Thursday, February 8, 2007

മരണത്തെ തേടി.....

വാച്ചില്‍ നോക്കി...സമയം എട്ട്‌.ആരോ പറയുന്നതു കേട്ടു,ട്രെയിന്‍ ഇപ്പോഴേ ലേറ്റാണെന്ന്.അപ്പോള്‍ കുര്‍ളയിലെത്തുമ്പോഴേക്കും രാത്രി ഏഴരയെങ്കിലുമാകും....ഞാന്‍ പുറത്തേക്കു നോക്കി.കൊങ്കണ്‍ പ്രദേശത്തെ ഗ്രാമങ്ങള്‍ ഉണരുന്നതേയുള്ളു.ദൂരഗ്രാമങ്ങളിലേയ്ക്കു വെള്ള്തത്തിനയി പോകുന്ന സ്ത്രീകളുടെ നീണ്ട നിര ഇടയ്ക്കിടെ കാണാം.

ട്രെയിനിന്റെ വേഗത കുറഞ്ഞു,പതിയെ അതു നിന്നു.സ്റ്റേഷന്‍ ഒന്നുമല്ല,എന്താണെന്ന് അറിയാന്‍ ഞാന്‍ വാതില്‍ക്കലേയ്ക്കു ചെന്നു.ട്രാക്കില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്‌.ആരോ ട്രെയിനിനു മുന്‍പില്‍ ചാടിയത്രേ....മരണം ഒരിഷ്ട വിഷയമാണെങ്കിലും ആത്മഹത്യ മഹാബോറാണു..തോല്‍പിക്കാന്‍ നടക്കുന്ന മരണത്തിനു സ്വയം കീഴടങ്ങുന്ന ഭീരുത്വം.ആ ശവത്തോട്‌ എനിക്കു പുഛം തോന്നി.ഞാന്‍ തിരിച്ചു സീറ്റില്‍ വന്നിരുന്നു...മയങ്ങാം എന്നു കരുതി ബെര്‍ത്തിലേയ്ക്കു ചാഞ്ഞപ്പോഴാണു ആ മനുഷ്യനെ കണ്ടതു,എതിര്‍വശത്തുള്ള ബര്‍ത്തില്‍.

ചെറുപ്പക്കാരനാണു,താടിയും മുടിയും നീട്ടിയിട്ടുണ്ട്‌.മുഷിഞ്ഞ ഒരു ഖദര്‍ ജുബ്ബയും,നരച്ച ജീന്‍സുമാണു വേഷം.ആകാപ്പാടെ എഴുപതുകളിലേയും മറ്റും ക്യാമ്പസ്‌ ബുദ്ധിജീവികളുടെ രൂപം.ഇന്നും ഇങ്ങനെയുള്ള ആളുകളുണ്ടോ എന്നു മനസ്സിലോര്‍ത്തു ഞാന്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു...

മയക്കം തെളിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ സമയം പതിനൊന്ന്.എതിര്‍വശത്തെ സീറ്റില്‍ ആ മനുഷ്യന്‍ ഇരിക്കുന്നുണ്ട്‌.കയ്യില്‍ എതൊ തടിച്ച ഒരു പുസ്തകവുമുണ്ട്‌.ഞാന്‍ പുറത്തേയ്ക്ക്‌ നോക്കി.നോക്കെത്താ ദൂരത്തോളം വരണ്ടു കിടക്കുന്ന കൃഷി സ്ഥലങ്ങള്‍.ആ വരള്‍ച്ച മനസ്സിനേയും ബാധിക്കുന്നതു പോലെ തോന്നി..ഞാന്‍ വെറുതെ ആ മനുഷ്യനെ നോക്കി.സാധരണ യാത്ര ചെയ്യുമ്പോള്‍ കഴിവതും ആരെയും പരിചയപ്പെടാറില്ല,ഇങ്ങോട്‌ വന്നു പരിചയപ്പെടുന്നവരെയൊഴിച്ച്‌.ആരെയും പിന്നിട്‌ ഓര്‍ക്കാറുമില്ല.എന്നാല്‍ ഇയാളെ പരിചയപ്പെടണമെന്നു മനസ്സു പറയുന്നു.

"എന്താ വായിക്കുന്നത്‌?"

