Saturday, February 7, 2015

ഫുള്‍ ബാക്ക്

തുണിത്തരങ്ങള്‍ വച്ചിരുന്ന പെട്ടിയിലേയ്ക്ക് കടലാസിട്ട് പൊതിഞ്ഞ്,അതിന്റെ മേലെ ഷിമ്മി കൂടും റബര്‍ ബാന്റും ഇട്ടുറപ്പിച്ച മീന്‍ അച്ചാറിന്റെ പൊതി വയ്ക്കാന്‍ നേരത്ത് ,അതില്‍ നിന്നു എണ്ണ ഒലിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഉമ്മച്ചി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.പക്ഷേ അസിയുടെ ശ്രദ്ധയും അവന്റെ കണ്ണുകളും പടിക്കലാണു.അതിനിടയില്‍ കൈയില്‍ തടയുന്നതൊക്കെ യാന്ത്രികമായി അവന്‍ പെട്ടിയിലേയ്ക്ക് എടുത്തു വയ്ക്കുന്നുണ്ട്.

"ന്റെ അസി,യിതെന്താലോചിച്ചാ നിക്കണേ?"

"ചെക്കനു നാളെ പോണെനെക്കുറിച്ചല്ലല്ലോ ബേജാറ്,വൈകിട്ടത്തെ കളീനെ പറ്റിയല്ലേ,അപ്പോ പിന്നെ ആലോചനേം അതന്നെയാവും.അള്ളാണെ,ഇന്നു ഈ പടി കെടന്നാ ഒത്ത ചെക്കനാന്നൊന്നും നോക്കൂല,ചെള്ള അടിച്ച് പൊന്നാക്കും പറഞ്ഞേക്കാം"

ഉമ്മച്ചിയുടെ ചോദ്യത്തിനു മറുപടി ഉമ്മറത്ത് നിന്നു ഉപ്പയാണു കൊടുത്തത്.അതു കേട്ട് അവരുടെ മുഖം ഒന്നും വാടിയെങ്കിലും,അസി ഒന്നു ചിരിച്ചു.ഖാദര്‍ സുലൈമാന്‍ എന്ന ഉത്തരവാദിത്തമുള്ള ഉപ്പയാണു അതു പറഞ്ഞതെന്നും,ആ നാട് കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുള്‍ ബാക്ക്,നാട്ടുകാരുടെ 'സാന്റോസ്' ഖാദര്‍ വേറെയെന്തിനു തടഞ്ഞാലും കളിക്കാന്‍ പോകുന്നതില്‍ നിന്നു അവനെ തടയില്ലെന്നും അവനു നല്ല ഉറപ്പാണു.

അറുപതുകളുടെ അവസാനവും എഴുപതുകളിലുമൊക്കെ കേരളത്തിലെ സെവന്‍സ് ഫുട്ബോള്‍ മൈതാനങ്ങളിലെ ഒരു താരമായിരുന്നു ഖാദര്‍,എന്തിനും പോന്ന ഒരു ഫുള്‍ ബാക്ക്.പായുന്ന പന്തിനെ,അതിലും വേഗത്തില്‍ ഓടുന്ന സ്ട്രൈക്കറുടെ കാലില്‍ നിന്നും,അയാളെ ഒന്നു വേദനിപ്പിക്കാതെ, ഒരു മിന്നായം പോലെ കവര്‍ന്നെടുത്ത് മിഡ്ഫീല്‍ഡിലേയ്ക്ക് മറിക്കുന്ന ഖാദറിനെ ആദ്യം ബ്രസീലിന്റെ എക്കാലത്തെയും മിക്കച്ച ഡിഫന്‍ഡര്‍ നില്‍ട്ടണ്‍ സാന്റോസിന്റെ പേര് ചേര്‍ത്തു വിളിച്ചത് മലപ്പുറത്തെ ഏതോ സംഘാടകരാണു.പിന്നെ അതു കളിപ്രേമികള്‍ ഏറ്റെടുത്തു,അവസാനം സ്വന്തം പേരിന്റെ ഭാഗമായി.സെവന്‍സ് മൈതാനങ്ങളില്‍ ഒടുങ്ങി പോയ ഒട്ടനേകം പ്രതിഭാധനരായ കളിക്കാരില്‍ ഒരു പേരു മാത്രമല്ല 'സാന്റോസ്' ഖാദര്‍,എതിര്‍ വശത്തെ വല കുലുക്കിയവരെ കളിപ്രേമികള്‍ തോളത്തെടുത്ത് ആഘോഷിക്കുമ്പോള്‍,സ്വന്തം വലയുടെ വലയത്തിലേയ്ക്ക് ആരെയും നുഴഞ്ഞു കയറാനുവദിക്കാതെ കോട്ടയായി നിലകൊണ്ടവരെ ഓര്‍ക്കാന്‍ മറക്കുന്നതിനൊരുദാഹരണം കൂടിയാണു.

