Friday, September 14, 2007

ദൈവത്തിന്റെ കുഞ്ഞ്

രാത്രിയായെങ്കിലും റോഡില്‍ തിരക്കിനു കുറവൊന്നുമില്ല.പക്ഷെ അലക്സ്‌ ഇതൊന്നും അറിയുന്നതായി തോന്നുന്നതേയില്ല.ആ മനസ്സിലൂടെ ഇപ്പോള്‍ കടന്നു പോകുന്നതെന്തായിരിക്കും എന്നെനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്‌.കഴിഞ്ഞ ഇരുപത് മിനിറ്റായി അലക്സിന്റെ മുഖത്തു ഇതേ ഭാവമാണ്‌.കൃത്യമായി പറഞ്ഞാല്‍ ആനി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിയതു മുതല്‍.

ഇത്തവണ പോയതു സ്ഥിരം ചെക്കപ്പിനു വേണ്ടിയായിരുന്നില്ല.മിനിഞ്ഞാന്നു രാത്രി ചെറുതായി ഒന്നു തലചുറ്റി വീണിരുന്നു.അപ്പോള്‍ മുതല്‍ എന്തോ ഒരു അസ്വസ്ഥത.കഴിഞ്ഞ മാസത്തെ തലചുറ്റലിന്റെ പേരില്‍ അലക്സ്‌ കാണിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ ഇത്‌ പറയാന്‍ തോന്നിയില്ല.പക്ഷേ ഇന്നലെ രാത്രി ആയപ്പോഴേക്കും...പറയാതിരിക്കാന്‍ കഴിഞ്ഞില്ല.പിന്നെ എല്ലാം അലക്സ്‌ തന്നെയാണു ചെയ്തതു.രാത്രി പതിനൊന്നു മണിക്ക്‌ ആനി ഡോക്ടറെ വിളിച്ചു അപ്പോയിന്റ്റ്മെന്‍റ് വാങ്ങി,..ഒറ്റയ്ക്ക്‌ പൊയ്ക്കോളാം എന്നതു കേള്‍ക്കാതെ അപ്പോള്‍ തന്നെ മാനേജരെ വിളിച്ചു ലീവും പറഞ്ഞു...ഗര്‍ഭിണിയാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ അലക്സ്‌ ഇങ്ങനെയാണു.എല്ലാത്തിനും വെപ്രാളം..ഞാന്‍ പലതവണ ചോദിച്ചിട്ടുണ്ട്‌ "എനിക്കാണോ ഗര്‍ഭം,അതോ അലക്സിനാണോയെന്നു"

"ഗര്‍ഭം നിനക്കു തന്നെയാ.പക്ഷെ നിന്റെയുള്ളില്‍ കിടക്കുന്നതാരാ...ജൂനിയര്‍ അലക്സ്‌.എന്റെ സ്വന്തം കുഞ്ഞ്‌.അവനു ഇപ്പോള്‍ വേണ്ടതൊക്കെ ചെയ്തു കൊടുത്തില്ലേല്‍,അവന്‍ പുറത്തു വരുമ്പോള്‍ ചോദിക്കും,ഇയാളിതെന്തു അപ്പനാന്നു..അപ്പോള് ഞാന്‍ എന്ത് പറയും..അതു കൊണ്ട്‌ ഞാന്‍ പറയുന്നത് എന്‍റെ മോള്‍ അങ്ങനുനുസരിച്ചേച്ചാല് മതി.." ഇതായിരിക്കും മിക്കവാറും അലക്സിന്റെ മറുപടി.ഇതു കഴിഞ്ഞു ചെവി പതുക്കെ വയറ്റിലോട്ട്‌ അടുപ്പിച്ച്‌ ഒരു ഡയലോഗും "കേട്ടോ,അവന്‍ പറയുന്നതു..കലക്കി അപ്പേന്നു..."

എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌,എന്നെക്കാളും ഈ കുഞ്ഞിനെ ആഗ്രഹിക്കുന്നതു അലക്സാണെന്നു.ആ കുഞ്ഞ്‌ അപ്പാ എന്നു വിളിക്കുന്നതു കേള്‍ക്കാന്‍ അലക്സിനു ശരിക്കും കൊതിയായിരിക്കുന്നു.സ്വന്തം എന്നു പറയാനുള്ളവരെയെല്ലം പലപ്പോഴായി ദൈവം വിളിച്ചതു കൊണ്ടാകും തനിക്ക്‌ ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു എന്ന കാര്യം അലക്സിനെ ഇത്രയേറെ സന്തോഷിപ്പിക്കുന്നതു.കുഞ്ഞിന്റെ പേരു,അവനെ ചേര്‍ക്കേണ്ട സ്കൂള്‍,അവന്റെ പേരില്‍ ഇപ്പോഴേ നിക്ഷേപങ്ങള്‍ അങ്ങനെ ഓരോന്നും...വീട്ടിലെ ഒരു മുറി കുഞ്ഞിനായി ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. നിറയെ കളിക്കോപ്പുകളും,തൊങ്ങലുകളും, കുഞ്ഞുടുപ്പുകളും, തൊട്ടിലുമൊക്കെയായി......ശരിക്കും കുഞ്ഞിന്റെ വരവിനായി അലക്സ്‌ ഒരുങ്ങുകയായിരുന്നു...

വലിയ തിരക്കില്ലാത്ത സമയത്തായിരുന്നു ഞങ്ങളുടെ അപ്പോയ്ന്‍മന്റ്‌...

"എന്താടോ അലക്സേ ഇത്തവണ,ശര്‍ദ്ദിയോ,അതോ തലകറക്കമോ??" മുറിയിലേക്ക്‌ കയറിയതേ ആനി ഡോക്ടര്‍ ചോദിച്ചു.

നടന്നതൊക്കെ അലക്സ്‌ പറയാന്‍ തുടങ്ങി.

"എടോ താനാണോ ഗര്‍ഭിണി , തന്റെ ഭാര്യയയോ? പറയൂ എത്സാ എന്താ സംഭവിച്ചേ??"

"ഒന്നുമില്ല ഡോക്ടര്‍,മിനിഞ്ഞാന്നു വൈകിട്ട്‌ ഒന്നു തലചുറ്റി.വീഴാതിരിക്കാന്‍ ഒരു കസേരയില്‍ പിടിച്ചെങ്കിലും,പെട്ടന്നു വീണു.അതു കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ മുതല്‍ എന്തോ ഒരു അസ്വസ്ഥത." ഞാന്‍ പറഞ്ഞു.

അതു കാര്യമാക്കാനില്ലെന്നു ഡോക്ടര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും,അലക്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടര്‍ സ്കാനിംഗ്‌ നടത്താന്‍ സമ്മതിച്ചു.സ്കാനിംഗ്‌ കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞാണു ഡോക്ടര്‍ മുറിയിലേയ്ക്ക്‌ വിളിപ്പിച്ചതു.വന്നപ്പോള്‍ കണ്ട ഡോക്ടറുടെ മുഖമല്ല, ഇപ്പോള്‍. ഡോക്ടര്‍ക്കു പറയാനുള്ളതു അത്ര സുഖമുള്ള കാര്യമല്ലെന്നു എനിക്കു വെറുതെ തോന്നി.ഞങ്ങളെ നോക്കി ഡോക്ടര്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും,എന്തോ പുറത്തു വന്നതു ചിരിയായിരുന്നില്ല..ഒരു നിസ്സഹായത ആയിരുന്നു.

"കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടറേ?" മുറിയിലേയ്ക്ക്‌ കയറിയതേ അലക്സ്‌ ചോദിച്ചു.

"നിങ്ങള്‍ ഇരിക്ക്‌"

ഈ ഔപചാരികതയൊന്നും പതിവില്ലാത്തതാണല്ലോ,ഞാന്‍ അലക്സിനെ നോക്കി.അലക്സിനും ഒന്നും മനസ്സിലാവുന്നില്ലെന്നെനിക്കു തോന്നി.