ഞാന്‍ ചോദിച്ചു.മറുപടി പറയാതെ അയാള്‍ പുസ്തകം എന്റെ നേര്‍ക്കു നീട്ടി..ഞാന്‍ വാങ്ങി അതിന്റെ പുറംചട്ട നോക്കി.ഏതോ ഒരു വിപ്ലവപ്രത്യയശാസ്ത്രമാണു.ഞാന്‍ പുസ്തകം തിരികെ നല്‍കി കൊണ്ട്‌ ചോദിച്ചു.

"കാലഹരണപ്പെട്ടില്ലേ ഇതെല്ലാം?"

ചോദ്യം ഇഷ്ടപ്പെടാത്തതു കൊണ്ടാകാണം അയാള്‍ മറുപടി ഒന്നും പര്‍ഞ്ഞില്ല.

"എന്താ പേരു?"

"മുസാഫിര്‍".അതു കേട്ടപ്പോള്‍ ആദ്യം മനസ്സിലേയ്ക്കു വന്നതു ആ പഴയ പാട്ടാണു,മുസഫിര്‍ ഹൂ യാരോം.ഞാന്‍ അതു പതിയെ മൂളി.അയാള്‍ ഒന്നു പുഞ്ചിരിച്ചു.

"എന്തു ചെയ്യുന്നു?"

"ഞാന്‍ ഒരു സഞ്ചാരിയാണു".ആ ഉത്തരം എന്നെ ഒന്നു അതിശയിപ്പിച്ചു.കാരണം ആദ്യമായാണു ഒരാള്‍: താന്‍ സഞ്ചാരിയാണെന്നു എന്നോട്‌ പറയുന്നത്‌

"ഇപ്പോള്‍ എങ്ങോടാണു?"

"മരണത്തിലേയ്ക്കു",ആ ഉത്തരത്തില്‍ ഞാന്‍ ഒന്നു ഞെട്ടി.ഞെട്ടല്‍ കണ്ടിട്ടാവാണ്ണം അയാള്‍ പറഞ്ഞു "മരണം തേടിയാണു".

ഇതു വട്ടു തന്നെ,ഞാന്‍ മനസ്സിലോര്‍ത്തു.അയള്‍ തുടര്‍ന്നു "ഈ ലോകത്തില്‍ എല്ലാത്തിനും ഒരു ഉറവിടമുണ്ട്‌.മഴ മേഖത്തില്‍ നിന്ന്,വെയ്യില്‍ സൂര്യനില്‍ നിന്ന്,മരം വിത്തില്‍ നിന്ന്.പക്ഷേ മരണം മാത്രം എവിടെ നിന്ന് വരുന്നു?"എന്റെ മുന്നിലേക്കു ആ ചോദ്യം എറിഞ്ഞിട്ട്‌ അയാള്‍ നിര്‍ത്തി.

"എവിടെ നിന്നു വരുന്നു?"ഞാന്‍ തിരിച്ചു ചോദിച്ചു.

"ഞാനോ മരണമോ?"

"രണ്ടും".എന്റെ മറുപടി കേട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.പിന്നെ തുടര്‍ന്നു.

"ഞാനും മരണവും ഒരു പോലെയാണു.ഞാന്‍ എവിടെ നിന്നു വരുന്നു,എനിക്കറിയില്ല.എങ്ങോട്‌ പോകുന്നു.അതും എനിക്കറിയില്ല.മരണവും അങ്ങനെ തന്നെ.അതു എവിടെ നിന്നോ വരുന്നു.എങ്ങോടോ പോകുന്നു.അതിനിടയ്ക്കു ആരെയൊക്കെയോ വേദനിപ്പിക്കുന്നു,ആരെയൊക്കെയോ സന്തോഷിപ്പിക്കുന്നു."

മരണം പണ്ടേ ഒരിഷ്ടവിഷയമായ എനിക്കു ആ മനുഷ്യനോട്‌ കൂടുതല്‍ സംസാരിക്കാന്‍ തോന്നി.

"മരണത്തെ പേടിയില്ലേ?"ഞാന്‍ ചോദിച്ചു.

"ആര്‍ക്കും മരണത്തെ പേടിയില്ല.പേടിയും വിഷമവും ഒക്കെ ലോക്റ്റത്തെ പിരിയുന്നതിലാണു.എനിക്കീലോകം വിടാന്‍ ഒരു മടിയുമില്ല.അതു കൊണ്ടു തന്നെ മരണത്തെ പേടിയുമില്ല..പക്ഷേ ഇപ്പോള്‍ തോന്നുന്നു മരണത്തെ ഒരിക്കല്ലും എനിക്ക്‌ കണ്ടെത്താന്‍ കഴിയില്ലെന്ന്."

