Friday, October 28, 2011

ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്

"ജാനകി,കാര്‍ത്തികേയനോട്‌ ഒന്നിവിടെ വരെ വരാന്‍ പറയണം.എത്ര തിരക്കുണ്ടെങ്കിലും."

അവള്‍ മറുപടി പറയുന്നതിനു മുന്‍പ്‌ ഞാന്‍ സംസാരം അവസാനിപ്പിച്ചു.അയാള്‍ വരില്ല എന്നവള്‍ പറഞ്ഞാല്‍ ഇന്നത്തെ രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്ലോ.ഇതിപ്പോള്‍ അയാള്‍ വന്നേക്കും എന്നൊരു പ്രതീക്ഷയുണ്ട്‌ അടുത്ത ഫോണ്‍ കോള്‍ വരെ,അതു മതി.ഒന്നു സംസാരിക്കണം കാര്‍ത്തികേയനോട്‌,ഇനി അതും കൂടിയേ ബാക്കിയുള്ളു.അയാളെ കണ്ടിട്ട്‌ തന്നെ നാളുകളാകുന്നു.ഞാനുള്ളതു കൊണ്ടാകും ഭാര്യവീടായിട്ടും മുണ്ടയ്ക്കലേയ്ക്ക്‌ അയാള്‍ അധികം വരാത്തത്‌.തെറ്റു പറയാന്‍ പറ്റില്ല അയാളേയും.ഒരു രീതിയില്‍ അയാളുടെ കണ്ണില്‍ സ്വന്തം അച്ഛന്റേയും അമ്മയുടേയും മരണത്തിനു കാരണക്കാരന്‍ ഞാനണല്ലോ.അവസാനം തമ്മില്‍ കണ്ടത്‌ വാര്യര്‍ മരിച്ചപ്പ്പ്പോള്‍ മംഗലശ്ശേരിയില്‍ വച്ചാണെന്നു തോന്നുന്നു.വാര്യരോടും ഒന്നും സംസാരിക്കണം എന്നുണ്ടായിരുന്നു,പക്ഷേ കഴിഞ്ഞില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌.വാതില്‍ക്കല്‍ അയാളാണു,കാര്‍ത്തികേയന്‍.എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത്‌ കണ്ടിട്ടായിരിക്കണം,അയാള്‍ അടുത്തു വന്നിരുന്നു.

"തന്റെ തിരക്കിനിടയില്‍ ബുദ്ധിമുട്ടായല്ലേ ?"
.എങ്ങനെ തുടങ്ങണമെന്നറിയാതിരുന്നതു കൊണ്ടാണു ഒരു ചോദ്യം അങ്ങോട്ടേയ്കെറിഞ്ഞത്‌.ആയെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല,ഒരു ചിരിയില്‍ ഒതുക്കി ഉത്തരം.

"തനിക്കെന്നോട്‌ ഇപ്പോഴും ദേഷ്യമുണ്ടെന്നറിയാം.പരാതിയില്ലടോ,എല്ലാവരും എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കാന്‍ പാകത്തിനുള്ളതൊന്നും അല്ലല്ലോ ഞാന്‍ ചെയ്തിട്ടുള്ളത്‌ അല്ലേ? തന്നോട്‌ ഇത്രടം വരെ ഒന്നു വരാന്‍ പറഞ്ഞത്‌ ഒരു കാര്യം പറയനാണു.ഇനിയെത്ര നാളുണ്ടെന്നറിയില്ല,പറയാനുള്ളതും ചെയ്യാനുള്ളതും ചെയ്തു തീര്‍ക്കാന്‍ ഇനി അധികം സമയമുണ്ടാകില്ല."

"ഏയ്‌,അങ്ങനെയൊന്നും കരുതണ്ടാ.വയ്യായ്ക എന്തെങ്കിലുമുണ്ടോ?"
ഏറെ നാളുകള്‍ക്കു ശേഷം അയാള്‍ എന്നോട്‌ സംസാരിച്ചു.അച്ഛന്റെ അതേ ശബ്ദം.

