിക്കൂര്‍.എനിക്കാണേല്‍ പതിവില്ലാത്ത പോലെ ഉറക്കവും വരുന്നുണ്ട്‌.എങ്ങനെയെങ്കിലും ഷൂട്ട്‌ തീരുവാരുന്നേല്‍ പോകുന്ന വഴി ട്രെയിനില്‍ ഇരുന്ന് ഉറങ്ങാമായിരുന്നു.കാര്യം ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഷൂട്ട്‌ കഴിഞ്ഞാല്‍ അവിടെ നിന്നു പോരാന്‍ മടിയാണു.മാസത്തിലൊരിക്കല്‍ മാത്രം ചെല്ലുന്നതു കൊണ്ടാകും.കഴിഞ്ഞ തവണ ഷൂട്ട്‌ കഴിഞ്ഞു,എഡിറ്റിനും കൂടെയിരുന്നിട്ടാണു പോയത്‌.ഞങ്ങളുടെ ചാനലിന്റെ ഇന്‍ ചാര്‍ജ്‌ ജ്യോതി ചേച്ചി അന്നു കളിയാക്കുകയും ചെയ്തു "ഇവനു വരാന്‍ ഭയങ്കര മടി,വന്നാല്‍ പോകാന്‍ അതിലേറെ മടി."

മയക്കം തെളിഞ്ഞ്‌ വാച്ചില്‍ നോക്കിയപ്പോള്‍ മണി ഒന്‍പതാകുന്നു.ഞാന്‍ എഴുന്നേറ്റ്‌ ക്യാന്റീനിലേയ്ക്ക്‌ പോയി.രെഞ്ജിത്ത്‌ അവിടെയിരിക്കുന്നുണ്ട്‌.ഒരു ഗ്ലാസില്‍ ചായയും എടുത്ത്‌ ഞാനും ഇരുന്നു ഒപ്പം.

"എടാ,നമുക്ക്‌ ഇതിന്റെ രൂപം ഒന്നു മാറ്റണം"

"എന്തിന്റെ,ചായ ഗ്ലാസിന്റേയോ" ഞാന്‍ ചോദിച്ചു.

"അല്ലടാ മണ്ടാ,നമ്മുടെ പ്രോഗ്രാമിന്റെ.രണ്ടു മൂന്നു പ്രൊമോ ഒക്കെ ചെയ്യണം."രഞ്ജിത്ത്‌ അപ്പോള്‍ സീരിയസാണു.ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു അതിനെക്കുറിച്ചൊക്കെ പറഞ്ഞു.

"ഗുഡ്‌ മോര്‍ണിംഗുണ്ട്‌.." ജ്യോതി ചേച്ചിയാണു."എന്താണു പ്രൊഡ്യൂസറും ആങ്കറും കൂടെ ഒരു കൊച്ചു വര്‍ത്തമാനം?" ചേച്ചി ചോദിച്ചു.

"ചേച്ചി എന്താ നേരത്തെ..ന്യൂസുണ്ടോ കാലത്തെ? "

"ഉണ്ട്‌,പത്തിനു.മണി ഒന്‍പതു കഴിഞ്ഞല്ലോ,നീ മേക്കപ്പ്‌ ചെയ്തില്ലേ." ചേച്ചി പറഞ്ഞപ്പോഴാണു ഞാനതോര്‍ത്തത്‌.ഞാന്‍ നേരെ മേക്കപ്പിലേയ്ക്കോടി.അവിടെ ചെന്നപ്പോള്‍ മേക്കപ്പ്‌ മാന്‍ ചേട്ടനില്ല.പിന്നെ അവിടെയുള്ള സംഭവങ്ങളൊക്കെ വച്ച്‌ ഞാനൊരു അലക്ക്‌ അലക്കി താഴെ ഫ്ലോറിലെത്തി.എനിക്ക്‌ ഇഷ്ടമുള്ള ഒരു പരിപാടിയാണു ഫ്ലോറിലെ ഷൂട്ട്‌.എന്റെ ഷോയ്ടെ കുറേ എപ്പിസോഡുകള്‍ ഔട്ട്‌ ഡോറായിരുന്നു.സംഭവം രസമാണെങ്കിലും മടുത്തു പോകുമായിരുന്നു.നാലു എപ്പിസോഡ്‌ എടുക്കാന്‍ ഏകദേശം ഒരു 3-4 മണിക്കൂര്‍ എന്താണെങ്കിലും ആകും.ഇതാണേല്‍ ഏറിപ്പോയാല്‍ ഒന്നര-രണ്ടു മണിക്കൂര്‍.പിന്നെ വേറൊരു ഗുണമെന്താന്നു വച്ചാല്‍ ചെയ്യുന്നതു മുന്നില്‍ ഇരിക്കുന്ന സ്ക്രീനില്‍ കാണുകയും ചെയ്യാം.ഇരിപ്പിലോ,നോട്ടത്തിലോ എന്തേലും വൃത്തിക്കേട്‌ ഉണ്ടെങ്കില്‍ പെട്ടന്നു കണ്ടു പിടിക്കാം.മാത്രമല്ല,എ.സിയുമാണു.സുഖവഴി.

ഷൂട്ട്‌ തുടങ്ങി.സ്വന്തം സ്ക്രിപ്റ്റ്‌ തന്നെ ആയതു കൊണ്ട്‌ അധികം നേരമെടുത്തില്ല.രണ്ടു മണിക്കൂറില്‍ നാലു എപ്പിസോഡ്‌ തീര്‍ത്തു,മണി പന്ത്രണ്ട്‌ ആകുന്നതേയുള്ളു.ഇപ്പോള്‍ പിടിച്ചാല്‍ പ്ന്ത്രണ്ടേ മുക്കാലിന്റെ ബാംഗ്ലൂര്‍ എക്സ്പ്രസ്‌ കിട്ടും.വല്ലാത്ത ക്ഷീണവുമുണ്ട്‌,അല്ലെങ്കില്‍ വൈകുന്നേരം പോയാല്‍ മതിയായിരുന്നു.ഞാന്‍ മേക്കപ്പ്‌ റിമൂവ്‌ ചെയ്തു,ബാഗെടുക്കാന്‍ ക്യാബിനിലെത്തി.

"എടാ,നിനക്ക്‌ പോയിട്ട്‌ തിരക്കുണ്ടോ?" ജ്യോതി ചേച്ചിയാണു.

"പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ല.പക്ഷേ നല്ല ഉറക്കം വരുന്നുണ്ട്‌.അതാ പോകാമെന്നു വച്ചത്‌.എന്താ ചേച്ചി?" ഞാന്‍ ചോദിച്ചു.