ഇതു പറഞ്ഞു അയാള്‍ പുറത്തെയ്ക്കു നോക്കി.പിന്നെ ഒരു നീണ്ട മൗനമായിരുന്നു.ഞാനും പിന്നെ ഒന്നും ചോദിച്ചില്ല.ട്രെയിന്‍ രത്നഗിരി എത്താറായി.

"ഞാന്‍ ഇവിടെ ഇറങ്ങും"അയാള്‍ പറഞ്ഞു.

"എന്തേ ഇവിടെ?"

"ഇവിടം വരെ ടിക്കറ്റ്‌ എടുക്കാനേ പണം ഉണ്ടായിരുന്നുള്ളു"

ട്രെയിന്‍ രത്നഗിരി എത്തി..ഇറങ്ങുന്നതിന്നു മുന്‍പ്‌ ഞാന്‍ ചോദിച്ചു.
"എന്താ മരണത്തെ കണ്ടെത്താന്‍ കഴിയില്ല എന്നു പറഞ്ഞതു?"

അയാള്‍ ഒന്നു ചിരിച്ചു.


"കാരണം വളരെ നിസ്സാരമാണു.മരണം എന്നൊന്നില്ല.മറിച്ചുള്ളത്‌ ജീവനാണു.അതില്ലാത്ത ഒരവസ്ഥ മാത്രമാണു മരണം."

ഇതു പറഞ്ഞു അയാള്‍ നടന്നു നീങ്ങി.രത്നഗിരിയിലെ പ്രശസ്തമായ മാമ്പഴ തൊട്ടങ്ങളിലൂടെ ദൂരേയ്ക്കു....

പച്ച വെളിച്ചം..ടെയിന്‍ നീങ്ങിത്തുടങ്ങി...

14 Comments:

Unknown said...

ഈ കഥയിലെ ഒരോ കാര്യങ്ങളും എപ്പോഴൊക്കെയോ ഞാന്‍ എന്നോട് തന്നെ പറഞ്ഞവയാണു.

ജീവിതം തേടി നടക്കുന്നവരുടെയിടയില്‍ മരണത്തെ തേടി ഒരാള്‍..ഒരു സഞ്ചാരി...

അശോക് said...

Interesting.

Many here in malayalam blog world are infected with comedy mania.

This is refreshing.

Unknown said...

അശോകിന്റെ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി...

Unknown said...

മരണം...ഒരുപാട് എഴുതി തെളിഞ്ഞ ഒരു വിഷയമാണു..പക്ഷേ ഈ കഥയില്‍ മരണം കേവലം ഒരു വിഷയം മാത്രമാണോ..നിങ്ങള്‍ തീരുമാനിക്കുക....

salil | drishyan said...

മൃദുലേ,

ജീവനില്ലാല്ലാത്ത ഒരവസ്ഥ മാത്രമാണു മരണം എന്ന ചിന്തയോട് യോജിക്കുന്നു. മരണത്തെ കുറിച്ചുള്ള ചിന്തകള്‍ എഴുതിയതു നന്നയിട്ടുണ്ട്.
വായിച്ചപ്പോള്‍ ഇട്ടിമാളുവിന്റെ ചില ചിന്തകള്‍ (http://ittimalu.blogspot.com/) ഓര്‍മ്മ വന്നു.

തുടര്‍ന്നെഴുതുക.

സസ്നേഹം
ദൃശ്യന്‍

Unknown said...

നന്ദി ദൃശ്യന്‍...
ആദ്യം പറഞ്ഞതു പോലെ ഇതിലെ പലതും ഞാന്‍ എന്നൊടു തന്നെ പറഞ്ഞിട്ടുള്ളവയാണു.അതിനോട് യോജിക്കുന്നവരുണ്ടെന്ന് അറിയുന്നതു തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണു.അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി....

സസ്നേഹം

മൃദുല്‍...

Jeevs || ജീവന്‍ said...

