Friday, May 5, 2017

ഒരു 'ബ്ലാക്ക്‌ കോഫി'യുടെ ഓർമ്മയ്ക്ക്‌ഐ.സി.യു എന്നെഴുതിയിരിക്കുന്ന ചില്ലു വാതിലിനപ്പുറമുള്ള എന്ത്‌ കാഴ്ച്ചയായിരിക്കാം തന്റെ അമ്മയുടെ കണ്ണുകൾ നിറയ്ക്കുന്നതെന്നു അവനു മനസ്സില്ലാകുന്നുണ്ടായിരുന്നില്ല.അകത്തേയ്ക്ക്‌ കയറി പോയ അവന്റെ അച്ഛന്റെ മുഖത്തുമുണ്ടായിരുന്നു പതിവില്ലാത്ത ഒരു ഇരുളിമയുടെ കനം.

മുന്നിലെ സ്ഫ്ടികപാളിയ്ക്ക്പ്പുറം നടന്നു കൊണ്ടിരുന്ന കൂടിക്കാഴ്ച്ചയിൽ അവൾ കണ്ടത്‌ താനെന്ന തടയണയിൽ തട്ടി വഴി പിരിഞ്ഞൊഴുകി കാതങ്ങൾക്കപ്പുറത്ത്‌ എവിടെയോ വച്ച് വീണ്ടും‌ കണ്ട്‌ മുട്ടുന്ന രണ്ട്‌ നദികളെയാണു.അവരിലൊരു ഒരു നദിയുടെ ഒഴുക്ക്‌ അവസാനിക്കാറായിരിക്കുന്നു എന്ന തിരിച്ചറിവാണു ഇന്നു ആ കുടുംബത്തെ ഉദ്യാനനഗരത്തിലെ ഈ ആശുപത്രിയിലേയ്ക്കെത്തിച്ചിരിക്കുന്നത്‌.വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്‌ പോലൊരു വാതിലിനപ്പുറം നിന്നു കേട്ട ഇവരിരുവരുടെയുൻ സംസാരമാണു തന്റെ ജീവിതം മാറ്റി മറിച്ചതെന്നു അവൾ അപ്പോൾ ഓർക്കാതിരുന്നില്ല.

മുടി കൊഴിഞ്ഞ തന്റെ പഴയ കൂട്ടുകാരിയുടെ മുഖത്തേയ്ക്ക്‌ അധികം നേരം നോക്കിയിരിക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല.മറ്റ്‌ എവിടെയൊക്കെയോ നോക്കി കൊണ്ടാണു അയാൾ അവളോട്‌ സംസാരിച്ചത്‌.സംസാരം എന്നു പറഞ്ഞു കൂടാ, ചില വാക്കുകൾ , ഉത്തരങ്ങൾക്ക്‌ പകരമുള്ള ഹൃസ്വമായ മൂളലുകൾ.ഇതിനിടയിലുള്ള ഇടവേളകളിൽ അവൾ മയക്കത്തിലേയ്ക്ക്‌ തെന്നി പോകുന്നുണ്ടായിരുന്നു, അയാൾ ഓർമ്മകളിലേയ്ക്കും.

എവിടെ വച്ചാണു ആദ്യം തമ്മിൽ കണ്ടത്‌ ?

ഹബീബുള്ള സ്ട്രീറ്റിലെ ഗസൽ സന്ധ്യകളിലൊന്നിലൊ , അതോ ബൊമ്മനഹളിയിലെ ആർട്ട്‌ കഫേയിൽ ഡെന്മാർക്കുകാരൻ വയലിനിസ്റ്റ്‌ എറിക്‌ ജോണിന്റെ കൊൺസേർട്ടിന്റെ അന്നോ, ഓർമ്മയില്ല..

പക്ഷേ കണ്ട്‌ മുട്ടിയ പെൺസുഹൃത്തുക്കളിൽ ഏറ്റവും സെൻസിബളായ ഒരാളായിരുന്നു ഇവൾ - ബോൾഡ്‌ & ബ്യൂട്ടിഫുൾ.ഇട്ടു മൂടാനുള്ള സ്വത്തും പണവും ഉണ്ടായിരുന്നിട്ടും, അതിലൊന്നും ഭ്രമിക്കാതെ , ദൂരങ്ങളിലേയ്ക്ക്‌ ഒറ്റയ്ക്ക്‌ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന, സ്വന്തം തീരുമാനങ്ങളുണ്ടായിരുന്ന, അത്‌ പറയാൻ മടിയില്ലാതിരുന്ന തന്റേടിയായ ഒരു മിടുക്കി.ഒരു പക്ഷേ നിളയുടെ തീരത്തെ ആ പഴയ ബാല്യകാലസ്മരണകളിലേയ്ക്ക്‌‌ കൗതുകത്തിന്റെ പേരിൽ വർഷങ്ങൾക്ക്‌ മുൻപ്‌ യാത്ര ചെയ്തില്ലായിരുന്നെങ്കിൽ..