"അസിയേ" എന്നു നീട്ടിയുള്ളൊരു വിളിയും,ബൈക്കിന്റെ ഹോണും കേട്ടപ്പാടെ കട്ടിലിന്റെ അടിയില്‍ നിന്നും ജെഴ്സിയും ബൂട്ടും ഇട്ടു വച്ചിരിക്കുന്ന കൂടെടുത്ത് അസി ഉമ്മറത്തെത്തി.

'ഫൈനല്‍ അല്ലെടാ.. ?". പത്രം മുഖത്തു നിന്നും മാറ്റാതെയാണു ഉപ്പ ചോദിച്ചത്.വായനയില്‍ മുഴുകിയിരിക്കുന്നതു കൊണ്ടൊന്നുമല്ല, ഗൊഉരവത്തിനു കുറവ് വന്നത് മോനെ കാണിക്കാതെയിരിക്കാന്‍,രണ്ടു പേരും അറിഞ്ഞു കൊണ്ടുള്ള ഒരു ശ്രമം.

"അതെയുപ്പാ,ഫൈനല്‍ മാച്ചാ,എന്റേം ടൂര്‍ണ്ണമെന്റിന്റേം" .മനപ്പൂര്‍വമല്ലെങ്കിലും ഒരു വിഷാദച്ഛായ ഉണ്ടായിരുന്നു അവന്റെ മറുപടിയില്‍.

"ഫുട്ബോളില്ലാത്ത നാട്ടിലേയ്ക്കൊന്നും അല്ലാല്ലോ,എണ്‍പതാണു യു.എ.ഈടെ ഫിഫാ റാങ്ക്,നമ്മളെക്കാളും ഭേദാ."

മറുപടിയായി അസി ഒന്നു മൂളി.അതിനിടെ അനൂപിന്റെ വിളി വീണ്ടും വന്നു.

"അസി, സെവന്‍സില്‍ ഫുള്‍ ബാക്കാണു ടീമിന്റെ ചങ്ക്.പന്തു നിന്നെ കടന്നാ,ഗോള്‍ വീണാലും ഇല്ലേലും നീ തോറ്റു.പക്ഷേ മത്സരം പന്തുമായിട്ടാ,കളിക്കാരുമായിട്ടല്ല.അതീ മറക്കരുത്.പിന്നെ കാലീ കിട്ടണ ബോള്‌ അപ്പോ മറിച്ചോണം,കൈയ്യടി കേക്കുമ്പോ കേറി പോയി ഗോളടിക്കാന്‍ തോന്നും,അതന്റെ പണിയല്ല."

പന്ത്രണ്ടു വര്‍ഷത്തെ കരിയറില്‍ സാന്റോസ് ഖാദറിനു കിട്ടിയ കാര്‍ഡുകളുടെ എണ്ണവും,അടിച്ച് ഗോളുകളുടെ എണ്ണവും പൂജ്യമാണു.അയാള്‍ക്ക് ഇങ്ങനെയെ അസിയെ ഉപദേശിക്കാന്‍ കഴിയൂ.മാറിയ കേളീശൈലിയുടെ സാങ്കേതികതകള്‍ പറഞ്ഞ് ഉപ്പയുമായി തര്‍ക്കിക്കാറുണ്ടെങ്കിലും മൈതാനത്തില്‍ അവന്‍ ഉപ്പയുടെ മകനാണു,പൂജ്യം കാര്‍ഡുകള്‍,പൂജ്യം ഗോളുകള്‍.