പിന്നീടുള്ള പത്തു മിനിറ്റ്‌ ഡോക്ടര്‍ പറഞ്ഞതെല്ലാം ഒരു ഷോക്കോടെയാണു കേട്ടിരുന്നത്‌.തലചുറ്റി വീണപ്പോള്‍ കുഞ്ഞിന്റെ പൊസിഷന്‍ മാറി.ഇപ്പോള്‍ ഇരിക്കുന്ന രീതിയില്‍ കുഞ്ഞിനെ ഏഴു മാസം കൂടി വളരാന്‍ അനുവദിച്ചാല്‍ അതു കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.ഏഴു മാസം കഴിഞ്ഞു ജനിക്കുന്ന കുഞ്ഞ്‌ നോര്‍മലാകാനുള്ള സാദ്ധ്യത ഒരു ശതമാനം മാത്രമാണു.മാത്രമല്ല,ഈ അവസ്ഥയിലുള്ള കുഞ്ഞിന്റെ കിടപ്പു കാരണം ഗര്‍ഭപാത്രത്തിനും ക്ഷതമേറ്റിരിയ്ക്കാം. അതു കൊണ്ട്‌ ഏറ്റവും നല്ലതു ഇപ്പോള്‍ തന്നെ ഒരു അബോര്‍ഷന്‍ നടത്തുക എന്നതാണ്‌.ഇതായിരുന്നു ഡോക്ടര്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം

"ഈ കുഞ്ഞിനെ കളയണമെന്നു ഒരിക്കലും ഞാന്‍ നിങ്ങളോട്‌ പറയില്ല.പക്ഷേ ഇതൊക്കെയാണു സാദ്ധ്യതകള്‍.ജനിക്കുന്ന കുഞ്ഞിനു ഒരുപക്ഷേ ബുദ്ധിവളര്‍ച്ചയുണ്ടാകില്ല,സംസാരിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല..അങ്ങനെ പലതും.ഇപ്പോഴാണെങ്കില്‍ ഒരു ഡി & സി ചെയ്യാം.സമയം വൈകുന്തോറും കോമ്പ്ലിക്കേഷന്‍സും കൂടി വരും.മാത്രമല്ല നിങ്ങള്‍ ചെറുപ്പാമാണു..എന്താണെങ്കിലും ആലോച്ചിച്ചു തീരുമാനിക്കു..എന്നിട്ടു തീരുമാനം എന്നെ വിളിച്ചറിയിക്കൂ.അധികം വൈകാതെ..." ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു.

വീടെത്താറായി...അലക്സ്‌ ഇതു വരെ ഒന്നും സംസാരിച്ചിട്ടില്ല. വീട്ടില്‍ വന്നു കയറിയപ്പോഴേക്കും മണി ഒന്‍പതായിരുന്നു..

അലക്സ്‌...എന്ത്..."

"നമുക്ക്‌ കാലത്തെ സംസാരിക്കാം എല്‍സാ.."എന്റെ ചോദ്യം മുഴുവനാക്കുന്നതിനു മുന്‍പേ, ഇതും പറഞ്ഞു അലക്സ്‌ കിടന്നു.

ഉറക്കം വരുന്നില്ല...ഞാന്‍ ബാല്‍ക്കണിയില്‍ പോയി ഇരുന്നു.

അലക്സ്‌ ഒരു പക്ഷേ.എന്റെ തീരുമാനത്തിനാകും കാത്തിരിക്കുന്നതു.പക്ഷേ ഞാന്‍..എനിക്കെങ്ങനെ കഴിയും എന്റെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍.ഇതിനകം എത്ര രാത്രികളില്‍,എന്റെ എത്ര സ്വപ്നങ്ങളില്‍ എന്റെ കുഞ്ഞെന്നെ "അമ്മേ" എന്നു വിളിച്ചു കഴിഞ്ഞു.കാണാതെ തന്നെ ആ മുഖം,ആ ചിരി,അമ്മിഞ്ഞയ്ക്കു വേണ്ടിയുള്ള കരച്ചില്‍..ഇതെല്ലാം ഞാന്‍ മനസ്സില്‍ കണ്ടിരുന്നു.ഇതെല്ലാം മനസ്സില്‍ ഇരിക്കേ,എങ്ങനെ ഞാന്‍ എന്റെ കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കും...പക്ഷേ അലക്സ്‌,അലക്സിന്റെ സ്വപ്നങ്ങള്‍,അലക്സ്‌ കൊതിക്കുന്ന "അപ്പേ" എന്ന വിളി..അലക്സിന്റെ കൊഞ്ചിക്കലുകള്‍ കേട്ടുള്ള അവന്റെ ചിരി...അനാഥത്വത്തില്‍ നിന്നുള്ള മോചനം .ഇതെല്ലാം കാത്തിരിക്കുന്ന അലക്സിനു, അപ്പേ എന്നു വിളിക്കാത്ത,കൊഞ്ചിക്കലുകള്‍ കേള്‍ക്കാത്ത, ഒരു കുഞ്ഞിനെ ഞാന്‍ എങ്ങനെ നല്‍കും.???? അലക്സിനു വേണ്ടി ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം...അലക്സും അതാകും ആഗ്രഹിക്കുക എന്നെനിക്കറിയാമായിരുന്നു.

