Friday, March 16, 2007

അകലങ്ങളിലേയ്ക്കു......

ഐ.സി.യുവിന്റെ അടുത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കി,അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം.30 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഒന്നുമല്ലാതെ ഞാന്‍ കാലു കുത്തിയ ആ നഗരം ഇന്നു ഏറെ മാറിയിരിക്കുന്നു,ഞാനും.കാലത്തിന്റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ,അതോ ഈ നഗരം എന്നെ മാറ്റിയതോ?

ആരോ വന്നു തോളത്തു തട്ടി,തിരിഞ്ഞു നോക്കിയപ്പോള്‍,മേനോന്‍ ഡോക്ടറാണു.

"എന്താടോ താന്‍ നിലാവു കാണുവാണോ?"

"ഇവിടെ എവിടാ ഡോക്ടറേ,നിലാവ്‌,ചുമ്മാ കുറേ ലൈറ്റുണ്ട്‌,വേറെ എന്താ??,അവള്‍ക്കെങ്ങനെയുണ്ട്‌?"

"നമ്മളെ കൊണ്ടു പറ്റുന്നതൊക്കെ നമ്മള്‍ ചെയ്യുന്നുണ്ടണ്ടോ,പിന്നെ,തനിക്കറിയാല്ലോ,ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി,എനിവേ,ലെറ്റസ്‌ ഹോപ്പ്‌ ഫോര്‍ ദ ബെസ്റ്റ്‌..." ഇതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി.

ഞാന്‍ ഐ.സി.യുവിന്റെ മുന്നില്‍ ചെന്നു അകത്തേയ്ക്കു നോക്കി.പാവം,എന്തു മാതിരിയായിരിക്കുന്നു അവള്‍,മരുന്നിന്റെയാകണം. മുഖമൊക്കെ കരുവാളിച്ചിട്ടുണ്ട്‌.ഒരു ചില്ലുപാളിക്കപ്പുറം നിന്നു അവളെ കാണാന്‍ തുടങ്ങീട്ട്‌ 14 ദിവസമാകുന്നു.ഇനി ഒരു തിരിച്ചുവരവ്വുണ്ടാകുമോ,അറിയില്ല..ഞാന്‍ വീണ്ടും ജനാലയ്ക്കലേയ്ക്കു പോയി.മഹാനഗരം ദിവസം തുടങ്ങുന്നതെയുള്ളു.ആ സമയത്തു മുഖത്തടിച്ച കാറ്റിനു ഓര്‍മമകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി.മനസ്സ്‌ ഒരല്‍പം പിറകോട്ടു പോയ പോലെ.

അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല.പണമില്ലാതിരുന്നപ്പോഴും,കൈ നിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക്‌ ഒരേ ഭാവമായിരുന്നു.എന്നെ മാറ്റിയ ഈ നഗരത്തിനു അവളെ ഒന്നു തൊടാന്‍ പോലും പറ്റിയിലല്ലോ എന്നു ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്‌....ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല,പേടിയായിരുന്നു അവള്‍ക്ക്‌,നഗരത്തിന്റെ തിരക്കുകളെ,വളര്‍ച്ചയെ.കാരണം ഈ നഗരം ഒരിക്കല്‍ തന്റെ ഭര്‍ത്താവിനേയും മകളെയും തന്നില്‍ നിന്നു പിടിച്ചു കൊണ്ടു പോകുമെന്നവള്‍ക്കറിമായിരുന്നു..ഇന്നതും സംഭവിച്ചിരിക്കുന്നു.30 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ കൈയ്യും പിടിച്ചു വന്ന എന്നെ അവള്‍ക്കെന്നേ നഷ്ടപ്പെട്ടിരുന്നു.പിന്നെ മകള്‍,അവളും ഈ നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞിലാതെയായില്ലേ.

ശ്രീ ഒരിക്കല്‍ പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നി. നമുക്കുള്ളെതെല്ലാം ഊറ്റി കുടിക്കുന്ന യക്ഷിയുടെ ഭാവമാണു ഈ നഗരത്തിനു.