"അങ്ങനെയൊന്നുമില്ലടോ,സമയാമായി എന്നൊരു തോന്നല്‍.പോകാന്‍ മടിയുമില്ല,പേടിയുമില്ല.ഇരുവട്ടം ദാനം കിട്ടിയതല്ലേ,ഇത്രയുമൊക്കെ പോയില്ലേ.പിന്നെ ഒരു കടം ബാക്കിയുണ്ടെന്നൊരു തോന്നല്‍.തനോടൊരു മാപ്പും കൂടി പറഞ്ഞാല്‍,അത്‌ ഇയാള്‍ സ്വീകരിച്ചാല്‍,പിന്നെ സ്വസ്ഥം."

"മാപ്പ്‌,എന്നോട്‌..എന്തിനു?"
അയാളുടെ ശബ്ദത്തിലും മുഖത്തും നിറയെ സംശയങ്ങള്‍.

"ഭാനുമതി,തന്റെ അമ്മ,ഞാനും നീലനും തമ്മിലുള്ള പ്രശ്നങ്ങളുടെ ഇടയ്ക്ക്‌ ഒരുപാട്‌ തവണ ഉപദ്രവിച്ചിട്ടുണ്ട്‌ ആ പാവത്തിനെ.നീലനെ കിട്ടാന്‍ അമ്പലത്തിലെ പടക്കപുരയില്‍ കെട്ടിയിട്ടു ആദ്യം.പിന്നെ ചികിത്സ തേടി വന്നപ്പോള്‍ ആശുപത്രിയില്‍ നിന്നിറക്കി വിട്ടു.ചെയ്യാന്‍ പാടില്ലായിരുന്നു രണ്ടും.പ്രത്യേകിച്ച്‌ രണ്ടാമത്തേത്‌.ഒരു രീതിയില്‍ ഞാന്‍ കൊന്നതു പോലെ ആയില്ലേ.തെറ്റു പറ്റിയെടോ എനിക്ക്‌.ഒരു പക്ഷേ അന്നു അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ തനിക്ക്‌ തന്റെ അമ്മയെ നഷ്ടപ്പെടില്ലായിരുന്നു,നീലനു അവന്റെ ഭാനുവിനേയും.പൊറുക്കണം താന്‍,ക്ഷമിക്കണം.മനസ്സു കൊണ്ട്‌ ഒരായിരം തവണം ക്ഷമ ചോദിച്ചു ഞാന്‍ നീലനോടും ഭാനുമതിയോടും.പക്ഷേ തന്നോട്‌ ഒന്നു സംസാരിക്കാതെ,താന്‍ ക്ഷമിക്കാതെ മാറില്ലെടോ ഈ വിങ്ങല്‍" . മനസ്സില്‍ പലതവണ പറഞ്ഞു പഠിച്ചിരുന്നിട്ടും,വാക്കുകള്‍ കിട്ടാതെ വരുന്നു,കണ്ണില്‍ ഒരു നനവ്‌ പടരുന്നു.

"ഏയ്‌,അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ ? കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അന്നൊക്കെ,കൊല്ലാന്‍ വേണ്ടി തന്നെയാണു അന്നു ആശുപത്രി തകര്‍ത്തതും മറ്റും.പക്ഷേ,അച്ഛന്‍ തടഞ്ഞു.ചെയ്യുന്നതിനൊന്നും അമ്മയെ തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ല എന്ന അച്ഛന്റെ വാക്കുകള്‍ കെടുത്തി മനസ്സിലെ പകയെ,ദേഷ്യത്തെ.ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു എല്ലാം,ഓര്‍ക്കാനുള്ള താത്പര്യവും നഷ്ടപ്പെടു.ഇനി ഒരു മാപ്പു പറച്ചിലും ഒന്നും വേണ്ട,മറക്കണം എല്ലാം,സമധാനമായി ഇരിക്കണം." സംസാരിക്കുന്നതു നീലനാണെന്നൊരു നിമിഷം ഓര്‍ത്തു പോയി,അതേ ഭാവം,അതേ രീതി.ഒരേ തൂലികത്തുമ്പില്‍ നിന്നു പിറന്നു വീഴുന്ന കഥാപാത്രങ്ങള്‍ പോലെ.