നേരം വെളുക്കാറായപ്പോഴാണു ഞാന്‍ മുറിയിലേയ്ക്ക്‌ പോയതു..പ്രതീക്ഷിച്ചതു പോലെ അലക്സും ഉറങ്ങിയിരുന്നില്ല..

അലക്സ്‌,ഈ കുഞ്ഞിനെ നമുക്ക്‌..."

വേണം എല്‍സാ" മുഴുമിപ്പിച്ചത്‌ അലക്സാണു

"അലക്സ്‌...അതു..."

"അല്ല എല്‍സാ, ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ആലോചിച്ചു.ദൈവം തന്ന ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ നമ്മളാരാ?..അവനെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതും ദൈവം തരുന്നതാകും.അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു?അവനു ബുദ്ധിയില്ലായിരിക്കും..അവന് സംസാരിക്കാന്‍ പറ്റില്ലായിരിക്കും...വേണ്ടാ,ഇതൊന്നും ഇല്ലങ്കിലും ഞാന്‍ അവന്റെ അപ്പനും നീയവന്റെ അമ്മയും അല്ലാതെ ആകുമോ..അവനറിയാവുന്ന പോലെ,അവന്‍ നമ്മളെ അപ്പേന്നും അമ്മേന്നും വിളിക്കില്ലേ..അതു മതി...നമുക്കതു മതി.....ഡോക്ടര്‍ പറഞ്ഞ ആ ഒരു ശതമാനം ദൈവം നമുക്ക്‌ വേണ്ടി നൂറാക്കിയാലോ...ആക്കിയില്ലെങ്കിലും നമുക്ക്‌ ഈ കുഞ്ഞിനെ കളയേണ്ടാ എല്‍സാ.." പറഞ്ഞു തീര്‍ന്നപ്പോഴേക്കും അലക്സിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു...

സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകളും നിറഞ്ഞു..അതു തുടയ്ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഫോണെടുത്തു ആനി ഡോക്ടറിന്റെ നംബര്‍ ഡയല്‍ ചെയ്തു....

24 Comments:

Unknown said...

അലക്സിന്റെയും എത്സയുടെയും ജീവിതത്തില്‍,അവരുടെ സ്നേഹത്തില്‍,ഈ കുഞ്ഞ്..ദൈവത്തിന്റെ കുഞ്ഞ്

.... said...

എങ്ങനെയാണ് കുട്ടീ നിന്‍റെ പ്രായത്തില്‍ ഈ വിഷയത്തിന്റെ ഫീല്‍ നിനക്കിത്ര നന്നായി പറയാന്‍ ആയത്?..നന്നായിരിക്കുന്നു മൃദുല്‍.

ഇനിയും എഴുതൂ ഒരുപാട്..ആശംസകള്‍

സഹയാത്രികന്‍ said...

"അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു? "

മൃദുലേ.... നന്നായി എഴുതി...

ആശംസകള്‍

Dandy said...

മൃദുലേ,
വളരെ ഹൃദയസ്പര്‍ശിയായ ഒരു കഥ. നന്നായിട്ടുണ്ട്.

മയൂര said...

"അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു?"

