Saturday, July 4, 2015

ബിരിയാണിയും,സുലൈമാനിയും പിന്നെ ഒരുപാട് മൊഹബ്ബത്തും

"ഒരാടിന്റെ ബിരിയാണി,പറ്റിലെഴുതിയേരെ"

ഇതും പറഞ്ഞു അപ്പുറവും ഇപ്പുറവും നോക്കാതെ മമ്പറത്തെ കുഞ്ഞുമുഹമ്മദ് പീടികയുടെ പടിയിറങ്ങിയപ്പോ,പെട്ടീലിരിക്കണ കരീം അകത്ത് നിറഞ്ഞ ചിരിയോടെ ബിരിയാണി വിളമ്പി കൊണ്ടിരുന്ന ഉസ്താദിനെ നോക്കി. അയാള്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.കുറച്ചൂടി മസാല ഇടട്ടെ എന്നും ചോദിച്ച് നിരത്തിയിട്ടിരുന്ന ഡസ്കുകള്‍ക്കിടയിലൂടെ അയാള്‍ പാഞ്ഞു കൊണ്ടിരുന്നു.തന്റെ നോട്ടത്തിനു ഒരു മറുപടി കിട്ടില്ല എന്നറിയാവുന്നത് കൊണ്ട്, മേശപ്പുറത്ത് വച്ചിരുന്ന തീരാറായ ഒരു കണക്കു പുസ്തകത്തില്‍ കരീം കുഞ്ഞുമുഹമ്മദ് കഴിച്ച ബിരിയാണിയുടെ കണക്കും എഴുതി ചേര്‍ത്തു.

ഉസ്താദ് അങ്ങനെയാണു, ആ നാട്ടുകാര്‍ക്ക് ബിരിയാണിയുടെ രുചി പഠിപ്പിച്ച് കൊടുത്തത് അയാളാണു .പക്ഷേ അയാള്‍ ആ നാട്ടുകാരനല്ല, എവിടെ നിന്നു വന്നതാണെന്നു ആരുമൊട്ട് ചോദിച്ചതായോ,അയാള്‍ അതിനു മറുപടി പറഞ്ഞതായോ അവിടത്തുകാര്‍ക്കറിയില്ല. ഒരു ദിവസം നേരം പുലര്‍ന്നപ്പോ ഉസ്താദ് അവിടെയുണ്ടായിരുന്നു , ഒപ്പം എല്ലാവര്‍ക്കും കൊടുക്കാന്‍ ആവി പറക്കുന്ന ബിരിയാണിയും .കൊടുക്കുന്ന ഭക്ഷണത്തിനുളള കാശ് കൃത്യമായി കിട്ടുന്നുണ്ടോ എന്നത് ഒരിക്കലും അയാളുടെ വിഷയമായിരുന്നില്ല, തന്റെ ബിരിയാണി കഴിക്കുന്നവരുടെ വയറും മനസ്സും നിറയ്ക്കുക, അതില്‍ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ.വാ കീറിയ ദൈവം വയറു നിറയ്ക്കാനുളളതും തരുമെന്നു പറയുന്നത് പോലെ,ആ പീടികയിലെ അടുപ്പ് ഒരിക്കലും പുകയാതിരുന്നിട്ടില്ല,ഉസ്താദും കൂടെയുളളവരും ഒരിക്കലും പട്ടിണിയായിട്ടുമില്ല.

ഒപ്പം വളര്‍ന്നവരൊക്കെ പേര്‍ഷ്യയ്ക്കുളള ഉരു പിടിച്ച് തുടങ്ങിയ സമയത്താണു കരീം ഉപ്പയോട് പറഞ്ഞത് തനിക്ക് വെപ്പ് പഠിക്കണമെന്നു.പറമ്പില്‍ നിന്നും,കൊപ്രാക്കളത്തില്‍ നിന്നും കിട്ടണതിന്റെ മുക്കാലും നല്ല ഭക്ഷണം കഴിക്കാന്‍ ചിലവാക്കിയിരുന്ന ഉപ്പ അതിനു എതിരൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല "ന്റെ മോനല്ലേടി, എന്തേലും തിന്നണ പരിപാടി തന്നേ അവനു പറ്റൂളൂന്നു എനിക്കുറപ്പാര്‍ന്നു" എന്നു അറേലെ അരണ്ട വെളിച്ചത്തില്‍ കരീമിന്റെ ഉമ്മാനോട് അടക്കം പറയുകയും ചെയ്തു.ആറു മാസത്തിനിപ്പുറം കരീമിന്നു ഉസ്താദിന്റെ വലം കൈയാണു. മസാലയ്ക്കുള്ള കൂട്ട് അരയ്ക്കാനും , അരപ്പിന്റെ പാകം നോക്കാനും , അരീടെം ഇറച്ചീടെം വേവ് നോക്കാനും , മാവ് വച്ച് ദം അടച്ച് അതിന്റെ മേലെ കനലിടാനും , സമയം നോക്കി ദം പൊളിക്കാനുമൊക്കെ കരീം വേഗം പഠിച്ചു,പഠിച്ചെന്നു അവന്‍ സമ്മതിക്കുന്നില്ലെങ്കിലും.