അനൂപിന്റെ ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോ പത്രത്തില്‍ നിന്നും മുഖം മാറ്റി ഉപ്പ വിളിച്ചു പറഞ്ഞു.

"ഇങ്ങളിന്നും ഒപ്പോസിറ്റല്ലേ ? വിസില്‍ അടിച്ചാ പിന്നെ ടീം മാത്രേയുണ്ടാകാവുള്ളു,കൂട്ടും കൂട്ടാരുമൊക്കെ സൈഡ് ലൈനിനു പുറത്ത്.അതോര്‍മ്മ വേണം രണ്ടിനും."

അസിയും അനൂപും അയല്‍ക്കാരാണു,ഓര്‍മ്മയുടെ ആദ്യചിത്രങ്ങള്‍ മുതല്‍ ഒരുമിച്ചുള്ള കൂട്ടുകാരും.അനൂപിന്റെ വീടിനു പിന്‍വശത്തുള്ള കോണ്‍ക്രീറ്റ് കളത്തിലാണു ഇരുവരും ആദ്യം പന്തു തട്ടി തുടങ്ങിയത്.പിന്നീടത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലേയ്ക്കും,മോഡല്‍ ഹൈസ്കൂളിന്റെ മൈതാനത്തേയ്ക്കും മാറി.അവിടെ നിന്നു താല്‍ക്കാലിക ഗ്യാലറികള്‍ അതിരു വരച്ച സെവന്‍സ് സ്റ്റേഡിയങ്ങളിലേയ്ക്ക് കളി വളര്‍ന്നപ്പോള്‍ കാലം ഒരു ചെറിയ കുസൃതി അവര്‍ക്കു വേണ്ടി ഒരുക്കി വച്ചിരുന്നു.അനൂപ് ബേസ് ക്ലബിന്റെ ഒന്നാം ഗോളിയായി,അസിയാകട്ടെ ഖാദറിക്ക കളിച്ചു വളര്‍ന്ന ലക്കി സ്റ്റാര്‍ എഫ്.സിയില്‍ ഉപ്പയുടെ സ്ഥാനം ഏറ്റെടുത്തു.ക്ലബുകള്‍ തമ്മില്‍ മത്സരങ്ങള്‍ പതിവാണെങ്കിലും,മൈതാനത്തിന്റെ രണ്ടറ്റത്തു നിന്നു കളിക്കുന്നവരായത് കൊണ്ട്,ഒരിക്കലും അവര്‍ക്ക് പരസ്പരം ഒരു ബലപരീക്ഷണം വേണ്ടി വന്നിട്ടില്ല.

അനൂപിനെ ഒറ്റയ്ക്കാക്കി അസി പോകുന്നതു കൊണ്ടായിരിക്കണം , മൈതാനത്തേയ്ക്കുള്ള അന്നത്തെ യാത്രയില്‍ അവരുടെ ഇടയില്‍ പതിവില്ലാത്ത ഒരു നിശബ്ദതയുണ്ടായിരുന്നു.'വല്ലരി കൊച്ചാപ്പ് മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണ്ണമെന്റ്' സീസണിലെ അവസാനത്തെ ടൂര്‍ണ്ണമെന്റാണു.പേരിലൊരു അഖിലേന്ത്യമൊക്കെയുണ്ടെങ്കിലും,ഇപ്പോ കുറേ വര്‍ഷങ്ങളായി ലോക്കല്‍ ടീമുകള്‍ മാത്രമേയുള്ളു ടൂര്‍ണമെന്റില്‍.

"നാളെ എപ്പോഴാടാ പോണ്ടെ ? " അനൂപിന്റെ ചോദ്യമാണു നിശബ്ദത അവസാനിപ്പിച്ചത്.

"വൈകിട്ട് അഞ്ചരയ്ക്കാ ഫ്ലൈറ്റിന്റെ സമയം,കാലത്തത്തെ കാപ്പി കഴിഞ്ഞ് ഇറങ്ങും,നീ വരില്ലേ ?"

