Monday, December 4, 2017

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബി

മൂവാറ്റുപുഴക്കാരനാണു ഹബീബ് മുഹമ്മദ് എന്ന അബി..
ഒന്നര കിലോമീറ്റര്‍ മാറിയാണു വീടെങ്കിലും കൂടുതലും കണ്ടിട്ടുള്ളത് വേദികളിലും,സ്ക്രീനിലുമാണു.കാരണം ഓര്‍മ്മ വയ്ക്കുന്ന കാലത്തേ അദ്ദേഹം തിരക്കുള്ള താരമാണു.പരിചയമൊന്നുമില്ലെങ്കിലും ടീവിയിലും സ്ക്രീനിലുമൊക്കെ കാണുമ്പോള്‍ അന്നും ഇന്നും "അബി മൂവാറ്റുപുഴക്കാരനാട്ടോ" എന്നു അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്ന ഒരുപാട് പേരുണ്ട് മൂവാറ്റുപുഴയില്‍ ,ഞാനുള്‍പ്പെടെ.

Wednesday, November 29, 2017

വളവനാടന്‍ കപ്പിനും കവലയിലെ തല്ലിനും ഇടയില്‍ സംഭവിച്ചത്

ഉപ്പും പഞ്ചസാരയുമിട്ട ഒരു സോഡാ നാരങ്ങവെള്ളവും മുട്ട പഫ്സും കഴിച്ചു കൊണ്ടിരുന്നപ്പോഴാണു കവലയിലെ സംഭവങ്ങള്‍ അവന്റെ കണ്ണില്‍ പെട്ടത്.നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നിറങ്ങി പുറത്തു നില്‍ക്കുന്ന രൂപത്തെ തിരിച്ചറിഞ്ഞപ്പോള്‍ അവന്റെ മനസ്സിലൂടെ ഒരു മിന്നല്‍ പാഞ്ഞു.മനസ്സിലെ കണക്ക് പുസ്തകത്തില്‍ ബാക്കി വച്ചിരിക്കുന്ന ആ ഒരു പേരു വെട്ടാന്‍ ഇവന്‍ മതി.ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് അവന്‍ പ്രതീക്ഷിച്ച മറ്റൊരു മുഖം കൂടിയെത്തിയതോടെ അവന്‍ തീരുമാനിച്ചു - ഇതാണു ദിവസം,ഇതാണു സമയം.ഉള്ളില്‍ ഒരു മേളപ്പെരുക്കത്തിന്റെ ഒന്നാം കാലം തുടങ്ങിയപ്പോള്‍ അവന്റെ മനസ്സില്‍ ഒരുപാട് പഴക്കമില്ലാത്ത ഓര്‍മ്മകള്‍ ഒരു തിരക്കഥയിലെന്നവണ്ണം തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

സീന്‍ 1 - തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട് - പകല്‍

വര്‍ഷം തോറും നടക്കുന്ന വളവനാടന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്നാം സെമി ഫൈനലിന്റെ അവസാന ഓവറുകള്‍.ആദ്യം ബാറ്റ് ചെയ്ത പാമ്പ് ബാസ്പിന്റെ ടീം പതിനഞ്ച് ഓവറില്‍ അടിച്ച് കൂട്ടിയത് 133 റണ്‍സാണു.പകുതിയോളം റണ്‍സ് പിറന്നത് പാമ്പിന്റെ ബാറ്റില്‍ നിന്നാണു.കാരണം ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണു അവര്‍ വളവനാടന്‍ കപ്പിന്റെ സെമിയിലെത്തുന്നത്.ഒരു ജയത്തില്‍ കുറഞ്ഞതൊന്നും ഇന്നവര്‍ ആഗ്രഹിക്കുന്നില്ല.
രണ്ടാം ഇന്നിംഗ്സിന്റെ പന്ത്രണ്ട് ഓവറുകള്‍ കഴിഞ്ഞു.പാമ്പിന്റെ ടീമിനും ഫൈനല്‍ ബര്‍ത്തിനും ഇടയിലുള്ളത് മൂന്നു ഓവറുകളും,ഒരു വിക്കറ്റും മാത്രം.കിളിയാര്‍ക്കണ്ടം യുവഭാരത് ടീമിന്റെ വാലറ്റക്കാരാണു ക്രീസില്‍.പതിനെട്ട് ബോളില്‍ ഇരുപത്തിയെട്ട്‌ റണ്‍സ് വാലറ്റക്കാരെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാ മലയാണെങ്കിലും ഒന്നും ലാഘവത്തോടെ കാണാന്‍ ബാസ്പിന്‍ തയ്യറാവാത്തത് കൊണ്ട് പതിമൂന്നാം ഓവര്‍ എറിയാന്‍ അയാള്‍ പന്തു നീട്ടിയത് അവനായിരുന്നു,ആ വര്‍ഷം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത് നില്‍ക്കുന്ന തന്റെ അനിയനു.റൈറ്റ് ആം ഓവര്‍ ദ് വിക്കറ്റ് എന്ന് പള്ളിപറമ്പ് എന്‍ഡിലെ അമ്പയറോട് പറഞ്ഞ്,ക്യാപ് കൊടുത്ത് റണപ്പിനായി തിരിഞ്ഞ് നടക്കുന്ന സമയത്ത് ബാസ്പിനും അനിയനും സംസാരിക്കുന്നുണ്ടായിരുന്നു.

"എടാ , കളി ഈ ഓവര്‍ വിട്ട് പോകണ്ടാ."

"ഇല്ല ചേട്ടായീ.തീര്‍ത്തേക്കാം"

പള്ളിപറമ്പ് എന്‍ഡില്‍ നിന്നും റണപ്പ് തുടങ്ങുന്നതിനു മുന്‍പ് അവന്‍ ക്രീസിലെ ബാറ്റ്സ്മാനെ ഒന്നു നോക്കി.ആളുടെ മുഖം അത്ര വ്യക്തമായില്ല,പക്ഷേ വച്ചിരുന്ന തൊപ്പിയുടെ ഷേഡിന്റെ താഴെ എന്തൊക്കെയോ പ്രത്യേകതകളുള്ള ഒരു ജോഡി കണ്ണുകള്‍ മാത്രം അവന്‍ കണ്ടു.ബാറ്റിനും പാഡിനും ഇടയിലൂടെ കാണുന്ന മിഡില്‍ സ്റ്റംബിന്റെ ചുവട് ലക്ഷ്യമാക്കി ഒരു ഇന്‍ സ്വിംഗിഗ് യോര്‍ക്കര്‍ ഉറപ്പിച്ച് റണപ്പ് തുടങ്ങുമ്പോഴും അവന്‍ കണ്ട ആ ഒരു ജോഡി കണ്ണുകള്‍ പേടിപ്പെടുത്തുന്നവണം ശാന്തമായിരുന്നു.റണപ്പ് അവസാനിപ്പിച്ച് ബോളു റിലീസ് ചെയ്യുന്നതിനു മുന്‍പുള്ള ഒരു നിമിഷം നാലു കണ്ണുകള്‍ തമ്മിലുടക്കി, ബാറ്റിംഗ് എന്‍ഡിലെ കണ്ണുകളില്‍ ഒരു ചിരി വിടര്‍ന്നോ എന്ന സംശയം ഉറപ്പിക്കുന്നതിനു മുന്‍പ് എതിര്‍ വശത്ത് നിന്നും മിഡില്‍ സ്റ്റംബിന്റെ ചുവട് ലക്ഷ്യമാക്കി ഒരു യോര്‍ക്കര്‍ യാത്ര തുടങ്ങി.ഫോളോ അപ്പിന്റെ രണ്ടാം സ്റ്റെപില്‍ ഒരു മിന്നായം പോലെ അവന്‍ കണ്ടത് ബാറ്റിംഗ് എന്‍ഡിലെ ക്രീസില്‍ നിന്നും ചാടി പുറത്തിറങ്ങുന്ന ബാറ്റ്സ്മാനെയാണു,ഒരു വാലറ്റക്കാരനില്‍ നിന്നും ഡെത്ത് ഓവറില്‍ പ്രതീക്ഷിക്കാത്ത നീക്കം.യോര്‍ക്കറിനും ഫുള്‍ ടോസിനും ഇടയ്ക്കുള്ള ഒരകലത്തില്‍ വച്ച് ,സര്‍വ്വശക്തിയില്‍ വീശിയ ബാറ്റിന്റെ സ്വീറ്റ് സ്പോട്ടില്‍ പതിച്ച് ആ ബോളിന്റെ യാത്ര അവസാനിച്ചത് സ്ക്വയര്‍ ലെഗ് ബൗണ്ടറിയ്ക്ക് പുറത്തുള്ള പൊന്തക്കാട്ടിലാണു.