"നമ്മുടെ രഞ്ജിയ്ക്ക്‌ വരാന്‍ പറ്റില്ലെന്നു പറഞ്ഞു ഇപ്പോള്‍ വിളിച്ചു.ഒരു മണിയ്ക്ക്‌ ലൈവ്‌ ഉള്ളതാ.കാലത്തെ പറഞ്ഞിരുന്നെങ്കില്‍ ആശയെയോ,ലെനയെയോ വിളിക്കാമായിരുന്നു.ഇപ്പോള്‍ വിളിച്ചപ്പോല്‍ അവരൊക്കെ കോളേജിലാ.നീ ഫ്രീയാണെങ്കില്‍ അതൊന്നു ചെയ്തിട്ട്‌ പോകാമോ..."

"ലൈവോ ..ഞാനോ.അതും രഞ്ജിയുടേയും ആശയുടേയും ഒക്കെ പ്രോഗ്രാം.നല്ല രസായിരിക്കും."

"അതൊന്നും കുഴപ്പമില്ലെടാ.നീ തന്നെ ചെയ്താ മതി.ഇതാ ഇന്നു വായിക്കാനുള്ള മെയില്‍സ്‌.കാള്‍ എടുക്കണ്ട പരിപാടിയൊക്കെ ഞാന്‍ പറഞ്ഞു തരാം." എനിക്ക്‌ ഒന്നു തര്‍ക്കിക്കാന്‍ പോലുമുള്ള അവസാരം തരാതെ ചേച്ചി അത്‌ എന്റെ തലയി്ലാക്കി.

ഞാന്‍ അവിടെയിരുന്നു മെയില്‍ ഒരോന്ന് വായിച്ചു നോക്കി.ഈ ലൈവ്‌ പരിപാടി ഞാന്‍ ചെയ്തിട്ടില്ലെങ്കിലും രസമുള്ള ഒരേര്‍പാടാ.ശരിക്കും ഒരാങ്കറിന്റെ യഥാര്‍ത്ഥ മെറ്റല്‍ കാണാനും കാണിക്കാനും പറ്റുന്ന സംഭവം.അതിന്റെ ഒരു ടെന്‍ഷന്‍ കൊണ്ടാണെന്നു തോന്നുന്നു,ഉറക്കം ഒക്കെ പോയ വഴി പോയി.

ഒന്നാകാന്‍ പത്തു മിനിട്ട്‌ ഉളപ്പോള്‍ ഞാന്‍ ഫ്ലോറില്‍ കയറി.ക്യാമറ പരിപാടികളൊക്കെ എന്റെ ഷോയുടേതു പോലെ തന്നെ.ഒരു വത്യാസമുള്ളത്‌ സാധരണം ലേപല്‍ മൈക്ക്‌ * മാത്രമേ ഉണ്ടാകാറുള്ളു.ഇതൊരു ഇയര്‍ പീസ്‌* കൂടിയുണ്ട്‌.അതു വച്ചു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സില്ലായി സംഭവം എന്തിനാണെന്നു.അതിനകത്തൂടെ ജ്യോതി ചേച്ചിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്‌.

"എടാ,നിനക്കു കേള്‍ക്കാമോ?" ചേച്ചി ചോദിച്ചു.

"കേള്‍ക്കാം."ലൈവിന്റെ ഒരു പിരിമുറുക്കം കൊണ്ടാണെന്നു തോന്നുന്നു,ശബ്ദം ഒന്നും അങ്ങനെ പുറത്തേയ്ക്ക്‌ വരണില്ല.

"ക്രിസ്റ്റി,നീ പേടിക്കണ്ടാ.കാര്യങ്ങളൊക്കെ ഞാന്‍ ഇതിലൂടെ പറഞ്ഞേക്കാം.നീ ഒന്നു ഉറക്കെ സംസാരിക്കണേ.സാധരണ നീ ഫോണില്‍ ഒരാളോട്‌ പറയുന്ന പോലെ പറഞ്ഞാല്‍ മതി.ബീ കൂള്‍.നിന്റെ താഴെ വച്ചിരിക്കുന്ന കണ്‍സോളില്‍ കോള്‍ ഉളപ്പോള്‍ ചുവന്ന ലൈറ്റ്‌ തെളിയും.കോള്‍ എടുക്കാന്‍ ഞാന്‍ പറയുമ്പോള്‍ മാത്രം അതിലെ ബട്ടന്‍ അമര്‍ത്തിയിട്ട്‌ സംസാരിച്ചാല്‍ മതി.അല്ലാത്ത സമയം,മെയില്‍ വായിക്കണം,ഇന്റ്രോയൊക്കെ അറിയാമല്ലോ..ഫോണ്‍ നമ്പര്‍,0471-1707077.അതോര്‍ത്തു ടെന്‍ഷന്‍ അടിക്കണ്ടാ.അതു മുന്നിലെ സ്ക്രീനില്‍ വരും.പിന്നെ കോളേഴ്സിനോട്‌ ടിവിൂടെ വോളിയം കുറച്ചു വച്ചു സംസാരിക്കാന്‍ പറയണേ..അപ്പോള്‍ ശരി.ഓള്‍ ദ്‌ ബെസ്റ്റ്‌.".ഒറ്റശ്വാസത്തിലാണു ചേച്ചി ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌.പതിയെ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടാകത്തില്ലായിരുന്നു.പറഞ്ഞ അത്രയും കാര്യങ്ങള്‍ ഞാന്‍ മറന്നു കഴിഞ്ഞു.ക്യാമറ സെറ്റ്‌ ചെയ്തിട്ട്‌ ജോയി ചേട്ടനും പുറത്തേയ്ക്ക്‌ പോയി.ഫ്ലോറില്‍ ഞാന്‍ മാത്രം.

മുന്നിലിരിക്കുന്ന ടി.വിയില്‍ ഷോയുടെ മൊണ്ടാഷ്‌ കാണിച്ചു തുടങ്ങി.അതു തീരുന്ന സമയം കാതില്‍ ചേച്ചിയുടെ ശബ്ദമെത്തി"ക്രിസ്റ്റി,യൂ ആര്‍ ഓണ്‍ എയര്‍"

