Friday, May 11, 2007

ഞങ്ങള്‍ തെണ്ടികള്‍.....

"എടി ചിന്നുവേ.....ഇതെന്നാ ഉറക്കമാ...മണി ഏഴായി...നീ വരുന്നില്ലേ ഇന്നു?"

ദൈവമേ,ഏഴു മണിയോ.ഇന്നലെ എന്തു തിരക്കായിരുന്നു ഉത്സവപ്പറമ്പില്‍.ആ ഇടി മുഴുവന്‍ കൊണ്ടിട്ടും കിട്ടിയതു 30 രൂപയാ,ഇന്ന് നൂറു രൂപ തികച്ചു കൊടുത്തിലേല്‍ അയാളെന്നെ കൊല്ലും.
കുളിക്കാന്‍ നില്‍ക്കാതെ , ആ വേഷത്തില്‍ തന്നെ ഞാന്‍ പുറത്തേക്കിറങ്ങി.അവിടെ അമ്മു ക്ഷമ കെട്ടു നില്‍ക്കുന്നുണ്ട്‌.ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അവള്‍ പറഞ്ഞു തുടങ്ങി.

"വന്നല്ലോ രാജകുമാരി പള്ളിയുറക്കം കഴിഞ്ഞു.എടി ഇപ്പോഴെങ്കിലും സ്റ്റാന്‍ഡില്‍ എത്തിയാലേ,പത്തു മണിയാകുമ്പോഴെക്കും അടുത്ത സ്ഥലത്തെത്താന്‍ പറ്റൂ.നിന്നെ നോക്കി നിന്നാ എന്നും ഞാന്‍ വൈകുന്നേ.നീ ഇന്നലെ 30 രൂപയെങ്കിലും കൊടുത്തില്ലേ,ഞാന്‍ അതു പോലും കൊടുത്തിട്ടില്ല.നീയിങ്ങു വന്നേ പെട്ടന്നു.ഇനി ആ ചെക്കന്മാരേ എവിടെ പോയി തപ്പിയെടുക്കും എന്റെ ദേവി...പറഞ്ഞു തീര്‍ന്നില്ലല്ലോ.ഒരുത്തിനങ്ങു എത്തിയല്ലോ...അപ്പു,നീയിതെവിടെ പോയി കെടക്കുവായിരുന്നു..ഇതു നിന്റെ കാലില്‍ എന്നതാ ഒരു കെട്ട്‌...? "

"എന്നാ പറയാനാ എന്റെ അമ്മു ചേച്ചി.കാശു കൂടുതല്‍ കിട്ടാന്‍ വേണ്ടി,മുതലാളി പറഞ്ഞു തന്നാ വഴിയാ.ചുമ്മാ കാലില്‍ ഒരു കെട്ട്‌..മണി എത്തിയില്ലേ ഇതു വരെ?"

"അവന്‍ വരുമ്പോ വരട്ടെ,നമുക്കിറങ്ങാം,ആ പിശാശ്‌ അവിടെ കാണും.ചിന്നു നീ കാര്‍ഡ്‌ ഒക്കെ എടുത്തോടി?"

അതു പറഞ്ഞപ്പോഴാ കാര്‍ഡിന്റെ കാര്യം ഓര്‍ത്തേ.ഇന്നലെ ബസില്‍ കയറാത്തതു കൊണ്ട്‌ കാര്‍ഡ്‌ എടുത്തില്ല.

"ചേച്ചി നിങ്ങള്‍ നടന്നോ,ഞാന്‍ കാര്‍ഡുമെടുത്തു വന്നേക്കാം"..ഞാന്‍ തിരിഞ്ഞു നടന്നു.