"കരീമേ, ഈയ്യിവിടെ വന്നീ കൂട്ടോന്നരച്ചേ" , എന്ന ഉസ്താദിന്റെ നീട്ടിയുള്ള വിളിയ്ക്ക് പതിവുളള "ദൊ വന്നുസ്താദേ" എന്ന മറുപടി അന്നുണ്ടായില്ല.ഇതെന്തു പറ്റിയെന്നു ബേജാറായി പീടികപ്പുറത്തേയ്ക്ക് വന്ന ഉസ്താദ് കണ്ടത് കടവരാന്തയിലെ തൂണിന്റെ മറവില്‍ നിന്നു എതിര്‍ വശത്തെ പലചരക്ക് പീടികയിലേയ്ക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്ന കരീമിനെയാണു.അവന്റെ പിറകില്‍ ചെന്നു നിന്ന ഉസ്താദിനു മനസ്സില്ലായി, ചെക്കന്റെ മെയ്യേ ഇവിടെയുളളു മനസ്സ് എതിര്‍വശത്തെ വരാന്തയിലാണു.കൂട്ടം കൂടി അവിടെ നിന്നിരുന്നവരില്‍ ആരുടെ അരികിലാണു കരീമെന്നു ഉസ്താദിനു പിടി കിട്ടീല.സുഖം പിടിച്ച് നില്‍ക്കുന്ന അവന്റെ കാഴച്ചയെ ശല്യം ചെയ്യണ്ടെന്നു അയാള്‍ക്ക് തോന്നി,ശാന്തമായ ഒരു പുഞ്ചിരിയോടെ ഉസ്താദ് അടുക്കളയിലേയ്ക്ക് കയറി തന്റെ പ്രണയത്തെ അടുപ്പില്‍ കയറ്റാനുളള പണികളില്‍ മുഴുകി.

"ഇയ്യെന്താ ഇന്നു അരയ്ക്കാനും ദം വയ്ക്കാനുമൊന്നും വരാതിരുന്നെ" ആ പകലിന്റെ തിരക്കൊഴിഞ്ഞ സന്ധ്യയ്ക്കാണു താന്‍ അനത്തികൊടുത്ത സുലൈമാനി ഊതിക്കുടിച്ച് കൊണ്ടിരുന്ന കരീമിനോട് ഉസ്താദ് ഈ ചോദ്യമെറിഞ്ഞത്.

"അയ്യിന്നുസ്താദെന്നെയിന്നു വിളിച്ചില്ലാല്ലോ, ഞാനത് ചോദിക്കണോന്നും വച്ചിരിക്കുവാര്‍ന്നു.ഉസ്താദ് തന്നെയാണൊ ഇന്നെല്ലാം ചെയ്തെ?" ഉത്തരം പറയാന്‍ കരീമിനു താമസമൊന്നുമുണ്ടായില്ല.ഉത്തരത്തിന്റെ ഒപ്പം വന്ന അവന്റെ മറുചോദ്യത്തിനു മറുപടിയായി ഉസ്താദ് ഒന്നു ചിരിച്ചു.

"ഇങ്ങളീ സുലൈമാനീല്‍ വേറെന്തേലും ചേര്‍ത്താ,സാധരണത്തെ രുചിയല്ലല്ലോ"

ഒഴിഞ്ഞ ബിരിയാണു ചെമ്പ് തേച്ച് കഴുകാന്‍ അടുപ്പില്‍ നിന്നെടുത്ത് പുറത്തേയ്ക്ക് നടന്ന ഉസ്താദിനോട്,കൈയ്യിലിരുന്ന ഗ്ലാസ്സിലെ അവസാനത്തെ തുള്ളി കുടിച്ച് കൊണ്ട് അവന്‍ ചോദിച്ചു.പക്ഷേ ഇക്കുറി ചിരിക്കൊപ്പം സുലൈമാനിയില്‍ ചേര്‍ത്ത ചേരുവ കുടി അവനുളള ഉസ്താദിന്റെ മറുപടിയിലുണ്ടായിരുന്നു.

"ഈയ്യ് കുടിച്ച സുലൈമനീല്‍ ഇച്ചിരി മൊഹബ്ബത്ത് കൂടിയുണ്ട് കരീമേ,പക്ഷേങ്കി അയ്യ് ചേര്‍ത്തത് ഞാനല്ല,ഇയ്യ് തന്നെയാ"

ആ പറഞ്ഞതിന്റെ ബാക്കിയായി,പതിവില്ലാത്ത ഒരു പൊട്ടിച്ചിരി കൂടി ഉസ്താദിന്റെ ഭാഗത്തു നിന്നുണ്ടായി.തന്റെ മനസ്സ് വായിച്ച് ഉസ്താദിന്റെ ആ ചിരിയില്‍ കരീമും കൂടെ കൂടി.

