Monday, October 12, 2015

മൊയ്തീനാകാന്‍ കഴിയാത്ത,പെരുമ്പറമ്പിലെ അപ്പു

ഇന്നും കണ്ടു അപ്പു ആ സ്വപ്നം.സ്വപ്നത്തിന്റെ അവസാനം പതിവു പോലെ വളരെ ശാന്തമായി,കണ്‍കോണുകളില്‍ ചെറിയ നനവോടെ,തീരാത്ത രാത്രിയുടെ ഏതോ ഒരു യാമത്തിലേയ്ക്ക് അയാള്‍ ഉണര്‍ന്നെഴുന്നേറ്റു.തലയ്ക്കല്‍ വച്ചിരുന്ന ഒരുപാട് പഴയ എച്ച്.എം.ടി വാച്ചിന്റെ സമയസൂചികള്‍ പതിയെ നീങ്ങുന്ന സൂക്ഷമമായ സ്വരം അയാള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നു.പക്ഷേ അയാള്‍ സമയം നോക്കിയില്ല, സമയത്തിന്റെ കണക്കുകള്‍ അയാളുടെ ജീവിതത്തിന്റെ ഏതോ ഒരു താളില്‍ വച്ച് നിലച്ച് പോയിരുന്നു.പകലും,രാത്രിയും - ഈ രണ്ടിനുമപ്പുറം സമയത്തിന്റെ മറ്റു വേഷപ്പകര്‍ച്ചങ്ങള്‍ ഇപ്പോള്‍ അയാളെ അലോസരപ്പെടുത്താറില്ല.ജനാലയുടെ ശീലയ്ക്കരികിലൂടെ അരിച്ചിറങ്ങി വരുന്ന നിറഞ്ഞ നിലാവെട്ടത്തില്‍ നിന്നും അയാള്‍ക്ക് ഒന്നു മാത്രം മനസ്സില്ലായി,ഈ രാത്രിയില്‍ നിന്നും അടുത്ത പകലിലേയ്ക്കെത്താന്‍ ദൂരം ഇനിയും ബാക്കിയാണു.ഇനി ഉറങ്ങില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അയാള്‍ കണ്ണുകള്‍ അടച്ചു,മറക്കുന്തോറും വീണ്ടും വന്നു ഓര്‍മ്മിപ്പിച്ച് കുത്തി നോവിക്കുന്ന അതേ സ്വപ്നത്തിന്റെ ഇനിയും മറക്കാത്ത ദ്ദൃശ്യങ്ങളിലേയ്ക്ക്.

പക്ഷേ ഇക്കുറി അപ്പുവിന്റെ അടഞ്ഞ കണ്ണുകളുടെ പിന്നില്‍ തെളിഞ്ഞത് ,പാതി ഉറക്കത്തില്‍ അയാളെ വിളിച്ചെഴുന്നേല്പ്പിക്കാറുള്ള,മഴക്കാറു നിറഞ്ഞ ഒരാകാശത്തിനു കീഴെ ശാന്തമായി ഒഴുകുന്ന ഇരുവഴഞ്ഞിപ്പുഴയുടെ പശ്ചാത്തലത്തില്‍ തെളിയുന്ന സ്ഥിരം കാഴച്ചയായിരുന്നില്ല.പകരം മഴവെള്ളം ഇരുവശങ്ങളിലൂടെ ചാലിട്ടൊഴുകുന്ന ഒരു മണ്‍വഴിയാണു.മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു,പക്ഷേ അയാള്‍ നനഞ്ഞില്ല.മഴനൂലുകള്‍ തിരശ്ശീല ചാര്‍ത്തി അവ്യക്തമാക്കിയ അയാളുടെ കാഴച്ചയില്‍ അയാള്‍ കണ്ടത് രണ്ടു പേരെയാണു.അതില്‍ ഒരാളുടെ വേഷം മഞ്ഞച്ച് തുടങ്ങിയ വെള്ളഷര്‍ട്ടും,ഒറ്റുമുണ്ടും.താന്‍ പഠിച്ച മുക്കം ഹൈസ്കൂളിന്റെ യൂണിഫോമായിരുന്നു അതെന്നു അയാളോര്‍ത്തു,ഒപ്പം അതിട്ടിരുന്ന ആള്‍ടെ മുഖവും.കാരണം അത് അയാള്‍ തന്നെയായിരുന്നു,പെരുമ്പറമ്പിലെ ആ പഴയ പഴുതാരമീശക്കാരന്‍.ഒരു കൈയ്യില്‍ കുട പിടിച്ച്,മറുകൈ കൊണ്ട് പുസ്തകക്കെട്ട് നെഞ്ചോട് ചേര്‍ത്ത്, അപ്പുവിന്റെ അല്പം പുറകില്‍ അവളുണ്ടായിരുന്നു.കൗമാരത്തിന്റെ രാസമാറ്റങ്ങളില്‍ എപ്പോഴോ,അപ്പുവിന്റെ ഹൃദയമിടിപ്പിന്റെ താളമായി മാറിയ,അവന്റെ മുറപ്പെണ്ണ് - കാഞ്ചന എന്ന കൊറ്റാട്ടിലെ കാഞ്ചനമാല.മറവിയുടെ താളുകളിലെവിടെയോ നിന്ന് ആ ദൃശ്യം ഓര്‍ത്തെടുക്കാന്‍ അപ്പു ശ്രമിച്ചു.