"ഹല്ലോ,ഹായി ഫ്രണ്‍സ്‌.വെല്‍ക്കം ടു യെറ്റ്‌ അനദര്‍ ബ്രാന്റ്‌ ന്യൂ എപ്പിസോഡ്‌ ഓഫ്‌ ഫ്രീക്ക്‌ ഔട്ട്‌.സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കു പകരം,എന്താ ഒരു പുതിയ മുഖം എന്നാലോചിച്ചു ഇരിക്കണ്ടാ.അതിന്റെ കഥ വഴിയേ പറയാം.ഇന്നും നിങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ നല്ല പാട്ടുകള്‍ ഇവിടെ റെഡിയാണു.നിങ്ങള്‍ അയച്ച കുറേ മെയില്‍സ്‌ ഇവിടെയുണ്ട്‌.അപ്പോള്‍ പെട്ടന്ന് എല്ലാവരും ഫോണ്‍ എടുത്ത്‌ വിളിച്ചേ..വിളിക്കണ്ട നമ്പര്‍:0471 1707077.നമുക്ക്‌ ആദ്യം ഒരു മെയിലിലേയ്ക്ക്‌ പോകാം." ഒറ്റശ്വാസത്തിലാണു പറഞ്ഞു നിര്‍ത്തിയത്‌.ഇയര്‍ പീസിലൂടെ ചേച്ചി,സ്പീഡ്‌ കുറയ്ക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല.ഞാന്‍ ആദ്യത്തെ മെയില്‍ എടുത്തു വായിച്ചു തുടങ്ങി..വായിച്ചു പകുതിയായപ്പോഴേക്കും കോളുണ്ടെന്ന അറിയിപ്പ്‌ വന്നു.എന്താണെന്നു അറിയില്ല,അതു കേട്ടപ്പോള്‍ നെഞ്ചിടിപ്പിന്റെ സ്പീഡ്‌ ഇരട്ടിയായ പോലെ.

"ഹല്ലോ..നമസ്കാരം.വെല്‍ക്കം ടു ഫ്രീക്ക്‌ ഔട്ട്‌."

"നമോവാകം".സ്ത്രീ ശബ്ദമാണു.മാത്രമല്ല സ്മാര്‍ട്ട്‌ മറുപടിയും.പണിയായെന്ന തോന്നുന്നേ...

"ആഹാ,ആരാണിത്‌?"

"ഞാന്‍,അഞ്ജു."

ഇത്രയുമായപ്പോഴേയ്ക്കും ഞാന്‍ ഏകദേശം ഒക്കെയായി.പിന്നെ സാധാരണം പോലെ സംസാരിച്ചു തുടങ്ങി.പക്ഷേ ആ കുട്ടി നല്ല സ്മാര്‍ട്ടായിരുന്നു.അത്യാവശ്യം നന്നായി തന്നെ സംസാരിച്ചു.ഡെഡിക്കേഷന്‍ ഒക്കെ പറഞ്ഞ്‌ പാട്ട്‌ പ്ലേ ചെയ്തു തുടങ്ങിയതും,ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.

"ഗുഡ്‌ വര്‍ക്ക്‌ ക്രിസ്റ്റി."ഇയര്‍ പീസിലൂടെ ചേച്ചി പറഞ്ഞു..ഒപ്പം അകത്തു നിന്നു എല്ലാവരും.എനിക്കും ആശ്വാസമായായിരുന്നു.ഇതു വലിയ പ്രശ്നമില്ല എന്നൊരു തോന്നല്‍.ഞാന്‍ കണ്ണടച്ചു അവിടെയിട്ടിരുന്ന കസേരയിലിരുന്നു പാട്ടു തീരാന്‍ വെയ്റ്റ്‌ ചെയ്തു.ഇയര്‍ പീസിലൂടെ പ്രത്യേകിച്ചു ഒന്നും കേള്‍ക്കുന്നുമില്ല.

"എത്ര കോള്‍സ്‌ കാണും ചേച്ചി."ഞാന്‍ മൈക്കിലൂടെ ചോദിച്ചു.തിരിച്ചു ഒന്നും കേട്ടില്ല.ഞാന്‍ ഉറക്കെ ഒന്നു കൂടി ചോദിച്ചു..നിശബ്ദത മാത്രം.എനിക്കെന്തോ ചെറിയ ഒരു പേടി തോന്നി തുടങ്ങി.പെട്ടന്ന് ഇയര്‍ പീസിലൂടെ വലിയ ബഹളവും കൂട്ടക്കരച്ചിലും കേട്ടു.അവ്യക്തമായ ശബ്ദങ്ങള്‍,എന്തോക്കെയോ താഴെ വീഴുന്നതു പോലെയും,തല്ലി തകര്‍ക്കുന്നതു പോലെയുമൊക്കെ..ഞാന്‍ ലേപല്‍ മൈക്ക്‌ ഊരാന്‍ തുടങ്ങുന്ന നേരം,അകത്തു നിന്നുള്ള വാതില്‍ തുറന്നു.തുറക്കുന്ന വാതിലിന്റെ വിടവിലൂടെ കണ്ട കാഴച്ച ഞെട്ടിക്കുന്നതായിരുന്നു.തകര്‍ന്നു കിടക്കുന്ന പി.സി.ആര്‍* റൂം.അവിടെയും ഇവിടെയുമൊക്കെ തെറിച്ചു കിടക്കുന്ന ചോരപ്പാടുകള്‍.ആരെയും കാണാന്‍ കഴിയുന്നില്ല.തുറക്കുന്ന വാതിലിലൂടെ ഒരാള്‍ ഫ്ലോറിലേയ്ക്ക്‌ കയറി വന്നു.മുഖം മറച്ചു കൈയ്യില്‍ A.K 47ഉം പിടിച്ചാണു അയാള്‍ വന്നത്‌.രൂപത്തില്‍ നിന്നു വലിയ പ്രായം ഉള്ളതായി തോന്നുന്നില്ല.ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേയ്ക്ക്‌ ഓടി വന്നത്‌ 26/11 ആണു.മുംബൈയിലെ ഭീകരാക്രമണം.പക്ഷേ ഇവിടെ,കേരളത്തില്‍.????അയാള്‍ എന്റെ അടുത്തേയ്ക്ക്‌ നടന്നു വന്നു. എന്റെ സകല ധൈര്യവും ചോര്‍ന്നു പോകുന്നതു പോലെ തോന്നി.

"യെ ലൈവ്‌ ഷോ ഹെ ക്യാ?"

അതെയെന്നു പറയണെമെന്നുണ്ടായിരുന്നെങ്കിലും ശബ്ദമൊന്നും പുറത്തേയ്ക്കു വരുന്നുണ്ടായിരുന്നില്ല.ഉത്തരം കിട്ടാത്തതു കൊണ്ടാകാണം,അയാള്‍ ചോദ്യം ആവര്‍ത്തിച്ചു,ഇക്കുറി കുറച്ചു കൂടി ഉച്ചത്തില്‍ ആയിരുന്നു.

"അബേ ബോല്‍,യെ ലൈവ്‌ ഷോ ഹെ ക്യാ?".ഞാന്‍ അതെയെന്നു തല കുലുക്കി.മുന്നിലെ ടിവിയില്‍ അപ്പോഴേക്കും പാട്ടു തീര്‍ന്നിരുന്നു.അയാള്‍ എന്റെ അരികില്‍ വന്നു നിന്നു.മൊണ്ടാഷ്‌ കഴിഞ്ഞപ്പോള്‍ സ്ക്രീനില്‍ കാണിച്ചത്‌ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു നില്‍ക്കുന്നതാണു.എന്തു പറയണമെന്നു അറിയാതെ ഞാന്‍ അയാളുടെ മുഖത്തേയ്ക്ക്‌ നോക്കി.മൂടാത്ത കണ്ണുകളില്‍ ഭീകരത മാത്രം.