വഴിയ്ക്കപ്പുറമുളള വരാന്തയില്‍ ഒരു മിന്നായം പോലെ അന്നു കരീം കണ്ട ആ മുഖം , പിന്നീട് പലക്കുറി അവന്റെ കാഴച്ചയുടെയും കിനാവിന്റെയും ഭാഗമായി. ഒന്നടുത്ത് കാണാന്‍, ഒരു വാക്ക് മിണ്ടാന്‍ , തന്റെ മൊഹബ്ബത്ത് അവളോട് പറയാന്‍ അവന്റെ ഖല്‍ബ് പിടച്ചു.നാളുകള്‍ കഴിഞ്ഞിട്ടും അവള്‍ അവനു തെളിവ് കുറഞ്ഞ ഒരു ദൂരക്കാഴച്ചയാണു, ഉസ്താദിട്ട് തരുന്ന സുലൈമാനിക്ക് രുചി കൂട്ടുന്ന പേരറിയാതൊരു ചേരുവ മാത്രം. രണ്ട് ആടു ബിരിയാണിയുടെ ചിലവില്‍ ഒരു വിവരം മാത്രം ആ പീടികക്കാരനില്‍ നിന്നവന്‍ അറിഞ്ഞു, കാവുങ്കരേലെ മൗലവിയുടെ മകളും കൂട്ടുകാരികളുമാണു അവളുടെ ആ കൂട്ടം. ആ കൂട്ടത്തിലെ ആരാണു കരീമിന്റെ മൊഞ്ചത്തിയെന്നു അരസികനായ ആ കച്ചോടക്കാരനെ പറഞ്ഞു മനസ്സില്ലാക്കാന്‍ അവനു കഴിഞ്ഞില്ല,അവനതിനു തുനിഞ്ഞില്ല എന്നതാണു സത്യം.കിട്ടിയ വിവരത്തിനു രണ്ട് ബിരിയാണിയെക്കാള്‍ വിലയുണ്ടെന്നു അവനു മനസ്സില്ലായത് ആഴച്ചകള്‍ക്കിപ്പുറമാണു.

"അടുത്ത ബെള്ളി,ശനി,ഞായര്‍ ഇയ്യെങ്ങും പോയ് കളയരുത്." ഒരു വൈകുന്നേരം കടയിലേയ്ക്ക് പുറത്ത് നിന്നു കയറി വന്ന ഉസ്താദിത് പറഞ്ഞപ്പോ കരീമിനു മനസ്സിലായി ഒരു വിരുന്നു വരുന്നുണ്ടെന്നു.ആ നാട്ടിലും ചുറ്റുവട്ടത്തുമൊക്കെ ഇപ്പോ പരിപാടിക്കൊക്കെ ഉസ്താദാണു വയ്പ്പ്,അതിപ്പോ മുടി വടിപ്പാണെലും,സുന്നത്താണെലും,നിക്കാഹാണെലും ഉസ്താദിന്റെ ബിരിയാണി മതിയെന്നത് ഒരു അലിഖിത നിയമം ആണു.അതിനും പക്ഷേ കണക്കു പറഞ്ഞ് കാശു വാങ്ങല്‍ ഇല്ല,വീട്ടുകാരു എന്തു തന്നാലും സന്തോഷത്തോടെ  അതും വാങ്ങി, മനസ്സും വയറും നിറച്ച സന്തോഷത്തില്‍ ഉസ്താദ് അവിടെ നിന്നിറങ്ങും.

"എടെയാ ഉസ്താദെ പണി,ബിരിയാണി തന്നെയാ?"

"ആ..കാവുങ്കരേലെ മൗലവീടെ വീട്ടില്‍, അയാള്‍ക്കടെ മോള്‍ടെ നിക്കാഹാണ്‌" . ഉസ്താദിന്റെ മറുപടിയുടെ ഒപ്പം ഒരു പെരുമ്പറ കൊട്ടീത് കരീമിന്റെ നെഞ്ചിന്റെയുള്ളിലാണു. പലചരക്ക് പീടികക്കാരന്‍ പറഞ്ഞതനുസരിച്ച് മൗലവീടെ മോള്‍ടെ കൂട്ടത്തിലുളളതാണു കരീമിന്റെ മൊഞ്ചത്തി.ഈ പണിയ്ക്ക് പോകുമ്പോ അവളെ കണ്‍ നിറയെ കാണാം.ഒത്താല്‍ ഒന്നു മിണ്ടാം.നെഞ്ചിലെ കൊട്ടല്‍ അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോ ഒന്നു കൂടെ ഉറപ്പിക്കാന്‍ അവനുസ്താദിനോട് ചോദിച്ചു.

