Thursday, December 8, 2016

ജോണീ വർഗീസിനും പ്രൊഫസർ പണിക്കർക്കുമിടയിൽ


എഴുതിയ വരികള്‍ ഒരിക്കല്‍ കൂടി വെട്ടി അയാള്‍ ആ പേപ്പര്‍ ചുരുട്ടി മേശയ്ക്കടിയിലെ വേസ്റ്റ് ബാസ്ക്കറ്റിലേയ്ക്കെറിഞ്ഞു.മുന്നില്‍ തുറന്നു വച്ചിരുന്ന എം.എം ഗുപ്തയുടെ ബിസിനസ് ഇക്ണോമിക്സ് എന്ന പുസ്തകത്തിലെ വരികളോട് അയാള്‍ക്ക് വല്ലാത്ത അപരിചിതത്വം തോന്നി.ആ തോന്നലിന്റെ കാരണം അറിയാമായിരുന്നിട്ടും,അതല്ല എന്നു സ്വയം വിശ്വസിപ്പിക്കാനുള്ള വിഫലമായ ശ്രമങ്ങളിലാണു അയാള്‍.നോട്ട്സ് തയ്യറാക്കല്‍ ഇന്നു വേണ്ട എന്നു തീരുമാനിച്ച് അയാള്‍ ബിസിനസ് എക്ണോമിക്സ് മടക്കി മേശയുടെ ഒരരികിലേയ്ക്ക് നീക്കി വച്ചു.വിശക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് പുറത്തിറങ്ങാന്‍ തോന്നിയില്ല.കാരണങ്ങള്‍ രണ്ടാണു,ഇന്നു പുറത്തിറങ്ങിയാല്‍ ലഹരിയെ കൂട്ടു പിടിക്കാതെ താന്‍ തിരിച്ചു വരില്ല എന്നു ഉറപ്പാണു എന്നതാണു അതില്‍ ഒരു കാരണം. രണ്ടാമത്തെ കാരണം അയാളുടെ ചെറിയ ഭയങ്ങളാണു, ഇന്നത്തെ ദിവസം ഒരേ ആളുകളാല്‍ വീണ്ടും അപമാനിക്കപ്പെടുമോ എന്നും,അതു മൃദുല ടീച്ചര്‍ അറിയുമോ എന്നുമുള്ള ഭയങ്ങള്‍.ആദ്യത്തെ കാരണങ്ങള്‍ അവഗണിക്കാന്‍ അയാള്‍ തയ്യറാണു ,പക്ഷേ ടീച്ചറെ അങ്ങനെ അവഗണിക്കാന്‍ അയാള്‍ക്ക് കഴിയില്ല.

മുപ്പത്തിനാലാം റോള്‍ നമ്പറായി ക്ലാസിലേയ്ക്ക് കയറി വന്നപ്പോള്‍ അല്ല ജോണി വര്‍ഗീസിനെ അയാള്‍ ആദ്യമായി കണ്ടത്.അതിനും കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പ് കോളേജ് ഗ്രൗണ്ടില്‍ കയറി സ്വാമിയുടെ ആളുകളുമായി പ്രശ്നമുണ്ടാക്കിയ ഒരു ഔട്ട്സൈഡര്‍ എന്നതാണു അയാളെ കുറിച്ച് മനസ്സില്‍ പതിഞ്ഞ ചിത്രം.മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയെത്തിയ ഒരു പ്രവേശനാപേക്ഷയെ എതിര്‍ക്കാന്‍ ആ ചിത്രം ധാരാളമായിരുന്നു.നിയമങ്ങളെയും പതിവുകളെയും നേര്‍ വഴിയില്‍ നിന്നു കൈപിടിച്ച് മാറ്റി നടത്താന്‍ ആളുകളുണ്ടായിരുന്നത് കൊണ്ട് അയാളുടെ എതിര്‍പ്പുകള്‍ ആരും കേട്ടതായി കൂടി ഭാവിച്ചില്ല.പിന്നിട്ട വഴികളില്‍ എവിടെയോ വച്ച് അയാള്‍ എടുത്തണിഞ്ഞ അച്ചടക്കത്തിന്റെ മുഖംമൂടി അയാളെ ഒരിക്കല്‍ കൂടി തോല്പിക്കുകയായിരുന്നു.
അകാരണമെന്നു അയാള്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അസ്വസ്ഥത മനസ്സിന്റെ ഭാരം വല്ലാതെ കൂട്ടി തുടങ്ങിയ ഏതോ മണിക്കൂറിലാണു അയാള്‍ മൃദുല ടീച്ചറിനെ കുറിച്ചോര്‍ക്കാന്‍ ശ്രമിച്ചത്.തമ്മില്‍ പരിചയപ്പെട്ട നാള്‍ മുതല്‍ പതിവതാണു - ലഹരിയോട് അകല്‍ച്ച് തോന്നുന്ന രാത്രികളില്‍,ഒറ്റയ്ക്കായി പോയി എന്ന ബോദ്ധ്യം വല്ലാതെ വേദനിപ്പിക്കുന്ന ആഴ്ച്ചയവധികളില്‍ ,കുസൃതി ഒളിപ്പിച്ച് വച്ചിരിക്കുന്ന കണ്ണുകളെ മറയ്ക്കാനെന്നവണം ഒട്ടും ചേര്‍ച്ചയില്ലാത്ത ഗൗരവം എടുത്തണിഞ്ഞിരിക്കുന്ന മൃദുല ടീച്ചറെ ഓര്‍ക്കുക,അവരോട് ഇനിയും പറയാത്ത പ്രണയം തുറന്നു പറയുന്ന ആ ദിവസത്തെ ഭാവനയില്‍ കൊണ്ട് വന്നു ഒരു നൂറാവര്‍ത്തി പറഞ്ഞു പഠിക്കുക,പണ്ടെങ്ങോ ഉപേക്ഷിച്ച പൂവാല അവതാരം അപരിചിതമായതോര്‍ത്ത് ചിരിച്ച് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുക.പക്ഷേ ഇന്നു അതും തന്നെ സഹായിക്കുന്നില്ലെന്നു വേദനയോടെ അയാള്‍ തിരിച്ചറിയുകയായിരുന്നു,മൃദുല ടീച്ചറിന്റെ ഓര്‍മ്മകളില്‍ പരന്നു തുടങ്ങിയ ജോണി വര്‍ഗീസിന്റെ നിഴലിന്റെ കറുപ്പായിരുന്നു കാരണം.
ബുദ്ധിമുട്ടിക്കുമെന്നറിഞ്ഞിട്ടും ,ഗ്രൗണ്ടിലെ തല്ല് മുതല്‍ ഇന്നു വൈകുന്നേരത്തെ അസുഖകരമായ കൂടിക്കാഴ്ച്ച വരെയുള്ള ജോണി ഓര്‍മ്മകളിലൂടെ അയാള്‍ ഒന്നു കൂടി സഞ്ചരിച്ചു.താന്‍ ജോലി ചെയ്യുന്ന ക്യാമ്പസില്‍ കയറി തല്ലുണ്ടാക്കിയതാണോ,ക്ലാസ് മുറിയില്‍ കാണിച്ചു കൂട്ടിയ പ്രകടനങ്ങളാണോ,മൃദുല ടീച്ചറോട് അടുക്കാന്‍ അയാള്‍ ശ്രമിക്കുന്നതാണോ - മൂന്നില്‍ ഏതാണു ജോണിയെ കൂടുതല്‍ വെറുക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്നു അറിയാനായിരുന്നു ആ സഞ്ചാരം.