"ഞങ്ങള്‍ ലഷ്കര്‍-ഇ-തൊയിബയിലെ മുജാഹിദുകളാണു.".അയാളുടെ മലയാളം കേട്ട്‌ ഞാന്‍ ശരിക്കും ഞെട്ടി.യാതൊരു ഭാവമാറ്റവും ഇല്ലാതെ അയാള്‍ തുടര്‍ന്നു.

"ഈ ചാനലിന്റെ ഓഫീസും,ഇതിലെ ആളുകളും ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണു.എതിര്‍ക്കാന്‍ ശ്രമിച്ച കുറച്ചു പേരോട്‌ ഞങ്ങള്‍ക്ക്‌ മോശമായി പെരുമാറേണ്ടി വന്നു.ബാകിയുള്ളവര്‍ സുരക്ഷിതരാണു.പക്ഷേ എത്ര നേരത്തേയ്ക്കു കൂടി അവര്‍ അങ്ങനെയായിരിക്കും എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ.അധികാരികള്‍ ഒരു അതി സാമര്‍ത്ഥ്യത്തിനു മുതിരരുതെന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.ഇതിനികം ഈ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞു.ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന പക്ഷം കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യറാണു.ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചറിയാന്‍ അധികാരികള്‍ ഇങ്ങോട്ട്‌,ഈ പ്രോഗ്രാമിലേയ്ക്ക്‌ വിളിക്കുക.വിളിക്കേണ്ട നമ്പര്‍:".ഇത്രയും പറഞ്ഞ്‌ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ നോക്കി.നമ്പര്‍ പറയാന്‍ മുഖം കൊണ്ട്‌ ആംഗ്യം കാണിച്ചു.

04..7..1.1.7..070..77.ഒരു രീതിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു.പറഞ്ഞു കഴിഞ്ഞതും എങ്ങനെയെന്നറിയില്ല,സ്ക്രീനില്‍ അടുത്ത പാട്ടെത്തി.

"എന്താ തന്റെ പേര്‌,?" അയാള്‍ ചോദിച്ചു.

"ക്രി..സ്റ്റി.."

"പേടിക്കെണ്ടെടൊ,നിങ്ങളെ ഭരിക്കുന്നവരു മര്യാദയ്ക്ക്‌ ആണെങ്കില്‍ നിങ്ങളു ജീവിക്കും.ഇല്ലെങ്കില്‍ നിങ്ങളു മരിക്കും,ഞങ്ങളും .അത്രെയെയുള്ളു .ഇതേത്‌ സിനിമയിലെ പാട്ടാ.." പുള്ളിക്കാരന്‍ സ്ക്രീനിലേയ്ക്ക്‌ നോക്കി കൊണ്ടു ചോദിച്ചു.എനിക്ക്‌ അതിലേയ്ക്ക്‌ നോക്കിയിട്ട്‌ ഒന്നും ഓര്‍മ്മ വരുന്നില്ലാ.ഞാന്‍ മിണ്ടാതെ നിന്നു.പിന്നെ പാട്ടു തീരുന്ന വരെ അയാള്‍ ഒന്നും മിണ്ടിയില്ല.പാട്ടു തീര്‍ന്നതും,സ്ക്രീനില്‍ ഞങ്ങളുടെ രൂപം തെളിഞ്ഞു.ഒപ്പം താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചവും.

"കോള്‍ ഉണ്ടെന്നു തോന്നുന്നു..എടുക്ക്‌" .അയാള്‍ പറഞ്ഞു.പക്ഷേ എന്റെ കൈയും കാലുമൊന്നും അനങ്ങുന്നുണ്ടായിരുന്നില്ല.ഞാന്‍ നിന്ന പോലെ തന്നെ അവിടെ നിന്നു.

"കോള്‍ എടുക്ക്‌.." അയാള്‍ കുറച്ചു കൂടി ഉച്ചത്തിലാണു ഇക്കുറി പറഞ്ഞത്‌.ആഗ്രഹമില്ലാഞ്ഞിട്ടല്ല ചേട്ടാ,കൈയും കാലും സത്യമായും അനക്കാന്‍ പറ്റുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു.പക്ഷേ ശബ്ദവും തഥൈവ.എന്നെ കൊണ്ടു എടുപ്പിക്കാന്‍ നോക്കുന്ന നേരത്ത്‌ ഇയാള്‍ക്ക്‌ തന്നെ എടുത്തു കൂടെ,ഞാന്‍ മനസ്സിലോര്‍ത്തു.പക്ഷേ എന്നെ കൊണ്ട്‌ തന്നെ എടുപ്പിക്കണെമെന്നു അയാള്‍ക്ക്‌ എന്തോ വാശി പോലെ.

"കോള്‍ എടുക്ക്‌..."അയാള്‍ അലറി.ഒപ്പം എന്റെ നേരെ തോക്കും നീട്ടി.ഇതാണു അവസാനം എന്നെനിക്കു മനസ്സില്‍ തോന്നി തുടങ്ങി.ഞാന്‍ പതിയെ കണ്ണുകളടച്ചു.അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും മനസ്സു കൊണ്ടു മാപ്പു പറഞ്ഞു.എല്ലാവരുടെയും മുഖങ്ങള്‍ മനസ്സിലൂടെ ഓര്‍ത്തു..അപ്പന്‍,അമ്മ,ചേട്ടന്‍..

"കോള്‍ എടുക്ക്‌".അയാള്‍ വീണ്ടും അലറി...അയാളുടെ വിരല്‍ ട്രിഗറില്‍ അമരുന്ന ശബ്ദം ഞാന്‍ കേട്ടു..എല്ലാം പൂര്‍ത്തിയായി...നീണ്ട വെടിയൊച്ചയുടെ തുടക്കം മാത്രം ഞാന്‍ കേട്ടു.വേദനയില്‍ കണ്ണുകള്‍ അവസാനമായി അടയുമ്പോള്‍ ഞാന്‍ കണ്ടത്‌ തെറിക്കുന്ന എന്റെ രക്ത തുള്ളികളായിരുന്നു..നീണ്ട നിശബ്ദത.ജോലി ചെയ്യുന്ന ചാനലില്‍,ജോലിയ്കിടെ ആ ഫ്ലോറില്‍ മരണത്തിലേയ്ക്ക്‌ ഞാന്‍....