"പെട്ടന്നു വരണേ,കാലത്തെ തന്നെ അങ്ങേരുടെ വായില്‍ ഇരിക്കുന്നതു കേള്‍ക്കണ്ടാ"

എത്ര നാളായി ഈ പരിപാടി തുടങ്ങീട്ട്‌.ഓര്‍മ്മ വച്ചപ്പോ മുതലിങ്ങനെയാ ജീവിതം.പകല്‍ മുഴുവന്‍ നടന്നു തെണ്ടി,രാത്രി അതു മുഴുവന്‍ അയാള്‍ക്കു കൊടുക്കണം.കാശു കുറച്ചു കുറഞ്ഞാലോ,അതിനുള്ള ചീത്ത വേറെ കേള്‍ക്കണം.അയാള്‍ക്കറിയണ്ടല്ലോ,ഇത്രയും ഒപ്പിക്കാന്‍ ഞങ്ങള്‍ പെടുന്ന പാട്‌.ഇതിനെല്ലം പുറമേ ആളുകളുടെ പരിഹാസം,പോലിസുകാരുടെ തല്ല്.ശരിക്കും പറഞ്ഞാല്‍ മടുത്തു.പക്ഷേ എങ്ങോട്ട്‌ പോകാന്‍...വീടില്ല,വീട്ടുകാരില്ല...പള്ളീടെ മുന്നില്‍ സ്ഥിരം ഇരിക്കുന്ന അമ്മൂമ പറയുന്നതു പോലെ,നമ്മള്ളൊക്കെ തെണ്ടികളാ,ഊരും പേരും അറിയാത്തവര്‍,നമ്മള്‍ ജനിച്ചതേ ഇങ്ങനാ,മരിക്കുന്നതും ഇങ്ങനെ തന്നെ ആയിരിക്കും,വീട്‌,കുടുംബം,പഠിത്തം,ഇതൊന്നും നമ്മുക്ക്‌ പറഞ്ഞിട്ടില്ല

ഞാന്‍ ആല്‍ത്തറയില്‍ എത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു.രക്ഷപ്പെട്ടു,മുതലാളി വന്നിട്ടില്ല.അയാള്‍ ശരിക്കും ദുഷ്ടനാ.ഇതിനു മുന്നത്തേ സ്ഥലത്തേ ആളായിരുന്നു ഭേദം.പക്ഷേ പറഞ്ഞിട്ടന്താ,അയാളു തന്നെയാ ഇങ്ങേര്‍ക്കു ഞങ്ങളെ വിറ്റതും.

"നീ എന്നാടാ മണീ വൈകിയേ?" ഞാന്‍ ചോദിച്ചു.

"ഒന്നുമില്ല ചിന്നു,കുളിക്കാന്‍ പോയതാ"

"ഹാ ഹാ ഹാ" അപ്പുവാണു ചിരിച്ചതു.

"കുളിക്കാനോ,നീ എന്നാടാ വല്ല കല്യാണത്തിനും പോകുവാ തെണ്ടികളുടെ,പ്രത്യേകിച്ചു നമ്മള്‍ തെണ്ടിപിള്ളേരുടെ ദേഹത്തു ചെളിയിലേല്‍ കളക്ഷന്‍ കുറയൂടാ.നിനക്കാണെല്‍ ഒരല്‍പം ചേലു കൂടുതലാ...തേക്കെട്ടെ ചേച്ചി,ഇവന്റെ ദേഹത്തു ചെളി???"

"എടാ,അപ്പു അനങ്ങാതെ ഇരീടാ" അമ്മു ചേച്ചീടെ ആ പറച്ചിലില്‍ അപ്പു ഒന്നടങ്ങി.

അമ്മു ചേച്ചി ആണു ഞങ്ങളുടെ നേതാവ്‌.ആളൊരു തന്റേടിയാണു.ഇതിനു മുന്നത്തേ സ്ഥലത്തെ മുതലാളിക്കിട്ടു ഒന്നു പൊട്ടിച്ചതാ അമ്മു ചേച്ചി.അതിനു കിട്ടിയ അടിക്കു ഒരു കണക്കുമില്ല.ആ സംഭവം കാരണമാണു ഞങ്ങളെ ഈ മുതലാളിക്കു വിറ്റതു.ആളു തന്റേടിയാണെല്ലും ഞങ്ങളെ വലിയ കാര്യമാ,സ്വന്തം കൂടപ്പിറപ്പുകളെ പോലാ ഞങ്ങളെ നോക്കുന്നേ

"ദേ,പിശാശ്‌ വരുന്നുണ്ട്‌"മണി പറഞ്ഞു.