"അപ്പ്വേട്ടാ..ഒരു നിമിഷം" . ചങ്കു കൊണ്ട് അവന്‍ കേട്ടിരുന്ന ആ ശബ്ദം തിമിര്‍ത്തു പെയ്യുന്ന മഴയുടെ കോലഹലങ്ങള്‍ക്കിടയിലും അപ്പുവിനു വ്യക്തമായിരുന്നു.

"ഒരു സഹായം ചെയ്യുവോ ?".ആദ്യ വിളിയ്ക്കുളള മറുപടി എത്തുന്നതിനു മുന്‍പ് കാഞ്ചന ചോദിച്ചു.

"എന്താ കാഞ്ചനേ ?" .ആ മറുചോദ്യത്തില്‍ അപ്പുവിന്റെ ശബ്ദം വിറച്ചിരുന്നുവോ.അതോര്‍ത്തെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

"ഈ നോട്ട് ബുക്ക് അപ്പ്വേട്ടന്റെ ചങ്ങാതിയ്ക്കൊന്നു കൊടുക്കുവോ,ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ അവ്ടത്തെ മൊയ്ദീനു.കടത്ത് പോവറായേ,ആളെയൊട്ട് കണ്ടുവില്ല.ഏട്ടന്‍ പോണ വഴിയ്ക്ക് ആള്‍ടെ വീട്ടിലൊന്നു കേറിയാ മതി."

മറുചോദ്യത്തിലെ വിറയല്‍ ഓര്‍ത്തെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും,അവള്‍ നീട്ടിയ എഴുതി പകുതിയായ ആ നോട്ട് ബുക്ക് വാങ്ങുമ്പോള്‍ കൈ വിറച്ചിരുന്നുവെന്നും,ഹൃദയമിടിപ്പിന്റെ താളം ഒരുപാട് കൂടിയിരുന്നുവെന്നും ഓര്‍ത്തെടുക്കാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.മുക്കത്തെ ഒരുപാട് സുന്ദരികളെ പോലെ കാഞ്ചനയുടെ മനസ്സും എപ്പോഴോക്കെയോ മൊയ്തീന്റെ ഹൃദയമിടിപ്പിന്റെ താളത്തിനൊപ്പം തുടിച്ച് തുടങ്ങിയെന്നവനറിയുന്നുണ്ടായിരുന്നു.പക്ഷേ കൗമാരത്തിന്റെ ചാപല്യങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ നേര്‍ക്കാഴച്ചകളിലെക്കെത്തുമ്പോള്‍ അവള്‍ തിരിച്ചറിയുന്നതും സ്വീകരിക്കുന്നതും,ഇനിയും അവളോട് പറയാത്ത തന്റെ പ്രണയമായിരിക്കുമെന്നവന്‍ സ്വയം ആശ്വസിച്ചിച്ചു,പലപ്പോഴും.