"കോള്‍ എടുക്കടാ പൊട്ടാ..." ..ഇയാള്‍ക്കിനിയും മതിയായില്ലെ.ഞാന്‍ കണ്ണു തുറന്നു നോക്കി.മുന്നിലെ സ്ക്രീനില്‍ എന്റെ രൂപം,ദേഹത്തു വെടിയുണ്ടകളില്ല.താഴത്തെ കണ്‍സോളില്‍ ചുവന്ന വെളിച്ചം..ഇയര്‍ പീസില്‍ ജ്യോതി ചേച്ചിയുടെ അലര്‍ച്ച..."കോള്‍ എടുക്കടാാാ...."

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ ഞാന്‍ കോളെടുത്തു.ഹലോ,ആരാണു എന്നു ചോദിക്കുന്നതിനു പകരം ഞാന്‍ കോളറോടു ചോദിചതു ഇങ്ങനെയായിരുന്നു

"ഹലോ,നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ..??????"
----------------------------------------------------------
*ലേപല്‍ മൈക്ക്:ഷര്‍ട്ടില്‍ കുത്തിവയ്ക്കാവുന്ന രീതിയിലുള്ള മൈക്ക്.ചാനല്‍ അവതാരകരും ന്യൂസ് റീഡേഴ്സും കൂടുതലായി ഉപയോഗിക്കുന്നു

*ഇയര്‍പീസ്:ചെവിയില്‍ വയ്ക്കാവുന്ന ഒരു സ്പീക്കര്‍.മൊബൈലിന്റെ ഹാന്റ്സ് ഫ്രീ പോലെ ഒന്ന്.പി.സി.ആറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവതാരകര്‍ക്ക് കിട്ടുന്നത് ഇതിലൂടെയാണു.

*പി.സി.ആര്‍:പ്രൊഡക്ഷന്‍ കണ്ട്രോള്‍ റൂം.സ്റ്റുഡിയോ ഫ്ലോറിനോട് ചേര്‍ന്നുള്ള ഒരു മുറി.ഇവിടെയിരുന്നാണു ആ ഫ്ലോറില്‍ നടക്കുന്ന ഷൂട്ടിനെ നിയന്ത്രിക്കുന്നത്.

Tuesday, April 7, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം രണ്ട്


ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ്‌ എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്‌.ഞാന്‍ ഉദ്ദേശിച്ചത്‌ ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത്‌ എങ്ങനെയാണു?

ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച്‌ എനിക്ക്‌ നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ കുറിച്ചും അവരുടെ വര്‍ക്കുകളെ കുറിച്ചുള്ള അറിവുമൊക്കെയാണു.അപ്പോള്‍ ഫിലിം ഇന്‍സ്റ്റിട്യൂടിനെ പറ്റി എനിക്കു സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു.

ചോ:സിനിമ ജീവിതമാണെന്നു തീരുമാനിച്ചു എന്നു പറഞ്ഞു,പക്ഷേ എന്തു കൊണ്ടാണു ശബ്ദം എന്ന ഈ ഒരു മേഖല തിരഞ്ഞെടുക്കാന്‍ കാരണം?

ഉ:അതങ്ങനെയല്ല.അവിടെ എത്തിപ്പെടുന്ന രീതി വേറെയാണു.ഞാന്‍ B.Sc Physics കഴിഞ്ഞ്‌ Law യ്ക്കു ചേരുന്നതിനു മുന്‍പ്‌,വെറുതെ ഒരു പണിയൊന്നുമില്ലാതെ നില്‍ക്കുമ്പോഴാണു M.Scയ്ക്കു അപ്ലൈ ചെയ്യുന്നത്‌.അന്ന് ബാപ്പയുടെ ഒരു തീരുമാനം എന്നു വച്ചാല്‍ Donation കൊടുത്തു എങ്ങും ഒരു അഡ്മിഷന്‍ എടുക്കുന്നില്ല.എനിക്കും താത്പര്യമില്ലായിരുന്നു.ഞാന്‍ ഒരു വലിയ പ്രിന്‍സിപ്പളായി തന്നെ കൊണ്ടു നടന്നിരുന്ന ഒന്നാണത്‌.ബാപ്പയുടെ ഒരു വാല്യൂ സിസ്റ്റത്തിനെ Admire ചെയ്തിരുന്ന,ചെയ്യുന്ന ഒരാളാണു ഞാന്‍.150 വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പല യൂണിവേഴസിറ്റികളില്‍ നിന്നായി പഠിച്ചിറങ്ങുന്നുണ്ടായിരുന്നു.കേരളാ യൂണിവേഴ്സിറ്റിയില്‍ M.Scയ്ക്കുള്ളത്‌ പത്തു സീറ്റു മാത്രം.M.Scയ്ക്കു പഠിക്കാന്‍ പറ്റാതെ നില്‍ക്കുന്ന ആ സമയത്ത്‌ പത്രത്തില്‍ പരസ്യം കാണുന്നു,ഫിലിം ഇന്‍സ്റ്റിട്യൂടില്‍ B.Sc Physics Or Electronics Degree Base ചെയ്തുള്ള സൗണ്ട്‌ എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ഉണ്ടെന്നറിഞ്ഞു ഞങ്ങള്‍ കുറച്ചു സുഹൃത്തുകള്‍ ചേര്‍ന്നു ഇതിനു അപ്ലൈ ചെയ്യുകയാണു ചെയ്തത്‌.All India Entrance ഉണ്ടായിരുന്നു,അതെനിക്കു മാത്രമേ കിട്ടിയുള്ളു.അപ്പോള്‍ ഞാന്‍ Already Lawയ്കു ജോയിന്‍ ചെയ്തു കഴിഞ്ഞിരുന്നു.കാരണം ഫിലിം ഇന്‍സ്റ്റിട്യൂടിലെ ടൈമിംഗ്‌ Different ആണു.അങ്ങനെ ഞാന്‍ ഫിലിം ഇന്‍സ്റ്റിട്യൂടിലെത്തുന്നു.എത്തിക്കഴിഞ്ഞ്‌ പക്ഷേ ആദ്യ തവണ എനിക്ക്‌ അഡ്മിഷന്‍ കിട്ടിയില്ല.

ചോ:എന്തായിരുന്നു ആ സമയത്തെ ഒരു റിയാക്ഷന്‍?