മൊബെയിലില്‍ ഞാന്‍ ഒന്നു കൂടി മോളുടെ നംബര്‍ ഡയല്‍ ചെയ്തു,9847493620,വിളിച്ച നംബര്‍ പരിധിക്കു പുറത്താണെന്ന അറിയിപ്പാണു ഇപ്പോഴും.അവളും ഞങ്ങളുടെ പരിധി വിട്ടു പോയിട്ട്‌ ഏറെയായി.തമ്മില്‍ കണ്ടിട്ടു നാളുകളാകുന്നു.കൃത്യമായി പറഞ്ഞാല്‍,ജാനുവരി ഒന്നാം തീയതിയാണു അവളെ അവസാനമായി കണ്ടതു,പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിറങ്ങാതെ വീട്ടിലേയ്ക്കു കയറി വന്ന അവളെ,ജനിപ്പിച്ചവനായ ഞാന്‍ വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയതു അന്നായിരുന്നു.അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് വിളിച്ചു പറഞ്ഞപ്പോഴും,ഒരു മൂളലായിരുന്നു അവളുടെ മറുപടി.എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌,എനിക്കു തന്നതിനെല്ലാം വിലയായി ഈ നഗരം എന്നില്‍ നിന്നെടുതതാണു എന്റെ മകളെയെന്നു.പക്ഷെ,അതിനും മുന്‍പ്‌ ഒരിക്കല്‍,ശ്രീ എന്നോട്‌ പറഞ്ഞതാണു നമുക്കീ നഗരം വിടാമെന്ന്.നഗരത്തിന്റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്നു ഒരു പക്ഷേ അവള്‍ മുന്‍ ക്കൂട്ടി കണ്ടിരുന്നിരിക്കണം..പക്ഷേ അന്നു അവളുടെ വാക്കുകള്‍ക്കു ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം കൊടുത്തില്ല.കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്നെനിക്കൊപ്പം ഈ കണ്ണാടിക്കൂടിന്റെ ഇപ്പുറം അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ മകളും ഉണ്ടാകുമായിരുന്നു.

ആശുപത്രി വരാന്തയിലെ ബെഞ്ചിലിരുന്ന് എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല....ആരുടെയൊക്കെയോ കാലടി ശബ്ദം കേട്ടാണെഴുന്നേറ്റതു..ഐ.സി.യു വിലേയ്ക്കു ഡോക്ടര്‍മാര്‍ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്‌.പെട്ടന്ന് എല്ലാം നിശബ്ദമായ പോലെ..മേനോന്‍ ഡോക്ടര്‍ ഐ.സി.യു വില്‍ നിന്നറിങ്ങി വരുന്നുണ്ടു.അടുത്തു വന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല.പക്ഷേ അദ്ദേഹത്തിന്റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു.അതെ,അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.ഇക്കാലമത്രയും എന്നെ മുന്നോട്ട്‌ നയിച്ച എന്റെ ശ്രീ ഇനിയില്ല.ശ്രീ ഇല്ലെങ്കില്‍ ഞാനുണ്ടൊ,ഞാന്‍ തന്നെയല്ലെ ശ്രീ,അവളില്ലാതെ എങ്ങനെ ഇനി.....ഞാന്‍ മോളെ വിളിച്ചു,റിംഗ്‌ ചെയ്യുന്നുണ്ട്‌.പക്ഷേ എടുത്തത്‌ മറ്റാരോ ആണു.മോളെവിടെ എന്നു ചോദിച്ചില്ല.എടുത്ത കുട്ടിയോട്‌ വിവരം പറഞ്ഞു.അറിയിച്ചേക്കാം എന്നു പറഞ്ഞ്‌ കോള്‍ കട്ടാക്കി.അറിഞ്ഞു കേട്ട്‌,ഓരോരുത്തരായി എത്തിതുടങ്ങി..അവരുടെ ആശ്വാസ വാക്കുകള്‍ കേട്ടില്ല..വരുന്ന മുഖങ്ങളില്‍ ഞാന്‍ എന്റെ മോളെ തേടി..കണ്ടില്ല...ആ സമയത്തു എന്റെ മൊബെയില്‍ ശബ്ദിച്ചു.