"കാഞ്ചനമാലേ,കടത്ത് പോകാറായി".അവളെ പിന്നിലാക്കി മുന്നോട്ട് പോയ കൂട്ടുകാരികളിലൊരാളുടെ ഉറക്കെയുള്ള വിളി കേട്ട് അവള്‍ ഓടി.മറക്കലേ അപ്പ്വേട്ടാ എന്നോര്‍മിപ്പിക്കാന്‍ ആ തിരക്കിലും അവള്‍ മറന്നില്ല.

കടവത്തേയ്ക്കു ഓടി പോകുന്ന കാഞ്ചനമാലയെ കണ്ണില്‍ നിന്നു മറയുന്നത് വരെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് നടന്ന ആ പതിനഞ്ചുകാരന്റെ പിറകെ അപ്പു നടന്നു.കാഞ്ചന നല്‍കിയ നോട്ട് ബുക്ക് അവന്റെ ഷര്‍ട്ടിന്റെയുള്ളില്‍ നെഞ്ചിന്റെ ചൂടുപറ്റി വിശ്രമിക്കുന്നുണ്ടായിരുന്നു.മുക്കത്തെ ഉണ്ണി മൊയ്തീന്‍ സാഹിബിന്റെ ആ വലിയ മാളികയുടെ പടിയ്ക്കല്‍ അവന്‍ നില്‍ക്കുന്നതാണു ,ശക്തി കൂട്ടി പെയ്തു മഴ, തന്റെ കാഴച്ചയെ മറക്കുന്നതിനു മുന്‍പ് അപ്പു അവസാനം കണ്ടത്.പാതിയില്‍ വച്ച് മുറിഞ്ഞ ആ കാഴച്ചയില്‍ നിന്നു അപ്പു കണ്ണു തുറന്നത് അയാളുടെ കിടപ്പുമുറിയില്‍ നിലാവെട്ടം തീര്‍ത്തിരുന്ന അവ്യക്തമായ നിഴല്‍ചിത്രങ്ങളിലേയ്ക്കാണു.

രാത്രി അവസാനിച്ചിട്ടില്ല.അയാളുടെ അരികില്‍ അവള്‍ കിടക്കുന്നുണ്ട്.പകരക്കാരിയാണെന്നറിഞ്ഞു കൊണ്ട് തന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നവള്‍.അതില്‍ പരാതിയോ പരിഭവമോ പറയാതെ തനിക്കും മകനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സാധു.

"ഞാന്‍ സ്നേഹിച്ചത്, ഇപ്പോഴും സ്നേഹിക്കുന്നത് കൊറ്റാട്ടിലെ കാഞ്ചനമാലയെയാണ്‌."
 ക്രൂരമാണെന്നറിഞ്ഞു കൊണ്ട് തന്നെ,ആദ്യം കണ്ട കാഴച്ചയില്‍ അവളോട് പറഞ്ഞതാണിത്.

"അറിയാം." എന്ന ഒറ്റവാക്കില്‍ ഒതുക്കിയ നിസംഗമായ മറുപടി കൊണ്ടാണു അപ്പുവിനെ അവള്‍ തോല്പിച്ചത്.

