Friday, July 17, 2015

മോളിക്കുട്ടീ..ഫുഡ്കോര്‍ട്ട് വിളിക്കുന്നു !

അനന്തപുരിയിലുണ്ടായിരുന്ന കാലം.

ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്കുന്നു.പണിയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ വന്ന മെസേജില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എന്റെ മറുപടിയ്ക്കായി കാത്തു നില്‍ക്കുന്ന ഒരു ഹായ് മാത്രം.പക്ഷേ അയച്ച ആളുടെ പേരു കണ്ടതും നെഞ്ചില്‍ ഒരു പെരുമ്പറ മുഴങ്ങി,നാടിഞരമ്പ് വലിഞ്ഞു മുറുകി,പേശികളാകെ ഉരുണ്ടു കയറി,ചങ്കിനകയ്ക്കത് തകിട തകിട താളമടിച്ചു,ഏ.സിയായിരുന്നിട്ടും നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.

ആ മെസേജ് അയച്ച ആളെ നമുക്ക് തത്കാലം മോളിക്കുട്ടി എന്നു വിളിക്കാം.കഥാപാത്രത്തിന്റെ ഇന്റ്റോ ഫ്ലാഷ്ബാക്കിലാണു.അങ്ങോട്ടേയ്ക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു!

രണ്ടു മാസം മുന്‍പുളള അത്ര തണുപ്പില്ലാത്ത ഒരു വെളുപ്പാന്‍ കാലം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫുഡ് കോര്‍ട്ട് കമിറ്റിയില്‍ ഉളളതിന്റെ ഒരു അധികാരത്തില്‍ ബ്രേക്ക്ഫാസ്റ്റിനു പോയ ഞാന്‍ അതിനകത്തൂടെ തേരാ പാരാ നടന്നു വെന്‍ഡേഴ്സിനോട് സൊറ ഒക്കെ പറഞ്ഞ് നടക്കുന്നു.സൊറ പറച്ചില്‍ കൂടിയത് കൊണ്ടായിരിക്കണം ചോദിക്കാതെ തന്നെ ഫുഡ് കൂപ്പണ്‍ തന്നു മമ്മത കേറ്ററിംഗിലെ ഭായ് പയ്യെ സ്കൂട്ടായി.അതും കൊണ്ട് ഫുഡ് കൌണ്ടറിലേയ്ക്ക് നടക്കുന്ന വഴിയ്ക്ക്,പതിവുളള ഫേസ് സ്കാനിംഗിനിടെയാണു എന്റെ ടീം മേറ്റും നല്ലൊരു സുഹൃത്തുമായ ഒരു കുട്ടി - താത്കാലിക നാമം ഡുണ്ടുമോള്‍ -ഇരിക്കുന്നത് കണ്ടത്.കണ്ട സ്ഥിതിയ്ക്ക് ഒരു ഹായ് പറയാതിരിക്കുന്നത് മോശമല്ലേ എന്നു കരുതി അങ്ങോട്ടേയ്ക്ക് ഒന്നു ഫോക്കസ് ചെയ്തപ്പോഴാണു ഞാനാ കാഴച്ച കണ്ടത്.ഡുണ്ടുവിന്റെ തൊട്ടപ്പുറത്ത് ഒരാള്‍.വെളള സല്‍വാറില്‍ വലിയ കണ്ണുകളൊക്കെ ആയിട്ട്,കാണുമ്പോള്‍ ഒരുപാട് സന്തോഷം തരുന്നൊരു മുഖം.ചില സിനിമേലൊക്കെ കാണുന്ന പോലെ ചുറ്റുമുളളതൊക്കെ ഒരു സ്ലോമോഷനില്‍ പതിയെ പതിയെ ഔട്ട് ഓഫ് ഫോക്കസിലേയ്ക്ക് പോയി,ഫോക്കസില്‍ മോളിക്കുട്ടി മാത്രം.മൊത്തത്തില്‍ ഒരു കിളി പോയ അവസ്ഥ.