"എന്താടാ , എല്ലാവരും എത്തിയോ.അപ്പു നിന്റെ കാലില്‍ എന്താടാ ഒരു കെട്ട്‌??"

"മുതലാളി അല്ലേ പറഞ്ഞേ,കാലില്‍ ഒരു കെട്ടുണ്ടേല്‍ കാശ്‌ കൂടുതല്‍ കിട്ടുമെന്ന്"

"എടാ ശവമേ,അതിലു കുറച്ചു ചോപ്പ്പ്പ്‌ ചായം ഒഴിക്കെടാ..ഇതിനെയൊക്കെ ...തെണ്ടികള്‌..എടി ചിന്നു നീ കാര്‍ഡൊക്കെ എടുത്തല്ലോ,ഇന്നലത്തെ പോലെ മുപ്പതു ഉലുവായും കൊണ്ട്‌ വരാനാണേല്‍ നിന്റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കും..കേട്ടോടി,പിത്തക്കാടി...എല്ലാവരോടും കൂടിയാ...പോകാനുള്ള റൂട്ടൊക്കെ എല്ലാവര്‍ക്കും അറിയാല്ലോ.എല്ലാവരും കൃത്യം സമയത്തു ഇങ്ങെത്തിക്കോണം..ചുമ്മാ എന്നെ മെനക്കെടുത്തരുത്‌“

"ഇയാളെന്റെ കയ്യില്‍ നിന്നും വാങ്ങും" നടന്നു പോകുന്ന വഴി അമ്മു ചേച്ചി പറഞ്ഞു,...

"ഉച്ചയ്ക്കു ഒരുമിച്ചു കഴിക്കാം പിള്ളേരെ....അപ്പോള്‍ ശരി..." ഞങ്ങള്‍ എല്ലാവരും അവരവരുടെ "ഏരിയ"കളിലേയ്ക്കു പോയി...

-----------------------------------------------------------------------------

ഉച്ചയ്ക്കു ഞാന്‍ എത്തുമ്പോഴേക്കും ,എല്ലാവരും വന്നിരുന്നു....

"എടി ചിന്നുവേ,ഒന്നെളുപ്പം വാ...നിനക്കിഷ്ടമുള്ള സാധാനമാ...കോഴി ബിരിയാണി..." അമ്മു ചേച്ചി വിളിച്ചു പറഞ്ഞു...ഞാന്‍ ഓടി ചെന്നു..അപ്പൂം മണിയും കഴിച്ചു തുടങ്ങിയാരുന്നു.

"ഇതെവിടുന്നാ ചേച്ചി?" ഞാന്‍ ചോദിച്ചു.

"ഇന്നു ടൗണ്‍ ഹാളില്‍ ഒരു കല്യാണം ഉണ്ടായിരുന്നു.കാലത്തെ മുതല്‍ അവിടെ നില്‍ക്കുവായിരുന്നു.ഉച്ചായാപ്പോഴാ അവന്മാരു ഇതു തന്നതു..കുറെ ചീത്തവിളി കേട്ടു,എന്നാലെന്ന സാധനം കിട്ടീല്ലേ..നീ ഇരുന്നു കഴിക്കു,അല്ല്ലേല്‍ ഈ ചെക്കന്മാരിതു തീര്‍ക്കും..."

"ചേച്ചി കഴിച്ചോ?" ഞാന്‍ ചോദിച്ചു.

"പിന്നെ,ഞാന്‍ അവിടെ വച്ചു തന്നെ കഴിച്ചു,നീ കഴിക്ക്‌"

ചേച്ചി കഴിച്ചു കാണില്ല എന്നെനിക്കറിയാമായിരുന്നു,പക്ഷേ ഞാന്‍ നിര്‍ബന്ധിച്ചില്ല.കാരണം ആ മനസ്സു എനിക്കറിയാമായിരുന്നു.ഇനിയും ചോദിച്ചാല്‍ നല്ല ചീത്ത വിളി കേള്‍ക്കാം.ചേച്ചി എന്നുമിങ്ങനെയാ,ഉച്ചയ്ക്കു കിട്ടുന്നതൊക്കെ ഞങ്ങള്‍ക്കു തരും.എന്നിട്ടു കഴിച്ചു എന്നു കള്ളവും

"ടി.വി ക്കാരിന്നിന്റെ പടം പിടിച്ചു" മണി പറഞ്ഞു

"അഹാ,ചെക്കന്‍ കുളിച്ചിട്ടു പോയതിനു കൊണം ഉണ്ടായല്ലോ,എന്നാതിനാടാ പടം പിടിച്ചേ??" അപ്പു ചോദിച്ചു..