അരികില്‍ കിടന്നിരുന്ന അവളെ ഉണര്‍ത്താതെ അപ്പു എഴുന്നേറ്റു.അലമാരിയുടെ അരികില്‍ വച്ചിരുന്ന പൊടി പിടിച്ച ട്രങ്ക് പെട്ടിയില്‍ നിന്നും അതിലേറെ പൊടി പിടിച്ച ഒരു നോട്ട് ബുക്ക് പുറത്തെടുത്തു.ഉണ്ണി മൊയ്തീന്‍ സാഹിബിന്റെ മാളികയുടെ പടിക്കല്‍ നിന്നു ഒരുപാട് നേരം അവനെ ചിന്തിപ്പിച്ച ആ പുസ്തകം.ഒരു പക്ഷേ അന്നതു മൊയ്തീനു കൊടുത്തിരുന്നെങ്കില്‍, താന്‍ ഇത്രയേറെ ഭ്രാന്തമായി കാഞ്ചനമാലയെ സ്നേഹിക്കുമായിരുന്നോ എന്ന്‍ അയാള്‍ സംശയിച്ചു.കാരണം അപ്പു കാഞ്ചനയെ സ്നേഹിച്ചത്,അവളോട് കഥകള്‍ പറഞ്ഞത്,അവള്‍ക്ക് വേണ്ടി കരഞ്ഞത്,അവളോടൊപ്പം ചിരിച്ചത്,എല്ലാം ആ പഴയ നോട്ട്ബുക്കിലൂടെയായിരുന്നു.അതിന്റെ താളുകളില്‍ പലയിടത്തും അപ്പുവിന്റെ കണ്ണുനീര്‍ പടര്‍ത്തിയ കാഞ്ചനയുടെ അക്ഷരങ്ങളുണ്ട്.മൊയ്തീനു കൊടുക്കാതെ ആ പുസ്തകവുമായി വീട്ടിലെത്തിയ ആ രാത്രി ഇതേ മുറിയില്‍ അപ്പു ഇരുന്നിരുന്നു.താളുകള്‍ക്കിടയിലെവിടെയോ സ്ഥാനം പിടിച്ച ഒരു മയില്പ്പീലിത്തുണ്ടിനൊപ്പം,കാഞ്ചനയെഴുതിയ-ഇന്നും അയാള്‍ വായിക്കാത്ത-ഒരു കൂട്ടം അക്ഷരങ്ങളിലൂടെയും,കാഞ്ചനയുടെ ഒരു ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെയും കൈകളോടിച്ച്.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണു അപ്പു ആ താളുകളിലൂടെ കടന്നു പോകുന്നത്.പേജുകള്‍ പലതും പൊടിഞ്ഞ് തുടങ്ങിയെങ്കിലും അതിലൂടെ കടന്നു പോകുമ്പോള്‍ മനസ്സില്‍ തോന്നിയിരുന്ന നിറവിനു മാറ്റങ്ങളൊന്നുമില്ല.ആകാശം കണാതെ അതിനിടയില്‍ ഒളിച്ചിരുന്ന മയില്പ്പീലി വര്‍ഷങ്ങള്‍ക്കിപ്പുറവും ഒറ്റയായി തന്നെയിരിക്കുന്നു.അപ്പു കാഞ്ചനയെ സ്നേഹിക്കുന്നതിലും ആയിരം മടങ്ങ് കാഞ്ചന മൊയ്തിനേയും,അതിലും പതിനായിരം മടങ്ങ് മൊയ്തീന്‍ കാഞ്ചനയും സ്നേഹിക്കുന്നുണ്ടെന്നു കാഞ്ചന വിധിച്ച ദിവസം മടക്കിയതാണു അപ്പു ഈ പുസ്തകം.സംഖ്യങ്ങളുടെ ഗുണനങ്ങള്‍ക്കും പെരുക്കങ്ങള്‍ക്കുമപ്പുറത്തെവിടെയോയാണു എന്റെ സ്നേഹത്തിന്റെ അളവെന്നു പറയണമെന്നു അപ്പുവിനുണ്ടായിരുന്നു,പക്ഷേ അറിഞ്ഞു കൊണ്ട് വിട്ട് കൊടുക്കാനും,ആഗ്രഹിച്ചതിനും സ്വപ്നങ്ങള്‍ കണ്ടതിനും മാപ്പു പറയാനുമാണു അപ്പുവിനു അന്നു തോന്നിയത്.അയാള്‍ക്ക് അങ്ങനെ ചെയ്യാനെ കഴിയുമായിരുന്നുള്ളു.കാരണം പെരുമ്പറമ്പിലെ അപ്പു ഒരിക്കലും കാണികളെ ത്രസിപ്പിക്കുന്ന നായകനായിരുന്നില്ല,ജീവിതത്തിലും നേതാജി ഫുട്ബോള്‍ ക്ലബിന്റെ ജേഴ്സിയിട്ടറങ്ങിയ മൈതാനത്തിലും.

"കാഞ്ചനേട്ടത്തീടെയാ ?" .ഉറക്കം വിട്ടു മാറാത്ത അവളുടെ ശബ്ദമാണു അപ്പുവിനെ ഓര്‍മ്മകളില്‍ നിന്നു മടക്കി കൊണ്ടു വന്നത്.

"ഉറക്കം ശരിയായില്ലാല്ലേ.ഞാന്‍ അറിഞ്ഞിരുന്നു ഇടയ്ക്ക് കണ്ണു തുറക്കുന്നതൊക്കെ.നേരം വെളുക്കാറാവുന്നേയുള്ളു,കാപ്പി ഇട്ട് തരട്ടെ ?".മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അവള്‍ തുടര്‍ന്നു.