മോള്‍ടെ നംബറില്‍ നിന്നു മെസ്സേജാണു...

"ഡാഡ്‌,മൈ ഹാര്‍ട്ടി കണ്ടോളന്‍സ്‌.ഡോണ്ട്‌ വെയ്റ്റ്‌ ഫോര്‍ മീ..ഐ കാണ്ട്‌ കം."

ഇനി ആത്മാവു നഷ്ട്പ്പെട്ടവനായി മഹാനഗരം എന്റെ രക്തം ഊറ്റി കുടിക്കുന്നതും കാത്ത് ഞാനൊറ്റയ്ക്കു.....മുന്നോട് നയിക്കാന്‍ ശ്രീയില്ലാതെ,അവളുടെ സ്നേഹമില്ലാതെ....

Monday, March 5, 2007

Protest against plagiarisation of Yahoo India!

My protest against plagiarisation of Yahoo India!
യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം

(ലോഗോ- കടപ്പാട് - ഹരീ )
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല.
തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്.
മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.“യാഹൂ മാപ്പ് പറയുക.”
കടപ്പാട് - സു (സൂര്യഗായത്രി)

Sunday, March 4, 2007

അവനും,അവന്‍ സ്നേഹിച്ച മരണവും

"പ്രതീക്ഷയ്ക്കു വക നല്‍കാത്ത ഒരു ഫോണ്‍കോള്‍ കൂടി ആശുപത്രിയില്‍ നിന്നു വന്നു.സമയം മുന്നോട്ടു പോകുന്തോറും അവന്‍ മരണവുമായി കൂടുതല്‍ അടുക്കുകയാണെന്നെനിക്കു തോന്നി.അവന്‍ പോയാല്‍,അറിഞ്ഞുകൂടാ ഇനിയുള്ള എന്റെ ദിവസങ്ങള്‍ എങ്ങനെയാകുമെന്ന്.ഞാന്‍ ഞാനല്ലാതെയായി പോകുമോ എന്നെനിക്കു ഭയം തോന്നുന്നു.എന്നിട്ടും ഒന്നും സംഭവിക്കതിരുന്നെങ്കില്‍ എന്നു പ്രാര്‍തഥിക്കാന്‍ തോന്നുന്നില്ല.അവനെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും കഴിയുമോ അങ്ങനെ ആഗ്രഹിക്കാന്‍.ഇല്ല,കഴിയില്ല......."

ഇത്രയും എഴുതി ഞാന്‍ ഡയറി മടക്കി.ഉറങ്ങാന്‍ തുടങ്ങുമ്പോഴും മനസ്സില്‍ അവനായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല....
നിര്‍ത്താതെയുള്ള ഫോണ്‍ബെല്ലു കേട്ടാണു എഴുന്നേറ്റതു.ആശുപതിയില്‍ നിന്നു ഹരിയാണു.

"എടാ അവന്‍ മരിച്ചു".

ആ മരണവാര്‍ത്ത സത്യത്തില്‍ ഒരലപം അശ്വാസമാണു നല്‍കിയതു.കാരണം മരണത്തെ അവന്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു,ആഗ്രഹിച്ചിരുന്നു.

അവനെ പരിചയപ്പെട്ടതു എവിടെ വച്ചാണു...ഓര്‍ക്കുന്നില്ല.പക്ഷേ മരണത്തോടുള്ള അഗാധമായ പ്രണയവുമായി അവനെ ഞാന്‍ കണ്ടു തുടങ്ങിയിട്ടു ഏറെ നാളുകളായി.പക്ഷേ ഇന്നുമെനിക്കറിയില്ല അവന്റെ ഈ വിചിത്രമായ ആഗ്രഹത്തിന്റെ കാരണം.സ്ണേഹിക്കാന്‍ മാത്രം അറിയാവുന്ന മാതാപിതാക്കള്‍,ഒരുപാടു നല്ല സുഹൃത്തുകള്‍,ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും,ഇതെല്ലാമുണ്ടായിട്ടും അവന്‍ സ്ണേഹിച്ചതു മരണത്തെ ആയിരുന്നു.ജീവിതത്തിന്റെ ഒരോ നിമിഷവും ആഘോഷിച്ചു നടന്നപ്പോഴും അവന്‍ തേടിയതു മരണത്തെ ആയിരുന്നു.പെട്ടന്നു ആളുകളെ മനസ്സിലാക്കുന്നവന്‍ എന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്ന എനിക്കും അവനെ മനസ്സില്ലായില്ല..അവന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അനിര്‍വചനീയന്‍"
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു".