അടുത്ത ബോളെറിയുന്നതിനുള്ള റണപ്പിനു വേണ്ടി തിരിഞ്ഞു നടന്നത് അവന്‍ ഒറ്റയ്ക്കാണു,നാലു ബോളുകള്‍ക്കപ്പുറം ഗ്രൗണ്ടില്‍ നിന്നു തല താഴ്ത്തി നടന്നു പോകുന്നതിനുള്ള ഒരു പരിശീലനം പോലെ.സ്കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തപ്പെട്ട ആറു റണ്‍സുകള്‍ക്കപ്പുറം സ്ക്വയര്‍ ലെഗ് ബൗണ്ടറിയുടെ പുറത്തേയ്ക്ക് പറന്നിറങ്ങിയ ആദ്യ ബോളില്‍ ഒരു തിരിച്ച് വരവ് അസാദ്ധ്യമായവണം അവന്‍ തകര്‍ന്നു കഴിഞ്ഞിരുന്നു.ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളറെ ഒരു പത്താം നമ്പര്‍ ബാറ്റ്സ്മാന്‍ ഒന്നുമല്ലാതാക്കി എന്ന ആഘാതത്തില്‍ നിന്നു കര കയറാനുള്ള ശ്രമമായിരുന്നു അവനെറിഞ്ഞ അടുത്ത പന്ത്.ആ ശ്രമത്തിന്റെ സമ്മര്‍ദ്ദമായിരിക്കണം ആ ടൂര്‍ണമെന്റില്‍ അവനെറിഞ്ഞ ഏറ്റവും മോശം പന്തായി അടുത്തത്.തന്റെ തലയ്ക്കു മുകളിലൂടെ ബൗണ്ടറിയ്ക്കു പുറത്തെ കമിറ്റി ഓഫീസ് പന്തലിലേയ്ക്ക് വീണ പന്ത് കണ്ടതോട് കൂടി അവന്‍ മനസ്സില്‍ പരാജയം സമ്മതിച്ചു.പിന്നീട് എറിഞ്ഞ മൂന്നു പന്തുകളില്‍ വളവനാടന്‍ കപ്പിന്റെ ഒന്നാം സെമി അവസാനിച്ചു.നാലു സികസറുകള്‍ക്കപ്പുറം മനോഹരമായ ഒരു കവര്‍ ഡ്രൈവിലൂടെ യുവഭാരതിന്റെ വിജയം ഉറപ്പിച്ച് കണ്ണുകളില്‍ അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് വച്ച ആ ബാറ്റ്സ്മാന്‍ തൊപ്പിയൂരി.കഷണ്ടി കയറി തുടങ്ങിയ ആ തല സൂര്യപ്രകാശത്തില്‍ ഒന്നു കൂടി തിളങ്ങിയപ്പോള്‍ മറുവശത്ത് അവന്‍ ഇരുട്ടിലേയ്ക്ക് നടന്നു തുടങ്ങിയിരുന്നു.

-കട്ട്-

സീന്‍ 2 - കിളിയാര്‍കണ്ടം ഹോളി ഫാമിലി ദേവാലയം - രാത്രി.

തിരുക്കുടുംബത്തിന്റെ പെരുന്നാളാണിന്നു.ആ നാടിന്റെ ആഘോഷം.ഇന്നവിടെ വന്നു ചേരുന്നത് ഇടവകക്കാര്‍ മാത്രമല്ല,തൊട്ടപ്പറുവും ഇപ്പുറവും ഉള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരൊക്കെ അവിടെയുണ്ട്.പ്രദക്ഷിണം തിരിച്ച് പള്ളീല്‍ കയറി സമാപനാശീര്‍വാദവും ബാന്‍ഡുകാരുടെ പെരുക്കവും കഴിഞ്ഞ് പള്ളിപ്പറമ്പില്‍ നാടകം തുടങ്ങുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേളയുണ്ട്.വര്‍ഷങ്ങളായി ആ ഇടവേളയിലാണു ഒരു വര്‍ഷം മുന്‍പ് മുതല്‍ അപ്പോ കഴിഞ്ഞ പ്രദക്ഷിണത്തിനു വരെ നടന്ന കനം തിരിവുകള്‍ക്കുള്ള കണക്കുകള്‍ തല്ലിയും ചൊല്ലിയും ആ നാട്ടുകാര്‍ തീര്‍ക്കുന്നത്.അതില്‍ അതിര്‍ത്തി തര്‍ക്കം മുതല്‍ ഇടവകേലെ സുന്ദരികളെ തങ്കമണീന്നും കനകക്കുന്നീന്നും തോപ്രാംകുടീന്നും പെരുന്നാളു കൂടാന്‍ വരുന്ന ചെക്കന്മാര്‍ കണ്ണെറിയുന്നതു വരെയുള്ള സകല കേസുകളും പെടും.ഇത്തവണ അടി വീണിരിക്കുന്നത് ആ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്ന ബെനറ്റ് മുതലാളീടെ പണിക്കാരും ഉദയഗിരീന്നുള്ള പിള്ളേരു സെറ്റും തമ്മിലാണു.സംഭവം പതിവു പോലെ പ്രദ്ക്ഷിണ സമയത്തെ ലൈന്‍ വലിക്കലാണു.പക്ഷേ വലിച്ച ലൈനിന്റെ ഒരറ്റത്ത് ഉദയഗിരീലെ പാസ്റ്ററിന്റെ ഇളയ മോനും മറ്റേ അറ്റത്ത് ബെനറ്റ് മുതലാളീടെ മൂത്ത മോളു ഫിയോണയുമായി പോയി.മാത്രവുമല്ല പാസ്റ്ററിന്റെ മോന്‍ ഇട്ട ചൂണ്ടയില്‍ ഫിയോണ മോളൊന്നു കൊത്തുകയും ചെയ്തു,അതു മുതലാളീടെ ഭാര്യ മോളി ചേച്ചി കാണുകേം ചെയ്തു.

അച്ഛന്മാരോടൊപ്പമാണു പെരുന്നാളിന്റന്ന് പ്രസുദേന്തിയുടെ അത്താഴം.അതൊഴിവാക്കാന്‍ പറ്റാത്തത് കൊണ്ട് പണിക്കാരുടെ ചെവീല്‍ കാര്യങ്ങള്‍ പറഞ്ഞേല്പിച്ച് പള്ളി മേടയിലേയ്ക്ക് നടക്കാന്‍ നേരത്ത് ഇടവകകാരൊക്കെ ബഹുമാനത്തോടെ തന്നെ നോക്കുന്നത് കണ്ട മുതലാളി , ഒരു പ്രശ്നമുണ്ടായാല്‍ ഇവരൊക്കെ കൂടെയുണ്ടാകുമെന്ന ഒരു നിമിഷം തെറ്റിദ്ധരിച്ച് കമിറ്റി ഓഫീസിലെ അനൗണ്‍സ്മെന്റ് മൈക്കെടുത്ത് തനി പുതുപണക്കാരനായി.

"ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് .ബെനറ്റ് മുതലാളി പെരുന്നാളു നടത്തുന്നത് ഈ ഇടവകകാര്‍ക്ക് വേണ്ടീട്ടാ.ക്ഷണിക്കാത്ത പരിപാടിയ്ക്ക് വലിഞ്ഞ് കേറീ വന്നേക്കുന്നവര്‍ വേണേല്‍ പെരുന്നാളും കൂടീട്ട് പോക്കോണം.ഇവിടെ കേറി വന്നു കന്നം തിരിവ് കാണിക്കുന്നവര്‍ ,അതിപ്പോ ഏത് സഭക്കാരേണെലും,ഏത് പാസ്റ്ററുടെ മോന്റെ മോനാണെങ്കിലും എന്റെ പണിക്കാരുടെ തല്ലും വാങ്ങീട്ടേ പോവത്തുള്ളു."

ബെനറ്റ് മുതലാളീന്നു തുടങ്ങുന്ന രണ്ടാമത്തെ വാചകം തുടങ്ങീപ്പോഴേ വികാരിയച്ചന്‍ കണ്ണു കാണിച്ച് മൈക്ക് ഓഫാക്കിച്ചിരുന്നു.പക്ഷേ ചുറ്റും നിന്നിരുന്നവര്‍ക്ക് കേള്‍ക്കാന്‍ മുതലാളീടെ ശബ്ദം ധാരാളമായിരുന്നു.പറഞ്ഞവസാനിച്ചതും ബാന്റക്കാരു പെരുക്കി തുടങ്ങീതും ആദ്യത്തെ അടി വീണതും ഒരുമിച്ചായിരുന്നു.