അനൂപ് മറുപടിയൊന്നും പറഞ്ഞില്ല.അസി ചോദ്യം ആവര്‍ത്തിച്ചതുമില്ല.

ഗോളൊന്നും വഴങ്ങാതെയാണു ബേസ് ഫൈനലു വരെയത്തിയത്.അസിയുടെ ലക്കി സ്റ്റാര്‍ രണ്ടെണ്ണം വഴങ്ങിയിട്ടുണ്ട് ഇതു വരെ.അറ്റസ്റ്റ് ചെയ്ത് എംബസീന്ന് വന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അസി നോര്‍ക്കയില്‍ പോയ അന്നാണു ആ രണ്ടു ഗോളും വീണത്.അന്ന്‍ നിവൃത്തിയുണ്ടായിരുന്നെങ്കില്‍ അസി വേറെയാരെയെങ്കിലും വിട്ടേനെ,നേരിട്ട് ചെല്ലണമെന്ന് ഏജന്‍സീന്നു വിളിച്ചു പറഞ്ഞതാണു പറ്റിയത്.അനൂപിനെ മറികടന്ന്‍ ഒരു ഗോളടിക്കാന്‍ ഇതു വരെ ഈ ടൂര്‍ണമെന്റില്‍ ഒരു കളിക്കാരനു പറ്റിയിട്ടില്ല.അതിനു പറ്റുന്ന ആള്‍ക്കായിരിക്കും ഇന്നത്തെ ട്രോഫി.

താല്‍ക്കാലിക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക്  തിരിഞ്ഞ അവരുടെ ബൈക്കിനെ തിരക്കിട്ട് മൈതാനത്തേയ്ക്ക് നടക്കുന്ന കാണികളില്‍ ചിലര്‍ കൈ വീശി കാണിക്കുന്നുണ്ട്.അവരെ അറിയുന്നവരും,അവര്‍ക്കറിയാവുന്നവരുമാണു അവിടുത്തെ കളിപ്രേമികളില്‍ മിക്കവരും.ബൈക്ക് പാര്‍ക്ക് ചെയ്തു ചെയര്‍ പാസിന്റെ കവാടത്തിലൂടെ അവരിരുവരും അകത്തേയ്ക്ക് നടന്നു.ഗ്യാലറിയുടെ പിന്നില്‍ നിന്നു അവരവരുടെ ജേഴ്സികളിലേയ്ക്ക് വേഷം മാറി ടീമിനൊപ്പം ചേരാന്‍ രണ്ടു വശങ്ങളിലേയ്ക്ക് മാറുന്ന നേരത്ത്, അസി അനൂപിന്റെ  ചെവിയോട് ചേര്‍ന്ന്, അവര്‍ക്ക് കേള്‍ക്കാന്‍ മാത്രമായി മനസ്സില്‍ ഒതുക്കി വച്ചത് അവനോട് പറഞ്ഞു.

"ഈ ടൂര്‍ണമെന്റിലു നീ വഴങ്ങാന്‍ പോണ ആദ്യത്തെ ഗോള്‌ എന്റേതായിരിക്കും. ഇനി കളിക്കാമ്പറ്റുവോന്നറിയില്ല,നിക്കൊരു ഗോളടിക്കണം ഇന്ന്.ഈ വന്നേക്കണോരു എന്നെ ഓര്‍ക്കണേല്‍ ഒരു ഗോളു വേണം, സാന്റോസ് ഖാദറിനെ പൊക്കി നടന്നവരുടെ കാലം കഴിഞ്ഞു, ഗോളടിക്കണവരേ ഇനിയുളള ആളോള് ഓര്‍ക്കൂ"

പെട്ടന്ന് പ്രതീക്ഷിക്കാത്തത് കേട്ട അനൂപ് ഒന്നു പകച്ചു.പക്ഷേ അത്പുറത്തു കാണിക്കാതെ അവനൊന്നു ചിരിച്ചു കൊണ്ട് അസിയോട് പറഞ്ഞു.