ഉള്ളില്‍ തട്ടിയ വരിയതാണ്...നന്നായിട്ടുണ്ട്..:)

വാണി said...

മനസ്സില്‍ തട്ടിയ കഥ.
മൃദുല്‍..നന്നായിരിക്കുന്നു..

SHAN ALPY said...

അസ്സലായി...
തുടരുക ഇനിയും.

ഹരിയണ്ണന്‍@Hariyannan said...

മൃദുല്‍..
കഥ നന്നായിട്ടുണ്ട്...
ഇത്തരമൊരു വിഷയത്തില്‍ ചെലുത്തേണ്ട ശാസ്ത്രീയവും സാഹിത്യപരവുമായ ശ്രദ്ധകള്‍ വേണ്ടുവോളം പുലര്‍ത്തിയിട്ടുണ്ട്..
അഭിനന്ദനങ്ങള്‍..

ഏ.ആര്‍. നജീം said...

അലക്സിനോടും എല്‍സയോടും ഒപ്പം എന്തോ നമ്മുടെ കണ്ണും നിറഞ്ഞു..
നന്നായിരിക്കുന്നുട്ടോ

സുനീഷ് said...

മൃദുല്‍, നന്ദി ഈ കഥയ്ക്ക്‌. ഹൃദയത്തില്‍ എണ്ണമില്ലാത്തത്ര പ്രാവശ്യം എനിക്കു തോന്നിയ അതേ നൊമ്പരം,
ജീവിതത്തില്‍ പല പ്രാവശ്യം ഞാനെന്നോടു തന്നെ പറഞ്ഞ, പറയുന്ന കാര്യങ്ങള്‍.

Haree said...

"അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു?" - അതാണു നന്നായത്.

വളരെ ഇഷ്ടമായി... :)
--

ശ്രീ said...

“ദൈവം തന്ന ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ നമ്മളാരാ?..അവനെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതും ദൈവം തരുന്നതാകും.അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു?“

പതിവു പോലെ നല്ല കഥ, മൃദുല്‍!
:)

കുഞ്ഞന്‍ said...

മനോഹരമായ ഒരേട്..

ബാജി ഓടംവേലി said...

സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകളും നിറഞ്ഞു..

സാല്‍ജോҐsaljo said...

മനോഹരമായി മൃദുല്‍ ഭാ‍യ്,,,

ഷിജോ ജേക്കബ് said...

മൃദൂ,
വളരെ നന്നായി,എന്നത്തേയും‌പോലെ നല്ല അവതരണം. ഹൃദയത്തില്‍ നന്നായി തട്ടി.

ഒരു കുഞ്ഞിനെ ഒരു മടിയും ഇല്ലാതെ നശിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ കഥ.

ഇനിയും എന്നത്തേയും‌പോലെ നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
അഭിനന്ദനങ്ങള്‍

Rahul said...

A touching narration..
godbless...

sasneham

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"അവന്‍ പോയാല്‍,നിനക്കു ഞാനും,എനിക്കു നീയുമുണ്ട്‌,പക്ഷേ,നമ്മള്‍ വേണ്ടാന്നു വച്ചാല്‍ അവനാരാ ഉള്ളതു? "

ഇതാണ് ഈ കഥയിലെ കേന്ദ്ര ബിന്ദു......ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ എന്നെപ്പോലെ ഉള്ളവരുടെ മനസ്സുകളെ ഒന്നു കൂടി ആര്‍ദ്രമാക്കുന്ന നല്ല കഥ.

ഇട്ടിമാളു അഗ്നിമിത്ര said...

മൃദുല്‍.. നല്ല കഥ...തുഷാരത്തിന്റെ ചോദ്യം തന്നെയാ എന്റെ മനസ്സിലും തോന്നിയെ.. പ്രായോഗികതയില്‍ ചിന്തിക്കുന്ന ഇന്നത്തെ തലമുറയുടെ തീരുമാനം ഇങ്ങനെ ആവുമോ എന്നൊരു സംശയം മാത്രം

ജോസ്‌മോന്‍ വാഴയില്‍ said...