"പ്രിയപ്പെട്ട കലാസ്നേഹികളെ ഭക്തജനങ്ങളെ.നിങ്ങളേവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓച്ചിറ നിളയുടെ നാടകം 'നക്ഷത്രങ്ങളെ സ്നേഹിച്ച രാത്രി' ഏതാനും നിമിഷങ്ങള്‍ക്കകം ആരംഭിക്കുന്നതാണു"

ഈ അറിയിപ്പ് കൂടി വന്നതോടെ പശ്ചാത്തലത്തിലെ ബാന്റും പള്ളി മുറ്റത്തെ അടിയും അടുത്ത കാലത്തിലേയ്ക്ക് കയറി.പണിക്കാരുടെ അടിയില്‍ നിന്നൊഴിഞ്ഞ് മാറിയ പാസ്റ്ററുടെ മക്കള്‍ - ബാസ്പിനും അനിയനും - തിരഞ്ഞു നടന്നത് ബെനറ്റ് മുതലാളിയെയാണു.സഭയേയും അപ്പനെയും പറഞ്ഞ അയാളെ തല്ലാതെ അടി അവസാനിപ്പിക്കാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.കമിറ്റി ഓഫീസില്‍ മേശയുടെ പുറകില്‍ ഒളിച്ച മുതലാളിയെ ബാസ്പിന്‍ വലിച്ചെടുത്ത് മുറ്റത്തേയ്ക്കിടപ്പോഴേക്കും അവിടെ മടക്കി വച്ചിരുന്ന മുത്തുക്കുടയുമായി അനിയന്‍ തയ്യറായിരുന്നു.നെറുകും തല നോക്കി അവന്‍ ആ കുട വീശി.പക്ഷേ ലക്ഷ്യ സ്ഥാനത്ത് അടി വീഴുന്നതിനു മുന്‍പ് ആരോ അവന്റെ വട്ടം പിടിച്ചു പൊക്കി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന ഒരു ഓട്ടോയുടെ ബാക്ക് സീറ്റിലേയ്ക്ക് ഇട്ട് കഴിഞ്ഞിരുന്നു.തൊട്ട് പിറകേ ബാസ്പിനും കനകക്കുന്നീന്നുള്ള ഒന്നു രണ്ടു പിള്ളേരും ആ ബാക്ക് സീറ്റിലേയ്ക്ക് വന്നു വീണു.ഓട്ടൊ മുന്നിലേയ്ക്ക് കുതിച്ചു.കലി തീരാതെ അവന്‍ മുതലാളിയെ വെല്ലു വിളിക്കാന്‍ തല പുറത്തേയ്ക്ക് ഇടപ്പോള്‍ കണ്ടത് മുതലാളി പിടിച്ചേഴുന്നേല്പിക്കുന്ന അവനെയാണു.കഷണ്ടി കയറിയ നെറ്റിയുള്ള , അദ്ഭുതമൊളിപ്പിച്ച കണ്ണൂകളുള്ള , തനിക്കും വളവനാടന്‍ കപ്പിനും ഇടയില്‍ നിന്നവനെ ! അന്നു കൈയ്യില്‍ ബാറ്റായിരുന്നു,ഇന്നു ഒരു ക്യാമറയാണു.

-കട്ട്-

സീന്‍ 3 - ബെനറ്റ് മുതലാളിയുടെ വീട് - രാത്രി.

വീടിന്റെ മുന്നിലെ വലിയ മതില്‍ ചാടി കടന്നു പുറത്തെത്തി മെറ്റലിട്ട വഴിയിലൂടെ ഓടുമ്പോ അവന്‍ മനസ്സില്‍ എണ്ണുന്നുണ്ടായിരുന്നു.പത്തിനപ്പുറം പോവാന്‍ സാദ്ധ്യതയല്ലെന്ന അവന്റെ കണക്കു കൂട്ടല്‍ ശരിയായിരുന്നു.പത്തെണ്ണി കഴിഞ്ഞ് അവന്‍ ഓട്ടം നിര്‍ത്തി പുറകോട്ട് നോക്കി.വളവിനപ്പുറം ഒരു വലിയ വെടി ശബ്ദം.ഒരു മിന്നല്‍ വെളിച്ചം.ആ ശബ്ദത്തിലും വെളിച്ചത്തിലും അലിഞ്ഞു പോയ ഒരു ഡോബര്‍മാന്റെ കുര.

പിറ്റേന്നു വെളുപ്പിനു മലയിറങ്ങുമ്പോള്‍ മനസ്സിലെ കണക്കു പുസ്തകത്തിലെ ബെനറ്റ് മുതലാളിയെന്ന ആദ്യ പേരു അവന്‍ വെട്ടി.ബാക്കിയുളള്ള ഒരു പേരു അവന്‍ അവധിയ്ക്ക് വച്ചു,എല്ലാം സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ സംഭവിക്കുമെന്ന വേദപുസ്തക വചനത്തില്‍ വിശ്വസിച്ച്.

-കട്ട്-

മനസ്സിലെ മേളം എട്ടാം കാലത്തിലേയ്ക്ക് കൊട്ടി കയറിയപ്പോള്‍ അവന്ന് നിന്നിടത്ത് നിന്നു ഒന്നു കുതിച്ചു.തന്റെ മുതലാളി ബേബി ചേട്ടനെ പിടിച്ച് തള്ളിയവന്റെ കൂടെയുണ്ടായിരുന്ന താടിക്കാരനെ തലങ്ങും വിലങ്ങും അടിച്ചു.തിരിച്ചു കൊള്ളുന്ന അടികള്‍ക്കിടയിലും അവന്‍ തിരഞ്ഞ ആ ഒരാള്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ അങ്ങോട്ടേയ്ക്ക് ഓടി വരുന്നുണ്ടായിരുന്നു - കണ്ണുകളില്‍ അദ്ഭുതം ഒളിപ്പിച്ച,കഷണ്ടി കയറിയ നെറ്റിയുള്ള,പ്രകാശിലെ സ്റ്റുഡിയോ നടത്തുന്ന മഹേഷ് ഭാവന.

അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം മനസ്സിലെ കണക്കു പുസ്തകത്തിലെ രണ്ടാം പേരും വെട്ടി ക്രിസ്പിന്‍ - എന്ന പാസ്റ്ററുടെ മകന്‍ ,പാമ്പ് ബാസ്പിന്റെ അനിയന്‍ - തന്റെ പ്രതികാരം പൂര്‍ത്തിയാക്കി.

Friday, July 7, 2017

വിശപ്പിന്റെ ദൃക്സാക്ഷി

മഴയെത്തി നോക്കിയിട്ട് നാളുകളൊരുപാടായ പ്രദേശത്തൂടെയാണു അയാള്‍ കയറിയ ബസ് അപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്.തലേ രാത്രിയില്‍ മൂത്രമണമുള്ള സെല്ലിലിരുന്നും കിടന്നും പൂര്‍ത്തിയാകാന്‍ കഴിയാത്ത ഉറക്കം ഒരു മയക്കത്തിലേയ്ക്ക് തള്ളിയിട്ട നേരത്ത് അയാളെ അലട്ടിയിരുന്നത് തന്റെ യാത്രയുടെ ദിശ മുന്നോട്ടാണോ പിന്നോട്ടാണോ എന്ന അസ്വഭാവികമായ സംശയമാണു.കാരണം മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന ആ ബസിലെ അയാളുടെ യാത്ര പിന്നിലേയ്ക്കായിരുന്നു.വാങ്ങിയണിഞ്ഞിരുന്ന സത്വങ്ങള്‍ക്കും , ചോദിക്കാതെ എടുത്തുപയോഗിച്ചിരുന്ന പേരുകള്‍ക്കും അപ്പുറം താന്‍ ആരാണെന്നും എന്താണെന്നും രേഖപ്പെടുത്തി വാങ്ങാനുള്ള യാത്രയിലാണു അയാള്‍.ഇനി ജീവിക്കാന്‍ അത് ഒരാവശ്യമായി തീര്‍ന്നിരിക്കുന്നു.മുന്നോട്ട് പോയിരുന്ന ആ ബസില്‍ ഇന്നില്‍ നിന്നു കയറിയ അയാള്‍ എത്തിച്ചേരേണ്ടത് ഇന്നലെകളിലാണു,ശേഷം ജീവിക്ക്കേണ്ടത് നാളെകളിലും.

ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ഇരുന്നു മയങ്ങിയത് കൊണ്ട് മൂക്കിലേയ്ക്ക് അടിച്ച് കയറിയ,നല്ല എരിവുള്ള അരപ്പ് തേച്ച് പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചു കൊണ്ടിരുന്ന പുഴമീനിന്റെ മണം ബസ് കടന്നു പോയ വഴിയിലെ ഹോട്ടലുകളൊന്നില്‍ നിന്നാണോ അതോ ഓര്‍മ്മകളില്‍ നിന്നാണോ എന്നു തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.ഓര്‍മ്മകളില്‍ നിന്നാവുന്നതാണു അയാള്‍ക്ക് താത്പര്യം,കാരണം മനസ്സ് മതി എന്നു പറയുവോളം കാശു മുടക്കില്ലാതെ വിശപ്പ് മാറുവോളം അയാള്‍ക്ക് ആ പൊരിച്ച മീന്‍ കൂട്ടി ചോറുണ്ണാം.അവ്യക്തമായ ബാല്യകാലത്തിലെവിടെയോ അയാള്‍ക്ക് കായലരികില്‍ ഒരു നാടുണ്ട്,കൊള്ളാത്തത്ര ആളുകളുള്ള ഒരു വീടുണ്ട് , അടുക്കളപ്പെര മാത്രം ഓര്‍മ്മയിലുള്ള ഒരു സ്കൂളുണ്ട്,പിന്നെ കുറേ മുഖമില്ലാത്ത ആളുകളും,രൂപമില്ലാത്ത വഴികളും.ആ വഴികളിലൂടെ ഉച്ചക്കത്തെ കഞ്ഞിക്ക് ശേഷം സ്കൂളില്‍ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നിരുന്ന ദിവസങ്ങളിലൊന്നിലാണു അനുവാദമില്ലാതെ ആദ്യമായി അയാളൊരു സാധനം എടുത്തത്.കവലയിലെ ചായപ്പീടികയുടെ അടുക്കളപ്പുറത്തു നിന്നും, നല്ല എരിവുള്ള അരപ്പ് തേച്ച് പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചു വച്ചിരുന്ന ഒരു മുഴുത്ത അയല.ആ ദിവസം തന്നെയാണു ജട്ടിയിലടുത്ത അവസാനത്തെ ബോട്ടില്‍ കയറി അയാള്‍ ആ നാടു വിട്ടത്.കാരണം ആ പ്രായത്തില്‍ അയാള്‍ക്ക് നല്ല വിശപ്പായിരുന്നു,ആ വിശപ്പ് മാറ്റാന്‍ അയാളുടെ വീടിനും നാടിനും പരിമിതികളും ഉണ്ടായിരുന്നു. വിശപ്പാണു എല്ലാം എന്നാണു ഇന്നത്തെ പോലെ അന്നും അയാളുടെ പക്ഷം.


വരണ്ടുണങ്ങിയ തരിശുകള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ആ ബസിലിരുന്ന് മയങ്ങുന്ന അയാള്‍ ഇന്നു യാത്ര അവസാനിപ്പിക്കേണ്ടത് വര്‍ഷങ്ങള്‍ക്കപ്പുറം കയറിയ ബോട്ട് ഇന്നാ പഴയ ജട്ടിയിലടക്കുമ്പോഴാണു.അവിടെ അയാളെ അറിയാവുന്നവര്‍ ഇന്നാരുമില്ല.ഉണ്ടെന്നു അയാള്‍ പ്രതീക്ഷിക്കുന്നുമില്ല.പക്ഷേ ഒരു അവസാന ശ്രമം,നാളിതു വരെ നുണകള്‍ മാത്രം ഉത്തരമായി നല്‍കിയ രണ്ടു ചോദ്യങ്ങള്‍ക്കും,ഇല്ല എന്നു മാത്രം ഉത്തരം നല്‍കിയിട്ടുള്ള മൂന്നാം ചോദ്യത്തിനും ശരികള്‍ മറുപടിയായി പറയാനൊരു കൊതി.

പേരെന്താണു ?

നാടെവിടെയാണു ?

ഐ.ഡിയുണ്ടോ ?

ആദ്യ രണ്ട് ചോദ്യങ്ങള്‍ക്കും ഒരിക്കലും അയാള്‍ ഉത്തരം പറയാതിരുന്നിട്ടില്ല.വഴിയില്‍ കിടന്നു കിട്ടിയ പേരുകളും,കാലു ചുവട്ടിയ നാടുകളും ആരോടും അനുവാദം ചോദിക്കാതെ അയാള്‍ എടുത്തുപയോഗിച്ചിട്ടുണ്ട്,എപ്പോഴോ മറന്നു പോയ സ്വന്തം പേരും നാടുമൊഴികെ.പക്ഷേ മൂന്നാമത്തെ ചോദ്യം അയാളെ പതിവായി ഒരു നാട്ടില്‍ നിന്നു മറ്റൊന്നിലേയ്ക്കും,ഇടയ്ക്കൊക്കെ ഇന്നലെ രാത്രിയിലെ പോലെ സെല്ലുകളിലെ തണുപ്പുള്ള തറകളിലേയ്ക്കും ഓടിക്കാന്‍ തുടങ്ങിയിരിക്കുന്നു.സ്വന്തം ജീവിതം ജീവിച്ച് തീര്‍ക്കാന്‍ എന്തിനാണു ഒരു തിരിച്ചറിയല്‍ രേഖ എന്നത് , വിശപ്പ് മാറ്റാനുള്ള ഭക്ഷണത്തിനുള്ള വക എടുക്കുന്നത് എങ്ങനെയാണു കളവാകുന്നതെന്ന ചോദ്യം പോലെ അയാള്‍ക്ക് ഒരിക്കലും മനസ്സില്ലാകാത്ത ഒന്നായിരുന്നു.കാരണം അയാളെ സംബന്ധിച്ചിടത്തോളം പച്ച മനുഷ്യനും,അയാളുടെ വയറിന്റെ വിശപ്പും - അതു മാത്രമാണു ഈ ലോകത്തിലെ സത്യങ്ങള്‍.

വിശപ്പ് മാറ്റാന്‍ വേണ്ടി അയാള്‍ മോഷ്ടിച്ചിട്ടുണ്ട് ഒരുപാട് തവണ.പക്ഷേ കള്ളനാണെന്നു സമ്മതിച്ചിട്ടില്ല.കാരണം മേല്പറഞ്ഞത് തന്നെ.ആരെയും വേദനിപ്പിക്കാതെ,മോഷണവസ്തു പോലുമറിയാതെ,കൈയ്യടക്കം കൊണ്ട് സദസ്സിനെ അദ്ഭുതപ്പെടുത്തുന്ന ഒരു ജാലവിദ്യക്കാരന്റെ വഴക്കത്തോടെ അയാള്‍ ചെയ്ത മോഷണങ്ങളിലൊക്കെ ഒരു കലാകാരന്റെ കൈയ്യൊപ്പുണ്ടായിരുന്നു.അമ്പലപ്പറമ്പുകളിലെ ഉത്സവരാവുകളില്‍ അയാള്‍ ആവേശത്തോടെ കണ്ടു തീര്‍ത്ത കലാപ്രകടനങ്ങളില്‍ ഒന്നില്‍ പോലും അയാളുടെ പ്രകടനങ്ങളോളും കലയുണ്ടായിരുന്നില്ല എന്നത് അയാള്‍ തിരിച്ചറിഞ്ഞിരുന്നോ ? തിരിച്ചറിഞ്ഞിരുന്നിരിക്കണം.

അബോധത്തിലെ ഓര്‍മ്മകളില്‍ ,ഏതോ പൂരപ്പറമ്പില്‍ കലാശക്കൊട്ടിലേയ്ക്കെത്തിയ ഒരു മേളപ്പെരുക്കത്തിന്റെ തരിപ്പാണു അയാളെ യാത്രയിലേയ്ക്ക് തിരികെ കൊണ്ടു വന്നത്.ഉണര്‍ന്നെങ്കിലും മുന്നിലെ സീറ്റിന്റെ കമ്പിയിലേയ്ക്ക് ചാരിയുള്ള ഇരിപ്പില്‍ തന്നെയായിരുന്നു അയാള്‍.എവിടെയെത്തിയെന്നറിയാന്‍ പതിയെ അയാള്‍ കണ്ണുകള്‍ മാത്രമൊന്നുയര്‍ത്തി നേരെ നോക്കി.അയാളുടെ കാഴ്ച്ചകളെ മറച്ച് ഒരാള്‍ മുന്നിലിരുന്നിരുന്നു.പക്ഷെ അയാളുടെ കണ്ണുകളുടക്കിയത് കണ്മുന്നിലെ കഴുത്തില്‍ ചേര്‍ന്നു കിടന്നിരുന്ന രണ്ട് പവനോളം വരുന്ന ഒരു തടിച്ച സ്വര്‍ണ്ണമാലയിലാണു.

അപ്പോള്‍ അയാള്‍ക്ക് വീണ്ടും വിശന്നു തുടങ്ങിയിരുന്നു.ഒരു മാല വിഴുങ്ങാനുള്ളത്രേം വിശപ്പ്.