സഹോദരാ,
അതിഗംഭീരമായിരിക്കുന്നു താങ്കളുടെ കഥ.
മരണത്തിന്റേയും ജീവിതത്തിന്റേയും പുതിയ നിര്‍വചനവും കൊള്ളാം.
താങ്കള്‍ പറഞ്ഞ പോലെ ഒരുപാട് എഴുതി തെളിഞ്ഞ ഒരു വിഷയമായിരുന്നിട്ടു കൂടി ഒരു പുതുമ ഉളവാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഭേഷ്!!
ഇനിയും എഴുതുക. എത്ര എഴുതുന്നുവൊ അത്ര തെളിയും. എത്ര തെളിഞ്ഞുവോ അത്ര നന്നാവും.

സസ്നേഹം, ജീവന്‍

ലിഡിയ said...

"ആര്‍ക്കും മരണത്തെ പേടിയില്ല.പേടിയും വിഷമവും ഒക്കെ ലോക്റ്റത്തെ പിരിയുന്നതിലാണു.എനിക്കീലോകം വിടാന്‍ ഒരു മടിയുമില്ല.അതു കൊണ്ടു തന്നെ മരണത്തെ പേടിയുമില്ല..“

എന്റെ മനസ്സിലേയ്ക്ക് എന്നെങ്കിലും നീ ഒളിഞ്ഞ് നോക്കിയിരുന്നോ,വഴിപിരിഞ്ഞ് പിന്നെയും പിരിഞ്ഞ് ഇല്ലാത്ത അറ്റങ്ങളിലേയ്ക്ക് നീളുന്ന ഏതെങ്കിലും ഇടവഴികളില്‍ ഈ മനസ്സ് നീ കണ്ടിരുന്നോ??

-പാര്‍വതി.

Unknown said...

പാര്‍വതി....
എന്റെ ചിന്തകളോട് യോജിക്കുന്നവരെ കണ്ടുമുട്ടുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.നീ പറഞ്ഞതു പോലെ പിരിഞ്ഞു ഇല്ലാത്ത അറ്റത്തിലേയ്ക്കു നീളുന്ന ജീവിതത്തിന്റെ ഏതെങ്കിലും ഇടവഴികളില്‍ നാം കണ്ടിട്ടുണ്ടാകാം..മനസ്സുകള്‍ വായിച്ചിട്ടുണ്ടാകാം...

സസ്നേഹം
മൃദുല്‍

.... said...

നന്നായിരിക്കുന്നു...നല്ല ഒതുക്കത്തില്‍ ഗൌര്‍വമുള്ളൊരു വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നല്ല ഭാഷയും...അഭിനന്ദനങ്ങള്‍

റീനി said...

മൃദുല്‍, നന്നായി എഴുതിയിരിക്കുന്നു.
മരണത്തെ ഭയമില്ല. ലോകത്തെ പിരിയുന്നതില്‍ വിഷമമില്ല. ലോകത്തിലെ ചെറുകരടായ പ്രിയമുള്ളവരെ പിരിയുന്നതിലാണെന്റെ ദുംഖം. പ്രത്യേകിച്ച്‌ അവരുടെ പ്രിയം എന്നിലേക്ക്‌ ആളിക്കത്തുകയാണെങ്കില്‍.

Unknown said...

തുഷാരം:

അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി..

റീനി:

എല്ലാവരുടെയും ലോകം അവരുടെ പ്രിയപ്പെട്ടവര്‍ തന്നെയല്ലേ...തീര്‍ച്ചയായ്യും അവരെ പിരിയുന്ന കാര്യം തന്നെയാണു നമ്മെ എല്ലാവരെയും മരണത്തെ ഭയക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു.

സസ്നേഹം

മൃദുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

മൃദുല്‍ .. മരണം മൃദുലിന്റെ കയ്യില്‍ വളരെ മൃദുലം .. കൊള്ളാം ...

Unknown said...

ഇട്ടിമാളു..

ഇപ്പോഴാണു കമമന്റു വായിച്ചതു.എന്റെ കയ്യില്‍ മരണം മൃദുലമാണെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.ദൃശ്യന്‍ പറഞ്ഞിരുന്നു,എന്റെ ചിന്തകള്‍ക്ക് ഇട്ടിമാളുവിന്റേതുമായി എന്തൊ സാദൃശ്യം ഉണ്ടെന്നു..പരിച്ചയപ്പെട്ടത്തില്‍ ഒരുപാട് സന്തോഷം..വീണ്ടും കാണാം

സസ്നേഹം
മൃദുല്‍