Monday, December 24, 2007

നക്ഷത്രങ്ങള്‍ കഥ പറയുമ്പോള്‍...

നാളത്തെ പ്രസന്റേഷനു വേണ്ട അവസാനത്തെ സ്ളൈഡും കഴിഞ്ഞു.മണി ഒന്നര.ഞാന്‍ സിസ്റ്റം ഷട്ട്‌ ഡൌണ്‍ ചെയ്ത്‌ എഴുന്നേറ്റു,ജനാലയിലൂടെ അരികിലേയ്ക്ക്‌ നീങ്ങി.നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌ പുറത്ത്‌.പതിവില്ലാത്തവണ്ണം നല്ല നിലാവും.ക്രിസ്മസ്സിന്റെ വരവറിയിച്ചു കൊണ്ട്‌ പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങള്‍..ഞാനും തൂക്കിയിട്ടുണ്ട്‌ ഒരു നക്ഷത്രം..ഒരു കൊച്ചു വെള്ള നക്ഷത്രം.പണ്ടൊക്കെ നാലഞ്ചു നക്ഷത്രങ്ങള്‍ ഇടാനും,അതു മാറി മാറി മിന്നിക്കാനുമൊക്കെ എന്തു കൊതിയായിരുന്നു.പക്ഷേ അതിനുള്ള പണം ചോദിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ മടിക്കും.ഇന്നിപ്പോ ആരോടും ചോദിക്കാതെ തന്നെ പണം ചെലവാക്കാം എന്നായപ്പോഴെക്കും അതിലുള്ള താത്പര്യം ഒക്കെ കുറഞ്ഞു...

പുറത്തെ നിലാവ്‌ വല്ലാതെ കൊതിപ്പിക്കുന്നു.ഇന്നത്തെ ഉറക്കം ടെറസില്‍ ആക്കാം.ബെഡ് ഷീറ്റും തലയിണയും എടുത്തു ഞാന്‍ ടെറസിലേയ്ക്കു കയറി.ഷീറ്റു വിരിച്ചു ഞാന്‍ അവിടെ കിടന്നു.ധനു മാസത്തിന്റെ തണുപ്പരിച്ചു കയറുന്നു.പക്ഷേ അടച്ചിട്ട മുറിയിലെ എ.സിയുടെ തണുപ്പിനേക്കാളും സുഖമുണ്ട് ഇതിനു.ടെറസിലെ രാത്രികള്‍ സ്ഥിരമായിരുന്നു,ഒരു 2-3 വര്‍ഷം മുന്‍പ് വരെ.അതു ഈ ടെറസിലായിരുന്നില്ല.ഹോസ്റ്റലില്‍.സുഹൃത്തുകളുടെയൊപ്പം അറിവുള്ളതും ഇല്ലാതതുമായ എല്ലാ വിഷയങ്ങളേയും പറ്റി ആധികാരികമായി സംസാരിച്ച്,വാര്‍ഡന്റെ കണ്ണു വെട്ടിച്ച് മുറിയ്ക്കുള്ളില്‍ ഹീറ്റര്‍ കുത്തി ഉണ്ടാക്കിയ കട്ടനുമടിച്ച്..അതൊരു കാലം..

നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്.ഉള്ളതാകട്ടെ,ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു.കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും കണ്ണടയ്ക്കാന്‍ തോന്നുന്നില്ല.ഞാന്‍ ആകാശത്തേയ്ക്കു നോക്കി,എന്തൊക്കെയോ ആലോച്ചിച്ചു കിടന്നു.അവിടെയുള്ള നക്ഷത്രങ്ങള്‍ എണ്ണം പതിയെ പതിയെ കുറഞ്ഞു വരുന്നതു പോലെ തോന്നുന്നു.. തോന്നല്ലല്ല,ശരിക്കുമതു സംഭവിക്കുകയായിരുന്നു.എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി..പ്രകാശം തീരെ കുറഞ്ഞ ഒരു നക്ഷത്രം...എന്തോ ഒരു കൌതുകം തോന്നി ഞാനതിനെ തന്നെ നോക്കി കിടന്നു...ആ നോട്ടത്തിനിടയ്ക്കെപ്പോഴോ ഞാന്‍ മയങ്ങി....

