Friday, January 23, 2009

പേരിടാത്ത നാടകം (REJECTED !)

ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റിനു വേണ്ടിയാണു ഇതെഴുതിയത്.അവതരിപ്പിക്കാന്‍ പോകുന്ന നാടകം,ആദ്യം ജൂറിയെ കാണിച്ച് അനുമതി കിട്ടിയാല്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ.ഇന്ന് ഈ നാടകം,ഞങ്ങള്‍ അനുമതിയ്ക്കായി നല്‍കി.കോളേജിന്റെ സംസ്കാരത്തിനും സഭ്യതയ്ക്കും എതിരായതു കൊണ്ട് റിജക്റ്റ് ചെയ്യുന്നു എന്ന അറിയിപ്പാണു വൈകുന്നേരം ഞങ്ങള്‍ക്ക് ലഭിച്ചത്.VULGARITY എന്ന കാരണവും പറഞ്ഞു.

ഈ നാടകത്തിന്റെ തിരക്കഥ പ്രബുദ്ധരാ‍യ ബൂലോഗവാസികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു.ഒരു പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത എന്തു അശ്ലീലമാണു ഇതിലുള്ളതെന്നും പറഞ്ഞു തരിക.സമൂഹത്തില്‍ ചുറ്റും കാണുന്നതിന്റെ പ്രതിഫലനമാകണം കല എന്നായിരുന്നു എന്റെ വിശ്വാസം,എന്നാണു ഇപ്പോഴും എന്റെ വിശ്വാസം..അങ്ങനെയല്ലേ???


(സമയം,രാത്രിയുടെ അന്ത്യ യാമങ്ങളിലൊന്ന്.എറണാകുളം സൗത്ത്‌ പാലത്തിനു കീഴിലുള്ള ഒരു ബെഞ്ചില്‍ ഇരുന്നുറങ്ങുന്ന നളിനി,നാല്‍പതു വയസ്സിനു മുകളില്‍ പ്രായം,വില കുറഞ്ഞ,ഒരു മുഷിഞ്ഞ സാരിയാണു വേഷം.അവര്‍ ഇരിക്കുന്ന ബെഞ്ചിന്റെ അരികിലേയ്ക്‌ ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നു.ഒരു തോള്‍സഞ്ചി,കഴുത്തില്‍ ഒരു ക്യാമറ)

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി..

നളിനി:(കണ്ണു തുറക്കാതെ,ഉറക്കത്തില്‍ തന്നെ) എന്നെ കൊണ്ടെങ്ങും വയ്യ,അപ്പുറത്തെങ്ങാനും പോയി വേറെ ആരെയെങ്കിലും നോക്ക്‌.

ആനന്ദ്‌:ചേച്ചി..നളിനിയേച്ചി.

നളിനി:(ഞെട്ടിയെഴുന്നേറ്റ്‌ ദേഷ്യത്തോടെ)പഫാ..ഏതു മോനാടാ അതു.നിനക്കൊന്നും പറഞ്ഞാല്‍ മനസ്സില്ലാകില്ലേ.(ആനന്ദിന്റെ നേരെ നോക്കി).പ്രായത്തെയെങ്കിലും ബഹുമാനിക്കടാ,ഒന്നുമില്ലേലും നിന്റെയൊക്കെ അമ്മയാകാനുള്ള പ്രായമില്ലെയെനിക്ക്‌.പോയി ഒപ്പത്തിനുള്ള ആരെയേലും നോക്കടാ.നളിനി ഈ പണി നിര്‍ത്തിയിട്ട്‌ നാളു കുറച്ചായി.

ആനന്ദ്‌:(ഒരല്‍പം ഭയത്തോടെ)ചേച്ചി,ഞാന്‍ അതിനു വന്നതല്ല.ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണു.

നളിനി:ആരായാലും എനിക്കെന്നാ.പറ്റില്ലെന്നു പറഞ്ഞാല്‍ പറ്റില്ല.

ആനന്ദ്‌:എനിക്ക്‌ ചേച്ചിയോടൊന്നു സംസാരിച്ചാല്‍ മതി.

നളിനി:(അവഞ്ജയോടെ)സംസാരിക്കാനോ,എന്തോന്ന്?