ഉ:First Time അവിടെ എത്തുന്ന സമയത്ത്‌,ഒരു എഞ്ചിനീയറിംഗ്‌ കോഴ്സ്‌ ആണെന്നു പറഞ്ഞാണു പോകുന്നത്‌.അവിടെ ചെന്നു കഴിയുമ്പോള്‍ സിനിമയെ പറ്റി ഒരാഴച്ചത്തെ കോഴസ്‌ തരും.സെലക്ഷന്‍ Procedureന്റെ ഒരു ഭാഗമാണത്‌.ഫിലിം ഇന്‍സ്റ്റിട്യൂടിന്റെ ഒരു വലിയ ഫിലോസഫിയാണത്‌.നമ്മള്‍ ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നായിരിക്കും വരുന്നത്‌.വേറൊരാള്‍ ഇന്ത്യയിലെ ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ നിന്നായിരിക്കും വരുന്നത്‌.ഇവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയിരിക്കുന്ന Exposure ഒരേ പോലെയായിരിക്കണം എന്നില്ല.ഇവര്‍ക്കു കോമണ്‍ ആയ ഒരു Exposure കൊടുക്കുക.അതു Base ചെയ്ത്‌ നിങ്ങളുടെ ഉള്ളില്‍ ഒരു വിഷ്വല്‍ ആര്‍ട്ടിസ്റ്റോ അല്ലെങ്കില്‍ ഒരു സിനിമാറ്റോഗ്രാഫറോ ഉണ്ടായിരിക്കും,അതിനെയാണു നമ്മള്‍ ടാപ്പ്‌ ചെയ്യേണ്ടത്‌.ഞാന്‍ നേരത്തെ പറഞ്ഞ Information & Knowledge Difference വരുന്നത്‌ ഇവിടെയാണു.അപ്പോള്‍ ഇങ്ങനെ അവിടെ 6-7 ദിവസം താമസിച്ച്‌,കോഴ്സില്‍ പങ്കെടുത്ത്‌,അതിനു ശേഷം അതു base ചെയ്ത്‌ ഒരു Written Test,Interview ഒക്കെയാണു.അപ്പോഴാണു ഞാന്‍ പഠിക്കാന്‍ വന്നത്‌ ഒരു എഞ്ചീനിയറിംഗ്‌ കോഴ്സല്ല.Cinema As An Artful Medium എന്നു പഠിക്കുകയാണു.അതിന്റെ ക്രാഫ്റ്റ്‌ ആണു Sound Recording.അപ്പോള്‍ അതിനു Technical ആയി പഠിക്കണം.അതു പോലെ Aesthetics.സിനിമയില്‍ സൗണ്ട്‌ എന്നത്‌ Its An Artistic Blend Of Aesthetics And Technology..അപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ ഒരു ടെക്നോളജി നമ്മള്‍ അറിഞ്ഞിരിക്കണം.ഒരു Equipment ഉപയോഗിക്കുന്ന രീതി നമ്മള്‍ അറിഞ്ഞിരിക്കണം.ഇപ്പ്പ്പോള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതണമെങ്കില്‍ നിങ്ങള്‍ വേറെയൊരു ലാംഗ്വേജ്‌ അറിഞ്ഞിരിക്കണമല്ലോ.അപ്പോള്‍ ഇതു ഒരു സയന്‍സ്‌ Student എന്ന നിലയില്‍ എന്നെ Satisfy ചെയ്ത സംഭവം,ഒരു ആര്‍ട്ടിസ്റ്റ്‌ എന്ന നിലയില്‍ എന്നെ Satisfy ചെയ്തം സംഭവം.ഇതു രണ്ടും പെര്‍ഫെക്ട്‌ ആയി ബ്ലെന്‍ഡ്‌ ആകുന്ന ഒരു സംഭവമായിയാണു ഞാന്‍ Sound Recording നെ കണ്ടത്‌.അപ്പോള്‍ ആദ്യത്തെ വര്‍ഷം അഡ്മിഷന്‍ കിട്ടിയില്ല.ഭയങ്കര വിഷമമായി പോയി.പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ അഡ്മിഷന്‍ കിട്ടാതെയിരുന്നത്‌ വളരെ നന്നായി എന്നെനിക്കു തോന്നി.കാരണം ഫിലിമിനെ പറ്റി ആധികാരികമായി പഠിക്കാന്‍ കഴിഞ്ഞു പിന്നീടുള്ള ഒരു വര്‍ഷം.എന്താണു ചെയ്യേണ്ടതെന്നു കൃത്യമായി മനസ്സില്ലായി.Prepare ചെയ്തു.രണ്ടാമത്‌ Appear ചെയ്തു ,First റാങ്കോടു കൂടിയാണു ഞാന്‍ അഡ്മിഷന്‍ നേടുന്നത്‌.

ചോ:ഞാന്‍ ഒരു Film Institute Student ആണെന്ന ഒരു സത്യം,Did You Feel It As A Miracle.വിളക്കുപാടം പോലെയൊരു കൊച്ചു ഗ്രാമത്തില്‍ നിന്നും,ഇങ്ങനെയൊരു സ്ഥലത്ത്‌ വന്നു പഠിക്കുക.

ഉ:അതു വലിയൊരു അഭിമാനം തോന്നിയിട്ടുണ്ട്‌.അതു പോലെയൊരു സ്ഥലത്ത്‌ അഡ്മിഷന്‍ കിട്ടുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണു.സ്വയം Elite ആയി ഒക്കെ തോന്നിയിട്ടുണ്ട്‌.പിന്നെ നമ്മള്‍ അവിടെ Cinema As An Art എന്നു പഠിക്കുന്ന നേരത്ത്‌,ഇതില്‍ ഒരുപാട്‌ Intricites ഉണ്ട്‌.Intricate ആയ കാര്യങ്ങള്‍.നമ്മള്‍ വിശ്വോത്തര സിനിമകള്‍ ഒക്കെ കണ്ട്‌,റോഡിലൂടെ ഒക്കെ നടക്കുമ്പോള്‍,ആളുകളെ കാണുമ്പോള്‍,നമ്മള്‍ എന്താണു കണ്ടത്‌,നമ്മള്‍ എന്താണു അറിഞ്ഞത്‌,ഇതൊന്നും ഇവരറിയുന്നില്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌.ഇതു തന്നെ Physics പഠിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്‌.ഗഹനമായ കാര്യങ്ങള്‍ ഒക്കെ പഠിക്കുമ്പോള്‍,ഇതൊന്നും സാധാരണക്കാര്‍ക്കു മനസ്സിലാവുന്നില്ലല്ലോ എന്നൊക്കെ വിചാരിക്കാറുണ്ടായിരുന്നു.നമ്മള്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുന്ന സമയത്ത്‌ നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക്‌ മനസ്സില്ലാവുന്നില്ല എന്നൊരു Phase ലൂടെ കടന്നു പോകുമല്ലോ.നമ്മള്‍ അച്ചനേയും അമ്മയേയും ഒക്കെ Neglect ചെയ്യുന്ന ഒരു Phase ഉണ്ടല്ലോ.നമ്മള്‍ പറയുന്നതൊന്നും അവര്‍ക്ക്‌ മനസ്സില്ലാവില്ല എന്നു കരുതുന്ന യൂത്തിന്റെ ഒരു സംഭവമുണ്ടല്ലോ.ആ ഒരു അവസ്ഥ ആയിരുന്നു ഞാന്‍ Institute ലൂടെ പോകുന്ന സമയത്ത്‌.ശരിക്കും Lifeന്റെ ഒരു ഫോര്‍മേഷന്‍ സംഭവമായിരുന്നു അത്‌.