“മൃദുല്‍..”.ആരോ വിളിക്കുന്നതു കേട്ടിട്ടാണു എഴുന്നേറ്റതു.

ചുറ്റും നോക്കിയിട്ടു ആരേയും കാണുന്നുമില്ല.വാച്ചില്‍ നോക്കിയപ്പോള്‍ മണി രണ്ടരയാകുന്നതേയുള്ളു.ഇനി ഉറങ്ങാന്‍ പറ്റുമെന്നു തോന്നുന്നില്ല.ഞാന്‍ വെറുതെ അവിടെ കിടന്നു.ആകാശത്തിപ്പോഴും ആ നക്ഷത്രം മാത്രം.അതിന്റെ പ്രകാശം വീണ്ടും കുറഞ്ഞതു പോലെ..

“മൃദുല്‍,നിന്നെ വിളിച്ചതു ഞാനാണു..”.മനസ്സില്‍ ചെറിയ പേടി തോന്നാതിരുന്നില്ല.ധൈര്യം വിടാതെ ഞാന്‍ അവിടെ കിടന്നു തന്നെ തിരിച്ചു ചോദിച്ചു..”ഞാനെന്നു വച്ചാല്‍..”

“ഞാനന്നു വച്ചാല്‍ ഞാന്‍ തന്നെ.ഇത്രയും നേരം എന്നെ കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ലേ.ആകാശത്തേയ്ക്കു നോക്കിയേ..”

ഞാന്‍ ആകാശത്തേയ്ക്ക് നോക്കി.ഇപ്പോഴും ആ നക്ഷത്രം മാത്രം..പക്ഷേ ഇത്തവണ ,അതൊന്നു മിന്നി.ഈ നക്ഷത്രമാണോ എന്നെ വിളിച്ചതു..ഏയ്,ഞാന്‍ എന്റെ കൈത്തണ്ടയില്‍ പതിയെ ഒന്നു നുള്ളി.നല്ല വേദന,അപ്പോളിതു സ്വപനമല്ല.പക്ഷേ,നക്ഷത്രങ്ങള്‍ സംസാരിക്കുമോ...ഇതു വരെ ഒരാളും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.അല്ല പിന്നെ,ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാ ഇനി പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നതു...കണ്ണു മുറുക്കിയടച്ചു ഞാന്‍ അവിടെ കിടന്നു.അല്ല,ഇരുപത്തിനാലു മണിക്കുറും പ്രോഗ്രാമിംഗ് ചെയ്തോണ്ടിരുന്നാല്‍ ഇതല്ല,ഇതിന്റെ അപ്പുറവും തോന്നും...

പക്ഷേ വീണ്ടും എന്റെ പേരാരോ വിളിച്ചു..ഒന്നല്ല,ഒരുപാട് തവണ..

“മൃദുല്‍,ഇതു ഞാനാണു,നീ ഇത്രയും നേരം നോക്കി കിടന്ന നക്ഷത്രം.”

അപ്പോളതു തന്നെ സംഭവം.നക്ഷത്രങ്ങള്‍ ഭൂമിയില്‍ നിന്നു സ്വര്‍ഗത്തില്‍ എത്തിയവരാണെന്നാണല്ലോ വയ്പ്.ഞാന്‍ രണ്ടും കല്പിച്ചു ചോദിച്ചു.

“നീയാരാ?”

“ഞാന്‍..ഞാന്‍ നിന്റെ നക്ഷത്രം.”..

“എന്റെ നക്ഷത്രമോ,അതിനു ഞാന്‍ മരിച്ചോ...?മരിച്ചവരല്ലേ,നക്ഷത്രമായി വരുന്നതു..” ഞാന്‍ ചോദിച്ചു.

ഉത്തരം ഒരു ചിരിയായിരുന്നു.ചോദിച്ചതു അബദ്ധമായോ എന്ന മട്ടില്‍ ഞാന്‍ ആ നക്ഷത്രത്തെ നോക്കി..ചിരിയുടെ അവസാനം നക്ഷത്രം പറഞ്ഞു.

“ആരാ മൃദുലേ,നിന്നോടീ മണ്ടത്തരമൊക്കെ പറഞ്ഞതു.ഞങ്ങള്‍ നക്ഷത്രങ്ങള്‍ മരിച്ചവരുടെ പുനര്‍ജന്മം അല്ല,ജീവിച്ചിരിക്കുന്നവരുടെ സന്തോഷമാണു.”

“ജീവിച്ചിരിക്കുന്നവരുടെ സന്തോഷമോ?”എനിക്കൊന്നും മനസ്സില്ലായില്ല...നക്ഷത്രം തുടര്‍ന്നു..

“അതെ,ജീവിച്ചിരിക്കുന്നവരുടെ സന്തോഷം.ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഒരോ നക്ഷത്രമുണ്ട്.ആളുകളുടെ സന്തോഷത്തിനനുസരിച്ച് അതിന്റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും..”

“ആഹാ,ഇതു കൊള്ളാല്ലോ.”ഞാന്‍ മനസ്സില്‍ പറഞ്ഞു.

“അപ്പോള്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്ന നക്ഷത്രങ്ങളോ..അവരൊക്കെ എവിടെ.?” ഞാന്‍ ചോദിച്ചു.

“അതോ,അവരൊക്കെ അവരുടെ ഭൂമിയിലെ ഉടമസ്ഥരുടെ സന്തോഷക്കുറവു കൊണ്ടു ഇരുണ്ടു ഇരുണ്ടു ഇല്ലാതായി.എന്നു വച്ച് ആ ആളുകള്‍ക്കു ഇനി സന്തോഷമേ ഉണ്ടാകില്ല എന്നല്ല കേട്ടോ..പോയതിനു പകരമായി,പുതിയ കുട്ടി നക്ഷത്രങ്ങള്‍ ആ ആളുകള്‍ക്കു വേണ്ടിയുണ്ടാകും.”

“നീ എന്റെ നക്ഷത്രമല്ലേ,പിന്നെന്താ ഇങ്ങനെ മങ്ങിയിരിക്കുന്നേ?” ഞാന്‍ ചോദിച്ചു.

“അതിനുള്ള ഉത്തരം എനിക്കു തരേണ്ടതു മൃദുലാണു.ഞാന്‍ പറഞ്ഞില്ലേ,നിന്റെ സന്തോഷമാണു എന്റെ പ്രകാശം.സത്യം പറ,നിനക്കു സന്തോഷമുണ്ടോ?”

എന്തു മറുപടി പറയും.ഞാനും കുറച്ചു ദിവസമായി ഇതെന്നോടു തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ട്.

“എനിക്കു സങ്കടമില്ല.” ഞാന്‍ മറുപടി പറഞ്ഞു.

“അതല്ലല്ലോ ഞാന്‍ ചോദിച്ചതിന്റെ ഉത്തരം..നിന്റെ സന്തോഷക്കുറവു കാരണം,എന്റെ ആയുസ്സു തീരാന്‍ പോകുന്നു.പക്ഷേ,എനിക്കീ ഭൂമി വിട്ട്,ഇതിന്റെ നന്മകള്‍ വിട്ട്,ഈ കാഴ്ച്ചകള്‍ വിട്ട്,ജനിച്ചപ്പോള്‍ മുതല്‍ എന്റെ കൂടെയുള്ള നിന്നെ വിട്ട് ഇരുട്ടിലേയ്ക്ക് പോകാന്‍ വയ്യാ.”

“പക്ഷേ ഞാനെന്തു ചെയ്യും.ഞാന്‍ പറഞ്ഞല്ലോ,എനിക്കു സന്തോഷക്കുറവില്ല..എന്നിട്ടും നിന്റെ പ്രകാശം കുറയുന്നതിനു ഞാന്‍ എന്തു ചെയ്യാനാ.?” ഞാന്‍ ചോദിച്ചു.