Monday, May 29, 2017

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

കാണുന്നതിനു മുന്‍പ് വായിച്ച് ഒരുപാട് നിരൂപണങ്ങളില്‍ തീയറ്ററിലിരുന്നു കോരിത്തരിച്ചതിന്റെയും കണ്ണു നിറഞ്ഞതിന്റെയും വിവരണങ്ങള്‍ ഉണ്ടായിരുന്നു.എഴുതുന്ന കുറിപ്പിന്റെ ഭംഗി കൂട്ടുന്നതിനു വേണ്ടി ചേര്‍ത്തതായിരിക്കും ആ വിവരണങ്ങള്‍ എന്നായിരുന്നു എന്റെ ധാരണ.കാരണം തന്റെ കരിയറിലൂടെ കോരിത്തരിപ്പിച്ചതിനും കണ്ണു നിറച്ചതിനുമപ്പുറം എന്താണു ഇനി അയാള്‍ക്ക് ഒരു ഡോക്യുമെന്ററിയിലൂടെ പറയാനും കാണിക്കാനുമുള്ളതു എന്നായിരുന്നു സംശയം മുഴുവന്‍.

Friday, May 5, 2017

ഒരു 'ബ്ലാക്ക്‌ കോഫി'യുടെ ഓർമ്മയ്ക്ക്‌ഐ.സി.യു എന്നെഴുതിയിരിക്കുന്ന ചില്ലു വാതിലിനപ്പുറമുള്ള എന്ത്‌ കാഴ്ച്ചയായിരിക്കാം തന്റെ അമ്മയുടെ കണ്ണുകൾ നിറയ്ക്കുന്നതെന്നു അവനു മനസ്സില്ലാകുന്നുണ്ടായിരുന്നില്ല.അകത്തേയ്ക്ക്‌ കയറി പോയ അവന്റെ അച്ഛന്റെ മുഖത്തുമുണ്ടായിരുന്നു പതിവില്ലാത്ത ഒരു ഇരുളിമയുടെ കനം.

മുന്നിലെ സ്ഫ്ടികപാളിയ്ക്ക്പ്പുറം നടന്നു കൊണ്ടിരുന്ന കൂടിക്കാഴ്ച്ചയിൽ അവൾ കണ്ടത്‌ താനെന്ന തടയണയിൽ തട്ടി വഴി പിരിഞ്ഞൊഴുകി കാതങ്ങൾക്കപ്പുറത്ത്‌ എവിടെയോ വച്ച് വീണ്ടും‌ കണ്ട്‌ മുട്ടുന്ന രണ്ട്‌ നദികളെയാണു.അവരിലൊരു ഒരു നദിയുടെ ഒഴുക്ക്‌ അവസാനിക്കാറായിരിക്കുന്നു എന്ന തിരിച്ചറിവാണു ഇന്നു ആ കുടുംബത്തെ ഉദ്യാനനഗരത്തിലെ ഈ ആശുപത്രിയിലേയ്ക്കെത്തിച്ചിരിക്കുന്നത്‌.വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്‌ പോലൊരു വാതിലിനപ്പുറം നിന്നു കേട്ട ഇവരിരുവരുടെയുൻ സംസാരമാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു അവൾ അപ്പോൾ ഓർക്കാതിരുന്നില്ല.

മുടി കൊഴിഞ്ഞ തന്റെ പഴയ കൂട്ടുകാരിയുടെ മുഖത്തേയ്ക്ക്‌ അധികം നേരം നോക്കിയിരിക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല.മറ്റ്‌ എവിടെയൊക്കെയോ നോക്കി കൊണ്ടാണു അയാൾ അവളോട്‌ സംസാരിച്ചത്‌.സംസാരം എന്നു പറഞ്ഞു കൂടാ, ചില വാക്കുകൾ , ഉത്തരങ്ങൾക്ക്‌ പകരമുള്ള ഹൃസ്വമായ മൂളലുകൾ.ഇതിനിടയിലുള്ള ഇടവേളകളിൽ അവൾ മയക്കത്തിലേയ്ക്ക്‌ തെന്നി പോകുന്നുണ്ടായിരുന്നു, അയാൾ ഓർമ്മകളിലേയ്ക്കും.

എവിടെ വച്ചാണു ആദ്യം തമ്മിൽ കണ്ടത്‌ ?

ഹബീബുള്ള സ്ട്രീറ്റിലെ ഗസൽ സന്ധ്യകളിലൊന്നിലൊ , അതോ ബൊമ്മനഹളിയിലെ ആർട്ട്‌ കഫേയിൽ ഡെന്മാർക്കുകാരൻ വയലിനിസ്റ്റ്‌ എറിക്‌ ജോണിന്റെ കൊൺസേർട്ടിന്റെ അന്നോ, ഓർമ്മയില്ല..

പക്ഷേ കണ്ട്‌ മുട്ടിയ പെൺസുഹൃത്തുക്കളിൽ ഏറ്റവും സെൻസിബളായ ഒരാളായിരുന്നു ഇവൾ - ബോൾഡ്‌ & ബ്യൂട്ടിഫുൾ.ഇട്ടു മൂടാനുള്ള സ്വത്തും പണവും ഉണ്ടായിരുന്നിട്ടും, അതിലൊന്നും ഭ്രമിക്കാതെ , ദൂരങ്ങളിലേയ്ക്ക്‌ ഒറ്റയ്ക്ക്‌ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന, സ്വന്തം തീരുമാനങ്ങളുണ്ടായിരുന്ന, അത്‌ പറയാൻ മടിയില്ലാതിരുന്ന തന്റേടിയായ ഒരു മിടുക്കി.ഒരു പക്ഷേ നിളയുടെ തീരത്തെ ആ പഴയ ബാല്യകാലസ്മരണകളിലേയ്ക്ക്‌‌ കൗതുകത്തിന്റെ പേരിൽ വർഷങ്ങൾക്ക്‌ മുൻപ്‌ യാത്ര ചെയ്തില്ലായിരുന്നെങ്കിൽ..

ആ ചിന്തയെ അയാൾ പൂരിപ്പിക്കുന്നതിനു മുൻപ്‌ മയക്കത്തിൽ നിന്നും അവൾ ഉണർന്നു.ഇക്കുറി പാതി തുറന്ന കണ്ണുകളിലെ നോക്കിയത്‌ കണ്ണാടിവാതിലിനപ്പുറത്തേയ്ക്കാണു. അവരോട്‌ അകത്തേയ്ക്ക്‌‌ വരാൻ പറഞ്ഞ്‌ അവൾ വീണ്ടും മയക്കത്തിലേയ്ക്ക്‌ വഴുതി.

അമ്മയുടെ കൈ പിടിച്ച്‌ ഒരുപാട്‌ തണുപ്പുള്ള ആ മുറിയിൽ‌ നിൽക്കുമ്പോൾ ഒരു ചോദ്യത്തിനുള്ള ഉത്തരം അവനു കിട്ടിയിരുന്നു.പതിവില്ലാത്തവണം അവന്റെ അച്ഛനെ അസ്വസ്ഥനാക്കിയതും‌, അമ്മയുടെ കണ്ണു നിറച്ചതും കരുവാളിച്ച മുഖവുമായി ആ ബെഡിൽ മയങ്ങുന്ന ആന്റിയാണു, പക്ഷേ ആ ആന്റി ഇവരുടെ ആരാണെന്ന ചോദ്യം അപ്പോഴേയ്ക്കും അവന്റെ മനസ്സ്‌ ചോദിച്ച്‌ കഴിഞ്ഞിരുന്നു.ഉത്തരം കൊടുക്കാനെന്നവണം അവൾ മയക്കത്തിൽ നിന്നുണർന്നു അവനെ നോക്കി വളരെ ബുദ്ധിമുട്ടി ചിരിച്ചു.

' പേരെന്താ? '

ചോദ്യം വ്യക്തമാകാഞ്ഞിട്ടാണോ, അതോ അതവനോടായിരുന്നോ എന്നു ശങ്കിച്ചിട്ടാണോ പേരു പറയാൻ അവൻ ഒരൽപം താമസിച്ചു.

'ബ്രഹ്മദത്ത്‌ ജഗ്ഗന്നാഥൻ' എന്നു മറുപടി പറയുമ്പോൾ ആന്റിയുടെ പേരെന്താ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അവനു.

'എനിക്കൊരു ബ്ലാക്ക്‌ കോഫി തരാമോ'

മേശപ്പുറത്തിരിയ്ക്കുന്ന ഫ്ലാസ്കിൽ നിന്നവൾ കട്ടൻ കാപ്പി ഗ്ലാസിലേയ്ക്ക്‌ പകർന്നു കൊണ്ടിരുന്നപ്പോഴാണു എന്തോ ഓർത്ത പോലെ അവർ അവളോട് ഇങ്ങനെ‌ ചോദിച്ചത്‌

'ഉണ്ണിമായേ, അന്നു ആ തിരുവാതിര മുഴുവനാക്കിയില്ലല്ലോ, ഇനിയെന്നാ അതൊന്നു മുഴുവൻ കാണുക ?'

