നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക് സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ് മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.
നീ വരണം.
ശേഷം കാഴ്ചയില്‍
അനൂപ്
ഒരിക്കല്‍ കൂടി ഞാന്‍ കത്തു വായിച്ചു.കോഴ്സ് കഴിഞ്ഞു ഉപരിപഠനത്തിനായി കടല്‍ കടന്നു ഇവിടെ എത്തിയിട്ടു നീണ്ട ആറു വര്‍ഷങ്ങളാകുന്നു.ഇതിനിടയ്ക്കു രണ്ടോ മൂന്നോ തവണ മാത്രം നാട്ടില്‍ അതും ഒന്നോ രണ്ടോ ആഴചകളിലേയ്ക്കായി മാത്രം . അന്നൊക്കെ , നാലു വര്‍ഷങ്ങള്‍ ചിലവഴിച്ച ആ കോളെജില്‍ പോകണമെന്നു തോന്നിയിരുന്നെങ്കിലും നടന്നില്ല.പഠിക്കുന്ന സമയത്തു കരുതിയിരുന്നു,അവിടെ നിന്നു പോയാലും മിക്കവാറും അവിടെ പോകണം,ഒരുപാട് സമയം ചിലവഴിക്കണെമെന്നൊക്കെ..പക്ഷേ പിന്നീടെപ്പോഴോ,ആ ക്യാമ്പസ് എനിക്കു വേദനിപ്പിക്കുന്ന ഒരോര്‍മ്മയായി മാറുകയായിരുന്നു
നീണ്ട ആറു വര്‍ഷങ്ങള്‍ ,പലരെയും മറന്നിരിക്കുന്നു .ചിലരുടെ പേരുകള്‍ മാത്രം ഓര്‍ക്കുന്നു,മറ്റു ചിലരുടെ അവ്യക്തമായ മുഖങ്ങള്‍ മാത്രം.ആ കാലത്തു ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല , ഇവരില്ലാതെ,ഇവരെ മറന്നു ഒരു ജീവിതം ഉണ്ടാക്കുമെന്നു.പക്ഷേ,ഇന്നിവിടെ ഏഴു കടലുകള്‍ക്കപ്പുറം , മറ്റൊരു ലോകത്തു,ശരിക്കും ഒറ്റപ്പെട്ട്,ഞാനൊരിക്കലും ഇഷ്ടപ്പെടാത്ത ഒരു ജീവിതശൈലിയില്‍,തികച്ചും യാന്ത്രികമായി എന്റെ ദിനരാത്രങ്ങള്‍ കടന്നു പോകുന്നു . എന്തെ ഞാന്‍ എല്ലാവരിലും നിന്നകന്നതു,ഒറ്റയ്ക്കായതു?എന്നോടു തന്നെ ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. . ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു മനസ്സിലുണ്ട്.അതോ ഉത്തരം കിട്ടിയിട്ടും ഞാന്‍ തിരിച്ചറിയാത്തതോ .
ഒരു പക്ഷേ ഈ ഒത്തുകൂടല്‍ എനിക്കാ ചോദ്യത്തിന്റെ ഉത്തരം തരുമായിരിക്കുമെന്നെനിക്കു വെറുതെ തോന്നി...
നാട്ടിലേയ്ക്കു പോകാന്‍ തന്നെ തീരുമാനിച്ചു.പിന്നീടെല്ലാം പെട്ടന്നായിരുന്നു.ദിവസങ്ങള്‍ കടന്നു പോയതും , ഒരുക്കങ്ങള്‍ പൂര്‍ത്തിയായതും . മനസ്സ് പലതവണ എന്നെ വീണ്ടും ആ കോളേജിന്റെ ഇടനാഴികളിലൂടെ നടത്തി,ക്ലാസ്സ് മുറികളില്‍ ഞാന്‍ ആ പഴയ എന്നെ കണ്ടു.ആരൊക്കെയോ എന്നെ "ആദി പൂയ് " എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.അവ്യകതമായ മുഖങ്ങള്‍,ആരുടെയൊക്കെയോ പൊട്ടിച്ചിരികള്‍,വളിപ്പുകള്‍,തേങ്ങലുകള്‍.പക്ഷേ,അതിനിടയ്ക്കെവിടെയോ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ കേട്ട ആ ശബ്ദങ്ങള്‍,മീരയുടേതായിരുന്നില്ലേ ?