"ഞാന്‍ കാവലു നിക്കണ പോസ്റ്റിലേയ്ക്ക് നിന്റെ ഗോളു കേറണേല്‍ ഞാന്‍ ചാവണം.കൊല്ലാന്‍ നീ ശ്രമിച്ചോ,പക്ഷേ ചാവണേല്‍ ഞാന്‍ വിചാരിക്കണം.എന്റെ പോസ്റ്റില്‍ നിന്റെ ഗോളു കേറില്ല അസീ"

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ഫൈനലിലെ മുഖ്യാത്ഥി.കളിക്കാരെ പരിചയപ്പെടുന്നതിനിടെ അസിയോട് പ്രസിഡന്റ് ഉപ്പായെ കുറിച്ചു ചോദിച്ചു.മൂപ്പര്‌ സാന്റോസിന്റെ ഫാന്‍ ആയിരുന്നത്രേ.

വിസില്‍ മുഴങ്ങി.തിങ്ങി നിറഞ്ഞ മുളഗ്യാലറികളെ സാക്ഷിയാക്കി കളി തുടങ്ങി.

സെമിയില്‍ നിറുത്തിയിടത്ത് നിന്നാണു ഇരു ടീമുകളും കളി തുടര്‍ന്നത്.ലക്കി സ്റ്റാറിന്റെ നീക്കങ്ങള്‍ അനൂപ് എന്ന മതിലില്‍ ഇടിച്ചു നിന്നപ്പോള്‍,ബേസിന്റെ നീക്കങ്ങളൊന്നും പെനാല്‍റ്റി ബോക്സിനകം എത്താതെ അസിയുടെ കാലുകളിലൊതുങ്ങി.ഗോളടിക്കണമെന്ന ആഗ്രഹം അസിയെ ഇടയ്ക്കൊക്കെ ബോളു കൊണ്ട് മുന്നോട്ട് കുതിപ്പിച്ചു.പക്ഷേ ചെറുപ്പം മുതല്‍ ഉപ്പ പറയാറുള്ളത് ഓര്‍ത്തിട്ടാവണം അവന്‍ പന്തു മിഡ്ഫീല്‍ഡിലേയ്ക്ക് മറിച്ചു.

ഗോളൊന്നും വീഴാതെ,കാണികളെ രസിപ്പിച്ച് ആദ്യത്തെ മുപ്പത് മിനിറ്റുകള്‍ കഴിഞ്ഞു.റഫറി ഹാഫ് ടൈം വിളിച്ചു.

തണുത്ത സോഡ പൊട്ടിച്ച് മുഖത്ത് ഒഴിക്കുന്ന നേരത്ത് അസിയുടെ തോളില്‍ ഒരു കൈ വീണു.സാന്റോസ് ഖാദറാണു,കളി കാണാന്‍ അയാള്‍ വരുമെന്നു അവനറിയാമായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന അസീടെ കളികളൊന്നും അയാള്‍ ഇതു വരെ ഒഴിവാക്കിയിട്ടില്ല.

"അസി,പന്തു കൊണ്ടും പോയി ഗോളടിക്കാന്‍ അനക്ക് തോന്നുന്നുണ്ടല്ലേ.അടിക്കാന്‍ പറ്റണ ഗോളു വേണ്ടാന്നും വച്ച് പന്ത് മിഡ് ലേയ്ക്ക് മറിച്ച് സ്വന്തം പെനാല്‍റ്റി ഏരിയാ കാക്കണേല്‍ ആണെടാ മക്കളെ ഒരു ബാക്കിന്റെ ജയം."

മറുപടിയായി അവന്‍ പതിവു പോലെ ഒന്നു മൂളി.പക്ഷേ അവന്റെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അയാള്‍,തന്റെ തരക്കാര്‍ ഇരുന്ന ഗ്യാലറിലേയ്ക്ക് പോയി.