ഒരു നീണ്ട മയക്കത്തിലേയ്ക്ക്‌ വീഴുന്നതിനു മുൻപ്‌ അവന്റെ അമ്മയോട്‌ ആന്റി ഇങ്ങനെ ചോദിച്ചത്‌ എന്തിനാണെന്നോ മറുപടി പറയാതെ അമ്മ കരഞ്ഞതെന്തിനാണെന്നോ അവനു മനസ്സില്ലായില്ല.
ആശുപത്രിയിൽ നിന്നു തിരിച്ച്‌ പോകുന്ന വഴിയിലും അമ്മ കരയുന്നുണ്ടായിരുന്നു,അത് കൊണ്ട്‌ അച്ഛനോടാണവൻ ആ ആന്റി ആരായിരുന്നു എന്നു ചോദിച്ചത്‌.

'അത്‌ ..അച്ഛന്റെ ഒരു കൂട്ടുകാരി..വളരെ അടുത്ത ഒരു കൂട്ടുകാരി'

'ആ ആന്റീടെ പേരെന്താ ? '

'നയൻ താര' .

കൂടുതൽ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാതിരിക്കാൻ വേണ്ടി അയാൾ കണ്ണുകളടച്ച്‌ സീറ്റിലേയ്ക്ക്‌ തല ചായ്‌ച്ചു.അമ്മ കരച്ചിൽ നിർത്താൻ അവൻ കാത്തിരുന്നു.തിരുവാതിരയെ കുറിച്ച്‌ എന്താ പറഞ്ഞതെന്നു കൂടി അറിയണമായിരുന്നു അവനു.

Thursday, February 16, 2017

നന്മമരങ്ങളുടെ തണുപ്പുള്ള തണലുകള്‍


മൂവാറ്റുപുഴയില്‍ നിന്നു പത്ത്-പന്ത്രണ്ട് കിലോമീറ്റര്‍ മാറി ഞങ്ങള്‍ക്കൊരു ചെറിയ തോട്ടമുണ്ട് - തോട്ടം എന്നു പറഞ്ഞൂടാ,റബ്ബര്‍ വച്ചേക്കുന്ന ഒരു ചെറിയ പറമ്പ്.ബിജു ചേട്ടനാണു അവിടുത്തെ റബ്ബര്‍ വെട്ടുന്നതും,ബാക്കി കാര്യങ്ങളൊക്കെ നോക്കുന്നതും.പറമ്പിലെ വെടി തീരാറായ മൂന്നു തെങ്ങില്‍ കയറാന്‍ ആളെ കിട്ടി എന്ന സന്തോഷ വാര്‍ത്ത ബിജു ചേട്ടന്‍ അറിയിച്ചതനുസരിച്ചാണു കഴിഞ്ഞ് ആഴ്ച്ച അങ്ങോട്ടേയ്ക്ക് പോയത്.കാലത്തെ അങ്ങെത്തിപ്പോ ബിജു ചേട്ടന്‍ എത്തീട്ടില്ല.ജിമ്മില്‍ പോക്കും,പരിപാടീം പനി-ചുമ ഇത്യാദി വ്യാധികള്‍ കൊണ്ട് മുടങ്ങിയിരിക്കുന്നത് കൊണ്ട് പറമ്പിലൂടെ ഒന്നു നടന്നേക്കാം എന്നു കരുതി,കരിയിലകള്‍ക്കിടയിലൂടെ ഒരു നടപ്പ് നടന്നു.

Wednesday, February 1, 2017

രണ്ടു മരണങ്ങളും, അവയുടെ രാഷ്ട്രീയവും

ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ വിശകലനങ്ങളില്‍,പാചകവാതക വില വര്‍ദ്ധനവിനൊപ്പം മുങ്ങി പോയേക്കാവുന്ന മറ്റൊരു വാര്‍ത്ത ഈ.അഹമ്മദിന്റെ മരണമാണു.വിലവര്‍ദ്ധനവിപ്പോള്‍ ഒരു റുട്ടീന്‍ സംഭവമായത് കൊണ്ട് ശീലമായിരിക്കുന്നു.പക്ഷേ ഈ.അഹമ്മദിന്റെ മരണത്തേക്കാള്‍ അലോസരപ്പെടുത്തുന്നത് ,ആ മരണം പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് ആശുപത്രിയില്‍ നടന്ന സംഭവങ്ങളാണു.

Monday, January 23, 2017

(ബീഫ്/പന്നി) നിരോധിത മേഖല

സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ചരയ്ക്കുള്ള കുര്‍ബാനയ്ക്ക് ആളെത്തി തുടങ്ങുന്നതിനു മുന്‍പ് സ്ഥലം വിടാനാണു അവരുടെ പദ്ധതി.അമ്പലത്തിലേയ്ക്കുള്ള പാലു നടയ്ക്കിലിറക്കി കൃഷ്ണപ്പിള്ളയും അയാളുടെ പഴയ എം.എം 540 ജീപ്പും പള്ളി ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അപ്പോഴേക്കും മിനിറ്റുകള്‍ പതിനഞ്ച് കഴിഞ്ഞിരുന്നു.ബാങ്കു വിളി കഴിഞ്ഞ് മമ്മദിക്ക എത്തിയിട്ടും മാനുവലേട്ടന്റെ അനക്കമൊന്നും കാണാഞ്ഞിട്ട് പിള്ളേച്ഛന്‍ അക്ഷമനാണു.ഇരുവരുടെയും നോട്ടം ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു രാജകൊട്ടാരം പോലെ നില്‍ക്കുന്ന പുതിയ പള്ളിയിലേയ്ക്ക് നീണ്ടിട്ട് നേരം കുറച്ചായി,അപ്പോഴാണു അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് പഴയ പള്ളിയുടെ വശത്ത് നിന്നു മാനുവലേട്ടന്‍ നടയിറങ്ങി വന്നത്.

"നീയിപ്പഴും അവടെയാണോ കെടപ്പ്,പുതിയ പള്ളീലേയ്ക്ക് നിന്നെ മാത്രം കൊണ്ടൊന്നില്ലേ ?" ജീപ്പെടുത്ത് കൊണ്ട് പിള്ളേച്ഛന്‍ അത് ചോദിച്ചപ്പോള്‍ മുഖത്ത് പതിവില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു.

"ഓ,അതൊക്കെ കൊണ്ടോന്നതാ,പക്ഷേ എനിക്കേ പുതിയ സ്ഥലം പറ്റണില്ല,ഒടുക്കത്തെ തണുപ്പും ഒരു മാതിരി പേടിയാവണ വലുപ്പോം."

"അല്ല മാനൂലേ , ഈ ഹൈറേഞ്ചിലെ പള്ളിയ്ക്കകത്തെന്തിനാ ഏ.സി വച്ചേക്കണെ ? മ്മക്കിവിടെ തണുപ്പിനു കുറവ് വല്ലോണ്ടോ" ന്യായമായ ആ സംശയം മമ്മദിക്കയാണു ചോദിച്ചത്.

"ആ എനിക്കറിയാമേല,ആകെ നൂറു വീട്ടുകാരുള്ള നമ്മുക്കെന്നാതിനാ ഇത്രേം വലിയ പള്ളീന്നു ചോദിച്ചേന് കിട്ടിയ നോട്ടം കണ്ടതോടെ ഞാന്‍ പിന്നെയൊന്നും ചോദിച്ചൂം ഇല്ല ,എന്നോടൊന്നും പറഞ്ഞൂമില്ല."

പിന്നെ കുറച്ച് നേരത്തയ്ക്ക് ആരും തമ്മിലൊന്നും ചോദിച്ചില്ല.ചുരമിറങ്ങി തുടങ്ങിയപ്പോ മാനുവലേട്ടന്‍ ഉറക്കം വിട്ട് മാറാത്ത അവരുടെ സിറ്റിയിലേയ്ക്ക് ഒന്നു കൂടി നോക്കി,എന്നിട്ട് പയ്യെ കണ്ണുകളടച്ചു.ഏതാണ്ടൊരു അറുപത്തഞ്ച് വര്‍ഷം മുന്‍പ് അങ്ങോട്ടേയ്ക്ക് ആദ്യം ചുരം കയറി വന്നവരാണു ഈ മൂന്നു പേര്‍.ആദ്യം വന്നത് പിള്ളേച്ഛനാണോ മാനുവലേട്ടനാണോ എന്നൊരു തര്‍ക്കം അവര്‍ക്കിടയില്‍ ഉണ്ട്,പക്ഷേ മൂന്നു പേരില്‍ അവസാനം വന്നത് മമ്മദാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.വര്‍ഷകണക്കില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് അന്നാട്ടിലെ മൂപ്പന്മാരവരാണു,അല്ലെങ്കില്‍ ആയിരുന്നു കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ.കുടിയേറ്റക്കാരില്‍ മിക്കവരെയും പോലെ കാട് വെട്ടി തെളിച്ച് കൃഷിയൊക്കെ ആയിട്ടാണു തുടങ്ങിയതെങ്കിലും മമ്മദും കൃഷ്ണനും മാനുവലും അത് അധികം നാള്‍ മുന്നോട്ട് കൊണ്ടു പോയില്ല.ആദ്യം കൃഷി വിട്ടത് പിള്ളേച്ഛനാണു,പശു വളര്‍ത്തലിലായിരുന്നു മൂപ്പര്‍ക്ക് കമ്പം.കൃഷിയ്ക്കുള്ള ചാണകത്തിനു വേണ്ടി ഒന്നിനെ വളര്‍ത്തി തുടങ്ങിയതാണു കക്ഷി പക്ഷേ തൊഴുത്തിലെ പശുക്കളുടെ എണ്ണവും കറന്നെടുക്കുന്ന പാലിന്റെ അളവും കൂടിയതോടെ അവസാനം പശു വളര്‍ത്താന്‍ വേണ്ടി അയാള്‍ കൃഷി നിര്‍ത്തി.മമ്മദിനു ആദ്യം മുതലേ പറമ്പിപണിയില്‍ അത്ര വഴക്കം പോരായിരുന്നു,അതു സ്വയം മനസ്സില്ലാക്കിയാണു അയാള്‍ അത് നിര്‍ത്തിയത്.മക്കളൊക്കെ തന്നോളം ആകുന്നത് വരെ അയാള്‍ എല്ലാ വര്‍ഷവും കുറച്ച് കൊടി നട്ടിരുന്നു,പിന്നെ കുറച്ച് ആടുകളെയും വളര്‍ത്തി.സൈനബയുടെ നിക്കാഹ് കഴിഞ്ഞപ്പോ പറമ്പിന്റെ കുറച്ച് അയാള്‍ പുതിയാപ്ലയ്ക്ക് കൊടുത്തു,അബ്ദൂന്റെ വിസയ്കും ടിക്കറ്റിനുമായി വീടൊഴിച്ചുള്ള പറമ്പും,ബാക്കിയുണ്ടായിരുന്ന മൂന്നാടുകളും ഏതോ പുറംനാട്ടുകാര്‍ക്ക് പറഞ്ഞ വിലയ്ക്ക് കൊടുത്ത് മഹലും വീടുമായി അയാളൊതുങ്ങി.ഒറ്റത്തടിയായിരുന്നത് കൊണ്ട് മാനുവലിനു ഒന്നിനോടും വലിയ താത്പര്യമില്ലായിരുന്നു.സ്ഥലം കൂടുതല്‍ ഉണ്ടായിരുന്നത് അയാള്‍ക്കായിരുന്നു,അതിലയാള്‍ കൊടിയും ഏലവും ഇഞ്ചിയുമൊക്കെ നട്ടു.കുറേ നാള്‍ കഴിഞ്ഞ് അത് മടുത്തപ്പോ പറമ്പിലെ മരമൊക്കെ വെട്ടിയൊരുക്കി അയാളൊരു തടി കച്ചോടക്കാരനായി.അങ്ങോട്ടേയ്ക്ക് കുടിയേറി വന്നവരുടെ വീടുകളില്‍ ആ മരങ്ങളൊക്കെ കട്ടിളപ്പടികളായും,ജനല്പ്പാളികളായിയുമൊക്കെ സ്ഥാനം പിടിച്ചു.അവസാനം എല്ലാം മടുത്തപ്പോ ,ചാവുവോളം പള്ളീലൊരു മുറിയും,ശേഷം സെമിത്തെരിയില്‍ ഒരു കുഴിയും എന്ന വ്യവസ്ഥയില്‍ സ്ഥലം പള്ളിയ്ക്കെഴുതി കൊടുത്ത് അയാള്‍ പട്ടക്കാരനും കപ്പ്യാരുമല്ലാത്ത ഒരു പള്ളിവാസിയായി.

വര്‍ഷങ്ങളിലൂടെയുള്ള ഈ യാത്രയില്‍ ഒരുമിച്ച് കുടിയേറിയവരെന്നതിനപ്പുറം ഏറ്റവുമടുത്ത സുഹൃത്തുക്കളും,ഗര്‍ഭപാത്രം പങ്കു വയ്ക്കാത്ത കൂടപിറപ്പുകളുമൊക്കെയായി അവര്‍. എഴുപത്തിയൊമ്പത് മോഡല്‍ എം.എം 540ല്‍ ചുരമിറങ്ങുന്ന അവര്‍ക്കുള്ളത് ഒരാഗ്രഹമാണു,ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം.ആ സിറ്റിയുടെ അതിര്‍ത്തിയില്‍,അവരെ കടന്നു പോയ ചില ബോര്‍ഡുകളാണു അവരുടെ ഈ അഗ്രഹങ്ങളുടെ കാരണം.

ബോര്‍ഡ് 1 : ബീഫ് നിരോധിത മേഖല.

രണ്ടായിരത്തിപതിനഞ്ച് ഒക്ടോബറിലെ രണ്ടാമത്തെ ഞായറാഴ്ച്ചയാണു ആ ബോര്‍ഡ് അവിടെ സ്ഥാനം പിടിച്ചത്.അതിനും ഒരാഴ്ച്ച മുന്‍പാണു സംഭവങ്ങളുടെ തുടക്കം.കവലയിലെ ചായക്കടയില്‍ കാലത്തെ ചായയോടൊപ്പം വിളമ്പിയ വാര്‍ത്തയിലാണു ആ നാട്ടിലുള്ളവര്‍ സംഭവം അറിഞ്ഞത് - വടക്കേ ഇന്ത്യയിലെവിടെയോ ബീഫ് വച്ചതിന്റെ പേരില്‍ ഒരാളെ അന്നാട്ടുകാര്‍ തല്ലി കൊന്നുവത്രേ.വാര്‍ത്ത കേട്ടവര്‍ക്ക് സംഭവം തീരെയങ്ങ് ദഹിച്ചില്ല,ബീഫ് വച്ചതിനായിരിക്കില്ല വച്ച ബീഫ് കൊടുക്കാത്തതിനായിരിക്കും എന്നാരോ ഉറക്കെ പറഞ്ഞ ഒരാത്മഗതം തുടക്കമിട്ട ചിരിയില്‍ ആ വാര്‍ത്ത പതിയെ മുങ്ങി.പക്ഷേ ആ ചിരിയില്‍ കൂടാതെ ആ രംഗമൊഴിഞ്ഞ കുറച്ച് പേരെ ആരും ശ്രദ്ധിച്ചില്ല.
പിറ്റേന്നു അഞ്ചരയ്ക്കുള്ള കുര്‍ബാന കഴിഞ്ഞ് ഇറച്ചി വാങ്ങാന്‍ അലിയാരുടെ കടയിലെത്തിയവര്‍ കണ്ടത് ഒരാള്‍ക്കൂട്ടമാണു.ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു കൊടിയും,താഴെ ഒരറിയിപ്പും.

"ഗോവധം പാപമാണു.ഗോമാംസം വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണു."

മേടയിലേയ്ക്കുള്ള ഇറച്ചി വാങ്ങാന്‍ വന്ന മാനുവലും,പോത്തിറച്ചി ഇല്ലാതെ ചോറിറങ്ങാത്ത മമ്മദും,ഞായറാഴ്ച്ച മാത്രം ഇറച്ചി വാങ്ങി കഴിക്കുന്ന പിള്ളേച്ഛനും പരസ്പരം നോക്കി.സ്ഥിതിഗതികള്‍ അസ്വസ്ഥമാകുന്നത് അവര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

"ഇവിടെയിപ്പോ ഗോവധം ഒന്നും നടാന്നില്ലല്ലോ,ഇത് പോത്തിറച്ചിയല്ലേ." 

പിള്ളേച്ഛന്‍ പറഞ്ഞതിനു മറുപടിയാരും പറഞ്ഞില്ലെങ്കിലും,ചില പിറുപിറുക്കലുകള്‍ അവിടെ നടന്നു.

"അതു തന്നെ.നീയൊരു ഒന്നരകിലോ കൈകൊറവ് നോക്കിയിങ്ങെടുത്തേ അലിയാരേ." പിറുപിറുക്കലുകള്‍ക്ക് മുകളില്‍ മാനുവലിന്റെ സ്വരമുയര്‍ന്നു.