ഇതില്‍ ആദ്യത്തെ സംഭവം അയാളിലെ അദ്ധ്യാപകനെ മാത്രമേ ബാധിച്ചിരുന്നുള്ളു എന്നതാണു സത്യം,തല്ലു കൊള്ളേണ്ടത് അതര്‍ഹിച്ചവര്‍ തന്നെയാണെന്ന വസ്തുത എല്ലാവരെയും പോലെ അയാളും അംഗീകരിച്ചിരുന്നു.ക്ലാസ് മുറിയില്‍ ജോണിയ്ക്ക് കിട്ടിയ കൈയ്യടികളും,കാട്ടിക്കൂടിയ കോപ്രായങ്ങളും വാചകകസര്‍ത്തുകളും അലോസരപ്പെടുത്തിയെങ്കിലും,അതുണര്‍ത്തിയ ഓര്‍മ്മകളുടെ സുഖം അയാളെ ഇപ്പോഴും ഒന്നു ചിരിപ്പിച്ചു.ജോണി കാട്ടിക്കൂടിയത് കണ്ട് ആവേശം കൊണ്ട് തന്റെ വിദ്യാര്‍ത്ഥികളോടും,അയാളുടെ പ്രായത്തില്‍ വീണ്ടും പഠിക്കാനെത്തുന്നത് വലിയ കാര്യമാണു എന്നു കരുതിയ തന്റെ സഹപ്രവര്‍ത്തകരോടും അയാള്‍ക്ക് പുച്ഛം തോന്നി.കാരണം അയാള്‍ അപ്പോള്‍ ഓര്‍ത്തത് തന്റെ ഏട്ടനെ കുറിച്ചാണു - വായിലും മൂക്കിലും സിരകളിലും ലഹരി നിറച്ച് ,ജീവിതം നശിപ്പിച്ച് തീര്‍ക്കുന്നതില്‍ ആവേശം കൊണ്ടിരുന്ന അയാളുടെ കൈകളില്‍ മുറുകെ പിടിച്ച് ജീവിതത്തിന്റെ വെള്ളിവെളിച്ചങ്ങളിലേയ്ക്ക് തിരികെ നടത്തിയ ഏട്ടന്‍.അയാളുടെ ആരുമായിരുന്നില്ല ആ ഏട്ടന്‍,അയാളുടെ എന്നല്ല ആരുടെയും.