ചോ:സാറിന്റെ ഒരു കരിയര്‍ ആരംഭിക്കുന്നത്‌ 1997ല്‍ ആണു.ആ വര്‍ഷമാണു,Private Detective എന്ന ആദ്യ സിനിമ വരുന്നത്‌.പക്ഷേ റസൂല്‍ പൂക്കുട്ടി എന്ന ഒരു Sound Recordist ബോളിവുഡില്‍ ഉണ്ടെന്നു അറിയുന്നത്‌,2004ല്‍ ബ്ലാക്ക്‌ എന്ന സിനിമ വരുമ്പോഴാണു.ആ ഒരു Span Of Time, എന്തായിരുന്നു Experience

ഉ:Actually ഞാന്‍ 1995 മുതല്‍ ഫീല്‍ഡിലുണ്ട്‌.ഈ ഒരു മൂവിയുടെ വര്‍ക്ക്‌ ഞാന്‍ 1995ല്‍ ചെയ്തതാണു.അതു സെന്‍സര്‍ ചെയ്തത്‌ 1997ല്‍ ആണെന്നു മാത്രം.

ഞാന്‍ Instituteല്‍ നിന്നിറങ്ങുന്നതേ പ്രത്യേകതയുള്ള എന്തെങ്കിലും സംഭവം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണു.അ സമയത്ത്‌ Sync Sound എന്ന ടെക്നിക്ക്‌ ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.1995-2004 വരെയുള്ള പത്തു വര്‍ഷം ഞാന്‍ ഒരുപാട്‌ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.Equally Important ആയ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്‌.പക്ഷേ അതൊന്നും വലിയൊരു ഹിറ്റായോ,Public Recognize ചെയ്യുന്ന വലിയൊരു ഈവന്റ്‌ ആയോ മാറിയിട്ടില്ല എന്നതാണു.ബ്ലാക്ക്‌ എന്ന ഒരു വര്‍ക്ക്‌ ചെയ്യണമെങ്കില്‍ അതിലേയ്ക്ക്‌ നയിക്കുന്ന കുറേ വര്‍ക്കുകള്‍ ഉണ്ടാകണമല്ലോ,അതായിരുന്നു ആ പത്തു വര്‍ഷങ്ങളില്‍ നടന്നു കൊണ്ടിരുന്നിരുന്നത്‌.I've Done Very Serious,Competitive Work

ചോ:എങ്ങനെയാണു സ്ലം ഡോഗ്‌ മില്ലെനിയര്‍ എന്ന ചിത്രത്തിലേയ്ക്ക്‌ വരുന്നത്‌.

ഉ:ആ സിനിമയുടെ ഇന്ത്യന്‍ ലൈന്‍ പ്രൊഡ്യൂസേഴസാണു എന്നെ ആദ്യം ആ ചിത്രത്തിലേയ്ക്കു വിളിക്കുന്നത്‌.ഞാന്‍ സാവരിയ ചെയ്തു കൊണ്ടിരുന്ന സമയം ആയിരുന്നു അത്‌.ഞാന്‍ അവരൊടൊപ്പം കുറച്ച്‌ Commercials ചെയ്തിട്ടുണ്ടായിരുന്നു.


ചോ:സ്ലം ഡോഗില്‍ എന്തായിരുന്നു സാറിന്റെ ജോലി,What Did You Do In Slumdog Millionaire?

ഉ:Basically I Did,Live Sound Recording In Slum Dog Millionaire.ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ തന്നെ സൗണ്ട്‌ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ചോ:പലയിടത്തും വായിച്ചിട്ടുണ്ട്‌,സ്ലം ഡോഗിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ സെറ്റില്‍ നിന്ന് റസൂല്‍ ഇറങ്ങി പോയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്‌?

ഉ:നമ്മള്‍ ഒരു പ്രൊഫഷണല്‍ ആയതു കൊണ്ടാണല്ലോ,നമ്മളെ ഒരു പ്രോജക്ടിലേയ്ക്ക്‌ Hire ചെയ്യുന്നത്‌.അപ്പോള്‍ നമ്മള്‍ പറയുന്നതു കേള്‍ക്കാതെ വരുമ്പോള്‍ പിന്നെ ഒരു പ്രൊഫഷണല്‍ ആയി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ

ചോ:ആ ഒരു സെറ്റിലെ Experience എങ്ങനെയായിരുന്നു.?

ഉ:അതു ശരിക്കും Explain ചെയ്യാന്‍ പറ്റാത്ത ഒന്നാണു.ഡാനി ബോയ്‌ലും അതിന്റെ ക്യാമറാമാനുമൊക്കെ ലോകത്തിലെ അറിയപ്പെടുന്ന ടെക്നീഷ്യന്‍സ്‌ ആണു.അവരോടൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ പറ്റുക എന്ന വലിയൊരു സംഭവമായി ആണു ഞാന്‍ ആ സിനിമയെ കണ്ടിട്ടുള്ളത്‌.പക്ഷേ അതേ സമയം തന്നെ നമുക്ക്‌ പ്രൊഫഷണല്‍ ഒപ്പീനിയന്‍സ്‌ ഉണ്ട്‌.അതു കൃത്യമായി പാലിക്കപ്പെടണം നമ്മള്‍ അവിടെ വര്‍ക്ക്‌ ചെയ്യുന്ന സമയത്ത്‌.

ചോ:സാറിന്റെ ഒരു വര്‍ക്ക്‌ ഓസ്കാറിനു നോമിനേറ്റഡ്‌ ആയി എന്നറിഞ്ഞ ആ ഒരു നിമിഷം എങ്ങനെയായിരുന്നു.?

ഉ:SHOCKING !!!

ചോ:ഇനി ചോദിക്കാനുള്ളത്‌,ഓസ്കാര്‍ ഈവില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചാണു.
സാറു വരുന്നത്‌ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നുമാണു.മലയാളം മീഡിയം സ്കൂളില്‍ പഠിച്ചു വളര്‍ന്നു.പക്ഷെ The Speech You Made There Was Selected As The Most Elequoent Speech Of The Evening.Was That Pre Planned.അതായത്‌ എനിക്ക്‌ ഓസ്കാര്‍ കിട്ടിയാല്‍ ഞാന്‍ ഇതെല്ലാം പറയുമെന്നു നേരത്തേ തീരുമാനിച്ചിരുന്നോ?