23/12/2010
എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തേയ്ക്കു വരുമ്പോള്‍,പ്രതീക്ഷിച്ച പോലെ അനൂപും സ്മിതയും കാത്തു നില്‍ക്കുന്നുണ്ടായിരിന്നു."ആദി പൂയ്" രണ്ടു പേരും ഒരുമിച്ചാണു വിളിച്ചതു. ഇവിടെ നിന്നു പോയതിനു ശേഷം അനൂപുമായി മാത്രമായിരുന്നു contact ഉണ്ടായിരുന്നതു
അനൂപും സ്മിതയും ഞങ്ങളുടെ ക്ലാസ്സിലെ പ്രണയജോടികളായിരുന്നു.തനി പൈങ്കിളി ലൈന്‍,.എന്നും ഫോണ്‍ കോളുകള്‍,കൃത്യമായ കത്തുകള്‍,ലഞ്ചു ബ്രേക്കിലെ നീണ്ട സംഭാഷണങ്ങള്‍.ആരുടെയും കളിയാക്കലുകള്‍ അവര്‍ക്കൊരു പ്രശനമേ ആയിരുന്നില്ല.കല്യാണക്കാര്യം പറയാന്‍ വേണ്ടി വിളിച്ചപ്പോഴാണു ഞാന്‍ പോലും അറിയുന്നതു,രണ്ടു പേരുടെയും വീട്ടില്‍ ഈക്കാര്യം അറിയാമായിരുന്നുവെന്നു.
"എടാ,നീ എന്നാ കല്യാണത്തിനു വരാതെയിരുന്നെ??"
അനൂപിന്റെ ചോദ്യം കേട്ടാണു , ഓര്‍മ്മകളില്‍ നിന്നു തിരിച്ചെത്തിയതു,
"അതോ,അന്നു ലീവ് ശരിയായില്ലെടാ,പിന്നെ സ്മിതേ എങ്ങനെയുണ്ട് പോസ്റ്റ് ലവ് ലൈഫ്"
"എന്നാ പറയാനാ ആദി,പറ്റിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ" ഇതും പറഞ്ഞു സ്മിത അനൂപിനെ ഇടംകണ്ണിട്ടു നോക്കി.
"അതേടി പറ്റിയതു എനിക്കല്ലേ???"
കാറില്‍ മുഴുവന്‍ പൊട്ടിച്ചിരിയുടെ മുഴക്കമായി.ഞാന്‍ പുറത്തേയ്ക്കു നോക്കി.കഴിഞ്ഞ തവണ വന്നതിനെക്കാള്‍ നഗരം ഏറെ മാറിയിരിക്കുന്നു.
"അനുപേ,നാളെ എല്ലാവരും എത്തില്ലെ?"
"വരണ്ടതാണു,പിന്നെ നമ്മുടെ ജോര്‍ജ്ജ് ഉണ്ടാകില്ല,കാര്യങ്ങളൊക്കെ നീ അറിഞ്ഞു കാണുമല്ലോ?'
"ഇല്ല , അവനെന്തു പറ്റി.ഇങ്ങനെയൊരു പ്രോഗ്രാം ഉണ്ടെങ്കില്‍ ആദ്യം എത്തേണ്ടതു അവനാണല്ലോ?"
" അതെ അവനായിരുന്നു ഇതിന്റെ ഓര്‍ഗനൈസര്‍ , കഴിഞ്ഞ ആഴ്ച്ച അവന്‍ ഓഫീസില്‍ വച്ചു ഒന്നു തലകറങ്ങി വീണു,ഒപ്പം മൂക്കില്‍ നിന്നു ബ്ലീഡിംഗും.ഹോസ്പിറ്റിലില്‍ ചെന്നപ്പോള്‍,ബ്ലഡ് ക്യാന്‍സര്‍,ലാസ്റ്റ് സ്റ്റേജ്.ഇന്നലെ വെല്ലൂര്‍ക്കു കൊണ്ടു പോയി. "
എന്റെ കോളേജ് ലൈഫില്‍ ,എനിക്കു ഇത്രയും ദേഷ്യം തോന്നിയ മറ്റൊരാള്‍ ഇല്ലായിരുന്നു.കാരണം മറ്റൊന്നുമല്ല, വല്ലാത്ത ഒരു ക്യാരക്ടര്‍ ആയിരുന്നു കക്ഷി.ആളുടെ മനസ്സ് ശുദ്ധമായിരുന്നു,പക്ഷേ അതു പുറത്തു വന്നിരുന്നതു മറ്റൊരു രൂപത്തിലായിരുന്നു.കോഴ്സ് തീരറായപ്പോഴേക്കും ആളു ഒരുപാട് മാറിയിരുന്നു.ഇക്കുറി കാണുമ്പോള്‍,അന്നു വിളിച്ച ചീത്തകള്‍ക്ക് ക്ഷമ പറയണമെന്നു കരുതിയിരുന്നതാ.....