അയാള്‍ പഠനം അവസാനിപ്പിച്ച് ക്യാമ്പസിന്റെ പടിയിറങ്ങുമ്പോഴും വിദ്യാര്‍ത്ഥികളുടെ ഏട്ടനായി,അദ്ധ്യാപകരുടെ സുഹൃത്തായി,ഗായത്രി ടീച്ചറിന്റെ കാമുകനായി അയാള്‍ ക്യാമ്പസില്‍ തന്നെയുണ്ടായിരുന്നു.ഏട്ടന്റെയും ഗായത്രി ടീച്ചറിന്റെയും സ്ഥാനത്ത് തന്നെയും മൃദുല ടീച്ചറിനെയും സങ്കല്പിച്ച് ഒരുപാട് വട്ടം ആ പഴയ ക്യാമ്പസ് ഇടനാഴികളിലൂടെ അയാള്‍ ഇതിനകം നടന്നു കഴിഞ്ഞിരുന്നു.അത്രയധികമായിരുന്നു ആ കഥാപാത്രം അയാളില്‍ സൃഷ്ടിച്ച ചലനങ്ങള്‍.
ആലോചന മൂന്നാമത്തെ സംഭവത്തിലേയ്ക്ക് എത്തിയപ്പോഴാണു ഏട്ടനു ഒന്നെഴുതിയാലോ എന്നായാള്‍ക്ക് തോന്നിയത്.മാസങ്ങള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു അയാള്‍ ആര്‍ക്കെങ്കിലും രണ്ടു വരി എഴുതിയിട്ടിട്ട്,വന്ന കത്തുകള്‍ വായിച്ചതും ഓര്‍മ്മയില്ലില്ല.കത്തിലെ ആദ്യ മൂന്നു വരികളെഴുതാന്‍ മുപ്പതു മിനിറ്റുകള്‍ എടുക്കേണ്ടി വന്നു അയാള്‍ക്ക് - അത്രയ്ക്കായിരുന്നു അയാളുടെ അസ്വസ്ഥത.പിന്നീടെപ്പോഴോ പക്ഷേ വാക്കുകള്‍ അയാള്‍ക്ക് വഴങ്ങി,എഴുതുന്നത് ഏട്ടനാണെന്ന തിരിച്ചറിവ് അയാളെ കൊണ്ട് നിര്‍ത്താതെ എഴുതിച്ചു.മടുപ്പിക്കുന്ന ഏകാന്തതയെക്കുറിച്ച്,ആ ഏകാന്തതയെ തോല്പിക്കുന്ന മൃദുല ടീച്ചറിനെ കുറിച്ച്,അകലം പാലിക്കുന്ന അദ്ധ്യാപകരെ കുറിച്ച്,സ്റ്റാഫ്റൂമിലെ പൊളിടിക്സുകളെ കുറിച്ച്,തന്നെ വായിനോക്കി പണിക്കരെ എന്നു വിളിക്കുന്ന കുട്ടികളെ കുറിച്ച്,ഒരുമിച്ചുണ്ടായിരുന്ന കാലത്തെ കുറിച്ച്, പഴയ സഹപാഠികളെക്കുറിച്ച്,കോളേജിലെ പുതിയ താരമായ ജോണി വര്‍ഗീസിനെ കുറിച്ച്,അയാളുമായുണ്ടായ പ്രശ്നങ്ങളെ കുറിച്ച്,താന്‍ വാടകയ്ക്ക് ചോദിച്ച് വീട് അയാള്‍ വിലയ്ക്ക് വാങ്ങിയതിനെ കുറിച്ച്, - നിര്‍ത്താതെ അയാള്‍ എഴുതി കൊണ്ടിരുന്ന അക്ഷരങ്ങളെ അയാളുടെ തന്നെ വിയര്‍പ്പുത്തുള്ളികളും,അയാളറിയാതെ ഒഴുകി കൊണ്ടിരുന്ന കണ്ണുനീരും പേപ്പറില്‍ പരത്തി കൊണ്ടിരുന്നു.എന്നിട്ടും അയാള്‍ നിര്‍ത്താതെ എഴുതി,മനസ്സിലെ ഭാരം ഒഴിയുവോളം.ഒരു അപ്പൂപ്പന്‍ താടി പോലെ താന്‍ പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ കത്ത് അവസാനിപ്പിച്ചു.


"..എനിക്ക് എഴുതാന്‍,എന്നെ അന്വേഷിക്കാന്‍ വേറെയാരുമില്ല.ഉണ്ടാകുമെന്നു ഞാന്‍ ആഗ്രഹിച്ചവര്‍ ഇനി വഴി മാറി നടക്കുമെന്നാണു മനസ്സ് പറയുന്നത്.എന്ന തിരക്കണം ഇടയ്ക്ക്,എഴുതണം എനിക്ക്.മറുപടി പ്രതീക്ഷിച്ചു കൊണ്ട്..
ലാലേട്ടന്റെ സ്വന്തം ചക്കര..."

എഴുതിയതൊക്കെ മടക്കി മേശപ്പുറത്തിരുന്ന എം.എം ഗുപ്തയുടെ ബിസിനസ് എക്ണോമിക്സ് പുസ്തകത്തിലേയ്ക്ക് മടക്കി വയ്ക്കുമ്പോള്‍ അയാളുടെ മനസ്സ് പേടിപ്പെടുത്തുന്നവണ്ണം ശാന്തമായിരുന്നു.