"ആ,എനിക്കറിയാന്‍ മേലാ,ഇന്നു പത്രത്തില്‍ ഒണ്ടെന്നു ,നമ്മള് പിച്ചക്കാര്‍ക്കൊക്കെ മാസം അമ്പതിനായിരം രൂപ വരുമാനം ഉണ്ടെന്നു..എനിക്കാണെല്‍ കേട്ടപ്പോ ചിരി വന്നു.എന്നോട്‌ കൊറെ ചോദ്യങ്ങളൊക്കെ ചോദിച്ചു,പേരെന്നാ,വീടെവിടാ എന്നൊക്കെ..."

"ചേച്ചി,അപ്പോള്‍ അതാണു കാര്യം,വെറുതയല്ല ഉച്ചയ്ക്കു ഒരു വീട്ടില്‍ ചെന്നപ്പോ,അവിടുത്തെ ചേട്ടന്‍ പറഞ്ഞതു നിന്റെയൊക്കെ ഭാണ്ഡക്കെട്ടു നിറയെ കാശല്ലേ,ലക്ഷക്കണക്കിനു കാശു കൈയില്‍ വച്ചിട്ട്‌ തെണ്ടാന്‍ നാണമില്ലേ എന്നൊക്കെ..ഞാന്‍ ഓര്‍ത്തതു അങ്ങേര്‍ക്കു വട്ടാന്നാ.." ഞാന്‍ പറഞ്ഞു.

"ലക്ഷം...കോപ്പ്‌,ഇവിടെ മനുഷ്യനു ഉച്ച വരെ ഒന്നും കിട്ടിട്ടില്ല..ഒരോരുത്തന്മാരു എന്തേലും പറഞ്ഞോണ്ട്‌ വരും,അതിന്റെ ബുദ്ധിമുട്ടു മുഴുവന്‍ നമുക്കാ..നിങ്ങള്‌ കഴിച്ചു കഴിയുമ്പോ പോരെ,ഞാന്‍ പോകുവാ..ഇനി എന്തൊക്കെ ചെയതാലാ രാത്രി ആ കാലമാടനു കാശു കൊടുക്കാന്‍ പറ്റുന്നേ..രാത്രി കാണാം പിള്ളേരെ...."ഇതും പറഞ്ഞു ചേച്ചി പോയി..

"ചിന്നു , ഉച്ച കഴിഞ്ഞു പെരുന്നാള്‍ പറമ്പില്‍ പോയാലോ.ഞങ്ങള്‍ അങ്ങോട്ടാ" മണി പറഞ്ഞു.

"ഞാനില്ലേ,കഴിഞ്ഞ മാസം പെരുനാളിനു പോയതോര്‍മ്മയുണ്ടല്ലോ..ആരാണ്ട്‌ മാല പൊട്ടിച്ചു എന്നും പറഞ്ഞു പോലീസുകാരുടെ കൈയ്യില്‍ നിന്നു കിട്ടിയ അടിക്കു കണക്കില്ല.എനിക്കു എന്റെ ഫുട്‌ പാത്തും സ്റ്റാന്റും മതിയേ..ഞാനും പോവ്വാ..രാത്രി കാണാം“

--------------------------------------------------------------------------------

"അയ്യോ,എന്നെ തല്ലല്ലേ..അമ്മേ...ആ.........തല്ലല്ലേ മുതലാളി..."

ദൈവമേ,അമ്മു ചേച്ചീടെ കരച്ചില്‍ അല്ലേ അതു..ഞാന്‍ ഓടി..കുടിലില്‍ ചെല്ലുമ്പോ,അയാള്‍ അമ്മ്വ്കച്ചിനെ തല്ലി ചതക്കുവാ..ചേച്ചീടെ മൂക്കില്‍ നിന്നും,വായില്‍ നിന്നുമൊക്കെ ചോര വരുന്നുണ്ട്‌.അപ്പും മണീം അവിടെ നില്‍ക്കുന്നുണ്ട്‌.നിന്നു കരയുന്നതല്ലാതെ അവരൊന്നും പറയുന്നില്ല.