ആ ചിന്തയെ അയാൾ പൂരിപ്പിക്കുന്നതിനു മുൻപ്‌ മയക്കത്തിൽ നിന്നും അവൾ ഉണർന്നു.ഇക്കുറി പാതി തുറന്ന കണ്ണുകളിലെ നോക്കിയത്‌ കണ്ണാടിവാതിലിനപ്പുറത്തേയ്ക്കാണു. അവരോട്‌ അകത്തേയ്ക്ക്‌‌ വരാൻ പറഞ്ഞ്‌ അവൾ വീണ്ടും മയക്കത്തിലേയ്ക്ക്‌ വഴുതി.

അമ്മയുടെ കൈ പിടിച്ച്‌ ഒരുപാട്‌ തണുപ്പുള്ള ആ മുറിയിൽ‌ നിൽക്കുമ്പോൾ ഒരു ചോദ്യത്തിനുള്ള ഉത്തരം അവനു കിട്ടിയിരുന്നു.പതിവില്ലാത്തവണം അവന്റെ അച്ഛനെ അസ്വസ്ഥനാക്കിയതും‌, അമ്മയുടെ കണ്ണു നിറച്ചതും കരുവാളിച്ച മുഖവുമായി ആ ബെഡിൽ മയങ്ങുന്ന ആന്റിയാണു, പക്ഷേ ആ ആന്റി ഇവരുടെ ആരാണെന്ന ചോദ്യം അപ്പോഴേയ്ക്കും അവന്റെ മനസ്സ്‌ ചോദിച്ച്‌ കഴിഞ്ഞിരുന്നു.ഉത്തരം കൊടുക്കാനെന്നവണം അവൾ മയക്കത്തിൽ നിന്നുണർന്നു അവനെ നോക്കി വളരെ ബുദ്ധിമുട്ടി ചിരിച്ചു.

' പേരെന്താ? '

ചോദ്യം വ്യക്തമാകാഞ്ഞിട്ടാണോ, അതോ അതവനോടായിരുന്നോ എന്നു ശങ്കിച്ചിട്ടാണോ പേരു പറയാൻ അവൻ ഒരൽപം താമസിച്ചു.

'ബ്രഹ്മദത്ത്‌ ജഗ്ഗന്നാഥൻ' എന്നു മറുപടി പറയുമ്പോൾ ആന്റിയുടെ പേരെന്താ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അവനു.

'എനിക്കൊരു ബ്ലാക്ക്‌ കോഫി തരാമോ'

മേശപ്പുറത്തിരിയ്ക്കുന്ന ഫ്ലാസ്കിൽ നിന്നവൾ കട്ടൻ കാപ്പി ഗ്ലാസിലേയ്ക്ക്‌ പകർന്നു കൊണ്ടിരുന്നപ്പോഴാണു എന്തോ ഓർത്ത പോലെ അവർ അവളോട് ഇങ്ങനെ‌ ചോദിച്ചത്‌

'ഉണ്ണിമായേ, അന്നു ആ തിരുവാതിര മുഴുവനാക്കിയില്ലല്ലോ, ഇനിയെന്നാ അതൊന്നു മുഴുവൻ കാണുക ?'

ഒരു നീണ്ട മയക്കത്തിലേയ്ക്ക്‌ വീഴുന്നതിനു മുൻപ്‌ അവന്റെ അമ്മയോട്‌ ആന്റി ഇങ്ങനെ ചോദിച്ചത്‌ എന്തിനാണെന്നോ മറുപടി പറയാതെ അമ്മ കരഞ്ഞതെന്തിനാണെന്നോ അവനു മനസ്സില്ലായില്ല.
ആശുപത്രിയിൽ നിന്നു തിരിച്ച്‌ പോകുന്ന വഴിയിലും അമ്മ കരയുന്നുണ്ടായിരുന്നു,അത് കൊണ്ട്‌ അച്ഛനോടാണവൻ ആ ആന്റി ആരായിരുന്നു എന്നു ചോദിച്ചത്‌.

'അത്‌ ..അച്ഛന്റെ ഒരു കൂട്ടുകാരി..വളരെ അടുത്ത ഒരു കൂട്ടുകാരി'

'ആ ആന്റീടെ പേരെന്താ ? '

'നയൻ താര' .

കൂടുതൽ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാതിരിക്കാൻ വേണ്ടി അയാൾ കണ്ണുകളടച്ച്‌ സീറ്റിലേയ്ക്ക്‌ തല ചായ്‌ച്ചു.അമ്മ കരച്ചിൽ നിർത്താൻ അവൻ കാത്തിരുന്നു.തിരുവാതിരയെ കുറിച്ച്‌ എന്താ പറഞ്ഞതെന്നു കൂടി അറിയണമായിരുന്നു അവനു.

0 Comments: