Tuesday, August 9, 2016

രാഘവന്റെ തിരോധാനം : ഒരു അന്വേഷണം


നല്ലൊരു കാറ്റു വീശിയാൽ നിന്നിടത്ത് നിന്നു രമണി ഒന്നാടാറുണ്ട് .ഇരിക്കുന്ന ഇളകി തുടങ്ങിയ കസേരയുടെയാണോ, അതോ വളരെ ബുദ്ധിമുട്ടി കറങ്ങുന്ന ഫാനിൽ നിന്നു വരുന്ന ചെറിയ കാറ്റിന്റെയാണോ, ആട്ടം ഒരല്പം കൂടുതലാണു ഇപ്പോൾ.മേശയുടെ എതിർവശത്തു നിന്നുള്ള പോലീസുകാരന്റെ ചൂഴ്ന്നുള്ള നോട്ടത്തിൽ അവൾ ആ കസേരയിലേയ്ക്ക് ഒന്നു കൂടി ഒതുങ്ങി കൂടിയിരുന്നു.

'അപ്പോ പണിയ്ക്ക് പോയ കെട്ടിയോൻ തിരിച്ച് വീട്ടിലെത്തിയിട്ടില്ല, ഒരാഴച്ചയ്ക്കു മേലെയായി അല്ലേ ?'

'അതേ സാറെ..'

കൂടുതലെന്തൊക്കെയോ പറയാനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു അർദ്ധോക്തിയിൽ അവൾ ആ വാചകം അവസാനിപ്പിച്ചു.

'എന്താ അവന്റെ പേരു ?'

'രാഘവൻ'

'അച്ഛന്റെ പേരു'

'രാമൻ'

'ആഹാ രാമൻ രാഘവൻ.ഇങ്ങനെയൊരുത്തൻ ബോംബേൽ ഇല്ലാർന്നോ നായരെ-മറ്റേ അഞ്ചെട്ടണ്ണത്തിനെ വെറുതെ ഒരു രസത്തിനു തട്ടിയവൻ'

'ആ അത് രമൺ, ഇത് രാമൻ' - നോക്കി കൊണ്ടിരുന്ന ഫയലീന്നു തല പൊക്കാതെ മുരളി പോലീസ് മറുപടി പറഞ്ഞു

'രണ്ടും ഒന്നു തന്നെയാ, നമ്മുടെ രാമനാണു ഹിന്ദികാരുടെ രമൺ.ആട്ടെ നിന്റെ രാമൻ രാഘവനെന്ത് പ്രായം വരും'

'43'

'ആഹാ ചെറുപ്പാണല്ലോ.അപ്പോ നിനക്കെന്ത് പ്രായം വരും ?'- ഇത് ചോദിക്കുമ്പോൾ അയാളുടെ മുഖത്തൊരൽപ്പം വഷളത്തമുണ്ടായിരുന്ന പോലെ.ഇതിനു മറുപടി പറയണോ വേണ്ടയോ എന്ന സംശയം അവളുടെ നിസ്സഹായതയെ ഒന്നു കൂടി കൂട്ടി.അയാളുടെ മുഖത്ത് നോക്കാതെ അവൾ താഴെയ്ക്ക് നോക്കിയിരുന്നു.

'കുട്ടികൾ ?'

'ഇല്ല' , മുഖമുയർത്താതെ അവൾ മറുപടി പറഞ്ഞു.

'അതെന്താ ഇല്ലാത്തെ‌?' . മുൻപത്തെ ചോദ്യത്തിൽ മുഖത്ത് തെളിഞ്ഞ് തുടങ്ങിയ വഷളത്തരം ഇപ്പോൾ അയാളുടെ മുഖത്ത് വ്യക്തമാണു.

ആർക്കാ കുഴപ്പമെന്ന അയാളുടെ അടുത്ത ചോദ്യം‌ പക്ഷേ മുഴുവനായില്ല.സർക്കിൾ ഓഫീസ് വരെ പോയിരുന്ന എസ്.ഐ കൃത്യ സമയത്ത് തിരിച്ചെത്തിയത് കൊണ്ട് രമണിയോടുള്ള ബാക്കി ചോദ്യങ്ങൾ അയാളാണു ചോദിച്ചത്.