ഉ:തീര്‍ച്ചയായിട്ടും.അതിന്റെ പറ്റി ഞാന്‍ ആലോചിച്ചിരുന്നു,ഓമിനെ കുറിച്ചു പറയണമെന്നു തീരുമാനിച്ചിരുന്നു.ശരിക്കും അതൊരു Pre Decided സംഭവമായിരുന്നു.The Way It Came And I Spoke Was Part Of The Moment.But I Had A Clear Vision What I'm Going To Speak

ചോ:Will Smith,Oscar Announce ചെയ്ത ആ ഒരു മൊമന്റ്‌.ഓസ്കാര്‍ ഗോസ്‌ ടു സ്ലം ഡോഗ്‌ മില്ലെനിയര്‍.How Did It Feel?

ഉ:അതു ശരിക്കും ഞാന്‍ മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നതു പോലെയാണു എനിക്കു തോന്നിയത്‌..

ചോ:How Life Has Changed,Before Oscar And After Oscar?

ഉ:For Me,Personally Nothing Have Changed.Professionaly,Not Much Have Changed.Socially,You People Are Calling Me,Thats The Change.

ചോ:ഇന്നു സാറ്‌ ഒരു ഗ്ലോബല്‍ മലയാളിയാണു.ലോകം ഇന്നു താങ്കളെ അറിയും.മനസ്സു കൊണ്ടു റസൂല്‍ ഇന്നു എത്ര മാത്രം ഒരു മലയാളിയാണു?

ഉ:I'm a malayalee,Completely.ഞാനിപ്പോഴും എന്റെ കുട്ടികളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്‌ പുറത്തു പോകുന്നുണ്ട്‌.ഞാന്‍ ഇപ്പോഴും എല്ലാ അര്‍ത്ഥത്തിലും ഒരു മലയാളി തന്നെയാണു.

ചോ:സാറിന്റെ ഒരു അനുഭവത്തില്‍,ഒരു മലയാളിയെ എങ്ങനെ വിലയിരുത്തുന്നു.How Do You Evaluate A Malayalee?

ഉ:Very Big Social Hiprocrat

ചോ:Whats Next?എന്താണു കരിയറിലെ അടുത്ത പ്ലാന്‍?

ഉ:ഞാന്‍ ഒരിക്കലും എന്റെ ജീവിതവും കരിയറും പ്ലാന്‍ ചെയ്തിട്ടില്ല.Everything Was Happening To Me

ചോ:സിനിമ സംവിധാനം ചെയ്യുക എന്നൊരു ആഗ്രഹമുണ്ടെന്നു എവിടെയോ വായിച്ചു.എന്നാണു Direction & Sound Mixing-Rasool Pookutty എന്ന ഒരു ടൈറ്റില്‍ കാണാന്‍ കഴിയുക.?

ഉ:സിനിമാ ഫീല്‍ഡില്‍ ഉള്ള എല്ലാവരുടേയും ആഗ്രഹമാണു ഒരു സിനിമ ചെയ്യുക എന്നത്‌.ഒരു സിനിമ ചെയ്യാന്‍,ഞാന്‍ പ്ലാന്‍ ചെയ്ത പോലെയുള്ള ഒരു സിനിമ ചെയ്യണമെങ്കില്‍ ഇനിയും ഞാന്‍ Mature ആകേണ്ടതുണ്ട്‌.ആ Maturity വന്നു കഴിയുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമ ചെയ്യുന്നതായിരിക്കും.

ചോ:ഞങ്ങള്‍ക്ക്‌ മലയാളത്തില്‍ സാറിന്റെ പേര്‌ ടൈറ്റില്‍സില്‍ ഉടനെ തന്നെ കാണാന്‍ കഴിയുമോ?

ഉ:തീര്‍ച്ചയായും.

ചോ:സാറിന്റെ ഒരു Perspectiveല്‍ എന്താണു Malayalam Film Industry ഇന്നു Lack ചെയ്യുന്നത്‌?

ഉ:മലയാളം Industry എന്നു മാത്രമല്ല മൊത്തത്തില്‍ ഇന്ത്യന്‍ സിനിമ Industryയില്‍ Lack ചെയ്യുന്ന ഒരു സംഭവം എന്നു വച്ചാല്‍ Screen Writing എന്ന ഒരു ഫാക്കല്‍റ്റി Develop ആകുന്നില്ല.അതിന്റെ Rigorus ആയ ഒരു Practice ആയി ഇന്ത്യന്‍ സിനിമ കാണുന്നില്ല.അതു തന്നെയാണു ഏറ്റവും വലിയ ഒരു പോരായ്മയും.

ചോ:ഓസ്കാര്‍ കഴിഞ്ഞു നടന്ന ഫിലിംഫെയര്‍ അവാര്‍ഡ്‌ നിശയില്‍ A.R Rahman ആദരിക്കപ്പെടുകയുണ്ടായി.പക്ഷേ റസൂല്‍ പൂക്കുട്ടിയെ അവിടെ കണ്ടില്ല.എന്തു കൊണ്ട്‌?

ഉ:That You Should Ask Filmfare People

ചോ:ഒരു മലയാളിയാണെന്ന ഐഡന്റിറ്റി,എപ്പോഴെങ്കിലും ബോളിവുഡില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടോ?

ഉ:ഇല്ല , ഒരിക്കലുമില്ല.എങ്ങനെ ഒരു Discrimination ഉണ്ടായിട്ടില്ല.അതൊരു തെറ്റായ ചിന്താഗതിയാണു .അങ്ങനെയാണെങ്കില്‍ റഹ്മാന്‍ Outsider ആണു. ചെന്നൈയില്‍ നിന്നല്ലേ.അതൊന്നുമില്ല.മറ്റന്തെങ്കിലും Politics ഉണ്ടാകാം.{I'വെ ണെവെര്‍ Bഈന്‍ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌ Aന്ദ്‌ I ഡൊന്റ്‌ Wഅന്റ്‌ ടൊ Bഎ A Pഅര്‍റ്റ്‌ ഓf ഠറ്റ്‌ Pഒലിറ്റിcസ്‌.}


ചോ:There Is A Student Community In Kerala Who Is Looking Upto Rasool Pookutty,അവര്‍ക്കുള്ള ഒരു മെസേജ്‌ എന്താണു?

ഉ:Looking Upto Rasool Pookutti Is Very Dangerous..I'm Just Joking.What To Say?Rather Than Looking Upto Rasool Pookutti,You Should Develop Your Own Identity,Like I'm Mridul.പിന്നെ എനിക്ക്‌ തരാന്‍ ഒരു ഉപദേശം ഇല്ല,ഉപദേശം നല്‍കാന്‍ എനിക്കു ഇഷ്ടവുമല്ല,I Would Say,Follow Your Heart.Thats It.