"തിരിച്ച് കിട്ടില്ലെന്നറിഞ്ഞിട്ടും നീയെന്തിനാ പെണ്ണേ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ?" നാവിന്‍ തുമ്പത്തെത്തിയ ഈ ചോദ്യം പക്ഷേ അപ്പു വിഴുങ്ങി,കാപ്പി വേണ്ടന്നു മാത്രം പറഞ്ഞു.
അലോസരപ്പെടുത്തുന്ന ഒരു നിശബ്ദത അവരുടെ ഇടയില്‍ നിറഞ്ഞു,പതിവ് പോലെ.

"നീ കിടന്നോ.." നിശബ്ദതയെ മുറിച്ച് കൊണ്ട് അപ്പു പറഞ്ഞു.

"അപ്പ്വേട്ടനും വാ, ഉറക്കമിളക്കണ്ട.കുറച്ച് നേരം കിടക്ക്." പരിഭവത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത ആ അവശ്യം കേട്ടില്ലെന്നു നടിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.വീണ്ടും കിടന്നെങ്കിലും ആ നാലു കണ്ണുകള്‍ തുറന്നു തന്നെയിരുന്നു.

"നിനക്കെന്നോട് ദേഷ്യം തോന്നിയിട്ടില്ലേ, ഇത്രയൊക്കെ സ്നേഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാതെ ഒരു പകരക്കാരിയാണെന്നു ഞാനോര്‍മിപ്പിച്ച് കൊണ്ടേയിരിക്കുന്നതില്‍ ?" ഇരുട്ട് നല്‍കിയ മറയില്‍ മുഖത്തേയ്ക്ക് നോക്കാതെ,ചിതലിച്ച് തുടങ്ങിയ മച്ചില്‍ കണ്ണുറപ്പിച്ചാണു അയാളാ ചോദ്യം ചോദിച്ചത്.

"തിരിച്ച് സ്നേഹിക്കുന്നില്ലാന്നു ആരാ പറഞ്ഞെ ?" . ഒരു പതര്‍ച്ചയുമില്ലാത്ത ഒരു മറുചോദ്യം.അതിനു അപ്പുവിനു ഉത്തരമില്ലായിരുന്നു.

"കാഞ്ചനേട്ടത്തീം മൊയ്തീനും കാത്തിരുന്നത് എന്നെങ്കിലും അവര്‍ക്ക് ഒരുമിക്കാം എന്നുറപ്പില്‍ അല്ലേ,അതു പരസ്പരം അറിഞ്ഞോണ്ടല്ലേ.അപ്പ്വേട്ടനോ,ഒന്നും അറിയിക്കാതെ,ഒരുറപ്പൂം ഇല്ലാതെ.ആ വലിയ സ്നേഹമുണ്ടായ മനസ്സുണ്ടല്ലോ.അതിന്റെ ഏതേലും ഒരു മൂലയ്ക്ക് ഞാനുണ്ടെന്നു എനിക്കറിയാം.അതു മതി അപ്പ്വേട്ടാ" . പറഞ്ഞവസാനിച്ചപ്പോ ആ ശബ്ദത്തില്‍ ഒരു തേങ്ങലുണ്ടായിരുന്നോ എന്നു മനസ്സില്ലാക്കാന്‍ അപ്പുവിനു കഴിഞ്ഞില്ല.

"ഇപ്പോ ഇങ്ങനെ കിടക്കുമ്പോ രണ്ടു നഷ്ടങ്ങള്‍ എന്നെയിങ്ങനെ കൊത്തിപറിക്കുവാ, ജീവന്റെ ഒരോ അണു കൊണ്ടും ഞാന്‍ സ്നേഹിച്ച കാഞ്ചനയെ എനിക്ക് കിട്ടീല്ല,എന്നെ ഇപ്പോ അതിനേക്കാളുമൊക്കെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന നിന്റെ സ്നേഹം സ്വീകരിക്കാന്‍ പറ്റണില്ല.എന്തോരു ജീവിതാമാടോ ഇത്.." .ഇതു പറയുമ്പോള്‍ അപ്പു കരഞ്ഞിരുന്നു,കാഞ്ചനയുടെ മുന്‍പില്‍ കൈകള്‍ കൂപ്പി നിന്ന ദിവസം കരഞ്ഞതു പോലെ.