"ഞാനും വരണ്ടേ ഉസ്താദേ"

"പിന്നെയീ വരാണ്ടെങ്ങനെയാ,പത്തിരുന്നൂറ് പേര്‍ടെ പരിപാടിയാ,ഞാനൊറ്റയ്ക്ക് കൂടിയാ കൂടുന്നു അനയ്ക്ക് തോന്നണ്ണ്ടാ.പറ്റില്ലാന്നു പറയാനും അറിയില്ല,ഇടങ്ങറേക്കാനായിട്ട്".ഉസ്താദിന്റെ ആ മറുപടി അവനെയൊന്നു അദ്ഭുതപ്പെടുത്തി.ഇതു വരെ ഉസ്താദിനെ വിളിച്ച പരിപാടിയെക്കുറിച്ചൊന്നും സന്തോഷത്തോടെയല്ലാതെ അയാള്‍ പറയുന്നത് അവന്‍ കേട്ടിട്ടില്ല.ഇതാദ്യാണു ഒരു ദേഷ്യമൊക്കെ കാണുന്നത്.

"എന്താ ഉസ്താദേ ഇങ്ങനെയൊക്കെ പറേണത്,എന്തേലും പ്രശ്നുണ്ടാ".അവന്‍ രണ്ടും കല്പിച്ച് ചോദിച്ചു.

"കരീമേ, നിക്കാഹിനു വിളമ്പണതിനു രുചിയുണ്ടാവാണെങ്കി ആ നിക്കാഹിലൊരു സന്തോഷം വേണം.പുതിയാപ്ലേം പുതുപെണ്ണും അവരടെ കുടുംബക്കാരും സന്തോഷായിട്ട് ഇരിക്കണം.ഇതിപ്പോ,ആരാ പുതിയാപ്ലാന്നു അറിയോ അനക്ക് ? കൂന്താലീലെ കലന്തന്‍ ഹാജി.അനക്ക് ആളെ പിടികിട്ടിയാ"

"ഉസ്താദേ ..അയാടെ നിക്കാഹിനല്ലേ, നമ്മള്‌ മൂന്നാല്‌ മാസം മുന്‍പ് .."

"ഹാ...ആ ഹമ്മക്ക് തന്നെയാ" ഉസ്താദ് അവന്റെ ഉത്തരം മുഴുമിപ്പിക്കാതെ തുടര്‍ന്നു.

"മൗലവീടെ മോളൊരു നല്ല കൊച്ചാ ,കൂടി പോയാ ഒരു പതിനാറോ പതിനേഴോ വയസ്സ് കാണും.അതിനെ വല്ലതും പഠിക്കാനൊക്കെ വിടാന്‍ ഒളളതിനു, കാശിന്റേം മഹറിന്റേം പേരും പറഞ്ഞ് ആ ഹിമാറിനു കൊടുക്കാന്‍ പോകുവാ.ആ പെണ്ണിന്റെ കണ്ണീര്‌ വീഴാന്‍ പോണ ചോറ് ആരു വച്ചാലും രുചിയുണ്ടാവില്ല"

ഉസ്താദ് ഇതു പറഞ്ഞ് നിര്‍ത്തിയപ്പോഴാണു ഒരു വെള്ളിടി പോലെ കരീമിന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നു പോയത്.മൗലവീടെ മോളായിരിക്കുവോ ഇനി അവന്റെ ഖല്‍ബിന്റെ സുല്‍ത്താന.ആയിരിക്കില്ലെന്നു അവന്‍ സ്വയം ആശ്വസിച്ചു,ആയിരിക്കല്ലെയെന്നവന്‍ പടച്ചോനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു.അടുത്ത വെള്ളിയാഴ്ച്ച വരെയുളള അഞ്ചു ദിവസങ്ങള്‍ക്ക്, അന്‍പത് വര്‍ഷത്തിന്റെ അകലമുളള പോലെ അവനു തോന്നി.വെള്ളിയാഴച്ച വൈകുന്നേരത്തെ അസര്‍ നമസ്കാരത്തിനു ശേഷമാണു ഉസ്താദും കരീമും ഒപ്പമുള്ളവരും മൗലവിയുടെ വീട്ടിലേയ്ക്ക് പോയത്.നേരത്തെ കൊടുത്തു വിട്ട കണക്ക് പ്രകാരമുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ടെന്നു ഉറപ്പ് വരുത്തി,ചെമ്പും പാത്രങ്ങളുമൊക്കെ കരി തേച്ച് കഴുകി, അടുപ്പ് കൂട്ടാനുളള സ്ഥലവും തീരുമാനിച്ച് കഴിഞ്ഞപ്പോഴേയ്ക്കും ആ രാത്രി ഏകദേശം അവസാനിക്കാറായിരുന്നു.ഈ പണികളെല്ലാം നടന്നു കൊണ്ടിരുന്നപ്പോഴും കരീമിന്റെ കണ്ണുകള്‍ അവന്റെ നെഞ്ചിലുടക്കിയ ആ മുഖം തേടുകയായിരുന്നു.വിരുന്നുകാരൊക്കെ നാളത്തേയ്ക്കെ എത്തൂ എന്ന് അടുക്കളപ്പുറത്തു നിന്നാരോ ,വന്ന പെണ്ണുങ്ങളിലാരോടോ കുശലം പറയുന്നത് കേട്ടത് തത്ക്കാലത്തേയ്ക്ക് അവനൊരു ആശ്വാസമായി.