"മതിയെടോ കാര്‍ത്തികേയാ,അത്രയും കേട്ടാല്‍ മതി.ഒരിക്കല്‍ തന്റെ അച്ചനോട്‌ ഞാന്‍ പണ്ടു പറഞ്ഞതു പോലെ,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന പേര്‌ മായ്ച്ചു കളയാന്‍ സമയമായി.നേരം വൈകി,ജാനകി ആശുപത്രിയില്‍ നിന്നെത്തി കാണില്ലേ,താന്‍ ഇറങ്ങിക്കോ" .ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു.ജപിച്ചു കൊണ്ട്‌ ഞാന്‍ ഉറങ്ങാനയി കട്ടിലിലേയ്ക്കും

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമ കൃപയാ ശംഭോ
ത്വയി ഭക്തിം അചഞ്ചലം


ജപം കേട്ടിട്ടാവണം വാതില്‍ക്കല്‍ എത്തിയ അയാള്‍ തിരിഞ്ഞൊന്നു നോക്കി.

"നോക്കണ്ട,തന്റെ അച്ചന്‍ പഠിപ്പിച്ചതു തന്നെ,ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ട സമയമായി എന്നു പറഞ്ഞപ്പോള്‍ കേട്ടില്ല.ഇന്നിപ്പോള്‍ ഇതു മാത്രമേ ഉള്ളു ഒരു പ്രാര്‍ത്ഥന"


മയക്കം തെളിയുമ്പോള്‍ ഞാന്‍ ഏതോ ആശുപ്രതിയിലാണു.പരിചയമുള്ള മുഖങ്ങള്‍ ഒന്നും കാണുന്നില്ല.മുന്നോട്ട്‌ നീങ്ങുന്നതിനിടയില്‍ ഇടത്തു വശത്തെ ബെഞ്ചില്‍ ഒരു സ്ത്രീ രൂപം.സാരിതലപ്പു കൊണ്ടു മൂടിയാണു ഇരിക്കുന്നതെങ്കിലും മുഖത്ത്‌ ഒരു തേജസുണ്ട്‌,ഒരു ഐശ്വര്യം.എവിടെ നിന്നോ അടിച്ചു കയറിയ കാറ്റില്‍ ആ തലപ്പ്‌ മുഖത്തു നിന്നു മാറി.അതവളായിരുന്നു ഭാനുമതി,നീലന്റെ നെറുകയില്‍ വീണ പുണ്യം.ഒരു നിറഞ്ഞ ചിരിയാണു ഭാനുമതി എനിക്കു നല്‍കിയത്‌.

"ഞാന്‍ ശേഖരനെ കാത്തിരിക്കുകയായിരുന്നു.കാര്‍ത്തികേയനെ കണ്ടുവല്ലേ.നന്നായി.പക്ഷേ മാപ്പൊന്നും പറയേണ്ട കാര്യമില്ലായിരുന്നു.അച്ചനെ പോലെയാണു അവനു ശേഖരന്‍.അവന്‍ അങ്ങനെയേ കാണൂ.എന്റെ കാര്യമോര്‍ത്തു ഒരു വിഷമം വേണ്ട.എന്റെ സമയം എത്തിയിരുന്നു.അന്നവിടെ ചികിത്സിച്ചിരുന്നെങ്കിലും,ഇല്ലെങ്കിലും എന്റെ യാത്ര കഴിഞ്ഞിരുന്നേനെ.മംഗലശ്ശേരിയില്‍ വച്ചു അവസാനിക്കണം എന്നതായിരുന്നിരിക്കണം വിധി,അതിനുള്ള നിയോഗമായി ശേഖരന്‍ എന്നു മാത്രം.ശേഖരനെ കണ്ടിതു പറയാന്‍ വേണ്രി മാത്രമാണു ഈക്കാലം മുഴുവന്‍ ഞാനിവിടെ ഇരുന്നത്‌.ഇനി പോകണം,അതിനുള്ള സമയമായി."

ഒന്നു കണ്ണടച്ചു തുറന്നപ്പോഴേക്കും ഭാനുവിനെ കണ്ടില്ല.കണ്മുന്നില്‍ തെളിഞ്ഞത്‌ വിഭ്രാന്തിയുടെ ഭ്രമകല്‍പനകളാണോ,യഥാര്‍ത്ഥമായ ഒരു കണ്ടുമുട്ടല്‍ തന്നെയാണോ എന്ന് ശങ്കിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാനതു ശ്രദ്ധിച്ചത്‌.ഇപ്പോള്‍ നില്‍ക്കുന്നതു ആശുപത്രിയിലല്ല,ഒരു റോഡരികിലാണു.വഴിവിളക്കുകള്‍ ഇല്ലാത്ത ചുറ്റില്ലും ഇരുട്ട്‌ മാത്രം നിറഞ്ഞ ഒരു വഴിയരികില്‍.ഇതു എങ്ങോടേയ്ക്കുള്ള വഴിയാണു,യാത്ര ചെയ്യേണ്ടത്‌ എങ്ങോട്ടാണു.ഒരെത്തും പിടിയും കിട്ടാതെ ഏതോ ഒരു വശത്തേയ്ക്കു ഞാന്‍ നടന്നു.കുറച്ചു നീങ്ങി കഴിഞ്ഞാണതു കണ്ടത്‌,അല്‍പം മാറി തീ ആളിക്കത്തുന്നു,അതും വഴിയുടെ നടുവില്‍ തന്നെ.ഞാന്‍ അല്‍പം വേഗത്തില്‍ അങ്ങോട്ടേയ്ക്ക്‌ നടന്നു.കത്തുന്നത്‌ ഒരു കാറാണെന്നു ഇപ്പോള്‍ വ്യക്തമാണു.ആരോ ഇങ്ങോട്ടേയ്ക്ക്‌ ഒാടി വരുന്നുണ്ട്‌.അടുത്തെത്തിയപ്പോഴാണു കണ്ടത്‌,അതെന്റെ അനന്തിരവനാണു.

"രാജേന്ദ്രാ.."


വിളിയ്ക്കു മറുപടി നല്‍കാതെ അവന്‍ എന്റെ അരികിലൂടെ ഒാടി മറഞ്ഞു.കത്തുന്ന കാറിന്റെ അരികില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്‌.തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടു ആരാണെന്നു മനസ്സിലാകുന്നില്ല.അടുത്തേയ്ക്ക്‌ ചെന്ന എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.പ്രായം കൈയ്യൊപ്പു ചാര്‍ത്തിയ ആ മുഖത്ത്‌ പക്ഷേ തെളിഞ്ഞു നിന്നത്‌ ദേവന്റെ തേജസ്സാണു,കണ്ണുകളില്‍ നിറഞ്ഞു നിന്നത്‌ അസുരന്റെ വീര്യവും.ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന ഈ വൈരുദ്ധ്യത്തെ തിരിച്ചറിയാന്‍ അധികം നേരം വേണ്ടി വന്നില്ല.മംഗലശ്ശേരി നീലകണ്ഠന്‍,എന്നെ ജയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവന്‍.
എഴുതി തയ്യറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ അവനെന്ന നായകന്‍ വളര്‍ന്നത്‌,മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന ഈ വില്ലന്റെ തോല്‍ വികളിലൂടെയായിരുന്നു.അവന്‍ വളരുകയും ഞാന്‍ തളരുകയും ചെയ്യണമെന്നത്‌ കാണാമറയത്തിരുന്ന് തൂലിക ചലിപ്പിക്കുന്നവന്റെ തീരുമാനമായിരുന്നു.അതിനിടയില്‍ എന്നും തോറ്റുകൊണ്ടിരുന്നവന്റെ മനസ്സിന്റെ വ്യഥകള്‍ക്കെന്തു വില.

"നീ എത്തിയൊ ശേഖരാ.." നീലകണ്ഠന്റെ ഉറച്ച ശബ്ദമാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്‌.