"ഇപ്പോ എന്തിനാ അപ്പ്വേട്ടാ ഇങ്ങനെയൊക്കെ ഓര്‍ക്കണെ.എനിക്ക് സന്തോഷേയുള്ളു അപ്പ്വേട്ടന്റെ ഒപ്പം ജീവിക്കാന്‍ പറ്റിയതില്‍.കണ്ണടച്ച് കിടന്നോ,ഒന്നും ഓര്‍ക്കില്ല" ..അപ്പുവിന്റെ തലമുടിയിലൂടെ കൈകള്‍ ഓടിച്ചു കൊണ്ടാണു അവളിതു പറഞ്ഞത്.

എല്ലാം വീണ്ടും ഓര്‍ക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ അപ്പു കണ്ണുകളടച്ചു.ഉറങ്ങിയതെപ്പോഴാണെന്നറിയില്ല,അയാള്‍ കണ്ണുകള്‍ തുറന്നത് എന്നും കാണുന്ന ആ സ്വപനത്തിലേയ്ക്കാണു.

കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ താഴെ ശാന്തമായി ഒഴുകുന്ന ഇരുവഴിഞ്ഞി പുഴ.നടുവിലൂടെ ഒഴുക്കിനൊപ്പം നീങ്ങുന്ന ഒരു തോണിയില്‍ രണ്ടു പേര്‍.ഒന്നു പെരുമ്പറമ്പിലെ അപ്പു,അയാള്‍ക്ക് എതിരെയിരുന്ന് ചെറുപുഞ്ചിരിയോടേ അയാളെ നോക്കുന്ന അപ്പുവിന്റെ ചങ്ങാതി ബി.പി മൊയ്തീന്‍.

"എന്നെ ഈ പുഴ കൊണ്ടു പോയപ്പോ,കാഞ്ചനയെ നിനക്ക് കൂട്ടായിരുന്നില്ലേ അപ്പൂ ?" . തന്റെ സ്വതസിദ്ധമായ ശൈലിയിലാണു മൊയ്തീന്‍ ആ ചോദ്യം അപ്പുവിനിട്ട് കൊടുത്തത്.ഉത്തരത്തിനായി പരതുന്ന നേരത്താണു പതിവായി ഈ സ്വപ്നം അവസാനിക്കാറു.പക്ഷേ അന്നതുണ്ടായില്ല.അപ്പു മറുപടി പറഞ്ഞു.

"എനിക്ക് അപ്പുവാകാന്‍ അല്ലേ കഴിയൂ മൊയ്തിനേ, നീയാകാന്‍ പറ്റില്ലല്ലോ.പെരുമ്പറമ്പിലെ അപ്പുവിനു കൊടുക്കാനേ അറിയൂ, അതു സ്നേഹമായാലും,ഗ്രൗണ്ടിലെ പാസാണെങ്കിലും.ഒന്നും പിടിച്ചും ചോദിച്ചും വാങ്ങാന്‍ എനിക്കറിയില്ല.ഇനിയതു പഠിക്കാനും വയ്യ,സമയം ഒരുപാട് വൈകി."

അപ്പു അന്നാണു ആ സ്വപ്നം അവസാനമായി കണ്ടത്.അന്നത് ഇടയ്ക്ക് വച്ച് മുറിഞ്ഞ് അയാളുടെ ഉറക്കം കെടുത്തിയില്ല.അറബികടലിലേയ്ക്കൊഴുകുന്ന ഇരുവഴിഞ്ഞിക്കൊപ്പം ആ തോണി നീങ്ങി കൊണ്ടേയിരുന്നു,ഒഴുകിനൊപ്പം നിര്‍ത്താതെ.

പിന്‍കുറിപ്പ്:കഥാപാത്രങ്ങള്‍ സാങ്കല്പികമല്ല,പക്ഷേ സന്ദര്‍ഭങ്ങളും ചിന്തകളും എല്ലാ അര്‍ത്ഥത്തിലും സാങ്കല്പികമാണു.