ശനിയാഴച്ച കാലത്തെ തന്നെ ഉസ്താദും കൂട്ടരുമെത്തി.അവരെത്തിയപ്പോഴേയ്ക്കും വാങ്ങി നിര്‍ത്തിയിരുന്ന മുട്ടനാടുകള്‍ കഷ്ണങ്ങളായി അവരുടെ പാചകപ്പുരയിലെത്തി കഴിഞ്ഞിരുന്നു.ഉപ്പും നാരങ്ങനീരും പുരട്ടി വെള്ളം തോരാന്‍ അതിനെ ഒരറ്റത്തേയ്ക്ക് മാറ്റി വച്ച് അവര്‍ ബാക്കി പണികളില്‍ മുഴുകി.അടുക്കളപ്പുറത്തേയ്ക്ക് സഹായങ്ങളും സാധനങ്ങളുമായി വരുന്ന ഒരോ ആളുകളിലും കരീം അവന്റെ മൊഞ്ചത്തിയെ തിരഞ്ഞു.അവളെ കാണാന്‍ കഴിയുംമോ എന്നതിനപ്പുറം അവനൊരുക്കുന്ന ബിരിയാണി അവളുടെ കല്യാണത്തിനുളളതാകുമോ എന്നതായിരുന്നു അവനെ അലട്ടി കൊണ്ടിരുന്ന ചിന്ത. ഒരു പകലില്‍ തീരാത്ത പണികള്‍ ഉണ്ടായിരുന്നു അവര്‍ക്കവിടെ,പക്ഷേ എണ്ണയിട്ട ഒരു യന്ത്രം പോലെ ഒരോരോ ജോലികളായി തീര്‍ന്നു കൊണ്ടിരുന്നു.വൈകിട്ടായപ്പോഴേയ്ക്കും രാത്രിയിലേയ്ക്കുളള ബിരിയാണി ചെമ്പുകള്‍ അടുപ്പില്‍ കയറി.ദം വയ്ക്കുന്നതിനു മുന്‍പുളള അവസാനവട്ട ഇളയ്ക്കലുകളിലേയ്ക്ക് അവര്‍ കടന്നു.അടുപ്പില്‍ നിന്നുയര്‍ന്നു പൊങ്ങിയ ഒരു പൊരി ഒരു നിമിഷം കരീമിന്റെ ശ്രദ്ധ അവനിളകി കൊണ്ടിരുന്ന ചെമ്പില്‍ നിന്നു മാറ്റി.കണ്ണിലേയ്ക്ക് വീണ പൊടി,വിരല്‍ കൊണ്ട് തുടച്ച് നീക്കി ചെറിയ നീറ്റലോടെ കണ്ണു തുറന്ന അവന്‍ കണ്ടത്,മാളികപ്പുറത്തെ ജാലകത്തിന്റെ പടിയില്‍ ഇരുന്നിരുന്ന ഒരു ഹൂറിയെയാണു.കൂടിലടച്ച ഒരു കിളിയെ പോലെ,വിഷാദച്ഛായ പടര്‍ന്ന കണ്ണുകളോടെ വിദൂരതയിലെവിടെയ്ക്കോ ദൃഷ്ടി ഉറപ്പിച്ചിരുന്ന ഒരു മൊഞ്ചത്തി.അത് അവളായിരുന്നു, അവളും അവനുമറിയാതെ അവന്റെ നെഞ്ചിടിപ്പിന്റെ താളമായി മാറിയ,ഖല്‍ബിന്റെ സുല്‍ത്താന.ചുറ്റുമുള്ളതൊക്കെ ആ ഒരു നിമിഷത്തിലേയ്ക്ക് വന്നു ചേരുന്നത് പോലെ കരീമിനു തോന്നി.

ഇളക്കല്‍ നിന്നു അടിയില്‍ പിടിക്കാന്‍ തുടങ്ങിയ ബിരിയാണിയുടെ മണം മനസ്സിലായ ഉസ്താദ് ആ അടുപ്പിലേക്കെത്തിയപ്പോള്‍ കണ്ടത് മറ്റൊരു ലോകത്ത് മുഴുകി നില്‍ക്കുന്ന കരീമിനെയാണു.