“എനിക്കറിയാം,ഞാന്‍ ഇരുളാന്‍ കാരണം നിന്റെ സന്തോഷകുറവാകില്ല.പക്ഷേ ഞങ്ങളുടെ പ്രകാശത്തെ നിയന്ത്രിക്കുന്ന മറ്റൊന്നു കൂടിയുണ്ട്.ഞങ്ങളുടെ ഉടമസ്ഥര്‍ക്കു മറ്റുള്ളവരോടുള്ള വെറുപ്പ്,ദേഷ്യം.ഇതെല്ലാം കൂടുമ്പോള്‍ അവരറിയാതെ തന്നെ അവരുടെ സന്തോഷം കുറയും.അതവര്‍ക്കു മനസ്സിലാകില്ല എങ്കിലും ഞങ്ങള്‍ക്കറിയാം,കാരണം ഞങ്ങളില്‍ ഒരുപാട് പേര്‍ക്കു ഭുമി വിടേണ്ടി വന്നതിന്റെ കാരണമതാണു.പറയൂ മൃദുല്‍,നിനക്കാരോടെങ്കിലും വെറുപ്പുണ്ടോ,ആരോടെങ്കിലും അടക്കാനാവത്ത ദേഷ്യമുണ്ടോ..?”

ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു.

“ഉണ്ടാകാം..അല്ല ഉണ്ട്.പക്ഷേ അതിനെന്താ ഇവിടെ കാര്യം. പലരുടെ പ്രവൃത്തികള്‍ കൊണ്ടും,സംസാരം കൊണ്ടും എനിക്കു വെറുപ്പും ദേഷ്യവുമൊക്കെ തോന്നീട്ടുണ്ട്.ഇപ്പോഴും തോന്നുന്നുണ്ട്..അതു കൊണ്ടു എന്റെ സന്തോഷം കുറഞ്ഞതായി എനിക്കു തോന്നീട്ടില്ല.അല്ല,ഇപ്പോ കുറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു കുഴപ്പമില്ല.”

“നിനക്കു കുഴപ്പമില്ലായിരിക്കും..പക്ഷേ ഞാന്‍,എന്റെ കാര്യം.ചെയ്യാത്ത തെറ്റിനു,ഞാനേറെ സ്നേഹിക്കുന്ന ഈ ഭൂമി വിട്ട്,എന്റെയീ ആകാശം വിട്ട്,ഈ കൂട്ടുകാരെ വിട്ട് ഞാന്‍ പോകണോ..നീ ഒന്നു വിചാരിച്ചല്‍,അവരോടെക്കെ മനസ്സു കൊണ്ടു നീയൊന്നു ക്ഷമിച്ചാല്‍,ഒന്നു സ്നേഹിച്ചാല്‍...”

“കൊള്ളാം,ഞാന്‍ അങ്ങനെയിങ്ങനെയൊന്നു ആരെയും വെറുക്കാറുമില്ല,ആരോടും ദേഷ്യപ്പെടാറുമില്ല.അന്നിട്ടും എനിക്കങ്ങനെയൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണവുമുണ്ട്.അവരോടൊക്കെ ക്ഷമിക്കാനും അവരെയൊക്കെ സ്നേഹിക്കാനും എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്.വേറെ എന്തെങ്കിലും ചെയ്യണമെങ്കില്‍ പറ,ഞാന്‍ ചെയ്തു തരാം..“ ഞാന്‍ പറഞ്ഞു.

“മൃദുല്‍,എനിക്കു വേറൊന്നും വേണ്ട,വേറൊന്നു കൊണ്ടും കാര്യമില്ല.ഇനി എന്നില്‍ അവശേഷിക്കുന്നതു വളരെ കുറച്ചു നിമിഷങ്ങളിലേയ്ക്കു കൂടിയുള്ള പ്രകാശം മാത്രമാണു.നീ വിചാരിച്ചാല്‍..ഞാന്‍ പോയാല്‍ നിനക്കു വേണ്ടി നാളെ മറ്റൊരു നക്ഷത്രം ജനിക്കും..അല്പായുസ്സായി അതും അവസാനിക്കും..പക്ഷേ,നീ ഇപ്പോഴൊന്നു ക്ഷമിക്കാന്‍ തയ്യാറയ്യാല്‍,സ്നേഹിക്കാന്‍ തുടങ്ങിയാല്‍,നീ ഉള്ളിടത്തോളം കാലം ഞാനുമുണ്ടാകും.നോക്കു,നാളത്തെ രാവു പുലരുന്നതു ക്രിസ്തുമസിലേയ്ക്കാണു.ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും പഠിപ്പിച്ച ക്രിസ്തു ജനിച്ച നാള്‍.തന്നെ ദ്രോഹിച്ചവര്‍ക്കു വേണ്ടി പോലും പ്രാര്‍ത്ഥിച്ച ക്രിസ്തുവിനു വേണ്ടിയെങ്കിലും നിനക്കതു ചെയ്തു കൂടേ??”.ഇതു പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും എന്റെ നക്ഷത്രം ഒരു കുഞ്ഞു പൊട്ട് പോലെ ആയിക്കഴിഞ്ഞിരുന്നു.