മനസ്സില്‍ ഒരു ലഡു പൊട്ടി എന്നൊന്നു കണ്‍ഫേം ചെയ്ത വന്നുപ്പോഴേയ്ക്കും ഞാന്‍ പോലുമറിയാതെ കാലുകള്‍ ഫുഡ് കൗണ്ടറിലെത്തിയിരുന്നു.കൂപ്പണ്‍ ദീജിയേ സര്‍ എന്നു കൗണ്ടറിലെ ഭായി പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഊളചിരിയും ചിരിച്ച് ഞാന്‍ അവിടെ നിന്നേനെ കുറേ നേരം കൂടി.മാന്യതയുടെ മൂടുപടം ഉളളത് കൊണ്ട് അവരിരിക്കുന്നതിനു എതിര്‍വശത്തുളള മേശയില്‍ പോയിരിക്കാതെ, കറക്റ്റ് വ്യൂവില്‍ മോളിക്കുട്ടിയുടെ മുഖം എനിക്ക് കാണാവുന്ന,എന്നെ അവര്‍ക്ക് കാണാന്‍ പറ്റാത്ത ഒരു സൈഡ് ടേബിളില്‍ പൂരിമസാല കഴിക്കുന്നു എന്ന വ്യാജേന ആ ചിരിയൊക്കെ കണ്ട് ഇങ്ങനെയിരുന്നു.

കട്ട് ട്ടു ക്യുബിക്കിള്‍ - ഞാന്‍ ഡുണ്ടു മോള്‍ടെ സീറ്റില്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു.

"എന്താടി ഡുണ്ടുമോളേ, നിനക്കാകെ ക്ഷീണമാണല്ലോ.നീ നേരാം വണം ഭക്ഷണം ഒന്നും കഴിക്കുന്നില്ല കേട്ടോ.." . പറഞ്ഞു തീരണ്ട താമസം.

"പേര്‌ മോളിക്കുട്ടി,ഒരു കാഞ്ഞിരപ്പളളിക്കാരി അച്ചയാത്തിയാ"

കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.കാള വാലു പൊക്കുന്നത് കണ്ടപ്പോഴേ അവള്‍ക്ക് കാര്യം മനസ്സിലായി.അച്ചായത്തിയാണെന്നു പറഞ്ഞെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, ആര്‍.സി ആണല്ലോ അല്ലേ ?

ആണെന്നു അവള്‍ പറഞ്ഞതും,പൊട്ടാന്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു ലഡു കൂടി അമിട്ട് പൊട്ടണ പോലെ അങ്ങ് പൊട്ടി.പിന്നെ യൂഷ്വല്‍ വയലിന്‍ വായന,പൂ വിരിയണ എഫക്ട്,കളം കളം എഫക്ട് അതൊക്കെ കൂടി അങ്ങ് വന്നു നിറഞ്ഞു.

ഡീറ്റയില്‍സ് ഒക്കെ കിട്ടിയ സ്ഥിതിയ്ക്ക്,കേരളത്തിലെ ആമ്പിള്ളേരുടെ ഇഷ്ടവിനോദമായ വണ്‍ വേ ലൈനടി അങ്ങു അഘോഷമായിട്ട് തുടങ്ങി.ലൈനടീന്നു പറഞ്ഞ നിരുപദ്രവകരമായ കാര്യങ്ങള്‍ മാത്രം,അതായത് ഉച്ചയ്ക്ക് കഴിക്കാന്‍ പോകുമ്പോ വായ്നോക്കാന്‍ പാകത്തിനു എവിടെലും ഇരിക്കുക,വൈകുന്നേരത്തെ ചായയ്ക്ക് അവരുടെ ഗ്യാംഗ് പോയി എന്നുറപ്പ് വന്നു കഴിയുമ്പോ ഒന്നും അറിയാത്ത പോലെ എന്റെ കൂട്ടുകാരെ നിര്‍ബന്ധിച്ച് ചായയ്ക്ക് ഇറക്കുക,ഒത്താല്‍ എതിര്‍ വശത്തുളള ടേബിളില്‍ ഇരിക്കുക,ചായ കുടിക്കുന്നതിനിടെ കണ്ണടയുടെ മുകളിലൂടെ ചുമ്മാ ഒരു ഒളികണ്ണെറിയുക,അവളിരിക്കുന്ന വിംഗില്‍ തന്നെ ഇരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഓഫീസിലേയ്ക്ക് ഇറങ്ങുന്നത് വരെ കൂടെയുണ്ടായിരുന്ന സഹമുറിയന്റെ സുഖവിവരം ഒന്നു വീതം മൂന്നു നേരം കണക്കില്‍ അവിടെ പോയി അന്വേഷിക്കുക തുടങ്ങിയ നിസ്സാരമായ ഐറ്റംസ്.ഡുണ്ടുമോള്‍ ഡീസന്റായത് കൊണ്ട് ഇതൊക്കെ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു,ഒപ്പം മോളിക്കുട്ടിയോട് പറഞ്ഞ് എന്റെ മാന്യതയുടെ മൂടുപടം വലിച്ച് കീറിതുമില്ല.