"ഇയ്യിതെന്തു നോക്കി നിക്കുവാ കരീമേ,മസാല അടീല്‍ പിടിക്കണത് നീ കാണണില്ലേ.." കരീമിന്റെ കൈയ്യില്‍ നിന്നു ചട്ടുകം പിടിച്ച് വാങ്ങിയാണു ഉസ്താദിത് ചോദിച്ചത്.

ശബ്ദം കേട്ട് കരീമിന്റെ ഹൂറി താഴേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത് തന്നെ തന്നെ നോക്കി , പരിസരം മറന്നു നില്‍ക്കുന്ന കരീമിനെയാണു.കണ്ണുകളിലെ വിഷാദത്തോട് കൂടി തന്നെ അവള്‍ കരീമിനെ നോക്കി ഒന്നു ചിരിച്ചു.

"അനക്ക് ഇതെന്താണു പറ്റിയത്,ശ്രദ്ധ ഇവിടെയൊന്നുമല്ലല്ലോ" . ഇതിനകം കരീം ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നിരുന്നു.ചെമ്പില്‍ വച്ച ദമിന്റെ മേലെ കനലു കോരിയിടുന്ന നേരത്ത് ,ജാലകപ്പടിയിലേയ്ക്ക് ചൂണ്ട് അവന്‍ ഉസ്താദിനോട് പറഞ്ഞു

"ഉസ്താദേ,ഓള്‌.."

എല്ലാം മനസ്സില്ലായിട്ടും മനസ്സില്ലായില്ലെന്നു നടിച്ചു കൊണ്ട് ഉസ്താദ് നിസംഗതയോടെ മറുപടി പറഞ്ഞു.

"ഓള്‍ക്കെന്താ,ഓളാണു മൗലവീടെ മോള്, ഇവ്ടത്തെ പുതുപ്പെണ്ണ്"

"ഓളാണു ഉസ്താദേ ഇങ്ങളു പറഞ്ഞ ന്റെ സുലൈമാനീലെ മൊഹബ്ബത്ത്."തൊണ്ടയില്‍ വന്ന കരച്ചില്‍ പിടിച്ചു നിര്‍ത്തി അവന്‍ പറഞ്ഞൊപ്പിച്ചു.

"ഈ രാത്രി പൊലരുമ്പോ ഓളു കൂന്താലീലെ കലന്തന്‍ ഹാജീടെ രണ്ടാമത്തെ ബീടരാവും.ഈയങ്ങു മറന്നാളാ കരീമേ.അനക്ക് പടച്ചോന്‍ വിധിച്ചേക്കണ ഹൂറി ഓളല്ലാന്നങ്ങു ബിസ്വസിക്ക്" .കരീമിന്റെയുള്ളിലെ മൊഹബ്ബത്തിന്റെ ആഴമറിയാന്‍ വേണ്ടി ഉസ്താദ് അവനോട് പറഞ്ഞു.

"പറ്റില്ലയുസ്താദേ.ഓള്‍ക്ക് എന്നെ ഇസ്ടാണേല്‍ , ഓളെയെനിക്ക് വേണം."

"അനക്ക് അത്ര ഇസ്റ്റാ ഓളെ ? എങ്കീ ഈയ് പോയി ഓള്‍ക്കനെ ഇസ്റ്റാണോന്നു അറിഞ്ഞിട്ട് വാ.പെട്ടന്നു വേണം,ആലോചിച്ചും പറഞ്ഞും ഇരിക്കാന്‍ ദെവസങ്ങളൊന്നുമില്ല അന്റെ മുന്നില്‌ " .ഒരു ചെറുപുഞ്ചിരിയോടെയാണു ഉസ്താദ് അവന്റെ ചെവിയില്‍ ഇതു പറഞ്ഞത്.എന്നിട്ട് ചുറ്റുമുള്ളവരും,മുകളിലെ ജനാലപ്പടിയില്‍ ഇവരെ നോക്കിയിരുന്നിരുന്ന മൗലവീടെ മോളും കേള്‍ക്കാന്‍ പാകത്തിനു ഇങ്ങനെ കൂടി പറഞ്ഞു.

"കരീമേ,ഇയ്യാ തട്ടിന്റെ മേലെ കേറിട്ട് അച്ചാറിന്റെ ഭരണി ഇങ്ങെടുത്തോണ്ട് വന്നേ"

ഇതും കേട്ടതും കരീം അകത്തേയ്ക്കോടി.ഒപ്പം ജാലകപ്പടിയിലെ കാഴച്ചയും മറഞ്ഞു.