രണ്ടാം പകുതി തുടങ്ങി.കളി തീരാനും,അസിയ്ക്ക് തന്റെ ആദ്യത്തെയും അവസാനത്തെയും ഗോളടിക്കാനും ഇനി ബാക്കിയുള്ളത് മുപ്പത് മിനിറ്റുകളാണു,അനൂപിനു സ്വയം ചാവാതെയിരിക്കാനും.ആദ്യ പകുതിയുടെ,കുറച്ചു കൂടി തീവ്രമായ ആവര്‍ത്തനമായിരുന്നു രണ്ടാം പകുതി.കളി പലപ്പോഴും പരുക്കനായി,പക്ഷേ അസിയുടെ യുദ്ധം ഉപ്പ പറഞ്ഞു കൊടുത്ത പോലെ പന്തിനോടു മാത്രമായിരുന്നു.അതുമായി തന്റെ അടുത്തേയ്ക്ക് വന്ന കളിക്കാരെ അവന്‍ പതിവു പോലെ വെറുതെ വിട്ടു കൊണ്ടിരുന്നു.

നാല്പ്പത്തിയാറാം മിനിറ്റിലാണു അസിയ്ക്കു മാത്രം കഴിയുന്ന ഒരു ടാക്കിളിലൂടെ ബേസിന്റെ സ്ട്രൈക്കറുടെ കാലില്‍ നിന്നും ഒരു മിന്നായം പോലെ അസി പന്തു തന്റെ കാലിലേയ്ക്കു മാറ്റിയത്.മിഡ്ഫീല്‍ഡില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന തന്റെ ടീമിലെ കളിക്കാരനെ അവന്‍ കണ്ടു.അസി പന്തു അങ്ങോട്ടേയ്ക്ക് മറിക്കുന്നത് മുന്നില്‍ കണ്ട് ബേസിന്റെ റൈറ്റ് ബാക്ക് അങ്ങോട്ടേയ്ക്ക് പാഞ്ഞെത്തി.പക്ഷേ എല്ലാവരെയും ഞെട്ടിച്ച് അസി പന്തും കൊണ്ട് ഇടതു വശത്തോടെ മുന്നോട്ട് കുതിച്ചു.എതിര്‍ ടീമിന്റെ മിഡ്ഫീല്‍ഡെറെയും,ലെഫ്റ്റ് ബാക്കിനെയും ഡ്രിബിള്‍ ചെയ്ത് അസി ബേസിന്റെ ഡിയിലെത്തി.മുന്നില്‍ അനൂപുണ്ട്,ഒപ്പം അസിയുടെ നേര്‍ക്ക് പാഞ്ഞു വരുന്ന ബേസിന്റെ ഫുൾ ബാക്കും.തന്റെ കുതിപ്പിനൊരല്പ്പം വേഗത് കുറച്ച് അസി പെനാല്‍റ്റ് ഏരിയായിലേയ്ക്ക് കയറി.അനൂപ് മുന്നിലേയ്ക്ക് കയറി വന്നു.

പെട്ടന്നാണു പിന്നില്‍ നിന്നു വന്ന ഒരു സ്ലൈഡിംഗ് ടാക്കിളില്‍ അസി വീണത്.ടാക്കിള്‍ ചെയ്ത ഡിഫന്‍ഡറുടെ കാല്‍ അവസാനിച്ചത് മുന്നോട്ട് കയറി വന്നിരുന്ന അനൂപിന്റെ കാല്‍മുട്ടില്‍.അസിക്കൊപ്പം അനൂപും വീണു.ഒരു നിമിഷത്തേയ്ക്ക്   ഗ്യാലറി നിശബ്ദം.ബോക്സിനകത്തേയ്ക്ക് റഫറി വിരല്‍ ചൂണ്ടിയതും,നിശബ്ദതയെ ഭേദിച്ച് ലക്കി സ്റ്റാറിന്റെ ആരാധകര്‍ ആര്‍പ്പു വിളിച്ചു.പിന്നില്‍ നിന്നു ടാക്കിള്‍ ചെയ്ത ബേസിന്റെ ഡിഫന്‍ഡര്‍ക്ക് റെഡ് കാര്‍ഡ്.പെനാല്‍റ്റിയെടുക്കാന്‍ വേണ്ടി ലക്കിസ്റ്റാറിന്റെ ക്യാപ്റ്റന്‍ പന്ത് അസിയ്ക്ക് കൊടുത്തു.വല കാക്കാന്‍ റിസര്വ് ഗോളിയെത്തി.കളിക്കാരുടെ തോളില്‍ കൈയിട്ട് ടീം ബെഞ്ചിലേയ്ക്ക് അനൂപ് മുടന്തി നടക്കവേ അസിയെ അടുത്ത് വിളിച്ച് പറഞ്ഞു.