പക്ഷേ അതിനും മുകളില്‍ സ്വരമുയര്‍ത്തുന്നവര്‍ അവിടെയുണ്ടായ വിവരം അവരറിഞ്ഞിരുന്നില്ല.ആ ആക്രോശങ്ങളില്‍ രണ്ടു കാര്യങ്ങള്‍ അവിടെ തകര്‍കപ്പെട്ടു.ഒന്നു മാനുവലിന്റെയും മമ്മദിന്റെയും കൃഷ്ണപ്പിള്ളയുടെയും മൂത്ത കുടിയേറ്റക്കാരെന്ന സ്ഥാനം,രണ്ട് അലിയാരുടെ ഇറച്ചിക്കട.
ഒരാഴ്ച്ചക്കിപ്പുറം അതിര്‍ത്തിയില്‍ ബോര്‍ഡ് പൊങ്ങി - ബീഫ് നിരോധിത മേഖല.

ബോര്‍ഡ് 2 : പന്നിയിറച്ചി നിരോധിത മേഖല

ആദ്യ ബോര്‍ഡിനും രണ്ടാമത്തെ ബോര്‍ഡിനും ഇടയില്‍ മൂന്നു ദിവസത്തെ വത്യാസം മാത്രമാണുണ്ടായിരുന്നത്.ആദ്യ ബോര്‍ഡിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ സ്വഭാവികമായ പ്രതികരണമായിരുന്നു രണ്ടാമതുയര്‍ന്ന അറിയിപ്പ്.സമുദായക്കാരു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ പോലും ഇങ്ങനെയുള്ള നിരോധനങ്ങള്‍ കുറവാണെന്നൊക്കെ മമ്മദ് കമിറ്റിയില്‍ പറഞ്ഞു നോക്കിയെങ്കിലും അവിടെയും അയാളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ ഉണ്ടായി കഴിഞ്ഞിരുന്നു.ആ ഉച്ച സ്വരങ്ങളില്‍ അയാളും കട തകര്‍ക്കപ്പെട്ട അലിയാരുമൊക്കെ ആണ്ടു പോയി.

പോത്തും പന്നിയും കിട്ടാതായതോടെ അങ്കലാപ്പിലായത് ഇടവകക്കാരാണു.ഞായറാഴ്ച്ചയെ ഞായറാഴ്ച്ച ആക്കുന്നത് കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന അപ്പോം പോത്തിറച്ചിക്കറിയുമാണെന്നു വിശ്വസിക്കുന്നവരാണു ഭൂരിഭാഗവും.മറ്റു ദിവസങ്ങളില്‍ ഏലക്കാട്ടിലെ പണിയ്ക്കും,ഇഞ്ചി നടാനും,മുളക് പറിക്കാനുമൊക്കെ കയറണേനു മുന്നെ കപ്പേം പന്നീം കൂട്ടി ഒരു പിടി പിടിച്ചില്ലേല്‍ അവരുടെ കൈയ്യും കാലും വിറയ്ക്കും.വെള്ളം കുത്തിവച്ച് വരുന്ന കോഴിയോടും,തോപ്പുമ്പടീന്നും മുനമ്പത്തുന്നും ഒന്നര മാസം മുന്നേ ഐസിട്ട് മല കയറി വരുന്ന മീനിനോടും അവര്‍ക്കത്ര പ്രിയം പോരാ.ഇടിച്ചക്ക തോരനും,ബീന്‍സ് മെഴുക്ക്പെരട്ടിയും കഴിച്ച് മടുത്ത ഒരു ഞായറാഴ്ച്ച ഏഴിന്റെ കുര്‍ബാന കഴിഞ്ഞ് ഒരു പൊതുയോഗം അവരും കൂടി.ബാക്കിയുള്ള എന്തെങ്കിലും നിരോധിച്ച് ഒരു ബോര്‍ഡ് ഇടവകയുടെ പേരിലും വയ്ക്കണമെന്നൊരഭിപ്രായം ഉയര്‍ന്നെങ്കിലും അതില്‍ വലിയ കാര്യമില്ലാത്തത് കൊണ്ട് ആ അഭിപ്രായത്തിനായുസ്സ് അധികം ഉണ്ടായില്ല.മാനുവലേട്ടന്‍ കൊടുത്തതില്‍ പുതിയ പള്ളിയുടെ പണി കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് പണിത കടമുറികളില്‍ ഇടവകക്കാര്‍ അല്ലാത്തവര്‍ക്കും മുറികള്‍ കൊടുക്കണ്ടെന്നും,നിലവില്‍ അവിടെയുള്ളവരില്‍ ഇടവകക്കാരല്ലാത്തവരെ ഉടനെ ഒഴിപ്പിക്കാനും ആ യോഗത്തില്‍ തീരുമാനമുണ്ടായി.മാനുവലൊഴിച്ചുള്ളവരുടെ കൈയ്യടികളില്‍ ആ തീരുമാനം അംഗീകരിക്കപ്പെടുകയും ചെയ്തു.

സ്വയം പണിതുണ്ടാക്കിയ ഗ്രാമത്തില്‍ ,തങ്ങള്‍ക്ക് പരിചയമില്ലാത്തവരുടെയും ,തങ്ങളോടുള്ള പരിചയം മറന്നവരുടെയും എണ്ണം കൂടി വന്ന ദിവസങ്ങളിലൊന്നാണു ചുരമിറങ്ങി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അവര്‍ മൂന്നു പേരും തീരുമാനിച്ചത്.

ചുരമിറങ്ങി അടിവാരമെത്തിയിട്ടും ആ യാത്ര അവസാനിച്ചില്ല.മാറിയ നാടുകള്‍ പിന്നിടുന്നതിനനുസരിച്ച് ജീപ്പിന്റെ പുറകില്‍ ഇരുന്നിരുന്ന മാനുവലിനൊപ്പം പോത്തും പന്നിയും നാടന്‍ കോഴിയും ഐസിടാത്ത മീനുമൊക്കെ ഇടം പിടിച്ചു.തിരിച്ച് പോകാന്‍ കഴിയാത്തത്ര ദൂരത്തെവിടെയോ എത്തിയപ്പോള്‍ അവര്‍ അടുപ്പുകള്‍ കൂട്ടി,അവരവര്‍ക്കിഷ്ടമുള്ളത് പാകം ചെയ്തു കഴിച്ചു.കഴിച്ചന്തെന്നു നോക്കി അവിടെ അവരെ ആരും വിധിക്കാന്‍ ഉണ്ടായിരുന്നില്ല.ഹൈറേഞ്ചിലെ അവരുടെ സിറ്റിയിലേയ്ക് അവര്‍ തിരികെ പോയില്ല.

മമ്മദും മാനുവലും കൃഷ്ണപ്പിള്ളയും ഇല്ലാത്ത മഹല്ലില്ലേയ്ക്കും പള്ളിയിലേയ്ക്കും അമ്പലത്തിലേയ്ക്കും ആളുകള്‍ പതിവു പോലെ വന്നു.അവരുടെ അസാന്നിദ്ധ്യം വരുന്നവര്‍ക്കൊരു വിഷയമേയായിരുന്നില്ല.

Friday, January 6, 2017

ഭൂതം ഭാവി വര്‍ത്തമാനം

ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര്‍ത്തമാനം'.അതിദേശീയതയുടെ പൊള്ളത്തരങ്ങളും,കാലഘട്ടങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന നിലപാടു മാറ്റങ്ങളും ഒപ്പം വര്‍ത്തമാനക്കാലത്തിന്റെ രീതികള്‍ ഭാവിയെ എങ്ങനെയാക്കിയേക്കാം എന്ന ചിന്തയുമൊക്കെയാണു എട്ടു മിനിറ്റിനു തൊട്ടു മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ പ്രതിപാദ്യം.


മൃദുല്‍ മോഹന്‍,സിജോ ജോണി,സുബിന്‍ കെ പോള്‍,രാഹുല്‍ ആര്‍ നായര്‍,ഉല്ലാസ് ടി.എസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ക്രിസ്റ്റഫറാണു.സുനീഷ് സെബാസ്റ്റ്യന്‍ ചിത്രസംയോജനം നടത്തിയ ഭൂതം ഭാവി വര്‍ത്തമാനത്തിന്റെ പശ്ചാത്തലസംഗീതം,ശബ്ദലേഖനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനൂപ് കമ്മാരന്‍.വീക്കെന്‍ഡ് സിനിമാസിന്റെ സഹകരണത്തോടെ ചായക്കൂട്ടം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഈയുള്ളവനാണു :)

കാണുക,അഭിപ്രായങ്ങള്‍ അറിയിക്കുക,മറ്റുള്ളവരെ കാണിച്ചു കൊടുത്ത് ഞങ്ങളുടെ ഈ അമച്വര്‍ ശ്രമത്തെ പ്രോത്സാഹിപ്പിക്കുക !!