വേണമെന്നു വച്ചാല്‍ കൂടി അവരോടൊക്കെ ക്ഷമിക്കാന്‍,അവരെയൊക്കെ സ്നേഹിക്കുവാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.എങ്കിലും ആ നക്ഷത്രത്തിന്റെ ആശ്വാസത്തിനായി അതു ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.

“എനിക്കതിനു കഴിയുമോ എന്നെനിക്കറിയില്ല..പക്ഷേ നിനക്കു വേണ്ടി ഞാന്‍ അവരോടൊക്കെ ക്ഷമിക്കാം.അവരെയൊക്കെ സ്നേഹിക്കാം.അല്ല,കഷ്മിക്കനും സ്നേഹിക്കാനും ശ്രമിക്കാം. പക്ഷേ എന്നിട്ടും നിനക്കു ജീവിക്കാനായിലെങ്കില്‍ എന്നോടു ക്ഷമിക്കണം.” ഞാന്‍ പറഞ്ഞു.

ആ മുഖങ്ങള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നു വന്നു.പലരും പലതും ഓര്‍മ്മിപ്പിക്കുന്നു..ചിലരുടെ മുഖങ്ങള്‍ ,മറന്നിരുന്ന പല സംഭവങ്ങളും മനസ്സിലേയ്ക്ക് കൊണ്ടു വരുന്നു.വല്ലാതെ വേദനിപ്പിക്കുന്നു..കവിളിലൂടെ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി.ദൈവമേ ഇവരൊയൊക്കെ ഞാന്‍ സ്നേഹിക്കുന്നു..ഇവരോടൊക്കെ ഞാന്‍ ക്ഷമിക്കുന്നു...എത്ര നേരം കഴിഞ്ഞാണു കണ്ണുകള്‍ തുറന്നതെന്നറിയില്ല.നിറകണ്ണുകളോടെ ഞാന്‍ ആകാശത്തേയ്ക്ക് നോക്കി...

ആകാശത്തെങ്ങു നിന്നും ഒരായിരം കൊച്ചു കൊച്ചു നക്ഷത്രങ്ങള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് വന്നു ചേരുന്നതു ഞാന്‍ കണ്ടു...എന്റെ നക്ഷത്രം പ്രകാശിക്കാന്‍ തുടങ്ങി...വീണ്ടും വീണ്ടും വെളിച്ചത്തിന്റെ ഒരുപാട് ചാലുകള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു......ആകാശത്തില്‍ മുഴുവന്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി സൃഷ്ടിച്ചു എന്റെ നക്ഷത്രം,എന്റെ സന്തോഷം,അതു അവിടെ ജ്വലിച്ചു നിന്നു...എന്നെ നോക്കി കണ്ണുകള്‍ ചിമ്മി കൊണ്ട്...

21 Comments:

മൃദുല്‍....|| MRIDUL said...

മരിച്ചവരാണോ നക്ഷത്രങ്ങള്‍..

അല്ല,ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ സന്തോഷമാണു നക്ഷത്രങ്ങള്‍..

നക്ഷത്രങ്ങള്‍ കഥ പറയുമ്പോള്‍....

SAJAN | സാജന്‍ said...

മൃദുല്‍, നന്നായി എഴുതിയിരിക്കുന്നു, ഒരു കഥയ്കൊക്കെ അപ്പുറമാണ് ഈ എഴുത്ത്, ഒപ്പംക്രിസ്മസ്സ് നവവത്സരാശംസകള്‍:)

വാല്‍മീകി said...