ആനന്ദ്‌:എനിക്ക്‌ ചേച്ചിയെ കുറിച്ച്‌ ഒരു ഫീച്ചര്‍ ചെയ്താകൊള്ളാമെന്നുണ്ട്‌.ചേച്ചിയുടെ കഥ,ജീവിതം.

നളിനി.:ഓ,അപ്പോള്‍ അതാണു കാര്യം.ഇപ്പോള്‍ ഇതു പോലെയുള്ള കഥയ്കൊക്കെയാണല്ലോ മാര്‍ക്കറ്റ്‌.ഞങ്ങടെ കൂട്ടത്തിലൊരുത്തി വലിയ എഴുത്തുകാരിയായില്ലേ.ജീവിക്കാന്‍ വേണ്ടിയാടാ ഞാനൊക്കെ ഇങ്ങനെയായത്‌.എന്റെ കഥ കൊണ്ടു പോയി എഴുതി നീ അങ്ങനെ വലിയ ആളാകണ്ടാ.

ആനന്ദ്‌:ചേച്ചി പറഞ്ഞ ഒരു കാര്യം ശരിയാ,ഇപ്പ്പ്പോ ഇതു പോലുള്ള കാര്യങ്ങള്‍ക്കു തന്നെയാ മാര്‍ക്കറ്റ്‌,പക്ഷേ ഞാനിതെഴുന്നതു വലിയ ആളാവാന്‍ വേണ്ടിയല്ല.ചേച്ചി മുന്നേ പറഞ്ഞില്ലേ,ജീവിക്കാന്‍ വേണ്ടിയാണെന്നു.ഞാനും അതിനു വേണ്ടി തന്നാ ചേച്ചി എഴുതുന്നേ.ജീവിക്കാന്‍ വേണ്ടി,ഒപ്പമുള്ള മൂന്നു പേരെ ജീവിപ്പിക്കാന്‍ വേണ്ടി.ചേച്ചിക്ക്‌ പറയാന്‍ താത്പര്യമില്ലെങ്കില്‍,ഞാന്‍ പോയേക്കാം...(എഴുന്നേല്‍ക്കുന്നു)

നളിനി:ഇരിയടാ അവിടെ,നട്ടപ്പാതിരായ്ക്ക്‌ ഉറക്കോം കളഞ്ഞിട്ട്‌.ഇനി നീ കഥ മുഴുവന്‍ കേട്ടിട്ട്‌ പോയാ മതി.സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞ ഞാനായിട്ട്‌ ഇനി ആരുടേയും ജീവിതം നശിപ്പിച്ചു എന്നു വേണ്ടാ.നിനക്കെന്നാ അറിയണ്ടെ,ചോദിക്ക്‌.

ആനന്ദ്‌:ചോദ്യം ഒന്നേയുള്ളു ചേച്ചി.എങ്ങനെയാ,എന്തിനാ?

നളിനി:ഹം,എങ്ങനെയാ?എന്തിനാ? ഞാനുള്‍പ്പെടെ ഞങ്ങളെ കൂട്ടത്തിലുള്ള ഒരാളും ആഗ്രഹിച്ചത്‌ വരുന്നതല്ല ഈ അഴുക്കുചാലില്‍..എനിക്കുമുണ്ടായിരുന്നു ഒരു നല്ല കാലം.ഒരു പ്രണയകാലം...

(നളിനിയും ആനന്ദും പിറകിലെ ബഞ്ചില്‍ സംസാരം തുടരുന്നു.അവരുടേ മുന്നില്‍ നളിനിയുടെ ചെറുപ്പം അവതരിപ്പിക്കപ്പെടുന്നു.ചെറുപ്പക്കാരിയായ നളിനിയും,രണ്ടു കൂട്ടുകാരികളും നടന്നു വരുന്നു.എതിരെ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു.മുഖത്ത്‌ ചെറിയ ഒരു ചമ്മല്‍..)

കൂട്ടുകാരികളിലൊരാള്‍:ദേടി നളിനി നിന്റെ ആളു നില്‍ക്കുന്നു.വര്‍ത്തമാനമൊക്കെ കഴിഞ്ഞ്‌ അങ്ങെത്തിയേരെ.(നളിനി പതിയെ നില്‍ക്കുന്നു.കൂട്ടുകാരികള്‍ നടന്നു പോകുന്നു.ചെറുപ്പക്കാരന്‍ നളിനിയിടെ അടുക്കലേയ്ക്ക്‌ വരുന്നു.)

ചെറുപ്പക്കാരന്‍:നിന്നെ ഒന്നു കാണാന്‍ എത്ര നേരമായി ഞാനിവിടെ നില്‍ക്കുന്നു.

നളിനി:ഞാന്‍ പറഞ്ഞിട്ടില്ലേ,ഇങ്ങനെ വഴിയില്‍ വച്ചു സംസാരിക്കാന്‍ ശ്രമിക്കരുതെന്ന്.ആരെങ്കിലും കണ്ടാല്ലോ.ഇവിടെയാണെങ്കില്‍ അച്ചന്റെ പരിചയക്കാര്‍ നിറയെ ഉള്ള സ്ഥലമാ.

ചെറുപ്പക്കാരന്‍:നിന്നോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു.എനിക്ക്‌ കോയമ്പത്തൂരില്‍ ജോലി ശരിയായി.ഇനി ഒന്നും പേടിക്കാനില്ല.ഇന്നു രാത്രി തന്നെ തിരിക്കണം.നീയും...നീയും എന്റെ കൂടെ വരണം.

നളിനി(ഞെട്ടലോടെ):വരാനോ..ഞാനോ..അയ്യോ.

ചെറുപ്പക്കാരന്‍:(അല്‍പം ഉറച്ച സ്വരത്തില്‍)അല്ലാതെ പിന്നെ.എന്താണെങ്കിലും നിന്റെ വീട്ടുകാര്‍ നമ്മുടെ കല്യാണത്തിനു സമ്മതിക്കില്ല.എനിക്കാണെങ്കില്‍ പോയാല്‍ പിന്നെ മൂന്നു മാസം കഴിയാതെ വരാനും പറ്റില്ല.അതിനിടയ്ക്ക്‌ നിന്റെ വിവാഹം എങ്ങാനും നടത്തിയാല്ലോ...നീയില്ലാതെ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല.നിനക്കെന്താ എന്റെ കൂടെ വരാന്‍ ധൈര്യമില്ലേ..എന്നെ വിശ്വാസമില്ലേ..

നളിനി:അതൊന്നുമല്ല ഹരിയേട്ടാ..അന്നാലും..

ചെറുപ്പക്കാരന്‍:ഒരെന്നാലും ഇല്ല.ഇന്നു രാത്രി പതിനൊന്നരയ്ക്ക്‌ ഞാന്‍ കാറുമായി നിന്റെ വീടിന്റെ മുന്നിലെത്തും.നീ ഇറങ്ങി വരണം. ത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം എടുത്താല്‍ മതി.

നളിനി:അത്‌..

ചെറുപ്പക്കാരന്‍:ഒന്നുമില്ല.രാത്രി കൃത്യം പതിനൊന്നരയ്ക്ക്‌.

(രണ്ടു പേരും സ്റ്റേജിന്റെ രണ്ടു വശങ്ങളിലേയ്ക്ക്‌ നടന്നു പോകുന്നു.ആനന്ദനും നളിനിയും തമ്മിലുള്ള സംസാരം പുനരാരംഭിക്കുന്നു.)

ആനന്ദ്‌:അന്നു രാത്രി എന്താ സംഭവിച്ചത്‌.?അയാള്‍ വന്നില്ലേ?

നളിനി:അന്നു രാത്രി പറഞ്ഞ സമയത്ത്‌ തന്നെ അയാളെത്തി.ഞാന്‍ വീട്ടു വിട്ടിറങ്ങുകയും ചെയ്തു.പക്ഷേ..

ആനന്ദ്‌:എന്തു പറ്റി?എന്തെങ്കിലും അപകടം...?

നളിനി:അപകടം...അതേ..ഒരപകടം പറ്റി.അയാള്‍ക്കല്ല,എനിക്ക്‌.ഈ ജോലിയ്ക്കുള്ള ആദ്യത്തെ പരീക്ഷ അന്നു ഞാന്‍ പാസായി.

ആനന്ദ്‌:മനസ്സില്ലായില്ല..

നളിനി:അയാള്‍ പറഞ്ഞതു ശരിയായിരുന്നു.അന്നു മുതല്‍ അയാള്‍ ഒരു ജോലിക്കാരനായി.വിശ്വസിച്ച്‌ കൂടെയിറങ്ങിയ എന്നെ വില്‍ക്കുകയായിരുന്നു ആ ജോലി.എത്ര നാളെന്നെനിക്കോര്‍മ്മയില്ല..ആരൊക്കെ എന്നും ഓര്‍മ്മയില്ല..ഏതോക്കെയോ സ്ഥലങ്ങളില്‍..വെളിച്ചം കടക്കാത്ത മുറികളില്‍...മുഖമില്ലാത്ത ഒരുപാട്‌ പേര്‍...ഇതിനിടയില്‍ ആരുടേയോ ഒരു കുഞ്ഞിനു ഞാന്‍ ജന്മം നല്‍കി..ഇനൊയൊന്നും കിട്ടില്ല എന്നു തോന്നിയതു കൊണ്ടാകണം എന്നെയും കുഞ്ഞിനെയും അയാള്‍ ഈ തെരുവിലേയ്ക്ക്‌ വലിച്ചെറിഞ്ഞെങ്ങോട്ടോ പോയി.

ആനന്ദ്‌:തിരിച്ച്‌,വീട്ടിലേയ്ക്ക്‌ പോയില്ലേ...

നളിനി.പോയി..പക്ഷേ...

(സ്റ്റേജിന്റെ ഒരറ്റത്തു നിന്നു നളിനിയും കൈക്കുഞ്ഞും നടന്നു വരുന്നു..മറു ഭാഗത്തു,ഒരു ചെറുപ്പക്കാരന്‍..നളിനിയുടെ ആങ്ങള..)

ആങ്ങള:(ദേഷ്യത്തോടെ) എന്താ..എങ്ങോട്ടാ?

നളിനി:എടാ ഞാന്‍..

അങ്ങള:ശബ്ദിക്കരുത്‌.കടന്നു പൊയ്ക്കോണം ഇവിടുന്നു.ഒരു കയറില്‍ അച്ചനും അമ്മയും തൂങ്ങി നില്‍ക്കുന്നത്‌ കണ്ടവനാ ഞാന്‍(നളിനി ഞെട്ടുന്നു).അതും നീ കാരണം...കൊല്ലുന്നില്ല നിന്നെ,സ്നേഹം കൊണ്ടല്ല..അറച്ചിട്ട..തേവിടിശ്ശി..കടന്നു പോടി എന്റെ മുന്നീന്ന്...(അയാള്‍ അകത്തേയ്ക്ക്‌ കയറി പോകുന്നു)

(ഞെട്ടിത്തരിച്ച്‌ നളിനിയും അകത്തേയ്ക്ക്‌ മാറുന്നു..)

നളിനി:അന്നിറങ്ങി വീട്ടീല്‍ നിന്ന്.വിഷമമൊന്നും തോന്നിയില്ല.കാരണം ഞാനതര്‍ഹിക്കുന്നുണ്ടായിരുന്നു.ഇരുപതു വര്‍ഷം വളര്‍ത്തിയവരെ വിട്ട്‌ ഇന്നലെ കണ്ടവന്റെ കൂടെ പോയതല്ലേ..എനിക്കിതു തന്നെ കിട്ടണമായിരുന്നു.

ആനന്ദ്‌:പിന്നീട്‌ എന്താ സംഭവിച്ചത്‌..?

നളിനി:പിന്നീട്‌ എന്തു സംഭവിക്കാന്‍.ആണ്‍തുണയില്ലാതെ,അച്ചനില്ലാത്ത ഒരു കുഞ്ഞുമായി തെരുവിലേയ്ക്കിറങ്ങുന്ന ഏതൊരു പെണ്ണിനും സംഭവിക്കുന്നതു തന്നെ എനിക്കും സംഭവിച്ചു.ആദ്യമായി സ്നേഹിച്ച പുരുഷന്‍ കാണിച്ചു തന്ന വഴിയിലൂടെ തന്നെ നടന്നു ഞാന്‍.നഗരം ഉറങ്ങുന്ന നേരങ്ങളിലൊക്കെ ഞാന്‍ ഉണര്‍ന്നിരുന്നു.രാത്രിയുടെ കൂട്ടുകാരിയായി.ആരുടേയ്ക്കോ കുറച്ചു നേരത്തേ സ്നേഹിതയായി..കുറ്റിക്കാടുകളില്‍,വെയ്റ്റിംഗ്‌ ഷെഡുകളില്‍,ലോഡ്ജ്‌ മുറികളില്‍,..ഒരുപാട്‌ പേരെ കണ്ടു.ആരുടേയു മുഖം ഇന്നോര്‍മ്മയില്ല..നോട്ടു കെട്ടുകള്‍ സമ്മാനമായി തന്നവര്‍..എന്റെ ശരീരത്തിനു വില പേശിയവര്‍..കടം പറഞ്ഞു മടങ്ങിയവര്‍...

ആനന്ദ്‌:കുഞ്ഞ്‌...?

നളിനി:അവള്‍...അവള്‍....

(സ്റ്റേജിന്റെ സൈഡില്‍ നിന്നു കുഞ്ഞിനെ തോളത്തിട്ടുറക്കി നളിനി നടന്നു വരുന്നു.കുഞ്ഞിനെ സ്റ്റേജില്‍ കിടത്തി..മറുവശത്ത്‌ നിന്നു ഒരു പോലീസുകാരന്‍ നടന്നു വരുന്നു.നിലത്തു കിടക്കുന്ന നളിനിയെ അയാള്‍ ലാത്തി കൊണ്ട്‌ വിളിച്ചുണര്‍ത്തി)

നളിനി:(എഴുന്നേറ്റു കൊണ്ട്‌) എന്താ സാറെ..?

പോലീസ്‌:നീയൊന്നെഴുന്നെറ്റിങ്ങു വന്നേ..നമുക്കിപ്പോ വരാം..

നളിനി:അയ്യോ സാറേ..ഇന്നു വേണ്ടാ..മോള്‍ക്ക്‌ നല്ല സുഖമില്ല.

പോലീസ്‌:നീ വലിയ അമ്മ കളിക്കല്ലേ.അവളവിടെ കിടന്നുറങ്ങട്ടെ.നമുക്ക്‌ പോയിട്ട്‌ ഇപ്പ വരാമെന്നേ..

നളിനി:സാറെ..അത്‌...

പോലീസ്‌:പഫാ..എഴുന്നേറ്റ്‌ വാടി ചൂലേ..അതോ പൊക്കിയെടുത്തു സ്റ്റേഷനില്‍ കൊണ്ടു പോകണോ..

(നളിനി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ്‌ അയാളൊടൊപ്പം പുറത്തേയ്ക്ക്‌ പോകുന്നു.ഈ സമയം രണ്ടു പേര്‍ മറുവശത്തു നിന്നു നടന്നു വരുന്നു.കുഞ്ഞ്‌ കിടക്കുന്ന അവിടെ വന്നു നിന്നു പരിസരം വീക്ഷിക്കുന്നു.കുഞ്ഞ്‌ കിടക്കുന്ന ബെഞ്ചോടെ പൊക്കിയെടുത്ത്‌ അവര്‍ പുറത്തേയ്ക്ക്‌ കൊണ്ടു പോകുന്നു...അകത്തു നിന്നു കുഞ്ഞിന്റെ നിലവിളി..അമ്മേ...അമ്മേ....കരച്ചിലൊനൊടുവില്‍ നളിനി മുടി കെട്ടി കൊണ്ടു കടന്നു വരുന്നു..കുഞ്ഞു കിടന്നിരുന്ന സ്ഥലത്തെത്തി..കുഞ്ഞിനെ കാണാതെ അവള്‍ പരിഭ്രമിച്ചു.)

നളിനി:മോളെ..കുഞ്ഞിമോളെ..അയ്യോ എന്റെ മോളെവിടെ പോയി...(സ്റ്റേജിന്റെ എല്ലാ വശങ്ങളിലേയ്ക്കും പോകുന്നു..) മോളേ...മോളേ...