"കണ്ടില്ലേ,നിന്റെ അനന്തിരവന്‍ ചെറുക്കന്റെ ഒരു വികൃതി.നീയാണല്ലോ വിളിച്ചത്‌ എന്നു കരുതി ഇറങ്ങിയതാ ഞാന്‍,എന്നിട്ട്‌ എന്റെ കാര്‍ത്തികേയനൊന്നു കാണാന്‍ കൂടി ബാക്കി വച്ചില്ല രാജേന്ദ്രന്‍.എനിക്കു പോരാന്‍ തോന്നിയത്‌ നന്നായി,അല്ലെങ്കില്‍ എന്റെ കാര്‍ത്തികേയന്‍.."
കത്തി തീരുന്ന ഒരു തുണികഷ്ണത്തെ നോക്കി നീലകണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

"വിളിച്ചതു ഞാന്‍ തന്നെയാ നീലാ.കാര്‍ത്തികേയനെ വരുത്തണം,എല്ലാം സംസാരിച്ചു ഒത്തുതീര്‍പ്പാക്കാം എന്നു രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍,ഞാനും ഓര്‍ത്തു,തീരുന്നെങ്കില്‍ തീരട്ടെ,കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നു.പക്ഷേ അവന്റെ മനസ്സില്‍ ഇതായിരുന്നു പദ്ധതി എന്നു എനിക്കറിയില്ലായിരുന്നു.അറിഞ്ഞാല്‍ സമ്മതിക്കില്ലായിരുന്നു നീലാ ഞാന്‍.മംഗലശ്ശേരിയില്‍ നീലകണ്ഠനുണ്ടെങ്കില്‍ അല്ലെടോ,മുണ്ടയ്ക്കലേ ശേഖരനു നിലനില്‍പ്പുള്ളു.താന്‍ പോയതോടെ മുണ്ടയ്ക്കല്‍ ശേഖരന്റെ കാലവും അവസാനിച്ചു.പിന്നീട്‌ നാളിതു വരെ, ചെയ്തതും പറഞ്ഞതുമായ എല്ലാറ്റിനും പരിഹാരം ചെയ്യാന്‍ ശ്രമിച്കു കൊണ്ടൊരു ജീവിതം.ഇന്നു കാര്‍ത്തികേയനെ കണ്ടു സംസാരിച്ചതോടെ ഇനി ഇവിടെ ചെയ്യാന്‍ ബാക്കിയൊന്നുമില്ല.ഒരു സ്വപ്നം പോലെ,തന്റെ ഭാനുമതിയും വന്നു കണ്മുന്നില്‍,ഇപ്പോള്‍ താനും."


"അറിയാമയിരുന്നെടോ ,താന്‍ അറിഞ്ഞല്ല ഇതു ചെയ്തെന്നു.ഞാനൊരിക്കലും അങ്ങനെ കരുതിയിട്ടില്ല എന്നു തന്നോട്‌ പറയാന്‍ വേണ്ടിയാണു ഞാനിവിടെ കാത്തു നിന്നത്‌.എനിക്കെന്റെ യാത്ര തുടരണം ഇനി,ഭാനുവും വാര്യരുമൊക്കെ കാത്തു നില്‍ക്കുന്നുണ്ടാകുമെടോ." നീലന്‍ പതിയെ മുന്നോട്ട്‌ നടന്നു തുടങ്ങി.

"അധികം താമസമില്ല,എന്റെ യാത്ര അവസാനിക്കാന്‍" ഞാന്‍ വിളിച്ചു പറഞ്ഞു.

"അവസാനിക്കാന്‍ അല്ലെടോ,യാത്ര തുടങ്ങാന്‍.വഴിയില്‍ ഇതു പോലെ കാത്തിരിക്കേണ്ടി വരും,പലര്‍ക്കും വേണ്ടി,പലരോടും പലതും പറയാന്‍ വേണ്ടി,ഞാനും ഭാനുമതിയും തന്നെ കാത്തിരുന്നതു പോലെ"

കാര്‍ത്തികേയനോട്‌ യാത്ര പറഞ്ഞു മയങ്ങിയ ഞാന്‍ ഇനി അവിടെ ഉണരുന്നില്ല.ആരൊ എന്നെ തേടി വരുന്നത്‌ കാത്തു ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു.അതു കാര്‍ത്തികേയനോ,ജാനകിയോ,ശ്രീനിവാസന്‍ നമ്പ്യാരോ..കാലം വെളിപ്പെടുത്തട്ടെ.

13 Comments:

മൃദുല്‍....|| MRIDUL said...