ഇന്നോ നാളെയോ പതിവ് പോലെ രാഘവൻ തിരിച്ച് വീട്ടിലെത്തുമായിരിക്കും എന്നു ആശ്വസിപ്പിച്ച എസ്.ഐയോട് നന്ദി പറഞ്ഞ് രമണി പുറത്തിറങ്ങുമ്പോൾ ആദ്യം‌ ചോദ്യങ്ങൾ ചോദിച്ച പോലീസുകാരനെ കണ്ട് അവളുടെ തല‌ വീണ്ടും താഴ്ന്നു.സ്റ്റേഷന്റെ മുറ്റം കടന്നിട്ടും അതുയർത്തി ചുറ്റും‌ നോക്കാൻ അവൾക്ക് ധൈര്യം‌ വന്നില്ല.എന്തൊക്കെയോ ഓർത്ത് കൊണ്ട് നടന്ന അവളെ തട്ടി തട്ടിയില്ല‌ എന്നവണ്ണം ഒരു ഓട്ടോറിക്ഷ കടന്നു പോയി.അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്ന ഒരാൾ അവളെ നോക്കി എന്തോ പറയാൻ തുടങ്ങിയെങ്കിലും ഇതൊന്നും അറിയാതെയുള്ള രമണിയുടെ നടപ്പ് കണ്ടാവണം,അയാൾ തല ഉള്ളിലേയ്ക്ക് തിരിച്ചിട്ടു.സ്റ്റേഷന്റെ ജനാലയിൽ കൂടി ഇതെല്ലാം കണ്ടു കൊണ്ടിരുന്ന എസ്.ഐ അവൾ പറഞ്ഞ കഥയിലൂടെ ഒന്നു കൂടി യാത്ര ചെയ്തു.

രമണി എസ്.ഐയോട് പറഞ്ഞ കഥ :

രമണിയുടെ നാടാണത്.പണിയന്വേഷിച്ച് എവിടെ നിന്നോ എത്തി ഈ നാട്ടുകാരനായതാണു രാഘവൻ.പറയത്തക്ക ബന്ധുക്കളൊന്നും ഇരുവർക്കുമില്ല. രണ്ടു പേരുടെയും‌ കല്യാണം കഴിഞ്ഞിട്ട് ഇത് പത്താം വർഷമാണു.കുട്ടികളില്ല എന്നതൊഴിച്ചാൽ പറയത്തക്ക പ്രശ്നങ്ങളൊന്നും ഇവരുടെ കുടുംബത്തിൽ ഇത് വരെയില്ല.വീട്ടുപ്പണികൾക്ക്‌ മാത്രം രമണിയെ വിടുന്ന രാഘവൻ പക്ഷേ എന്ത് കൂലിപ്പണിക്കും പോകുന്ന ആളാണു.അതു കൊണ്ട് തന്നെ അയാൾക്ക് പണിയൊഴിഞ്ഞ നേരവും ഉണ്ടാവാറില്ല.

ഒരാഴ്ച്ച മുൻപാണു അയാൾ അവസാനമായി വീട്ടിൽ വന്നത്.ഒരു നല്ല പണി കിട്ടിയിട്ടുണ്ട്, മൂന്നാലു ദിവസം കഴിഞ്ഞേ ഇനി തിരിച്ച് വരൂ എന്നും പറഞ്ഞ് കുറച്ച് കാശ് രമണിയെ ഏൽപ്പിച്ച് പിറ്റേന്നു രാവിലെ പോയി.എവിടെയാണു പണി എന്ന രമണിയുടെ ചോദ്യത്തിനു വന്നിട്ട് പറയാം എന്നും, ഒറ്റയ്ക്കാണോ എന്ന ചോദ്യത്തിനു രാജപ്പനും,ഗോപാലകൃഷ്ണനും ചിലപ്പോൾ കാണുമെന്നും അയാൾ മറുപടി പറഞ്ഞു.

പത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും ഇനിയും അയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

ആത്മഹത്യ, നാടു വിടൽ എന്നീ രണ്ട് സാദ്ധ്യതകളെ എസ്.ഐ തത്കാലത്തേയ്ക്ക് മാറ്റി നിർത്തി.എന്നിട്ട് രാജപ്പൻ, ഗോപാലകൃഷ്ണൻ എന്നീ രണ്ട് പേരുകൾ എഴുതി അടിയിൽ ഒന്നു വരച്ചു.
എസ്.ഐയും സംഘവും കാണാൻ ചെല്ലുമ്പോൾ ഉമ്മറത്ത് ഒരു കമ്പിളിപ്പുതപ്പിനടിയിലായിരുന്ന് ആവി പിടിക്കുകയായിരുന്നു രാജപ്പൻ.നെറ്റിയിൽ നിന്നൊലിച്ചിറങ്ങിയ വിയർപ്പുത്തുള്ളികൾ കാഴ്ച്ച മറച്ചിരുന്നത് കൊണ്ട് വന്നയാളുകളെ പെട്ടന്നായാൾക്ക് മനസ്സില്ലായില്ല.പക്ഷേ രാഘവനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അയാൾക്കധികം സമയം വേണ്ടി വന്നില്ല.

രാജപ്പൻ പറഞ്ഞ രാഘവന്റെ കഥ :

രാജപ്പനും രാഘവനും അത്ര അടുത്ത സുഹൃത്തുക്കളല്ല, പരിചയക്കാർ മാത്രമാണു .ഒന്നര വർഷം മുൻപ് ഉണങ്ങി വരണ്ട ഒരു‌ വേനൽക്കാലത്താണു രാജപ്പൻ ആദ്യം രാഘവനെ കാണുന്നത്.രാഘവൻ അന്നു‌ മേസ്തിരി‌ മണിയാശന്റെ‌ മെക്കാടാണു.അവർ പണിത് കൊണ്ടിരുന്ന വീടിന്റെ പെയ്ന്റിംഗ്‌ പണികൾ ചെയ്തത രാജപ്പനും കൂട്ടരുമാണു.മേസ്തിരി പണികൾ തീർത്ത് മണിയാശാൻ അവിടം വിട്ട അന്നു വൈകുന്നേരമാണു കൂടെ കൂട്ടാമോ എന്ന‌ ചോദ്യവുമായി രാഘവൻ രാജപ്പനെ പരിചയപ്പെട്ടത്.അവിടെ അന്നു ആവശ്യം വന്നില്ലെങ്കിലും പിന്നീട് ഒന്നു രണ്ട് വട്ടം രാജപ്പന്റെ കൂട്ടത്തിൽ രാഘവൻ ചേർന്നിരുന്നു.അധികം ചോദ്യങ്ങളും വർത്തമാനങ്ങളും ഒന്നുമുണ്ടായിരുന്നില്ല - മറ്റു പണിക്കാർ എത്തുന്നതിനു മുൻപ് വരും, സമയം കളയാതെ പണിയും , കൃത്യസമയത്ത് കൂലിയും വാങ്ങി വീട്ടിലേയ്ക്ക് പോകും.ഇതായിരുന്നു രാജപ്പനു പരിചയമുള്ള രാഘവൻ.

രമണിയോട് യാത്ര പറഞ്ഞിറങ്ങിയ അന്നു രാവിലെ രാഘവൻ രാജപ്പന്റെ അടുത്തെത്തിയിരുന്നു.താൻ പിടിച്ച ഒരു പണിയ്ക്ക് കൂടാമോ എന്നു ചോദിക്കാനായിരുന്നു അത്.ടൗണിലെ ഒരു കോണ്ട്രാക്ടറുടെ സ്ഥിരം പണിയുണ്ട് അങ്ങോട്ടേയ്ക്ക് പോകുവാ എന്നു രാജപ്പൻ പറഞ്ഞപ്പോൾ അയാൾ ഒരു മുഷിച്ചിലുമില്ലാതെ കുറച്ച് പണിസാധനങ്ങൾ എടുത്തോട്ടെ എന്നും ചോദിച്ച് ആവശ്യമുള്ളതും കൊണ്ട് ആ പടിയിറങ്ങി പോയി.എവിടെയാണു പണി എന്ന ചോദ്യത്തിനു രാഘവൻ രാജപ്പനും കൊടുത്തത് പിന്നെ പറയാം എന്ന മറുപടിയാണു.
പത്തു ദിവസങ്ങൾക്ക് മുൻപായിരുന്നു അത്.

ആൽത്തറയിൽ ചെന്നിട്ട് ഇടത്തോട്ടുള്ള വഴിയേ നൂറു മീറ്റർ ചെല്ലുമ്പോൾ കാട്ടുപ്പറമ്പിലെ പറമ്പുണ്ട് വലത് വശത്ത്,അതിനോട് ചേർന്നുള്ള‌ തൊണ്ട് കയറി പോയാൽ അവസാനത്തെ വീടാണു ഗോപാലകൃഷ്ണൻ എന്ന ആശാരിയുടെ.അയാളാണു രാഘവൻ രമണിയോട് പറഞ്ഞ രണ്ടാമൻ.രാജപ്പനാണു ഈ വഴി എസ്.ഐയ്ക്ക് പറഞ്ഞ് കൊടുത്തത്
അങ്ങോട്ടേയ്ക്ക് പോകുന്ന വഴി മുഴുവൻ എസ്.ഐ ആലോചിച്ചത് രാഘവനെ കുറിച്ചാണു.രാജപ്പൻ പരിചയപ്പെട്ട രാഘവൻ മേസ്തിരി മണിയാശന്റെ മെക്കാടാണു.പെയ്ന്റർ രാജപ്പന്റെ കൂടെ പണികൾക്ക് കൂടിയിട്ടുള്ള രാഘവൻ ഇപ്പോൾ പെയ്ന്ററുമാണു.അയാൾ എവിടെയോ പിടിച്ച ഒരു പെയ്ന്റിംഗ് പണിയ്ക്ക് രാജപ്പന്റെ പണി സാധനങ്ങളുമായി പോയി.അതിനിടയിൽ ആശാരിയായ ഗോപാലകൃഷ്ണന്റെ ആവശ്യമെന്താണു രാഘവനു ? അതോ രാഘവൻ രമണിയോട് പറഞ്ഞ ഗോപാലകൃഷ്ണനു മറ്റാരെങ്കിലുമാണോ ? ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരം തരേണ്ടത് ഗോപാലകൃഷ്ണനാണു.

ഗോപാലകൃഷ്ണന്റെ ഉത്തരങ്ങൾ :

രാഘവന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളാണു ഗോപാലകൃഷ്ണൻ.ഏതോ പണിസ്ഥലത്ത് തന്നെയാണു ഇവരും കണ്ടു മുട്ടിയത്.പക്ഷേ രാഘവൻ അവിടെ എന്ത് പണിയാണു ചെയ്തു കൊണ്ടിരുന്നത് എന്ന് അയാൾക്ക് അത്ര ഓർമ്മ പോരാ.ആശാരിമാർ ശില്പികളാണെന്നാണു രാഘവന്റെ പക്ഷം.അതു കൊണ്ട് തന്നെയാണു പണികൾക്ക് കൂട്ടിയിട്ടുള്ള രാജപ്പനെക്കാൾ ഗോപാലകൃഷ്ണനോട് രാഘവനടുപ്പവും ബഹുമാനവും.കഴിഞ്ഞ് തിങ്കളാഴച്ചയാണോ ചൊവ്വാഴച്ചയാണോ, രാവിലെ രാഘവൻ ഗോപാലകൃഷ്ണന്റെ അടുത്ത് എത്തിയിരുന്നു.കൈയ്യിൽ എന്തൊക്കെയോ പണിസാധനങ്ങളുണ്ടായിരുന്നോ എന്നൊരു സംശയമുണ്ട്.പെട്ടന്ന് തീർത്ത് കൊടുക്കണ്ട ഒരു പെയ്ന്റിംഗ് പണി കിട്ടിയിട്ടുണ്ട്, അവിടുത്തെ മരയുരുപ്പടികളൊക്കെ ഒന്നു മിനുക്കാൻ കൂടാമോ എന്നു ചോദിക്കാനാണു അയാൾ എത്തിയത്.ആരുടെ പണിയാണെന്ന ചോദ്യത്തിന്റെ ഉത്തരമാണു ഗോപാലകൃഷ്ണനെ രാഘവന്റെ കൂടെ കൂടുന്നതിൽ നിന്നു പിന്തിരിപ്പിച്ചത്.രാഘവനെ പണിയേൽപ്പിച്ച ഉണ്ണിത്താനുമായി ഗോപാലകൃഷ്ണൻ അത്ര രസത്തിൽ അല്ല.പണ്ടൊരു കട്ടിൽ തീർത്തു കൊടുത്ത വകയിൽ അയാള്‍ കണക്ക് തീർക്കാനുണ്ട്.അത് തരാതെ ഇനി പണിയ്ക്കില്ലെന്നു ഗോപാലകൃഷ്ണനും ഇനി ഒരു നയാപൈസ അധികം കൊടുക്കില്ലെന്നു അയാള്‍ വാശിയിലാണു.കാരണം കേട്ട രാഘവനൊന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

പിന്നെ കാണാമെന്നു പറഞ്ഞ് രാഘവൻ ധൃതിയിൽ നടന്നു നീങ്ങിയിട്ട് അന്നേയ്ക്ക് പത്താം ദിവസമായിരുന്നു.

ഉണ്ണിത്താനെ കാണാനുള്ള യാത്രയ്ക്കിടയിൽ അതു വരെ കേട്ട് കഥകളെ തമ്മിൽ ചേർത്ത് വച്ച് എസ്.ഐ രാഘവൻ തിരോധാനത്തിനു ഒരു വൺ ലൈൻ എഴുതാൻ ശ്രമിച്ചു. രാഘവൻ പെട്ടന്നു തീർത്ത് കൊടുക്കണ്ട ഒരു പെയ്ന്റിംഗ് പണിയേറ്റെടുത്തു.ഉണ്ണിത്താനാണു ആ പണി അയാളെ ഏല്പിച്ചത് .രമണിയോട് രാഘവൻ പറഞ്ഞ രണ്ടാളുകളും അത്യാവശ്യം വിശ്വസനീയമായ കാരണങ്ങളാൽ അയാൾക്കൊപ്പം പണിയ്ക്ക് പോയിട്ടില്ല.രണ്ടാളുകളും, ഭാര്യ രമണിയും രാഘവനെ കണ്ടിട്ട് ദിവസങ്ങൾ പത്ത് കഴിഞ്ഞിരിക്കുന്നു.ബാക്കി പറയേണ്ടത് ഉണ്ണിത്താനാണു.

ഉണ്ണിത്താൻ പറഞ്ഞ കഥ :

രാഘവനെ ഉണ്ണിത്താനു പരിചയം മണിയാശാന്റെ കൂടെ കണ്ടാണു.എന്തൊക്കെയോ ചെറിയ ചെറിയ പണികൾക്ക് അയാൾ ഇതിനു മുൻപും രാഘവനെ വിളിച്ചിട്ടുണ്ട്.ഭാര്യ ഭാസുരയുടെ കൽക്കട്ടയിലുള്ള ചേച്ചിയുടെ വീതത്തിലുള്ള മാളിക വീട് വെള്ള പൂശുന്ന ജോലിയാണു അയാൾ അവസാനമായി രാഘവനെ ഏൽപ്പിച്ചത്.മൂന്നു ദിവസം കൊണ്ട് തീർക്കാം എന്ന ഉറപ്പ് പറഞ്ഞത് കൊണ്ടാണു, മറ്റാരും ഏൽക്കാൻ തയ്യറാവാതിരുന്ന ആ പണി രാഘവനെ ഏല്പിച്ചത്.അവിടെ താമസിച്ച് രാത്രിയും‌ പകലുമായി തീർത്തോളാമെന്നും, സഹായത്തിനായി രാജപ്പനെയും, മരയുരുപ്പടികൾ മിനുക്കാൻ ഗോപാലകൃഷ്ണനെയും വിളിച്ചോളാമെന്നും രാഘവൻ പറഞ്ഞു.ഗോപാലകൃഷ്ണനു പകരം മറ്റാരെയെങ്കിലും വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും‌ അയാളത് അനുസരിക്കില്ലയെന്നു ഉണ്ണിത്താനു തോന്നിയിരുന്നു.അഡ്വാൻസായി ഒരു തുകയും എല്ലാം കഴിഞ്ഞ് ബാക്കി‌ കണക്കുകളും എന്നായിരുന്നു വ്യവസ്ഥ.പണി തുടങ്ങി മൂന്നു ദിവസം കഴിഞ്ഞ് അവിടെയെത്തിയെങ്കിലും, രാഘവനെ കണ്ടില്ല പക്ഷെ പണി സാധനങ്ങൾ ഉണ്ടായിരുന്നു,മാത്രമല്ല പണി കഴിയുകയും ചെയ്തിട്ടുണ്ടായിരുന്നില്ല.പിറ്റേന്നു മുതൽ അവിടെ താമസക്കാർ വന്നത് കൊണ്ട് ഇനി അവരൊക്കെ പോയിട്ടാകാം ബാക്കി പണിയെന്നു കരുതി രാഘവനെ അന്വേഷിച്ചില്ല.

വലിയ സംശയങ്ങൾക്കിട കൊടുക്കാതെയാണു ഉണ്ണിത്താൻ കഥയവസാനിപ്പിച്ചത്.പണി സ്ഥലം മാത്രമാണു ഇനി തിരയാനുള്ളത്.ഉണ്ണിത്താൻ പറഞ്ഞതനുസരിച്ച അവിടെ ഇന്നെന്തോ പൂജയും തറവാട് വക ഉത്സവും മറ്റും നടക്കുന്നുണ്ട്.ഇനി‌ നാളെയെ അവിടുത്തെ തിരക്കൊഴിയൂ.തിരിച്ച് സ്റ്റേഷനിലേയ്ക്കുള്ള യാത്രയിൽ പ്രത്യേകിച്ച് ഒരു തീർപ്പിലും എത്താൻ കഴിയാത്തതിന്റെ ഒരു നിരാശ എസ്.ഐയുടെ മുഖത്ത് പ്രകടമായിരുന്നു.ആ സമയത്താണു ഒരു വെള്ള അംബാസിഡർ കാർ വേഗത്തിൽ ജീപ്പിനെ കടന്നു പോയത്.

ആ കാറിന്റെ യാത്ര അവസാനിച്ചത് രാഘവൻ അവസാനമായി പണിയെടുത്തിരുന്നതായി പറയപ്പെടുന്ന മാളികയുടെ മുറ്റത്താണു.ഉണ്ണിത്താനും അളിയൻ തമ്പിയും കാറിൽ വന്ന ആ അതിഥിയെ സ്വീകരിക്കാൻ മുറ്റത്തേയ്ക്കിറങ്ങി ചെന്നു. പുല്ലാട്ടുപ്പറമ്പിൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്ന ആ അതിഥി പരിഭ്രമം നിറഞ്ഞ മുഖത്തോടെയാണു അവരോട് കാര്യങ്ങൾ അവതരിപ്പിച്ചത്.വടക്കു വശത്തെ മുറിയിലേയ്ക്ക് ചെന്നിരുന്നു കൊണ്ട് അദ്ദേഹം അവരോട് പറഞ്ഞതിങ്ങനെയാണു..

"...അഷ്ടമംഗല്യത്തിൽ തറവാടിനെ കുറിച്ച് നോക്കിയപ്പോൾ ഒന്നാന്ധളിച്ചു.ഇവിടെ അകാലമൃത്യു വരെ സംഭവിക്കാം എന്ന അവസ്ഥയാ.അദ്ഭുതം അവിടെയല്ല, അതു സംഭവിച്ച് കഴിഞ്ഞിരിക്കണു.."

ആ സമയത്ത് മാടമ്പള്ളി എന്ന ആ മാളികയിലെ,പായലിന്റെ പച്ച നിറമുള്ള വെള്ളം നിറഞ്ഞ കുളത്തിന്റെ അഗാധതയിൽ ശ്വാസം നിലച്ച രാഘവന്റെ തുറിച്ച കണ്ണുകൾ ലക്ഷ്യമാക്കി ഒരു പരൽ മീൻ നീന്തിയടുക്കുന്നുണ്ടായിരുന്നു.

5 Comments:

Mridul George said...

നല്ലൊരു കാറ്റു വീശിയാൽ നിന്നിടത്ത് നിന്നു രമണി ഒന്നാടാറുണ്ട് .ഇരിക്കുന്ന ഇളകി തുടങ്ങിയ കസേരയുടെയാണോ, അതോ വളരെ ബുദ്ധിമുട്ടി കറങ്ങുന്ന ഫാനിൽ നിന്നു വരുന്ന ചെറിയ കാറ്റിന്റെയാണോ, ആട്ടം ഒരല്പം കൂടുതലാണു ഇപ്പോൾ.മേശയുടെ എതിർവശത്തു നിന്നുള്ള പോലീസുകാരന്റെ ചൂഴ്ന്നുള്ള നോട്ടത്തിൽ അവൾ ആ കസേരയിലേയ്ക്ക് ഒന്നു കൂടി ഒതുങ്ങി കൂടിയിരുന്നു.

സുധി അറയ്ക്കൽ said...

.കൊള്ളാം മൃദുൽ.നന്നായിട്ടുണ്ട്‌.

അഷ്ടമംഗല്യം
എന്ന്
ചേർക്കാതിരുന്നെങ്കിൽ നന്നായിരുന്നു .

ആദി said...

എന്നാലുമെന്റ രാഘവ നീ ആ പോലീസ് കാരെയൊക്കെ വെറുതെ കഷ്ടപ്പെടുത്തി. രമണിയോട് എവിടെ പോകുന്നു ഒരു വാക്കു പറയാർന്നില്ലേ?

ചേട്ട കഥ സൂപ്പറായിട്ടുണ്ട്.

kanakkoor said...

ഇപ്പോള്‍ വായിച്ചു. കൊള്ളാം .. ആശംസകള്‍

Melvin Joseph Mani said...

Nagavalli and The Ornate Lock :) <3