"നമ്മള്‍ സീക്രട്ട് സെവന്‍ എല്ലാവരും കാണില്ലേ??"
"സീക്രട്ട് സെവന്‍",എല്ലാത്തിനും ഒരുമിച്ചു നടന്ന ഏഴെണ്ണത്തിനു അദ്ധ്യാപകര്‍ ഇട്ട പേരു.കോളേജിലെ എന്തു പ്രോഗ്രാം നടത്താനും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത് ഞങ്ങളായിരുന്നു.അദ്ധ്യാപകര്‍ ധൈര്യമായി അതു ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു എന്നതാണു സത്യം.ഞാന്‍,അനൂപ്,സ്മിത,മരിയ,മീര,പ്രവീണ്‍,ചാക്കോച്ചന്‍,ഇതായിരുന്നു അന്നത്തെ സീക്രട്ട് സെവന്‍
"മീര വരില്ല,ബാക്കി എല്ലാവരും ഉണ്ടാകും.നാളെ മീരയുടെ കല്യാണം ഉറപ്പിക്കലാണു,പയ്യന്‍ ഓസ്ട്രേലിയിലാണു,ഇപ്പോള്‍ ഉറപ്പിച്ചിട്ടിട്ടു ആറു മാസം കഴിഞ്ഞു കല്യാണം" സ്മിതയാണു ഉത്തരം പറഞ്ഞതു .മനസ്സു ഒന്നു വിങ്ങിയതു പോലെ
"എന്താടാ ഒന്നും മിണ്ടാത്തതു??" ചോദിച്ചതു അനൂപാണു.ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു,.
കാരണം മറ്റൊന്നുമല്ല.മീര എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.ഒരു പക്ഷേ സൗഹൃദത്തിനുമപ്പുറമുള്ള എന്തോ ഒന്നു.അതിനെ പ്രണയമായി കാണാന്‍ ഒരുപാടു പേര്‍ ആഗ്രഹിച്ചിരുന്നു.സുഹൃത്തുകള്‍, അദ്ധ്യാപകര്‍ എങ്ങനെ പലരും.പക്ഷേ,ഒന്നും ഉണ്ടായില്ല,ഞങ്ങള്‍ പിടി കൊടുത്തില്ല എന്നു പറയുന്നതാകും ശരി.പക്ഷേ,പിന്നീട് പലപ്പോഴും ആലോച്ചിട്ടുണ്ടു,സാഹചര്യങ്ങള്‍ അത്രയും അനുകൂലമായിട്ടും അന്നു ആ ബന്ധം സൗഹൃദത്തില്‍ ഒതുങ്ങിയതെന്തേ എന്നു??എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കുറിച്ച വാക്കുകള്‍ അവളുടെ സമ്മതമല്ലായിരുന്നോ?എതോ ബ്ലോഗില്‍ കണ്ടതാണെന്നു പറഞ്ഞു അവള്‍ കുറിച്ചതു ഇങ്ങനെയായിരുന്നു
"അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്ര മാത്രം
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിനു
വറ്റാത്ത ഉറവ ആകണം നീയെന്നു
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം"
പക്ഷേ,ഞാന്‍ അതന്നു മനസ്സിലാക്കിയില്ല,അല്ല, മനസ്സിലായിട്ടും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ഒരു പക്ഷേ ആ ഒരു കുറ്റബോധമല്ലെ എന്നെ എല്ലാവരില്ലും നിന്നകറ്റിയതു . ഇന്നു അതു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാടു വൈകിയിരിക്കുന്നു.
24/12/2010
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ പഴയ സങ്കേതത്തില്‍.ഓര്‍മ്മകളുടെ സുഖമുള്ള വേദനകളുമായി.എല്ലാവരും എത്തുന്നതെയുള്ളു.ഞാന്‍ വെറുതെ ആ ക്ലാസ്സ് മുറിയിലേയ്ക്കു നോക്കി.അവിടെ ഏതോ ഏഴു പേര്‍ വട്ടം കൂടിയിരുന്നു എന്തോ പറയുന്നതു ഞാന്‍ കണ്ടു.അതു ഞങ്ങളായിരുന്നു.അവര്‍ അവിടെയിരുന്നു എന്റെ നേര്‍ക്ക് കൈവീശി.തിരിച്ചു വീശാന്‍ തുടങ്ങിയപ്പോഴാണു ആരോ തോളത്തു തട്ടിയതു.