"ഇനി നീ അടിച്ചോ നിന്റെ ഗോള്‌".

വിസില്‍ മുഴങ്ങി.വല കുലുക്കി കൊണ്ട് എണ്‍പതാം മിനിറ്റില്‍ ലക്കി സ്റ്റാറിന്റെ ആദ്യ ഗോളു വീണു.ഗാലറികള്‍ ഇളകി മറിഞ്ഞു.

"നീയെന്താ പെനാല്‍റ്റിയെടുക്കാതെ കേറി പോന്നേ?"

സൈഡ് ലൈനിന്റെ പുറത്തിരുന്നിരുന്ന അനൂപ് അടുത്തിരുന്ന അസിയോട് ചോദിച്ചു.

"ഒന്നേ അടിക്കണൊള്ളേലും അത് ആണുങ്ങളെ പോലെ അടിക്കണ്ടേടാ,ഒരോത്തന്റെ ഹറാം പെറപ്പോണ്ട് കിട്ട്ണ പെനാല്‍റ്റി അടിച്ചിട്ട് എന്നെ നാട്ടാരു ഓര്‍ക്കണ്ട.ഞാനേ സാന്റോസ് ഖാദറിന്റെ ചെക്കനാ..പിന്നെ നീയൊള്ള പോസ്റ്റില്‍ അടിച്ചു കേറ്റണേല്‍ അല്ലേ അതിന്റെ ഒരു ഇത്"

ആര്‍ത്തിരമ്പുന്ന ഗ്യാലറികളുടെ ആരവത്തില്‍ മുങ്ങിപ്പോയ അവരുടെ ആ ചിരി നോക്കി,ഗ്യാലറിയില്‍ അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു,മറ്റൊരു ചെറുപുഞ്ചിരിയോടെ.

കാലം ആ ഉപ്പയേയും മകനെയും ഇങ്ങനെ അടയാളപ്പെടുത്തട്ടെ.

'സാന്റോസ്' ഖാദര്‍ സുലൈമാന്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0

അസീസ് ഖാദര്‍ - ഫുള്‍ ബാക്ക് - അടിച്ച ഗോളുകള്‍-0 - കിട്ടിയ കാര്‍ഡുകള്‍ - 0





Related Posts:

  • എന്റെ മനസ്സ് എന്നോട് പറഞ്ഞത്...കഴിഞ്ഞ ഒരാഴ്ച്ചയായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും.മറ്റൊന്നും കൊണ്ടല്ല,ജോലി ഇപ്പ… Read More
  • ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്… Read More
  • അവസാനിക്കുന്ന അവധിക്കാലം..."അപ്പായിയേ...നാളെ പോണ്ടാ..."പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വി… Read More
  • സ്റ്റാറ്റസ് അപ്ഡേറ്റ്ഓഫീസിലേയ്ക്ക്‌ ഇറങ്ങാന്‍ നേരം,ഫേയ്സ്ബുക്കിലെ സ്റ്ററ്റാസ്‌ അവന്‍ ഇങ്ങനെ അപ്ഡേറ്റ്‌ ചെയ്തു. Heading To Office.Hope To Have A Great Day There. ഒട്ടും ത… Read More
  • വരി തെറ്റാത്ത നിര തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍. നെറുക… Read More

12 Comments:

Unknown said...

സെവന്‍സില്‍ ഫുള്‍ ബാക്കാണു ടീമിന്റെ ചങ്ക്.പന്തു നിന്നെ കടന്നാ,ഗോള്‍ വീണാലും ഇല്ലേലും നീ തോറ്റു.പക്ഷേ മത്സരം പന്തുമായിട്ടാ,കളിക്കാരുമായിട്ടല്ല.അതീ മറക്കരുത്.പിന്നെ കാലീ കിട്ടണ ബോള്‌ അപ്പോ മറിച്ചോണം,കൈയ്യടി കേക്കുമ്പോ കേറി പോയി ഗോളടിക്കാന്‍ തോന്നും,അതന്റെ പണിയല്ല

Unknown said...

സംസാരത്തിന്റെ slangi ൽ ഉള്ള ആ പിടി എനിക്കിഷ്ടായി , നല്ല slang വാചകങ്ങൾ , പക്ഷേ ഫുട്ട്ബോളിലുള്ള എന്റെ വിവരക്കുരവ് അസിയുടെ ഫീൽഡിലെ പെർഫോർമൻസ് വായന വിരസമാക്കി ..

Laertes The Writter said...

മനോഹരമായ കഥ .സ്പോര്ട്സ് പ്രമേയമായി വരുന്ന കഥകൾ വിരസതയില്ലാതെ എഴുതാൻ മികച്ച ക്രാഫ്റ്റ് കൂടിയേ തീരു.ഈ കഥയിൽ അത്തരമൊരു ക്രാഫ്റ്റ് പ്രകടമാണ്.സാധാരണയിൽ നിന്ന് വത്യസ്തമായ ഒരു പ്രമേയം സ്വീകരിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ ...

എം.എസ്. രാജ്‌ | M S Raj said...

സ്പോർട്സ് ആധാരമായ കഥകൾ അധികം ബ്ലോഗിൽ കാണാൻ കിട്ടിയിട്ടില്ല. ഇത് സംസാരശൈലി കൊണ്ടാണ് കളം പിടിച്ചതെന്ന് തോന്നുന്നു. ഉപദേശഛായയുടെ അതിപ്രസരം ഉപ്പയുടെ വാക്കുകളിൽ ഉണ്ടായിട്ടും അതിനെ മറികടക്കാനാ‍യത് ഇക്കാര്യം കൊണ്ടാണ്.

ഓ.ടോ - പറ്റുംച്ചാ ഈ വേഡ് വെരിഫിക്കേഷൻ മാറ്റണം. ചുമ്മാ അലോസരം.

Melvin Joseph Mani said...
This comment has been removed by the author.
Melvin Joseph Mani said...

നന്നായിട്ടുണ്ട്..... :)

Unknown said...

ജോസ്മോന്‍:

ഫുട്ബോളിലുളള വിവരമൊക്കെ ഇവിടേം കണക്കാണു.പിന്നെ ഒരു ധൈര്യത്തില്‍ അങ്ങു തട്ടുന്നതല്ലേ.. :)

Laertes The Writter:

ഒരുപാട് നന്ദി.

രാജ്:

:) :) . വേര്‍ഡ് വെരിഫിക്കേഷന്‍ ഞാന്‍ ഓഫ് ചെയ്താണു ഇട്ടിരിക്കുന്നത്.നിങ്ങളെ പോലുളള വി.ഐ.പീസിനെ ഗൂഗിളിനു അത്ര വിശ്വാസം പോരാന്നു തോന്നു.

മെല്‍വിന്‍ :

അങ്ങനെ വിളിക്കുമ്പോ, മഞ്ഞവെയില്‍ മരണങ്ങളാണു ഓര്‍മ്മയില്‍ വരുന്നത്.പിന്മൊഴിക്കും തന്നു കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിനും നന്ദി :) :)

Manu Manavan Mayyanad said...

ആശംസകൾ

Shahid Ibrahim said...

നന്നായി എഴുതിയിരിക്കുന്നു.ആശംസകൾ

Unknown said...

Hats off Mridul

Excellent one

Muralee Mukundan , ബിലാത്തിപട്ടണം said...

ഫുട്ബോളില്ലാത്ത നാട്ടിലേയ്ക്കൊന്നും അല്ലാല്ലോ,
എണ്‍പതാണു യു.എ.ഈടെ ഫിഫാ റാങ്ക്,നമ്മളെക്കാളും ഭേദാ. !

zaydentakagi said...

What is a casino? - JTHub
The 화성 출장마사지 most common form of casino gambling 이천 출장샵 in South Africa is a money 강릉 출장안마 bet. This type of wager is usually done through 파주 출장안마 a traditional wager where 부천 출장안마 the winner of a