ഇതെന്നേലും നേരെ ചൊവ്വെ ആകുവാണെ കുടുംബക്കാരുടെ ഭാഗത്തുന്നു പ്രശ്നമൊന്നുമുണ്ടാവില്ലാന്നുറപ്പാക്കാന്‍ അത്യാവശ്യം ഡാറ്റ ഒക്കെ കളക്ട് ചെയ്തു,ക്ലാസ്മേറ്റ്സില്‍ പറയുന്ന പോലെ അവളറിയാതെ ഞാന്‍ അവളെ ആത്മാര്‍ത്ഥമായി പ്രേമിച്ചിരുന്നു എന്ന ലൈനില്‍ കാര്യങ്ങള്‍ ഡീസന്റായി പോയ്കൊണ്ടിരിക്കുന്ന കാലത്താണു ഒരു ഇടിത്തീ പോലെ എന്റെ കമ്മ്യൂണിക്കേറ്ററില്‍ മോളിക്കുട്ടിയുടെ ഏറ്റവുമാദ്യം പറഞ്ഞ ഹായ് വന്നത്.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു,ഇനി ലൈവ്.

ഹായ് കണ്ട് കമ്പ്ലീറ്റ് പകച്ച് പോയ ഞാന്‍ മറുപടി കൊടുക്കുന്നതിനു പകരം ആദ്യം തല പൊക്കി നോക്കിയത് ഡുണ്ടുമോള്‍ സീറ്റിലുണ്ടോ എന്നാണു.ഇനി അവളെങ്ങാനും മോളിക്കുട്ടിയുടെ സീറ്റില്‍ പോയി ഒപ്പിക്കുന്ന തമാശയാണൊ എന്നറിയില്ലല്ലോ.ഇമോഷന്‍സ് വച്ച് ടേബിള്‍ ടെന്നീസ് കളിക്കുക എന്നത് ഈ പെമ്പിള്ളേരുടെ ജന്മസഹജമായ ഒരു വാസനയല്ലേ,പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ഡുണ്ടുമോള്‍ അവളുടെ സീറ്റില്‍ ഇരുന്നു ഏതോ ഡാറ്റാ ടേബിളിനോട് മസിലു പിടിക്കുന്നുണ്ട്.എന്നാലും ഒന്നുറപ്പിക്കുന്നതിനു വേണ്ടി ഞാന്‍ അവളുടെ സീറ്റില്‍ പോയി ചോദിച്ചു,മോളിക്കുട്ടിയുടെ സീറ്റില്‍ ആരെടി ഇരിക്കുന്നെ,നിങ്ങടെ പിള്ളേരാരെങ്കിലും ആണോ എന്നു.

"അല്ല,അവളു തന്നെയായിരിക്കും,എന്താ മൃദുലേട്ടാ?" നിഷകളങ്കതയുടെ പര്യായമായിട്ടാണു അവളത് പറഞ്ഞതെങ്കിലും ആ മുഖത്തു വിരിഞ്ഞ കളളച്ചിരി കണ്ടു പിടിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.അവളത് കാണിക്കാണ്ടിരിക്കാന്‍ ശ്രമിച്ചതുമില്ല എന്നതാണു ശരി.