നല്ല കുറിപ്പ് മൃദുല്‍. ഒരുപാട് ചിന്തിപ്പിച്ചു.
ക്രിസ്തുമസ്, നവവത്സരാശംസകള്‍.

ഗോപന്‍ said...

മൃദുല്‍,
നക്ഷത്രങ്ങളെ മരിച്ചവരുടെ ആത്മാക്കളായ് എഴുതിയത് വായിച്ചു വളര്ന്നതിനലാണോ എന്തോ നിങ്ങള്‍ എഴുതിയതിനു വളരെ പുതുമയുണ്ട്.. ക്ഷമിക്കാനും സ്നേഹിക്കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നാശിക്കാം..
സസ്നേഹം
ഗോപന്‍

പടിപ്പുര said...

കൊള്ളാം മൃദുല്‍.
നന്നായി എഴുതിയിരിക്കുന്നു.

G.manu said...

നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നക്ഷത്രങ്ങള്‍ നന്നേ കുറവ്.ഉള്ളതാകട്ടെ,ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന മട്ടില്‍ മിന്നുന്നു.കാണാന്‍ ഭംഗിയുള്ളതൊന്നും ഇല്ലാതിരുന്നിട്ടും കണ്ണടയ്ക്കാന്‍ തോന്നുന്നില്ല.

nalla kurippu mridul

priya said...

നല്ലതാട്ടോ..വ്യത്യസ്തത ഉണ്ട്...

ശ്രീ said...

നന്നായിരിയ്ക്കുന്നു, മൃദുല്‍‌...

വ്യത്യസ്തമായ, നല്ലൊരു ആശയം.

ക്രിസ്തുമസ്സ്- നവവത്സര ആശംസകള്‍‌!
:)

തുഷാരം said...

എനിക്ക് ഈ എഴുത്ത് കണ്ടിട്ട് നല്ല ഒന്നാന്തരം അസൂയ..എങ്ങനെയാ ഇങ്ങനെയൊക്കെ ആശയം കിട്ടുന്നത് മൃദുലേ...

നന്നായി ഈ എഴുത്ത്...ക്രിസ്തുമസ്സ് നവവത്സര ആശംസകള്‍.

rahul said...

good one...
keep smiling ...

sasneham
rahul

Jeevs || ജീവന്‍ said...

സത്യം പറയണമല്ലൊ. നിന്റെ ഏറ്റവും മികച്ചത്.
നിന്റെ നക്ഷത്രം നിന്നോട് മിണ്ടിയ പോലെ എല്ലാ നക്ഷത്രങ്ങളും സംസാരിച്ചിരുന്നെങ്കില്‍!!

പിന്നെ, “പക്ഷേ നിനക്കു വേണ്ടി ഞാന്‍ അവരോടൊക്കെ ക്ഷമിക്കാം.അവരെയൊക്കെ സ്നേഹിക്കാം“
നടക്കൂല്ല മോനെ, ഒരു രക്ക്ഷയുമില്ല..
നീ ക്ഷമിക്കണമെങ്കില്‍ അതു നിനക്ക് വേണ്ടിത്തന്നെ ആകണം. ആര്‍ക്കെങ്കിലും വേന്ണ്ടിയുള്ള സഹനം ഒരിക്കലും ശാശ്വതമല്ല.

നീ ക്ഷമിച്ച പോലെ ക്ഷമിക്കന്‍ പലര്‍ക്കുമായിരുന്നെങ്കില്‍ എന്ന് ഞാനൊന്നാഗ്രഹിച്ചു പോയി!

നന്നാ‍യിട്ടുണ്ട്. പറയാതെ വയ്യ.

മയൂര said...

ഇത് വളരെ വ്യത്യസ്തമായി എഴുതിയിരിക്കുന്നു...ഇഷ്ടമായി...:)

Friendz4ever said...

നീ ക്ഷമിച്ച പോലെ ക്ഷമിക്കാന്‍ പലര്‍ക്കുമായിരുന്നെങ്കില്‍ എന്ന് ഞാനൊന്നാഗ്രഹിച്ചു പോയി!