"എന്തിനാടാ ചേച്ചിനെ തല്ലുന്നെ?"ഞാന്‍ അപ്പൂനോട്‌ ചോദിച്ചു

"ഇന്നു ചേച്ചി പറഞ്ഞില്ലേ,ഉച്ച വരെ ഒന്നും കിട്ടില്ലാന്നു...ഉച്ച കഴിഞ്ഞും ചേച്ചിയ്ക്കു കാര്യമായി ഒന്നും കിട്ടീല്ല..ഒന്നും കഴിക്കാത്തതു കൊണ്ടു തല കറങ്ങി വീണു കെടക്കുവാരുന്നു ചേച്ചി..ഒന്നും കിട്ടാതതിന്റെ ദേഷ്യം തീര്‍ത്തതാ അയാള്‌" അപ്പു പറഞ്ഞു.

"തല കറങ്ങി വീണ കാര്യം പറഞ്ഞില്ലേ?"

"പറഞ്ഞു ,പക്ഷേ ...."

"നിനക്കും കിട്ടീലേടി ഒന്നും..?" അയാള്‍ എന്നോടു ചോദിച്ചു

ഞാന്‍ കൈയില്ലുണ്ടായിരുന്നതു അയാള്‍ക്കു കൊടുത്തു.

"തല കറങ്ങിയാലും കൊള്ളാം,വീണു ചത്താലും കൊള്ളാം,വൈകുന്നേരം ആകുമ്പൊ എനിക്കെന്റെ കാശ്‌ കിട്ടണം.നിനക്കൊക്കെ വേണ്ടി കാശു ചെലവാക്കിട്ടുണ്ടേല്‍,അതു വാങ്ങാനുമറിയാം എനിക്ക്‌.എല്ലാവര്‍ക്കു ഒരു പാഠമായിരിക്കണം ഇതു.നിങ്ങളെയൊക്കെ നിലയ്ക്കു നിര്‍ത്തന്‍ പറ്റുമോ എന്നു ഞാനൊന്നു നോക്കട്ടെ...എത്രയുണ്ടടി ഇതു???"

"85"

"പഫ്‌...നീയന്നാലും 100 രൂപ തെകച്ചു തരത്തില്ല അല്ലേടി തന്തയ്ക്കു പെറക്കാത്തവളെ..ഞാന്‍ നാളെ കൂടി നോക്കും ,എല്ലാരും 100 രൂപ വച്ചെങ്കിലും കൊണ്ടു വന്നിലേല്‍ എന്റെ തനിക്കൊണം കാണും നീയൊക്കെ..." ഇതും പറഞ്ഞു അയാള്‍ നടന്നു നീങ്ങി.ഞങ്ങള്‍ ചേച്ചിടെ അടുത്തേയ്ക്കോടി...

"ചേച്ചി...ചേച്ചി..കണ്ണു തുറയ്ക്കു ചേച്ചി...."

ചേച്ചി പതിയെ കണ്ണു തുറന്നു എഴുന്നേറ്റു..ഞങ്ങളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു..പക്ഷേ പുറത്തു വന്നതു കരച്ചിലായിരുന്നു...

"ആരാടാ പറഞ്ഞേ,നമ്മള്‍ കാശുകാരാന്ന്,ലക്ഷപ്രഭുവാണത്രെ....ഏതു ലക്ഷപ്രഭുവാടാ ഇങ്ങനെ ജീവിക്കുന്നെ...ആരുമില്ലാതെ,ആര്‍ക്കും വേണ്ടാതെ..നമ്മളൊന്നും ആരുമല്ലാടാ..എങ്ങനെയൊക്കെയോ ജനിച്ചു , ഒന്നുമല്ലാതെ ജീവിക്കുന്നു..ആര്‍ക്കും വേണ്ടാതെ പുഴുത്തു ചാവുന്ന ജന്മങ്ങള്‍...നമ്മള്‍ തെണ്ടികളാടാ..വെറും തെണ്ടികള്‍...ഊരും പേരുമില്ലാത്ത,വെറും പിച്ചക്കാര്‌...."