മരണത്തോടുള്ള അവന്റെ ഭ്രാന്തമായ സ്നേഹത്തോടുള്ള കാരണം ചോദിച്ച എനിക്കവന്‍ തന്ന മറുപടിയായിരുന്നു ഇത്‌.
**********************************************
നേരം വെളുത്തപ്പോള്‍ മുതല്‍ നല്ല മഴയാണു.അതു കൊണ്ടു തന്നെ അവന്റെ വീട്ടിലേയ്കു പോകാന്‍ തോന്നിയില്ല.കാരണം മഴക്കാലത്തെ മരണവീടുകള്‍ അവനെ പോലെ എന്നെയും വേദനിപ്പിച്ചിരുന്നു.ഏങ്ങലടികളും,കറുത്ത കുടകളും,തേങ്ങിക്കരയുന്ന മഴയും,എല്ലാം കൂടെ മനസ്സില്ലുണ്ടാകുന്നതു വല്ലാത്ത ഒരു വിങ്ങലാണു.ഞാന്‍ നേരെ പള്ളിയിലേക്കു പോയി.വിലാപയാത്ര എത്തിയിട്ടില്ല.

മരിക്കാന്‍ ഇത്രയേറെ ആഗ്രഹിച്ചിട്ടും അവന്‍ ഒരിക്കല്ലും ആത്മഹത്യയെ കുറിച്ചു ചിന്തിച്ചില്ല.തന്നെ തേടിയെത്തുന്ന ഒരു മരണമായിരുന്നു അവന്റെ സ്വപ്നം.അതവനു കിട്ടുകയും ചെയ്തു.ചീറിപാഞ്ഞു വന്ന ഒരു ലോറിയുടെ രൂപത്തില്‍.ഐ.സി.യുവില്‍ വച്ചു അവസാനമായി അവനെ കണ്ടപ്പോള്‍ ക്ഷീണിച്ച സ്വരത്തില്‍ അവന്‍ എന്നോടു പറഞ്ഞതും അതായിരുന്നു " എടാ ഐ ഗോട്ട്‌ ഇറ്റ്‌".അവന്റെ ആ വാക്കുകളില്‍ ഉണ്ടായിരുന്നതു മരണം അടുത്ത്‌ എത്തിയവന്റെ ഭയമായിരുന്നില്ല ,വിജയം പൊരുതി നേടിയ ഒരു ധീരയോദധാവിന്റെ സന്തോഷമായിരുന്നു...

വിലാപയാത്ര എത്തി.ഞാന്‍ സെമിത്തേരിയിലേയ്ക്കു നടന്നു.
മുത്താനുള്ളവര്‍ക്കു മുത്താം എന്നു അച്ചന്‍ പറഞ്ഞപ്പോള്‍,ഞനും നല്‍കി അവനു ഒരു അന്ത്യച്ചുംബനം.ആഗ്രഹിച്ചതു നേടിയ ഒരു വിജയിയുടെ ഭാവമായിരുന്നു അവന്റെ മുഖത്തുണ്ടായിരുന്നതെനിക്കു തോന്നി.അതെ തോന്നലാകാം.

അവന്റെ കുഴിമാടത്തിലെയ്ക്കു ഒരു പിടി കുന്തിരിക്കം ഇട്ടു ചാറ്റല്‍മഴയത്തു തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ ആ വാക്കുകളായിരുന്നു മനസ്സില്‍.....
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു"

സത്യമാണോ ഇതു...ആരോടു ചോദിക്കാന്‍..അവന്‍ പോയില്ലേ....