"ഓര്‍മ്മയുണ്ടോ മാഷേ? "
തിരിച്ചു നോക്കിയപ്പോള്‍ മരിയ ആണു.ഞങ്ങളുടെ കൂട്ടത്തിലെ ചാറ്റര്‍ ബോക്സ്.പണ്ടു പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ഇവളുടെ വായ അടഞ്ഞിരിക്കില്ലേയെന്നു."പൊന്നാങ്ങാളെ" എന്നു വിളിച്ചു കൊണ്ടു അവള്‍ വരുമ്പൊഴെ ഉറപ്പായിരുന്നു എന്തോ പ്രശ്നം ഒപ്പിച്ചിട്ടുണ്ടെന്നു.
പത്തരയോടെ എല്ലാവരും എത്തി.പലരും ഒരുപാടു മാറിയിരുന്നു.ചിലര്‍ രൂപത്തില്‍,മറ്റ് ചിലര്‍ ഭാവത്തില്‍ .കുറച്ചു അദ്ധ്യാപകരും എത്തിയിരുന്നു.ചെറിയ ഒരു മീറ്റിംഗ് നടത്തി.എല്ലാവരും പഴയ ഓര്‍മ്മകളും പുതിയ കാര്യങ്ങളും പങ്കു വച്ചു.ജോര്‍ജ്ജിന്റെയും മീരയുടെയും കുറവ് ആരും ശ്രദ്ധിച്ചില്ല എന്നെനിക്കു തോന്നി.ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.വീണ്ടും അടുത്ത വര്‍ഷം കാണമെന്ന പ്രതീക്ഷയോടെ.ഞാന്‍ ആരൊടും അങ്ങനെ പറഞ്ഞില്ല.കാരണം ഇനിയൊരു തിരിച്ചു വരവു ഉണ്ടാകില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു.
എല്ലവരും പിരിഞ്ഞു ഞങ്ങള്‍ ആറു പേര്‍ മാത്രമായി.
"മീരയുടെ ഫോണ്‍ ഉണ്ടായിരുന്നു,മെയ് എട്ടിനാണു കല്യാണം" സ്മിത ഇതു പറഞ്ഞപ്പോള്‍ എല്ലാവരുടെയും നോട്ടം എന്റെ മുഖത്തെക്കായി.ആരും ഒന്നു മിണ്ടുന്നില്ല.
"എടാ സത്യം പറ,നിനക്കു വിഷമമില്ലേ?" ചാക്കോച്ചന്‍ ചോദിച്ചു.
"ഞാന്‍ എന്തിനാ വിഷമിക്കുന്നേ?മീരയുടെ കല്യാണം ഉറപ്പിച്ചു ,അതൊരു നല്ല വാര്‍ത്തയല്ലേ"
"ഞങ്ങള്‍ക്കറിയാം നിനക്കവളെ ഇഷ്ടമായിരുന്നു എന്നു,അവള്‍ക്ക് നിന്നെയും.അതവള്‍ നേരിട്ട് അല്ലെങ്കിലും നിന്നോടു പറഞ്ഞിട്ടുമുണ്ട്.ഇനിയെങ്കിലും നിനക്കതു സമ്മതിച്ചാലെന്നാ??" ചാക്കോച്ചന്‍ വിടാനുള്ള ഭാവമില്ല
"നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം" ഞാന്‍ പറഞ്ഞു.
"ഇതു പറഞ്ഞിട്ടു,നമുക്കു വേറെ എന്തെങ്കിലും സംസാരിക്കാം" പ്രവീണും ചാക്കോച്ചന്റെ കൂട്ടത്തില്‍ കൂടി.
"അപ്പോള്‍ അങ്ങനെയാണല്ലേ,ശരി കേട്ടോ,മീര ഒരു നല്ല കുട്ടിയാണു.ഞാന്‍ പരിച്ചയപ്പെട്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും നല്ല കുട്ടി.പിന്നെ ഇനി ഞാന്‍ എന്താ അവള്‍ പറഞ്ഞത് കാര്യമാക്കത്തതു എന്നു ചോദിച്ചാല്‍,ചില ചോദ്യങ്ങള്‍ക്കു ഉത്തരമില്ല എന്നു കേട്ടിട്ടില്ലേ,ഇനിയും ഒരു ഉത്തരം കൂടിയേ തീരുവെങ്കില്‍, ദി ആന്‍സര്‍ ഇസ് സിമ്പിള്‍,ഐ ഡോണ്ട് ഡിസേര്‍വ് ഹെര്‍ ! അല്ലാതെ എനിക്കവളെ ഇഷ്ടമല്ലാഞ്ഞിട്ടോ , അവള്‍ പറഞ്ഞതു മനസ്സിലാകഞ്ഞിട്ടൊ അല്ല." .