ദം പൊളിച്ച് ബിരിയാണി വിളമ്പുപാത്രങ്ങളിലേയ്ക്ക് പകര്‍ന്നു തുടങ്ങിയപ്പോഴാണു കരീം തിരിച്ചെത്തിയത്.നിക്കാഹ് വീടിന്റെ തിരക്കില്‍ പാചകപ്പുരയിലെ അവന്റെ അസാന്നിദ്ധ്യവും, ഒന്നാം നിലയിലെ അവന്റെ സാന്നിദ്ധ്യവും ആരും കാര്യമാക്കിയില്ല.ഒന്നാം പന്തിയ്ക്കുളള ബിരിയാണിയും അനുസാരികാളും കലവറയിലേയ്ക്കെത്തിച്ച് ,പന്തിയിക്ക് ഇലയിട്ട് വിളമ്പു തുടങ്ങിയപ്പോഴാണു കരീമിനു ഉസ്താദിനെ ഒറ്റയ്ക്ക് കിട്ടിയത്.

"ഉസ്താദേ , ഓളു വരും എന്റെ കൂടെ.രാത്രീലെ വിരുന്നു കഴിഞ്ഞു,കൂന്താലീന്നു ആളോള് ഇവിടെയെത്തണതു വരെ മുന്നു നാലു മണിക്കൂര്‍ സമയം കിട്ടൂം.അപ്പോ വരാന്നു പറഞ്ഞു ഓള്‌." ഇതു പറയുമ്പോ കരീം ഭൂമിയില്‍ നിന്നു ഒരടി മുകളിലേയ്ക്ക് പഴയതു പോലെ പേയെന്നു ഉസ്താദിനു തോന്നി.ശാന്തമായ നിസംഗതയോടെ അയാള്‍ അവനോട് ചോദിച്ചു.

"വന്നിട്ട്. ഇയ്യെന്താ ചെയ്യമ്പോണേ ? ഓള്‍ടെ നിക്കാഹും മുടക്കീ ഈ നാട്ടീ തന്നെ നിക്കാന്നു തോന്നണുണ്ടാ അനക്ക്,തച്ചും കൊല്ലും അനേം ഓളേം.നാടു കടക്കാന്നു വച്ചാ പൊഴയ്ക്കപ്പുറം ഒരു നാട് കണ്ടിട്ടുണ്ടോ ഇയ്യ്."

"എനിക്കതൊന്നും അറിയാമ്പാടില്ല ഉസ്താദേ.ഓളില്ലാതെ പറ്റില്ല എനിക്ക്.ഓള്‍ടെ മൊഞ്ചുള്ള  മൊഖത്തെക്കൂടെ കണ്ണീര്‌ ഒഴുക്കണതും കണാമ്പറ്റില്ല."

"രണ്ടാം പന്തിയ്ക്കുള്ള പകര്‍ച്ച എടുത്ത് കഴിയുമ്പോ ഞാന്‍ പീടിക വരെയൊന്നു പോവും.ഇവിടത്തെ കാര്യമൊക്കെ നോക്കിക്കോണം".യാതൊരു ഭാവപ്പകര്‍ച്ചയും ഇല്ലാതെ ഉസ്താദ് അവനോട് പറഞ്ഞു.അവനൊന്നും മനസ്സിലാകാത്ത പോലെ ദയനീയമായി ഉസ്താദിന്റെ മുഖത്തേയ്ക്ക് നോക്കി.

മൗലവീടെ മോളേം എതിരെയിരുത്തി,ആ ചെറുവളളം അകരയ്ക്ക് ആഞ്ഞു തുഴയുമ്പോ കരീമിനു കാണാമായിരുന്നു പുഴയുടെ മറ്റൊരു കടവിലേയ്ക്ക് വന്നടുത്ത് കൊണ്ടിരുന്ന കൂന്താലീകാരുടെ വള്ളങ്ങള്‍.ഷര്‍ട്ടിന്റെ പോക്കറ്റിലേയ്ക്ക് അവന്‍ ഒന്നു കൂടെ കൈയ്യമര്‍ത്തി നോക്കി,ഉസ്താദ് തന്ന കാശും കത്തും ഭദ്രമായുണ്ട്.ഇതു വരെയുളള ഉസ്താദിന്റെ സമ്പാദ്യമാണു ആ കാശ്,കത്ത കോഴിക്കോടങ്ങാടിയിലെ മൊയ്തൂട്ടി ഹാജിയ്ക്കുളളതും.ആശങ്ക ഇനിയും മാറിയിട്ടില്ലാത്ത അവന്റെ ഹൂറിയുടെ മുഖം,നിലാവെട്ടം അവനു കണ്‍നിറച്ച് കാണിച്ചു കൊടുത്ത് കൊണ്ടിരുന്നു.

"ന്റെ പേരറിയോ അനക്ക് ? " കരീം ചോദിച്ചു.ഇല്ല എന്നര്‍ത്ഥത്തില്‍ അവളൊന്നു മൂളി.