എന്തോ പണി കിട്ടീട്ടുണ്ടെന്നുറപ്പായി.ചീത്ത വിളിക്കാനാവില്ല പിംഗ് ചെയ്തെന്നു മനസ്സില്‍ നൂറാവര്‍ത്തി പറഞ്ഞതെങ്കിലും എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു.നാളതു വരെ ഒരുപാട് പേരെ അവരറിയാതെ പ്രേമിച്ചിട്ടുണ്ടെങ്കിലും അവരതറിയാത്തത് കൊണ്ട് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല,ഡീസന്‍സിക്കൊരു കോട്ടവും തട്ടീട്ടില്ല.പക്ഷേ ഇതിപ്പോ,ഡുണ്ടുമോള്‍ ഉള്‍പ്പടെ മോളിക്കുട്ടീടെ കുട്ടത്തിലുളളവരൊക്കെ മറ്റേ നേരത്തെ പറഞ്ഞ ടേബിള്‍ ടെന്നീസിന്റെ കാര്യത്തില്‍ വലിയ മോശമല്ലാത്തതു കൊണ്ടും, മോളിക്കുട്ടീനെ കളിയാക്കാന്‍ വലിയ ആരോപണങ്ങള്‍ ഒന്നും അവരുടേ കൈയ്യില്‍ ഇല്ലാത്തത് കൊണ്ടും, എന്റെ പേരും പറഞ്ഞ് എന്തേലുമൊക്കെ പറഞ്ഞിട്ടുണ്ടാവന്‍ സാദ്ധ്യതയില്ലാതില്ല.ആദ്യത്തെ ഹായ് വന്നിട്ട് അരമണിക്കൂറാകുന്നു,ഇനിയെങ്കിലും റിപ്ലൈ കൊടുത്തില്ലേല്‍ മോശമാണു,അവള്‍ക്ക് സംശയം തോന്നാന്‍ സാദ്ധ്യതയുണ്ടെന്നു മനസ്സിനുളളില്‍ നിന്നു മറ്റേ ആള്‍,മറ്റേ മനസ്സാക്ഷി പറഞ്ഞു തുടങ്ങി.ഹാര്‍ട്ട് ബീറ്റ് ടോപ്പ് ഗീയറില്‍ കയറി ഒരുമാതിരി തോട്ടടുത്ത സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാം എന്ന അവസ്ഥേല്‍ ആയപ്പോ (ഓവറാക്കീതാ,അത്രയ്ക്കൊന്നുമില്ലായിരുന്നു) രണ്ടും കല്പ്പിച്ച് ഞാനൊരു മറുപടി ഹായ് അങ്ങടിച്ചു.

വീണ്ടും നിശബ്ദത..ടക്..ടക്..ടക്..പെട്ടന്നു സ്ക്രീനില്‍ 'മോളിക്കുട്ടി ഈസ് ടൈംപ്പിംഗ്' എന്നു തെളിഞ്ഞു.വീണ്ടും ടെന്‍ഷന്‍,ആശുപ്രതി..ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍..ആശുപ്രതി...

മെസേജ് വന്നു,വീണ്ടും ഒരു ഹായ് ..പുല്ല്, ഇതൊരെണ്ണം പറഞ്ഞതല്ലേ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തതും,അടുത്തതും വന്നു 'ഹൗ ആര്‍ യൂ'- കട്ട ഫോര്‍മല്‍ അപ്പ്രോച്ച്,ചീത്ത ആണെങ്കിലും ഡീസന്റായിരിക്കാന്‍ സാദ്ധ്യതയുണ്ട്.ഇംഗ്ളീഷിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു നിന്ന എലിസബത്ത് ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് ഡീസന്റായി എങ്ങനെ ഉരുണ്ടു കളിക്കാം എന്ന ചിന്തകളിലേയ്ക്ക് ഞാന്‍ മനസ്സിനെ ഡൈവേര്‍ട്ട് ചെയ്തു കൊണ്ട് 'ഐ ആം ഫയനു,താങ്ക്യൂ" എന്നൊരു പാണ്ടിപ്പട സ്റ്റൈല്‍ മറുപടി കൊടുത്തു.

കൊള്ളാം ഐസ് ബ്രേക്കിംഗ് ഒക്കെ അറിയാം.കൊല്ലുവാണെങ്കിലും ഇങ്ങനെ വേണം,വെളളമൊക്കെ തന്നു,ഒരു പച്ച പ്ലാവില്ലയൊക്കെ വായിലേയ്ക്ക് വച്ച് തന്ന്‍.അടുത്ത മെസേജ് വരാന്‍ പഴയത് പോലെ താമസമുണ്ടായില്ല.