നയിസ് മാഷെ..
പക്ഷെ ആ കുഞ്ഞു നക്ഷത്രങ്ങള്‍ വഴികാട്ടിയരാവില്‍ ഞാന്‍ നടന്നകന്നത് എന്റെ സ്വപ്നങ്ങളുടെ പല്ലക്കിലായിരുന്നൂ.
ആകാശത്തുമിന്നുന്ന നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഇനി ഒരു നക്ഷത്രത്തെ കൂടെ നിനക്ക് കാണാം,അതില്‍ ഒരു നക്ഷത്രം നിന്നെ ഉറ്റുനോക്കുന്നു എങ്കില്‍നീ ഒന്നു ചിരിക്കില്ലെ എന്നെ നോക്കി...?
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടാകട്ടെ..

ഇതില്‍ ക്ലിക്കൂ എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.!!

അനാഗതശ്മശ്രു said...

മൃദുലിന്റെ നക്ഷത്രം അസ്സലായിട്ടുണ്ട്‌...
പുതുവര്‍ ഷാശംസകള്‍ ...
അതിനിടെ ഒന്നു ചോദിക്കട്ടെ
എതാ നക്ഷത്രം? ഐ മീന്‍ നാള്‍ ?

കുറുമാന്‍ said...

മൃദുല്‍ വളരെ മനോഹരമായിരിക്കുന്നു ഈ കഥ. തികച്ചും നല്ല ആശയവും, ആശയവിനിമയവും.

മൃദുലിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍

Julie said...

മൃദുലേ നന്നായിരിക്കുന്നു...ഇതുവരെ എഴുതിയതില്‍ നിന്നും തികച്ചും വ്യത്യസ്തം...ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ മനൊഹരമായ ഒരു ആശയം...മികച്ച ഒരു സന്ദേശം...

പുതുവത്സരം സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ...

Swami said...

mundaaa,
ee sangathi kollaaam ketto!!
good one. can i publish it?

XPLORER said...

നന്നായി എഴുതിയിരിക്കുന്നു

I cant type in any more malayalam mate, but one thing it rocks..

Impressive use of idioms and bearing a great message....

Hope you keep up the great work...

Regards,
Manu Varghese
www.manuv.org

നന്ദന്‍ said...

എഴുതി തകര്‍ക്കുകയാണല്ലോ!! ഒത്തിരി ഇഷ്ടമായി.. പുതിയ തിയറി കൊള്ളാം.. :)

(എന്റെ റീഡര്‍ ലിസ്റ്റിനു മഞ്ഞുതുള്ളികളോട് എന്തോ വിരോധമുണ്ടെന്ന് തോന്നുന്നു. ഒരിക്കലും അപ്ഡേറ്റഡ് ആവുന്നില്ല.. ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്നത് കൊണ്ട് എല്ലാം വായിക്കാന്‍ പറ്റുന്നു)

മൃദുല്‍....|| MRIDUL said...

മറുപടി ഇടാന്‍ താമസിച്ചതില്‍ ക്ഷമിക്കുക..കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.എന്നോട് സംസാരിച്ചതു പോലെ നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങളോടും സംസാരിക്കട്ടെ..എല്ലാവര്‍ക്കും എല്ല്ലാവരോടും ക്ഷമിക്കാന്‍ കഴിയട്ടെ..

സാജന്‍,
വാല്‍മീകി,
ഗോപന്‍,
പടിപ്പുര,
ജി.മനു,
പ്രിയ,
ശ്രീ,
തുഷാരം,
രാഹുല്‍,
ജീവന്‍,
മയൂര,
സജി,
അനാഗതശ്മശ്രു,
കുറുമാന്‍,
ജൂലി,
സ്വാമി,
മനു,
നന്ദന്‍,

വായിച്ചതിനും,അഭിപ്രായങ്ങളും,ആശംസകളും അറിയിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി...

twinklez said...

eee manjuthulliyil snehathinte ksheerapatham prathibhalikunnathu pole....

hridayathinullil ninnum orayiram assamsakal :):)