ആരും ഒന്നും പറഞ്ഞില്ല.സ്മിതയുടെ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.
"ഹല്ലോ മീര"
"ആദിയോ,ഇവിടെയുണ്ട്,കൊടുക്കാം" സ്മിത ഫോണ്‍ എനിക്കു തന്നു
"ഹല്ലോ മീര,കണ്‍ഗ്രാറ്റസ്"
"താങ്ക്സ്"
"പിന്നെ,എന്തു ചെയ്യുന്നു വുഡ്ബി?"
"ഓസ്ട്രേയിലിയയിലാണു,സോഫ്റ്റവേര്‍ എന്‍ഞ്ചിനീയര്‍"
"എന്നതേക്കാ മാര്യേജ്"
"മെയ്"
പിന്നെ അല്‍പനേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.എന്റെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു.കൂടുതല്‍ സംസാരിച്ചാല്‍ അവളുടെ മുന്നില്‍ ഞാന്‍ വച്ചിരിക്കുന്ന മുഖം മൂടി അഴിഞ്ഞു പോകും എന്നെനിക്കു തോന്നി.ഞാന്‍ ഫോണ്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പൊഴാണു അവള്‍ ആ ചോദ്യം എന്നോട് ചോദിച്ചതു
"ആദി,നിനക്കൊരു വിഷമവുമില്ലേ,എന്റെ കല്യാണക്കാര്യം കേട്ടിട്ടു"
"നൊ,നെവര്‍,നീയെന്താ അങ്ങനെ ചോദിച്ചതു?"
"വെറുതെ , അന്നു ഞാന്‍ ഓട്ടൊഗ്രാഫില്‍ എഴുതിയതു നിനക്കോര്‍മ്മയുണ്ടോ?"
"ഉണ്ട്"
"അന്നിട്ടും നിനക്കൊരു വിഷമവുമില്ല.?"
"മീര,ഐ ആം ലിറ്റില്‍ ബിസി.ഐ വില്‍ കാള്‍ യു ലേറ്റര്‍"
"അതിന്റെ ആവശ്യമില്ല.അപ്പോള്‍ നിനക്കൊരു വിഷമവുമില്ല അല്ലേ,അപ്പോള്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ല.നീ എന്താണെങ്കിലും കല്യാണത്തിനു വരില്ലല്ലോ?
“യാ മീര,ഞാനതു പറയാന്‍ തുടങ്ങുവായിരുന്നു.ഇപ്പോള്‍ വന്ന സ്ഥിതിക്കു ഇനി ആറു മാസം കഴിഞ്ഞു ഒരിക്കല്‍ കൂടി വരാന്‍ ബുദ്ധിമുട്ടാണു.എനിവേ,മൈ അഡ്വാന്‍സ്ഡ് വിഷസ്”
“താങ്ക്സ്,നിനക്കു ഒന്നും പറയാന്‍ ഇല്ലല്ലോ അല്ലേ?”
“ഇല്ല മീര,ഞാന്‍ വയ്ക്കട്ടെ.” വാക്കുകള്‍ക്ക് വല്ലാത്ത ക്ഷാമം പോലെ
“എങ്കില്‍ എനിക്കു പറയാനുണ്ട്, ടേണ്‍ ടു യുവര്‍ ബാക്ക്"
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍,വാതില്‍ക്കല്‍ മീര.നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം .ദേഷ്യം കൊണ്ടാകാണം അവളുടെ മുഖമാകെ ചുവന്നിരുന്നു.ഞാന്‍ അവളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞു
"എന്താടാ,ഐ ഡോണ്ട് ഡിസേര്‍വ് ഹെര്‍" അല്ലേ,എനിക്കെന്താടാ കൊമ്പുണ്ടൊ? ആറു വര്‍ഷം, നിനക്കെന്നെ വിളിക്കാന്‍ പോലും തോന്നിയില്ലാല്ലോ?"
"മീര,അതു ,...ഐ ആം സോറി മീര"
"പോടാ.. "
ഇത്രയും പറഞ്ഞപ്പോഴെയ്ക്കും അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു.