പകയുടേയും പ്രണയത്തിന്റേയും ദേവാസുര കഥയ്ക്കൊരു പിന്‍കുറിപ്പ്.

അനുഗ്രഹീതനായ സംവിധായകന്‍/തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ തൂലികയില്‍ നിന്നു ജനിച്ച ദേവാസുരം/രാവണപ്രഭു എന്നീ ചിത്രങ്ങളിലെ കഥാപാത്രങള്‍ വീണ്ടും കണ്ടുമുട്ടിയാല്‍ എന്ന ചിന്തയില്‍ നിന്നുണ്ടായ ഒരു പരീക്ഷണം.

Jeevs || ജീവന്‍ said...

da pattee.. its so damned good!!

Jean Kachappilly said...

നല്ല ഒരു ആശയം. മുണ്ടക്കല്‍ ശേഖരന്‍ എന്ന അസുര ഭാവം മനസ്തപിക്കുന്നതായും അദ്ദേഹത്തിന്‍റെ മരണാനന്തര യാത്രയില്‍ തന്‍റെ ശത്രുവിന്‍റെ നന്മയെ അങ്ങീകരിക്കുന്നതായും കുല വൈരിയെ സ്നേഹം എന്ന മഹാ സത്യത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതായും ഉള്ള ചിന്ത തീര്‍ത്തും ഉദാത്തവും അമൂല്യവുമാണ് .

ദേവാസുരം ,രഞ്ജിത്ത് എന്ന മഹാശില്പി വെണ്ണ കല്ലില്‍ കൊത്തിയ ഒരു ശില്‍പം ആണെങ്കില്‍, ഈ ലേഖനത്തിന്‍റെ ശൈലി അദ്ദേഹത്തിന്‍റെ പൊന്‍തൂലികയുടെ മാറ്റ് ഒട്ടും ചോര്‍ന്നു പോകാതെ തന്നെ വെണ്ണ കല്‍ശില്പത്തിന് മിഴിവേകുന്നു . തീര്‍ത്തും മനോഹരം ..!!

Prasanth said...

mmm good one...Yes every person will have something good deep inside them...

Deviant Artist said...

beautiful thought and language man...too good ...!!!

Rahul said...

Brilliant..
I mean really CLASS ACT..

sasneham!!

Basi said...

superb......

Renjithinte padaththinnu sathyan anthikadu climax ezhuthiyathupolundu...

Really good one yaar......
Cheers!!
Basil

മനോജ് കെ.ഭാസ്കര്‍ said...

വേറിട്ടൊരാശയം വേറിട്ട രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.. നന്നായിട്ടുണ്ട്.

anils said...

കൊള്ളാം മൃദുല്‍ !

manu said...

manoharam... aaa bhashayude ozhukku valare nannayi... iniyum puthiya puthiya aashayangalum aayi varika...
congrats...

Geordie Job Pottas said...

Mridul.. It is so beautiful. You have justified the script without any kind of mockery on the original. Superb and keep doing it. Ninnepoleyullavarakatte malayalacinemayute pinthudarchavakashikal. All the best.

Ajish Habib said...

ഒരു പാട് നന്നായിട്ടുണ്ട്. കുറെ നാളുകള്‍ക്ക് ശേഷമാണീ ബ്ലോഗ്‌ നോക്കുന്നത്. രഞ്ജിത്ത് എഴുതിയത് പോലെ തോന്നി.
അസുരനിലെ ദേവഭാവങ്ങളും, മോക്ഷം കാത്തു നില്‍കുന്ന മലയാളികള്‍ക്ക് ചിരപരിചിതമായ ആത്മാക്കളുടെ മൌനനൊമ്പരങ്ങളും ഭാവതീവ്രമായിട്ടുണ്ട് .
മൃദുലില്‍ നാളത്തേ ഒരു ലോഹിതദാസ് ഉറങ്ങി കിടക്കുണ്ട് ! എല്ലാ വിധ ഭാവുകങ്ങളും!

Unknown said...

വളരെ നന്നായിട്ടുണ്ട് മൃദുൽ .. കാലം എല്ലാം വെളിപ്പെടുത്തുക തന്നെ ചെയ്യും