മൃദുല്‍..., എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലാ.., ഞാനന്ന് പൂച്ചയുടെ വീട്ടില്‍ വച്ച് കണ്ട ആ മൃദുലാണോ ഇത്രമാത്രം ആഴത്തില്‍ ഇങ്ങനെയൊരു വിഷയം എഴുതി അതിനെ എല്ലാത്തരത്തിലും മനോഹരമാക്കിയിരിക്കുന്നത് എന്ന്.

ഷിജോ പറഞ്ഞതിന്റെ ബാക്കിയായി..., മൃദുല്‍ നീ കാട്ടിത്തരുന്നു ഇന്നത്തെ തലമുറയില്‍ ഇനിയും മരിച്ചിട്ടില്ലാത്ത ചില നല്ല ചിന്തകളുടെ ബാക്കി പത്രങ്ങള്‍...!!!

കൊള്ളാം...!!! അലക്സും എത്സയും ചിന്തിച്ച് ചെയ്തതു പോലെ... നന്മ മരിച്ചു കൊണ്ടിരിക്കുന്ന... അല്ലെങ്കില്‍ കൊന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ നല്ല ചിന്തകള്‍ക്ക് പ്രവര്‍ത്തികള്‍ക്ക് ഇനിയും ജീവിക്കാനനുവദിക്കാം.

അഭിനന്ദനങ്ങള്‍ സുഹൃത്തേ...!! ഇനിയും എഴുതൂ...!!!

Neena George said...

This is too good..Aniyans keep it up..Hope it will touch some of our young generation parents..and will open the eyes... and one more God's own child will born in this world...

കുറുമാന്‍ said...

മ്രിദുല്‍ വളരെ നല്ല ഒരു കഥ.

അല്പം കീറിമുറിക്കല്‍ ഞാന്‍ നടത്തട്ടെ?

അലക്സിനു വേണ്ടി ഈ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം...അലക്സും അതാകും ആഗ്രഹിക്കുക എന്നെനിക്കറിയാമായിരുന്നു.

ഇവിടെ ഒരു സ്ത്രീയുടെ അല്ലെങ്കില്‍ ഭാര്യയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി.

അവന്‍, പുരുഷന്‍, ഭര്‍ത്താവ് എന്താണ് ആഗ്രഹിക്കുക, എന്താണ് ചിന്തിച്ചിരിക്കുക,എന്താകും അവന്റെ ആഗ്രഹം അഥവാ താത്പര്യം എന്ന ഒരു മുന്‍ വിധിയോടെയാണ് അവള്‍, സ്ത്രീ, ഭാര്യ ചിന്തിക്കുന്നത്.

പക്ഷെ അവന്‍ മനസ്സില്‍ ചിന്തിച്ചതോ മറ്റൊന്നും.

എത്രയടുത്താലും വളരെ കുറച്ച് പേര്‍ക്കു മാത്രമേ മനപ്പൊരുത്തം കിട്ടൂ, ഒരുപോലെ ചിന്തിക്കൂ, ഒരേവഴിക്കു നടക്കൂ.

അരുണ്‍കുമാര്‍ | Arunkumar said...

beautifully written... really "happened" to hit on this page and i'm happy that i got to read smthing great. this story is making me read the rest of your stuff.

ധ്വനി | Dhwani said...

മൃദുല്‍, ആദ്യമായാണു താങ്കളുടെ ബ്ളോഗില്‍. വളരെ ലളിതമായ വ്യത്യസ്ഥതയുള്ള ശൈലി. ഇട്ടിമാളുവും തുഷാരവും പറഞ്ഞതു പോലെ ഇത്തരം ശക്തമായ ഒരു കഥാതന്തു നന്നായി കൈകാര്യം ചെയ്തിരിക്കുന്നു!! അഭിനന്ദനങ്ങള്‍!
ഇനിയുമെഴുതുക!!

ഈ കഥ പാതിക്കു വച്ചു നിര്‍ത്തിയതു പോലെ തോന്നി...ഒരു പക്ഷെ കഥയ്ക്കും മുന്നില്‍ ഇത്തിരി കൂടി വേഗത്തില്‍ എന്റെ മനസ്സ് ഓടിയതിനാലാവാം!! അതും താങ്കളുടെ കഴിവ്! :)