ഇതും പറഞ്ഞു ചേച്ചി പൊട്ടിക്കരഞ്ഞു...ഒപ്പം ഞങ്ങളും.....

13 Comments:

Unknown said...

ഒരുപാടു പറഞ്ഞിട്ടുള്ള വിഷയമായിരിക്കാം...പക്ഷേ ഇതല്ലേ സത്യം?..ഇതെന്നെ കൊണ്ടെഴുതിച്ചതു ഒന്നര വര്‍ഷം മുന്‍പ് വന്ന ഒരു പത്രവാര്‍ത്തയാണു..

ജീവിതത്തിലെ നിറങ്ങള്‍ നഷ്ടപ്പെട്ട ആ ബാല്യങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു....

മനോജ് കുമാർ വട്ടക്കാട്ട് said...

നിറങ്ങള്‍ മാത്രമല്ല, ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ :(

[ nardnahc hsemus ] said...

good one!

പൂച്ച സന്ന്യാസി said...

വിഷയം കൊള്ളാം, പക്ഷേ ഇതിന് രണ്ടു വശമുണ്ട്. പാവം പിടിച്ച തെണ്ടികളും പണമുള്ള തെണ്ടികളും. എന്റെ അനുഭവത്തില്‍ (മുംബൈയിലെ) ധാരാളം പണതെണ്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്ട്. പലപ്പോഴും റെയില്‍ വേ സ്റ്റേഷനില്‍ , വൈകുന്നേരങ്ങളില്‍,ഇവര്‍ ഒത്തുകൂടി കാശ് എണ്ണുന്നത് കണ്ടിട്ടുണ്ട്. അതുപോലെ ഹോട്ടലില്‍ നിന്ന് ചിക്കനും ബിരിയാണിയും പാഴ്സല്‍ വാങ്ങി, അത് സൈഡില്‍ മാറിയിരുന്ന്തിന്നുന്ന കൊഴുത്ത തെണ്ടികളെയും ധാരാളം കണ്ടിട്ടുണ്ട്. മൂന്നു നാലു മാസം മുംന്‍പ് മുംബൈ മിറര്‍ എന്ന പത്രം നടത്തിയ സര്‍വേയില്‍ ഒരു ഭിഷക്കാരന്‍ മണിക്കൂറില്‍ 30 രൂപ സമ്പാദിക്കുന്നു. ഇത് എഡിറ്റര്‍ മാര്‍ വേഷം മാറി പല സ്റ്റേഷനുകളില്‍ പോയി തെണ്ടി , തെളിവെടുത്തതാണ്. അപ്പൊ ഈ തെണ്ടികളും തെണ്ടിയാണെങ്കിലും നല്ല് ഒരു വിഹിതം സമ്പാദിക്കുന്നുണ്ട്. പിന്നെ 10% കാണും ഒന്നും കിട്ടാതെ തെണ്ടിതിരിഞ്ഞ് തെന്‍ണ്ടി നടക്കൂന്നത്. പിന്നെ കേരളത്തിലെ സ്ഥിതി എനിക്ക് തീരെ അറിയില്ല. സാധാരണ തെണ്ടികളെ ഞാന്‍ തിരിഞ്ഞുനോക്കാറില്ല, (കാരണം കയ്യില്ലാ‍തെ തെണ്ടി വന്ന ഒരു തെണ്ടിയെ ഒരിക്കല്‍ ഞാന്നും ഒരു യാത്രക്കാരനും കൂടി ഒരു സ്ത്രീയുടെ പെഴ്സ് മോഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ കൈയ്യോട് പിടിക്കുകയും , അവ്ന്റെ ഇല്ലാഞ്ഞ കൈ, ഉടുപ്പില്‍ നിന്ന് വെളിയില്‍ എടുക്കുകയും ചെയ്തതാണ്. 2001-ല്‍ ദാദര്‍ സ്റ്റേഷനില്‍ വെച്ച്. ) പിന്നെ എന്തു ചെയ്യാം , ആരും തെണ്ടികളായി ജനിക്കുന്നില്ല. സാഹചര്യം തെണ്ടിയെ തെണ്ടിയാക്കുന്നു.