"സീ മൃദുല്‍,എനിക്കൊരു കാര്യം പറയാനുണ്ട്"

കിട്ടുണ്ണിയാണു ഉള്ളിലിരുന്നു ആത്മഗതം പറഞ്ഞത്..മ്മ്..കേട്ടിട്ടുണ്ട്..കേട്ടിട്ടുണ്ട്.ആ പറഞ്ഞ കാര്യം സ്ക്രീനില്‍ തെളിയുന്നതിനു മുന്‍പ് മനസ്സില്‍ ഒരു ചാറ്റ് തെളിഞ്ഞു വന്നു.

"ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലെ.എവിടെ പോയാലും,എപ്പോ നോക്കിയാലും വായും പൊളിച്ച് മുന്നില്‍ കാണും.നാണമില്ലേ തനിക്ക്,ഒന്നുമിലേലും ഇത്രേം പ്രായമായില്ലേ.എടോ തടിയാ,താനെന്നെങ്കിലും കണ്ണാടീല്‍ നോക്കിട്ടുണ്ടോ.അതോ ഒരു കണ്ണാടീല്‍ ഒതുങ്ങാറില്ലേ ? ചുമ്മാ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.ഇനി മേലാല്‍ എന്റെ പിറകെ നടന്നാല്‍ ഞാന്‍ എച്ച്.ആറില്‍ കമ്പ്ലൈന്റ് ചെയ്യും."

ഇതോ,അല്ലെങ്കില്‍ ഇതിന്റെ ഒരു വേരിയന്റോ മുന്നിലെ സ്ക്രീനില്‍ കാണാന്‍ ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോള്‍ ആ മെസേജ് വന്നു.

"ദക്കാനി ദേഗിലെ ഇന്നത്തെ വെജിറ്റിബിള്‍ ബിരിയാണി ചീത്തയായിരുന്നു"

മനസ്സില്‍ വന്നത് "ആരാ.." എന്നൊരു അലര്‍ച്ചയായിരുന്നു.കിട്ടിയ ഷോക്ക് പുറത്ത് കാണിക്കാതെ
"ഓ..ആണോ" എന്നൊരു മറുപടി ഞാന്‍ അയച്ചു.

"ആ അതെ,ഡുണ്ടുമോളാണു പറഞ്ഞത് മൃദുല്‍ ഫുഡ് കമിറ്റിയില്‍ ഉണ്ട്,പറഞ്ഞാ മതിയെന്നു.തീരെ മോശമായിരുന്നു.അതിലെ വെജിറ്റബിള്‍സ് ഒന്നും വെന്തിട്ടില്ലായിരുന്നു.കുടെ കീട്ടിയ റൈത്തയ്ക്ക് ഉപ്പും ഇല്ലായിരുന്നു." . ഒട്ടും അമാന്തമില്ലാതെ അവള്‍ പറഞ്ഞു.

ഇല്ല,കാണില്ല എന്നൊരു മറുപടിയാണു മനസ്സില്‍ വന്നതെങ്കിലും "ഓ ആയിക്കോട്ടെ, ഞാന്‍ വേണ്ടത് ചെയ്തോളാം" എന്നാണു ടൈപ്പ് ചെയ്തതു

"അപ്പോ ശരി,ബൈ,താങ്ക്സ്" എന്നും പറഞ്ഞ് മോളിക്കുട്ടിയങ്ങ് പോയി.

ആരും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്താന്‍ തിരിഞ്ഞ് നോക്കിയപ്പോ തൊട്ട് പുറകില്‍ അവളുണ്ട് ഡുണ്ടുമോള്‍ , ഒരവിഞ്ഞ,വളരെ വൃത്തിക്കെട്ട,ആക്കിയ ചിരി ചിരിച്ചു കൊണ്ട് !! കൂടെ ഒരു ചോദ്യവും, "മോളിക്കുട്ടി എന്തു പറഞ്ഞു ചേട്ടാ.."

*ഒരു ഔപചാരികതയ്ക്കു വേണ്ടി‌-കഥയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അത്ര സാങ്കല്പികം അല്ല.ഞാന്‍ കമ്പനി വിട്ടു.മോളിക്കുട്ടി എവിടെയുണ്ടെന്നറിയില്ല.ഞാനിപ്പോഴും സിംഗിളാണു !