"നീ പേടിക്കണ്ട ആദി , അവളുടെ കല്യാണം ഒന്നും ഉറപ്പിച്ചില്ല..നിന്റെ വായില്‍ നിന്നു തന്നെ ഇതൊന്നു വീഴാന്‍ വേണ്ടി ഞങ്ങള്‍ ഇറക്കിയ ഒരു നംബര്‍ അല്ലേ ഇതു.കഥ,തിരക്കഥ,സംഭാഷണം,സംവിധാനം:അനൂപ്-സ്മിത,ഞങ്ങളൊക്കെ സഹനടന്മാന്‍ ആണെ" ഇതും പറഞ്ഞു പ്രവീണ്‍ പൊട്ടിച്ചിരിച്ചു.ഒപ്പം എല്ലാവരും....
ഞങ്ങള്‍ ക്ലാസ്സിനു പുറത്തേയ്ക്കിറങ്ങി...വണ്ടിയുടെ അടുത്തേയ്ക്കു നടന്നു പോകുന്ന വഴി മീരയും ഞാനും ഒരിക്കല്‍ കൂടി ആ ക്ലാസ്സിലേയ്ക്കു നോക്കി,അവിടെ ഇപ്പോള്‍ ഏഴു പേരില്ല,ഉള്ളതു പഴയ ആദിയും മീരയും മാത്രം..അവര്‍ അവിടെ ഇരുന്നു എന്തൊ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.....
19 Comments:
“നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക് സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ് മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.“
ഇതു വായിച്ച എന്റെ പല നല്ല സുഹൃത്തുകളും ചോദിച്ചു..”ക്ലാസ്മേറ്റ്സ്“ ആണോ പ്രചോദനം എന്ന്..ഈ കഥ ഞാന്‍ മനസ്സില്‍ കുറിച്ചതു,ക്ലാസ്മേറ്റ്സ് റിലീസാകുന്നതിനും 2 വര്‍ഷം മുന്‍പാണു...
തേങ്ങ ഞാന്‍ തന്നെ ഉടക്കാം.....
ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്റ്റോ........
എന്തായാലും ആദിയും മീരയും ചേര്‍ന്നത് നന്നായി.
മൃദുല്‍...
മറ്റൊരു മനോഹരമായ കഥ!
“മനസ്സ് പലതവണ എന്നെ വീണ്ടും ആ കോളേജിന്റെ ഇടനാഴികളിലൂടെ നടത്തി,ക്ലാസ്സ് മുറികളില്‍ ഞാന്‍ ആ പഴയ എന്നെ കണ്ടു.ആരൊക്കെയോ എന്നെ "ആദി പൂയ് " എന്നു വിളിക്കുന്നതു ഞാന്‍ കേട്ടു.അവ്യകതമായ മുഖങ്ങള്‍,ആരുടെയൊക്കെയോ പൊട്ടിച്ചിരികള്‍,വളിപ്പുകള്‍,തേങ്ങലുകള്‍.”
ആദിയും മീരയും തമ്മിലുള്ള പ്രണയത്തേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് അവര്‍ ഏഴു പേരുടെ സൌഹൃദത്തെയാണ്‍. കാരണം ആ സൌഹൃദങ്ങള്‍ അതേ പോലെ എനിക്കും ഉണ്ടായിരുന്നു... എന്നല്ല, ഇപ്പൊഴുമുണ്ട്. എനിക്കെന്നല്ല, അങ്ങനെ ക്യാമ്പസ് ലൈഫ് ആസ്വദിച്ചിട്ടുള്ള എല്ലാവരിലും കാണുമെന്നു തോന്നുന്നു.
നന്നായി ആസ്വദിച്ചു വായിച്ചു, ഇഷ്ടപ്പെട്ടു.
ആശംസകള്‍!
മൃദുല്‍... നന്നായി... അത്രയേ പറയാന്‍ കഴിയൂ... കാരണം ഇതുപോലൊരു സൌഹൃദമോ..പ്രണയമോ...ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെനിക്ക്...
എന്റെ ഏറ്റവും പ്രിയ സുഹൃത്ത് ഇന്ന് ഞങ്ങളുടെ ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നു...
:(
ഈ വൃത്തികെട്ടവനോട് ഒരു നൂറു വട്ടം പറഞ്നിട്ടുണ്ടു
കരയിപ്പിക്കല്ല് കരയിപ്പിക്കല്ല് എന്ന്..
കേക്കുവോ!!
കഴുത. എന്തിനാടാ എന്നെ ഇങ്ങനെ കരയിപ്പിക്കണെ?
മൃദുലേ..
നീ വളര്‍ന്നു.. ആദ്യമാദ്യം എഴുതിത്തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന പതര്‍ച്ചയോ, തളര്‍ച്ചയോ ഇല്ല.