കുറുമാന്‍ said...

കൊള്ളാം മൃദുല്‍. അല്പാം കൂടി വെട്ടിചുരുക്കി മിനുക്കിയാല്‍ ഇതിലും മനോഹരമാകും.

സു | Su said...

ഇവരുടെ കാര്യം ചിന്തിച്ചതും എഴുതിയതും നന്നായി മൃദുല്‍. ഇവര്‍, മറ്റുള്ളവരെപ്പറ്റിക്കാന്‍ കൂട്ടുനില്‍ക്കുന്നില്ലേ എന്നൊരു ചിന്തയുണ്ടാവാറുണ്ട്. പക്ഷെ, അവരുടെ ഭാഗത്തുനിന്ന് ആലോചിച്ചുനോക്കിയാല്‍ ഇതൊക്കെത്തന്നെയാവും ശരി അല്ലേ? അവര്‍ക്കും ജീവിക്കേണ്ടേ?

വിപിന്‍ said...

മൃദുല്‍, നന്നയിട്ടുണ്ട്...ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിലും നന്നാക്കാമായിരുന്നു.... :)

Unknown said...

പടിപ്പുര:
ശരിയാണു..ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍..
സുമേഷ്:
നന്ദി
പൂച്ചസന്യാസി:
പറഞ്ഞതിനോടു പൂര്‍ണ്ണമായി തന്നെ യോജിക്കുന്നു.ആ പറഞ്ഞ കൂട്ടര്‍ തന്നെയാണു കുട്ടികളെ ഇതിലേയ്ക്കു വലിച്ചിഴക്കുന്നതുമെന്നു തോന്നുന്നു....
കുറുമാന്‍ ജി:
അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി...
സു:
അവര്‍ക്കും ജീവിക്കണ്ടേ???
വിപിന്‍:
ശ്രദ്ധിക്കാം..അഭിപ്രായത്തിനു വളരെ നന്ദി...

I,ME,MYSELF said...

മൃതുേലട്ടാ നന്നായിടുണ്ട്...നമമെളല്ലാവരും തന്െന അവരുെട അവസ്ത മനസിലാക്കാത്വ൪ ആണ്..ഇന്ങെന എന്കിലും മനസിലാക്കാ൯
സാധിച്ചതില് സന്േതാഷം േതാന്നനു..ഇന്ങെന എന്കിലും നമമില് ചിലരുെട കണണ് തുറക്കും എനന് ഞാ൯ വിശൃസിക്കുനനു..ഇനിയും എഴുതുക മററുളളവരുെട സന്ഘടന്ങളും ദുഃഖങളും..ഉന്നും കൂടി പറയുന്നു വളെര നന്നായിട്ടുണ്ട്..

Kaippally said...

chinnu
completely off topic
താങ്കള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം ഒന്നു വിശതീകരിക്കാമോ. ചിലക്ഷരങ്ങള്‍ക്ക് പകരം മലയാളം അക്കങ്ങളാണു കാണുന്നതു. സ്വച്ചിഹ്നങ്ങളും തെറ്റായിട്ടാണു കാണുന്നത്.

ശരിയായ രീതിയില്‍ മലയാളം മുദ്രണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്.
വരമൊഴി Transliteration Scheme
PhoneticMalayalam 1.2

Mozhi Keymap

വാണി said...

സ്വയം നഷ്ട്ടപ്പെട്ട് ജീവിക്കുന്നവര്‍!!
മൃദുല്‍..നന്നായിരിക്കുന്നു എഴുത്ത്.
ഇവര്‍ക്ക് നേരെ കണ്ണടയ്ക്കാതിരിക്കാന്‍..നമുക്കാവണം.

വേണു venu said...

നിറങ്ങള്‍‍ നഷ്ടപ്പെടുന്ന നിഴലുകളുടെ ചിത്രം നന്നായി. അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍‍ കുറച്ചു കൂടി നന്നാകുമായിരുന്നു എന്നും തോന്നി.:)

Unknown said...

വേണു:

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...