(സ്റ്റേജിന്റെ ഒരു വശത്തേയ്ക്ക്‌ ചെന്നു നോക്കുന്ന നളിനി ഞെട്ടുന്നു...നിലവിളിക്കുന്നു.."മോളേ....." .)

(അകത്തേയ്ക്ക്‌ നടന്നു പോകുന്ന നളിനി തിരിച്ചിറങ്ങി വരുന്നത്‌,കീറിപ്പറിഞ്ഞ മകളുടെ വസ്ത്രവും കൊണ്ടാണു...അതും നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ച്‌ നിലവിളിച്ചു കൊണ്ട്‌ നളിനി സ്റ്റേജ്‌ വിടുന്നു)

(ആനന്ദിനോട്‌ സംസാരിക്കുന്ന നളിനി,മുഖ പൊത്തി കരയുന്നു..)

ആനന്ദ്‌:ചേച്ചി..

നളിനി:(കരഞ്ഞു കൊണ്ട്‌) ഞാന്‍ കാരണം എത്ര പേരുടെ ജീവിതം നശിച്ചു...അച്ചന്‍,അമ്മ,അനിയന്‍..എന്റെ..എന്റെ കുഞ്ഞുമോള്‍..എന്തു തെറ്റാടാ ഞാനീ സമൂഹത്തോടു ചെയ്തത്‌..സ്നേഹിച്ച പുരുഷനെ ആത്മാര്‍ത്ഥമായി വിശ്വസിച്ചതോ..കൈക്കുഞ്ഞിനെ കൊന്നു ആത്മഹത്യ ചെയ്യാത്തതോ..ഞാനെല്ലാം അനുഭവിക്കണം..ജനിപ്പിച്ചവരെ കൊലയ്ക്ക്‌ കൊടുത്തവളാ ഞാന്‍..പക്ഷേ എന്റെ മോള്‍..അവളെന്താ ചെയ്തേ..എങ്ങനെ തോന്നി അവര്‍ക്ക്‌,ആ കുഞ്ഞിനെ പിച്ചി ചീന്താന്‍....(പൊട്ടിക്കരയുന്നു)

ആനന്ദ്‌:ചേച്ചി...ചില ചോദ്യങ്ങള്‍ക്കുത്തരമില്ല..ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലേ..ചിലപ്പോള്‍ ദൈവത്തിന്റെ വികൃതികളാകും ഇതൊക്കെ..ഉണ്ടാകും ചേച്ചിയ്ക്കും ഒരു നല്ല കാലം..

നളിനി:ഹും...നല്ല കാലം..എനിക്കിനി ഒന്നുമില്ല..ഒന്നുമുണ്ടാകുകയും വേണ്ടാ..ഞാനിങ്ങനെ ഒടുങ്ങണം..ഈ നഗരത്തില്‍..നേരം വെളുക്കുമ്പോള്‍ കാണുന്ന ഒരഞ്ജാത ശവമായി..പറഞ്ഞ പോലെ നേരം വെളുക്കാറായി..നീയെഴുന്നേറ്റു പോവാന്‍ നോക്ക്‌.എന്റെ കൂടെ ഇരിക്കുന്നത്‌ കണ്ട്‌ ഇനി നിന്റെയും ജീവിതം നശിക്കണ്ടാ..ചിലറയുണ്ടെങ്കില്‍ ഒരു പത്തു രൂപ ചായ കുടിക്കാന്‍ തന്നേച്ച്‌ പോ..

(ആനന്ദ്‌ രൂപയെടുത്തു നീട്ടുന്നു.നളിനി ഒരു ഭാവമാറ്റവുമില്ലാതെ അതു വാങ്ങുന്നു.ആനന്ദ്‌,തിരിച്ചു നടക്കുന്നു..)

നളിനി:എടാ...നീ എഴുതുന്നതൊക്കെ കൊള്ളാം..എന്റെ പേരൊന്നും വച്ചേക്കരുത്‌..ഒരു പട്ടിയും നാളെ സഹതാപോം കാണിച്ചോണ്ട്‌ ഇങ്ങു വന്നേക്കരുത്‌ ..പറഞ്ഞേക്കാം...ദൈവത്തിന്റെ സ്വന്തം നാട്‌...


----യവനിക------