വാക്കുകള്‍ക്കു നല്ല മൂര്‍ച്ച.
ഈ പോസ്റ്റ് നിര്‍വചിക്കാന്‍ എനിക്കു സാക്ഷാല്‍ ശ്രീകണ്ഠേശ്വരം- ശബ്ദതാരാവലി തന്നെ വേണ്ടി വരും.
വളരെ മനോഹരം. ആ 7 പേരേയും എനിക്കിവിടെ കാണാം.
മൃദുല്‍....വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു സന്തോഷം.
മൃദുല്‍ ഒരു ട്രാജടി എന്‍ഡിംഗ് സ്പെഷിലിസ്റ്റ് ആയത് കൊണ്ട് ഇതും അങ്ങനെയകുമെന്ന് കരുതി.വിചാരിക്കാത്തത് സംഭവിച്ചതിന്റെ സന്തോഷം വേറെ.
ഓഫടിച്ച് ഇടി വാങ്ങിച്ച് ഞാന്‍ കൂട്ടും:
ഈ കഥയുടെ എന്റെ വേര്‍ഷന്‍.എന്നുവച്ചാല്‍ ബോയ്സ് സ്കൂളും,ബോയ്സ് കോളേജുകളും മാത്രം കണ്ടിട്ടുള്ള എന്റെ ക്യാമ്പസ് വേര്‍ഷന്‍.
'ആദീ..ഇപ്പഴും നീ ഇങ്ങനെ തന്നെയാണോ...'
'അതേ അനൂപ്...എനിക്ക് മാറാനാകുന്നില്ല...'
'എന്ത് കൊണ്ട്...എന്ത് കൊണ്ട് നിനക്കവളെ ഇഷ്ടമാകുന്നില്ല എന്നെങ്കിലും ഒന്ന് പറയാമോ...'
'ഉത്തരം സിമ്പിള്‍..ഐ ഡോണ്ട് ഡിസേര്‍വ് ഹേര്‍.അല്ലാതെ എനിക്കവളെ ഇഷ്ടമല്ലാഞ്ഞിട്ടോ..എനിക്കവളുടെ ടേസ്റ്റ് പിടിക്കാഞ്ഞിട്ടോ അല്ലാ..'
'ഓഹോ..അപ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കഴിക്കാമല്ലോ...പറയട ചാക്കോച്ചാ ഒരു ഫുള്ള് റമ്മൊരെണ്ണം.വിസ്കി മാത്രം കഴിക്കണവന്‍ ഇന്ന് റമ്മ് കുടിച്ചാല്‍ എന്താ പറ്റണേന്ന് നോക്കാം...'
'അപ്പോള്‍ ചീയേഴ്സ്...'
മൃദുല്‍..അപ്പോള്‍ പറഞ്ഞ പോലെ...
ഈ അടുത്തെങ്ങാനും കോളേജില്‍ പോയോ?
കോള്ളാം..ആദിയും മീരയും ഒന്നിച്ചപ്പോള്‍ ആ പ്രണയസാഫല്യം ഓറ്ത്തു എന്റെയും കണ്ണുകള്‍ നിറഞ്ഞു..
മൃദുല്‍, ഒരാറു വര്‍ഷം മുന്‍പേയ്ക്കു മനസ്സിനെ പറത്തിവിട്ടു നോക്കിയോ? ഭാവന ഗം ഭീരം!
ആദിയും മീരയും ഒന്നിക്കേണ്ടവര്‍ തന്നെ!
എന്റെ മനസ്സില്‍ പഴയ കലാലയവും കളഞ്ഞു പോയ കുറേ സൗഹൃദങ്ങളും നിറച്ചു ഈ പോസ്റ്റ്! :)
mone kalakkiiii...bakii nilkunnathu kurachu chodyangal matharm..athu neril kanumbol!!!
ഇഷ്ടം തുറന്നു പറയുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരുപക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ മടിക്കുന്നതും (എനിക്ക് മലയാളികളെ മാത്രമേ അറിവുള്ളൂ, അതുകൊണ്ടാവും) ഇഷ്ടം അറിയിക്കുവാനാവും. രക്തബന്ധത്തിലുള്ളവരോടല്ലാതെ, അതിനു പുറത്തോട്ടുള്ളവരോട് ഇഷ്ടം തോന്നുന്നത് (പ്രണയമാവണമെന്നില്ല...) എന്തോ അംഗീകരിക്കുവാന്‍ മടിയാണെന്നു തോന്നുന്നു ഇവിടുത്തുകാര്‍ക്ക്.