"അന്റെ പേര്‌ എനിക്കും അറിയൂല.പക്ഷേ ഒന്നറിയാം, ഇയ്യ് എനിക്കുള്ളതാ.ആര്‍ക്കും അന്നെ ഞാന്‍ വിട്ടും കൊടുക്കുല."

അവളുടെ മറുപടി ഒരു ചിരിയായിരുന്നു.വിഷാദം മാറിയ ഒരു ചിരി.

രണ്ടാഴച്ചക്കിപ്പുറം കോഴിക്കോട് കടപ്പുറത്ത്, മൊയ്തൂട്ടി ഹാജിയുടെ ഒഴിഞ്ഞു കിടന്നിരുന്ന കെട്ടിടത്തിനു മുന്നില്‍ പുതിയൊരു ബോര്‍ഡ് ഉയര്‍ന്നു.

"ഉസ്താദ് ഹോട്ടല്‍"


12 Comments:

Mridul George said...

മൂന്നു മണിക്കൂറിലെ പ്രേമം ആഘോഷിക്കപ്പെടുമ്പോള്‍ , രണ്ടു മിനിറ്റില്‍ പറഞ്ഞ മറ്റൊരു സുന്ദരപ്രണയത്തിനൊരു സാങ്കല്പിക മുന്‍കുറിപ്പ് .. ഒരു കഥാപരീക്ഷണം..

ajith said...

വന്നു
കണ്ടു
കീഴടക്കി

Melvin Joseph Mani said...

മൃദുൽ ജി,
സിനിമ സ്പിൻ-ഓഫ്‌ കൾ specialize ചെയ്യാൻ പോവാ?
അന്ന് ദേവാസ്സുരം ഇപ്പൊ ദാ ഇത്??

Mridul George said...

അജിത്തേട്ടാ.. <3, ഒരുപാട് സ്നേഹം,നന്ദി !!

മെല്‍വിന്‍ ..ആ പറഞ്ഞ "അന്ന്" കഴിഞ്ഞിട്ട് വര്‍ഷം നാലായി.. :) ഒരു രസം..

Habeeb Rahman said...

ഉസ്താദ് ഹോട്ടലിലെ കരിക്കയുടെ കഥ,നന്നായിട്ടുണ്ട്,നല്ല അവതരണം,ആശംസകൾ

roopz said...

ഇഷ്ടായി

ajukrishnan said...

നന്നായിട്ടുണ്ട് മൃദുല്‍ ചേട്ടാ. ഞാന്‍ ഈ ബ്ലോഗിന്‍റെ ഒരു സ്ഥിരം വായനക്കാരന്‍ ആണ് :)

Mridul George said...

നന്ദിയുണ്ട് ഹബീബിക്ക ! വായിച്ചതിനു,അഭിപ്രായം അറിയച്ചതിനു :)

രൂപ്സ് : സന്തോഷം :)

അജു : എന്നെ പോലുളള തട്ടിക്കൂട്ട് ആളുകള്‍ക്കും,സ്ഥിരം വായനക്കാരുണ്ടെന്നറിയുന്നത് സന്തോഷമാണു,ഒരുപാട് നന്ദി :)

സുധി അറയ്ക്കൽ said...

അറിഞ്ഞില്ലല്ലോ മൃദുലേ ഇങ്ങനെ ഒരാൾ ഇവിടെ എഴുതുന്ന കാര്യം???എത്ര സുഖമുള്ള വായന കിട്ടി.പുറകോട്ട്‌ വായിക്കട്ടെ.
ആശംസകൾ!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രേമവും തനി ഒറിജിനൽ പ്രണയവും....

ശ്രീ said...

ഒരു സിനിമാക്കഥയ്ക്കൊരു എഴുതാപ്പുറം... അല്ലേ? കൊള്ളാം, മൃദുല്‍...
:)

എം.എസ്. രാജ്‌ | M S Raj said...

നന്നായി മൃദുൽ. സുഖമുള്ള വായന. ഉസ്താദിന്റെ സംസാരംഒരു റേഡിയോ നാടകത്തിലെന്ന പോലെ സങ്കല്പിക്കാൻ പറ്റുന്നുണ്ടായിരുന്നു. പക്ഷേ കലന്തൻ ഹാജിയെന്ന് കേട്ടപ്പോൾ ബിരിയാണീൽ കല്ലുകടിച്ച പോലെ തോന്നി. ഇമ്പ്രഷൻ ഉണ്ടാക്കാനുള്ള ഒരു കൺവെൻഷനായിട്ട് അതിനെ കരുതി മുന്നോട്ടു പോയപ്പോൾ കുഴപ്പമില്ല. മാത്രമല്ല മൂപ്പരു കഥയിൽ പ്രത്യക്ഷപ്പെട്ടുമില്ലല്ലോ.. നല്ല രസം.