കഥ വളരെ നന്നായി. കഥയിലെ തീമിനേക്കാളും അതവതരിപ്പിച്ച രീതിയാണ് കലക്കിയത്. പക്ഷെ, സത്യത്തില്‍ ആദി എന്തുകൊണ്ടാണ് മീരയോട് ഇഷ്ടം അറിയിക്കാഞ്ഞത്? സത്യത്തില്‍ മീരയോട് ആദിയ്ക്ക് ഇഷ്ടമുണ്ടായിരുന്നോ? സുഹൃത്തുക്കളായി നല്ല ബന്ധത്തില്‍ തുടരുവാന്‍ കഴിയില്ലേ? :)
--
കഥയുടെ അവതരണശൈലിയിഷ്ടമായി...
"അറിയില്ല ഒന്നുമെനിക്കത്രമാത്രം
അറിവുള്ള കാര്യങ്ങള്‍ ഇത്ര മാത്രം
എന്‍ സിരകളില്‍ ഒഴുകുന്ന സ്നേഹത്തിനു
വറ്റാത്ത ഉറവ ആകണം നീയെന്നു
എന്നുള്ളം ശഠിച്ചിടുന്നെന്നു മാത്രം"
ഇത് മാര്‍ച്ച് മാസം 2007ല്‍ ഒരു ബ്ലോഗില്‍ വായിച്ചയൊരു കവിതയുടെ അവസാന ഭാഗമാണ്, അറിയാല്ലോ ഏതാണെന്ന്;)
മൃദുല്‍...പതിവുപോലെ മികച്ച എഴുത്ത്. എടുത്തു പറയേണ്ട ഒന്ന് ആദ്യ കഥകളില്‍ നിന്നും പിന്നീടുപിന്നീടു എഴുത്തിനു വന്ന മാറ്റമാണ്.[ ആദ്യകഥകള്‍ മോശമെന്നല്ല ഇതിനര്‍ത്ഥം..:)]വിഷയങ്ങള്‍ എളുപ്പം വഴങ്ങുന്നു എന്ന ഫീല്‍ വായനക്കാര്‍ക്കും കിട്ടുന്നു ഇവിടെ.
ഹരീ പറഞ്ഞതുപോലെ ‘ഇഷ്ടം’തുറന്നുപറയാനും,സമ്മതിക്കാനും മലയാളികള്‍ പിറകോട്ടു തന്നെ! നന്നായി ആ വിഷയം അവതരിപ്പിച്ചിരിക്കുന്നു മൃദുല്‍..
അഭിനന്ദനങ്ങള്‍..!
കുറുമാന്‍,
ശ്രീ,
സഹയാത്രികന്‍,
ജീവന്‍,
സാന്റ്റോസ്,
ഇട്ടിമാളു,
തോക്കായിച്ചന്‍,
ധ്വനി,
ശ്യാം,
ഹരീ,
മയൂര,
വാണി..
വായിച്ചതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി..പിന്നെ ഇട്ടിമാളു,ഞാനിപ്പോഴും കോളേജില്‍ തന്നെയാ..ഒരു ഒന്ന് ഒന്നര വര്‍ഷം കൂടി അവിടെ തന്നെ കാണും.
എന്റെ റീഡര്‍ എന്താണാവോ മൃദുലിന്റെ പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാത്തത്!! ഞാന്‍ സബ്സ്സ്ക്രൈബ് ചെയ്ത് വെച്ചിട്ടുള്ളതാണല്ലോ.. പക്ഷേ ഇപ്പോ ഇത് കണ്ടത് ഷിജോയുടെ ഷെയേര്‍ഡ് ലിസ്റ്റില്‍ നിന്നുമാണ്.. ഏതായാലും കണ്ടല്ലോ :) എനിക്ക് ഒത്തിരി ഇഷ്ടമായി. എപ്പോഴും ട്രാജഡിയില്‍ അവസാനിപ്പിക്കുന്നതില്‍ നിന്നും ഒരു വത്യ്സ്തതയുണ്ടല്ലോ.. :)കോളേജിലേയ്ക്ക് തിരിച്ച് പോയതു പോലെ ഒരു ഫീലിംഗ്. :)
Why did you make me cry? Anyway excellent story.. I had a feeling that I saw a movie...
Liked it!.
liked It!..
ഞാൻ കണ്ടത് കാത്തിരിക്കുന്ന രൂപയേയാണു.....
കാത്തിരുന്നിട്ടും ജരാനരകൾക്ക് പിടികൊടുക്കാത്ത അവളുടെ മനസ്സിനേയും
Post a Comment